Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aanakkulam
cancel
camera_alt

ആനക്കുളത്തിന് മുകൾഭാഗം (ഫോട്ടോ: സക്കരിയ കിഴക്കേതിൽ)

Homechevron_rightTravelchevron_rightNaturechevron_rightഒരു മഴയാത്രയുടെ ഓർമയിൽ

ഒരു മഴയാത്രയുടെ ഓർമയിൽ

text_fields
bookmark_border

സ്വപ്​നങ്ങളിലെപ്പോഴുമുള്ളതാണ് ഒരു മഴക്കാല യാത്ര. ചിലപ്പോഴൊക്കെയേ അത് സഫലമാകാറുള്ളൂ. കഴിഞ്ഞ മഴക്കാലത്ത് അങ്ങനെയാണ് കൊട്ടക്കമ്പൂരിലേക്ക് യാത്ര പോയത്. മഴനൂലുകൾ ഇഴഞ്ഞിറങ്ങുന്ന പുലർകാലത്ത്​, ഭാരതീയ ഔഷധസസ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഞങ്ങൾ കുറച്ചുപേർ യാത്ര പുറപ്പെട്ടു. ഷരീഫ് പാറൽ, സക്കരിയ കിഴക്കേതിൽ, ഹുസൈൻ പരിയാപുരം, കാസർകോട്ടുകാരായ കുമാരൻ വൈദ്യർ, സി. കുമാരൻ തുടങ്ങിയവരാണ്​ കൂടെയുള്ളത്​.

കൊട്ടക്കമ്പൂർ എന്ന് കേട്ടാൽ ചിലർക്ക് അപരിചിതമാകാം. എന്നാൽ, വട്ടവടയിലാണ് സ്ഥലം. ഇടുക്കിയിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിൽ കൊട്ടക്കമ്പൂരും പെടും. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കൊട്ടക്കമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിലെ 1983 ഹെക്ടർ ഭൂമിയാണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തി​െൻറ പരിധിയിൽ പെടുന്നത്.

വഴിയിലെ പാലക്കാടൻ ദൃശ്യം

കിള്ളിക്കുറുശ്ശിമംഗലത്തെ തമാശകൾ

മുഖ്യലക്ഷ്യം കൊട്ടക്കമ്പൂർ ആണെങ്കിലും വഴിക്കാഴ്ചകൾ ഞങ്ങൾ ഒഴിവാക്കാറില്ല. അതിനാൽ പലപ്പോഴും സ്ഥിരം വഴികൾ ഒഴിവാക്കി 'വളഞ്ഞ' വഴികളിലൂടെയാണ് യാത്രകളെല്ലാം. ഇത്തവണയും അങ്ങനെ തന്നെ. പെരിന്തൽമണ്ണയിൽനിന്ന് പാലക്കാട് കൊല്ലങ്കോട്, മുതലമട, മറയൂർ വഴിയായിരുന്നു യാത്ര. ആദ്യം പോയത് കിള്ളിക്കുറുശ്ശിമംഗലത്തെ കലക്കത്ത് ഭവനത്തിലേക്ക്. അവിടെ പലവട്ടം വന്നതാണെങ്കിലും കാസർകോട്ടുനിന്നുള്ള രണ്ട് 'കുമാരൻമാർ'ക്ക് വേണ്ടിയായിരുന്നു അത്. സക്കരിയയും ആദ്യമായാണിവിടെ. ഒന്ന് ഓടിച്ചിട്ട് ചുറ്റും അവർക്ക് കാണിച്ചു കൊടുത്ത് ഫോട്ടോയെടുത്ത് സ്ഥലം വിട്ടു. കവിയും തുള്ളൽ കലാരൂപത്തി​െൻറ ഉപജ്​ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ആസ്ഥാനത്ത് കയറിയിറങ്ങിയതുകൊണ്ടോ എന്തോ തമാശ മൂഡിലായിരുന്നു യാത്ര.

