Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightവീണ്ടും ഒരു...

വീണ്ടും ഒരു കുട്ടനാടന്‍ യാത്ര

text_fields
bookmark_border
വീണ്ടും ഒരു കുട്ടനാടന്‍ യാത്ര
cancel

കുട്ടനാടിന്‍െറ നെഞ്ചിലൂടെയുള്ള ഒരു യാത്ര. അതിന്‍െറ ആഹ്ളാദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എത്രയോ പ്രാവശ്യം കുട്ടനാടിന്‍െറ കായല്‍പ്പരപ്പിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ മടുപ്പ് അനുഭവപ്പെട്ടിട്ടില്ല. മറിച്ച് വീണ്ടും  കായലിന്‍െറ ഹൃദയത്തിലൂടെ ബോട്ടിലൂടെയോ തോണിയിലൂടെയോ കുതിച്ച് പായാനുള്ള ആഗ്രഹം വര്‍ധിച്ചിട്ടേയുള്ളൂ. ആലപ്പുഴയില്‍ നിന്ന് കാറിലാണ്  ഞങ്ങള്‍ കൈനകരിയില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ ബോട്ട് വേണമോ എന്ന ചോദ്യവുമായി പുഞ്ചിരിയോടെ ഏജന്‍റുമാരത്തെി.  6000 രൂപ മുതല്‍ 20000 രൂപവരെയുള്ള ഹൗസ് ബോട്ടുകള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. ഹൗസ് ബോട്ട് വേണ്ട   ബോട്ട്മതി എന്ന മറുപടി അവരെ അല്‍പ്പം നിരാശരാക്കി. എങ്കിലും സ്പീഡ് ബോട്ട് ആയാലോ എന്നായി ഒരു ചെറുപ്പക്കാരന്‍. തുക പറഞ്ഞപ്പോള്‍  ഞങ്ങളുടെ മുഖത്തെ ഉല്‍സാഹമില്ലായ്മ ശ്രദ്ധിച്ച മറ്റൊരാള്‍ സാധാരണ ബോട്ടിന മണിക്കൂറിന് 400 രൂപയെ ഉള്ളൂവെന്ന് പറഞ്ഞു. അല്‍പ്പം വിലപേശിയപ്പോള്‍ അത് മണിക്കൂറിന് 350 ആയി. ആ തുകപ്രകാരം  ഞങ്ങള്‍ അതിലൊരാളുടെ സുഹൃത്തിന്‍െറ ബോട്ടിലേക്ക് കയറി. അപ്പോള്‍ ചില കൊതുമ്പ് വളളങ്ങള്‍ ഞങ്ങളുടെ മുന്നിലൂടെ സാവധാനം തുഴഞ്ഞ് പോകുന്നുണ്ടായിരുന്നു. അത് അക്കരെ തുരുത്തിലേക്ക് മാത്രമുള്ളതാണന്ന് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. അതിലെ യാത്ര രസകരമായിരുന്നു. വളരെ കുറച്ചുപേര്‍ മാത്രം. തുഴക്കാരന്‍ കൈയിലുള്ള പങ്കായം ചെറുതായി വെള്ളത്തിലേക്ക് താഴ്ത്തുന്നു. പിന്നെയും അത് ചലിപ്പിച്ച് കൊണ്ടിരിക്കെ ചെറുവള്ളം അക്കരേക്ക് നോക്കി മുന്നോട്ട്. 

