മഴ പെയ്ത പകലിൽ വാൽപ്പാറയുടെ ഹരിതാഭയിൽ
text_fieldsഓണം കഴിഞ്ഞപ്പോൾ സ്ഥിരം നടത്താറുള്ള വയനാട് യാത്ര വേണ്ടെന്ന് വെച്ച് വീട്ടിൽ ചുമ്മാതിരിക്കുമ്പോഴാണ് വെളിപ്പാടുണ്ടായത്, വാൽപ്പാറയ്ക്ക് വച്ച് പിടിക്കാമെന്ന്.. കുറേ മുൻപ് കണ്ട ഫേസ്ബുക്ക് പോസ്റ്റുകളായിരുന്നു പ്രചോദനം. പോകുമോയെന്ന് യാതൊരുറപ്പുമില്ലാത്തൊരു യാത്രയായിരുന്നിട്ടും ഭ്രാന്തിന് കൂട്ടുപിടിക്കാൻ ആളുണ്ടായപ്പോൾ അരമണിക്കൂറുകൊണ്ട് പുറപ്പെട്ടിറങ്ങിപ്പോയ ഒരു യാത്ര. വഴിയേതെന്നോ എങ്ങനെന്നോ അറിയാതെയും തീരുമാനിക്കാതെയും ചതയത്തിന്റന്നുച്ഛക്ക് ഞങ്ങൾ നാലു ബല്യ മൻഷരും കാടെന്ത് നാടെന്തന്നറിയാത്ത മൂന്ന് കുട്ടികളും കൂടി പൊള്ളാച്ചി വഴി വാൽപ്പാറക്ക് പുറപ്പെട്ടിറങ്ങി. എന്നും കാർട്ടൂണും കണ്ടിരിക്കണ പിള്ളേർക്ക് കുറച്ച് കാടും മലയും കാണിക്കാനെന്ന വ്യാജേന ഞങ്ങൾക്ക് കുറച്ച് പച്ചപ്പും ഹരിതാഭയും കണ്ട് മനസിനെ ഒന്നു പറത്തി വിടാലോന്ന്ളള നിഗൂഢ ലക്ഷ്യവും ആ പുറപ്പെട്ട്പോക്കിനുണ്ടായിരുന്നു.
കോഴിക്കോട് നിന്ന് പാലക്കാട് വഴി പൊള്ളാച്ചിയിലേക്കാണ് നേരെ വച്ചുപിടിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് പൊള്ളാച്ചി എത്തുന്നത്, അവിടെ നിന്ന് 64 കിലോമീറ്ററാണ് വാൽപ്പാറയ്ക്ക്. അതുകൊണ്ട് അന്നത്തെ യാത്ര പൊള്ളാച്ചിയിൽ അവസാനിപ്പിച്ചു. പിറ്റേന്ന് രാവിലെ മഞ്ഞ് മൂടിയ വഴിയിലൂടെ 40 ഹെയർ പിന്ന് പിന്നിടാമെന്ന് വിചാരിച്ചെങ്കിലും അത് ഒരു മാതിരി വിചാരം മാത്രം ആയിപ്പോയി. 10 മണിക്ക് ശേഷമാണ് പൊള്ളാച്ചി വാൽപ്പാറ യാത്ര തുടർന്നത്. ഞങ്ങൾക്കാർക്കും കൃത്യമായി വഴിയറിയാത്തതുകൊണ്ടും ഒരൊറ്റ സൈൻ ബോർഡ് പോലും ഇംഗ്ലീഷിലില്ലാത്തതു കൊണ്ടും (തമിഴരുടെ മാതൃഭാഷാസ്നേഹത്തെ നമിച്ച് പോയി) ഗൂഗിൾ ചേച്ചി പറഞ്ഞ വഴിക്ക് പോയി ഞങ്ങൾക്ക് പല തവണ വഴിതെറ്റി.
