ഒരു മൊറോക്കന്‍ യാത്ര
text_fieldsആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഇമെയില്‍ വന്നപ്പോള്‍ ആദ്യം ഒന്നു ഞെട്ടി. ആഫ്രിക്കയില്‍ നിന്നും സര്‍വ്വസാധാരണമായി വരാറുള്ള “ബാങ്ക് അക്കൗണ്ട് ഷെയര്‍ ചെയ്യാം” എന്നും മറ്റും പറയുന്ന തട്ടിപ്പ് ഇമെയിലുകളാണ് ആദ്യം മനസ്സിലേക്ക് വന്നത്. ഇമെയില്‍ ഒന്നു ശ്രദ്ധയോടെ വായിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. മൊറോക്കൊയിലെ സ്കൂറ എന്ന സ്ഥലത്ത് നടക്കുന്ന ഇന്‍്റര്‍നാഷണല്‍ ഹോമിയോപ്പതി സമ്മേളനത്തിലേക്ക് ഉള്ള ക്ഷണമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സുപരിചിതരായ ആറ് പേരു കൂടിയുണ്ട്.
മൊറോക്കൊ നമുക്ക് സുപരിചിതമാണ്. വടക്കന്‍ ആഫ്രിക്കയിലെ ഒരു പ്രമുഖ രാജ്യമാണത്. പടിഞ്ഞാറ് അറ്റ്ലാന്‍്റിക്ക് സമുദ്രവും വടക്ക് മെഡിറ്ററേനിയന്‍ കടലും തെക്ക് കിഴക്കായി അള്‍ജീരിയയും പടിഞ്ഞാറന്‍ സഹാറയുമാണ് അതിരുകള്‍. ‘വെളുത്ത ആഫ്രിക്ക’ എന്ന് സാധാരണയായി ഈ രാജ്യത്തെ വിശേഷിപ്പിക്കാറുണ്ട്. അറബികളെയും ഫ്രഞ്ച് വംശജരെയും കൂടാതെ സെര്‍ബര്‍ വംശജരും ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരും ഇവിടെയുണ്ട്. വര്‍ഷങ്ങളോളം ഫ്രഞ്ച് കോളനിയായിരുന്നതിനാല്‍ ഭാഷയിലും സംസ്കാരത്തിലും ഫ്രഞ്ച് സ്വാധീനം ഉണ്ട്. അറബി ഭാഷയെയും ഫ്രഞ്ചിനെയും അവര്‍ ഒരുപോലെ സ്നേഹിക്കുന്നുണ്ട്. അതുപോലെ തന്നെ മൊറോക്കന്‍ ഭക്ഷണവും ലോകപ്രസിദ്ധമാണ്.
അവരുടെ തജിന്‍ എന്ന വിഭവം വളരെ പേരുകേട്ടതാണ്.
കാര്യങ്ങള്‍ ഇതൊക്കെയുണ്ടെങ്കിലും ആഫ്രിക്കയിലെ വിവിധതരം പകര്‍ച്ച വ്യാധികള്‍, മോഷണം, ആഭ്യന്തര പ്രശ്നം,തീവ്രവാദം തുടങ്ങിയ പല കാര്യങ്ങളും പറഞ്ഞ് പല സുഹൃത്തുക്കളും ഞങ്ങളെ യാത്രയില്‍ നിന്നും വിലക്കിയിരുന്നു. അതിനാല്‍, യാത്രക്ക് മുമ്പ് അല്പം ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ധൈര്യം പകര്‍ന്നു. ഡല്‍ഹി, മുംബൈ, കൊച്ചി, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും യാത്ര തുടങ്ങിയ ഞങ്ങള്‍ ദോഹയില്‍ ഒത്തു കൂടി. അവിടെ നിന്നും അര്‍ദ്ധരാത്രി മൊറോക്കൊയിലെ പ്രധാന തുറമുഖ പട്ടണമായ കസബ്ളാങ്കയിലേക്ക് പറന്നു. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ നല്ളൊരു ശതമാനം പേരും ഫ്രഞ്ചു ഭാഷ മാത്രം സംസാരിക്കുന്നവര്‍, പിന്നെ ഏതാനും അറബി സംസാരിക്കുന്നവരും. നീണ്ട ഒരു ഉറക്കത്തിന് ശേഷം പുലര്‍ച്ചെ ഞങ്ങള്‍ കസബ്ളാങ്കയില്‍ എത്തി.
