Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പട്ടാമ്പിപ്പ​ുഴ നിറഞ്ഞുകവിയുന്നത്​ എത്രയോ കാലങ്ങൾക്കു ശേഷമാണ്​
cancel
camera_alt

പട്ടാമ്പിപ്പ​ുഴ നിറഞ്ഞുകവിയുന്നത്​ എത്രയോ കാലങ്ങൾക്കു ശേഷമാണ്​.... (ഫോ​േട്ടാ: മുസ്​തഫ അബൂബക്കർ)

Homechevron_rightTravelchevron_rightNaturechevron_rightപാലൈ വനത്തിലെ മഴ

പാലൈ വനത്തിലെ മഴ

text_fields
bookmark_border

''മഴ പെയ്യുന്നു ......മഴ മാത്രമേയുള്ളൂ ......
ഇടിയും മിന്നലുമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ....
അനാദിയായ മഴവെള്ളത്തിന്റെ സ്പർശം...'' (ഖസാക്കിന്റെ ഇതിഹാസം)

പാലക്കാടിനുമേൽ മഴ പെയ്യുകയാണ്​... കരിമ്പനകൾ കാറ്റിൽ മുടിയഴിച്ചിട്ട് തിമിർത്താടുന്ന മഴ ...തോടും പാടവുമൊക്കെ നിറഞ്ഞ്​ പായുന്ന മഴ ......കർമബന്ധത്തിന്റെ ഏതോ ചരട് വഴി മാറി കൊണ്ടുവന്ന നിർദോഷിയായ രവിയെന്ന പഥികനെ ചെതലി മലയുടെ താഴ്​വാരത്തെ ബസ്​ സ്​റ്റോപ്പിൽ മരണത്തോടൊപ്പം ചുംബിച്ചുറക്കിയ അതേ മഴ ....

അതേ, പാലക്കാടിനു മേൽ മുമ്പെങ്ങുമില്ലാത്തവിധം മഴ നിറഞ്ഞു പെയ്യുകയാണ് ..
ചുരം കടന്നു വന്നിരുന്ന വരണ്ട ഉഷ്ണക്കാറ്റ് പാഴ്ക്കഥയാവുകയാണ് ....
മനസ്സ് മടുക്കുന്ന, ചൂടിൽ എരിപിരിക്കൊണ്ടിരുന്ന മീനവും മേടവും എന്നോ കണ്ടു മറന്ന ദുസ്വപ്നങ്ങളാവുകയാണ് ...
പാലക്കാടിന്റെ നാട്ടുവഴികളും തോടുകളും പുഴകളും കുളങ്ങളും നിറഞ്ഞൊഴുകിയിട്ടും മഴക്കു മതിയാവുന്നില്ല ....
കാറ്റത്തുലയുന്ന കരിമ്പനകളുടെ പരിഭവം കേൾക്കാൻ കാത്തു നിൽക്കാതെ കാറ്റ് ചൂളം വിളിച്ചു പായുന്നു ...
മാനത്തി​​​​​െൻറ കനിവ് കാത്തുകിടന്ന മലമ്പുഴയിന്ന് മഴയുടെ ലാളനങ്ങളേറ്റ് പൊട്ടിച്ചിരിക്കുകയാണ് .......
ഒരു നീർച്ചാല് പോലെ ഒഴുകിയിരുന്ന കൽപ്പാത്തിപ്പുഴ കൈകളിൽ കുപ്പിവളകളും കാലുകളിൽ പാദസരവുമണിഞ്ഞ, പട്ടുപുടവയുടുത്ത, മുല്ലപ്പൂചൂടിയ ഒരു അഗ്രഹാരസുന്ദരിയായി കീർത്തനങ്ങൾ മൂളി നിറഞ്ഞൊഴുകുന്നു ....

ചെതലി മലയുടെ താഴ്​വരയിൽനിന്ന്​ രവിയെ മരണത്തിലേക്ക്​ വിളിച്ചുകൊണ്ടുപോയ അതേ മഴ തസ്രാക്കിലെ ഞാറ്റുപുര മുറ്റത്ത്​ ഇപ്പോഴും പെയ്​തുകൊണ്ടിരിക്കുന്നു...


