ഇവിടത്തെ കാറ്റാണ് കാറ്റ്...
text_fieldsസ്നേഹക്കൂട് വാട്സാപ് കൂട്ടായ്മയുടെ മാഞ്ചൂർ യാത്ര മുടങ്ങിയ സങ്കടത്തിലിരുക്കുമ്പോഴാണ് രാമക്കൽമേടിലേക്ക് പോകാനുള്ള വഴി തുറന്ന് കിട്ടിയത്. ഭാരതീയ ഔഷധ സസ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ച് പേരടങ്ങുന്ന ഒരു ചെറുസംഘം. ഷരീഫ് പാറൽ, അശ്റഫ് ഗുരുവായൂർ, ഹുസൈൻ പരിയാപുരം, ചിന്നു ഷാനവാസ് പിന്നെ ഈ ലേഖകനും. സാരഥിയായി തൂത സ്വദേശിയായ ഡ്രൈവർ ഷഫീഖും. പുറപ്പെടുമ്പോൾ രാവിലെ എട്ട് മണിയായിരുന്നു. ഒറ്റപ്പാലം, മാത്തൂർ, തത്തമംഗലം, മീനാക്ഷിപുരം വഴിയായായിരുന്നു യാത്ര പ്ലാൻചെയ്തത്. വഴിയിൽ കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനം കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലുംഒന്നിങ്ങാം. എല്ലാം കഴിഞ്ഞ് മാത്തൂരിനടുത്തെത്തിയപ്പോൾ ഉച്ചയായി. ഒരു ചെറു കട കണ്ടപ്പോൾ അതിൽ കയറി. 50 രൂപയാന്‍റ് ഊണിന്. എങ്കിലും ഇഷ്ടവിഭവങ്ങൾ. മോരും രസവുമൊക്കെ രസമുള്ളത് തന്നെ.
ഭക്ഷണം കഴിഞ്ഞ് യാത്ര തുടർന്ന് തമിഴ്നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തി. ഡ്രൈവറെ ഒപ്പിടാൻ വിളിപ്പിച്ചു. എന്നിട്ട് 50 രൂപ കൈക്കൂലി ചോദിച്ചു. അതും കൊടുത്തു. ലിക്വർ ഇല്ലല്ലോ എന്ന ഒരു ചോദ്യവും പതിവു പരിശോധനയും. ഇതിനിടെ ഒരു കുരങ്ങൻ വിൻഡോ വഴി ഡ്രൈവർ സീറ്റിലെത്തി. ജനലുകൾ തുറന്നിടരുതെന്ന് ഗാർഡുകൾ നിർദേശിച്ചു. ഒരു വിധത്തിൽ കുരങ്ങച്ചാരെ അനുനയിപ്പിച്ച് കാാറിന് പുറത്തിറക്കി ഞങ്ങൾ യാത്ര തുടർന്നു. ഇടക്കിറങ്ങിയും ദൂരെ മലഞ്ചരിവുകളിൽ കാണുന്ന ആനക്കൂട്ടത്തെ വീക്ഷിച്ചും ചിത്രങ്ങളെടുത്തും ചിന്നാർ വഴിയുള്ള യാത്ര ശരിക്കും രസിച്ചു. തണുത്ത കാറ്റും മങ്ങിയ അന്തരീക്ഷവും പച്ചയും. മറയൂർ എത്തിയപ്പോൾ വൈകുന്നേരമായി. ഒരു വിശ്രമം ആകാമെന്ന് വച്ചു. ടൗണിലൂടെ ഇറങ്ങി നടന്നു.
