Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightകോടമഞ്ഞ് വീഴുന്ന...

കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിൽ

text_fields
bookmark_border
കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിൽ
cancel
camera_alt????????????? ?????????

തോരാമഴയിൽ സുഹൃത്തുക്കൾക്കൊപ്പം മംഗലാപുരം റെയിൽവേ സ്​റ്റേഷനിൽ രാവിലെ വണ്ടിയിറങ്ങുമ്പോൾ മനസിൽ ഒത്തിരി ആശങ്കകളായിരുന്നു. മഴനാളുകളിൽ കുടജാദ്രിയിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും തടസങ്ങളും ട്രെയിനിൽ നിന്ന് അത്രയേറെ കേട്ടിരിക്കുന്നു. ഉച്ച തിരിഞ്ഞ് മഴ കനത്താൽ ജീപ്പുകാർ പോലും ആ വഴിക്ക് പോകില്ലെന്നതായിരുന്നു ഞങ്ങളെ ഏറെ ആശങ്കപ്പെടുത്തിയത്.

കുടജാദ്രിയുടെ സൗന്ദര്യം
 


മംഗലാപുരത്തു നിന്ന് 130 കിലോമീറ്റർ താണ്ടി കൊല്ലൂർ മൂകാംബികയിൽ എത്തുമ്പോൾ ഉച്ചയാകുമെന്നുറപ്പ്. അവിടെ നിന്ന് 40 കിലോമീറ്റർ കൂടി സഞ്ചരിച്ചാലെ കുടജാദ്രിയിൽ എത്തൂ. മഴയിൽ രണ്ടും കൽപിച്ച് ഞങ്ങൾ മൂകാംബികക്ക് ട്രെയിൻ കയറി. എന്നാൽ, മഡ്ഗാവ് പാസഞ്ചറിൽ മൂകാംബിക റോഡ് റെയിൽവേ സ്​റ്റേഷനിലിറങ്ങുമ്പോൾ സൂര്യൻ തലക്കുമുകളിൽ എത്തിയിരുന്നു. ചെറിയൊരു സ്​റ്റേഷനാണ് മൂകാംബിക. ഭക്തസാന്നിധ്യം ഉള്ളതിനാലാകാം മറ്റു സ്​റ്റേഷനുകളെ അപേക്ഷിച്ച് വൃത്തിയും വെടിപ്പുമുണ്ട്. ഇവിടെ നിന്ന് 30 കിലോമീറ്റർ കൂടി പോകണം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക്.

മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷൻ
 


ഇനിയൊരു മഴക്ക് സാധ്യതയില്ലെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ കൊല്ലൂരിലേക്ക് പോകാൻ തീരുമാനിച്ചു. ഓട്ടോക്കാരോട് ചോദിച്ചപ്പോൾ കഴുത്തറുക്കുന്ന റേറ്റ്. പിന്നെയുള്ള ആശ്രയം ബസ്​ ആണ്. സ്​റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് ബൈണ്ടൂരിലെ ബസ്​ സ്​റ്റോപ്പിലെത്തി. എന്നോ ടാർ ചെയ്ത് മറന്ന റോഡിലൂടെ ബസ്​ യാത്ര ദുഷ്കരമായിരുന്നെങ്കിലും വഴിയോരങ്ങളിൽ കാഴ്ചകൾ ഏറെയുണ്ടായിരുന്നു. മരങ്ങളും അരുവികളും നിറഞ്ഞ വഴിയിലൂടെ കൊല്ലൂരിലെത്തുമ്പോൾ സമയം 2.30. ക്ഷേത്ര സാമീപ്യം കൊണ്ട് ഗുരുവായൂരിനെ അനുസ്​മരിപ്പിക്കുന്ന സ്​ഥലമാണ് കൊല്ലൂർ.

