മലകയറി പാറകളുടെ ഉദ്യാനത്തിലേക്ക്
text_fieldsഈ യാത്ര പാറകളുടെ ഉദ്യാനത്തിലേക്കാണ്. മണ്ണും കുന്നുകളും കയറിയിറങ്ങി സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രകൃതിയുടെ വിരുന്നൊരുക്കി ഉറുമ്പിക്കര നിങ്ങളെ കാത്തിരിക്കുന്നു. ഇടുക്കി ജില്ലയിൽ കൊക്കയാര്‍ പഞ്ചായത്തിൽ സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലായി കുട്ടിക്കാനത്തിനും വാഗമണിനും മധ്യേ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഉറുമ്പിക്കര.
ബ്രിട്ടീഷുകാരനായ ജോണ്‍ ജോസഫ് മോര്ഫിയാണ് കേരളത്തില്‍ 1903-ൽ ആദ്യമായി ഈ പ്രദേശത്താണ് റബര്‍ കൃഷി ആരംഭിക്കുന്നത്, ഇവിടുത്തെ പ്രകൃതിയുടെ മനോഹാരിതയില്‍ ആകൃഷ്ടനായി ഇവിടെ ഒരു ബംഗ്ലാവും നിർമ്മിച്ചു അദ്ദേഹം. ഇപ്പോഴും ഈ ബ്ംഗ്ലാവ് ഒരു സ്വകാര്യ റിസോര്‍ട്ടായി ഹിൽ പാലസ് റിസോര്‍ട്ട് എന്ന പേരിൽ ഇവിടെയുണ്ട്.
വനമേഖലയിലൂടെ ഓഫ് റോഡ് അനുഭവങ്ങൾ നുകരാൻ അൽപം പ്രയായമുള്ള വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഇവിടുത്തെ വനം ആളൊഴിഞ്ഞ അമ്പല പറമ്പ് പോലെ തോന്നിച്ചു. മരങ്ങളോ പച്ചപ്പോ ഇല്ലാതെ എവിടെയും കരിമ്പാറകൾ നിറഞ്ഞ ഇരുണ്ട ഭൂമി. പാറകൾ പല വലിപ്പത്തിലും ആകൃതിയിലും. വഴിയിലും തൊടിയിലും പടർന്ന് കിടക്കുന്നു. ഒരു പാറ ഉദ്യാനം പോലെ. കല്ലുകൾ നിറഞ്ഞ വഴിയിലൂടെ ആടി ഉലഞ്ഞുള്ള യാത്രയിൽ ആദ്യ കണ്ടത് 100 അടിയോളം മുകളിൽ നിന്നും പതിക്കുന്ന പാപ്പാനി വെള്ളച്ചാട്ടമാണ്.
സമയം അതിക്രമിച്ചതിനാൽ ജീപ്പിൽ ഇരുന്ന് തന്നെ കാഴ്ചകൾ കണ്ട് വീണ്ടും മുകളിലേയ്ക്ക്. പോകുന്ന വഴിയിൽ പലയിടത്തും സായിപ്പിൻെറ കാലത്തെ പഴയ ഓറഞ്ച് മരങ്ങൾ വിളഞ്ഞ് നിൽക്കുന്നത് കണ്ടു. അതിൻെറ പുളി നുകരുകർന്നാണ് യാത്ര തുടർന്നത്. തേയില കൃഷി ഇവിടെ ഉണ്ടായിരുന്നു എന്ന് അനുസ്മരിപ്പിക്കുന്ന ഉപേക്ഷിക്കപ്പെട്ട ഒരു തേയില ഫാക്ടറി കണ്ടു. ഇവിടങ്ങളിലെ പച്ചപ്പിനെ വെട്ടിവെളുപ്പിച്ച് കറുത്ത ഭൂമിയാക്കിയ സായിപ്പിൻെറ കൊട്ടാരം മാത്രം പച്ചപ്പും, പൂക്കളും നിറച്ച്, അണിയിചൊരുക്കിയിരിക്കുന്നു.