തെന്നിന്ത്യൻ ഭാഷകളത്രയും വശമുള്ള ഞങ്ങളുടെ ചേട്ടന്മാര് ചോയിച്ച് ചോയിച്ച് പോവാൻ തീരുമാനിച്ചു. തമിഴ് നന്നായറിയുന്നത് കൊണ്ട് അതും ഗംഭീര വിജയമായിരുന്ന്. വഴിതെറ്റി തെറ്റി എങ്ങനയോ വാൽപ്പാറ റൂട്ടിലെത്തി. റോഡ് നല്ലതായത് കൊണ്ടും ഞങ്ങടെ ഷൂമാക്കറി (സനൂപ് മോഹൻ)ന്റെ സാഹസികമായ ഡ്രൈവിംങ് കൊണ്ടും ഞങ്ങൾ പെട്ടന്ന് തന്നെ ആളിയാർ ഡാം പരിസരത്തെത്തി. തമിഴ്നാട് ചെക്ക് പോസ്റ്റ് പിന്നിട്ട് മുന്നോട്ട് പോയി. 40 ഹെയർ പിൻ വളവുകളുള്ള വാൽപ്പാറ ചുരം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇടക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് വനം വകുപ്പിൻെറ പെട്രോളിംഗ് ജീവനക്കാർ അവിടെയെവിടെയും ഇറങ്ങാൻ അനുവദിച്ചില്ല.
ഇടക്ക് Monkeyടfalls എന്ന വെള്ളച്ചാട്ടവും കടന്ന് ലോംസ് വ്യൂ പോയിന്റിൽ ഇറങ്ങി. ആളിയാർ ഡാമിന്റെ മനോഹരമായ ദ്യശ്യം അവിടെ നിന്നും കാണാം, അകലെയായി പൊള്ളാച്ചിയും. ചുരത്തിൽ വരയാടുകളും സിംഹവാലൻ കുരങ്ങന്മാരും കാട്ടുപന്നികളുമുണ്ടായിരുന്നു. ചുരം കയറി പോകുമ്പോൾ താഴേക്ക് നോക്കിയാൽ ചങ്ക് പടപടാന്നിടിക്കുന്നത് കേൾക്കാം. നമ്മടെ താമരശ്ശേരി ചുരമൊക്കെ എന്തോന്ന് ചുരമെന്ന് ചോദിച്ചു പോകും. ഇടയ്ക്ക് ചെറിയൊരു അങ്ങാടിയുണ്ട്. ഭക്ഷണം അവിടുന്ന് വേണമെങ്കിൽ കഴിക്കാം. അതിൽ കോട്ടക്കൽകാരനായ ഒരു ചേട്ടന്റെ കടയിൽ കയറി ചെറിയൊരു ചായ കുടിച്ച് യാത്ര തുടർന്നു.
വാൽപ്പാറയെത്തും മുൻപേ ചുറ്റിലും കണ്ണെത്താ ദൂരത്തിൽ തേയിലതോട്ടങ്ങൾ പരന്നു കിടക്കുന്നുണ്ടായിരുന്നു. പിന്നീടുള്ള യാത്രയത്രയും മലക്കപ്പാറ വരെ തേയില തോട്ടങ്ങൾക്കിടയിലൂടെയാണ്. ആനയും പുലിയുമടക്കം സകല വന്യജീവികളും ഈ തോട്ടങ്ങൾക്കിടയിലുണ്ട്. തോട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന ഒട്ടനവധി കാട്ടരുവികളുമുണ്ട്. ബാലാജി ടെംബിളിൽ പോയി വരും വഴി അത്തരത്തിലൊരു അരുവിയിലേക്ക് ഞങ്ങളിറങ്ങി. തിരിച്ചു കയറുമ്പോഴേക്കും കാലിൽ നിറയെ നൂലട്ടകൾ പിടിമുറുക്കിയിരുന്നു. തേയില തോട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന എസ്റേററ്റ് ബംഗ്ലാവുകളും ഫാക്ടറികളും മറ്റൊരു കാഴ്ചയാണ്. കോട വന്ന് മൂടുകയും വെയിലിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഇത്തരം കെട്ടിടങ്ങളുടെ മേൽക്കൂരകൾ പോലും പച്ചമൂടി കിടക്കുന്നുണ്ടായിരുന്നു.
