ഹരിത തുരങ്കത്തിലൂടെയൊരു തീവണ്ടിയാത്ര
text_fieldsകലപില ശബ്ദമാണ് ഉണർത്തിയത്. 'രാജ്യറാണി'യുടെ മടിത്തട്ടിൽ കിടന്ന് നല്ലൊരുറക്കം കിട്ടി.
ട്രെയിനിൽ തിരക്ക് നന്നേ കുറവ്.
"ചായ കാപ്പി വടേയ് സമൂസ..."
ആ വിളിയിൽ ഞാനറിയാതെത്തന്നെ ബർത്തിൽ നിന്ന് താഴെയിറങ്ങി. ഷൊർണൂർ ജങ്ഷനിൽ എത്തിയിരിക്കുന്നു. സമയം 05:45 ആയിട്ടേയുള്ളൂ. എന്നിട്ടും പുലരിക്ക് ഇത്ര തെളിച്ചമോ.?
പിന്നെ വൈകിയില്ല. ഉശിരൻ ചുടുചായയും, തടിച്ചൊരു സമൂസയും കയ്യിലൊതുക്കി. എഞ്ചിനോട് തൊട്ടടുത്ത ബോഗിയായതുകൊണ്ട് എഞ്ചിൻ മാറ്റുന്നത് ലൈവ് ആയി കാണാൻ പറ്റി. ചുടുചായയുമേന്തി എഞ്ചിൻ മാറ്റുന്നത് കാണാൻ ചെന്നു. വിചാരിച്ച അത്ര പുകിലൊന്നും അതിൽ അനുഭവപ്പെട്ടില്ല.
ഡീസലെഞ്ചിനിലാണ് ഇനി നിലമ്പൂരിലേക്കുള്ള യാത്ര. ഇന്ത്യയിലെ നന്നേ നീളം കുറഞ്ഞ പാതകളിലൊന്ന്. ബ്രിട്ടീഷ് ഭരണകാലത്ത് വനസമ്പത്ത് കൊള്ളയടിക്കാനും കൂടി ലക്ഷ്യമിട്ടുണ്ടാക്കിയ പാതയായതിനാൽ നിറയെ പച്ചപ്പുള്ള വഴിയിലൂടെയാണ് ഈ യാത്ര. ഇനിയും റാണിയുടെ മടിയിൽ ചുരുണ്ടു കൂടുന്നതിനർത്ഥമില്ല. കാഴ്ചകൾ കാണാൻ ഒത്തൊരു സീറ്റിൽ ഇരിപ്പുറപ്പിച്ചു. റാണിയൊന്നു നീട്ടിക്കൂവി. ചായയും വടയും കൈയിൽപിടിച്ചുള്ള തീവണ്ടി യിലേക്കുള്ള ചിലരുടെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്.
എഞ്ചിൻ മാറ്റുന്നു
ഡീസലെഞ്ചിൻെറ മുരളൽ വേറിട്ടറിയുന്നുണ്ട്. കറുത്ത പുക മേലോട്ടുയർന്നു. ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതയിലൂടെയാണ് പോകാനുള്ളത്. ഏതാണ്ട് 66കിലോമീറ്ററോളം വരും ഇവിടുന്ന് നിലമ്പൂരിലേക്ക്. ട്രെയിൻ വലത്തോട്ടു തിരിഞ്ഞു. ബാക്കിയുള്ളവയിൽ നിന്ന് അൽപം ഉയരത്തിലാണ് ഈ പാത. മഞ്ഞ് പൂർണ്ണമായും വിട്ടകന്നിട്ടില്ല. കൺകുളുർക്കുന്ന പച്ചപ്പിലേക്ക് നോക്കി ഇരിക്കുകയാണ് യാത്രക്കാരിൽ പലരും. 90 വർഷങ്ങളുടെ പഴമ പറയാനുള്ള ഈ പാതക്ക് സ്വാതന്ത്ര്യസമരവുമായി അഭേദ്യ ബന്ധമുണ്ട്. ബ്രിട്ടീഷുകാർ നമ്മുടെ സമ്പത്ത് ഊറ്റിക്കുടിക്കുന്ന കാലം. നിലമ്പൂർ ഭാഗത്തുനിന്നും തടികളായിരുന്നു പ്രധാനമായും കടത്തിക്കൊണ്ടുപോയിരുന്നത്. ചാലിയാറിലൂടെ നാടുകടത്തി ബേപ്പൂരിലൂടെ കടൽ കടത്തലായിരുന്നു പതിവ്. എന്നാൽ 1921കളിലെ കലാപ കാലത്ത് ചാലിയാറിലെ തടികടത്തൽ പൂർണ്ണമായും തടസ്സപ്പെട്ടു.