പ്രഭാത ഭക്ഷണവും വിശ്രമത്തിനും ശേഷം എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ ആരംഭിക്കുന്ന മെട്രോ റെയിലില്‍ കസപോര്‍ട്ടിലേക്ക്. അറ്റ്ലാന്‍്റിക്ക് സമുദ്രം കാണാന്‍ വളരെ നാളായുള്ള ആഗ്രഹമാണ്. അത് സഫലീകരിക്കാന്‍ പോകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖമാണ് കസബ്ളാങ്കയിലെ കസപോര്‍ട്ട്. ഏകദേശം ഒരു മണിക്കുറിന് ശേഷം കസപോര്‍ട്ട് സ്റ്റേഷന്‍ എത്തി. റെയില്‍വേ സ്റ്റേഷന് സമീപം റോഡരികില്‍ നിന്നും ഓറഞ്ച് ജ്യൂസ് വാങ്ങി കുടിച്ചപ്പോള്‍ ക്ഷീണമെല്ലാം പമ്പ കടന്നു. മൊറോക്കൊയിലെ ഓറഞ്ച് ജ്യൂസ് പേരു കേട്ടതാണ്. കസപോര്‍ട്ടില്‍ ധാരാളം സുവനീര്‍ ഷോപ്പുകള്‍ ഉണ്ട്. സാധനങ്ങളുടെ വില ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ‘കത്തി’യാണെന്ന് തോന്നും. ഒരു കാര്യം ഉറപ്പാണ്, വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ അവിടുത്തെ സാധനങ്ങളുടെ വില നാം ഇന്ത്യന്‍ രൂപയില്‍ കണക്കാക്കരുത്. അങ്ങിനെ ചെയ്താല്‍, മിക്കവാറും പട്ടിണി കിടക്കേണ്ടി വരും. തീര്‍ച്ച!. കച്ചവടക്കാരുമായി വിലപേശല്‍ നടത്തിയ ഞങ്ങള്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു രക്ഷപ്പെട്ടു. റോഡിന്‍്റെ നടുവിലായി വലിയ ഈത്തപ്പനകള്‍ വെട്ടിനിര്‍ത്തിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന ഈത്തപ്പനകളില്‍ നിന്നും വ്യത്യസ്തമാര്‍ന്ന ഉയരം കൂടിയ കരിമ്പനകള്‍.
നഗരത്തിലെ കാഴ്ചകള്‍ കണ്ടശേഷം നേരെ പോയത് പ്രസിദ്ധമായ ഐന്‍ദിയാബ് ബീച്ചിലേക്ക്. പോകും വഴിയില്‍ ലോക പ്രസിദ്ധമായ ഗ്രാന്‍്റ് മോസ്ക് കക സന്ദര്‍ശിച്ചു. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണത്. അവിടുത്ത മിനാരം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയതും. മൊറോക്കോയിലെ പള്ളികളുടെയും മറ്റു സ്മാരകങ്ങളുടെയും മിനാരങ്ങള്‍ക്ക് ഒരു പ്രത്യേകത ഞാന്‍ കണ്ടു. സാധാരണ കാണുന്ന വട്ടത്തിലുള്ള മിനാരങ്ങള്‍ക്ക് പകരം നാല് വശങ്ങളുള്ള മിനാരങ്ങളാണിവിടെ. ഗ്രാന്‍്റ് മോസ്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പള്ളിയുടെ നല്ളൊരു ഭാഗവും അറ്റ്ലാന്‍്റിക്ക് സമുദ്രത്തിന് മുകളിലാണ്. താഴെ തിരമാലകള്‍ അലയടിക്കുമ്പോള്‍ മുകളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷം. അറ്റ്ലാന്‍്റിക്കിന്‍്റെ തിരമാലകള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവേശമായി. മുംബൈ ജുഹു ബീച്ച് പോലെ വളരെ ദൂരം നടന്നു പോകാവുന്ന തരത്തില്‍ ആഴം കുറഞ്ഞ ബീച്ച്. പക്ഷെ തിരമാലകള്‍ക്ക് ശക്തി കൂടുതലാണ്. പാറക്കൂട്ടങ്ങളും ഗര്‍ത്തങ്ങളും ഉള്ളതിനാല്‍ ലൈഫ് ഗാര്‍ഡുകള്‍ ജാഗരൂകരാണ്. അറ്റാലാന്‍്റിക്കില്‍ ഒരു കുളിയും കഴിഞ്ഞ് തൊട്ടടുത്ത ഹോട്ടലില്‍ നിന്നും ഫ്രഞ്ച് ഭക്ഷണവും കഴിച്ചു. സാലഡുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. എരിവ് വളരെ കുറവ്. ഒരു കാര്യം മനസ്സിലായി. എരിവ് സഹിച്ച് ഭക്ഷണം കഴിക്കുന്നത് നാം ഇന്ത്യക്കാരാണ്, പ്രത്യേകിച്ച് മലയാളികള്‍. അതിനാല്‍ ദഹനപ്രശ്നങ്ങള്‍ കൂടുതലും നമുക്കു തന്നെ. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഞങ്ങള്‍ മുംബൈ ബീച്ചിനെപ്പറ്റി സംസാരം തുടങ്ങി. ‘മുംബൈ’ എന്നതു കേട്ടപാടെ തൊട്ടടുത്ത ടേബിളിലിരുന്ന മൊറോക്കന്‍ യുവതികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് അത്ഭുതത്തോടെ ഒരു ചോദ്യം, “ഷാറൂഖ് ഖാനെ അറിയുമോ? അദ്ദേഹത്തെ കാണാറുണ്ടോ?” തുടങ്ങി നിരവധി ചോദ്യങ്ങള്‍.പിന്നീട് യാത്രയിലുടനീളം പലരും ചോദിച്ചത് ഷാരൂഖ് ഖാനെ കുറിച്ചാണ്. ചോദ്യം കേട്ട് ഷാറൂഖിനെ നേരിട്ടറിയാവുന്ന ഫാറൂഖ് മാസ്റ്റര്‍ വാചാലനായി.
വൈകുന്നേരമായപ്പോള്‍ ഐന്‍ദിയാബില്‍ നിന്നും തിരികെ കസബ്ളാങ്ക എയര്‍പോര്‍ട്ടിലേക്ക്. കസബ്ളാങ്കയിലത്തെി രാത്രി 8 മണിയായിട്ടും സൂര്യന്‍ അസ്തമിച്ചില്ല. കാരണം ആ സമയത്ത് മൊറോക്കോയില്‍ അസ്തമയം രാത്രി 8 മണിക്കായിരുന്നു. അവിടെനിന്നും രാത്രി തന്നെ ഒൗര്‍സാസേഠ് എന്ന സ്ഥലത്തേക്ക് പറന്നു. അര്‍ദ്ധരാത്രി വിമാനം ഒൗര്‍സാസേഠില്‍ ഇറങ്ങി. തികച്ചും വിജനമായ എയര്‍പോര്‍ട്ട്. മണ്ണു കുഴച്ചുണ്ടാക്കിയത് പോലുള്ള ബില്‍ഡിംഗ്. പരിശോധനയും കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങളെയും കാത്ത് സെമിനാര്‍ പ്ളക്കാര്‍ഡുമായി ഏതാനും ക്യാബുകള്‍. അവര്‍ ഞങ്ങളെയും കൊണ്ട് സ്കൂറയിലെ ഹോട്ടലിലേക്ക് കുതിച്ചു. ഇരുവശവും കുന്നും മലകളും നിറഞ്ഞ വിജനമായ റോഡ്. നിശബ്ദതയും കൂരിരുട്ടും ഞങ്ങളെ ഭയപ്പെടുത്തി. മനുഷ്യവാസമില്ലാത്തിടത്ത് എന്തിനാണിവര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഞങ്ങള്‍ സംശയിച്ചു. ഇത് ഒരു ആഫ്രിക്കന്‍ തട്ടിപ്പു തന്നെയാണോ എന്ന് ബിദാനി എന്നോടു ചോദിച്ചു. അല്ല എന്ന് ഞാന്‍ പറഞ്ഞെങ്കിലും അങ്ങിനെ തന്നെയായിരിക്കുമോ എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു!
ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാഹനം മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഖട്ടറുകള്‍ നിറഞ്ഞ ഒരു റോഡിലൂടെ സഞ്ചരിച്ചു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡ്. റോഡ് എന്ന് തന്നെ പറയാന്‍ വയ്യ. ഡ്രൈവറോട് എത്താറായോ എന്ന് ഇംഗ്ളീഷില്‍ ചോദിച്ചു. അപ്പോള്‍ ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞു. അധികം വൈകാതെ അങ്ങകലെയായി ഒരു വെളിച്ചം കണ്ടു. ഈശ്വരാ ജനവാസമുണ്ട്! വാഹനം ഒരു കോട്ടയുടെ മുന്നില്‍ വന്നു നിന്നു. ഞങ്ങള്‍ എത്തിയപാടെ ‘ഖുല്‍ജാ സിംസെം’ എന്ന പോലെ കോട്ടവാതില്‍ തുറന്നു. ഉയരം കൂടിയ, കണ്ടാല്‍ ഒരു ബാസ്ക്കറ്റ്ബോള്‍ കളിക്കാരന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ അകത്ത് നിന്നും വന്ന് ഞങ്ങളെ സ്വാഗതം ചെയ്തു. ഭാഗ്യം, ഇംഗ്ളീഷ് അറിയാം, ഫ്രഞ്ച് ചുവയുള്ള ഇംഗ്ളീഷ്. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് കൊണ്ടുവന്ന ബാഗുകള്‍ നിഷ്പ്രയാസം എടുത്ത് കൊണ്ട് അദ്ദേഹം ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി.
എസ്പേസ് കസ്ബ അമറിഡില്‍ എന്ന 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു കസ്ബയാണ് ഹെറിറ്റേജ് ഹോട്ടലായി മാറ്റിയിരിക്കുന്നത്. വളരെ ഭംഗിയുള്ള നിര്‍മ്മിതിയാണ് ഹോട്ടല്‍. ചുമരുകളും മറ്റും മണ്ണുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ്. സ്കൂറയിലുള്ള ബില്‍ഡിങ്ങുകളെല്ലാം അത്തരത്തിലാണ്. നേരം പുലര്‍ന്ന ശേഷം ഒന്ന് നടക്കാനിറങ്ങിയപ്പോഴാണ് സംഗതി പിടികിട്ടിയത്. ഈത്തപനകളും ഒലിവ് മരങ്ങളും മറ്റും നിറഞ്ഞ ഒരു മരുപ്പച്ചയിലാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. ഞങ്ങള്‍ തലേദിവസം കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചു എന്ന് പറഞ്ഞുവല്ളോ, അത് റോഡ് ആയിരുന്നില്ല. കല്ലുകളും പാറക്കഷണങ്ങളും നിറഞ്ഞ ഒരു ‘ഭാരതപ്പുഴ’. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ആ പുഴയില്‍ വെള്ളം വരാറുള്ളൂ. അതുവരെ പുഴ റോഡ് ആയി മാറും.
