സാഹസികതയുടെ മുനമ്പില്‍
text_fieldsലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കര്‍ദുങ് ലാ പാതയിലേക്ക് ആദ്യമായിട്ടായിരുന്നു ഒരു പെണ്‍സംഘത്തിന്‍റെ സാഹസികയാത്ര. ആ പാതയിലൂടെ ബുള്ളറ്റ് പായിച്ച ഏകമലയാളിയാണ് കാസര്‍കോട് ഇരിയണ്ണിയിലെ സൗമ്യ. ദുര്‍ഘടപാതകളെ കുറിച്ചും ഒടുവില്‍ ലക്ഷ്യത്തിലെത്തിയതിന്റെയും അനുഭവങ്ങള്‍...
'ജിസ്പയില്‍നിന്ന് മണാലിയിലേക്ക് ഇറങ്ങുകയായിരുന്നു ഞാന്‍. ചെങ്കുത്തായ ഇറക്കം. ഇരുവശവും കൊക്കയും മഞ്ഞുരുകി കുത്തിയൊഴുകുന്ന ബീസ് നദിയും. പേരറിയാത്ത മുള്ളുകാടും. റോഡിലാണെങ്കില്‍ കൂറ്റന്‍ കല്ലുകളും കുഴികളും. എന്റെ മുന്നിലുണ്ടായിരുന്ന രാധികയുടെ ബുള്ളറ്റ് വഴുതുന്നു. നെഞ്ചിലേക്ക് കൊള്ളിയാന്‍ പായിച്ചുകൊണ്ട് രാധിക വീഴുന്നത് ഞാന്‍ കാണുന്നത് എതിരെവന്ന സൈനികരുടെ ട്രക്കിനടിയിലേക്ക്. ട്രക്കിന്റെ മുന്‍ ചക്രം അവളെ പാസ് ചെയ്തപ്പോള്‍ പിന്‍ചക്രം അവളുടെ ദേഹത്തിനടുത്തേക്ക് ഉരുണ്ടടുക്കുന്നതാണ് കണ്ടത്. അവളുടെ വീഴ്ച പൂര്‍ത്തിയാകുന്നതിനുമുമ്പ് പിന്‍ ചക്രങ്ങള്‍ അവളിലേക്ക് അടുത്തപ്പോള്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തി 'ഇനിയില്ല, അവള്‍' എന്ന്. 'അമ്മേ...'യെന്ന നിലവിളിയില്‍ ഞാന്‍ കണ്ണുകളടച്ചു. ട്രക്കിന്റെ ശബ്ദം നിലച്ചപ്പോള്‍ പതിയെ കണ്ണുതുറന്നു. ചോര പടര്‍ന്ന മണല്‍ റോഡ് താങ്ങാനുള്ള ശേഷിക്കുവേണ്ടി പ്രാര്‍ഥിച്ചു. അപ്പോള്‍ ട്രക്കിന്റെ ചക്രങ്ങള്‍ ശരീരത്തോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു. അവള്‍ ബാക്കിയുണ്ട്. ദുര്‍ഘടപാതക്ക് ജീവന്‍ രക്ഷിക്കാനും കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി.'
ജൂലൈ ഏഴിനായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് കമ്പനി രാജ്യത്തെ 20 പെണ്‍കുട്ടികള്‍ക്ക് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പാതയായ കര്‍ദുങ് ലായിലേക്ക് ബുള്ളറ്റ് പായിച്ച് കയറാനുള്ള അവസരം നല്‍കിയത്. അതുവരെ ആണുങ്ങള്‍ക്ക് മാത്രം പട്ടയം നല്‍കിയ ബൈക്ക് സാഹസികത പുതിയ അധ്യായത്തിലേക്ക് തിരിയുകയായിരുന്നു. യാത്രക്ക് 20 പെണ്‍കുട്ടികള്‍ മെഡിക്കല്‍ പരിശോധന വിജയിച്ചു. സ്റ്റാര്‍ട്ടിങ് പോയന്റായ ഇന്ത്യാഗേറ്റില്‍ വിസില്‍ മുഴങ്ങാനിരിക്കെ നാലു പെണ്‍കുട്ടികളെ വീട്ടുകാര്‍ പിന്തിരിപ്പിച്ചു. മലയാളിയായ കാസര്‍കോടന്‍ ഉള്‍നാടന്‍ ഗ്രാമമായ ഇരിയണ്ണിയില്‍ സൗമ്യ എന്ന പെണ്‍കുട്ടി. മൂന്നാം വയസ്സുമുതല്‍ ബൈക്കും ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിനുടമ. സ്കൂളിലേക്ക് സൈക്കിളിലും കോളജിലേക്ക് മോട്ടോര്‍ സൈക്കിളിലും ജോലിസ്ഥലമായ ബംഗളൂരുവിലേക്ക് ബുള്ളറ്റിലും ഓടിക്കയറി അതാതിടങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ചവള്‍. അതിന്റെ ചുവടുപിടിച്ചാണ് ഹിമാലയത്തിലെത്തുന്നത്.
