മഞ്ഞണിഞ്ഞ മാമലയിൽ...
text_fieldsഇടുക്കി ജില്ലയിലെ പരുന്തുംപാറയിലേക്ക് ഒരു യാത്രപോയാലോ! പീരുമേട് നിന്നും എട്ട് കിലോമീറ്റർ അകലെയുളള പരുന്തുംപാറക്ക് എങ്ങനെയാവാം ഈ പേര് കിട്ടിത് ? ഒരുപക്ഷേ ഇവിടെ കാണുന്ന പാറയ്ക്ക് പരുന്തിൻെറ തലയുടെ രൂപസാദൃശ്യമുളളതുകൊണ്ടാകാം. എന്നാൽ ഈയൊരു പാറ മാത്രമല്ല പരുന്തുംപാറയിലുള്ളത്. അതിലൊന്നാണ് ടാഗോർ പാറ. ടാഗോറിൻെറ മുഖസാദൃശ്യമുളള ഒരു പാറ! കൂടാതെ ആനയുടെ മസ്തകത്തിൻെറ ആകൃതിയുളള പാറയുമുണ്ട്. പാറയുടെ ഈ രൂപങ്ങളും ഇടയ്ക്കിടെയുണ്ടാകുന്ന മൂടൽമഞ്ഞുമാണ് സമുദ്രനിരപ്പിൽ നിന്നും 1200 അടി ഉയരത്തിലുള്ള ഇവിടേക്ക് യാത്രക്കാരെ ആകർഷിക്കുന്നത്.
ഇനി യാത്രയുടെ വിശേഷങ്ങളിലേക്ക്: തേയിലത്തോട്ടങ്ങളും കുന്നുകളും കയറ്റവും താണ്ടി ഉച്ചക്ക് ഏകദേശം രണ്ടു മണിക്കാണ് പരുന്തുംപാറയിൽ എത്തിയത്. കാറ്റും കുളിരുമാണ് നമ്മളെ വരവേൽക്കുക. അതിനാൽ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ കാറ്റ് അടിച്ചു താഴെ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. തണുത്ത കാറ്റും മൂടൽമഞ്ഞും ആസ്വദിക്കുമ്പോൾ ചിലരെങ്കിലും പറയുന്നത് കേൾക്കാം – എന്തിനാ ഈട്ടിയിലും കൊടൈക്കനാലുമൊക്കെ പോകുന്നത് – എന്ന്. നോക്കിനോക്കി നിൽക്കുമ്പോഴാണ് മൂടൽമഞ്ഞ് എത്തുന്നത്. അതൊരു വിസ്മയക്കാഴ്ച തന്നെയാണ്.
ഏതാനും മുറുക്കാൻകടകളും ഐസ് കച്ചവടക്കാരും ഇവിടെ ശബ്ദമുഖരിതമാക്കുന്നു. എൻട്രൻസ് ഫീയോ പാർക്കിംഗ് ഫീയോ ഇല്ലാത്ത കേരളത്തിലെ ഏക വിനോദസഞ്ചാരകേന്ദ്രമാണിത്. നീണ്ടു നിവർന്നു കിടക്കുന്ന മലകളും വിശാലവും പച്ചയുമായ പുൽമേടുകൾ, അഗാധമായ താഴ്വരകൾ ഇവയെല്ലാം പരുന്തുംപാറയെ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. ഉച്ചക്ക് എത്തിയത് തെറ്റിപ്പോയോ എന്ന് ആദ്യം തോന്നിയെങ്കിലും തെറ്റു പറ്റിയില്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. കോട്ടയം – കുമളി ഹൈവേയിൽ കല്ലാർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പരുന്തുംപാറ വരെയാണ് വാഹനം എത്തും. നടക്കേണ്ടതില്ല എന്ന് സാരം. അതിനാൽ ഏതു പ്രായക്കാർക്കും ഇവിടെ വരുന്നതിനും സ്ഥലങ്ങൾ കാണുന്നതിനും യാതൊരു ബുദ്ധിമുട്ടില്ല.
വിനോദസഞ്ചാരികളുടെ അതിപ്രസരം ഇല്ലാത്തതിനാൽ ഇവിടെ പ്രകൃതി അതിൻെറ തനിമ നഷ്ടപ്പെടാതെ നിൽക്കുന്നു. ഇടയ്ക്ക് എത്തുന്ന മൂടൽമഞ്ഞ് അതീവ മനോഹാരിത പകരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയാൽ കാണുന്ന മലമുകളിൽ നിന്നും നോക്കുമ്പോഴുള്ള കാഴ്ചകൾ നയനമനോഹരമാണ്. താഴ്വരകളും വനപ്രദേശവും നീരുറവകളും വെളളച്ചാട്ടങ്ങളും തുടങ്ങിയ ആകാശ ദൃശ്യം അത്രയും ഹൃദയസ്പർശിയാണ്. എന്നാൽ വേലിക്കിടയിലൂടെ നുഴഞ്ഞിറങ്ങി സാഹസങ്ങളിലും ഏർപ്പെടുന്ന ചില യുവാക്കൾ, അപകടം വിളിച്ചുവരുത്തുന്നുണ്ട്. അത്തരം സ്ഥലങ്ങളെ നാട്ടുകാർ സൂയിസൈഡ് പോയിൻ്റ് എന്ന് വിളിച്ചുവരുന്നു.
