Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightഅസ്വസ്​ഥമായ മനസ്സി​െൻറ...

അസ്വസ്​ഥമായ മനസ്സി​െൻറ ആനന്ദ യാത്രകൾ

text_fields
bookmark_border
jaipur-1-nahargarh-fort-view
cancel
camera_alt????????? ??????? ??????

യാത്രകളോടും യാത്ര പോകുന്നവരോടും എന്തോ വല്ലാത്തൊരു അഭിനിവേശമാണ്​. ജീവിതത്തെ ഏറ്റവുമധികം സന്തോഷകരമാക്കുന്ന സന്ദർഭമായതുകൊണ്ടാവും അത്. ഓരോ യാത്രകൾ കഴിയുമ്പോഴും കിട്ടുന്ന അനുഭവങ്ങൾ, പുതിയ ആളുകളുമായുള്ള ബന്ധങ്ങൾ, തിരിച്ചറിവുകൾ എല്ലാം ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വീട്ടിൽനിന്ന് അയച്ചുതരുന്ന പൈസ മറ്റൊന്നിനും ചെലവഴിക്കാതെ കഴിയുന്നത്ര യാത്ര പോകാറാണ് പതിവ്. പോയ യാത്രകളും ഏറെ ചെലവ് ചുരുക്കിയായിരുന്നു. ഇതുവരെ 3000 രൂപയിൽ കൂടുതൽ ഒരു യാത്രക്കും ചെലവഴിച്ചിട്ടില്ല.

ട്രെയിനിലെ ജനറൽ കമ്പാർട്ട്​മ​​​​​​​െൻറിലും പ്രാദേശിക ബസുകളിലും യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ട്​ ഉണ്ടാവാറില്ലേയെന്ന് ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ നമ്മൾ എല്ലാ കംഫർട്ട് സോണുകളിൽനിന്നും ഇറങ്ങി ഇല്ലായ്​മകളിലൂടെ യാത്ര ചെയ്യുമ്പോഴാണ് അത് ഏറ്റവും കൂടുതൽ മനോഹരമാവുന്നത്. തികച്ചും സാധാരണക്കാരായ ആളുകളുടെ ഇടയിലൂടെയുള്ള ഇത്തരം യാത്രകളാണ്, സ്നേഹിക്കാനും പങ്കുവെക്കാനും അറിയാവുന്നത് പണം കൊണ്ടും പദവി കൊണ്ടും ഒന്നുമല്ലാത്തവരാണെന്ന് മനസ്സിലാക്കി തന്നത്. അത്തൊരുമൊരു യാത്രയായിരുന്നു രാജസ്​ഥനിലൂടെ നടത്തിയത്​. പോയതിൽ വെച്ച് ഏറ്റവും ഇഷ്​ടം തോന്നിയ, അല്ലെങ്കിൽ എന്നും ഓർക്കുന്ന യാത്ര ഏതെന്ന് ചോദിച്ചാൽ അത് രാജസ്​ഥാൻ തന്നെയാണ്​. താർ മരുഭൂമിയുടെ ഭംഗി മാത്രമല്ല, അവിടെ ഞാൻ കണ്ട ഓരോ മനുഷ്യരുടെയും മനസ്സി​​​​​​​​െൻറ ഭംഗി കൂടി ചേർന്നപ്പോഴാണ് അത് അത്രക്ക് മനോഹരമായത്.

jaipur-city
ജയ്​പുർ നഗരം

ഡൽഹി ജാമിഅ യൂനിവേഴ്​സിറ്റിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരങ്ങൾ നടക്കുന്നതിനാൽ ഒരുപാട് കാലം കാമ്പസിൽനിന്ന്​ മാറിനിൽക്കാൻ കഴിഞ്ഞിരുന്നില്ല. നാല്​ മാസത്തിനിടയിൽ ഒരു യാത്ര പോലും ചെയ്യാതിരിക്കുന്നത് ആദ്യമായിട്ടാകും. മനസ്സ്​ ആകെ അരക്ഷിതമായിരുന്നു. ഡൽഹിയോട് വല്ലാത്തൊരു മടുപ്പും വന്നുതുടങ്ങി. അപ്പോഴാണ് രാജസ്​ഥാൻ യാത്ര പോയാലോ എന്ന്​ സുഹൃത്ത്​ ഇൻഫാസ് ചോദിക്കുന്നത്. എത്രയോ കാലമായിട്ട്​ മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്​നമാണത്​.

ആലോചിച്ചപ്പോ അത് നല്ലതാവുമെന്ന് എനിക്കും തോന്നി. ഒരു യാത്ര പോയി വന്നാൽ മനസ്സെല്ലാം ഫ്രഷാവുമെന്ന് ഉറപ്പായിരുന്നു. എന്നാലും സി.എ.എ വിരുദ്ധ സമര കാലത്ത്, ജാമിഅയിലെ രണ്ട് മുസ്‌ലിം വിദ്യാർഥികൾ എന്ന നിലയിൽ 75 ശതമാനവും ഹിന്ദു ജനസംഖ്യയുള്ള രാജസ്​ഥാനിലേക്കൊരു യാത്ര, അതൊരു വലിയ പ്രയത്​നം തന്നെ ആവുമെന്നാണ് കരുതിയത്. പക്ഷെ മുൻധാരണകൾക്കും അനുമാനങ്ങൾക്കും അപ്പുറത്ത് നമ്മെ ഒരുപാട് സ്നേഹിക്കുന്ന, ഉള്ളതെല്ലാം ഒരു മടിയും കൂടാതെ പങ്കുവെക്കുന്ന നല്ലവരായ മനുഷ്യരെയാണ് അവിടെ കണ്ടത്. സത്യം പറഞ്ഞാൽ ആദ്യമൊക്കെ സ്വന്തം വ്യക്​തിത്വം പോലും വെളിപ്പെടുത്താൻ പേടിയായിരുന്നു. പിന്നെ പിന്നെ അത് ഇല്ലാതയായി. ചോദിക്കുന്നവരോടെല്ലാം പേരും കോളജുമെല്ലാം ധൈര്യത്തിൽ പറഞ്ഞുതുടങ്ങി.

