വടക്കുകിഴക്കേ അറ്റത്തെ ഹൃദയങ്ങൾ
text_fieldsമനുഷ്യത്വത്തിനും മുകളിൽ ദേശഭക്തിയെ
വാഴിക്കില്ല ഞാൻ,
വജ്രത്തിെൻറ വിലക്ക് ചില്ലുകഷണങ്ങൾ
വാങ്ങാനില്ല ഞാൻ
-രവീന്ദ്രനാഥ ടാഗോർ
എത്ര ജാഗ്രതയോടെയാണ് ഓരോ രാജ്യവും അതിർത്തികൾ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. തോക്കുകളും അത്യാധുനിക ആയുധങ്ങളുമായി ഉറങ്ങാതെയിരിക്കുന്ന സൈനികർ, ഭീമൻ വേലികൾ, റഡാറുകൾ, ലേസർ കാമറകൾ തുടങ്ങി എല്ലാ പഴുതുകളും അടച്ച് ഒരു ഉറുമ്പുപോലും അങ്ങോട്ടോ ഇങ്ങോട്ടോ കടക്കാതിരിക്കാൻ കാവൽ. എന്നിട്ടും രണ്ട് രാജ്യങ്ങളിലെ ജനങ്ങൾ ഒരു പുഴയുടെ സ്നേഹതീരത്തു സംഗമിക്കുന്ന കാഴ്ച ഇന്ത്യയിൽത്തന്നെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. അവരെ സംബന്ധിച്ച് ഉള്ളിലെ സൗഹാർദത്തള്ളിച്ചയുടെ വേലിയേറ്റത്തിൽ മാഞ്ഞുപോവുന്നതാണ് ദേശീയത വരച്ചുവെച്ച നിയന്ത്രണരേഖ. ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്ത് ബംഗ്ലാദേശുമായി അതിരു പങ്കിടുന്ന ഉമനാഘട്ട് നദിക്കരയിൽചെന്നാൽ മനുഷ്യസ്നേഹം മതിലുകൾ ഭേദിക്കുന്നതെങ്ങനെയെന്ന് നേരിട്ടു കാണാം. അതും ശക്തമായ നിരീക്ഷണ സംവിധാനത്തിനു ചുവട്ടിൽ നിന്നുതന്നെ.
സ്ഫടികപ്പുഴ കടന്ന് അയൽക്കാർക്കിടയിൽ
ഉമനാഘട്ട് നദിയുടെ മനോഹാരിത മറന്ന് അതിർത്തിയിലേക്ക് പോവുക വയ്യ. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കൊഴുകിയ പോലൊരു പുഴ. മേഘാലയൻ ഗോത്രവർഗക്കാരുടെ മനസ്സോളം സുന്ദരം, സ്ഫടിക സമാനം. രാജ്യത്തെ ഏറ്റവും മാലിന്യമുക്തമായ നദിയാണത്രെ ഉമനാഘട്ട്. രണ്ടാൾപ്പൊക്കത്തിൽ ആഴമുണ്ടെങ്കിലും പച്ച നിറത്തിൽ ചാലിച്ച അടിത്തട്ടിൽ കല്ലുകൾ ഗ്ലാസ് അക്വേറിയത്തിലെന്നപോലെ തെളിഞ്ഞുകാണാം. സൂര്യപ്രകാശത്തിൽ അവ വെട്ടിത്തിളങ്ങുന്നു. ഇതിന് കുറുകെയുള്ള ദൗകി പാലത്തിനു മുകളിൽനിന്ന് നോക്കിയാൽ ഗ്ലാസിന് മുകളിലൂടെെയന്നോണം തെന്നി നീങ്ങുന്ന തോണികൾ. ഒരു ത്രിമാനചിത്രം ആസ്വദിക്കുന്ന അനുഭവമായാണ് അനുഭവപ്പെടുക.
തോണി തിരിച്ചു നീങ്ങുകയാണ്. ദൗകി പാലത്തിനടിയിലൂടെ മടങ്ങുമ്പോൾ പുഴയുടെ അങ്ങേക്കരയിൽ കുെറ പേർ നിൽക്കുന്നു. ആരാണവരെന്ന ചോദ്യത്തിന് തോണിക്കാരൻ നൽകിയ മറുപടി അദ്ഭുതപ്പെടുത്തി, 'ബംഗ്ലാദേശികൾ!' നമ്മെപ്പോലെ ദൗകിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയവർ. മുജീബുർറഹ്മാെൻറയും ശൈഖ് ഹസീനയുടെയും മുഹമ്മദ് യൂനുസിെൻറയും നാട്ടുകാരതാ കൈയെത്തും ദൂെര. കുറെ പിറകിലോട്ട് മാറി ബംഗ്ലാദേശി വീടുകൾ കാണാം. പള്ളികളിൽ നിന്ന് ബാങ്കൊലിയും പ്രഭാഷണങ്ങളും കേൾക്കുന്നു. വിളിച്ചാൽ കേൾക്കുന്നത്രയും അകലത്തിലൂടെ കൊണ്ടുപോയ തോണിക്കാരന് മടങ്ങിപ്പോവാനുള്ള തിടുക്കം. കുെറപ്പേർ പുഴയിലേക്ക് നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.