'എല്ലാ പെണ്‍കുട്ടികളും പിന്തിരിയുമെന്ന് അറിഞ്ഞോ അറിയാതെയോ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി കരുതിയിരിക്കാം. മെഡിക്കല്‍ പരിശോധനയിലും കായികക്ഷമതാ പരിശോധനയിലും 20 പെണ്‍കുട്ടികള്‍ ഇടംനേടിയപ്പോഴും അവര്‍ക്കണിയാനുള്ള ബൂട്ടും ജാക്കറ്റും വിപണിയില്‍പോലും എത്തിയിരുന്നില്ല. അങ്ങനെ ഞങ്ങള്‍ പാകമായതും ആവാത്തതുമായി ബൂട്ടുകളും ജാക്കറ്റും പാന്റും ധരിച്ച് സെമി ആണ്‍ വേഷത്തില്‍ ഇന്ത്യാഗേറ്റില്‍നിന്നും ആത്മധൈര്യത്തില്‍ ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി. ചുറ്റിലും ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ലോക മാധ്യമങ്ങള്‍. തിരിച്ചുവരില്ലേയെന്ന് ഞങ്ങള്‍ തന്നെ ഞങ്ങളോട് ചോദിച്ച് യാത്രതുടങ്ങി.
രണ്ടാം ദിവസം പെര്‍വാനോയില്‍നിന്ന് നെര്‍ക്കന്റയിലേക്ക് പോകുമ്പോള്‍ ബുള്ളറ്റിന്റെ ഹാന്‍ഡ് വാല്‍വ് പിടിച്ചതിന്റെ വേദന വരാന്‍ തുടങ്ങി. സാഹസികത ഒരു ആരോഗ്യ പരീക്ഷണമാണ്. നമുടെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കപ്പെടും. കയറ്റവും ദുര്‍ഘടമായ പാതയും കുഴിയില്‍ വീഴലും വഴുതലും കാരണം ഒരു കൈയുടെ സെന്‍സിറ്റിവിറ്റി നഷ്ടപ്പെട്ടു. ബുള്ളറ്റിന്റെ നിയന്ത്രണം വലതുകൈയില്‍ മാത്രമായി ഒതുങ്ങി. എന്റെ മനോവീര്യം കെട്ടുതുടങ്ങി. ഈ യാത്ര തുടരാന്‍ കഴിയില്ലെന്ന് ഏതാണ്ട് തോന്നിത്തുടങ്ങി. പിറകില്‍ ബൊലേറോയില്‍ ഞങ്ങളുടെ ഗൈഡ് ഉര്‍വശി പട്ടോള്‍ ഉണ്ട്. അവരെ നോക്കി പറഞ്ഞപ്പോള്‍ മുന്നോട്ടുപോകാനുള്ള ധൈര്യം വീണ്ടും പകര്‍ന്നു. ക്ളച്ചും ആക്സിലേറ്ററും മാത്രം ഉപയോഗിച്ചുള്ള യാത്ര ജീവിതത്തില്‍ ആദ്യമായാണ്. ആദ്യമായി ബൈക്കോടിക്കുകയാണോ എന്ന് തോന്നിപ്പോകും. ജലോലി പാസില്‍ രണ്ടുതവണ ബൈക്കില്‍നിന്ന് വീണു. ബൈക്ക് കേടായപ്പോള്‍ അനുഗാമികളായ മെക്കാനിക്കുകള്‍ താല്‍ക്കാലികമായി നന്നാക്കിത്തന്നു.