പിന്നീട്​ എത്തിച്ചേർന്നത്​ കൊല്ലങ്കോടിനടുത്ത ചുള്ളിയാർ ഡാമിലേക്ക്. അവിടെ മത്സ്യവിപണനം തകൃതിയായി നടക്കുന്നു. പട്ടികജാതി-പട്ടികവർഗ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മത്സ്യം വളർത്തലും വിപണനവും. കട്ട്ല, രോഹു, മൃഗാൽ തുടങ്ങിയ മീനുകളാണ് കച്ചവടം ചെയ്യുന്നത്. വാങ്ങുന്ന മീനുകൾ ഭംഗിയായി വെട്ടിത്തരാനും ആളുകളുണ്ട്. മീൻ നന്നാക്കുന്നിടത്ത് ചുറ്റിപ്പറ്റി നടക്കുന്ന പൂച്ചകളെപ്പോലെ ചുറ്റിനും നടന്ന് ഡാമും കണ്ട് ഞങ്ങൾ മടങ്ങി. മഴയൊഴിഞ്ഞ പാലക്കാടൻ പ്രകൃതി ചിരിച്ചുനിന്നു. കേരളം പിന്നിട്ടതോടെ മഴപ്പാറ്റൽ പോലുമില്ല. മാത്രമല്ല, വരണ്ട ഭൂമി അസ്വസ്ഥതയുണ്ടാക്കി. ചൂടേറുകയും ചെയ്​തു. ഇടക്കിടെ ഔഷധച്ചെടികൾ കാണുമ്പോൾ ഞാനും സക്കരിയയും ഒഴികെയുള്ളവർ വണ്ടിയിൽനിന്ന് എടുത്തുചാടും.

ഔഷധച്ചെടികളെ കുറിച്ച് പഠിക്കാനുള്ള ഹുസൈ​െൻറ ശ്രമങ്ങൾ

ഔഷധച്ചെടികളിൽ തൽപ്പരരാണ് അവർ. ഹുസൈനാണെങ്കിൽ ഔഷധച്ചെടികളെ കുറിച്ച് പഠിക്കാൻ ഒരു ടാബുമായാണ് യാത്ര. മാത്രമല്ല, അദ്ദേഹം ജലത്തിൽ വളരുന്ന ചെടികളുടെ ശേഖരവും സംഘടിപ്പിക്കുന്നുണ്ട്. ഇവരുടെയെല്ലാം നേതാവാണ് ഷരീഫ്. അതിനാൽ ചിലപ്പോഴൊക്കെ അവർ 'കാട് കേറി' പോകുന്നത് ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചു.

മറയൂരെത്തിയപ്പോൾ ഉച്ചയോടടുത്തു. ഭക്ഷണ സമയമായി. രണ്ടു മൂന്ന് ഹോട്ടലുകളിൽ കയറി നോക്കി ഒന്നിൽ ഇരുപ്പുറപ്പിച്ചു. കേരളത്തി​െൻറ 'ദേശീയ ഭക്ഷണ'മായ ചോറ് കിട്ടി. അവിടെനിന്ന് നേരെ മൂന്നാറിലേക്ക്. മറയൂർ കഴിഞ്ഞതോടെ മഴ ചിണുങ്ങിപ്പെയ്യാൻ തുടങ്ങിയിരുന്നു. ആ മഴപ്പെയ്ത്തിൽ പ്രകൃതി മഞ്ഞുകാലത്തേക്കാൾ സുന്ദരിയാണെന്ന് തോന്നി.

മഴപ്പെയ്ത്തിൽ പ്രകൃതി മഞ്ഞുകാലത്തേക്കാൾ സുന്ദരിയാണെന്ന് തോന്നി

മഴനൂലിഴകൾ വകഞ്ഞുമാറ്റി ഞങ്ങളുടെ ചുവന്ന ടവേര പതിയെ പാഞ്ഞു. സ്ഥിരം വിനോദ സ്ഥലങ്ങളിൽ ഞങ്ങൾ ഇറങ്ങാറില്ലെങ്കിലും ഇത്തവണ മൂന്നാറിൽ ഇറങ്ങി. വഴിയിലെ പെട്ടിപ്പീടികകളിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റ്​ വിൽപനയുണ്ട്. അതായിരുന്നു ലക്ഷ്യം. സീസൺ അല്ലാത്തതിനാൽ വിനോദ സഞ്ചാരികൾ കുറവായതിനാലാകണം വില നന്നേ കുറവ്. 250 രൂപക്ക് നല്ല ജാക്കറ്റുകൾ. അന്താരാഷ്ട്ര യാത്രക്കാരനായ സക്കരിയ കുറച്ചെണ്ണം വാങ്ങി. മറ്റുള്ളവർ ഒന്നും രണ്ടും വീതം.