പരുന്തിൻെറ രൂപമുളള പാറയുടെ മുകളിലേക്ക് ആളുകൾ പോകുന്നത് കണ്ടു. പക്ഷെ കുട്ടികളെയും മറ്റും അങ്ങോട്ട് പോകാതിരിക്കാൻ മുതിർന്നവർ ശ്രദ്ധിക്കണം. താഴ്വരയുടെ ഭാഗങ്ങളിൽ കമ്പിവേലി കെട്ടിയിട്ടുണ്ട്. കൂടാതെ താഴ്വരയുടെ ഭാഗം മുതൽ കുന്നിൻ മുകൾ വരെ നടക്കാൻ ട്രക്കിംഗ് റോഡും നിർമ്മിച്ചിട്ടുണ്ട്. അതിലൂടെ നടന്ന് കാഴ്ചകൾ കാണാൻ ആസ്വദിക്കാനാകും. വാഹനങ്ങൾ കുന്നിൻ മുകളിൽ പാർക്ക് ചെയ്ത് താഴേക്ക് നടക്കുന്നവരെയും താഴെ പാർക്ക് ചെയ്ത് മുകളിലേക്ക് നടക്കുന്നവരെയും കാണാവുന്നതാണ്.
സമയക്കുറവാണെങ്കിൽ അര മണിക്കൂർ കൊണ്ടും അല്ലെങ്കിൽ ഒന്നര മണിക്കൂർ വരെയും ഇവിടെ ചിലവഴിക്കാം. കാഴ്ചയിൽ ഒരിക്കലും മുഷിയാത്ത ഈ സ്ഥലം ഒരു തവണയെങ്കിലും സന്ദർശിക്കണം. അനവധി സിനിമകളുടെ ലൊക്കേഷനായ ഇവിടെ ഈ മൂടൽമഞ്ഞ് ആസ്വദിക്കാനും കാഴ്ചകൾ കാണാനുമായി ദിനംപ്രതി ആയിരങ്ങൾ എത്തുന്നു. എങ്കിലും ഈ സ്ഥലം ഇനിയും കേരളത്തിൻെറ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടില്ല.
ഒരു പരിമിതിയായി അനുഭവപ്പെട്ടത് മൂത്രപ്പുര സൗകര്യം പോലും ഇവിടെ ഇല്ലെന്നുള്ളതാണ്. അഴിച്ചുവിട്ട ഒട്ടനവധി നായ്ക്കളെയും ഇവിടെ കാണാം. എന്നാൽ അവ ഉപദ്രവകാരികളല്ല. കല്ലാറിനും പരുന്തുംപാറയ്ക്കുമിടയിലുളള യാത്രയും നയനാന്ദകരം തന്നെ. ശബരിമലയിൽ തെളിയുന്ന മകരജ്യോതിയും ഇവിടെ നിന്നും ദൃശ്യമാകുന്നതിനാൽ മകരസംക്രാന്തി ദിനത്തിൽ ഇവിടെ വൻജനാവലി ഉണ്ടാകും.
പരുന്തുമ്പാറയിൽ എത്താൻ:
കോട്ടയം, പത്തനംതിട്ട ഭാഗത്ത് നിന്നും വരുന്നവർ മുണ്ടക്കയത്ത് എത്തി അവിടെ നിന്നും കുട്ടിക്കാനം വഴി പീരുമേട് എത്തുക. പീരുമേട്ടിൽ നിന്നും 3.5 കിലോമീറ്റർ കുമിളി റോഡിൽ യാത്ര തുടർന്നാൽ കല്ലാർ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെ നിന്നും വലത്തേക്ക് തിരിയുക. വീണ്ടും 3.5 കിലോമീറ്റർ കഴിയുമ്പോൾ പരുന്തുംപാറയിൽ എത്താം.
തിരിച്ചുള്ള യാത്ര
മുണ്ടക്കയത്ത് നിന്നും 26 കിലോമീറ്റർ ദൂരമാണ് പരുന്തുംപാറയിലേക്ക് ഉള്ളത്. പരുന്തുംപാറയിൽ നിന്നും തിരികെ കല്ലാറിൽ എത്തി വലത്തേക്ക് തിരിഞ്ഞ് 26 കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പനാർ, വണ്ടിപെരിയാർ, കുമിളി വഴി തേക്കടിയിലുമെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.