ഇടുക്കിയിലെ സ്വര്‍ഗം തേടി...
text_fieldsഒരമ്മ വര്‍ഷംതോറും നാലോ അഞ്ചോ കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നത് ഒരു കൗതുക വാര്‍ത്തയാണ്. അത്തരത്തിലൊരു പ്രതിഭാസത്തിനു ഇടുക്കി വഴിയൊരുക്കുകയാണ് ഇവിടെ. ഓരോ വര്‍ഷവും അവളിലെ മാതൃത്വം കുഞ്ഞുങ്ങളെ സഞ്ചാരികള്‍ക്കായി സമ്മാനിക്കും. ഒരു പ്രസവത്തിലെ കുഞ്ഞുങ്ങളെ എല്ലാം കണ്ടു കൊതിതീരുമ്പോള്‍ വീണ്ടും അടുത്ത പ്രസവം നടന്നേക്കും. എന്തായാലും പുതിയ പ്രസവത്തിലെ കുഞ്ഞുങ്ങളെ കാണാനുള്ള യാത്രയായിരുന്നു ഞങ്ങളുടേത്.
'ഡാഫോഡില്‍സ്' പേരുപോലെത്തന്നെ വ്യത്യസ്തം. സിനിമക്കാരുടെ വാഗമണ്ണിലെ സ്വര്‍ഗം. ഏത് സിനിമക്കാര്‍ വന്നാലും വാഗമണ്ണിൻെറ കുളിരണിയാന്‍ ഡാഫോഡില്‍സില്‍ ആണ് അന്തിയുറങ്ങുക. അവിടത്തെ മാനേജരായ ദീപുവിൻെറ നീണ്ടകാലമായുള്ള ക്ഷണം ആയിരുന്നു അവിടെച്ചെന്ന് ഒരു ദിവസം താമസിക്കണമെന്നുള്ളത്. അങ്ങനെ ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് തൃശൂരില്‍നിന്ന് പുറപ്പെട്ടു. തൊടുപുഴ, കാഞ്ചാര്‍, പുള്ളിക്കാനം വഴിയായിരുന്നു യാത്ര.
ഞങ്ങളുടെ കൂട്ടത്തില്‍ ഒരു പാവം പയ്യനുണ്ട് -ബിബീഷ്. അവനു സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലെ സ്ഥലങ്ങള്‍ വിളിച്ചുപറഞ്ഞ് ട്രിപ്പടിക്കാന്‍ അവനു സാധിക്കില്ല. അത് അവനു വലിയ വിഷമവുമാണ്. പക്ഷേ, ഒന്നുണ്ട് ഞങ്ങള്‍ക്കൊന്നുമറിയാത്ത ഇടുക്കിയുടെ ഉള്ളറകള്‍ അവനു മനഃപാഠമാണ്. പണ്ടുമുതലേ ജീപ്പുമായി കാട്ടില്‍ പോകുന്നവന്‍. അവനായിരിക്കും നിങ്ങള്‍ക്കു പറ്റിയ ആള്‍. അതുകൊണ്ടുതന്നെ അവനു കുറച്ചു ഓട്ടം കിട്ടുമെങ്കില്‍ വലിയ പുണ്യമായിരിക്കും. വേറൊന്നും ആലോചിക്കാതെ അപ്പോള്‍ തന്നെ ഞങ്ങള്‍ യെസ് മൂളി. പുള്ളിക്കാരന്‍തന്നെ ബിബീഷിനെ വിളിച്ച് പിറ്റേന്ന് രാവിലത്തേക്ക് ഞങ്ങള്‍ക്ക് പോകാന്‍ വണ്ടി റെഡിയാക്കി. മഞ്ഞുമാറിയപ്പോള്‍ പതുക്കെ വണ്ടിയെടുത്ത് താമസസ്ഥലം ഒരുക്കിയിരുന്ന സ്ഥലത്തെത്തി. അവിടെ അരുണ്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ആ തണുപ്പുള്ള രാത്രിയില്‍ നല്ല ചൂടുള്ള ഭക്ഷണവും കഴിച്ച് അടുത്തദിവസം കാണാന്‍ പോകുന്ന ഇടുക്കിയുടെ സൗന്ദര്യത്തെ മനസ്സില്‍ സ്വപ്നംകണ്ട് താമസിയാതെ നിദ്രയിലാണ്ടു.