വഴിയോരത്തെ ആനച്ചന്തം

പിന്നീട് നേരെ വട്ടവടയിലേക്ക്. എക്കോ പോയിൻറിനടുത്തെത്തിയപ്പോൾ ഒരു നാടൻ മദാമ്മ 'എലിഫെൻറ്, എലിഫെൻറ്' എന്ന് വിളിച്ചോടുന്നു. അവരുടെ ജീൻസുമിട്ടുള്ള ആനനടത്തം കണ്ട് ഏതോ മദയാന പിറകേ കൂടിയതാകുമെന്ന് കരുതി ഭയത്തോടെ നോക്കിയപ്പോൾ റോഡിന് താഴെ കാലികൾ മേയും പോലെ ആനകൾ. അത്രക്കും അടുത്ത് കാട്ടാനകളിങ്ങനെ കൂസലന്യേ കൂട്ടത്തോടെ മേയുന്നത് ആദ്യനുഭവമായിരുന്നു. വെറുതെയല്ല 'മദാമ്മ' മദമിളകിയ പോലെ ഓടിയത്.

എക്കോ പേയൻറിനടുത്തെ ആനകൾ

അവർ കണവ​െൻറ അടുത്തെത്തി അയാൾക്കും കുട്ടികൾക്കും ആ കാഴ്ച കാട്ടിക്കൊടുക്കുന്നു. ഞങ്ങളിറങ്ങി താഴേക്ക് നടന്നു. ഒരകലം പാലിച്ച് ആനയെ കാമറയിലാക്കി. സക്കരിയ ചാഞ്ഞും ചരിഞ്ഞും കിടന്നുമൊക്കെ ആനചിത്രങ്ങളും കൂടെയുള്ള ചിത്രങ്ങളും പകർത്തികൊണ്ടിരുന്നു. അപ്പോൾ അത്യാവശ്യം തടിയും താടിയുമൊക്കെയുള്ള സക്കരിയക്കും ഒരു ആനച്ചന്തം.

ആനക്കാഴ്​ചയിൽ അകംനിറഞ്ഞ ഞങ്ങൾ കൊട്ടക്കമ്പൂർ ലക്ഷ്യമാക്കി ഒഴുകി. എന്നാൽ, വഴിയിലൊന്നും മൃഗത്തെയോ കൗതുകമുണർത്തുന്ന പക്ഷിയേ ഒന്നും കണ്ടില്ല. മറ്റ് മനം മയക്കുന്ന വനം കാഴ്​ചകൾ കണ്ട് യാത്ര ചെയ്തു. ഇന്ന് രാത്രി തങ്ങാനൊരിടം വേണം. മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ വട്ടവട എത്തും മുമ്പേ ആദ്യം കണ്ട റിസോർട്ടിൽ അന്വേഷിച്ചു. തുക അൽപം കൂടുതൽ. മുമ്പോട്ട് പോയി വട്ടവട അങ്ങാടിയിലെത്തി.

വട്ടവട കവാടത്തിനു മുമ്പിൽ യാത്രാസംഘം

ഒരു ചെറു കടയിൽ കയറി ചായ കഴിച്ചു. മുറികൾക്ക് അന്വേഷണമായി. ഒടുവിൽ ആദ്യം അന്വേഷിച്ച റിസോർട്ടിൽ തന്നെ ഉറപ്പിച്ചു. ഫ്രഷായ ശേഷം കൊട്ടാക്കമ്പൂരിലേക്ക് തിരിച്ചു. മനോഹാരിതകൾ മനം നിറച്ചാടി നിൽക്കുന്ന കാർഷിക ഗ്രാമം. നിറയെ പച്ചക്കറികൾ. താഴെ ചെറിയ അങ്ങാടി. പോസ്​റ്റ്​ ഓഫിസ്. ക്ഷേത്രം. വൈകുന്നേരങ്ങളിലെ ആൾക്കൂട്ടം. തമിഴ് സാംസ്കാരികത. എല്ലാം ഇഴചേർന്ന് നിൽക്കുന്നൊരിടം. ഒരുപാട് കത്തുകളിലെ കൈയക്ഷരങ്ങൾ കാറ്റിൽപാറി നടക്കുന്ന ഗൃഹാതുര ഓർമകളുണർത്തുന്നുണ്ട് ഇവിടത്തെ പോസ്​റ്റ്​ ഓഫിസ്.