ആടി ഉലഞ്ഞ് ഞങ്ങളുടെ നൗക വീണ്ടും മുകളിലേയ്ക്ക് സഞ്ചരിച്ചു. എത്തി ചേർന്നത് ഉറുമ്പികരയിലെ മുഖ്യ ആകർഷണമായ ഇരട്ടപ്പാറയുടെ സമീപത്ത്. വളരെ മനോഹരമായ വ്യൂ പോയിൻറ് തന്നെയാണ് ഇവിടം. വിട്ടിൽ തിരിച്ച് ചെല്ലാമെന്ന് പറഞ്ഞ് ഇറങ്ങിയതു കൊണ്ട് പാറയുടെ മുകളിലേയ്ക്ക് കയറിയുള്ള അഭ്യാസത്തിന് മുതിർന്നില്ല. മുണ്ടക്കയം, പീരുമേട് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ നിന്നും ദർശിക്കാൻ കഴിയും. ഇരുമലച്ചി ദേവി ക്ഷേത്രവും ഇവിടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
കാഴ്ചകൾ കണ്ട് കളകളാരവം മുഴക്കി ഒഴുകുന്ന പാപ്പാനി അരുവിയിലെ തണുത്ത വെള്ളത്തിൽ മുഖവും കഴുകി വീണ്ടും മുന്നോട്ട്. ഇരുമലച്ചി ദേവി ക്ഷേത്രവും കടന്ന് എത്തുന്നത് വിശാലമായ ഒരു പാറപ്പുറത്തേയ്ക്ക്, ഉറുമ്പിക്കരയുടെ ഏറ്റവും ഉയർന്ന ഭാഗവും ഇതുതന്നെ. ഇവിടെ ചെറിയ ഷോലാ വനവുമുണ്ട്. കാട്ടുകോഴികളുടെ കരച്ചിലും, പ്രാണരക്ഷാർത്ഥമുള്ള പാച്ചിലും കണ്ടാണ് അവിടേയ്ക്ക് നോക്കിയത്. അപ്പോൾ ഇര തേടി നടക്കുന്ന രണ്ട് കുറുക്കന്മാർ ഞങ്ങളുടെ കാമറയിൽ പതിഞ്ഞു.
സമയം ആറ് കഴിയുന്നു. കോടമഞ്ഞ് ഞങ്ങളെ പുണരാൻ പറന്നടുക്കുന്നു. അത് വരുന്ന വഴിയുള്ള എല്ലാ കാഴ്ചകളും മറച്ച് കൊണ്ടാണ് പടയോട്ടം, അദ്യം കാറ്റായും, കുളിർ തൂകുന്ന മഞ്ഞായും ഞങ്ങളെ തഴുകി അത് കടന്ന് പോയി, നമ്മുക്ക് തിരികെ പോരേണ്ട വഴിയിലൂടെ കോടമഞ്ഞ് പറക്കുകയാണ്. പിറകെ മഞ്ഞ പ്രകാശവും ചൊരിഞ്ഞ് നമ്മുടെ രഥവും.
ആഷ്ലി എസ്റ്റേറ്റിലൂടെ കുട്ടിക്കാനത്ത് എത്തി, വഴിവക്കിലെ പെട്ടി കടയിൽ നിന്ന് ചായയും, വാഴയ്ക്ക ബജിയും കഴിച്ച് മഞ്ഞിൽ മൂടി പുതച്ച് ഉറങ്ങുന്ന വാഗമൺ കൂടി മൂവാറ്റുപുഴയിലേയ്ക്ക് .....
ഉറുമ്പിക്കരയില്‍ എത്താന്‍ ഇതാ നാലു വഴികൾ:
മുണ്ടക്കയം -കൂട്ടിക്കല്‍ -വെംബ്ലി-ഉറുമ്പിക്കര ഏകദേശം 20 കിലോമീറ്റർ
മുണ്ടക്കയം -എന്തയാര്‍ -വടക്കേമല -ഉറുമ്പിക്കര ഏകദേശം 20 കിലോമീറ്റർ
കുട്ടിക്കാനം-ആഷ്ലി എസ്റ്റേറ്റ് -ഉറുമ്പിക്കര – ഏകദേശം 7 കിലോമീറ്റർ
ഏലപ്പാറ -മേമല-ഉപ്പുകുളം-ഉറുമ്പിക്കര ഏകദേശം 13 കിലോമീറ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.