വാൽപ്പാറയെത്തുന്നതിന് മുൻപ് തന്നെ ചാറ്റൽ മഴയും കോടയും ഉണ്ടായിരുന്നു. യാത്ര വെറുതെയായില്ലെന്ന് മഴക്കൊപ്പം ഞങ്ങളും പിറുപിറുത്തുകൊണ്ടേയിരുന്നു. വാൽപ്പാറ തമിഴ് സിനിമകളിലൊക്കെ നാം കണ്ട് ശീലിച്ച ഒരു പഴയകാല തമിഴ് പട്ടണത്തെ ഓർമ്മിപ്പിച്ചു. അടുക്കി പെറുക്കി വച്ച ചെറിയ ചെറിയ കെട്ടിടങ്ങൾ. വലിയ തോതിൽ നഗരവത്ക്കരണം കടന്നു വരാത്ത, എന്നാൽ അത്യാവശ്യസൗകര്യങ്ങളെല്ലാമുളള ഒരങ്ങാടിയാണ് വാൽപ്പാറ. ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ മലക്കപ്പാറയ്ക്ക് വച്ചുപിടിച്ചു. വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ മലക്കപ്പാറയില്‍ നിന്നും ചെക്ക് പോസ്റ്റ് വഴി വണ്ടികള്‍ കടത്തിവിടില്ല, തിരിച്ചു വാഴച്ചാലിൽ നിന്നും.
വാൽപ്പാറയിൽ നിന്നും 26 കിലോമീറ്റർ ഉണ്ട് മലക്കപ്പാറയ്ക്ക്. വഴിയിൽ ആനമലയും കൊരനക് മുടിയ്ക്കുമിടയിൽ തലയുയർത്തി നിൽക്കുന്ന ഷോളയാർ ഡാം... എഷ്യയിലെ ഏറ്റവും ആഴമേറിയ ഡാം കൂടിയാണിത്. മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. അതുകാരണം ഡാം പരിസരത്തേക്ക് പോകാൻ ഞങ്ങൾക്കായില്ല... മലക്കപ്പാറയിലെത്തിയതോടെ റോഡ് ഒന്നുകൂടി ചെറുതായി. കേരളത്തിന്റെ അതിർത്തിയാണ് മലക്കപ്പാറ. നല്ല പച്ചപ്പും ഹരിതാഭയും മഴയും കോടയും ഒക്കെയായി അത്രയും സമയം യാത്ര നല്ല കളർഫുൾ ആയിരുന്നെങ്കിലും മലക്കപ്പാറ മുതൽ ആതിരപ്പള്ളി വരെ വല്ലാത്ത നെഞ്ചിടിപ്പോടെയാണ് ഞങ്ങൾ യാത്ര ചെയ്തത്...
'കാടിനൊരു ഫോറസ്റ്റായാ പോരാരുന്നോ'ന്ന് തോന്നിപ്പിക്കുന്ന ഇടതൂർന്നകാടും നല്ല കിണ്ണം കാച്ചിയ മഴയും മുന്നിലെ വഴി മൂടുന്ന കോടയും. ചിലയിടങ്ങളിൽ കുഴിയാണോ വഴിയാണോ പുഴയാണോന്ന് സംശയിപ്പിക്കുന്ന മലവെള്ളപാച്ചിലും കാട്ടുമൃഗങ്ങളും ഇരുട്ടും. ഇതൊക്കെ പോരാഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ റോഡും. പത്തറുപത്തിനാല് കിലോമീറ്റർ നെറ്റ് വർക്ക് ഇല്ലാത്ത ഫോണും. മുത്തങ്ങയിലൂടെ പോകുമ്പോൾ ആനയെയോ കാട്ടുപോത്തിനെയോ കണ്ടില്ലല്ലോ കണ്ടില്ലല്ലോന്ന് വേവലാതിപ്പെടുന്ന ഞങ്ങൾ ഈ വക ജീവികളൊന്നും മുന്നിപ്പെടല്ലേയെന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു. എന്നിട്ടും റോഡിനരികിലെ വെള്ളക്കെട്ടിനരികെ ആനയെ കണ്ടു.