jaipur-Amber-palace
ആമേർ കൊട്ടാരത്തിലൂടെ ആനപ്പുറത്ത്​ പോകുന്നവർ

രാജകീയം ജയ്​പുർ
ഒരുപാട്​ കാലത്തെ ഇടവേളക്കുശേഷമുള്ള യാത്രയായതിനാൽ അതി​േൻറതായ എല്ലാ ആവേശവും ഉണ്ടായിരുന്നു. ഏറെ കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള യാത്രയാണ് ഇതെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒരു ട്രാവൽ പേജ് തുടങ്ങാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു ഞങ്ങൾ. അത്​ നല്ല രീതിയിൽ തയാറാക്കണം.
രാത്രി തന്നെ ട​​​​​​​െൻറും ബാക്ക്‌പാക്കും എടുത്തിറങ്ങി. ട്രെയിനിൽ പ്രതീക്ഷിച്ച തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഡൽഹിയിൽനിന്നുള്ള ട്രെയിൻ രാവിലെ ആറ്​ മണി ആയപ്പോഴേക്കും കോട്ടകളുടെയും കൊട്ടരങ്ങളുടെയും നാടായ ജയ്​പുർ എത്തി. നഗരം ഉണരുന്നതിന്​ മു​​െമ്പ സ്​റ്റേഷനിൽനിന്ന്​ ഫ്രഷായി പുറത്തിറങ്ങി. 6.30ന്​ തുറക്കുന്ന ബിർള മന്ദിരിലേക്കാണ്​ ആദ്യം പോകാനുള്ളത്​. ഡൽഹിയിലും ഹരിയാനയിലുമെല്ലാം കാണുന്നതുപോലെ ഒരുകൂട്ടം റിക്ഷക്കാർ ചുറ്റും വളഞ്ഞു. എങ്ങോട്ട് പോവാൻ ആണേലും ഒടുക്കത്തെ ചാർജാണ്​. ഒടുവിൽ എല്ലാവരെയും ഒഴിവാക്കി പുറത്തേക്ക് നടന്നു.

ബസ്​സ്​റ്റാൻഡിൽനിന്ന്​ ബിർള മന്ദിറിൽ പോകാൻ ബസ് കിട്ടും എന്നറിയാമായിരുന്നു. പക്ഷെ, സ്​റ്റാൻഡിൽ​ എത്തിപ്പെടാനാണ് പ്രശ്നം. അത്യാവശ്യം ദൂരമുണ്ട്. നല്ല തണുപ്പും. അവസാനം ഒരു റിക്ഷക്കാരൻ 'ദസ്‌ റുപെ' സവാരി പറഞ്ഞു. അങ്ങനെ അയാളുടെകൂടെ റിക്ഷയിൽ പോകുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, എ​​​​​​​​െൻറ ഫോൺ ഓൺ ആവുന്നില്ല. മറ്റു ആവശ്യങ്ങൾക്കൊന്നും കാര്യമായി ഉപയോഗിക്കാത്ത എ​​​​​​​​െൻറ ​െഎഫോൺ ആയിരുന്നു യാത്രകളിൽ ഞങ്ങളുടെ കാമറ. 'സാരമില്ല, ഇത്‌ ബിർള മന്ദിർ എത്തുമ്പോഴേക്കും സെറ്റ് ആകും, ചാർജറി​​​​​​​​െൻറ ചെറിയ പ്രശ്നം ആണ്' എന്നൊക്കെ പറഞ്ഞ്​ ഞാൻ ഫോട്ടോ പ്രേമിയായ ഇൻഫാസിനെ സമാധാനപ്പെടുത്തി. ബസ്​സ്​റ്റാൻഡിൽനിന്ന് 15 രൂപക്ക്​ ബിർള മന്ദിർ എത്തി. പക്ഷെ, ഫോണിന്​ മാത്രം ജീവൻവെച്ചില്ല. ചാർജറും പവർ ബാങ്കും മാറ്റി കുറെ ശ്രമിച്ചുനോക്കി. ഒരു കാര്യവും ഉണ്ടായില്ല. രാവിലെ ആയതിനാൽ കടകൾ ഒന്നും തുറന്നിട്ടുമില്ല. ഇൗ നിരാശയോടെയാണ്​ ബിർള മന്ദിർ പോയത്​. വെള്ളനിറത്തിൽ തിളങ്ങുന്ന മാർബിളിൽ തീർത്ത ക്ഷേത്രം കണ്ടതോടെ നിരാശയെല്ലാം മാറി. വിശ്വാസികളും സഞ്ചാരികളും ഒരുപോലെ സന്ദർശിക്കുന്ന വിസ്​മയ നിർമിതി. കുറച്ചുനേരം അവിടെ ചെലവഴിച്ച്​ റെയിൽവേ സ്​റ്റേഷനിൽ തിരിച്ചെത്തി. അപ്പോഴേക്കും കടകൾ തുറന്നിരുന്നു. ഒരു ചാർജർ വാങ്ങി ഫോൺ ജീവൻവെച്ചതോടെയാണ്​ ശ്വാസം നേരെവീണത്​.

jaipur-Patrika-gate
എവിടെയും മനോഹരമായ ഫ്രെയിമുകൾ ​എന്നാണ് പത്രിക ഗേറ്റ് അറിയപ്പെടുന്നത്