കുടജാദ്രിയുടെ സൗന്ദര്യം
 


പക്ഷെ, കാര്യങ്ങൾ ഞങ്ങൾക്ക് അത്ര അനുകൂലമായിരുന്നില്ല. വൈകിയെത്തിയവർ കുടജാദ്രി കാണേണ്ടെന്ന വാശി പോലെ മൂകാംബികയെ തണുപ്പിച്ച് മഴ പെയ്തിറങ്ങി. ഇനിയാരും വരില്ലെന്നറിഞ്ഞിട്ടാവാം ട്രിപ്പ് ജീപ്പുകളും കച്ചവടം പൂട്ടി സ്​ഥലം കാലിയാക്കിത്തുടങ്ങി. തൊട്ടടുത്ത ദിവസം ഗോവക്ക് പോകേണ്ടതിനാൽ ഞങ്ങൾക്ക് മുന്നിൽ രണ്ട് വഴിയേ ഉണ്ടായിരുന്നുള്ളു; ഒന്നുകിൽ കുടജാദ്രിയിലേക്ക്, അല്ലെങ്കിൽ മൂകാംബികയിൽ തങ്ങി രാവിലെ ഗോവയിലേക്ക്. ആശങ്കകൾക്കും ആശയക്കുഴപ്പത്തിനുമൊടുവിൽ തീരുമാനം നാണയത്തിന് വിട്ടു. കറക്കിയെറിഞ്ഞ നാണയത്തുട്ട് കുടജാദ്രിയിലേക്കുള്ള വഴി കാണിച്ചുതന്നു.

കുടജാദ്രിയിലേക്കുള്ള ജീപ്പ് സർവീസ്​
 


കൊല്ലൂരിൽ നിന്ന് 40 കിലോമീറ്റർ ജീപ്പിൽ സഞ്ചരിക്കണം കുടജാദ്രിയിൽ എത്താൻ. 80ഓളം ജീപ്പുകൾ ഈ വഴിക്ക്  സർവീസ്​ നടത്തുന്നുണ്ടെന്നാണ് കണക്ക്. മഴക്കൊപ്പം മല കയറേണ്ടെന്ന് കരുതിയാവാം, അന്ന് രണ്ട് ജീപ്പുകൾ മാത്രമാണ് അവിടെ കണ്ടത്. എട്ടുപേർ തികഞ്ഞാൽ ജീപ്പ് പോകും. ഒരാൾക്ക് 300 രൂപ ചാർജ്. ഇനിയും നാലു പേരെ കൂടി കിട്ടണമെന്ന പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴാണ് മൂന്ന് തൃശൂർ ‘ഗഡി’കൾ എത്തിയത്. മഴയത്ത് മല കയറുന്നതിൽ അവർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ സ്​നേഹപൂർവമായ നിർബന്ധത്തിന് അവർ വഴങ്ങി. ഒരാളുടെ അധിക ചാർജ് നൽകാമെന്നേറ്റതോടെ മഹീന്ദ്ര ജീപ്പ് ഞങ്ങൾക്ക് വേണ്ടി ചലിച്ചു തുടങ്ങി.