ഇവിടെ ചെറിയ മുറ്റത്ത് മഴ എനിക്ക് മുന്നിൽ പെയ്തു തോരുമ്പോൾ പാലക്കാട്ടുകാർ 'വെക്കാനം' എന്നു വിളിക്കുന്ന ഇളവെയിൽ ഒന്നെത്തിനോക്കുമ്പോഴേക്കും കാറ്റി​​​​​െൻറ കൈയും പിടിച്ച് അടുത്ത മഴ ഓടിവരികയായി .....പെയ്യുകയും തോരുകയും പിന്നെയും പെയ്യുകയും ചെയ്യുന്ന ഈ മഴ നടന്നു വന്ന വഴികളിലേക്ക് തിരികെ പിടിച്ചു നടത്തുന്നു...
മഴയെപ്പോഴും അങ്ങിനെയാണ്, കുളിരിനോടൊപ്പം ഒരുപാടു ഓർമ്മകളെയും നമ്മുടെ മേൽ കുടഞ്ഞിടും ...

മഴത്തുള്ളികൾക്ക് തണുപ്പാണെന്നാരാണ് പറഞ്ഞത്..?
ഓർമമുറിവുകളിൽ അതു വന്നു വീഴുമ്പോൾ അതിനു തീക്കനലി​​​​​െൻറ ചൂടാണ് .
മഴയോർമകൾ എപ്പോഴും തുടങ്ങുന്നത് നാട്ടിലെ ഗ്രാമത്തിലെ യു .പി. സ്കൂളിൽ നിന്നാണ് ....രാവിലെ എഴുന്നേൽക്കുമ്പോൾ വിട്ടു നിൽക്കുന്ന മഴ, സ്കൂളിലേക്ക് ഒരുങ്ങാൻ നേരം തിടുക്കം പിടിച്ചു വരും ...അടുക്കളയിലെ തിരക്കിൽ നിന്നും സാരിത്തുമ്പിൽ കൈ തുടച്ച് മുടി പിന്നിയിട്ടു തരാൻ അമ്മ ഓടി വരും. രണ്ടു ഭാഗത്തായി പിന്നിയിട്ട മുടിയിൽ റിബ്ബൺ ചേർത്തു മടക്കി കെട്ടിയാലേ അമ്മക്ക് തൃപ്തിയാകൂ. എന്നും ഒരേ പോലെ മുടി പിന്നിയിടുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന എന്നെ അമ്മ ശ്രദ്ധിക്കുക പോലുമില്ല. പിന്നെ പ്രാതൽ നിന്നുമിരുന്നും കഴിച്ചെന്നു വരുത്തി പുസ്തക സഞ്ചി തോളിൽ തൂക്കി കൂട്ടുകാരെയും കാത്തു നിൽക്കുമ്പോൾ 'നല്ല കുടയാണ് , ഒരു കേടുമില്ല..' എന്നുപറഞ്ഞു അമ്മ എവിടെയോ നിന്ന് എടുത്തു കൊണ്ടുവരുന്ന പഴയ കുട. അച്ഛൻ വാഗ്ദാനം ചെയ്ത പുതിയ കുടയെ ഓർത്തു മനസ്സിനെ സമാധാനപ്പെടുത്തി മുറ്റത്തേക്കിറങ്ങുമ്പോൾ 'ഞാൻ വന്നു' എന്ന് നാണത്തോടെ കിണുങ്ങി പിന്നെ ഉറക്കെ ചിരിച്ച്​ മഴയെത്തും .....

