കേൾക്കാത്ത കഥകളും കാണാത്ത കാഴ്ചകളും തേടി ആനവണ്ടിയിലൊരു ഗവി യാത്ര
text_fieldsആന വണ്ടിയിലൂടെ ആനകളെ കാണാൻ ഗവിയിലേക്ക് - അതായിരുന്നു യാേത്രാദ്ദേശ്യം. സാധാരണക്കാർ കൂടുതലുള്ള കേരളത്തിൽ സഞ്ചാരങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്നതും നമ്മുടെ ആനവണ്ടിയെ തന്നെയാണ്. ഏത് യാത്രയും പരിപൂർണമാകണമെങ്കിൽ സാരഥി ആയി ആനവണ്ടിതന്നെ വേണം.
കയറ്റങ്ങളും ഇറക്കങ്ങളും കുലുക്കങ്ങളും അങ്ങേയറ്റം ആസ്വദിക്കാനും വഴിമാറിക്കിടക്കുന്ന ശിലകളെ വഴിയോരത്തേക്ക് ചിതറിത്തെറിപ്പിച്ച് ജനൽക്കമ്പികൾക്കുള്ളിലൂടെ പ്രദർശനമേളയൊരുക്കി മുന്നേറുന്നു. ഇരുണ്ട ആഫ്രിക്കയിൽനിന്ന് കടൽ താണ്ടി 1950 മാർച്ചിൽ ധവളമായ യൂറോപ്പിെൻറ മണ്ണിലെത്തി, താൻ കോഴിക്കോെട്ട പുതിയറയിൽനിന്ന് വരുന്നു എന്നു പറഞ്ഞപ്പോൾ ''you are the prince of puthiyara'' എന്ന ജമൈക്കക്കാരി റീമയിലൂടെ 'യാത്ര നമ്മുടെ നാട്ടിൽ സമ്പന്നർക്ക് മാത്രമല്ല സാധാരണക്കാരനുകൂടി അവകാശപ്പെട്ടതാണെ'ന്ന് എസ്.കെ. പൊെറ്റക്കാട്ട് തുറന്നുകാട്ടി. അത്തരത്തിൽ സാധാരണക്കാരുടെ സ്വന്തം വണ്ടിയാണ് ആനവണ്ടി.
പത്തുവർഷം മുേമ്പ ഒരു പെസഹ വ്യാഴം. സമയം രാവിലെ 4.30. നിൽക്കുന്നത് പത്തനംതിട്ടയിലെ വടശേരിക്കര എന്ന സ്ഥലത്ത്. സ്ഥിരമായി മൂന്നാറും, ഉൗട്ടിയും, കൊടൈക്കനാലും പോയി മടുത്ത ഞങ്ങൾക്ക് ഒരു പുതിയ സ്ഥലം - അതാണ് ലക്ഷ്യം. അങ്ങനെ കേട്ടറിവോ കണ്ടറിവോ മാപ്പ് അറിവോ (ഗൂഗ്ൾ) ഇല്ലാത്ത ഗവി എന്ന സ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നു. വഴിയുടെ സംശയം തീർക്കാൻ നിർത്തിയതാണ് ഇവിടെ. അവിടെ പത്രക്കെട്ടുകൾ അടുക്കുകയായിരുന്ന ഒരു പുള്ളിക്കാരനോട് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ ഒരു സ്ഥലമേ കേട്ടിട്ടില്ല.
രണ്ടാമത് ഒരാേളാട് ചോദിച്ചതുതന്നെ തെറ്റായിപ്പോയി എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. കാരണം, ''നീയൊക്കെ വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്, തിരിച്ച് ചെല്ലത്തില്ലെന്ന്'' എന്നായിരുന്നു മറുപടി. ഇൗ സമയം അവിടെ ഉണ്ടായിരുന്ന ടാക്സി ഡ്രൈവറോട് അന്വേഷിച്ചപ്പോൾ പുള്ളിക്കാരൻ ബാക്കിയുള്ള ഡ്രൈവർമാരെ കൂടി വിളിച്ചുവരുത്തി.