ഇതിനൊരു ബദൽമാർഗമായും, ലഹള അടിച്ചൊതുക്കാൻ പട്ടാളക്കാരെ എത്തിക്കാനും കൂടിയാണ് ഈ പാത വെട്ടിയതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. 66000രൂപ മുതൽ മുടക്കി 1922ൽ പണി തുടങ്ങിയ പാത 1927ൽ യാത്രാസജ്ജമായി. സാങ്കേതികവിദ്യ അത്രയൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് നാലുപാലങ്ങളും, പതിനഞ്ചോളം കലുങ്കുകളും, ചെറിയ രീതിയിൽ പാറ പൊട്ടിച്ചും ദുർഘടമായ ഈ പാതവെട്ടാൻ ബ്രിട്ടീഷ് ഗവണ്മെന്റിനു കേവലം നിലഞ്ച് വർഷമേ വേണ്ടി വന്നുള്ളൂ എന്നത് അസൂയയോടെ നമുക്കോർക്കാം. നിലമ്പൂരിൽ അവസാനിപ്പിക്കാതെ വനത്തിലൂടെ മൈസൂരിലേക്കൊരു പാതയൊരുക്കാനുള്ള തീരുമാനം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായതെന്നു കോഴിക്കോട്ടെ റെയിൽ ആർക്കീവ്സിൽ കാണാം.
ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. ഉരുക്കിന് വല്ലാത്ത ക്ഷാമം നേരിട്ടപ്പോൾ ബ്രിട്ടീഷുകാർ ഇവിടുത്തെ റെയിൽ പാളങ്ങൾ അഴിച്ചുകൊണ്ടുപോയി. നിലമ്പൂരിലെ പാളങ്ങളും അതിൽപ്പെട്ടു. പിന്നീട് 1952ൽ പാത പുനഃർനിർമിക്കുകയുണ്ടായി.വളരെ പതുക്കയാണ് വണ്ടി നീങ്ങുന്നത്. 40km/h ഈ പാതയിലെ ശരാശരി വേഗത. ഒരുകണക്കിന് കാഴ്ചകൾ കാണാൻ അതുതന്നെയാണ് നല്ലതും. തേക്കിൻെറ നാട്ടിലേക്ക് സ്വാഗതമോതിയാവണം ഏതാനും തേക്കുകൾ നിൽപ്പുണ്ട്. അവയ്ക്കപ്പുറം പരന്നുകിടക്കുന്ന വയലാണ്. വയലിന് കാവൽകാരെന്നവണ്ണം ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളുമുണ്ട്. നെൽപ്പാടങ്ങൾ വിളഞ്ഞു നിൽക്കുന്ന സമയത്താണ് ഈ യാത്രയെങ്കിൽ അതൊരു മധുരമനോഹര കാഴ്ചയായേനെ,
മലയാള സിനിമക്ക് ഒരുപാട് ലൊക്കേഷനുകൾ സമ്മാനിച്ച, എണ്ണിയാലൊതുങ്ങാത്ത ഗാനരംഗങ്ങളും ഷൂട്ട് ചെയ്ത പാത കൂടിയാണിത്.
ഇനി വല്ല ക്യാമറയും എനിക്ക് പിന്നിലുണ്ടോ.?? ഞാനൊന്നു തിരിഞ്ഞുനോക്കി.
ഏയ് ഇല്ല.!
