വയനാടന്‍ കാഴ്ചകള്‍
text_fieldsപ്രാചീന ചരിത്രവുമായി എടക്കല്‍ ഗുഹകള്‍
ലോക പൈതൃകത്തിന്റെ വിലമതിക്കാനാകാത്ത കൈമുതലുകളാണ് വയനാട് ജില്ലയിലെ എടക്കല്‍ ഗുഹാചിത്രങ്ങള്‍. ക്രിസ്തുവിനുമുമ്പ് ഏകദേശം 4000 വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ശിലായുഗ മനുഷ്യരുടേതാണ് ഗുഹകളില്‍ കാണപ്പെടുന്ന കല്ലുകളില്‍ കൊത്തിവെച്ചതും പാറയില്‍ ചായക്കൂട്ടുകള്‍കൊണ്ട് വരച്ച ചിത്രങ്ങളുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. നവശിലായുഗം, മധ്യശിലായുഗം എന്നീ കാലഘട്ടങ്ങളിലെ കൊത്തുപണികളും രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചിലതിന് 7000 വര്‍ഷംവരെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.
സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരത്തില്‍ അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഏകദേശം 12 കിലോമീറ്ററും കല്‍പറ്റയില്‍നിന്ന് 20 കിലോമീറ്ററുമാണ് ദൂരം. വഴിനീളെ ഹരിതാഭമായ കാപ്പിത്തോട്ടങ്ങള്‍ കാണാം. ഞങ്ങള്‍ ചെല്ലുമ്പോള്‍ കാപ്പി പൂത്ത സമയമാണ്. വെളുത്ത മനോഹരമായ പൂക്കള്‍. നല്ല സുഗന്ധം പരത്തി ഇളംകാറ്റ്. ചെറുചില്ലകള്‍ക്കിടയില്‍ ബെറി പഴങ്ങള്‍പോലെ കാപ്പിക്കുരുകള്‍. എല്ലാം പച്ചയാണ്. കാപ്പിത്തോട്ടങ്ങളില്‍ ഇടക്കിടെ കുരുമുളക് വള്ളികളുമുണ്ട്. ചെറിയ ചെറിയ തോട്ടങ്ങളാണ് അധികവും.
അമ്പുകുത്തി മല കയറിച്ചെന്നപ്പോള്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഇനിയങ്ങോട്ട് വാഹനം പോകില്ല. കാല്‍നടയായി വേണം യാത്ര.' കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം നോക്കുമ്പോള്‍ ഒരു മധ്യവയസ്കന്‍ വന്നു വിളിച്ചു: 'ദേ, ഇങ്ങോട്ടു കയറ്റി ഇടാം. എന്റെ സ്ഥലമാണ്. ഒന്നും പേടിക്കാനില്ല'. തണുപ്പിനുള്ള കമ്പിളി ബനിയനും തലയില്‍ മഫ്ളറും ചുറ്റിയ അയാള്‍ ചിരിച്ചു. ഞാന്‍ വിചാരിച്ചു. എന്തു നല്ല മനുഷ്യന്‍. വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു: 30 രൂപ വേണം. പണം കൊടുത്തെങ്കിലും ടിക്കറ്റ് ഒന്നും തന്നില്ല. അയാള്‍ വീണ്ടും ആവര്‍ത്തിച്ചു: 'ഒന്നും പേടിക്കാനില്ല, എന്റെ സ്ഥലമാണ്. പിന്നെ, വണ്ടിയില്‍നിന്ന് വെള്ളം എടുത്തോളൂ. നിങ്ങള്‍ തീര്‍ച്ചയായും വെള്ളം കുടിക്കും.'