ബ്യൂട്ടിഫുൾ ​െ​ഫ്രയിംസ്​
അടുത്തലക്ഷ്യം പത്രിക ഗേറ്റാണ്​. ജയ്​പുരിലെ തന്നെ ഏറ്റവും മനോഹരമായ ഫ്രെയിംസുള്ള എന്നാൽ അധികം ആർക്കും അറിയാത്ത ഒരു അഡാറ്​ സ്ഥലം​. റെയിൽവേ സ്​റ്റേഷനിൽനിന്ന് ജവഹർ സർക്കിളിലേക്ക് ബസ് കയറിയാണ്​ അവിടെയെത്തിയത്​. എവിടെ തിരിഞ്ഞാലും അതിമനോഹരം. അതിനനുസരിച്ചുള്ള തിരക്കുമുണ്ട്​. ആധുനിക കാലത്ത്​ പഴമയുടെ എല്ലാ പ്രൗഢിയോടെയും നിർമിച്ച കെട്ടിടം. നല്ല ഫോട്ടോസുകൾ എടുത്ത്​ ഒരു ദിവസത്തി​​​​​​​​െൻറ പകുതി തന്നെ അവിടെ ചെലവഴിച്ചു. "frames everywhere" ​എന്നാണ് പത്രിക ഗേറ്റ് അറിയപ്പെടുന്നത് തന്നെ. അവിടെനിന്ന് ഹവാമഹൽ കാണാനാണ്​ പോയത്​. ഒരുപാട് തവണ നേരിൽ കാണണം എന്ന് ആഗ്രഹിച്ച ഹവാ മഹലി​​​​​​​​െൻറ അടുത്തേക്ക് എത്തുംതോറും എന്തെന്നില്ലാത്ത ആകാംക്ഷയായിരുന്നു. രാജസ്​താനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക്​ ടിക്കറ്റ്​ നിരക്ക്​ ഇളവ്​ ലഭിക്കും. അതുകൊണ്ട്​ കോളജ്​ ​െഎ.ഡി കൈയിൽ കരുതിയിരുന്നു. 50 രൂപ ടിക്കറ്റ് വേണ്ടിടത്ത്​ അഞ്ച്​ രൂപക്ക്​ അകത്തേക്ക്​ കയറാനായി.

45 രൂപ ലാഭിച്ച സന്തോഷത്തിൽ ഹവാമഹൽ നടന്നുകണ്ട്​ ആസ്വദിക്കുന്നതി​ന്​ ഇടയിലാണ് ജർമൻകാരായ ആഞ്ജലീനയെയും സാമിനെയും പരിചയപ്പെടുന്നത്. ഞങ്ങൾ കേരളക്കാരാണെന്ന്​ അറിഞ്ഞപ്പോൾ അവർക്ക് സംസാരിക്കാൻ ആവേശം കൂടി. മലയാളി പിന്നെ പണ്ടേ പൊളിയല്ലേ. അങ്ങനെ അവരോട് സംസാരിച്ച് ഒരു കലക്കൻ സെൽഫിയെല്ലാം എടുത്ത് ഇറങ്ങിയപ്പോഴേക്കും നേരം ഒരുപാടായി. തുടർന്ന്​ എതിർവശത്തെ വിൻഡ്​ വ്യൂ കഫേയുടെ ഏറ്റവും മുകളിൽ കയറി. സത്യം പറഞ്ഞ അവിടത്തെ വിലയൊന്നും താങ്ങില്ല. ഇവിടെനിന്നാൽ ഹവാ മഹലി​​​​​​​​െൻറ കാഴ്​ച പൊളിയാണെന്ന അറിവിൽ അതൊന്ന് ശ്രമിച്ചുനോക്കുകയായിരുന്നു. പറഞ്ഞതുപോലെ തന്നെ ഒരു അഡാറ് സീൻ. ഇത്രയും ഭംഗിയുള്ള ഹവാ മഹാലി​​​​​​​​െൻറ കാഴ്​ച വേറെ ഉണ്ടാവില്ല.
കാറ്റുകളുടെ മാളികയാണ്​ ഹവാ മഹൽ. 1799ൽ മഹാരാജ സവായ് പ്രതാപ് സിങ്ങാണ്‌ ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോട്​ കൂടിയ കൂടുകൾ ചേർത്തു​െവച്ച് അഞ്ച് നിലകളിൽ ഒരുക്കിയ ഹവാ മഹൽ സ്ത്രീകൾക്ക് പുറംലോകം വീക്ഷിക്കാൻ പണിതീർത്തതാണ്‌.

jaipur-With-angelina-and-Sam-from-hawamahal
ലേഖികയും സുഹൃത്തും ജർമൻകാരായ ആഞ്ജലീന, സാം എന്നിവ​ർക്കൊപ്പം

ഇതിന്​ സമീപം മാർക്കറ്റും തെരുവ്​ ഭക്ഷണവുമെല്ലാം ലഭിക്കുന്ന സ്​ഥലങ്ങളുണ്ട്​. അടിപൊളി ബജി കണ്ടതോടെ നാവിൽ വെള്ളമൂറാൻ തുടങ്ങി. ഇതിനൊപ്പം സ്​പെഷൽ കുല്ലട്​ ചായ്​ കൂടി ലഭിച്ചതോടെ ഒന്നും പറയേണ്ട​. ഒരു രക്ഷയുമില്ലാത്ത മരണ എഫക്ടാണ്. നമ്മളെ ആകെയൊന്ന് ഉഷാറാക്കാൻ കഴിയും ഈ ചായക്ക്. തെരുവുകളിലുടെ നടന്ന്​ പതിയെ റെയിൽവേ സ്​റ്റേഷന്​ അടുത്തേക്ക്​ മടങ്ങി. അന്ന്​ രാത്രി ഭക്ഷണം കഴിച്ചത് സ്​റ്റേഷന് സമീപത്തെ കടയിൽ നിന്നാണ്. കടയിലുള്ളവരോട്​ കുറെനേരം സംസാരിച്ചിരുന്നു. ഞങ്ങൾ ദക്ഷിണേന്ത്യയിൽനിന്നാണെന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ കാര്യമായി. ഞാൻ പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യമാണത്, നോർത്ത് ഇന്ത്യൻസിനൊക്കെ കേരളത്തോടും മലയാളികളോടും ഒരു പ്രത്യേക ഇഷ്​ടമാണ്.