ഈ പാതയിലെ ആദ്യ റെയിൽവേ ഗേറ്റും, സ്റ്റേഷനും വാടാനാംകുറുശ്ശിയിലാണ്. രാവിലെയായതുകൊണ്ടാവും ഓട്ടോയും, ഒരു ബൈക്കും മാത്രമാണ് ഗേറ്റിൽ കാത്തുകിടക്കുന്നത്. രാജ്യറാണിക്കു വാടാനാംകുറുശ്ശിയിൽ സ്റ്റോപ്പില്ല. പച്ചപ്പിനെ വകഞ്ഞുമാറ്റി റാണിമുന്നോട്ടുതന്നെ. നാടിൻെറ ഉറക്കച്ചടവ് മാറിയിട്ടില്ലെങ്കിലും കർഷകരും, കാലികളും വയലുകളിലെത്തിയിട്ടുണ്ട്. ട്രെയിൻ വല്ലപ്പുഴയിൽ നിരങ്ങിനിന്നു. ആരെങ്കിലും അവിടെ ഇറങ്ങിയോ ആവോ? പടുകൂറ്റൻ വൃക്ഷങ്ങൾക്കടിയിൽ കൂനിക്കൂടി നിൽക്കുന്ന ചെറിയൊരു സ്റ്റേഷൻ. ഏതാനും സെക്കൻറുകൾ മാത്രമേ ഇവിടെ സ്റ്റോപ്പൊള്ളൂ. വിശാലമായ വയലുകൾക്കു വിരാമമായെന്നു തോന്നുന്നു. റെയിലിനിരുവശവും ഇടത്തരം വീടുകൾ കണ്ടുതുടങ്ങി. റെയിൽ പാളങ്ങളോട് ചേർന്ന് നിരനിരയായ് തേക്കുതൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവ വളർന്നു വലുതായാൽ നല്ലൊരു കാഴ്ചയായിരിക്കും.!!
സീസണല്ലാത്തതുകൊണ്ടാവാം ട്രെയിനിൽ തിരക്ക് നന്നേ കുറവാണ്. വ്യത്യസ്ത വേഷ, രൂപ, ഭാഷ, സംസ്കാരങ്ങൾ ഒരു ബോഗിയിൽ ഒന്നിക്കുന്ന കാഴ്ചയാണ് പൊതുവെ ട്രെയിനിൽ കാണാറുള്ളത്. പക്ഷെ, ഈ യാത്രയിൽ അത്തരം കാഴ്ചകൾ ഇല്ലെന്നുതന്നെ പറയാം. എല്ലാവരും ഏതാണ്ട് ഒരേ പ്രദേശത്തുകാരാണല്ലോ അതുകൊണ്ടാവും. തിരക്കുകുറഞ്ഞ, ശാന്തമായ എന്നാൽ കാഴ്ചകൾ ഒരുപാടുള്ള ഈ പാതയാണ് കന്നിയാത്രക്കു പലരും തെരെഞ്ഞെടുക്കാറ്. അവധി ദിനങ്ങളിലും, സീസണിലും സാമാന്യം ഭേദപ്പെട്ട തിരക്ക് അനുഭവപ്പെടാറുമുണ്ട്. കാഴ്ച ലക്ഷ്യമാക്കിയുള്ള യാത്രയാണെങ്കിൽ സീസണല്ലാത്ത ഒരു ദിവസം തെരെഞ്ഞെടുക്കലാവും ഉചിതം. ഇതിനിടെ കുലുക്കല്ലൂർ സ്റ്റേഷൻ കടന്നുപോയി.
സ്റ്റേഷനിൽ ആളനക്കമില്ല. ആരുമില്ലേലും ഞങ്ങളുണ്ടെന്ന മട്ടിൽ രണ്ടു തെരുവുനായകൾ കിടപ്പുണ്ടവിടെ.അടുത്തും അകലെയുമായി മലകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നെൽകൃഷിയും, വാഴകൃഷിയും നെഞ്ചോടുചേർക്കുന്ന കുലുക്കല്ലൂരുകാർ ഭൂരിഭാഗവും കർഷകരാണ്. രാവിലെത്തന്നെ പണിയായുധങ്ങളുമായി റയിലിനോട് ചേർന്ന വയലിൽ രണ്ടു കർഷകർ നിൽപ്പുണ്ട്. കൂട്ടുകർഷകരെ കാത്തുനിൽക്കുകയാവണം. ഇപ്പോൾ പാഠപുസ്തകത്തിൽ മാത്രം കണ്ടുപരിചയിച്ച ആ കാഴ്ച പതിറ്റാണ്ടുകൾ പിന്നിലേക്കെന്നെ മാടിവിളിച്ചു. കുലുക്കല്ലൂരിനും ചെറുകരക്കുമിടയിലാണ് കുന്തിപ്പുഴ കടന്നുപോകുന്നത്. കുറഞ്ഞ വേഗതയിൽ ട്രെയിൻ പാലത്തിലേറി. ഈ പാതയിലെ ആദ്യ പാലമാണിത്. കടവിലൊന്നും ആരെയും കാണാനില്ല. അവധിദിനത്തിലും വൈകുന്നേരവും കുട്ടികൾ ചാടിത്തിമർക്കുന്ന കാഴ്ച മനസ്സിലൊന്ന് വരച്ചുനോക്കി.