വൈകുന്നേരമായിട്ടും ഒഴിഞ്ഞുപോകാത്ത ജീപ്പുകൾ. ആരെയാണ് കാത്തുനിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ, 2000 രൂപ നൽകിയാൽ അവിടെനിന്ന് കാട് മാർഗം കൊടൈക്കനാൽ യാത്രയാകാമെന്ന് പറഞ്ഞു. ഒരു ജീപ്പിൽ നാലുപേർക്ക് പോകാം. ആഗ്രഹമുണ്ടായിരുന്നു. സമയം വൈകിയതിനാൽ പിന്നീടാകാമെന്ന് കരുതി. സന്ധ്യ മയങ്ങി. ഞങ്ങൾ കൊട്ടക്കമ്പൂർ കുന്നിറങ്ങി. റൂമിലെത്തി. വീണ്ടും ഫ്രഷായി.

കൊട്ടക്കമ്പൂരിലെ കൃഷിയിടം. ദൂരെ കൊട്ടക്കമ്പൂർ അങ്ങാടി

ഭക്ഷണം റിസോർട്ടിൽ ആരോ എത്തിക്കാമെന്ന് പറഞ്ഞിരുന്നു. ചപ്പാത്തി, മുട്ടക്കറി. കറി അത്രക്ക് ടേസ്റ്റില്ലെങ്കിലും വേറെ മാർഗമില്ലാത്തതിനാൽ കഴിച്ചു. മഴ ഇടക്കൊക്കെ എത്തിനോക്കി പോകുന്നു. കിടന്നു. ക്ഷീണം കാരണം ഉറങ്ങിയതറിഞ്ഞില്ല.

''ഫാ... പുല്ലേ''

രാവിലെ ഏഴിന് തന്നെ പുറപ്പെട്ടു. വഴിയിൽ പുലർകാലത്ത് മഴനനവിൽ ഒരിടത്ത് കാട്ടുപോത്തുകൾ മേയുന്നത് കണ്ടു. വണ്ടി നിർത്തി എല്ലാവരും ചാടിയിറങ്ങി. താഴെ ചതുപ്പിനടുത്ത് മേയുന്ന അവറ്റകൾക്കടുത്ത് എത്തി അകലം മറന്ന് ഫോട്ടോയും സെൽഫിയുമെല്ലാം എടുക്കാൻ തുടങ്ങി. പെട്ടെന്നാണ് ശാന്തമായി പുല്ലു തിന്നുകൊണ്ടിരുന്ന അവയിലൊന്ന് ''ഫാ... പുല്ലേ'' എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ നേർക്ക് ഓടിയടുത്തത്. ഞങ്ങൾ ജീവനും കൊണ്ട് വണ്ടിയുടെ അടുത്തേക്കോടി.

കൊട്ടക്കമ്പൂർ മറ്റൊരു ദൃശ്യം

ചതുപ്പിനിടയിലൂടെയുള്ള ഓട്ടത്തിനിടയിൽ 'പൊത്തോന്ന്' വീഴുമെന്നും പോത്ത് കുത്തിമലർത്തുമെന്നും ഒരു നിമിഷം ഉള്ളിൽ കൊള്ളിയാൻ മിന്നി. എന്നാൽ, വണ്ടിക്കരികിലെത്തി തിരിഞ്ഞ് നോക്കിയപ്പോൾ മൂപ്പരുണ്ട് തെല്ലും മുമ്പോട്ട് വരാതെ ഉളളിൽ 'ചിരിച്ച്' അവിടെ തന്നെ നിൽക്കുന്നു. കുത്താനല്ല. ഒന്ന് ഞെട്ടിച്ചതല്ലേ... എന്ന ഭാവം മുഖത്ത്. കൂടെയുള്ള പോത്തുകൾ ഒന്നുമറിയാത്ത പോലെ പുല്ലു തിന്നുന്നു. അപ്പോൾ 'ഫ പുല്ലേ'ന്ന് പറഞ്ഞ് ഞങ്ങൾ വണ്ടിയിൽ കയറി സ്ഥലംവിട്ടു.

നേരെ പോയത് ടോപ് സ്റ്റേഷനിലേക്ക്. വഴിയിൽ വണ്ടി നിർത്തി നടന്നു. രാവിലെ നേരത്തെ ആയതിനാലും സീസൺ അല്ലാത്തതിനാലുമാകണം അധികം ആരും തന്നെയില്ല. പ്രവേശനത്തിന് 25 രൂപയുണ്ടെങ്കിലും ടിക്കറ്റ് കൗണ്ടർ അടച്ചിട്ടിരിക്കുന്നു. വഴി തുറന്നുമിട്ടിരിക്കുന്നു. ഒരു തടസ്സവുമില്ലാതെ ആരോടും അനുവാദം ചോദിക്കാതെ കടന്നുപോകാൻ കഴിഞ്ഞതിലുള്ള മനസ്സുഖത്തോടെ ഞങ്ങൾ നടന്നു.