ചെലവ്​ ചുരുക്കുന്നതി​​​​​​​​െൻറ ഭാഗമായി റൂമൊന്നും എടുത്തിട്ടില്ല. റെയിൽവേ സ്​റ്റേഷനിൽ ആയിരുന്നും ഉറങ്ങാൻ തീരുമാനിച്ചത്​. കൊതുകുകടിയെല്ലാം ഉണ്ടാവുമെങ്കിലും ബഡ്ജറ്റ് ട്രിപ്പ് ആണെങ്കിൽ പൈസ ലാഭിക്കാൻ ഏറ്റവും നല്ല മാർഗം ഒന്നെങ്കിൽ രാത്രി സഞ്ചരിക്കുകയോ അല്ലെങ്കിൽ റെയിൽവേ സ്​റ്റേഷനിൽ കിടന്നുറങ്ങുകയോ ആണ്. സത്യം പറഞ്ഞാൽ, കിടന്നിട്ട്​ ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഡൽഹിയുടെയും ജാമിഅയുടെയും അവസ്ഥയും ഞങ്ങളുടെ സുരക്ഷയുമെല്ലാം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഒടുവിൽ കൊതുക്​ കടിയിൽനിന്ന്​ന്ന് രക്ഷപ്പെടാൻ സ്ലീപ്പിങ്​ ബാഗിൽ അഭയം തേടാൻ തീരുമാനിച്ചു.

jaipur-hawamahal
ഹവാ മഹൽ

ആമേർ ഫോർട്ട്​
പിറ്റേന്ന് അതിരാവിലെ എണീൽക്കുന്നത്​ റെയിൽവെ സ്​റ്റേഷനിലെ ആളുകളുടെ ബഹളം കേട്ടാണ്​. അവ​ിടെനിന്ന്​ ഫ്രഷായി വീണ്ടും ഉൗരുചുറ്റാനിറങ്ങി. ആമേർ കൊട്ടാരമാണ്​ ആദ്യം പോകാനുള്ളത്​. അത്യാവശ്യം ദൂരമുണ്ട്. ബസ് നിരക്ക്​ 60 രൂപയാണ്​. 30 മിനുറ്റ്​ കൊണ്ട്​​ അവിടെ എത്തി.
കൊട്ടാരത്തിന്​ മുമ്പിലെത്തു​േമ്പാൾ കാലം ഒരുപാട്​ പിറകിലേക്ക്​ പോകുന്നത്​ പോലെ. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരമാണ്​. സഞ്ചാരികൾ തിങ്ങിനിറഞ്ഞിട്ടുണ്ട്​. ചിലയിടങ്ങളിൽ നവീകരണ പ്രവൃത്തി നടക്കുന്നത് കാരണം പകുതിഭാഗം അടച്ചിട്ടിരിക്കുന്നു.

കൊട്ടാരത്തെ സംരക്ഷിക്കാൻ നിർമിച്ച കോട്ടയാണ് ആ​േമർ ഫോർട്ട്. കിലോമീറ്ററുകളോളമാണ്​ കോട്ട പരന്നുകിടക്കുന്നത്​. ആരെയും ആശ്ച്യപ്പെടുത്തും വിധമാണ് ഇതി​​​​​​​​െൻറ നിർമാണം. രജപുത്ര - മുഗൾ ശൈലികൾ സമ്മേളിക്കുന്ന സൃഷ്​ടി വൈഭവം. ജയ്​പുരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു ഇവിടം. കോട്ടയുടെ മനോഹാരിത ഉൗട്ടിയുറപ്പിക്കുന്ന രീതിയിൽ ഇതിന്​ താഴെ മഹോത തടാകവും സ്ഥിതി ചെയ്യുന്നു. 1500 കാലഘട്ടത്തിലാണ്​ കോട്ടയും കൊട്ടാരവുമെല്ലാം നിർമിക്കുന്നത്​. അക്കാലത്തെ കുടിവെള്ള ജലസ്രോതസ്സായാണ്​ തടാകം ഉപയോഗിച്ചിരുന്നത്​. ഇത്​ കൂടാതെ മൂന്ന്​ ജലസംഭരണികളും ഇതിനകത്തുണ്ട്​.​

jaipur-streetfood
ഹവാ മഹലിന്​ സമീപം തെരുവ്​ ഭക്ഷണങ്ങൾ ലഭിക്കുന്ന ഒരുപാട്​ കടകളുണ്ട്​

ആമേർ കോട്ടയുടെ പടിഞ്ഞാറുവശത്താണ്​ ജയ്ഗഢ് കോട്ടയുള്ളത്​. കൊട്ടാരത്തിൽനിന്ന്​​ ഇറങ്ങി എതിർവശത്തെ കോട്ടയുടെ മുകളിലേക്ക്​ നടത്തം തുടങ്ങി. അഞ്ഞൂറിന്​ മുകളിൽ പടികളുണ്ട് കയറാൻ. നല്ല ചൂടും. എന്നാലും ആഞ്ഞുവലിഞ്ഞ്​ മേലെ കയറി. മുകളിൽ എത്തിയപ്പോൾ കയറ്റം വെറുതയായില്ല എന്ന്​ മനസ്സിലായി. കൊട്ടാരവും നഗരവുമെല്ലാം ചേർന്ന കാഴ്​ച പൊളി തന്നെ.