ലക്ഷ്യസ്ഥാനമായ കര്‍ദുങ് ലായിലേക്ക് ഇനിയുമുണ്ട് ദിവസങ്ങള്‍. അഞ്ചുദിവസം കൊണ്ട് 1300 കി.മീറ്ററോളം യാത്ര. എന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുംം മുഖത്തുനോക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഈ അഹങ്കാരിയായ ബൈക്കു യാത്രക്കാരി മാറുമോയെന്ന സങ്കടം ഇരട്ടിച്ചു. അതിനിടയില്‍ ഗൈഡ് ഉര്‍വശി പട്ടോളിന് അസുഖംവന്ന് അവര്‍ യാത്ര നിര്‍ത്തി. എന്റെ ആശ്വാസം അവരായിരുന്നു. കാരണം, കൂട്ടത്തില്‍ ബൈക്ക് റൈഡില്‍ പങ്കെടുത്ത് പരിചയമില്ലാത്ത ഒരാള്‍ ഞാന്‍ മാത്രമാണെന്ന് അവര്‍ക്കേ അറിയൂ. പല കാരണങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും എന്റെയുള്ളിലെ സാഹസികതയുടെ കനല്‍ എന്നെ കെടാതെ പിന്തുടര്‍ന്നു. അത് പിന്തുടരാന്‍തന്നെ ഞാന്‍ തീരുമാനിച്ചു.
പിന്നീട് എന്റെ മുന്നിലുള്ള വഴികള്‍ ഒറ്റയടിപ്പാതയായിരുന്നു. എതിരെ വണ്ടിവന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. ബൈക്ക് മുന്നോട്ട് പോകുന്നതിനനുസരിച്ച് വഴിയുടെ ദുര്‍ഘടാവസ്ഥ പിന്നിലേക്ക് വലിക്കുകയാണ്. മണാലിയില്‍നിന്ന് ജിസ്പയിലേക്ക് കയറുമ്പോള്‍ മനസ്സിന് ഊര്‍ജംപകര്‍ന്ന് ബുദ്ധക്ഷേത്രങ്ങള്‍ കാണാം. മഴവില്ല് നിറങ്ങള്‍ കൊണ്ടുള്ള പതാക ആകാശത്ത് ദിക്കുകള്‍ നോക്കി പറക്കുന്നു. അതില്‍ മന്ത്രം എഴുതിയിട്ടുണ്ട്. കാറ്റിന്റെ ഗതിക്കനുസരിച്ച് മന്ത്രം ലോകം മുഴുവന്‍ പരക്കുമെന്നാണ് ബുദ്ധമത വിശ്വാസം. ചുരങ്ങള്‍ കടക്കുമ്പോള്‍ ഈ ക്ഷേത്രത്തിലെ ബുദ്ധ സന്യാസികള്‍ നല്‍കുന്ന റിബണ്‍ കെട്ടണം. അപകടത്തെ അതിജീവിക്കാനുള്ള കഴിവ് ലഭിക്കുമത്രെ. ഞാന്‍ ആ റിബണ്‍ ആയുധമാക്കി കടകടയായ ബുള്ളറ്റുമായി മുന്നോട്ടുകുതിച്ചു. റോഡുനിറയെ വെള്ളച്ചാട്ടങ്ങളാണ്. ഉച്ചകഴിയുമ്പോള്‍ മഞ്ഞുരുകുന്നതിന്റെ ഭാഗമായി ഇവയുടെ ശക്തി കൂടും. ശക്തമായ ഒഴുക്കില്‍പ്പെട്ട് ബൈക്ക് കൊക്കയിലേക്ക് വീഴും. വെള്ളച്ചാട്ടവും കൊക്കയും കണ്ട് പേടിച്ചിരിക്കെയാണ് ഒരു സഹയാത്രിക താഴേക്ക് പതിക്കുന്നത് കണ്ടത്. മരണം നേരിട്ട് കാണുകയാണോയെന്ന് തോന്നിപ്പോയി. എന്റെ രണ്ടാമത്തെ മരണാഭിമുഖം. ബുള്ളറ്റില്‍ നിയന്ത്രണംവിട്ട അവള്‍ താഴേക്കുപോയി. മഞ്ഞുകട്ടയില്‍ തട്ടി അവളുടെ ബൈക്ക് നാമാവശേഷമാകുന്നത് ഞാന്‍ നേരില്‍ കണ്ടു. പിന്നീടറിഞ്ഞത് ജീവന്‍ ബാക്കിയുണ്ടെന്നും വാരിയെല്ലുകളും കൈകാലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നുമാണ്.
