സംഗീതവും ഭക്ഷണവും ഇടകലരുന്ന യാത്ര; ഗോവൻ അനുഭവം പകർന്നേകി മാണ്ഡോവി നദിയിലെ ക്രൂയിസ് ബോട്ടുകൾ
text_fieldsകർമലിയിൽ ട്രെയിനിറങ്ങിയപ്പോൾ പുലർച്ചെ ആറുമണിയായെങ്കിലും നേരം വെളുത്തിട്ടില്ല. ഗോവയുടെ ആസ്ഥാനമായ പനാജിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള വളരെ ചെറിയ സ്റ്റേഷനാണ് കർമലി. ഇരുട്ടിലും നേർത്ത തണുപ്പിലും സുഖമായുറങ്ങുകയാണ് സ്റ്റേഷൻ.
വലിയ ട്രോളി വലിച്ച് പതുക്കെ നടന്ന് പ്രീപെയ്ഡ് ടാക്സി കൗണ്ടറിലെത്തി. പെട്ടിപ്പീടിക പൊലൊരു കൗണ്ടർ. രണ്ടുമൂന്ന് പേരെ കണ്ടതുകൊണ്ടാകാം അവിടെയുള്ളയാൾ ഉറക്കം വിട്ടുണർന്ന് എവിടെ പോകണമെന്ന് ചോദിച്ചു. പനാജിയിലേക്ക് 470 രൂപ. ബാഗിന് പത്തുരൂപ കൂടി വേണം. അങ്ങനെ 480 രൂപ. ആദ്യമായാണ് കർമലിയിലെത്തുന്നത്. തനിയെയാണ്, ഭാഷയുമറിയില്ല. തർക്കിക്കാൻ നിന്നില്ല. എല്ലാം സമ്മതിച്ചു.
ഗോവയുടെ തലസ്ഥാനമാണെങ്കിലും പനാജിയിലേക്ക് ട്രെയിനിൽ പോകാൻ കഴിയില്ല. മഡ്ഗോവയിലിറങ്ങണം. അല്ലെങ്കിൽ കർമലിയിൽ. നേത്രാവതി എക്സ്പ്രസ് കർമലിയെത്തുന്നതുകൊണ്ട് കുറച്ചു ദൂരം കൂടി ലാഭിക്കാം. ഓൾഡ് ഗോവയുടെ പരിസരത്താണ് കർമലി. പഴയ ഗോവയുടെ പ്രൗഢി മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഇടം. ടാക്സിയിൽ പോകുന്ന വഴിക്ക് ബസുകൾ ഉണ്ടോ എന്ന് കൗതുകത്തിന് നോക്കി. ഇല്ല.. ഓൾഡ് ഗോവക്ക് നഗരത്തിന്‍റെ സ്വഭാവമൊന്നുമില്ല. ആറുമണിക്ക് ശേഷവും ഉണരണോ എന്ന മട്ടിൽ മൂടിപ്പുതച്ച് കിടപ്പാണ് നഗരം.
പക്ഷെ ഒരു മൈതാനത്ത് നിരനിരയായി വെച്ചിരിക്കുന്ന കുറേയേറെ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്ന വണ്ടികളും കണ്ട് അമ്പരന്നു. ഒറ്റ മനുഷ്യനെ പോലും കാണാനുമില്ല. ഞാൻ ഡ്രൈവറോട് കാര്യമന്വേഷിച്ചു. പഴയ പള്ളിയിൽ രാവിലത്തെ കുർബാനക്ക് വന്നവരാണ്. പഴയ പള്ളിയും സെമിത്തേരിയും പിന്നിട്ട് കാർ കുതിച്ചു പാഞ്ഞു.