അങ്ങാടിയിലുടനീളം ഔഷധ വെളുത്തുള്ളി വിൽപനക്ക് വെച്ചിരിക്കുന്നു. ഒരു കാലിച്ചായ കുടിക്കാൻ പറ്റിയ കടകളൊന്നും കണ്ടില്ല. മറയൂരിനടുത്തുള്ള സമിതി ഗ്രൂപ്പിലെ അംഗമായ ഉമേഷിന്റെ ഉമ ലോഡ്ജിന് മുമ്പിൽ നിർത്തി അദ്ദേഹവുമായി സൗഹൃദം പുതുക്കി. കുറഞ്ഞ ചെലവിൽ താമസിക്കാനും ഭക്ഷണമൊരുക്കിത്തരാനും ഒക്കെ സൗകര്യമുള്ളിടമാണെങ്കിലും നെടുങ്കണ്ടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. രാത്രി നെടുങ്കണ്ടത്ത് തങ്ങി രാവിലെ രാമക്കൽമേടിലേക്ക് പുറപ്പെടാനായിരുന്നു പരിപാടി. അതിനാൽ ഉമേഷ് ക്ഷണിച്ചെങ്കിലും നിരസിച്ച് നെടുങ്കണ്ടത്തേക്ക് തിരിച്ചു. മൂന്നാർ കഴിഞ്ഞപ്പോൾ തന്നെ ഇരുട്ട് തണുത്ത പുതപ്പായി ഞങ്ങളെ പൊതിയാൻ തുടങ്ങി. ചുരത്തിൽ മഴയും മഞ്ഞുവീഴ്ചയും. മഞ്ഞവെളിച്ചമില്ലാത്ത ഞങ്ങളുടെ ടവേരയിലെ സഞ്ചാരം ചെറിയ അസ്വസ്ഥത പടർത്തി. ഇത്തരം യാത്രകളിൽ വാഹനത്തിൽ മഞ്ഞ വെളിച്ചം ഉണ്ടാവേണ്ടതിൻെറ ആവശ്യകത ബോധ്യപ്പെടുത്തുന്നതായി ഈ രാത്രിയാത്ര. വളവുകളിൽ ചിലപ്പോൾ ഒറ്റയാൻ ഉണ്ടാകും.സൂക്ഷിക്കണമെന്ന ലീഡർ ഷരീഫിൻറ ഇടക്കിടക്കുള്ള പ്രസ്താവം കൂടിയായതോടെ ഡ്രൈവർ ഷഫീഖിെൻറ കാൽ ആക്സിലറേറ്റിൽ വല്ലാതൊന്നും അമരാതായി. വല്ലപ്പോഴും എതിരെ വരുന്ന വാഹനങ്ങൾ ആശ്വാസമായി. ഒടുവിൽ ഒരു കടയും ഒന്നുരണ്ട് വാഹനങ്ങളും കണ്ടപ്പോൾ നിർത്തി.
അവിടെ നിന്ന് ലഘുഭക്ഷണം. വീണ്ടും ചുരമിറങ്ങിയും കയറിയും രാത്രി 11 മണിയോടെ നെടുങ്കണ്ടത്തെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. നെടുങ്കണ്ടത്ത് രണ്ട് റൂമുകൾ ബുക്കു ചെയ്തിരുന്നു. ഒരു രാത്രി തങ്ങാൻ ഒരാൾക്ക് 100 രൂപ വീതമേ ആയുള്ളൂ. വരുന്ന വഴിയിൽ ഭക്ഷണം കഴിച്ചതിനാൽ വേഗം കിടന്നുറങ്ങി.
പുലർച്ചെ ഉണർന്നു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഏഴ് മണിയോടെ രാമക്കൽമേടിലേക്ക് പറപ്പെട്ടു. നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റർ ദൂരമേയുള്ളൂ രാമക്കൽമേട്ടിലേക്ക്. രാമക്കൽമേടെത്തുമ്പോൾ എട്ട് മണി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ടിക്കറ്റ് നൽകുന്ന ആളെത്താത്തതിനാൽ പാസില്ലാതെ തന്നെ മല കയറാൻ പറ്റി. കാറ്റിെൻറ കൈകളിൽ ആടിയുലഞ്ഞ് ആകാശം മുട്ടുവോളം നിൽക്കുന്ന കുറവൻ കുറത്തി പ്രതിമക്കടുത്തേക്ക്.
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ ശേഷം ശ്രീരാമൻ സീതയെ തിരഞ്ഞു പോകും വഴി ഒരു കാൽ കുത്തിയ മലയാണ് രാമക്കൽമേട് എന്നാണ് ഐതിഹ്യം. സമുദ്രനിരപ്പിൽ നിന്ന് 3218 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലാണ്. കാറ്റിെൻറ ശക്തമായ തലോടലും ദൂരെ കാണുന്ന തമിഴ് ഗ്രാമങ്ങളും നഗരങ്ങളുമാണ് രാമക്കൽമേടിെൻറ ആകർഷണീയത. ഒപ്പം കുറവൻ കുറത്തി പ്രതിമയും. കേട്ടറിവിൽ നിന്ന് യാത്രയുടെ സ്വപ്നങ്ങളിൽ രാമക്കൽമേടുമുണ്ടായിരുന്നു. വെൺപ്രാവുകൾ ചിറകടിച്ച് തളർന്നുവീണ പോൽ മലയിൽ മയങ്ങി കിടക്കുന്ന മേഘക്കീറുകളും സ്വപ്നങ്ങളിൽ മാത്രമായിരുന്നു, ആ സ്വപ്നസാക്ഷാൽക്കാരമാണ് മുന്നിൽ. അത് ആവോളം ആസ്വദിച്ചു.