ജിസ്പയില്‍നിന്ന് സെര്‍ച്ചുവിലേക്ക് കയറുമ്പോള്‍ ശ്വാസംമുട്ടാന്‍ തുടങ്ങിയിരുന്നു. ഓക്സിജന്‍ കുറയുകയാണ്. രാത്രിയില്‍ വിശ്രമിക്കുമ്പോള്‍ ഇതിന്റെ റിയാക്ഷനുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചിലരുടെ മൂക്കില്‍നിന്ന് ചോരവരുന്നു, മറ്റു ചിലര്‍ ഛര്‍ദിക്കുന്നു, ചിലര്‍ രോഗികളായി കരയുന്നു. മൈനസ് ഡിഗ്രിയാണ് തണുപ്പ്. ധാബയിലാണ് താമസം. മാഗി, ബ്രെഡ്, ഓംലറ്റ്, രാജ്മ ചാവല്‍ എന്നിവയാണ് ഭക്ഷണം. ഞാന്‍ സൈനിക ക്യാമ്പിലേക്ക് പോയി ആര്‍മിയുടെ സാറ്റലൈറ്റ് ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ചു. അടുത്ത ദിവസമാണ് ലക്ഷ്യത്തിന്റെ ദിനം. അതിനിടയില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരംകൂടിയ മോട്ടോറബ്ള്‍ റോഡിലേക്കെത്തി.
ഇനി കര്‍ദുങ്ലായിലാണ്. പരിസമാപ്തിയില്‍ ആത്മധൈര്യം നഷ്ടപ്പെട്ട ആന്‍ഡ്രിയ എന്ന സഹയാത്രിക ഇനിയൊരടി ബൈക്കുമായി മുന്നോട്ടുപോവാന്‍ കഴിയില്ലെന്നുപറഞ്ഞ് വഴിയരികിലെ ധാബയില്‍ കയറി. നമ്മുടെ സ്വപ്നസത്രം എത്തിക്കഴിഞ്ഞുവെന്ന് അവളോട് പറഞ്ഞിട്ടും അവള്‍ പിന്മാറി. ഇനി അങ്ങോട്ടില്ലെന്ന് പറഞ്ഞ് ലേയിലെ ധാബയില്‍നിന്ന് മടങ്ങി. അത് മൂന്നാമത്തെ ദുരന്തമാണ്. ഞങ്ങള്‍ കര്‍ദുങ് ലായിലേക്ക് തിരിച്ചു. എങ്ങും നീലമാത്രം. മനോഹരമായി വിന്യസിച്ച നീലാകാശം. അതിലൂടെ ഒഴുകുകയാണെന്ന് തോന്നി. മുകളിലും താഴെയും അഷ്ടദിക്കുകളിലും നീലക്കടല്‍ പോലെ ചേതോഹരമായ ലോകം. പൂര്‍ണ ചന്ദ്രന്‍ ഉദിച്ചുകൊണ്ടിരിക്കുകയായിരുന്നു. കര്‍ദുങ് ലാ ഞങ്ങളെ സ്വീകരിക്കാനെന്നപോലെ. ഞാന്‍ ഇന്ത്യയുടെ നെറ്റിയില്‍ കയറി കാസര്‍കോട് ഇരിയണ്ണിയിലേക്ക് നോക്കി വീട്ടുകാരെ 'കണ്ടു'. സോ മൊറീറി എന്ന സ്ഥലം കാണാമായിരുന്നു. അതുവരെ അനുഭവിച്ച വേദനയും നേരില്‍കണ്ട യാതനകളുമെല്ലാം മറന്ന് ഇരുകൈകളും ആകാശത്തേക്ക് നീട്ടി. ഞാന്‍ വിജയിച്ചതായി ഞാന്‍ തന്നെ പ്രഖ്യാപിച്ചു. കാരണം, ഞാന്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ (18,380 അടി) പാതയായ കര്‍ദുങ് ലായില്‍ എന്റെ പ്രിയ ബുള്ളറ്റിനൊപ്പം എത്തിയിരിക്കുന്നു. അപ്പോഴേക്കും കര്‍ദുങ് ലായില്‍ പൂര്‍ണ ചന്ദ്രന്‍ ഉദിച്ചിരുന്നു. ആയിരം പൂര്‍ണ ചന്ദ്രന്മാരുടെ തെളിച്ചത്തേക്കാള്‍ മഞ്ഞുമലകളില്‍ തട്ടി പ്രകാശിതമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.