സുന്ദരനും സുന്ദരിയുമാകാൻ കാൽവരിയിലേക്ക് വരൂ...
text_fieldsഒരു ഞായറാഴ്ച ദിവസം, സമയം രാവിലെ 7.30. കാമറയും ബാഗും പാക്കുചെയ്ത് വീട്ടിൽനിന്നും ഇറങ്ങി നടക്കുകയാണ് ബസ്സ്റ്റാൻറിലേക്ക്. തൊട്ടടുത്ത ജില്ല അത്ഭുതവും അയൽ സംസ്ഥാനങ്ങൾ വിദൂരങ്ങളിൽ ലഭിച്ച മഹാത്ഭുതങ്ങളും അന്യ രാജ്യങ്ങൾ സ്വപ്നങ്ങളിൽ മാത്രം തെളിയുന്ന ശിലാരൂപങ്ങളുമാണ് എനിക്ക്. അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാറില്ല. ‘‘എവിടേക്കാ യാത്ര?’’ പ്രശസ്തനായ സ്പാനിഷ് റൈറ്റർ റോസലിയ ഡി കാസ്േട്രാ പറഞ്ഞതുപോലെ ‘‘ഞാൻ എെൻറ വഴി കാണുന്നു. പക്ഷേ, അത് എവിടേക്കാണെന്ന് എനിക്കറിയില്ല. ഞാൻ പോകുന്നത് എവിടേക്കാണെന്നറിയാത്തതിനാൽ അത് എന്നെ യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നു.’’ മാധ്യമത്തിൽ ക്രിസ്മസിന് കൊടുക്കേണ്ട യാത്രാവിവരണം ഇതുവരെ കൊടുത്തിട്ടില്ല. ഇൗ ആഴ്ച ഉറപ്പായും കൊടുത്തിരിക്കും എന്ന് വാക്കുപറഞ്ഞു. വാക്കാണ് ഏറ്റവും വലിയ സത്യം എന്ന് മൊയ്തീനും മുെമ്പ പഠിപ്പിച്ചത് അച്ഛനായതുകൊണ്ട് അത് തെറ്റിക്കാനാവില്ല. ഒരു ലക്ഷ്യവുമില്ലാതെ തൃശൂർ ബസ്സ്റ്റാൻറിനുള്ളിലേക്ക് കടന്നു.
മുന്നിൽകണ്ട ബസിെൻറ ബോർഡിലേക്ക് നോക്കി. ആ ബോർഡ് എനിക്ക് എവിടേക്കാണ് പോകാനുള്ളത് എന്നതിനുള്ള ഉത്തരം നൽകി. ‘‘കട്ടപ്പന’’ ഗുരുവായൂരിൽനിന്നും കട്ടപ്പനക്ക് പോകുന്ന ബസ് ആയിരുന്നു അത്. കട്ടപ്പനയിൽ ആണ് ‘കാൽവരി മൗണ്ട്’. വർഷങ്ങൾക്കു മുെമ്പ ഒഴിവുദിവസങ്ങളിൽ കാടിെൻറ വിജനതയിലും പ്രകൃതിയുടെ പുൽപരപ്പിലും തണുപ്പുതേടിയുള്ള യാത്രകളായിരുന്നു അവിടേക്ക് എങ്കിൽ ഇന്ന് കാൽവരി വലിയ വിനോദസഞ്ചാര കേന്ദ്രമായിരിക്കുന്നു. ഉച്ചയോടുകൂടി ഇടുക്കിയിലെ നാരക കാനത്ത് ബസ് ഇറങ്ങി. അവിടെനിന്നും ബെന്നിച്ചെൻറ ഒാേട്ടാറിക്ഷയിൽ 50 രൂപ കൊടുത്ത് കാൽവരി മൗണ്ട് മല കയറിത്തുടങ്ങി.