കാറ്റാണ് രാമക്കൽമേട്ടിലെ താരമെന്ന് തോന്നി. അത് ശരിവെക്കും വിധം ദൂരെ കാറ്റാടി മില്ലുകൾ തലയാട്ടുന്നു. ഇപ്പോൾ കൈകളിൽ എടുത്തു പറക്കുമെന്ന് തോന്നിപ്പോകും, കാറ്റിെൻറ താരാട്ട് കണ്ടാൽ. കാറ്റിനെ വകവെക്കാതെ മലയുടെ നേർത്ത ചരിവുകൾ ചുവടുവെച്ച് ഞങ്ങൾ നീങ്ങി. മണിക്കൂറിൽ 35 കിലോ മീറ്റർ വേഗതയിലാണ് ഇവിടത്തെ കാറ്റ്. ഈ സാധ്യത ഉപയോഗിച്ച് 2008ലാണ് ഇവിടെ കേരളത്തിലെ ആദ്യ വിൻഡ് മിൽ ആരംഭിച്ചത്.
മേട്ടിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ വെളുത്ത മുത്തുകൾ ചിതറിയ പോലെ തമിഴ്നാട്ടിലെ നഗരങ്ങളും ഗ്രാമങ്ങളും. തേനി, തേവാരം, കമ്പം തുടങ്ങിയ സ്ഥലങ്ങളാണത്.
ഞങ്ങൾ കാറ്റിെൻറ കൈകളിലേറി കുറവൻ കുറത്തി പ്രതിമക്കടുത്തെത്തി. ആ പ്രതിമക്ക് പിന്നിലും ചരിത്രമുണ്ട്. കാട്ടിലെ ഊരാളരുടെ മൂപ്പനായിരുന്നു കൊലുമ്പൻ. കൊലുമ്പെൻറ ക്ഷണപ്രകാരം മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടും അദ്ദേഹത്തിെൻറ സുഹൃത്ത് എ.സി. തോമസ് എടാട്ടും ഊരാളി നൃത്തം കാണാനെത്തി. ഇന്ന് ഇടുക്കി അണക്കെട്ട് നിൽക്കുന്ന സ്ഥലമായിരുന്നു അത്. കൊലുമ്പൻ അവിടെ വെച്ച് കുറവൻ മലയും കുറത്തി മലയും അവെര കാണിച്ചു കൊടുത്തു. 1932ലായിരുന്നു അത്.
മലകൾക്കിടയിലുള്ള പെരിയാറിന്റെ വെള്ളച്ചാട്ടം തോമസിെൻറ ശ്രദ്ധയിൽ പെടുകയും 1975ൽ അത് ഇന്നത്തെ ഇടുക്കി അണക്കെട്ടായി പരിണമിക്കുകയും ചെയ്തു. ഈ ഇതിഹാസ മലയുടെ ഓർമക്കാണ് രാമക്കൽമേട്ടിൽ ശിൽപി എ.സി. ജിനൻ നിർമിച്ച കുറവൻ കുറത്തി ശിൽപം സ്ഥാപിച്ചത്. കൂടെ കുഞ്ഞുമുണ്ട്. തലയുയർത്തി നിൽക്കുന്ന ഈ ശിൽപവും രാമക്കൽമേടിെൻറ ആകർഷണീയത തന്നെ. കുറവൻകുറത്തി ശിൽപത്തിന് ചുറ്റും നടന്ന് അകലെ ഭൂമിയിൽ വീണു കിടക്കുന്ന ഗ്രാമങ്ങൾ കണ്ട് ആസ്വദിച്ച് മതിവരാതെ ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. അപ്പോൾ ചിലർ കാറ്റിനെ വകഞ്ഞു മാറ്റി മല കയറാൻ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.