ആൽമരച്ചോട്ടിൽ വിശ്രമിക്കുന്ന അജ്ഞാതസുന്ദരിയെപ്പോലുള്ള ചെറുകരയെന്ന സ്റ്റേഷനിൽ വണ്ടിയെത്തി. ആൽമരത്തിൻെറ വള്ളിപ്പടർപ്പുകൾ അവളെ ഹാരമണിയിച്ചപോലെ തോന്നിക്കുന്നു. ഇപ്പോഴാണ് പൂർണ്ണമായും മലപ്പുറം ജില്ലയിലെത്തിയത്.. ചെറുകര സ്റ്റേഷൻ പിന്നിട്ടതോടെ റബ്ബർ തോട്ടങ്ങൾ കണ്ടുതുടങ്ങി. 1912ൽ ഇന്ത്യയിലാദ്യമായി റബ്ബർ കൃഷി തുടങ്ങാൻ സർവേ നടത്തിയതും, വെച്ചുപിടിപ്പിച്ചതും നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലാണെന്ന് കേട്ടിട്ടുണ്ട്.
സൂര്യൻ ഏതാണ്ട് റബ്ബർ മരത്തോളം ഉയർന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും മഞ്ഞ് വിട്ടകന്നിട്ടില്ല. റബ്ബർ മരങ്ങൾക്കിടയിലെ കോടമഞ്ഞിലൂടെ അരിച്ചുവരുന്ന സൂര്യരശ്മികൾക്ക് ഒട്ടും ചൂട് തോന്നിയില്ല. മരങ്ങൾക്കപ്പുറത്ത് ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്ന സൂര്യൻ 'റാണി'യുമായി ഒളിച്ചുകളിക്കുകയാണെന്നു തോന്നിപ്പോകും.
വല്ലപ്പുഴ സ് റ്റേഷൻ
ഒറ്റവരിപ്പാതക്കു വിരാമമിട്ട് തീവണ്ടി അങ്ങാടിപ്പുറത്തെത്തി. 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്' എന്ന കമൽ ചിത്രത്തിലെ കൃഷ്ണഗുഡി എന്ന സാങ്കൽപിക റെയിൽവെസ്റ്റേഷൻ അങ്ങാടിപ്പുറമാണെന്നത് അധികമാർക്കുമറിയില്ല. ഈ സ്റ്റേഷനും, പാതയും എണ്ണമറ്റ മലയാള സിനിമകളിൽ മിന്നിമറഞ്ഞിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ റേഷൻകടകളിലും മറ്റും അരിയെത്തിക്കുന്നത് ഇവിടുത്തെ എഫ്.സി.ഐ. ഗോഡൗൺ വഴിയാണ്. കുറഞ്ഞകാലം കൊണ്ട് ഹോസ്പിറ്റൽ സിറ്റിയായി മാറിയ പെരിന്തൽമണ്ണയിലെത്താനുള്ള ഏക റെയിൽമാർഗവും ഇതുതന്നെ.
സമുദ്രനിരപ്പിൽ നിന്നും 2100അടി ഉയരത്തിലുള്ള കൊടികുത്തിമലയിലേക്കുള്ള സാഹസികയാത്രയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇവിടെ ഇറങ്ങി വേണം പോകാൻ... അവിടേക്ക് തന്നെയാവണം. ഒരുപാടു പേർ ഇവിടെ വണ്ടിയിറങ്ങുന്നത് കണ്ടു. 1921ൽ മലബാർ കലാപത്തെ അടിച്ചൊതുക്കാൻ വെള്ളാപ്പട്ടാളം തീവണ്ടിയിറങ്ങിയതും ഇവിടെയാണ്. കരുവമ്പലത്തെയും മറ്റും വെടിയൊച്ചകൾക്കും രക്തച്ചൊരിച്ചിലിനും മൂകസാക്ഷിയായി അന്നത്തെ പല പഴഞ്ചൻ കെട്ടിടങ്ങളും ഇന്നും ഇവിടെ തലകുനിച്ചു നിൽപ്പുണ്ട്. പത്തോളം പ്രമുഖ ക്ഷേത്രങ്ങൾ ഇവിടെയുള്ളതിനാൽ 'ക്ഷേത്രനഗരം' എന്ന വിളിപ്പേരുകൂടിയുണ്ട് അങ്ങാടിപ്പുറത്തിന്.