കേവലം പത്തുമിനിട്ട് മാത്രമേ മുകളിലെത്താൻ എടുത്തുള്ളുവെങ്കിലും അതിനകം ബെന്നിച്ചൻ ഒരു കഥ പറഞ്ഞുതീർത്തു. അവിടെ ഇക്കോ ടൂറിസത്തിെൻറ ഉദ്യോഗസ്ഥരായ ഫോറസ്റ്റ് റേഞ്ച് ഒാഫിസർ ഷാൻട്രി സാറിനെയും ബീറ്റ് ഒാഫിസറായ ജോബി സാറിനെയും പരിചയപ്പെട്ടു. ഇടുക്കിയുടെ സൗന്ദര്യംപോലെ സ്വഭാവമുള്ള രണ്ട് ഉദ്യോഗസ്ഥർ. സംസാരത്തിലും പെരുമാറ്റത്തിലും നിറഞ്ഞുനിൽക്കുന്ന എളിമ. പെരുമാറ്റം എന്നത് അവരവരുടെ ചിത്രം കാണിക്കുന്ന കണ്ണാടി ആണെന്ന് പ്രശസ്ത ജർമൻ കവിയായ ജോഹൻ വോൾഡ്ഗാങ് വോൺ ഗോതെ പറഞ്ഞത് എത്രയോ ശരിയാണ്. പൊതുവെ ഇടുക്കിക്കാർ നിഷ്കളങ്കരാണ്. എന്തായാലും എനിക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം തയാറാക്കി തന്നു. താമസിയാതെ കാഴ്ചകൾ പകർത്താനായി കാമറയും എടുത്ത് മുന്നിലേക്ക് നടന്നു.
ഇരു മലകൾക്കും നടുവിലൂടെ കാണികളെ കൊതിപ്പിച്ച് ഒഴുകി അകലുന്ന പെരിയാറിനെ അങ്ങേയറ്റം ആസ്വദിക്കാൻ സന്ദർശകർക്കായി കുറച്ചു ഹട്ടുകളും അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. മലകളുടെ അതിരുകളിൽ വിരലോടിച്ചുകൊണ്ട് പതിയെ നീങ്ങിപ്പോകുന്ന ഇലകണങ്ങളും അവയുടെ കുളിരേറ്റ് തല താഴ്ത്തി നിൽക്കുന്ന പച്ചക്കുന്നിൽ മുത്തമിടുന്ന കുഞ്ഞു മഞ്ഞുമേഘങ്ങളും ഏറെ മനോഹാരിത ഉണർത്തുന്ന കാഴ്ചയായിരുന്നു. കാൽവരിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ കുന്നുകയറി ഏറ്റവും ഉയരത്തിലെ കുരിശുമലയിൽ എത്തണം. പക്ഷേ, പലരും അതിനു തയാറാകില്ല. എന്തായാലും ഞാൻ അതിനു മുകളിലേക്ക് നടന്നുകയറാൻ തീരുമാനിച്ചു. കാൽവരിക്കുന്ന് കല്യാണതണ്ട് എന്നും അറിയപ്പെടുന്നു. പണ്ട് ത്രേതായുഗത്തിൽ രാമെൻറയും സീതയുടെയും കല്യാണം ഇവിടെവെച്ച് നടന്നുവെന്നും. അവരുടെ ഹണിമൂൺ ഇവിടെ ആയിരുന്നുവെന്നും അതിന് ശേഷമാണ് ഇൗ സ്ഥലത്തിന് കല്യാണതണ്ട് എന്ന പേരുവന്നതെന്നും കഥകൾ പറയുന്നു.