തകഴിയുടെയും കേശവദേവിന്‍െറയും കഥകളില്‍ കേട്ടറിഞ്ഞ കുട്ടനാടും ഇന്നത്തെ കുട്ടനാടും തമ്മില്‍ ഒരുപാട് വിത്യാസങ്ങള്‍ ഉണ്ട്.  ആ കാലത്തെ കായല്‍ എന്നത് കണ്ണെത്താത്ത ദൂരത്ത് നീണ്ട് പരന്ന് കിടക്കുന്നതായിരുന്നു. പക്ഷെ ഇന്ന് കായല്‍ ചുരുങ്ങി. പലയിടവും നികത്തപ്പെട്ടു. എങ്കിലും ഇന്നും കുട്ടനാട് എന്നത് കുട്ടനാട് തന്നെ. അതിനോട് മറ്റൊന്നും പകരംവെക്കാനുമില്ല. എത്രയോ പ്രത്യേകതകള്‍ ഈ ജലഭൂമികക്ക് സ്വന്തമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. സമുദ്രനിരപ്പിനെക്കാള്‍ താഴെയാണ് ഇവിടം. 
സമുദ്രനിരപ്പില്‍ നിന്നും 2.2 മീ താഴെ മുതല്‍  0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്‍്റെ  താഴ്ച. 500 ചതുരശ്ര കിലോമീറ്ററാണ് കുട്ടനാടിന്‍െറ വിസ്തീര്‍ണ്ണവും. ഞങ്ങളുടെ ബോട്ട് മുന്നോട്ട് പോകുമ്പോള്‍ അതാ ഒരു ഹൗസ് ബോട്ട് പാഞ്ഞുവരുന്നു. അതിന്‍െറ ഉമ്മറത്ത് ഇരുന്ന് രണ്ട് വിദേശികള്‍ .  അവര്‍ കായല്‍സൗന്ദര്യവും നുകരുകയാണ്. ഞങ്ങളുടെ ബോട്ടിന്‍െറ സ്പീഡ് വളരെ കുറവാണ്. ബോട്ടിന്‍െറ കാലപ്പഴക്കമാണോ അതോ ഡ്രൈവറുടെ ഉല്‍സാഹക്കുറവോ ഏത് കാര്യമാണ് അതിന് കാരണമെന്ന് കൃത്യമായി മനസിലാകുന്നുണ്ടായിരുന്നില്ല. 

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ചില തുരുത്തുകള്‍ ദൃശ്യമായി തുടങ്ങി. കായലിന്‍െറ നടുവിലായുള്ള കുറച്ച് കരഭാഗാമണ് തുരുത്തുകള്‍. അവിടെ വീടും കൃഷിസ്ഥലവും ഒക്കെയുണ്ട്. നാല് ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട കുഞ്ഞ്കുഞ്ഞ് ദ്വീപുകള്‍ എന്നും പറയാം. അവിടെയുള്ളവര്‍ക്കെല്ലാം തോണികള്‍ ഉണ്ട്. അല്ളെങ്കില്‍ ചങ്ങാടങ്ങള്‍. സ്ത്രീകളും തീരെ ചെറിയ കുട്ടികളും തോണിയും ചങ്ങാടവും തുഴഞ്ഞുപോകുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. പക്ഷെ നമുക്ക് മാത്രമാണ് അത്ഭുതം. ഇവര്‍ക്ക് ഇതൊന്നും കൗതുകമല്ല. ജനിച്ച് വീഴുന്നതതും നിത്യജീവിതം കഴിക്കുന്നതും ജലത്തിന് മുന്നില്‍. എങ്കിലും മഴക്കാലത്ത് ഇവര്‍ക്ക് ദുരിതമാണ്. അപ്പോള്‍ വെള്ളം പൊങ്ങുന്ന ജന്‍മനാട്ടില്‍ നിന്നും കിട്ടുന്നതെല്ലാം വാരിക്കെട്ടി പുറത്തേക്കുള്ള ബന്ധു വീടുകളിലേക്ക് പോകുകയെ നിവര്‍ത്തിയുള്ളൂ. തകഴിയുടെ ‘വെള്ളപൊക്കം’ എന്ന കുട്ടനാട് പശ്ചാത്തലമാക്കിയുള്ള കഥയിലെ ആരും രക്ഷപ്പെടുത്താനില്ലാത്ത ഒരു നായയെ ഓര്‍ക്കുന്നുണ്ടാകും ചിലരെങ്കിലും. വെള്ളം കണ്ട് ജീവിക്കുന്ന ഇവര്‍ക്ക് കുടിവെള്ളവും കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്.  കായല്‍വെള്ളം കുടിക്കാന്‍ പറ്റില്ലല്ളോ. ‘വെള്ളം വെള്ളം സര്‍വ്വത്ര. പക്ഷെ തുള്ളികുടിക്കാനില്ലത്രെ ’ എന്ന ചൊല്ല് ഇവരുടെ കാര്യത്തില്‍ എത്രയോ സത്യമാണ്. തുരുത്തുകളിലെ വീടുകളെല്ലാം ചെറുതെങ്കിലും മനോഹരമാണ്. വീടുകള്‍ ഉണ്ടാക്കാന്‍ എത്രയെത്ര വളളങ്ങളിലും ബോട്ടുകളിലും ഇവര്‍ സാധനങ്ങള്‍ കൊണ്ടുപോയിരുന്നിരിക്കണം. വീടിന്‍െറ മുന്നിലെല്ലാം മുവാണ്ടന്‍ മാവും കൊതുമ്പുവളളവും ഉണ്ട്. 