കുറച്ച് സമയം അവിടെ ഇരുന്ന് പീനമീന ഹവേലി കാണാൻ പോയി. നടക്കാനുള്ള ദൂരമേയുള്ളൂ. പോകുന്ന വഴികളെല്ലാം ഒരു രക്ഷയും ഇല്ലാത്ത വൈബ്. രാജസ്​ഥാനി​​​​​​​​െൻറ തനത്​ വേഷത്തിൽ ജനങ്ങൾ. തലപ്പാവണിഞ്ഞ്​ കൊമ്പൻ മീശയുമായി പുരുഷൻമാർ. ഖാഗ്രയെന്ന വേഷവും ധരിച്ച്​ വലിയ മൂക്കുത്തിയും കമ്മലുമണിഞ്ഞ്​ മുഖം മറച്ച്​​ വനിതകൾ. പുസ്തകങ്ങളിലും കഥകളിലുമൊക്കെ കണ്ടതും കേട്ടതും പോലെ തന്നെ. മഴക്കാലങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കാൻ തയാറാക്കിയ കിണറാണ് പീനമീന ഹവേലി. ജലക്ഷാമം ഏറെയുള്ള രാജസ്ഥാനിൽ ഇതുപോലെ നിരവധി ഹവേലികൾ കാണാം. കൽപ്പടവുകളും കൊത്തുപണികളോടെയുള്ള ചുമരുകളും നിറഞ്ഞ ഇത്തരം ഹവേലികൾ കിടിലൻ കാഴ്​ച​ തന്നെയാണ്​.

jaipur-jalmahal
ജൽമഹൽ

നഹാർഗഢിലെ അസ്​തമയം
അടുത്ത ലക്ഷ്യം പ്രശസ്​തമായ നഹാർഗഢ്​ കോട്ടയാണ്​. ബസിലാണ്​ പോകാൻ തീരുമാനിച്ചിട്ടുള്ളത്​. നേരിട്ട്​ ബസ് കിട്ടാത്തതിനാൽ മെയിൻ മാർക്കറ്റിൽ ഇറങ്ങി അവിടെനിന്ന് ഒാ​േട്ടാറിക്ഷ പിടിക്കേണ്ടി വന്നു. പോകുന്നവഴിയിൽ തടാകത്തിൽ സ്​ഥിതി ചെയ്യുന്ന ജൽമഹലെല്ലാം കാണാം. കോട്ടയുടെ താഴെ വരെ മാത്രമാണ്​ റിക്ഷ പോവുക. ബാക്കി നടന്നുകയറണം. സ്വന്തം വാഹനമുണ്ടെങ്കിൽ മുകൾ വരെ പോകാം. നടത്തം ഞങ്ങൾക്ക് ഒരു​ വിഷയ​മേ അല്ലായിരുന്നു. ഏറ്റവും മുകളിൽ എത്തിയപ്പോഴാണ് അറിയുന്നത്, അസ്​തമയ പോയിൻറിലേക്കുള്ള പ്രധാന കവാടം അഞ്ചരക്ക് അടക്കുമെന്നത്. ആകെ സങ്കടപ്പെട്ട്​ നിൽക്കു​േമ്പാ​ഴാണ്​ മറുവശത്ത്​ വേറൊരു വഴി കണ്ടത്. അധികമാരും പോവാത്ത അതിലൂടെ അസ്​തമയം കാണാൻ പറ്റുമായിരിക്കും എന്ന പ്രതീക്ഷയിൽ ചെന്നു. പ്രതീക്ഷ വല്ലാണ്ട് തെറ്റിയില്ല. ഏറ്റവും മുകളിൽ ത​ന്നെ കയറി. താഴെ നഗരവും വീടുകളുമെല്ലാമായി കിടുക്കാൻ കാഴ്​ച. സൂര്യൻ സിന്ദൂരക്കുറി ചാർത്തി താഴോട്ട്​ പോകുന്നത്​ വരെ കഥപറഞ്ഞും കാറ്റുകൊണ്ടും അവിടെയിരുന്നു. സൂര്യൻ മറഞ്ഞതോടെ താഴോട്ട് ഇറങ്ങാൻ തുടങ്ങി. ഇതിനിടയിലാണ്​ രണ്ട് തമിഴ്​ ജോടികളെ കാണുന്നത്​. തഴെ വരെ അവരും കൂടെചേർന്നു. രാത്രി 12 മണിക്കാണ്​ ജോധ്​പുരിലേക്കുള്ള ട്രെയിൻ. ഒരുപാട് സമയം ബാക്കിയുണ്ട്. അതുകൊണ്ട് ടൗണിലേക്ക് റിക്ഷ എടുക്കാതെ നടന്നു.

ജയ്​പുരി​​​​​​​​െൻറ​ തെരുവുകളിലേക്കാണ്​ നടന്നെത്തിയത്​. പഴമയുടെ പ്രൗഢിയിൽ ഉയർന്നുനിൽക്കുന്ന നിരവധി കെട്ടിടങ്ങൾ. രാജഭരണ കാലത്ത്​ കുതിരകളുടെ കുളമ്പടികൾ മുഴങ്ങിയ വഴികളിലൂടെയാണ്​ നടത്തം. ഇൗ വഴികൾക്കെല്ലാം എത്ര​ ചരിത്രങ്ങൾ പറയാനുണ്ടാവും. പഴയ നഗരത്തി​​​​​​​​െൻറ​ അകത്തേക്ക്​ കടക്കാൻ ഏഴ്​ ഗേറ്റുകളുണ്ട്​. ഇതിനകത്താണ്​ ഹവാ മഹലും കൊട്ടാരുവുമെല്ലാമുള്ളത്​. ഇവിടത്തെ കെട്ടിടങ്ങൾക്കെല്ലാം പിങ്ക്​ നിറമാണ്​. ഗേറ്റിൽനിന്ന്​ പുറത്തകടന്ന്​ ആധുനിക ജയ്​പുരി​​​​​​​​​െൻറ വീഥികളിലൂടെ റെയിൽവേ സ്​റ്റേഷനിൽ എത്തു​േമ്പാൾ തെരുവ്​ വിളക്കുകൾ മിഴിതുറന്നിട്ടുണ്ട്​​​. കഴിഞ്ഞദിവസം പോയ ഹോട്ടലിൽനിന്ന്​ തന്നെ ഭക്ഷണവും കഴിച്ച്​ ട്രെയിൻ കാത്തിരുന്നു.