ആ സമയത്തെ സീത കുളിച്ച ഒരു കുളവും ഇവിടെ ഉണ്ട്. അത് സീതക്കുളം എന്നും അറിയപ്പെടുന്നു. ആരിലും വിസ്മയം വിടർത്തുന്ന ദൃശ്യകാവ്യങ്ങളാണ് കാൽവരിക്ക് എന്നും കൂട്ടിനുള്ളത്. തന്നെ കാണാനെത്തുന്ന സഞ്ചാരപ്രിയരായ അതിഥികളുടെ മനസ്സിനെ തൊട്ടുണർത്തുന്നതും നിരനിരയായി പൊഴിഞ്ഞിറങ്ങുന്ന ഹിമകണങ്ങൾ സഞ്ചാരികളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കെൽപുള്ളവയുമാണ്. പ്രകൃതിയുടെ സകല വിസ്മയങ്ങൾക്കും ഇടംനൽകുന്ന കാൽവരി മലനിരകളിൽ എത്തിച്ചേരുന്ന ഏതൊന്നിനും തേൻറതായ കരവിരുതിനാൽ ഇതുവരെ കാണാത്ത സൗന്ദര്യം തുളുമ്പുന്ന രൂപമാറ്റം പകരാൻ സുശക്തയാണവൾ.
കാമറയുടെ ഒാരോ ക്ലിക്കിനും പ്രകൃതി നിയമിച്ച ബ്യൂട്ടീഷ്യനായാണ് കാൽവരിയെ എനിക്ക് തോന്നിയത്. ‘‘നിങ്ങളെ കാണാൻ അത്ര പോരാന്ന് ആരേലും പറഞ്ഞോ, നിങ്ങൾക്ക് സൗന്ദര്യം പോരാന്ന് ആരേലും പറഞ്ഞോ? എങ്കിൽ നേരെ ഇവിടേക്ക് വരൂ, ഒരു സെൽഫി എടുക്കൂ... പറഞ്ഞ ആൾക്ക് അയച്ചുകൊടുക്കൂ... തീർച്ചയായും അയാൾ അത് മാറ്റിപ്പറയും’’ എന്ന ഒരു പരസ്യവാചകം മെനഞ്ഞെടുക്കാനാണ് എനിക്ക് ആ സന്ദർഭത്തിൽ തോന്നിയത്. അവിടെ കാണുന്ന തൂണിനും തുരുമ്പിനും കല്ലിനുപോലും ഒരു വല്ലാത്ത സൗന്ദര്യം ആണ്. അപ്പോൾപിന്നെ മനുഷ്യെൻറ കാര്യം പറയേണ്ടതില്ലല്ലോ.
കാൽവരിയിലെ ഏതു ഭാഗത്തുനിന്ന് ചിത്രമെടുത്താലും നിങ്ങൾ സുന്ദരനും സുന്ദരിയുമാകുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ സെൽഫിയുടെ ഒരു മഹാ സമ്മേളനമാണ് അവിടെ നടക്കുന്നത്. അപ്പോഴാണ് സിനിമയിലെ നായകന്മാരെപോലെ ബുള്ളറ്റിൽ എഡ്വിെൻറയും ബാലസുബ്രഹ്മണിയുടെയും മാസ് എൻട്രി. ബാംഗ്ലൂർ െഎ.ടി കമ്പനിയിൽ ജോലിനോക്കുന്ന ആ നായകൻമാരുടെ ബൈക്കിെൻറ മലകയറ്റം എത്ര പകർത്തിയിട്ടും എനിക്ക് കൊതിതീർന്നില്ല. ഹോളിവുഡ് സിനിമകളിൽ കാണിക്കുന്ന ബൈക്ക് റൈസ് പോലെ ആയിരുന്നു ആ ദൃശ്യം. ആ കാഴ്ചകളൊക്കെ ആസ്വദിച്ച് അധികം താമസിയാതെ മലയുടെ നെറുകയിൽ എത്തി.