നേരം പുലര്‍ന്നപ്പോള്‍ എന്റെ റൂമിന്റെ ജനല്‍വാതില്‍ പതുക്കെ തുറന്നിട്ടു. ഒരു തണുത്ത കാറ്റ് ദേഹത്താകെ പടര്‍ന്നു. മേലാസകലം കുളിരിന്റെ മുകുളങ്ങള്‍ പൊട്ടിവിരിഞ്ഞു. മലകളിലെ കാറ്റേറ്റ് കണ്ണെത്താ താഴ്വരയുടെ മനോഹര ജാലകകാഴ്ച ആസ്വദിച്ച് സ്വയംമറന്നു നിന്നുപോയി. ഒടുവില്‍ ചൂടു ചായയുമായി ആരോ വാതിലില്‍ തട്ടിയപ്പോഴാണ് ആ സുന്ദര സ്വപ്നത്തില്‍നിന്നും ഉണര്‍ന്നത്. പെട്ടെന്നുതന്നെ ഫ്രഷായി പ്രഭാത ഭക്ഷണവും കഴിച്ച് ഇടുക്കിയുടെ സൗന്ദര്യം അറിയാന്‍ തയാറെടുത്തു.
അധികം താമസിയാതെ ബിബീഷിന്റെ ജീപ്പില്‍ ഞങ്ങള്‍ മലകയറിത്തുടങ്ങി. വണ്ടി പുറപ്പെട്ടു. ബിബീഷും വാചാലനായി. ആദ്യം പോകുന്നത് മേല്‍മുട്ടം എന്ന പുല്‍മേടുകളിലേക്കാണെന്നും ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയില്‍ കാണിക്കുന്ന പുല്‍മേടുകളാണ് അതെന്നും ആ പ്രകൃതി സൗന്ദര്യം വേറെ എവിടെയും ആസ്വദിക്കാന്‍ കഴിയില്ല എന്നുമൊക്കെ വര്‍ണിച്ചുകൊണ്ടേയിരുന്നു.
കാറ്റിന്റെ നൃത്തമാടി ക്ഷീണംകൊണ്ട് മണ്ണിന്റെ മാറിലേക്കു ചായുന്ന പുല്‍മേടുകള്‍ക്കിടയിലൂടെ ജീപ്പ് മലമുകളില്‍ ചെന്നു നിന്നു. എങ്ങും തിങ്ങിനിറഞ്ഞ ജനങ്ങളുടെയും മറ്റും ആരവങ്ങളും നിലക്കാത്ത ശബ്ദങ്ങളും കേട്ടുമടുത്ത കാതുകള്‍ക്ക് ഇളം തെന്നലിന്റെയും നിശ്ശബ്ദതയുടെയും മൗനസംഗീതം പുത്തനുണര്‍വേകി. ചുറ്റും പച്ചപ്പ് വിരിപ്പാര്‍ന്ന മലമുകളില്‍ ഇടുക്കിയുടെ സൗന്ദര്യത്തിന്റെ ആദ്യ സ്പര്‍ശം ഞാന്‍ കണ്ടു. ദൂരെ ചരിവുകളില്‍ ഓടിയൊളിക്കുന്ന നീര്‍ചോലകള്‍ ഞങ്ങളെ കണ്ടതും നാണംകൊണ്ട് അതിവേഗം ഓടിക്കളഞ്ഞു. ചുറ്റും മലനിരകള്‍ കാവല്‍ നില്‍ക്കുന്നതിന് നടുവില്‍ നെടുമല. അതിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ ഭൂമിയുടെ മുകളറ്റം ഇതാണെന്ന് തോന്നും. തണുത്തുറഞ്ഞു താഴേക്ക് പതിക്കുന്ന മഞ്ഞുതുള്ളികളെ കോരിയെടുത്തു പതുക്കെ പുല്‍മേടുകളിലൂടെ വീണ്ടും ജീപ്പിന്റെ ചക്രങ്ങള്‍ ചലിച്ചു തുടങ്ങി.