എന്ത് നല്ല മനുഷ്യൻ, ഞങ്ങളെ സഹായിക്കാനായി എല്ലാവരെയും വിളിച്ചുവരുന്നു എന്ന തോന്നൽ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. അന്നാണ് ആദ്യമായി 7.1 ഡിജിറ്റൽ സറൗണ്ട് സിസ്റ്റം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത്. ഒാരോ വശത്തുനിന്നും ഒാരോരുത്തർ അങ്ങ് തുടങ്ങി. ''എവിടെയ്ക്ക് ഗവിക്കൊ?'' ''അതേ... ഗവിയിൽ പോയവരാരും ഇന്നുവരെ തിരിച്ചുവന്നിട്ടില്ല''. ''കഴിഞ്ഞ ആഴ്ച പോയ ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു''. ''രണ്ടു ദിവസം മുന്നേ പോയ രണ്ടുപേരെ ആന ചവിട്ടിക്കൊന്നു''. ''ഒരു മാസം മുന്നേ പോയ അഞ്ചുപേരെ പിന്നെ ആരും കണ്ടിട്ടില്ല.'' അങ്ങനെ ആകെ പേടിപ്പിക്കുന്ന കഥകൾ.
അവിടമാകെ ഒരു ഭീതിജനകമായ അന്തരീക്ഷമായി മാറി. എല്ലാവരിലും ഭയത്തിെൻറ വേരുകൾ പടർന്നുകയറി. എങ്കിലും വെച്ച കാൽ പിന്നോട്ട് എടുക്കുന്ന സ്വഭാവം എനിക്കില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ അവർ പുറത്തു കാണിക്കുന്നില്ല. എന്തായാലും അവസാനമായി തൊട്ടടുത്ത ഒാേട്ടാ സ്റ്റാൻഡിലെ ഒരു ഒാേട്ടാക്കാരനോട് അന്വേഷിച്ചു.
വർഷങ്ങൾ പഴക്കമുള്ള ആ ഒാർമകളിൽനിന്ന് കണ്ടക്ടർ ജോണിച്ചേട്ടൻ എന്നെ തട്ടി ഉണർത്തി. ''സർ, ഇതാണ് അവസാന കവല. ഇനി അങ്ങോട്ട് നിബിഡ വനമാണ്. ആഹാരം കഴിക്കാനാണ് വണ്ടി നിർത്തിയത്. അത്യാവശ്യ സാധനങ്ങൾ എന്തെങ്കിലും വേണമെങ്കിൽ ഇവിടെനിന്ന് വാങ്ങിക്കോളൂ''... ഇന്ന് ആ പഴയ പേടിപ്പിക്കുന്ന ഗവി അല്ല പുത്തൻ ഉടുപ്പ് അണിഞ്ഞുനിൽക്കുന്ന ഗവിയിൽ സഞ്ചാരികളുടെ പ്രളയം ആണെന്ന് പറയാം. ത്രില്ലടിപ്പിക്കുന്ന ഒരു കാട് യാത്ര ആണെങ്കിൽ ഇൗ ആനവണ്ടിയിൽ വരാം.
അല്ലാതെ നഗരത്തിെൻറ തിരക്കുകളിൽനിന്ന് ഒഴിഞ്ഞു സമാധാനമായി രണ്ടു ദിവസം മണ്ണിനോടും മരങ്ങേളാടും കഥ പറഞ്ഞും കാടിെൻറ കാലൊച്ചകൾ കാതോർത്തും സായാഹ്നത്തിൽ മഞ്ഞ് മൂടുന്ന തടാകക്കരയിൽ കിന്നാരം പറഞ്ഞും രാവിലെ പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലനിരകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളിമേഘങ്ങളെ കണികാണാനും ആണെങ്കിൽ ഗവിയിൽ ഒരു ദിവസം താമസിക്കണം. ആർത്തുല്ലസിക്കാനും ഒരു അടിച്ചുപൊളിക്കും ഗവിയിൽ സ്ഥാനം ഇല്ല.
ഭക്ഷണത്തിനുശേഷം വണ്ടി പതുക്കെ നഗരയാമങ്ങളെ താരാട്ടുപാടി ഉറക്കി കാടിെൻറ വിജനതയിലും പ്രകൃതിയുടെ പുൽപ്പരപ്പിലും തണുപ്പുതേടി യാത്ര തുടർന്നിരിക്കുന്നു. നാലു ഡാം റിസർവോയറുകളാണ് പ്രധാനമായും ഗവിയിലേക്കുള്ള യാത്രയിൽ കാണാൻ കഴിയുന്നത്. മൂളിയാർ ഡാം, ആനത്തോട് ഡാം, കക്കി ഡാം, പമ്പ ഡാം. വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ ഒരേ സമയം ഒരു വണ്ടിക്കു മാത്രമേ സഞ്ചരിക്കാനാകൂ.