കേട്ടുമറന്ന കഥകളിൽ നിറഞ്ഞൊഴുകിയ നിള ഇപ്പോൾ കൺമുന്നിൽ ഇരുകരകളെ കൂട്ടിപ്പിടിച്ച്​ കടലിലേക്ക്​ പായുന്നു... (ഫോ​േട്ടാ: മുസ്​തഫ അബൂബക്കർ)

അന്ന് ഞങ്ങൾക്ക് ഏഴാം ക്ലാസ്സ് വരെ യൂണിഫോമി​​​​​െൻറ ഭാരം ഇല്ലായിരുന്നു. ആദ്യ ദിവസം ഏറ്റവും നല്ല ഉടുപ്പാവും ഇടുക. സമയം വൈകുമെന്ന അമ്മയുടെ മുന്നറിയിപ്പ് അവഗണിക്കാനാവാതെ മഴയത്തിറങ്ങി നടക്കും. വീടു കഴിഞ്ഞ്​ അഞ്ചാറ് വീടുകൾ കഴിഞ്ഞ്​ ഒരു ഇറക്കവും പിന്നിട്ടാൽ പിന്നെ പാടമാണ്. അവിടെയെത്തുമ്പോൾ ഒരു തടസ്സവുമില്ലാതെ കാറ്റ് അരികിലേക്കോടി വരും. കാറ്റി​​​​​െൻറ തോളിൽ കൈയിട്ട് മഴയുമെത്തും. ഒരു ദാക്ഷിണ്യവുമില്ലാതെ നനക്കുമ്പോഴും മഴയോട് പക്ഷേ, പരിഭവം തോന്നാറില്ല. 'അഞ്ചാം പാലം' എന്ന് ഞങ്ങൾ വിളിക്കുന്ന കലുങ്കിനടിയിലൂടെ ഒഴുകുന്ന തോട്ടിൽ ചുവന്ന വെള്ളം നിറഞ്ഞൊഴുകുന്നത് കുറച്ചു നേരം നോക്കി നിൽക്കും. 'പോവാം , നേരമായി..' എന്ന കൂട്ടുകാരുടെ വിളി കേൾക്കെ നടക്കും. സ്കൂളിൽ എത്തുമ്പോഴേക്കും നനഞ്ഞു കുതിർന്നിരിക്കും. ക്ലാസ് മുറിയിൽ ബെഞ്ചുകൾക്ക് പിന്നിലുളള സ്ഥലത്തു കുടകൾ നിവർത്തി വെക്കും . സഞ്ചിയും നനനഞ്ഞിട്ടുണ്ടാവും. നനഞ്ഞ ഉടുപ്പോടെ ബഞ്ചിലിരിക്കുമ്പോൾ കാറ്റത്തു ചിലപ്പോൾ വല്ലാതെ തണുക്കും. അപ്പോഴും പുറത്തു പിറുപിറുത്തുകൊണ്ടിരിക്കുന്ന മഴയോട്​ പരിഭവം തോന്നാറേയില്ല...

ചില ദിവസങ്ങളിൽ റോഡിലൂടെ പോവുന്നതിനു പകരം ഞങ്ങൾ പാടത്തു കൂടി പോവും. വരമ്പുകൾക്കിടയിലൂടെ വെള്ളം കടത്തി വിടുന്ന കഴായകൾ ഉണ്ടാവും. അതിൽ നീന്തി കളിക്കുന്ന മീൻ കുഞ്ഞുങ്ങളെ നോക്കിയും വെള്ളത്തിലിറങ്ങി നിന്നും നേരം കളയുമ്പോൾ സ്കൂളിൽ നിന്നും ഫസ്റ്റ് ബെൽ അടിക്കുന്നത് കേൾക്കാം ....

സ്കൂൾ കാലം കഴിഞ്ഞു കോളജിലെത്തിയപ്പോൾ മഴ കൂടുതൽ സുന്ദരിയായി. ചിറ്റൂർ കോളജ് കവാടം കഴിഞ്ഞ് കൊഴിഞ്ഞ വാകപ്പൂക്കൾ ചുവന്ന പരവതാനി വിരിച്ച റോഡിലൂടെ കോളജിലേക്ക് നടക്കുമ്പോൾ ഇരുവശത്തു നിന്നും കാറ്റ് വല്ലാതെ ശല്യപ്പെടുത്തും. കോപാവിഷ്ടയായ മഴ... പറന്നു പോവുന്ന കുടകളും ആർപ്പുവിളികളും... പക്ഷേ, ചിലപ്പോഴൊക്കെ ശാന്തയായി ഈറനുടുത്ത് ശോകനാശിനി പുഴയുടെ തീരത്തൂടെ മന്ദം മന്ദം നടന്നു പോവുന്ന മഴയെ കണ്ടിരിക്കുമ്പോൾ എല്ലാം മറന്നു പോവും...