പടിഞ്ഞാറൻ തീരത്തുടനീളം അറേബ്യൻ സമുദ്രത്തിൽ വലയം ചെയ്യപ്പെട്ട ഗോവ സംസ്ഥാനം സുന്ദരമായ ഭൂപ്രകൃതിയിൽ സമ്പന്നമാക്കപ്പെട്ടിരിക്കുന്നു. പ്രധാനമായും ഇവിടെ 35 ബീച്ചുകളാണുള്ളത്. കലൻഗൂട്ട്, അൻജുന, പാലോലം, ബാഗ, മിരാമിർ, കോൾവ, മജോദ എന്നിവയാണ് ഇതിൽ പ്രധാനം. നീണ്ടു കിടക്കുന്ന കടൽത്തീരവും പഞ്ചസാര മണൽത്തരികളും വിദേശികളായ വിനോദസഞ്ചാരികളേയും ഇവിടേക്ക് ആകർഷിക്കുന്നു. എല്ലാ ബീച്ചുകളോടനുബന്ധിച്ചും ഏറെക്കുറെ സമാനമായ വിനോദങ്ങൾ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ജലവിനോദങ്ങൾ, റിസോർട്ടുകൾ, ബോട്ട് സവാരി, രാത്രി മാർക്കറ്റ്, സ്കൂട്ടർ സവാരി, ഡിസ്കോ ക്ളബുകൾ ഇവയെല്ലാം വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. വെള്ളത്തിൽ നനഞ്ഞ് ഏറെ നേരം ചിലവഴിക്കുന്നത് അത്ര ഇഷ്ടമില്ലാത്തതിനാൽ ബീച്ചുകൾ ഞാൻ ആദ്യമേ ഒഴിവാക്കിയിരുന്നു. എന്നാൽ സുഹൃത്തുക്കൾ ബീച്ച് എന്ന് കേൾക്കുമ്പോഴേ ചാടിവീഴും. പിന്നെ മണിക്കൂറുകളോളം നീണ്ട കളിയും കുളിയും. ഞാൻ തനിയെ തീരത്ത്..
പനാജിയിൽ നമ്മെ അദ്ഭുതപ്പെടുത്തുന്ന കാഴ്ച റോഡിൽ നിന്ന് നോക്കിയാൽ കാണാവുന്ന കാസിനോകളാണ്. വലിയ കപ്പലുകളിലാണ് ഇവിടത്തെ കാസിനോ. കരയില്‍ നിന്നും കപ്പല്‍ വരെ ബോട്ടില്‍ കൊണ്ട് പോകും, തിരികെ കൊണ്ട് വരും. പണക്കാർക്ക് വേണ്ടി മാത്രമുള്ള സുഖലോലുപത. ഇവ മാണ്ഡോവി നദിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടക്കാറുണ്ടെങ്കിലും വമ്പൻമാരുടെ സ്വാധീനത്തിന് മുന്നിൽ സമരങ്ങളെല്ലാം നിഷ്പ്രഭമായി പോകുകയാണ് പതിവ്. മാണ്ഡോവി നദിയിലൂടെയുള്ള ബോട്ട് യാത്ര നൽകുന്നത് തികച്ചും ഒരു ഗോവൻ അനുഭവമാണ്. ഗോവ എന്നു കേൾക്കുമ്പോൾ തന്നെ വിദേശരാജ്യങ്ങളിലേതുപോലെയുള്ള ഒരു സ്ഥലം എന്നാണ് ഓർമയിൽ വരിക. ഇത് ആസ്വദിക്കാൻ ഏറ്റവും പറ്റിയ ഇടം സംഗീതവും ഭക്ഷണവും ഇടകലരുന്ന ഈ യാത്ര തന്നെയാണ്.
ഗോവയിലെത്തുമ്പോൾ ഇവിടത്തെ തനതു ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രകൃതി സൗന്ദര്യം കൊണ്ടും ഭൂമിശാസ്ത്രപരമായും കേരളത്തോട് അടുത്ത് നിൽക്കുന്ന ഗോവൻ രുചിക്കൂട്ടിന്‍റെ ഒഴിവാക്കാനാകാത്ത ഇനമാണ് മീൻ വിഭവങ്ങൾ. നമ്മെപ്പോലെത്തന്നെ തേങ്ങ ഉപയോഗിച്ചുള്ള കറികളും ധാരാളം കാണാം. റവയിട്ട പൊരിച്ച മീൻ ഇവിടത്തെ പ്രധാന വിഭവങ്ങളിലൊന്നാണ്. കേരളത്തിൽ നാം ഉപയോഗിച്ച് പരിചയമുള്ള മത്തിയും അയലയും കൂന്തളും കക്കയിറച്ചിയുമെല്ലാം മറ്റൊരു രുചിക്കൂട്ടിൽ ലഭിക്കുന്നത് ഭക്ഷണപ്രിയന്മാരെയെങ്കലും കൊതിപ്പിക്കും.
മൂന്ന് ദിവസത്തിന് ശേഷം തിരിച്ച് സുഹൃത്തുക്കളോടൊപ്പമായിരുന്നു കോഴിക്കോട്ടേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇത്തവണ പനാജിയിൽ നിന്ന് മഡ്ഗാവിലേക്ക് ബസിൽ കയറി. ഗോവൻ ബസ് യാത്ര ആസ്വദിക്കുകയുമാവാം. റെയിൽവെസ്റ്റേഷൻ വരെ ഓട്ടോ. അവിടെ മഡ്ഗാവ് എക്സ്പ്രസ് ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.