വഴിയിൽ പലയിടങ്ങളിലായി കാട്ടാനകൾ വലിച്ചെറിഞ്ഞ ഇൗറ്റയുടെ അവശിഷ്ടങ്ങളും വഴിയരികിൽ പറ്റിച്ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും യാത്രയിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ അതിരാവിലെയുള്ള ബസ് യാത്ര ആയതിനാൽ ആനകൾ റോഡിൽ കാണാനുള്ള സാധ്യത കൂടുതലാണെന്നുള്ള കണ്ടക്ടറുടെ ഒാർമപ്പെടുത്തലും. കേവലം ഒരു ബസ് കഷ്ടിച്ച് കടന്നുപോകുന്ന ഇൗ കാനന പാതയിൽ കൊമ്പനെ കണ്ടാൽ എല്ലാം തീർന്നതുതന്നെ എന്ന ഭയപ്പാടിൽ ഇരിക്കുേമ്പാഴാണ് പെെട്ടന്ന് ആ ഒറ്റയാെൻറ എളുന്നള്ളത്.
സ്ഥിരമായി ആനശല്യമുള്ള വഴിയാണ്. കാട്ടിൽ കയറിയാൽ പിന്നെ പുറത്തിറങ്ങുന്നതുവരെ മൊബൈൽ ഫോണിന് സിഗ്നലും ലഭിക്കില്ല. അതിനാൽ, ഗാരേജുമായി ബന്ധപ്പെടാൻ വർഷങ്ങളായി സംവിധാനങ്ങളില്ല. എത്തിച്ചേരേണ്ട സമയം കഴിഞ്ഞു രണ്ടു മണിക്കൂർ കഴിഞ്ഞും എത്തിച്ചേർന്നില്ലെങ്കിൽ ഗാരേജിൽ ഉള്ളവർ മനസ്സിലാക്കുന്നു, വണ്ടി വഴിയിൽ കുടുങ്ങിയിട്ടുണ്ടെന്ന്. അതിനുശേഷമാണ് അവർ വണ്ടിയുമെടുത്ത് കാടു കയറുന്നത്. അന്ന് സമയം അഞ്ചുമണി. ബസ് അവിടെ എത്തേണ്ടത് ഏഴുമണിക്ക്, എട്ടു മണിവരെ അവർ നോക്കുമായിരിക്കും.
ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത രീതിയിൽ അടുത്ത ദിവസവും ആ കുരുന്നുകൾക്കായി ബസ് കയറുന്ന ഇവരെ കണ്ടാൽ ഒരു സീറ്റ് കൊടുക്കാൻ ആരും മറക്കേണ്ട. ഒപ്പം ഇവരെ എന്നും പൊന്നുപോലെ കാത്തുസൂക്ഷിച്ച് കാട്ടിലൂടെ കൊണ്ടുവരുന്ന കണ്ടക്ടർമാർക്കും ഡ്രൈവർക്കും ഒരു ബിഗ് സല്യൂട്ടും. കഥകൾ ഒക്കെ കേട്ട് വണ്ടി വശ്യസുന്ദരമായ കക്കി ഡാമിനടുത്ത് എത്തിയിരിക്കുന്നു.
സഞ്ചാരികളെ അവിടെ ഇറക്കി ആ മനോഹര കാഴ്ചകൾ കാണിച്ചശേഷമാണ് വണ്ടി പുറപ്പെടുന്നത്. കക്കി ഡാം കഴിഞ്ഞാൽ പിന്നെ വണ്ടി നിർത്തുക എക്കോ പാറയിലാണ്. കക്കി ഡാം പണിയാൻ വേണ്ടി പാറപൊട്ടിച്ച സ്ഥലമാണ് ഇവിടം. ഉറക്കെ കൂവിയാൽ ശബ്ദം പ്രതിധ്വനിക്കുന്നതു കാരണമാണ് ആ പേര് ലഭിച്ചത്. വഴിയോര കാഴ്ചകൾ ആസ്വദിച്ച് വീണ്ടും മുന്നോട്ടുപോയപ്പോഴാണ് മലമുകളിലെ സഹ്യെൻറ പുത്രൻ എല്ലാവർക്കും ദർശനം നൽകിയത്.
പ്രധാനമായും രണ്ടു വഴികൾ മാത്രമാണ് ഗവിയിലേക്കുള്ളത്.
1. പത്തനംതിട്ട ആങ്ങമുഴി സീതത്തോട് കക്കി വഴി.
2. വണ്ടിപ്പെരിയാർ വള്ളക്കടവ് വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.