പിന്നെ മഴയോർമകൾ വീട്ടിലേതാണ്... മഴക്കാലം വിശപ്പി​​​​​െൻറതു കൂടിയാണ്. വേനൽക്കാലത്തുണ്ടാക്കുന്ന കൊണ്ടാട്ടങ്ങൾ പുറത്തു വരിക മഴയെത്തുമ്പോഴാണ്. അരിക്കൊണ്ടാട്ടം, പയർ, മണത്തക്കാളി, ചുണ്ടങ്ങ, താമരവളയം മുതലായ കൊണ്ടാട്ടങ്ങളൊക്കെ ചൂടോടെ തിന്നാൻ കുട്ടികൾ മത്സരമായിരിക്കും. മഴക്കാലത്തു കഴിക്കാൻ എനിക്കേറ്റവും ഇഷ്ടം അമ്മ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ 'അട ദോശ' എന്ന പാലക്കാടൻ പലഹാരമാണ്. അരിയുമുഴുന്നും പരിപ്പും ഉലുവയും പച്ചമുളകും ഉള്ളിയും മുരിങ്ങയിലയും ചേർത്തുണ്ടാക്കുന്ന അട ദോശയും കൈയിലെടുത്തു ഇറയത്തിരുന്നു മഴ കണ്ടു കൊണ്ട് തിന്നുമ്പോൾ ചിലപ്പോൾ 'ഉമ്മറത്തകം' എന്ന് ഞങ്ങൾ വിളിക്കുന്ന പൂമുഖത്തെ പഴയ വലിയ ഫിലിപ്സ് റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ വയലാറിനെയും യേശുദാസിനെയും ജാനകിയേയും സുശീലയെയുമൊക്കെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരും. ചിലപ്പോൾ വൈകുന്നേരത്തെ മഴക്ക് കൂട്ടായി; ശ്രീലങ്കൻ റേഡിയോയിൽ നിന്നും 'സരോജിനി ശിവലിംഗം' ഗാനങ്ങളുമായി വരും. രാത്രി മഴക്ക് കൂട്ടായി റേഡിയോ നാടകങ്ങളാവും വരിക. ടിവിയും മൊബൈൽ ഫോണും ഒന്നും ഇല്ലാതിരുന്ന ആ ബാല്യവും കൗമാരവും അങ്ങിനെ മറ്റു ചിലതിനാൽ സമ്പന്നമായിരുന്നു.

ദുരിതങ്ങളും കാൽപനിക സ്വപ്​നങ്ങളും ഒപ്പം കൊണ്ടുവരുന്നു കലികയറി വരുന്ന മഴ... (ഫോ​േട്ടാ: മുസ്​തഫ അബൂബക്കർ)

വായനയായിരുന്നു പുറത്തിറങ്ങാൻ പറ്റാത്ത മഴക്കാലത്തെ മറ്റൊരാശ്വാസം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, പഴയ ഓണപ്പതിപ്പുകൾ, ആഴ്ചപ്പതിപ്പുകളിൽ നിന്നും അമ്മ ചീന്തിയെടുത്തു തുന്നിക്കൂട്ടിയ നോവലുകൾ, വായനശാലയിൽ നിന്നും കിട്ടുന്ന പുസ്തകങ്ങൾ എല്ലാം വായനയിൽ പെടും ....എത്രയോ മഴക്കാലങ്ങൾ അങ്ങിനെ എം .ടി.യോടും വിലാസിനിയോടും മുകുന്ദനോടും പുനത്തിലിനോടും ഒ.വി.വിജയനോടും മറ്റും മറ്റും കടപ്പെട്ടിരിക്കുന്നു .