വന്‍മലയുടെ നെറുകയില്‍നിന്നും പതുക്കെ താഴ്വാരങ്ങളിലേക്ക് ഇറങ്ങി തുടങ്ങി. പുല്‍തൈല പുല്ലുകള്‍ക്കിടയിലൂടെ കല്ലുവെട്ടി പാകിയപോലെ വഴികള്‍. കാതില്‍ നേരിയ ചൂളംവിളിയോടെ, കാറ്റിന്റെ കവിത. താഴ്വാരങ്ങളില്‍ എത്തിയതും പിന്നെ കാടിനുള്ളിലൂടെയായിരുന്നു യാത്ര. മണ്ണിന്റെ ഗന്ധവും കാടിന്റെ ഗാംഭീര്യവും കാറ്റിന്റെ തലോടലും ഏറ്റുവാങ്ങി മനംനിറച്ച് യാത്ര തുടരുമ്പോഴാണ് പെട്ടെന്ന് ജീപ്പിന്റെ ഗതിയും വേഗവും മാറിയത്. മണ്‍പുരണ്ട പാതകള്‍ക്ക് വിരാമമിട്ടുകൊണ്ട് പതിയെ പാട്ടുമൂളി ഒഴുകുന്ന പുഴക്ക് മുന്നില്‍ വണ്ടി നിന്നു.
കാഴ്ചകള്‍ കാണാനുള്ള കണ്ണിന്റെ ആവേശം അവസാനിക്കേണ്ടിവരുമെന്ന് ചിന്തിക്കുമ്പോഴാണ് ഇനിയുള്ള യാത്ര പുഴയിലൂടെ ആകാമെന്ന് ബിബീഷ് പറഞ്ഞത്. അതും ജീപ്പിലിരുന്നുകൊണ്ട് തന്നെ. ഇത് കേട്ടതും ഞങ്ങളൊന്ന് ഞെട്ടി. പുഴയിലൂടെ ജീപ്പിലൊ? പുഴയിലെ ഓളങ്ങളുടെ താളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ട് ഒരു തോണിയെപ്പോലെ ജീപ്പും തുഴഞ്ഞുനീങ്ങി. വഞ്ചിയൊ ബോട്ടോ എന്തുംവരെ കരകയറാന്‍ ഭയക്കുന്ന പുഴക്ക് നടുവില്‍ ജീപ്പിന്റെ ചാഞ്ചാട്ടത്തിനൊപ്പം അല്‍പം ഭയത്തോടെ ഒട്ടേറെ ആകാംക്ഷയോടെ ഞങ്ങളുടെ മനസ്സും തുഴയുകയായിരുന്നു. ജീപ്പിന്റെ ചക്രങ്ങള്‍ ആഴങ്ങളെ തൊട്ടറിഞ്ഞു. പിന്നെയും മണ്ണിന്റെ മടിയിലേക്ക് ഓടിക്കയറി. കളി കഴിഞ്ഞിറങ്ങിയ കൊച്ചുകുട്ടികള്‍ കളി മതിവരാതെ പിന്നെയും മണ്ണിലേക്ക് എടുത്തു ചാടുന്നപോലെയാണ് കരകയറിയപ്പോള്‍ എനിക്ക് തോന്നിയത്.
അവിടെനിന്നും നേരെ പോയത് ഇടുക്കി ഡാമിന്റെ റീസര്‍വോയര്‍ മേഖലയായ മുല്ലക്കാനത്തേക്കാണ്. മൂന്നുവശവും മലനിരകള്‍. നടുക്ക് അണക്കെട്ടി നിര്‍ത്തിയ ജലാശയം. വിഹരിക്കുന്ന വന്യമൃഗങ്ങളുടെയും മീന്‍പിടിക്കാനിറങ്ങുന്ന സമീപവാസികളുടെയും തലമുകളിലേക്ക് പശ്ചിമഘട്ടത്തിന്റെ വിടവിലൂടെ ചുരം കടന്ന് മഴമേഘങ്ങള്‍ ഇവിടേക്ക് വരുന്ന കാഴ്ച അതിമനോഹരമാണ്. കണ്ണെത്താ ദുരത്തുള്ള മലനിരകളില്‍ ആനനില്‍ക്കുന്നുണ്ടെന്ന് ബിബീഷ് പറഞ്ഞു.
കാമറക്കു പോലും സൂം ചെയ്താല്‍ കിട്ടാത്തത്ര അകലെ ആ കാഴ്ച ബിബീഷിന്റെ കണ്ണുകളില്‍ പതിഞ്ഞു. അതാണ് കാട് അറിയുന്നവന്‍. കാട്ടിലെ ഓരോ നേരിയ അനക്കങ്ങളും അവന്റെ ശ്രദ്ധയില്‍പ്പെടും. മുല്ലക്കാനത്തെ കാഴ്ചകള്‍ ആസ്വദിച്ചശേഷം പിന്നെ ഞങ്ങളുടെ അവസാനത്തെ ഡെസ്റ്റിനേഷനായ കോട്ടമലയിലേക്കായിരുന്നു യാത്ര. കാടിറങ്ങി ജീപ്പിന്റെ ചക്രങ്ങള്‍ വീണ്ടും തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മൂലമറ്റത്തുനിന്നും കുമിളിയിലേക്ക് പോകാനുള്ള എളുപ്പ വഴിയാണത്രെ ഇത്.
റോഡ് പണിതുടങ്ങിയെങ്കിലും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ആ വഴിയിലൂടെ കുണുങ്ങി കുണുങ്ങി മുമ്പോട്ട് നീങ്ങി അവസാനം ഒരു മലയുടെ നെറുകയിലെത്തി നിന്നു. അതായിരുന്നു കോട്ടമല. മേഘങ്ങള്‍ മേഞ്ഞു നടക്കുന്ന ഒരു മലഞ്ചരിവ് ഒറ്റവാക്യത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം കോട്ടമലയെ. കാലം ഏതുമാകട്ടെ വേനലോ വര്‍ഷമോ? മേഘങ്ങള്‍ കോട്ടമലയിലുണ്ടാകും. പറഞ്ഞു തുടങ്ങിയാല്‍ അങ്ങനെ പലതും പറയാനുണ്ടാകും കോട്ടമലയെക്കുറിച്ച്. അതിനാല്‍ അത് കണ്ടുതന്നെ അറിയണം. ഇന്ന് പൊതുവെ നല്ല മഞ്ഞാണ്. രാത്രിയായാല്‍ ഒന്നും കാണാന്‍ പറ്റില്ല എന്ന് പറഞ്ഞു ഞങ്ങളുടെ സാരഥി വണ്ടി തിരിച്ചു. സന്ധ്യയോടെ വാഗമണ്ണിലെത്തി. ബിബീഷിനോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി ആ കുളിരില്‍നിന്നും അകലുമ്പോള്‍ മനസ്സില്‍ തോന്നി. 'ദൈവം എന്തെങ്കിലും ഒരു കുറവ് മനുഷ്യന് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പകരം വേറെ എന്തെങ്കിലും കഴിവുകൂടി അവന് കൊടുക്കും. പക്ഷേ, അത് അവര്‍ സ്വയം തിരിച്ചറിയണം. ഇത്രയും നല്ല മനസ്സും പ്രകൃതിയോടുള്ള കടുത്ത ഇഷ്ടവുമാണ് ബിബീഷ് എന്ന കൂട്ടുകാരന് ഇടുക്കിയുടെ ഇത്രയും നല്ല കാഴ്ചകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.