പുളിങ്കുന്നില്‍ എത്തിയപ്പോള്‍ വിവിധതരം ദേശാടന പക്ഷികളെ കണ്ടു. എത്ര മനോഹരമാണ് അവയുടെ തൂവല്‍പ്പുതപ്പുകള്‍. കൂട്ടമായാണ് അവ തുഴഞ്ഞ് വരുന്നത്. ബോട്ടിന്‍െറ ഗതി കണ്ടപ്പോള്‍ അവറ്റകളും ഗതിമാറ്റി. പലതരം കൊറ്റികളും വെളുപ്പും കറുപ്പും ഇടകലര്‍ന്ന താറാവുകളും ഇടക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. കൂട്ടത്തില്‍ പറയാന്‍ മറന്നു. ഞങ്ങള്‍ എത്രയെത്ര ഹൗസ് ബോട്ടുകളെയാണ് ഇതുവരെ കണ്ടത്. 3000 ത്തോളം ഹൗസ് ബോട്ടുകള്‍ ഇവിടെയുണ്ടന്നാണ് കണക്ക്. പടക്കപ്പലുകള്‍ നങ്കൂരമിട്ട് കിടക്കുന്നപോലെയാണ് ഇവറ്റകളുടെ കാഴ്ച.  ഹൗസ് ബോട്ടുകളില്‍ നിന്നുള്ള ഡീസലും എ.സി പ്രവര്‍ത്തിക്കുന്നതിന്‍െറ ഭാഗമായുള്ള മലിനീകരണവും കായലിനെ ശ്വാസംമുട്ടിക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ ആര് കാണാന്‍. ആര് കേള്‍ക്കാന്‍. വിനോദ സഞ്ചാരത്തിന്‍െറ ഭാഗമായുള്ള   വികസന പദ്ധതികള്‍ ഒക്കെ നല്ലതാണ്. പക്ഷെ പ്രകൃതി കൂടി വേണമല്ളോ. 

ഞങ്ങളുടെ സഞ്ചാരം തുടങ്ങിയിട്ട് ഇപ്പോള്‍ സന്ധ്യ കഴിയാറാകുന്നു. അക്കരെയുള്ള വീടുകളില്‍ വെളിച്ചം വീണിരിക്കുന്നു. അതിന്‍െറ ചെറിയ തിളക്കം കായല്‍ജലത്തിലും പ്രതിഫലിക്കുന്നുണ്ട്. ഒരുതരം ശാന്തത അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇതിനിടെ ബോട്ടിന്‍െറ അടിഭാഗത്ത് എന്തോ കുടുങ്ങിയതായി ഡ്രൈവര്‍ പറഞ്ഞു. അയ്യാള്‍ പിന്നിലേക്ക് ചെന്ന് വെള്ളത്തിലേക്ക് ഇറങ്ങി സാഹസികമായി കുറെ ശ്രമിച്ചപ്പോള്‍ ഒരു തെങ്ങോലയുടെ ഭാഗങ്ങള്‍ കിട്ടി. പിന്നെ ആശ്വാസത്തോടെ അയ്യാള്‍ ബോട്ട് വീണ്ടും സ്റ്റാര്‍ട്ടാക്കി. കരക്കണയുന്നതും കാത്ത് ഞങ്ങളും പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. അപ്പോള്‍ കായലിന്‍െറ തണുപ്പ് കൂടിവരുന്നുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttanad
Next Story