കുടജാദ്രിയുടെ സൗന്ദര്യം
 


ജീപ്പും ജീപ്പ് ഡ്രൈവർമാരും ഒരു സംഭവമാണെന്ന് തോന്നിയത് അന്നായിരുന്നു. ഓരോ കിലോമീറ്റർ കഴിയുന്തോറും വഴിയിലെ കുഴികൾ കൂടിവന്നു കൊണ്ടേയിരുന്നു. ഗർത്തങ്ങൾ തോടുകളായി മാറി. കല്ലുകൾ പാറക്കെട്ടുകളായി മാറി. പുൽച്ചാടിയെ പോലെ ഒരു കല്ലിൽ നിന്ന് മറ്റൊരു കല്ലിലേക്ക് ജീപ്പ് ചാടിക്കളിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ തോന്നും മറിയുമെന്ന്. 150 ഡിഗ്രിയിൽ ചരിഞ്ഞു നിൽക്കുന്ന ജീപ്പ് അടുത്ത നിമിഷം അതേവേഗതയിൽ എതിർദിശയിലേക്ക് ചരിയും. ചിലപ്പോൾ മുൻവശം പൊങ്ങും. ചിലപ്പോൾ തെന്നിയിറങ്ങും. മഴയും ചളിയും കൂടിയായപ്പോൾ ഡ്രൈവറുടെ ഉള്ളിലെ സാഹസികൻ കൂടുതൽ കരുത്തനായി. ടാറിങ്ങിെൻറ കണിക പോലുമില്ലാത്ത അവസാന 20 കിലോമീറ്ററിൽ പകുതിയിലേറെയും നെടുങ്കൻ കയറ്റമാണ്. പോകുന്ന വഴിയിൽ രണ്ട് ചെറിയ ഗ്രാമങ്ങളുണ്ട്. നിട്ടൂരും നഗോഡിയും. നിട്ടൂരിൽ ഇറങ്ങി ചായകുടിച്ച ശേഷമാണ് യാത്ര തുടർന്നത്.

കുണ്ടും കുഴിയും ചളിയും നിറഞ്ഞ പാത (കടപ്പാട്: അജിത്ത് വടക്കയിൽ)
 


ഒരു പാക്കറ്റ് ഹാൻസ്​ പൊട്ടിച്ച് വായിലിട്ടശേഷം യുദ്ധക്കപ്പലിന്‍റെ അമരക്കാരന്‍റെ അഹങ്കാരത്തോടെ ജീപ്പ് ഡ്രൈവർ സീറ്റിലേക്ക് കയറി. മിക്ക ഡ്രൈവർമാർക്കും മലയാളം അത്യാവശ്യം വശമാണ്. അതുകൊണ്ട് ചീത്തപറയാനും പറ്റില്ല. ചെമ്മൺപാത താണ്ടി കുടജാദ്രിയോടടുത്തപ്പോൾ ആകാശത്തോടുരുമി നിൽക്കുന്ന പച്ചപ്പുൽമേട് തെളിഞ്ഞുവന്നു. നടുവൊടിക്കുന്ന ജീപ്പ് യാത്ര മറക്കാൻ ഈയൊരു കാഴ്ച മാത്രം മതി. വരാനിരിക്കുന്നതിന്‍റെ ട്രയൽ മാത്രമാണിതെന്ന പുച്ഛഭാവത്തിൽ ഡ്രൈവർ ജീപ്പ് മുന്നോട്ട് നീക്കി. അഞ്ചുമണിയോടെ ഞങ്ങൾ കുടജാദ്രി തൊട്ടു. അപ്പോഴേക്കും മഴമാറിയിരുന്നു. മലമടക്കുകൾ മഞ്ഞണിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്ന ഡ്രൈവറുടെ നിർദേശത്തെ അവിടെ നിർത്തി ഉരുളൻകല്ല് നിറഞ്ഞ ഇടുങ്ങിയ ചരൽവഴികളിലൂടെ ഞങ്ങൾ നല്ലനടപ്പ് തുടങ്ങി.