മഴക്കാലത്ത് പക്ഷേ, അടുക്കളയിൽ ആഹ്ലാദമായിരുന്നില്ല പുകഞ്ഞിരുന്നത്​. നനഞ്ഞ വിറക്​ അടുപ്പിൽ തിരുകി നിന്നു പുകയുന്ന അമ്മയാണ്​ ഒാരോ മഴയിലും ആദ്യമെത്തുന്ന ഒാർമ. വിറകിനൊപ്പം പുകയുന്ന അമ്മയെ പ്രഭാതങ്ങൾ ഏറെ വിശമിപ്പിച്ചിരുന്നു. എന്നിട്ടും വിശക്കുന്നു എന്ന് പറയുന്നതിന് മുമ്പേ ഭക്ഷണവുമായി വിളിക്കുന്ന അമ്മയുടെ ഓർമ ഇപ്പോൾ പുറത്തു പെയ്യുന്ന മഴ പകരുന്ന കുളിരു പോലെ എന്നെ പുൽകുന്നു.

മഴ അങ്ങനെയാണ്.. വേനൽ പോലെ ശൂന്യവും വരണ്ടതുമല്ല. ഓട്ടിൻപുറത്ത് ചരൽകല്ലുകൾ വാരിയെറിയുന്ന പോലെ മനസ്സിൽ ഓർമകൾ ഊക്കോടെ വീഴുന്നു...

പാലക്കാട്​ കോട്ടയ്​ക്ക്​ ചുറ്റുമുള്ള കിടങ്ങും ഇക്കുറി നിറച്ചാണ്​ മഴയുടെ വരവ്​.... (ഫോ​േട്ടാ: സരിത)

ഇക്കുറി മഴയുടെ കരുത്ത്​ ഏറിയിട്ടുണ്ട്​. കഴിഞ്ഞ കുറേ കാലങ്ങളായി കാലവർഷം കലി തുള്ളിയിട്ടുപോലും ഇരുകര മുട്ടാതെ മണൽ തിട്ടകൾ തെളിഞ്ഞുകിടപ്പായിരുന്നു ഭാരതപ്പു. ഇത്രയും വീതിയുണ്ടോ ഇൗ പുഴയ്​ക്കെന്ന്​ അതിശയിപ്പിക്കുന്ന വണ്ണം ഇരുകരകളെയും ചേർത്തുപിടിച്ച്​ അറബിക്കടലിലേക്ക്​ കുതിക്കുന്ന പുഴയെ അടുത്തകാലത്തെങ്ങും കണ്ടിരുന്നില്ല. ചുവന്ന​ുകലങ്ങിയ പുഴ പട്ടാമ്പി പാലത്തിനു മുകളിലൂടെയും കയറി​മറിയുകയാണ്​...

പാലക്കാട്​ കോട്ടയ്​ക്ക്​ ചുറ്റുമുള്ള കിടങ്ങും മഴവെള്ളത്തിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എത്രയെത്ര മഴകൾ വന്നുപോയിട്ടും നിറയാതെ കിടന്ന കിടങ്ങുകൾ നിറഞ്ഞുതുളുമ്പിയിരിക്കുന്നു...

മഴയൊന്നു നിന്നാൽ വേനലി​​​​​െൻറ പൊറുതികേടുകൾ തുടങ്ങുന്ന പാലക്കാടിന്​ ഇക്കുറി മഴ ചാകര പോലെയാണ്​.. മണ്ണടരുകളിലേക്ക്​ കിനിഞ്ഞ്​ ഉറവകളെ ഉർവരമാക്കി ഉഷ്​ണക്കാറ്റുകളിൽ ഉൗഷരമാവാതെ കാക്കാൻ ഇൗ മഴ മതിയാകുമെന്നു ​േതാന്നുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala TravelogueMazha Yathramonsoon travel
Next Story