പുൽമേടിലെ കാട്ടുപോത്തുകൾ

കുന്നിറങ്ങി കുറെദൂരം പോയി. ഇവിടെ പ്രകൃതിക്ക് വല്ലാത്തൊരു വശ്യത അനുഭവപ്പെട്ടു. കുളിച്ചു കയറി തുവർത്തി പിൻതിരിഞ്ഞ് നിൽക്കുന്ന സുന്ദരിയപോലെ പ്രകൃതി ചിരിച്ചുനിൽക്കുന്നു. താഴെ ഇറങ്ങിയ അത്ര എളുപ്പമല്ല തിരിച്ചുകയറൽ. ഇടക്കിടെ നിന്നും പ്രകൃതി ആസ്വദിച്ചും പതിയെ കയറി. ഇടക്കിടെ നിൽക്കുമ്പോൾ ആരുമറിയാതിരിക്കാൻ ദൂരെ ഇനിയുമുറക്കമുണരാത്ത കാർമേഘങ്ങളെ ചൂണ്ടി അവയുടെ സൗന്ദര്യം വർണിച്ചു.

മാങ്കുളത്തെ ആനക്കുളം

മുകളിലെത്തി വാച്ച് ടവറിൽ കൂടി കയറി ഫോട്ടോകൾ മിന്നിച്ച് താഴെ ഇറങ്ങിയപ്പോഴേക്കും ഓരോ ചായ അനിവാര്യമായി. വഴിയുടെ അവസാനത്തിൽ തുറന്നിരുന്ന ഒരേ ഒരു കടയിൽനിന്ന് അത് സാധിച്ചു. അവിടെനിന്ന് നേരെ പോയത് മാങ്കുളം ആനക്കുളത്തേക്ക്.

ടോപ്​ സ്​റ്റേഷനിൽ നിന്നുള്ള കാഴ്​ച

മാങ്കുളം ബ്രിഡ്ജിനരികെ ആനകൾ കൂട്ടമായി വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണിത്​.. ഇവിടത്തെ നദിയിലെ വെള്ളത്തിന് ഗന്ധകത്തി​െൻറ രുചിയും മണവുമാണത്രേ. അതാണ് ആനകളെ ആകർഷിക്കുന്നത്​.

ഈ കാഴ്ച കാണാൻ നിരവധി പേർ അവിടെയെത്താറുണ്ടത്രേ. തന്മൂലം ഇത് ഒരു അങ്ങാടിയായി മാറിയിട്ടുണ്ട്. ഉച്ചയോടടുത്താണ് ഞങ്ങൾ അവിടെയെത്തിയത്. രണ്ട് മൂന്ന് സുഗന്ധവിള ഷോപ്പുകളും മറ്റുമുണ്ട്​ ഇവിടെ. എന്നാൽ അവിടെ ആളുകളില്ല. അന്വേഷിച്ചപ്പോൾ വൈകുന്നേരങ്ങളിലാണ് ആനകളെത്തുകയെന്ന് അവിടത്തുകാർ പറഞ്ഞു. അപ്പോഴേ ആളുകളുമെത്തൂ.

ആനകളില്ലാത ആനക്കുളം

ഏതായാലും ഞങ്ങൾക്ക് വൈകീട്ട് വരെ കാത്തിരിക്കാൻ സമയമില്ലായിരുന്നു. അവിടെ ഒന്ന് കറങ്ങി ചോലയുടെ മുകൾ ഭാഗം വരെ പോയി നോക്കി മടങ്ങി. മടങ്ങും വഴി ഇടക്ക് ഒരു ഇടത്തരം ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. അവിടെനിന്ന് അടിമാലിയിൽ എത്തി ഭൂതത്താൻകെട്ടിലേക്ക്.

വൈകുന്നേരമായിട്ടുണ്ട്​. ഡാം കണ്ട് നടന്നു. അവിടെ നിന്ന് കോടനാട് അഭയാരണ്യത്തിലെത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ പുറംകാഴ്ചകൾ കണ്ട് തൃപ്​തിയടഞ്ഞു. പെ​ട്ടെന്ന്​ തന്നെ വണ്ടിവിട്ടു. നാട്ടിലെത്തുമ്പോൾ പാതിരാവായിരുന്നു.

ഭൂതത്താൻകെട്ട്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vattavadakottakkamboortravelmunnar
Next Story