മഴ ചന്നംപിന്നം ചാറുന്നുണ്ട്. കര്‍ക്കടകത്തിലെ മഴ ഇടക്ക് കനക്കും. ഇടക്ക് ചാറും. മഴ പെയ്ത് ചുകന്ന മണ്ണൊക്കെ ചളിയായിരുന്നു. കുത്തനെയുള്ള കയറ്റമാണ്. ചുറ്റും നിബിഡമായ വനങ്ങള്‍. ഇടക്ക് ചില റിസോര്‍ട്ടുകളുണ്ട്. മരങ്ങളില്‍ പറ്റിപ്പിടിച്ച് ചീവിടുകളെപ്പോലെ ജീവികള്‍ ശബ്ദമുണ്ടാക്കുന്നു, വെട്ടുക്കിളികളാണ് (ഘീരൗtെേ. പേര് വെട്ടുക്കിളി എന്നാണെങ്കിലും ഇവന്‍ കിളിയല്ല. പച്ചക്കുതിരയുടെ വര്‍ഗത്തില്‍പെട്ട വലിയ ഇനക്കാര്‍. ഏകദേശം ചെറിയ കുരുവിയോളം വരും. കൂട്ടത്തോടെ വിളവ് നശിപ്പിക്കുന്ന ഇക്കൂട്ടര്‍ ദേശാടനക്കാരാണ്. വശങ്ങളില്‍ ചെറുകുടിലുകളില്‍ വഴിവാണിഭക്കാര്‍. കാട്ടുതേനും കാപ്പിപ്പൊടിയും കരകൗശല വസ്തുക്കളുമൊക്കെയാണ് വില്‍പനക്ക്. കൂടുതലും സ്ത്രീകളാണ്. തിരികെവരുമ്പോള്‍ തോട്ടത്തിന്റെ മണമുള്ള കാപ്പിപ്പൊടിയും കാടിന്റെ മണമുള്ള തേനും വാങ്ങാമെന്ന് തീരുമാനിച്ചു.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ മല കയറുന്നത് ശ്രമകരമായ ഏര്‍പ്പാടുതന്നെ. മലമുകളിലൂടെ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള യാത്ര വളരെ ദുര്‍ഘടമായിരുന്നു. മുമ്പേ കടന്നുപോകുന്ന കൗമാരക്കാര്‍ സ്ത്രീകളെയും കുട്ടികളെയും പാറക്കെട്ടുകള്‍ കയറാന്‍ സഹായിക്കുന്നുണ്ട്. സൗകര്യത്തിനായി ചില ഭാഗങ്ങളില്‍ പടവുകളും ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെയുള്ള നിരവധി പാറക്കെട്ടുകള്‍ താണ്ടിവേണം എടക്കല്‍ ഗുഹകളില്‍ എത്താന്‍. പ്രായംചെന്നവരും ചില മധ്യവയസ്കരും ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോകുന്നുമുണ്ട്. പലരും ഇടക്കിടെ വെള്ളം കുടിച്ചാണ് മുന്നോട്ടുപോകുന്നത്. പാര്‍ക്കിങ് സ്ഥലത്തിന്റെ 'ഉടമസ്ഥന്‍' പറഞ്ഞ കാര്യം അപ്പോഴാണ് ശരിക്കും മനസ്സിലായത്. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളക്കുപ്പികള്‍ ഏതാണ്ട് ശൂന്യമായിരുന്നു.
1895ല്‍ നായാട്ടിന് പോയ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ഫ്രെഡ് ഫോസെറ്റ് ആണ് യാദൃച്ഛികമായി കാപ്പിത്തോട്ടത്തില്‍നിന്ന് ഒരു കന്മഴു കണ്ടെത്തിയത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങളാണ് എടക്കല്‍ ഗുഹകളും അതിന്റെ പൈതൃകങ്ങളും കണ്ടെത്താന്‍ ഇടയാക്കിയത്. ഇതിനായി അദ്ദേഹം പ്രദേശവാസികളെ കൂട്ടുപിടിച്ചു. അമ്പുകുത്തി മല എന്നു പേരുവന്നതിന് കാരണം രാമന്‍ എയ്ത അമ്പു വന്നുകുത്തിയ സ്ഥലമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. കുട്ടിച്ചാത്തനും മുടിയാമ്പിള്ളി ദേവിയുമായി കൂട്ടിച്ചേര്‍ത്തും ഐതിഹ്യങ്ങളുണ്ട്.