കുടജാദ്രിയിലെ ഭദ്രകാളി ക്ഷേത്രം
 


മലമുടികളിലേക്ക് കയറുന്ന പാതയുടെ തുടക്കത്തിലാണ് കുടജാദ്രിയിലെ ഭദ്രകാളി ക്ഷേത്രം. അവിടെ രണ്ട് പൂജാരികളും ഉണ്ടായിരുന്നു. നീലപ്പടുതയിൽ മറച്ച ചായക്കട നേരത്തെ അടച്ചിരുന്നു. മലമുകളിൽ ആദിശങ്കരന്‍റെ സർവജ്ഞപീഠം കണ്ടിറങ്ങി തിരിച്ചെത്തിയവരുടെ വാക്കുകൾ ഞങ്ങളിൽ വീണ്ടും ആശങ്ക നിറച്ചു. മഞ്ഞ മൂടിയിരിക്കുകയാണെന്നും ഒന്നും കാണാൻ കഴിയില്ലെന്നുമുള്ള മുന്നറിയിപ്പിന് പക്ഷെ ഞങ്ങൾ ചെവി കൊടുത്തില്ല. സമുദ്രനിരപ്പിൽ നിന്ന് 1342 മീറ്റർ ഉയരത്തിലാണ് കുടജാദ്രിമല. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് കുടജാദ്രിക്ക്. മൊട്ടക്കുന്നുകളും പച്ചപ്പും മാത്രം. ആശങ്കപ്പെട്ട പോലെ മഞ്ഞിൻകൂട്ടം ഞങ്ങളെ ആക്രമിച്ചില്ല. ആൾതിരക്കോ ശബ്ദ കോലാഹലങ്ങളോ ഇല്ല. താഴ്വാരത്തെ മഴക്കാടുകൾ മഞ്ഞ് മൂടിയിരിക്കുന്നു.

ഗണേശ ഗുഹയിലേക്കുള്ള വഴി
 


രണ്ട് മെഗാ പിക്സലിന്‍റെ മൊബൈൽ കാമറയിൽ എടുത്താലും മനോഹര ചിത്രങ്ങൾ മാത്രമെ പതിയു. മെലിഞ്ഞ വഴികളിലൂടെ മുന്നോട്ട് നടന്നപ്പോൾ പേരറിയാത്ത മരങ്ങളുടെ കൂട്ടം കണ്ടു. ഒറ്റനോട്ടത്തിൽ വനമെന്ന് തോന്നിക്കും. മരങ്ങളിൽ വള്ളികൾ തൂങ്ങിയാടുന്നു. ഇവിടെ രാജവെമ്പാലയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുൾ നിറഞ്ഞ വഴിയിലേക്ക് തിരിയുന്നതിന് മുൻപ് കറുത്ത പലകയിൽ ‘ഗണേശ ഗുഹ’ എന്നെഴുതിയ സൂചന ബോർഡ് മരത്തിൽ തറച്ചിരിക്കുന്നു. ഇതുവഴി പത്ത് മിനിറ്റ് നടന്നാൽ ഗണേശ ഗുഹയിലെത്താം. ചെറിയൊരു ഗുഹയിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ആരോ തെളിച്ചുവെച്ച ദീപവും പൂക്കളും പൂജാസാധനങ്ങളും ഇവിടെയുണ്ട്.

ഗണേശ ഗുഹ
 


അടുത്ത ലക്ഷ്യം ആദിശങ്കരന്‍റെ സർവജ്ഞപീഠമാണ്. വിനോദയാത്രക്കല്ലാതെ കുടജാദ്രിയിലെ ത്തുന്നവരുടെ പ്രധാനലക്ഷ്യം സർവജ്ഞ പീഠമാണ്. കുടജാദ്രിയിൽ ദേവീ സാന്നിദ്ധ്യം മനസിലാക്കിയ ആദി ശങ്കരൻ ഇവിടെ തപസിരുന്നുവെന്നാണ് വിശ്വാസം. സമചതുരാകൃതിയിൽ രണ്ട് മീറ്റർ നീളത്തിലും വീതിയിലും തീർത്ത കരിങ്കൽ നിർമിതിയാണ് സർവജ്ഞപീഠം. ഇതിനോട് ചേർന്ന് തന്നെ ചെറിയൊരു ഷെഡും കാണാം. അവിടെ പക്ഷെ ആരെയും കണ്ടില്ല. ഇവിടെ നിന്ന് ഇടുങ്ങിയ പാതയിലൂടെ താഴേക്കിറങ്ങിയാൽ ചിത്രമൂലയിൽ എത്താം. പക്ഷെ, ജീപ്പ് ഡ്രൈവർ നൽകിയ സമയപരിധിയും പച്ചപ്പിനുമേൽ വീണ ഇരുട്ടും ഞങ്ങളെ പിന്തിരിപ്പൻമാരാക്കി. അങ്ങിനെ കുറച്ച് ഫോട്ടോയും കുറേ ഓർമകളും മാത്രം ബാക്കിയാക്കി, മാറിനിന്ന മഴക്കും പെയ്തിറങ്ങിയ മഞ്ഞിനും നന്ദിപറഞ്ഞ് ഞങ്ങൾ തിരികെ നടന്നു. ജീപ്പിനടുത്തെത്തിയപ്പോൾ സൂര്യനും താഴെയെത്തിയിരുന്നു. സൂര്യാസ്​തമയം കുടജാദ്രിയുടെ മറ്റൊരു സൗന്ദര്യമാണ്.