jaipur-jaswant-thada
ജോധ്​പുരിലെ ജസ്വന്ത് താട

പിങ്ക്​ സിറ്റിയിൽനിന്ന്​ ബ്ലൂ സിറ്റിയിലേക്ക്​
പാതിരാത്രിയിലെ ട്രെയിൻ ആയതിനാൽ വലിയ തിരക്കൊന്നും ഉണ്ടാവില്ലെന്നാണ് വിചാരിച്ചത്. പക്ഷെ, വാതിൽപ്പടി വരെ ആളായിരുന്നു. ജനറൽ കംബാർട്ട്​മ​​​​​​​െൻറിൽ എങ്ങനെയൊക്കെയോ പിടിച്ചുകയറി. ബാക്ക്പാക്ക് നിലത്തിട്ട് അവിടെയിരിക്കാനായിരുന്നു വിധി. കുറച്ച് കഴിയുമ്പോൾ തിരക്ക് കുറയും എന്ന്​ വിചാരിച്ചെങ്കിലും രാവിലെ ആറിന്​ ലക്ഷ്യംസ്​ഥാനം എത്തുന്നത്​ വരെ ആ ഇരിപ്പ്​ തുടർന്നു. ഉറക്കം ശരിയാകാത്തതിനാൽ ക്ഷീണമുണ്ടായിരുന്നു​വെങ്കിലും ജോധ്​പുരി​​​​​​​​െൻറ കാഴ്​ചകൾ ട്രെയിനിലെ ജനലിലൂടെ കണ്ടുതുടങ്ങിയതോടെ വീണ്ടും ആവേശം അണപൊട്ടി ഒഴുകി. ​ട്രെയിനിറങ്ങി പതിവുപോലെ സ്​റ്റേഷനിൽനിന്ന്​​ ഫ്രഷായി. ഉമൈദ് ഭവൻ കൊട്ടാരത്തിൽ പോവാനാണ് ആദ്യത്തെ പ്ലാൻ. അവിടേക്ക് ബസ് കയറിയപ്പോൾ ഡ്രൈവറോട് സ്​ഥലമെത്തുമ്പോൾ അറിയിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ, അയാൾ പറയാൻ മറന്നതോടെ വേറെ എവിടെയോ ആണ് ചെന്നിറങ്ങിയത്. തിരിച്ചുപോകാൻ മറ്റൊരു ബസ്​ കാത്തുനിന്നെങ്കിലും ശ്രമം വിഫലം. ചെലവ്​ ചുരുക്കിയുള്ള യാത്രയായതിനാൽ മുടിഞ്ഞ വിലപറയുന്ന ഒാ​േട്ടാറിക്ഷകളിൽ പോകാനും താൽപ്പര്യമില്ല.

അവസാനം വന്നവഴിയിലൂടെ തിരിച്ചുനടക്കാൻ തീരുമാനിച്ചു. ഇതിനിടെ ഒരാൾ സ്​കൂട്ടറിൽ വരുന്നത്​ കണ്ടു. കൈകാണിച്ചപ്പോൾ കയറാൻ പറഞ്ഞു. പക്ഷേ പണി വീണ്ടും കിട്ടി എന്ന്​ പറയാമല്ലോ. അയാൾക്കും പോകേണ്ട സ്ഥലമറിയില്ല. അവസാനം ഞങ്ങളെ എവിടെയോ കൊണ്ടിറക്കി. കൊട്ടാരം ഒഴിവാക്കി അടുത്ത സ്ഥലത്തേക്ക് പോകാമെന്ന് ഉറപ്പിച്ച് നിൽക്കുമ്പോഴാണ് ഒരു ഗുഡ്സ് ഡ്രൈവർ വന്ന് എങ്ങോട്ടാ പോവേണ്ടെതെന്ന്​ ചോദിക്കുന്നത്. സ്ഥലം പറഞ്ഞപ്പോൾ പിന്നിൽ കയറാൻ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല, വണ്ടിയിൽ ചാടിക്കയറി. അൽപ്പനേരത്തെ യാത്രക്കൊടുവിൽ കൊട്ടാരത്തിന്​ മുന്നിലെത്തി.

jaipru-man-with-instrument-in-meharangarh-fort
മെഹ്റാൻഗഢ്​ കോട്ടക്ക്​ സമീപം വാദ്യോപകരണം വായിക്കുന്ന കലാകാരൻ

ജോധ്​പുർ രാജകുടുംബത്തി​​​​​​​​െൻറ വസതിയാണ്‌ ഉമൈദ് ഭവൻ പാലസ്. ഇപ്പോഴത്തെ ഉടമസ്ഥനായ ഗജ് സിംഗി​​​​​​​​െൻറ മുത്തച്ചനായ മഹാരാജ ഉമൈദ് സിംഗി​​​​​​​​െൻറ പേരാണ് കൊട്ടാരത്തിനും. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്ന്​​​. ഇതി​​​​​​​​െൻറ ഒരുഭാഗം ഇപ്പോൾ താജ് ഹോട്ടലി​​​​​​​​െൻറ ഭാഗമാണ്​. 347 മുറികളുണ്ട്​​ ഈ മണിമാളികയിൽ​. പാലസി​​​​​​​​െൻറ ഒരു ഭാഗം മ്യൂസിയമാണ്​. 50 രൂപയാണ്​ ടിക്കറ്റ് നിരക്ക്. ആ തുക പോലും ഞങ്ങൾക്ക്​ വലിയ സംഖ്യയായിരുന്നു. എന്തായാലും ഇത്രയും കഷ്​ടപ്പെട്ട്​ വന്നതല്ലേ, അകത്ത്​ കയറാൻ തീരുമാനിച്ചു. പലഭാഗത്തും പ്രവേശനം വിലക്കിയിട്ടുണ്ട്​. ഫോ​േട്ടാഗ്രാഫിയും പാടില്ല. ചരിത്രത്തിലേക്ക്​ വെളിച്ചംവീശുന്ന ഒരുപാട്​ രേഖകളും വസ്​തുക്കളുമെല്ലാം അവിടെ കാണാം.