ഭീമാകാരങ്ങളായ രണ്ട് പാറകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരു പാറയാണ് എടക്കല്‍ ഗുഹകള്‍ രൂപപ്പെടുത്തിയത്. മനുഷ്യനിര്‍മിതിയല്ലാത്ത ഗുഹകളാണിത്. പാറകള്‍ക്കിടയില്‍ നിപതിച്ചിരിക്കുന്ന വലിയ കല്ല് (പാറ) തന്നെയാകാം ഇടക്കല്‍ അഥവാ എടക്കല്‍ എന്ന പേരിന് നിദാനം. 96 അടി നീളവും 20-22 അടി വീതിയുമുള്ള ഭീമന്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് മറ്റൊരു ഭീമന്‍ പാറ നിപതിച്ചിരിക്കുന്നത്. ശരിക്കും ഒരു ഗുഹ അല്ലെങ്കിലും ഒരു ഗുഹ നല്‍കുന്ന അഭയം (ടവലഹtേലൃ) ഇവിടെ അനുഭവപ്പെടും. വെളിച്ചം കടക്കാന്‍ വേണ്ടത്ര പഴുതും എന്നാല്‍ ആവശ്യത്തിന് വിസ്താരവും ഇതിനുണ്ട്. രണ്ടു ഭാഗങ്ങളായിട്ടാണ് ഗുഹ ഉള്ളത്. കാലാവസ്ഥയിലുള്ള വ്യതിയാനംകൊണ്ടോ ഭൂചലനംകൊണ്ടോ ഇങ്ങനെ പാറകള്‍ രൂപംകൊണ്ടതാകാം എന്ന് കരുതപ്പെടുന്നു.
ഗുഹകളില്‍ കല്ലില്‍ കൊത്തിയതും പാറയില്‍ ചായക്കൂട്ട് ഉപയോഗിച്ച് വരച്ചതുമായ നിരവധി ചിത്രങ്ങളുണ്ട്. ഒരു ഗോത്ര രാജാവിന്റെയും രാജ്ഞിയുടെയും കുട്ടിയുടെയും ചിത്രം അതില്‍ ചിലതാണ്. വ്യത്യസ്ത കാലങ്ങളില്‍ ജീവിച്ച മനുഷ്യസമൂഹത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളാണ് ആലേഖനങ്ങളില്‍ പലതും. ആള്‍രൂപങ്ങള്‍, മൃഗങ്ങള്‍, മണ്‍വണ്ടികള്‍, ആശയവിനിമയത്തിനായി ഉപയോഗിച്ച ചിഹ്നങ്ങള്‍, അക്ഷരങ്ങള്‍, അക്കങ്ങള്‍ എന്നിവ കൊത്തിവെച്ചിട്ടുണ്ട്. സംസ്കൃതം, തമിഴ്, ബ്രാഹ്മി ലിപികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ ലിപികള്‍ ഗുഹാചിത്രങ്ങളോളം പഴക്കമുള്ളതല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തു 2-5 നൂറ്റാണ്ടുകളാണ് ഈ ലിപികളുടെ കാലം എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പുതിയ കണ്ടുപിടിത്തം അനുസരിച്ച് ഗുഹാലിഖിതങ്ങള്‍ക്ക് സിന്ധുനദീതട സംസ്കാരവുമായി (കിറൗ െഢമഹഹല്യ ഇശ്ശഹശ്വമശേീി) ബന്ധമുണ്ടെന്ന് സമര്‍ഥിക്കപ്പെടുന്നു. ഏകദേശം 400 ചിഹ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ പ്രധാനം ഭരണിയുടെ മൂടിയേന്തി നില്‍ക്കുന്ന മനുഷ്യരൂപമാണ്. ഹാരപ്പന്‍ സംസ്കാരത്തിലേക്കാണ് (ഒമൃമുുമി ഇശ്ശഹശ്വമശേീി) ഇത് വിരല്‍ ചൂണ്ടുന്നത് (2300 ആഇ ീേ 1700 ആഇ). ദക്ഷിണേന്ത്യയിലും ഈ സംസ്കാരങ്ങള്‍ സജീവമായിരുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 1901ല്‍ ഇന്ത്യന്‍ ആന്റിക്വറി എന്ന പത്രികയില്‍ ഫോസെറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എടക്കല്‍ ഗുഹകള്‍ ലോകം അറിയുന്നത്. 1984ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു.