കൊടികുത്തി മല
റാണി വീണ്ടും നീട്ടിക്കൂവി.. വീടുകൾ പച്ചപ്പിനു വഴിമാറി. ഒറ്റവരിപ്പാതയായതിനാൽ കാട്ടിനുള്ളിലൂടെ ഒഴുകിപ്പോകുകയാണെന്നേ തോന്നൂ. തണുത്ത കാറ്റിൻെറ അകമ്പടിയോടെ ഏതാനും വെള്ളത്തുള്ളികൾ എന്നോട് കൂട്ടുകൂടാൻ എങ്ങുനിന്നോ പാറിയെത്തി. വണ്ടി കിതച്ചു കിതച്ച് പട്ടിക്കാടെത്തി. അടുത്തടുത്തുള്ള സ്റ്റേഷനുകളാണ് ഈ പാതയിൽ വേഗത കൂട്ടാതിരിക്കാൻ പ്രധാന കാരണം. മയിലുകളെയും, മുയലുകളെയും കാണുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നിനെയും ഇതുവരെ കണ്ടില്ല. ഇന്നലെ രാത്രി നന്നായി മഴ പെയ്തു കാണും അതാണ് ഇത്രയും മഞ്ഞ്. കടലുണ്ടിപ്പുഴയുടെ പോഷകനദിയായ വെള്ളിയാറിൻെറ മുകളിലൂടെ റാണി നീങ്ങി. മരക്കാടുകൾ തന്നെയാണ് മുമ്പിൽ. അവക്കിടയിലൂടെ ചെറിയൊരു നീർച്ചാലൊഴുകുന്നു. പേരറിയാത്ത ഒരുപാട് മരങ്ങൾക്കിടയിൽ പരിചയം നടിച്ചു നാലഞ്ചു തേക്കുകളുമുണ്ട്. നാല് പുഴകൾ കടന്നുവേണം നിലമ്പൂരെത്താൻ. ഓരോ പുഴക്കും പറയാനുണ്ട് കഥകളൊരുപാട്. വേവ്വേറെ ശബ്ദത്തിൽ, താളത്തിൽ, ഭാവത്തിൽ, തെളിമയിൽ...
നിരങ്ങിമൂളി വണ്ടി മേലാറ്റൂരെത്തി. നട്ടുച്ചയ്ക്ക് പോലും വെയിൽ കൊള്ളാത്തതിനാൽ കെട്ടിടത്തിന് പോലും പുതിലുണ്ട് (moist). ഇന്ത്യൻ റെയിൽവേയുടെ പഴയ കാർബോഡ് വെട്ടിയ പോലുള്ള ടിക്കറ്റ് ഒന്നെടുത്ത് സൂക്ഷിച്ചുവെക്കണോ?? എങ്കിൽ ഇവിടെവന്നാൽ മതി. തീവണ്ടി ആരോ തള്ളിനീക്കുന്ന പോലെ മനസ്സില്ലാ മനസ്സോടെ അവിടം വിട്ടു.
ഭൂപ്രകൃതിക്ക് വീണ്ടും പ്രത്യക്ഷമായ ചിലമാറ്റങ്ങൾ അനുഭവപ്പെട്ടു. റബ്ബർ മരങ്ങൾ, മുളങ്കാടുകൾക്ക് വഴിമാറി. പൊടുന്നനെ പരന്ന വയലുകൾ പ്രത്യക്ഷപ്പെട്ടു.
ഏതോ ചെറിയ മലമടക്കുകളിലൂടെയാണ് നാം പോകുന്നതെന്നു തോന്നുന്നു. ചെറിയ കുന്നുകളുള്ള ഭാഗത്ത് അല്പം മണ്ണിടിച്ചാണ് പാതയുള്ളത്. അധികം നീളമില്ല. ചിലയിടത്ത് ട്രൈനിനോളം ഉയരം വരും. ചിലയിടത്ത് അതിലും കുറവ്.