തൊട്ടടുത്തെത്തിയിട്ടും ബംഗ്ലാ മണ്ണിൽ കാലുകുത്താതെ, ഒരുകാലത്ത് ഇന്ത്യക്കാരായിരുന്നവരുടെ പിന്മുറക്കാരോട് ഒരുവാക്ക് മിണ്ടാതെ തിരികെപ്പോരുന്നതെങ്ങനെ? പുതിയ മലയാളത്തിൽ പറഞ്ഞാൽ 'കുമ്മനടി'ക്കാനൊരു ചെറിയ ശ്രമം. റോഡ് മാർഗം അതിർത്തിയിലെത്താൻ 10 കി.മീറ്റർ കൂടി പോകണം. തമാബിലിലാണ് ചെക് പോസ്റ്റ്. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ദൗകി തൂക്കുപാലം കടന്ന് ഏകദേശം കാൽ കി.മീറ്റർ മുന്നോട്ടു നടന്നാൽ പുഴയുടെ മറുകരയിൽ ബംഗ്ലാദേശികൾ നിൽക്കുന്ന ഭാഗത്തേക്കിറങ്ങാം.
രണ്ടു രാജ്യങ്ങൾ ഒറ്റ സെൽഫിയിൽ
അതിർത്തി രക്ഷാസേനയുടെ 30 ബറ്റാലിയൻ ദൗകി-തമാബിൽ മേഖലയിൽ കാവൽ നിൽക്കുന്നുണ്ട്. ഉമനാഘട്ട് നദിക്കരയിൽ പേക്ഷ, ഏതാനും പട്ടാളക്കാരെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. നുഴഞ്ഞുകയറ്റക്കാരെ കാമറകൾ വഴി നിരീക്ഷിക്കുന്നുണ്ടാവണം. കൗതുകത്തോടെയാണ് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിനോദ സഞ്ചാരികൾ പരസ്പരം നോക്കുന്നത്. ചിലർ തമ്മിൽ സംസാരിക്കുന്നു, അയൽരാജ്യക്കാരാണ് കൺമുന്നിലെന്ന് വിശ്വസിക്കാൻ പ്രയാസം. ഇരുകൂട്ടരും ഇടകലരുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ടിരിക്കുന്ന ബി.എസ്.എഫ് ജവാൻ മാറിനിൽക്കാൻ ആവശ്യപ്പെടുന്നുമുണ്ട്.
ബംഗാളികളുടെയും ബംഗ്ലാദേശികളുടെയും ഇഷ്ട ഇനമായ ബെറി അച്ചാറിെൻറ വിൽപന തകൃതിയായി നടക്കുന്നുണ്ട്. 'തീസ് റുപയാ, ആഒാ ഭയ്യാ...' എന്ന് ബംഗ്ലാ കച്ചവടക്കാർ വിളിച്ചുപറയുമ്പോൾ പോകരുതെന്ന് ആംഗ്യം കാണിക്കുന്നുണ്ട് ജവാൻ. ഒടുവിൽ അദ്ദേഹത്തിെൻറ പാതിസമ്മതത്തോടെ പെട്ടെന്ന് ചെന്ന് വാങ്ങിവന്നു. ഇന്ത്യൻ, ബംഗ്ലാദേശി കറൻസികൾ ഒരുപോലെ സ്വീകരിക്കുന്നുണ്ട് കച്ചവടക്കാർ.
ഗുവാഹതിയിൽ നിന്ന് ദൗകി വഴി ധാക്കയിലേക്ക്
വിമാനത്തിലോ തീവണ്ടി മാർഗമോ ഗുവാഹതിയിലെത്തിയാൽ അവിടെനിന്ന് രണ്ടര മണിക്കൂർകൊണ്ട് ഷില്ലോങ് പിടിക്കാം. ഗുവാഹതിയിലെ ഖനാപാറയിൽ നിന്ന് ഷില്ലോങ്ങിലെ പൊലീസ് ബസാറിലേക്ക് ഷെയർ ടാക്സി കിട്ടും. 89 കി.മീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂറോളം എടുക്കും യാത്രക്ക്. ഡിസംബറിൽ 20 ഡിഗ്രി താപനിലയുള്ള ഗുവാഹതിയിൽനിന്ന്് എൻ.എച്ച്^6ലൂടെയുള്ള യാത്ര. മേഘങ്ങളുടെ നാടായ മേഘാലയയിലേക്ക് അടുക്കുംതോറും തണുപ്പ് കൂടിക്കൊണ്ടിരിക്കും.