കാടൊന്ന് തീർന്ന് ആളും മനുഷ്യരും ഉള്ള വല്ലോടത്തുമെത്താൻ വേണ്ടി ഞങ്ങളിരുന്ന ഒരിരിപ്പുണ്ട്.. കുറച്ച് കാടും മലയും പച്ചപ്പും പ്രതീക്ഷിച്ച ഞങ്ങളെ കാടിന്റെ വന്യത കാണിച്ച് എന്തിന് പരീക്ഷിക്കുന്നെന്ന് 101 തവണ ചോദിപ്പിച്ചു കാണും. എതിർവശത്ത് വാഹനം വരുമ്പോൾ പേടിയാണ് സൈഡ് കൊടുക്കാൻപോലും സ്ഥലമില്ലാതെ തിങ്ങിയ കാടാണ് ചിലയിടങ്ങളിൽ. വേറെ സ്ഥലങ്ങളിൽ ചാലക്കുടിപ്പുഴ. അഡ്വഞ്ചറസായ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ വഴി ഇഷ്ടപ്പെടുമെങ്കിലും ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളുമടക്കം സകലവന്യജീവികളും ഇറങ്ങുന്ന വഴി കൂടും കടുക്കയും കുട്ടികളുമായി യാത്ര ചെയ്യുന്നവരെ ഭയപ്പെടുത്തുന്നതാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനും അഡ്വഞ്ചസ് റൈഡിംഗിനും പറ്റിയ റൂട്ടാണ് പൊള്ളാച്ചി- വാൽപ്പാറ- മലക്കപ്പാറ-ആതിരപ്പള്ളി - വാഴച്ചാൽ.
വാഴച്ചാൽ ചെക്ക് പോസ്റ്റ് കഴിഞ്ഞതോടെ റോഡിന് വീതി കൂടി. വഴിയിൽ വെട്ടോം വെളിച്ചവും കണ്ടു തുടങ്ങി. ആതിരപ്പള്ളിയിൽ നിന്ന് ചായ കുടി കഴിഞ്ഞ് ഫുൾ എനർജി വീണ്ടെടുത്ത ഷൂമാക്കർ പറഞ്ഞു, താമരശ്ശേരി ചുരം, മുത്തങ്ങക്കാട് ... കാട്ടിലെ മഴന്നൊക്കെ പറഞ്ഞ് ഇനിയാരേലും വരട്ടെ.... എന്താണ് കാടെന്നറിയാൻ ഈ വഴി പറഞ്ഞ് വിടണം.
വാൽപ്പാറയെ അറിയുക:
പശ്ചിമഘട്ടത്തിലെ മഴകാടുകൾ, തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെയാണ്. കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശമാണ് വാൽപ്പാറ. താഴെ ആളിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍.
ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു60- 64 കിലോമീറ്റര്‍ കാണും. അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ് ഫോറസ്റ്റാണ്. നിറയെ വളവുകളും തിരിവുകളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും മഴയിൽ കുത്തിയൊഴുക്കുന്ന കാട്ടരുവികളും നിറഞ്ഞതാണ് ഈ റോഡ്.
വാൽപ്പാറ ചുരം: വാല്പാറയില് നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം. ഭൂമിശാസ്ത്രപരമായി വാൽപാറ ആനമല പർവത നിരകളുടെ ഭാഗമാണ്. നാലു സംരക്ഷിത മേഖലകളാൽ ചുറ്റപെട്ടിരിക്കുന്നു. ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം, ചിന്നാർ വന്യജീവി സംരക്ഷണ സങ്കേതം, ഇരവികുളം നാഷണൽ പാർക്ക്, പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതം എന്നിവയാണ് അവ. ആയതിനാൽ തന്നെ യാത്രയ്ക്കിടെ ആന, കാട്ടുപോത്ത്, മാൻ സിംഹവാലൻ കുരങ്ങ് തുടങ്ങിയ കാട്ടു ജീവികളെയും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.