സർവജ്ഞപീഠം

കുടജാദ്രിയിലേക്ക് വേറെയും വഴികൾ
ജീപ്പ് യാത്രയല്ലാതെ വനപാതയിലൂടെ നടന്നും കുടജാദ്രിയിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവരും ഭക്തരുമാണ് പ്രധാനമായും ഈ വഴി ഉപയോഗിക്കുന്നത്. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ എട്ടു കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ കരൻകട്ട എന്ന സ്​ഥലത്തെത്തും. ഇവിടെ നിന്ന് പത്ത് കിലോമീറ്ററോളം നടന്നാൽ കുടജാദ്രി താണ്ടാം. പ്രകൃതിരമണീയമായ അംബാവനത്തിലൂടെയാണ് യാത്ര. ഇതിന് പുറമെ ഹിഡുമനൈ വെള്ളച്ചാട്ടം വഴി കാനന സാഹസീക പാതയിലൂടെയും കുടജാദ്രിയിലെത്താം. നിട്ടൂർ വഴി മറാകുട്കയിൽ എത്തിയശേഷം വെള്ളച്ചാട്ടം വഴി ട്രക്കിങ് നടത്താം. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര അപകടകരമാണ്. കൂടാതെ അട്ടയുടെ ആക്രമണവും ഉണ്ടാകും.

സർവജ്ഞപീഠം
 
സീസണും ട്രെയിനും

ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ കുടജാദ്രിയിൽ പോകുന്നതാണ് നല്ലത്. വേനൽകാലത്ത് കുടജാദ്രിയിലെത്തിയാൽ പച്ചപ്പിന് പകരം ചെമ്മൺ കുന്നുകൾ മാത്രമെ കാണാനാവു. മഴക്കാലത്ത് പോകുന്നവർ ഉച്ചക്ക് മുൻപ് കുടജാദ്രിയിൽ എത്താൻ ശ്രമിക്കണം. കേരളത്തിൽ നിന്ന് പോകുന്നവർക്ക് മംഗലാപുരത്തെത്തി റോഡ് മാർഗമോ ട്രെയിനിലോ യാത്രചെയ്യാം. മംഗലാപുരത്തു നിന്ന് 170 കിലോമീറ്ററാണ് കുടജാദ്രിയിലേക്ക്. ട്രെയിനിൽ പോകുന്നവർക്ക് മൂകാംബിക റോഡ് റെയിൽവേ സ്​റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈണ്ടൂരിൽ നിന്ന് കൊല്ലൂരിലേക്ക് ബസ്​ കിട്ടും. ഒന്നര മണിക്കൂർ യാത്ര ചെയ്താൽ കൊല്ലൂരിലെത്താം. അവിടെ നിന്ന് ജീപ്പ് മാർഗം കുടജാദ്രിയിലും എത്താം. മൂകാംബിക റോഡ് റെയിൽവേ സ്​റ്റേഷനിൽ നിന്ന് മൂന്ന് മണിക്കൂർ സഞ്ചരിച്ചാൽ ഗോവയും കണ്ട് മടങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam traveltraveloguekudajadrimookambikasarvajna peedamAdi Shankara
Next Story