അവിടെയകെ നടന്നുകണ്ട്​ തിരിച്ചിറങ്ങിയപ്പോഴേക്കും റിക്ഷക്കാർ ചുറ്റും വട്ടംകൂടി. താങ്ങാൻ പറ്റാത്ത റേറ്റ് ആണ്. നടക്കാൻ ആണെങ്കിൽ എത്രയുണ്ടെന്ന് ഒരു ധാരണയുമില്ല. പൊരിവെയിലും. അവസാനം രണ്ടും കൽപ്പിച്ച് വീണ്ടും ഹിച്ച്​ ഹൈക്ക് ചെയ്യാമെന്ന് വിചാരിച്ചു. ഇത്തവണ എന്തായാലും പ്രതീക്ഷ തെറ്റിയില്ല. കൈകാണിച്ച ആദ്യ കാർ തന്നെ നിർത്തി ഞങ്ങളോട് കയറാൻ പറഞ്ഞു. നല്ല സംസാര പ്രിയനായിരുന്നു അതിലുണ്ടായിരുന്നത്​. ജിം ​ട്രെയിനറാണ്. ത​​​​​​​​െൻറ ജോലിയുടെ മാഹാത്​മ്യവും ജോധ്‌പുറി​​​​​​​​െൻറ സവിശേഷതകളും​ അദ്ദേഹം വർണിക്കാൻ തുടങ്ങി. ഞങ്ങളും വിട്ടുകൊടുത്തില്ല. രാജസ്​ഥാനിലെ രണ്ടാമത്തെ വലിയ നഗരം, സാംസ്​കാരിക തലസ്​ഥാനം, മാർവാർ രാജവംശത്തി​​​​​​​​െൻറ തലസ്​ഥാനം, കൊട്ടാരങ്ങളുടെയും കോട്ടകളുടെയും ക്ഷേത്രങ്ങളുടെയും സംഗമ ഭൂമി... അങ്ങനെ ചരിത്രത്താളുകളിലൂടെ കടന്നുപോകുന്നതിനിടെ ഞങ്ങൾക്ക്​ ഇറങ്ങാൻ സമയമായി. ജസ്വന്ത് താടയിലേക്കാണ്​ പോകാനുള്ളത്​. അങ്ങോട്ട്​ വണ്ടി കിട്ടുന്ന സ്ഥലത്ത്​ ഇറക്കി അയാൾ ​പോയി. വീണ്ടും വാഹനങ്ങൾക്കായി കൈകാണിക്കാൻ തുടങ്ങി. അൽപ്പനേരത്തിനുശേഷം മറ്റൊരു വണ്ടി കിട്ടി. പ്രദേശികമായി ഫട്​ഫട്​ എന്ന്​ വിളിക്കുന്ന നീളമുള്ള ഓ​ട്ടോറിക്ഷയാണ്​ വന്നത്​. സ്​ത്രീകളായിരുന്നു അതിൽ ഉണ്ടായിരുന്നത്​. ​ഗ്രാമീണ രാജസ്​ഥാനി വേഷത്തിലായിരുന്നു അവർ​. ഞങ്ങളെ കണ്ടപ്പോൾ തന്നെ മറുനാട്ടുകാരാണെന്ന്​ അവർക്ക് മനസ്സിലായി. "എവിടുന്നാ? എങ്ങോട്ടാ പോണേ?" എന്നൊക്കെ ചോദിച്ചു എല്ലാവരും കുശലാന്വേഷണം തുടങ്ങി.

jaipur-meharangarh-fort
മെഹ്റാൻഗഢ്​ കോട്ട

ജയ്​പുർ ഇറങ്ങിയപ്പോൾ മുതൽ പരിചയപ്പെട്ട മനുഷ്യൻമാരെല്ലാം ഇങ്ങനെയാണ്. ഒരുപാട്​ സംസാരിച്ച്​ നമ്മളെ സ്​നേഹിച്ച്​ കൊല്ലുന്നു. ഒരുപാട് വിശേഷങ്ങൾ പറയുന്നു. ഉള്ളുതുറന്ന് ചിരിക്കുന്നു. എത്ര നല്ല ആളുകൾ! എത്ര നല്ല കാഴ്ചകൾ! അങ്ങനെ ജസ്വന്ത് താട എത്തുംവരെ ഞങ്ങൾ വർത്തമാനവും പറഞ്ഞിരുന്നു. അവിടെ ഇറങ്ങി അവർക്കൊക്കെ ഒരു ചിരിയും പാസാക്കി നേരെ ടിക്കറ്റ് കൗണ്ടറിലേക്ക്​​ നടന്നു. 1899ൽ മഹാരാജ സർദാർ സിങ്​ പിതാവി​​​​​​​​െൻറ സ്​മരക്കായി നിർമിച്ച സ്​മാരകത്തിന്​ മുന്നിലാണുള്ളത്​. പ്രത്യേക നിറത്തിലുള്ള കട്ടികുറഞ്ഞ മാർബിളിലാണ്​ ഇത്​ നിർമിച്ചിട്ടുള്ളത്​. നല്ല പൊള്ളുന്ന വെയിലുണ്ട്​്​. സൂര്യപ്രകാശം തട്ടി മാർബിൾ തിളങ്ങുന്നുണ്ടായിരുന്നു. അകത്ത്​ കയറി നടക്കുന്നതിനിടയിലാണ് ഫ്രഞ്ചുകാരനായ പോളിനെ പരിചയപ്പെടുന്നത്. ആദ്യമായിട്ടാണ് ഇന്ത്യയിലെന്നും രാജസ്​ഥാൻ മൊത്തം കറങ്ങി അടുത്തദിവസം ഡൽഹിക്ക് പോവാനാണ്​ പ്ലാനെന്നും പറഞ്ഞു. എന്നെ ഏറ്റവും അതിശയിപ്പിച്ച കാര്യം പുള്ളിക്ക് കേരളം അറിയില്ലായിരുന്നു എന്നതാണ്. കേരളത്തെപ്പറ്റി ഇതുവരെ കേൾക്കാത്ത ഒരു വിദേശിയെ കാണുന്നത് ഇതാദ്യമാണ്​. പിന്നെ ഞാൻ ദൈവത്തി​​​​​​​​െൻറ സ്വന്തം നാടിനെക്കുറിച്ച്​ തള്ളിമറിക്കാൻ തുടങ്ങി. ആലപ്പുഴയുടെയും മൂന്നാറി​​​​​​​​െൻറയുമെല്ലാം ഫോട്ടോകൾ കാണിച്ചുകൊടുത്തു. അടുത്തത് എന്തായാലും കേരളത്തിലേക്ക് ആണെന്ന് അയാളെക്കൊണ്ട്​ തീരുമാനമെടുപ്പിച്ച ശേഷമാണ് അവിടെനിന്ന് വിട്ടത്.

