സഞ്ചാരികളെ മതിലേരിത്തട്ടിലേക്ക് വരൂ...
text_fieldsശ്രീകണ്ഠപുരം: കാഴ്ചയുടെ സുന്ദര നിമിഷങ്ങൾ സ്വന്തമാക്കാൻ സഞ്ചാരികളെ മാടിവിളിച്ച് മതിലേരിത്തട്ട്. പയ്യാവൂർ പഞ്ചായത്തിലെ മലയോര പ്രദേശമായ മതിലേരിത്തട്ടാണ് സഞ്ചാരികളുടെ പറുദീസയാവാനൊരുങ്ങുന്നത്. കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽനിന്നും കുറച്ചുദൂരം മുകളിലോട്ട് കയറിയാൽ മതിലേരിത്തട്ടിലെത്താം.
എല്ലാ സമയവും കൊടും തണുപ്പും കോടമഞ്ഞും കാടും മലനിരയും ആസ്വദിക്കേണ്ടവരെ മതിലേരിത്തട്ട് വരവേൽക്കും. പിന്നെ ദൃശ്യചാരുതയിൽ വിസ്മയിപ്പിക്കും. സമുദ്രനിരപ്പിൽനിന്ന് 4200 അടി ഉയരത്തിലാണ് ഈ പ്രദേശം.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പരന്ന സ്ഥലമായതുകൊണ്ട് അപകട സാധ്യകളില്ല. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഇതുവരെ മതിലേരിത്തട്ടിലുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വർഷത്തിൽ എല്ലാ ദിവസവും സുഖകരമായ തണുപ്പുണ്ടിവിടെ. ചൂട് ഒരിക്കലും 25 ഡിഗ്രിക്ക് മുകളിൽ പോകാറില്ല.
മതിലേരിത്തട്ടിന്റെ പടിഞ്ഞാറുഭാഗത്ത് ആടാം പാറയും തെക്കുവശത്ത് കാഞ്ഞിരക്കൊല്ലിയുമാണ്. വടക്കും കിഴക്കും ഭാഗങ്ങളിൽ കർണാടകയിൽപെടുന്ന ബ്രഹ്മഗിരി റിസർവ് വനമാണ്.
ട്രക്കിങ്ങിന് അനുയോജ്യം
ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും സൗകര്യവും ഇവിടെയുണ്ട്. മതിലേരിത്തട്ടിലേക്ക് ആടാം പാറയിൽനിന്ന് മൂന്നു കിലോമീറ്ററും കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ നിന്ന് നാലുകിലോമീറ്ററുമാണ് ദൂരം.
ഈ സ്ഥലങ്ങളിൽനിന്ന് മതിലേരിത്തട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. റോഡുകൾ നവീകരിച്ച് ടാറിങ് നടത്തിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ല പഞ്ചായത്തിന്റെയും ഡി.ടി.പി.സിയുടെയും ശ്രദ്ധ ഇവിടെ പതിഞ്ഞാൽ, മലബാറിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമായി മതിലേരിത്തട്ടിനെ വികസിപ്പിക്കാം.
വഞ്ചിയം, ആടാംപാറ, ഏലപ്പാറ പ്രദേശങ്ങൾ ഹോംസ്റ്റേ സംരംഭങ്ങൾക്കും യോജിച്ചതാണ്. കഴിഞ്ഞ മാസം സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഹോംസ്റ്റേ സംരംഭകർക്കായി പരിശീലന പരിപാടി നടത്തിയിരുന്നു. മതിലേരിത്തട്ട് നിരന്ന പ്രദേശമായതുകൊണ്ട് ക്യാമ്പിങ്ങിനും ഏറെ അനുയോജ്യമാണ്.
ടൂറിസ്റ്റ് സർക്യൂട്ട് സാധ്യത
മതിലേരിത്തട്ടിന് സമീപത്തുതന്നെയുള്ള കാഞ്ഞിരക്കൊല്ലിയിലെ ശശിപ്പാറ, കന്മദപാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയവ ഇപ്പോൾതന്നെ വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന സ്ഥലങ്ങളാണ്. വഞ്ചിയം-മതിലേരിത്തട്ട്-കാഞ്ഞിരക്കൊല്ലി മേഖലകൾ കൂട്ടിച്ചേർത്ത് ടൂറിസ്റ്റ് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പരന്ന പ്രദേശമായതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ക്യാമ്പിങ്ങിനും യോജിച്ച സ്ഥലമാണ്.
ഫെബ്രുവരിയിൽ മതിലേരിത്തട്ട് വികസന സമിതിയും കേരള ഫ്ലാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷനും ചേർന്ന് മതിലേരിത്തട്ടിലേക്ക് സാഹസിക ജീപ്പ് റാലി നടത്തിയിരുന്നു. 15 ഫോർവീൽ ഡ്രൈവ് ജീപ്പുകൾ റാലിയിൽ പങ്കെടുത്തു. ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജീപ്പ് റാലി നടത്തിയത്.
മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ സജീവ് ജോസഫ് എം.എൽ.എ നൽകിയ സബ്മിഷന് മറുപടിയായി പറഞ്ഞിട്ടുണ്ട്. ഇത് സഞ്ചാരികൾക്കും പ്രദേശവാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.