മുത്തങ്ങ വന്യജീവി സങ്കേതം
ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ് മുത്തങ്ങ വന്യജീവി സങ്കേതം. ആനകള്‍, വിവിധതരം മാനുകള്‍, വിവിധയിനം കുരങ്ങന്മാര്‍ എന്നിവ യഥേഷ്ടം മേഞ്ഞുനടക്കുന്ന കാഴ്ച അപൂര്‍വവും നയനാനന്ദകരവുമാണ്. യാത്രക്കിടെ ചിലപ്പോഴെങ്കിലും പുലി നിങ്ങളുടെ വഴി മുറിച്ചുകടന്നെന്നിരിക്കാം. എന്നാല്‍, ഇത് സ്ഥിരം കാഴ്ചയല്ല. എണ്ണംകൊണ്ട് കൂടുതല്‍ പുള്ളിപ്പുലികളാണ്. കടുവകളും ഈ കാട്ടില്‍ വസിക്കുന്നു. പലപ്പോഴും ആനകള്‍ അപകടകാരികളാകാറുമുണ്ട്. നാനാതരം പക്ഷികള്‍, ശലഭങ്ങള്‍, ഉരഗങ്ങള്‍ തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് മുത്തങ്ങ വനമേഖല. ഇത് നിബിഡമായ വനമേഖലയാണ്. കൂടുതലും തേക്കും ചന്ദനമരങ്ങളുമാണ് കാണപ്പെടുന്നത്. ഈട്ടി, ഇരൂള്‍, വാഴ, ചീനി (മഴവൃക്ഷം), തേമ്പാവ്, കുന്നി, വാക തുടങ്ങി മരങ്ങളുമുണ്ട്. മുത്തങ്ങയുടെ വടക്കുകിഴക്ക് കര്‍ണാടകത്തിന്റെ നാഗര്‍ഹോളയും ബന്ദിപ്പൂരും ചേര്‍ന്നുകിടക്കുന്നു. തെക്കുകിഴക്ക് തമിഴ്നാടിന്റെ മുതുമല വന്യജീവിസങ്കേതവും ചേര്‍ന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ ബന്ദിപ്പൂരില്‍നിന്നും മുതുമലയില്‍ നിന്നുമൊക്കെയുള്ള വന്യജീവികള്‍ ധാരാളമായി ഈ നിത്യഹരിത വനമേഖലയില്‍ അതിര്‍ത്തി കടന്നെത്തും. 1973ലാണ് മുത്തങ്ങ വന്യജീവിസങ്കേതം രൂപവത്കൃതമായത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗംകൂടിയായ ഈ പശ്ചിമഘട്ട വനമേഖല പ്രോജക്ട് എലിഫന്റ് സൈറ്റ് കൂടിയാണ്. ഏകദേശം 13 കിലോമീറ്റര്‍ ദൂരമാണ് സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മുത്തങ്ങയിലേക്ക്.
പൂക്കോട് തടാകം
പൂക്കോട് തടാകത്തില്‍ ഞങ്ങളെത്തുമ്പോള്‍ കനത്ത മഴയായിരുന്നു. തടാകത്തില്‍ ബോട്ടിങ് അവസാനിപ്പിക്കേണ്ട സമയമായി. ആളുകള്‍ ബോട്ട് യാത്ര മതിയാക്കി മടങ്ങിവരുന്നു. തടാകത്തില്‍ മഴ പെയ്യുന്നത് മനോഹരമായ കാഴ്ച തന്നെ. ഏകദേശം 13 ഏക്കര്‍ വിസ്തൃതിയുള്ള തടാകത്തിന് 40 അടി താഴ്ചയുണ്ട്. കബനി നദിയുടെ ഒരു പ്രധാന കൈവഴിയായ പനമരം അരുവി ഇവിടെനിന്നുമാണ് തുടങ്ങുന്നത്. പശ്ചിമഘട്ട നിത്യഹരിതവനങ്ങളുടെ ഭാഗമാണ് ഈ തടാകം. തടാകത്തിലൂടെയുള്ള പെഡല്‍ ബോട്ട് യാത്രക്കിടെ ആനകള്‍, മാന്‍ മുതലായ വന്യമൃഗങ്ങളെ കാണാനാകും.
കല്‍പറ്റയില്‍നിന്ന് ഏകദേശം 15 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ചാല്‍ പൂക്കോട് തടാകത്തിലെത്താം. സമയം വൈകിയതുകൊണ്ട് ഞങ്ങള്‍ തിരിച്ചുപോരാന്‍ തീരുമാനിച്ചു. മീന്‍മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര കൊടുമുടി, നീലിമല, ചെതലയം, പക്ഷി പാതാളം, ബാണാസുരസാഗര്‍ ഡാം, തിരുനെല്ലി ക്ഷേത്രം, ജൈനക്ഷേത്രം, കുറുവ ദ്വീപ് തുടങ്ങി പലതും കാണേണ്ടതായുണ്ട്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.