ജോധ്​പുരിലെ സൂര്യകൊട്ടാരം
ജസ്വന്ത്​ താടക്ക്​ അഭിമുഖമായാണ്​ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയെന്ന ഖ്യാതിയുള്ള മെഹ്റാൻഗഢുള്ളത്​. വെയിൽ ഒന്ന് കുറഞ്ഞപ്പോൾ അവിടേക്ക്​ കയറി. പൊളി വ്യൂ ആണ് കോട്ട മൊത്തം. ഒരു രക്ഷയുമില്ലാത്ത വാസ്​തുശിൽപി വൈഭവം. സൂര്യകൊട്ടാരം എന്നാണ് മെഹ്റാൻഗഢി​​​​​​​​െൻറ അർഥം. 1459ൽ 15ാമത് റാത്തോഡ് രാജാവായിരുന്ന റാവു ജോധായാണ് ഈ കോട്ട പണികഴിപ്പിച്ചത്. 410 അടി ഉയരമുണ്ട്​ കോട്ടക്ക്​​. ഇതിനകത്ത്​ മനോഹരമായ കൊത്തുപണികളും വിപുലമായ മുറ്റവുമുള്ള നിരവധി കൊട്ടാരങ്ങളുണ്ട്.

jaipur-Meharangarh-fort-sunset
ജോധ്​പുരിലെ അസ്​തമയം. മെഹ്റാൻഗഢ്​ കോട്ടയിൽനിന്നുള്ള കാഴ്​ച

ഒരുപാട്​ യുദ്ധങ്ങൾക്ക്​ സാക്ഷിയായി കോട്ട കൂടിയാണിത്​. ജയ്​പുർ സൈന്യം പീരങ്കികൊണ്ട്​ ഏൽപ്പിച്ച ആഘാതത്തി​​​​​​​​െൻറ ശേഷിപ്പുകൾ ഇപ്പോഴും ഇവിടത്തെ വലിയകവാടത്തിൽ കാണാം. ജയ്​പുർ, ബിക്കാനീർ സൈന്യങ്ങൾക്കെതിരായ വിജയങ്ങളുടെ സ്മരണക്ക്​ മഹാരാജ മാൻ സിംഗ് നിർമിച്ച ജയപോൾ ഉൾപ്പെടുന്ന ഏഴ് കവാടങ്ങളുണ്ട് കോട്ടക്ക്​. ഇവിടെനിന്ന്​ ബ്ലൂ സിറ്റിയായ ജോധ്പൂരിലെ അസ്​തമയം കാണേണ്ട കാഴ്​ചതന്നെ. കോട്ട ആറുമണിക്ക് അടക്കുന്നത് വരെ അവിടം ചെലവഴിച്ചു.​

അടുത്തദിവസം രാവിലെയാണ് ജയ്സാൽമീർക്ക് ട്രെയിൻ. ധാരാളം സമയം ബാക്കിയുണ്ട്. റെയിൽവേ സ്​റ്റേഷനിൽ പോയി കൊതുകുകടി കി​േട്ടണ്ടെന്ന്​ കരുതി മാർക്കറ്റ് ലക്ഷ്യമാക്കി നടന്നു. തെരുവ്​ ഭക്ഷണങ്ങളും രാജസ്​ഥാ​​​​​​​​െൻറ തനത് കരകൗശല വസ്​തുക്കളുമെല്ലാം​ വിൽപ്പനക്ക്​വെച്ചിട്ടുണ്ട്​. രാവിലെ മുതൽ പ്രത്യേകിച്ചൊന്നും കഴിച്ചിട്ടില്ല. അത്യാവശ്യം നല്ല എരിവുള്ള ചോല-കുൽച്ച പോലുള്ള ഭക്ഷണങ്ങൾ പരീക്ഷിച്ചുനോക്കി. മാർക്കെറ്റെല്ലാം അടച്ച്​ നഗരം ഉറങ്ങാൻ തുടങ്ങിയതോടെ ഞങ്ങളും മടങ്ങി. തിരിച്ച്​ റെയിൽവേ സ്​റ്റേഷനിലെത്തി സ്ലീപിങ്​​ ബാഗിനുള്ളിൽ കയറിക്കൂ​ടി. ട്രെയിനുകളുടെ ചൂളംവിളിക്കിടയിലും രാജസ്​ഥാനിലെ കാഴ്​ചകളായിരുന്നു സ്വപ്​നത്തിൽ നിറയെ.

(തുടരും)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanjaipurJAISALMERjodhpursam sand dunestravel
Next Story