രാവിലെ തന്നെ ഞങ്ങള്‍ക്കുള്ള മൊറോക്കന്‍ പ്രാതല്‍ തയ്യാറായി. വിവിധതരം റൊട്ടികള്‍, വെണ്ണ, തേന്‍,ഓറഞ്ച് ജ്യൂസ്, സാലഡുകള്‍ തുടങ്ങിയവ. പരമ്പരാഗതമായി ഉപയോഗിക്കുന്ന പാത്രത്തില്‍ സുലൈമാനിയും. തേനുകള്‍ വിവിധതരത്തിലുള്ളവയുണ്ട്. വിവിധ മരങ്ങളില്‍ ഉള്ള കൂടുകളില്‍ നിന്നും ശേഖരിക്കുന്ന തേനുകള്‍, ഓരോന്നും വ്യത്യസ്തം. മൊറോക്കൊയിലെ പ്രത്യേക വിഭവമായ തജിന്‍ സാധാരണ ഉച്ചഭക്ഷണ സമയത്തോ അത്താഴത്തിനോ ആണ് ഉപയോഗിക്കാറ്. പരന്ന ഒരു മണ്‍പാത്രത്തില്‍ ചേരുവകള്‍ വച്ച് മറ്റൊരു മണ്‍പാത്രം അതിനുമുകളില്‍ കമഴിത്തിവച്ചാണ് തജിന്‍ ഉണ്ടാക്കുന്നത്. രാത്രി തജിന്‍ ഉണ്ടായിരിക്കും എന്ന് വെയ്റ്റര്‍ ഞങ്ങളെ അറിയിച്ചു.
രാവിലെ തന്നെ സെമിനാര്‍ ഓര്‍ഗനൈസര്‍മാരായ ക്യാത്തി മേയറും കൂട്ടരും ഞങ്ങളെ കാണുന്നതിനായി വന്നു. ഒരു ഗ്രാമപ്രദേശത്ത് സെമിനാര്‍ സംഘടിപ്പിച്ചതിന്‍്റെ ഉദ്ദേശത്തെക്കുറിച്ച് അവര്‍ ഞങ്ങളോട് വിവരിച്ചു. മൊറോക്കൊ ഫ്രഞ്ച് ആഭിമുഖ്യത്തില്‍ സ്കൂറയിലെ ഈത്തപ്പനത്തോട്ടങ്ങളിലും തേനീച്ച വളര്‍ത്തു കേന്ദ്രങ്ങളിലും ഹോമിയോപ്പതി ഒൗഷധങ്ങള്‍ ഉപയോഗിച്ചത് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു. അത് ലോക ജനതയെ അറിയിക്കുകയായിരുന്നു സെമിനാറിന്‍്റെ പ്രധാന ലക്ഷ്യം. അതിനായി ഫാം ടൂറുകളും സംഘടിപ്പിച്ചിട്ടുണ്ട്. അതിന്‍്റെ ഭാഗമായി മന്‍സൂര്‍ എന്ന ടൂര്‍ ഗൈഡിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. സ്കൂറയിലെ മരുപ്പച്ചയായ പാം ഗ്രൂവിലേക്കാണ് സൈക്കിള്‍ടൂര്‍. എന്‍്റെ കൂടെ ഫ്രാന്‍സിലെ പ്രസിദ്ധനായ ഡോക്ടര്‍ പോള്‍ ഓര്‍സിയും. ഞങ്ങള്‍ മൂന്നുപേരും ഓരോ സൈക്കിളില്‍ യാത്ര തുടര്‍ന്നു. മന്‍സൂര്‍ ആദ്യം ഇംഗ്ളീഷിലും പിന്നെ ഫ്രഞ്ചിലും വിവരണം നല്‍കിത്തുടങ്ങി. മരുപ്പച്ച അഥവാ ഒയാസിസ് എന്ന ഭൂപ്രകൃതിയെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത്. പാം ഗ്രൂവിലേക്ക് പ്രവേശിച്ചതും നിരവധി ഈത്തപ്പനകളും ഒലിവ് മരങ്ങളും പച്ചക്കറി തോട്ടങ്ങളും കാണുവാന്‍ കഴിഞ്ഞു. അങ്ങകലെയായി വരണ്ടുണങ്ങിയ മലകള്‍ കാണാം. ആ മലകള്‍ക്കിടയിലാണ് മരുപ്പച്ചകള്‍ രൂപപ്പെട്ടിരിക്കുന്നത്. നല്ല ഈര്‍പ്പമുള്ള മണ്ണ്. റോഡിനിരുവശമായി നിരവധി അത്തിപ്പഴം, മാതളം തുടങ്ങി പേരറിയാത്ത വിവിധതരം പഴങ്ങള്‍ ഉണ്ടായിക്കിടക്കുന്നു. മരുപ്പച്ചയിലെ നീരുറവകളും പരമ്പരാഗത ജലസേചന സംവിധാനവും മന്‍സൂര്‍ ഞങ്ങള്‍ക്ക് വിവരിച്ചു. ഓരോ തോട്ടങ്ങള്‍ക്കിടയിലും നിരവധി കസ്ബകള്‍ കണ്ടു. നിരവധി കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന കളിമണ്ണ് കൊണ്ടുണ്ടാക്കിയ കോട്ടകളാണ് കസ്ബകള്‍. അകത്ത് കയറിയാല്‍ എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന പോലെ തോന്നും. ഈ കാഴ്ചകളെല്ലാം കണ്ടു കൊണ്ടുള്ള സൈക്കിള്‍ യാത്ര രസകരമാണ്. കൂടെ ഗൈഡ് വേണം എന്നത് നിര്‍ബന്ധം, കാരണം തിരിച്ചു വരാനുള്ള വഴി കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. സൈക്കിള്‍ ടൂറിന്‍്റെ പ്രാധാന്യം ഈ യാത്രയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട്ടില്‍ ഇത് പ്രയോജനപ്പെടുത്തേണ്ടതായുണ്ട്.
യാത്രയില്‍ സൈക്കിളില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. തോട്ടങ്ങള്‍ക്ക് സമീപം വഴിയരികില്‍ കണ്ട ഒരു വീട്ടില്‍ അല്പം വെള്ളം ചോദിച്ചു. ഞങ്ങളെ ഇരുവരെയും പരിചയപ്പെട്ട ഗൃഹനാഥന്‍ അകത്തേക്ക് പോയി ഏതാനും മിനിറ്റ് കഴിഞ്ഞ് തിരികെ വന്നു. ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറിയതും ഞെട്ടിപ്പോയി. അകത്ത് പരവതാനിയില്‍ വെള്ളവും വിവിധ മൊറോക്കന്‍ വിഭവങ്ങളും നിരത്തി വച്ചിരിക്കുന്നു. അദ്ദേഹത്തിന്‍്റെ പിന്നിലായി സഹധര്‍മ്മിണി സുലൈമാനിയുമായി. അപരിചിതരോട് പോലും കാണിക്കുന്ന ആദിത്യ മര്യാദ അവരുടെ പാരമ്പര്യം വിളിച്ചോതുന്നു. മരുപ്പച്ചയിലൂടെ മൂന്ന് മണിക്കൂര്‍ സൈക്കിള്‍ സവാരി കഴിഞ്ഞപ്പോഴേക്കും ഒരടിപോലും മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥ. പക്ഷെ, കൂടെയുള്ള ഫ്രഞ്ചുകാരന് ക്ഷീണം ലവലേശമില്ല. ഒളിംമ്പിക്സില്‍ ഫ്രാന്‍സിനെയപേക്ഷിച്ച് നമുക്കൊന്നും കിട്ടാത്തതിന്‍്റെ കാരണം അന്നാണെനിക്ക് മനസ്സിലായത്. വിശ്രമത്തിന് ശേഷം ഇടവഴികളിലൂടെ സഞ്ചരിച്ച് ഹോട്ടലില്‍ തിരിച്ചത്തെി.