ദേ.. വീണ്ടും പുഴയെത്തി. ഒലിപ്പുഴ. പേരുപോലെ അത്ര ഒലിവോ, മൂളലോ പുഴയിലില്ല. ചിലപ്പോൾ അടിഴൊയുക്കുകാണും. നിങ്ങൾ നിലമ്പൂരെത്താറായി എന്ന സൂചനകൾ നൽകി ഇല്ലിമുളംകാടുകൾ ഇളകിയാടി. തുവ്വൂർ ആണ് അടുത്ത സ്റ്റേഷൻ. മലബാർകലാപത്തിൻെറ രക്തസാക്ഷികളിലൊന്നാണീ നാട്. ചുറ്റിലും പച്ച നിറഞ്ഞ, കിളികൾ പാറിപ്പറക്കുന്ന, മന്ദമാരുതൻ തഴുകിത്തലോടുന്ന വയലുകളാൽ ചുറ്റപ്പെട്ട സ്റ്റേഷൻ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്നുതന്നെ സംശയം.
സമുദ്രനിരപ്പിൽ നിന്നും 2000ലധികം അടി ഉയരത്തിലുള്ള കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ പോയി മുങ്ങിനിവരണോ? ചീവീടിൻെറ കരകരാ ശബ്ദവും, പക്ഷികളുടെ കളകൂജനവും കേട്ട്, ഇലകളുടെ മർമ്മരങ്ങളെ സാക്ഷിനിർത്തി കാനനച്ഛായയുടെ നിഴലിൽ ഒന്ന് മുങ്ങിനിവരാൻ ആരാണാഗ്രഹിക്കാത്തത്..??
അതും, ഔഷധ സസ്യങ്ങളുടെ വേരുകൾക്കിടയിലൂടെ ഊർന്നുവന്ന് 150അടി ഉയരത്തിൽ നിന്ന് താഴേക്കു പതിക്കുന്ന ഐസുപോലൊത്ത വെള്ളത്തിൽ... എങ്കിൽ ഇവിടെ ഇറങ്ങാം.ഇവിടെനിന്നും കരുവാരക്കുണ്ടിലേക്ക് ബസ്സ് കയറി അവിടുന്ന് 7 കിലോമീറ്റർ സഞ്ചരിച്ചാൽ കേരളാംകുണ്ടിലെത്താം. പച്ചമരുന്നുകൾ സുലഭമായ ഇവിടുത്തെ കാട്ടുചോലകൾക്കു പോലും ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുമാത്രമല്ല, ബറോഡ വെള്ളച്ചാട്ടവും, ചങ്ങലപ്പാറയും, സ്വപ്നക്കുണ്ടും തുടങ്ങി നിരവധിയനവധി കാഴ്ചകൾ ഒറ്റ യാത്രയിൽ ഒപ്പിയെടുക്കാം.
ഇന്ത്യൻ റെയിൽവേ അവഗണിച്ച തൊടിയപ്പുലം സ്റ്റേഷനെ തഴുകിത്തലോടി റാണി വാണിയമ്പലത്തെക്കു പാഞ്ഞു. അതാ... വാണിയമ്പലം പാറ. അതിന്റെ ഉച്ചിയിലേക്കൊന്നു കണ്ണ് പായിച്ചു. ഒന്നും വ്യക്തമല്ല. പടുകൂറ്റൻ കരിമ്പാറക്കുന്നിന് മുകളിൽ ഒരു കൊച്ചമ്പലം ഉണ്ട്. ദ്വാപരയുഗത്തിൽ ദേവാസുര യുദ്ധത്തിന് സാക്ഷിയായ പാറക്കെട്ടുകളാണത്രെ അവ. ബാണാസുരൻെറ ആരാധനാ മൂർത്തിയായ ത്രിപുര സുന്ദരിയാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ. വണ്ടി വാണിയമ്പലത്ത് കിതച്ചുനിന്നു. അങ്ങാടിപ്പുറം കഴിഞ്ഞാൽ ഇവിടെ മാത്രമാണ് ക്രോസിങ് ഉള്ളത്.
യാത്ര അവസാനിക്കാൻ പോകുകയാണെന്ന് തോന്നിക്കും വിധം റാണി നീട്ടിക്കൂവി. ട്രെയിൻ ഏതാണ്ട് കാലിയായി. ഇനിയങ്ങോട്ട് തേക്കിലകളോട് കിന്നാരം പറഞ്ഞുള്ള യാത്രയാണ്.
