പുതുമുഖത്തിന് ഊരുവിലക്കുമായി തുമ്പൂർമുഴിയിലെ കുരങ്ങന്മാർ
text_fieldsഅതിരപ്പിള്ളി: തുമ്പൂർമുഴി ഉദ്യാനത്തിൽ വിരുന്നുകാരനായി പുതുമുഖമെത്തിയപ്പോൾ പഴയ കുരങ്ങന്മാർക്ക് പിണക്കം. എവിടെ നിന്നോ പുതുതായി എത്തിയ ഹനുമാൻ കുരങ്ങനോട് കൂട്ടുകൂടാതെ പ്രതിഷേധത്തിലാണ് അവിടത്തെ സ്ഥിരം 'കുറ്റി'കളായ സാധാരണ കുരങ്ങന്മാർ.
ഏതാനും ദിവസം മുമ്പാണ് ഹനുമാൻ കുരങ്ങൻ തുമ്പൂർമുഴിയിലെത്തിയത്. പുതിയ ഇനം കുരങ്ങന് മറ്റുള്ള കുരങ്ങൻമാരേക്കാൾ വലിപ്പമുണ്ട്. ചാരനിറത്തിലുള്ള താടിയും തൊപ്പി പോലെയുള്ള മുടിയുമാണ് പ്രധാന പ്രത്യേകത. അതുപോലെ മുഖത്തിന്‍റെ നിറം കറുകറുപ്പാണെന്നതും മറ്റ്കുരങ്ങന്മാരിൽ നിന്ന് ഇവനെ വ്യത്യസ്തനാക്കുന്നു. അതിരപ്പിള്ളി മേഖലയിൽ ഇത്തരം കുരങ്ങനെ കണ്ടിട്ടില്ലെന്ന് പഴമക്കാർ പറയുന്നു.
ടൂറിസത്തിന്‍റെ വളർച്ചയോടെ സന്ദർശകരിൽ നിന്ന് ഭക്ഷണം കിട്ടാനുള്ള സാധ്യത വർധിച്ചതോടെ അതിരപ്പള്ളിയിൽ കുരങ്ങന്മാർ ധാരാളമുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇവയുടെ വിഹാരകേന്ദ്രങ്ങൾ.ഇവയിൽ പലരും സന്ദർശകർക്കെതിരെ ചില്ലറ തട്ടിപ്പറിയുമായി കഴിഞ്ഞുകൂടുകയാണ്.
സാധാരണ കുരങ്ങന്മാരാണ് ഇവ. കൂടാതെ ചിലപ്പോൾ കരിങ്കുരങ്ങുകളെയും ഇവിടെ കാണാറുണ്ട്. എന്നാൽ ഹനുമാൻ കുരങ്ങന്മാർ ഈ മേഖലയിൽ കാണാറേയില്ല. ഒരു പക്ഷേ വാൽപ്പാറ മേഖലയിൽ നിന്നോ എത്തിയതാകണമെന്നാണ് കരുതപ്പെടുന്നത്. കുരങ്ങുകൾ പൊതുവേ സംഘം ചേർന്ന് നടക്കുന്നവരാണ്. എന്നാൽ പുതിയ കുരങ്ങനെ തുമ്പൂർമുഴിയിലെ കൂട്ടത്തിൽ കൂട്ടിയിട്ടില്ല.
ഇതിന്‍റെ അടുത്തേക്ക് ആരും പോകുന്നില്ല. ഹനുമാൻ കുരങ്ങൻ അടുത്തുവന്നാൽ മറ്റു കുരങ്ങന്മാർ അകന്ന് മാറുന്നു. അകന്നിരുന്ന് ഇതിനെതിരെ ചീത്ത വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ആകെ ഒറ്റപ്പെട്ടു പോയ ഹനുമാൻ കുരങ്ങൻ സന്ദർശകരുടെ ഇരിപ്പിടങ്ങളിലും മറ്റുമായി മാറി മാറിയിരുന്ന് നിരാശനായി സമയം തള്ളി നീക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.