അവിടെനിന്നും താഴേക്കുള്ള കാഴ്ച ഏതൊരു സഞ്ചാരിയുടെ മനസ്സിനെയും അടിമുടി മുക്തരാക്കുമെന്നതിൽ സംശയമില്ല. അവിടെ പ്രകൃതി തീർത്ത പാറകളിൽ ഇരുന്ന് ഞാനാ മാവലംകാട്ടിലെ മായാലോകം ആസ്വദിച്ചു. വെയിലിലും വീശിയടിക്കുന്ന തണുത്ത കാറ്റ്, എങ്ങും പച്ചമൂടിയ മലനിരകൾ. താഴെ നീല ജലാശയം. സ്വയം മറന്നിരുന്നുപോകുന്ന നിമിഷങ്ങൾ, ഞാനും പകർത്തി കുറച്ച് സെൽഫികൾ. ഇവിടത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ് എന്ന റഫീഖ് അഹമ്മദിെൻറ വരികൾ അറിയാതെ ആരും പാടിപ്പോകും. അവിടെ മേയാനായി ഒരു പശുവിനെ കെട്ടിയിരിക്കുന്നു.
കാമറയിലൂടെ ആ ദൃശ്യങ്ങൾ നോക്കുേമ്പാൾ ഏതോ വിദേശരാജ്യം പോലെയാണ് ആ രംഗം കാണാൻ കഴിഞ്ഞത്. പുൽമേടുകളിൽ നിൽക്കുന്ന എന്തിനെയുംസൗന്ദര്യമുള്ളതാക്കും പെരിയാറിെൻറ നീല പശ്ചാത്തലം. പ്രകൃതിയുടെ ഒരു ഒാപ്പൺ സ്റ്റുഡിയോ ആണ് എന്ന് തന്നെ കാൽവരിയെ വിളിക്കാം. തമിഴ്നാട്ടിലെ ശിവഗിരി ഹിൽസിനു സമീപത്തുനിന്നും ഉദ്ഭവിച്ച് 244 കി.മി ഒഴുകുന്നതിനിടക്ക് മനുഷ്യൻ പെരിയാറിനു കുറുകെ മുല്ലപ്പെരിയാറിലും ഇടുക്കിയിലും ചെറുതോണിയിലും കുളമാവിലും ലോവർ പെരിയാറിലും ഭൂതത്താൻകെട്ടിലും ഒക്കെ അണക്കെട്ടുകൾ കെട്ടി അതിനെ തടയാൻ ശ്രമിച്ചെങ്കിലും അറബിക്കടലിനോടുള്ള അഗാധമായ പ്രണയം അതിനെ അറബിക്കടലിൽ തന്നെ ലയിച്ചുചേർത്തു എന്നുള്ളതാണ്. പ്രണയത്തോളം ശക്തി വേറൊന്നിനും ഇല്ല എന്ന് പറയുന്നത് എത്രയോ ശരിയാണല്ലേ. പെരിയാറിെൻറ വശ്യചാരുത മുഴുവൻ കാമറയിൽ ഒപ്പിയെടുത്ത് താഴേക്കിറങ്ങവെ ആണ് ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ ശ്രദ്ധയിൽപെട്ടത്.
അതായത്, കാൽവരിയിലേക്ക് എെന്ന കൊണ്ട് എത്തിച്ച ഒാേട്ടാക്കാരൻ ബെന്നിച്ചൻ പറഞ്ഞ കഥയിലെ നായകൻ... ആ കാണുന്ന സ്ഥലം ബെന്നിച്ചായേൻറതാണ്. ആ സ്ഥലം കിട്ടിയതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. തെൻറ അപ്പനപ്പൂപ്പൻമാരുടെ കാലം 1960^കളിൽ കട്ടപ്പനക്കടുത്തായിരുന്നു അവരുടെ താമസം. അന്നൊക്കെ മക്കളെ കെട്ടിച്ചുവിടുേമ്പാൾ കൊടുത്തിരുന്നത് ഇന്നത്തെപോലെ പൊന്നോ പണമോ ആയിരുന്നില്ല, മറിച്ച് ഭൂമി ആയിരുന്നു. അതുകൊണ്ടുതന്നെ മക്കൾക്ക് കൊടുക്കാനായി കുറച്ചു സ്ഥലം എവിടെയെങ്കിലും വാങ്ങണം എന്ന് തീരുമാനിക്കുകയായിരുന്നു അവർ.