പിറ്റെ ദിവസമാണ് സെമിനാര്‍ തുടങ്ങുന്നത്. എന്‍്റെ സെഷന്‍ മൂന്നാം ദിവസമാണ്. അതിനിടയില്‍ വിവിധ ചര്‍ച്ചകളും വിഷയാവതരണവും. വിവിധ ഭാഷകളില്‍ വിവര്‍ത്തകരുള്ളതിനാല്‍ ആശയവിനിമയം പ്രശ്നമല്ല. ഓരോ ദിവസവും അഞ്ച് മണിക്ക് സെമിനാര്‍ കഴിയും. അത് കഴിഞ്ഞാല്‍ വിവിധ സ്ഥലങ്ങള്‍ കാണുവാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കി തന്നു. ഒന്നാം ദിവസം ഒൗര്‍സാസേഠ് എന്ന സ്ഥലത്തേക്കാണ് എല്ലാവരും പോയത്. മരുഭൂമിയുടെ വാതില്‍ എന്നാണ് ഒൗര്‍സാസേഠ് അറിയപ്പെടുന്നത്. മരുഭൂമികളാലും ചുവന്ന നിറമുള്ള പര്‍വ്വതങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ് അത്. നിരവധി ഹിറ്റ് ഇംഗ്ളീഷ് സിനിമകള്‍ ഷൂട്ട് ചെയ്തത് ഒൗര്‍സാസേഠിലാണ്. രണ്ടാം ദിവസം മാരക്കേഷ് കാണുവാന്‍ യാത്രയായി. ദൂരം അല്പം ഉള്ളതിനാല്‍ എല്ലാവരും അല്പം നേരത്തെ ഇറങ്ങി. മൊറോക്കൊയിലെ നാലാമത്തെ വലിയ പട്ടണമാണ് മാരക്കേഷ്. അവിടേക്ക് റോഡ് മാര്‍ഗ്ഗമുള്ള യാത്ര രസകരമാണ്, അല്പം ദുര്‍ഘടവും. ചുവന്ന കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ധാരാളമുള്ളതിനാല്‍ ൃലറ രശ്യേ എന്നും മാരക്കേഷ് അറിയപ്പെടും. നമ്മുടെ പിങ്ക് സിറ്റിയായ ജയ്പൂരില്‍ പോയ പ്രതീതി തോന്നി അവിടെ ചെന്നപ്പോള്‍. മൊറോക്കൊയുടെ തലസ്ഥാനമായ റാബത്ത് കാണുവാന്‍ സമയം കിട്ടിയില്ല. ഏതെങ്കിലും സ്ഥലം ബാക്കി വെക്കുന്നത് പിന്നീടുള്ള യാത്രകള്‍ക്ക് ആവേശം കൂട്ടുമല്ളോ!
അവസാന ദിവസം സെമിനാര്‍ കഴിഞ്ഞ് രാത്രി തുറസ്സായ സ്ഥലത്ത് വിടവാങ്ങല്‍ ചടങ്ങ് നടന്നു. വിവിധ തരം വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാപരിപാടികള്‍, പ്രാദേശിക നൃത്തങ്ങള്‍ തുടങ്ങിയവ. പരമ്പരാഗത രീതിയിലുള്ള ഭക്ഷണവും. അധികം വൈകാതെ ലഗ്ഗേജ് പായ്ക്ക് ചെയ്യുന്നതിനായി തിരിച്ച് റൂമിലേക്ക്. രാവിലെ അഞ്ച് മണിക്ക് തയ്യാറാകണം. നിരവധി ജോലികള്‍ ചെയ്യേണ്ടതുണ്ട്. നാട്ടിലത്തെി പിറ്റെ ദിവസം തന്നെ ഡ്യൂട്ടിക്ക് ഹാജറാകണം. എങ്കിലും മൊറോക്കൊയോട് വിടപറയുമ്പോള്‍ ഉള്ളില്‍ അല്പം കുറ്റബോധം തോന്നി! വളരെ നിഷ്കളങ്കരായ മനുഷ്യര്‍.യാത്രക്ക് മുമ്പ് ഭയപ്പെട്ട പോലെ യാതൊരു പ്രശ്നങ്ങളും ഞങ്ങള്‍ക്കുണ്ടായില്ല. ഒരു മദ്യപാനിയേയും റോഡില്‍ കണ്ടില്ല; ഒരു പിടിച്ചു പറിക്കാരനേയും. അങ്ങിനെ ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തുകൂടിയവര്‍ കസബ്ളാങ്ക എയര്‍പോര്‍ട്ടില്‍ നിന്നും അതാതു രാജ്യങ്ങള്‍ ലക്ഷ്യമാക്കി പറന്നു. പിരിയും മുമ്പ് ഓരോരുത്തരും പരസ്പരം പറഞ്ഞു വീണ്ടും കാണാം എന്ന പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ പ്രാര്‍ഥന പോലെ ഉരുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.