റാണി ഒന്നൂടെ കൂവി..
അവസാന കൂവൽ...... 'നിലമ്പൂർ റോഡ്' എന്ന മഞ്ഞ ബോഡ് കണ്ണിലുടക്കി.
ഒറ്റവരിപ്പാത മാറി നാലുവരിപ്പാതയായി. ഓടിട്ട പഴയ ടിക്കറ്റ് കൗണ്ടർ തലയെടുപ്പോടെ അവിടെത്തന്നെയുണ്ട്. ഇന്ത്യൻ റെയിൽവേ യുടെ ഒരു ഭാഗം ഇവിടെ അവസാനിക്കുകയാണ്. എങ്ങനെയായിരിക്കും റെയിൽപാളങ്ങൾ അവസാനിക്കുന്നത്..? വല്ലാത്ത ആകാംക്ഷ. ഞാൻ ഇറങ്ങി നടന്നു. ഒടുവിൽ റെയിൽപാളം അവസാനിക്കുന്ന സ്ഥലത്തെത്തി. പുല്ലും കാടും മൂടിയ ഒറ്റവരിയായി വലിയൊരു മരച്ചുവട്ടിൽ അതവസാനിച്ചു. പതിവിലധികം മേഘാവൃതമായതിനാൽ നീലഗിരിക്കുന്നുകൾ തെളിഞ്ഞു കാണുന്നില്ല. നിലമ്പൂർ-നഞ്ചൻഗോഡ് പാത കടന്നുപോകേണ്ടത് ആ കുന്നുകളിലൂടെയാണ്. മലബാറിന്റെ സ്വപ്നം, വയനാടിന് റെയിൽ ഭൂപടത്തിൽ ഒരിടം. ഈ പദ്ധതി ഏറെക്കുറെ ചുവപ്പുനാടയിൽ നിന്ന് രക്ഷപ്പെട്ട് പുതിയതലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
നിലമ്പൂരിലെ കാഴ്ചകൾ ഇവിടെ തുടങ്ങുന്നതേയുള്ളൂ..
(ചിത്രങ്ങൾക്കും, ചരിത്രങ്ങൾക്കും കടപ്പാട് -നിലമ്പൂരുമായി ബന്ധപ്പെട്ട വ്യത്യസ്ഥ ഫേസ്ബുക് ഗ്രൂപ്പുകളോട്, photos: Biji John Mathew.)
ഈ റൂട്ടിലുള്ള ട്രെയിൻ സമയങ്ങൾക്ക് ഇവിടെ നോക്കുക:
http://indiarailinfo.com
ഏതാനും നിർദ്ദേശങ്ങൾ:
- തിങ്കൾ നിലമ്പൂരിൽ എത്തുന്ന രൂപത്തിൽ വരരുത്. കാരണം തേക്ക് മ്യൂസിയം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കുന്നതല്ല.
- തെക്കു ഭാഗത്തു നിന്നുവരുന്നവർ രാജ്യറാണിയിൽ തന്നെ കയറുന്നതാണ് ഉചിതം. ടിക്കറ്റ് റിസെർവ് ചെയ്യുന്നതാകും നല്ലത്.
- വടക്കു നിന്നോ മറ്റോ വരുന്നവർ രാജ്യരാണി ക്കു ശേഷമുള്ള പാസഞ്ചർ ട്രെയിനിനെ കരുതുക.
- രാവിലെ തന്നെയാണ് യാത്രക്കു ഏറ്റവും ഉചിതം.
- മഴക്കാലത്ത് ട്രെയിൻ യാത്ര പൊളിക്കുമെങ്കിലും, നിലമ്പൂരിലെ മറ്റു കാഴ്ചകൾ കാണാൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
- മടക്ക സമയത്തു 8.40 ന്റെ രാജ്യരാണി ക്കു റിസർവ് ചെയ്യാത്തവർ 8 മണിക്ക് സ്റ്റേഷനിൽ എത്തുക. എങ്കിൽ ഇരുന്നെങ്കിലും തിരിച്ചുപോകാം.
- Nilambur Railway Station പരിസരത്ത് സ്വാദിഷ്ടമായ, ചെറിയ ബഡ്ജറ്റിലൊതുങ്ങുന്ന ഭക്ഷണം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.