അന്നത്തെ കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു നായാട്ട്. അങ്ങനെ പതിവുപോലെ ഒരു ദിവസം അവർ നായാട്ടിനിറങ്ങി. അന്ന് അവരുടെ തോക്കിന് ഇരയായത് കാട്ടുപോത്തായിരുന്നു. വെടികൊണ്ട മാത്രയിൽ ഒരു ഒറ്റ ഒാട്ടമാണ്. പിന്നെ ദൂെര എവിടെയെങ്കിലും ചെന്നാകും വീഴുക. അങ്ങനെ ആ കാട്ടുപോത്തിന് പുറകെ ഒാടി അവർ എത്തിയത് ഇവിടെ ആയിരുന്നു. അവിടെ അവർക്ക് അങ്ങ് വല്ലാണ്ട് ബോധിച്ചു. അങ്ങനെ കാട്ടുപോത്ത് കാണിച്ചുകൊടുത്ത ഇൗ മനോഹര സ്ഥലം അധികം താമസിയാതെ അവർ സ്വന്തമാക്കി. എന്തായാലും രസമുള്ള ആ കഥയുടെ ഒാർമക്കായി ആ ഒരു ചിത്രംകൂടി പകർത്തി താഴേക്ക് നടന്നു.
ഏത് ശീതകാല സഞ്ചാരിയെയും മോഹിപ്പിക്കാൻ പോന്നത്രയും മഞ്ഞുവീഴുന്ന സ്ഥലമാണ് കാൽവരി മൗണ്ട്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇൗ ഇടത്തിലേക്ക് ധാരാളം സഞ്ചാരികൾ എത്തിപ്പെടാറുണ്ട്. വന്നവർ വന്നവർ തന്നെ വീണ്ടും വരുന്നു. എത്രകാലം കണ്ടാലും മതിവരാത്ത ഒരു മോഹമായി കാൽവരി മാറിയിരിക്കുന്നു. ഡി.എഫ്.ഒ ത്യാഗരാജൻ, ഫോറസ്റ്റ് ഒാഫിസർ ഷാൻട്രി, ബീറ്റ് ഒാഫിസർ ജോബി, വനസംരക്ഷണ സമിതി സെക്രട്ടറി തോമസ് എന്നിവരുടെ കൂട്ടായ പ്രയത്നമാണ് കാൽവരിയെ ഇന്ന് അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര േകന്ദ്രമാക്കി മാറ്റിയത്. അപ്പോ നിങ്ങളും സുന്ദരനും സുന്ദരിയുമാകാൻ കാൽവരിയിലേക്ക് ചലിക്കുകയല്ലേ...?
സുന്ദരനും സുന്ദരിയും ആകാൻ പുറപ്പെടേണ്ട ബസ് സമയങ്ങൾ.
കോഴിക്കോട്ടുനിന്നും കട്ടപ്പനക്ക്: 1 am, 11.55 pm
പെരിന്തൽമണ്ണയിൽനിന്നും: 6.30 am, 8.15 am
തൃശൂരിൽനിന്നും: 12.35 am, 3.00 am, 3.50 am, 7.45 am, 8.20 am, 10.25 am.
എറണാകുളത്തുനിന്നും: 3.15 am, 4.00 am, 4.55 am, 5.50 am, 5.55 am, 6.10 am, 9.30 am, 10.00 am, 11.40 am, 12.00 pm.
കൂടുതൽ വിവരങ്ങൾക്ക്: ഷാൻറി ടോം- 9446 225 462, ജോബി: 9605 049 744
ഇക്കോ ടൂറിസത്തിെൻറ ഭാഗമായി താമസിക്കാൻ ഇപ്പോൾ രണ്ട് ഇക്കോ കോേട്ടജുകളും ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.