അവശിഷ്ട ഹിമാലയത്തിൽ കുന്നുകളും താഴ്വരകളും നിറഞ്ഞ മേഘാലയയിൽ 12 ഡിഗ്രിയാണ് ഡിസംബറിലെ ശരാശരി താപനില. ഷില്ലോങ്ങിലെ അഞ്ജലിയിൽനിന്ന് 82 കി.മീറ്റർ ദൂരമുണ്ട് ദൗകിയിലേക്ക്. ചിലയിടങ്ങളിൽ പാത ദുർഘടം. ഉച്ചയോടെ കോടയിറങ്ങാൻ തുടങ്ങും. മഴക്കാടുകളും സമതലങ്ങളും പാറക്കൂട്ടങ്ങളും കുന്നുകളും അരുവികളും കൊക്കകളുമൊക്കെയായി കാഴ്ചക്കാരെ വിടാതെ പിന്തുടരുന്ന പ്രകൃതിസൗന്ദര്യം. തവിട്ടു നിറമുള്ള കുന്നുകളെ തഴുകി മേഘക്കൂട്ടങ്ങൾ പറന്നുപോകുന്നു. സൊഹ്റ എന്നറിയപ്പെടുന്ന ചിറാപുഞ്ചി പല കവലകളിലും വലത്തോട്ട് സൂചനാബോർഡ് വെച്ച് മാടി വിളിക്കുന്നുണ്ട്.
ഈസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ജയ്ൻറിയ ഹിൽസ് ജില്ലകളെ വേർതിരിക്കുന്നത് ഉമനാഘട്ട് നദിയാണ്. ഖാസി കുന്നുകളുടെ കിഴേക്ക അറ്റത്തുനിന്ന് ഇതിനു മുകളിൽ നിർമിച്ചിരിക്കുന്ന ദൗകി പാലം കടന്നാൽ ജയ്ൻറിയ കുന്നുകളിലെത്താം. അസമിൽനിന്ന് മേഘാലയയിലൂടെ ബംഗ്ലാദേശിലേക്ക് ബസ് സർവിസുണ്ട്. യാത്രാരേഖകളുള്ളവർക്ക് ഗുവാഹതിയിൽനിന്ന് തുടങ്ങി ഷില്ലോങ്ങിലൂടെ ദൗകി തൂക്കുപാലവും തമാബിൽ ചെക് പോസ്റ്റും കടന്ന് ധാക്കയിലേക്ക് പോകാം.
കൊൽക്കത്തയിൽനിന്ന് കാഞ്ചൻജംഗ എക്സ്പ്രസിൽ ഗുവാഹതിയിലേക്കുള്ള യാത്രയിൽ തൊട്ടടുത്തിരുന്നയാൾ ബംഗ്ലാദേശിയാണെന്ന് കുെറ കഴിഞ്ഞാണ് അറിയുന്നത്. ബരിസാൽ ഭോല സ്വദേശിയായ നദീം ഹുസൈൻ ഖാൻ നടനും മോഡലുമാണ്. ഔദ്യോഗികാവശ്യാർഥം ഗുവാഹതിയിൽ പോവുന്നു. ധാക്കയിൽ നിന്ന് വിമാനമാർഗം കൊൽക്കത്തയിൽ. ദൗകിയിൽച്ചെന്ന് ബംഗ്ലാദേശികളെ കാണുകകൂടി യാത്രയുടെ ഉദ്ദേശ്യമാണെന്നറിയിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നെ അതിർത്തികളെപ്പറ്റി സംസാരിച്ചു.
അപ്പുറത്തും ഇപ്പുറത്തും ജീവിക്കുന്നവർ ഒരേ ഭാഷയായിരിക്കും സംസാരിക്കുന്നത്. ഭക്ഷണവും ഒന്നുതന്നെ. നിറവും രൂപവുമൊക്കെ ഒരുപോലിരിക്കും. പേക്ഷ, അടുത്തു ചെന്ന് കൈപിടിച്ച് സംസാരിക്കണമെങ്കിൽ രണ്ടിലൊരാൾക്ക് വിസയും പാസ്പോർട്ടും വേണം. കാവൽക്കാരുടെ പരിശോധനകൾക്ക് വിധേയമാവണം. ദൗകിയിലെ സൗഹൃദക്കാഴ്ചകൾപോലും ഇല്ലാതാകാൻ ഇനി അധികനാളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.