51ാമത് കടുവ സങ്കേതമായി മേഘമലയെ പ്രഖ്യാപിച്ചു
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട് തേനി ജില്ലയിലെ മേഘമല വന്യജീവി സങ്കേതം രാജ്യത്തെ 51ാമത് കടുവ സങ്കേതമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മേഘമല വന്യജീവി സങ്കേതവും ഇതിനോട് ചേർന്ന ശ്രീവല്ലിപുത്തൂർ ചാമ്പൽ അണ്ണാൻ സംരക്ഷണ കേന്ദ്രവും ചേർത്താണ് പുതിയ കടുവ സംരക്ഷണ കേന്ദ്രം നിലവിൽ വന്നത്.
626 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. പ്രദേശം കടുവ സങ്കേതമായതോടെ വനമേഖലക്ക് നടുവിലുള്ള സ്വകാര്യ കമ്പനിയുടെ തേയിലത്തോട്ടം സംബന്ധിച്ച് തമിഴ്നാട് വനം വകുപ്പിന് നിർണായക തീരുമാനമെടുക്കേണ്ടി വരും. മേഘമല വന്യജീവി സങ്കേതം, കടുവ സംരക്ഷണ കേന്ദ്രമാക്കണമെന്ന് 10 വർഷമായി വിവിധ സംഘടനകളും തമിഴ്നാട് വനം വകുപ്പും ആവശ്യപ്പെട്ടിരുന്നതാണ്. മേഘമല കടുവ സങ്കേതമായി മാറിയത് പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. മുമ്പ് എട്ട് കടുവകൾ ഉണ്ടായിരുന്ന മേഘമലയിൽ 2018ലെ സെൻസസ് പ്രകാരം 11 പെൺകടുവകളെയും മൂന്ന് ആൺകടുവകളെയും കണ്ടെത്തിയതായാണ് വിവരം.
കടുവകളുടെ വാസസ്ഥലമായ പ്രദേശത്ത് ആന, പുലി, മ്ലാവ്, കേഴമാൻ മുതൽ കരിങ്കുരങ്ങുവരെ എല്ലാ ജീവികളെയും കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. 2008ലാണ് മേഘമല വന്യജീവി സങ്കേതം നിലവിൽ വന്നത്. പെരിയാർ കടുവ സങ്കേതത്തോടു ചേർന്ന മേഘമലയിൽ തുടർച്ചയായി കടുവയുടെ സാന്നിധ്യം വ്യക്തമായതോടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി പഠനം നടത്തി കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകി.
ഇതനുസരിച്ച് ജനുവരി മൂന്നിനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മേഘമല-ശ്രീവല്ലിപുത്തൂർ പ്രദേശം കൂട്ടിച്ചേർത്ത് കടുവ സങ്കേതമായി ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സർക്കാറിനു ലഭിച്ചത്. പുതിയ കടുവ സങ്കേതം നിലവിൽ വന്നതോടെ പെരിയാർ-മേഘമല ഒട്ടാകെ 1551 ച.കി.മീ. കാടാണ് കടുവകളുടെ ആവാസ-സംരക്ഷണ കേന്ദ്രമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.