പ്രകൃതി ഒളിപ്പിച്ചുവച്ച മരുപ്പച്ച
text_fieldszസാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവരുടെ മികച്ച ഡെസ്റ്റിനേഷനാണ് റാസൽ ഖൈമയിലെ ഹിഡൻ ഒയാസീസ്. ജബൽ ജെയ്സ് പർവ്വതനിരകളാലും ഒമാനിന്റെ ഭാഗമായ അൽ ഹാരിമ് മലനിരകളാലും ചുറ്റപ്പെട്ട ഏക്കറുകളോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന പ്രദേശം പ്രകൃതി ഭംഗി കൊണ്ട് ആരേയും ആകർഷിക്കുന്നതാണ്. ഹിഡൻ ഓയാസീസ് പാർക്കിങ് എന്ന് ഗൂഗിൾ മാപ്പിൽ സെർച്ചു ചെയ്താൽ റാസൽ ഖൈമയിലെ ജബൽ ജൈയ്സ് മല മുകളിലേക്ക് പോവുന്ന വഴിയിൽ കൃത്യമായി പാർക്കിങ്ങിൽ എത്താം. വാഹനം അവിടെത്തന്നെയോ കുത്തനെയുള്ള ഇറക്കം ഇറങ്ങി താഴയോ പാർക്കു ചെയ്തതിനുശേഷം നേരെ ഇടത്തോട്ട് ഏകദേശം നാല് കിലോമീറ്റർ നടന്നാൽ ഹിഡൻ ഓയാസീസിൽ എത്താം.
അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ചെങ്കുത്തായ മല മുകളിലേക്ക് കയറി മലയുടെ ഓരം ചേർന്ന് നാലടിയോളം വീതിയുള്ള നാടൻ ഭാഷയിൽ പറഞ്ഞാൽ (ഒറ്റയടിപ്പാതയിലൂടെ) താഴെ വലിയ കൊക്കയുടെ ഭീകരതയും മുകളിൽ പ്രകൃതിയുടെ കരവിരുതിനാൽ കരിങ്കല്ലിൽ കൊത്തിവെച്ച മലനിരകളുടെ സൗന്ദര്യവും മലയുടെ മറുഭാഗം ജബൽ ജൈസിലേക്കുള്ള വളഞ്ഞു തിരിഞ്ഞുള്ള ചുരം പാതയുടെ കാഴ്ചകളും കണ്ടു കൊണ്ട് നടക്കാം. നടത്തം താഴ്ഭാഗത്തു കൂടെയാണെങ്കിലും മുകളിലൂടെയാണെങ്കിലും ഒടുവിൽ ഒരു അണക്കെട്ടിനടുത്താണ് എത്തിച്ചേരുക. അവിടെ നിന്നും ചെറിയ ഉരുളൻ കല്ലുകൾ കൊണ്ട് അടയാളപ്പെടുത്തിയ പാതയിലൂടെ പലതരം കാഴ്ചകൾ കണ്ടു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ കരിങ്കല്ലിൽ കടഞ്ഞെടുത്ത ലക്ഷണമൊത്ത ശിൽപ്പങ്ങൾ എന്ന് വേണമെങ്കിൽ പറയാവുന്ന തരത്തിൽ ഇടതും വലതും പല രൂപത്തിലും ഭാവത്തിലും ഉള്ള മല നിരകൾ ചിലവ ഭീകര രൂപികളായ മനുഷ്യ മുഖം തോന്നുന്നതാണെങ്കിൽ മറ്റു ചിലത് മൃഗങ്ങളെപ്പോലുള്ളതായിരിക്കും. വേറൊരു കൂട്ടം പാറകൾ വലിയ പഴയ കെട്ടിടങ്ങളെ ഓർമിപ്പിക്കുന്നവയാണ്.
നിർമാണത്തിലിരിക്കുമ്പോൾ ഇടിഞ്ഞു വീണ മതിലു പോലെ തോന്നിക്കുന്ന പാറക്കൂട്ടങ്ങളും കുത്തനെ ചാരി നിർത്തിയ പലകകൾ പോലെയുള്ള കല്ലിൻ കൂട്ടങ്ങളും ആയിരക്കണക്കിന് ടണ്ണുകൾ ഭാരമുള്ള വലിയ ചതുരത്തിലുള്ള കല്ലുകൾ ചെറിയ കല്ലിൽ ചാരി നിൽക്കുന്നതും മൊക്കെ കാണുമ്പോൾ ഭാവന കൂടുതൽ ഉള്ളവർക്ക് അറിയാതെ കവിത വിരിയും തീർച്ച. പതിനായിരത്താണ്ട് വർഷങ്ങൾ കടലിനടിയിലായിരിക്കാം ഒരു പക്ഷെ ഈ പ്രദേശം. ആയിരക്കണക്കിന് വർഷങ്ങൾക്കൊണ്ട് വെള്ളം ഇറങ്ങിയിറങ്ങി ഈ രൂപത്തിലായതായിരിക്കാമെന്ന് തോന്നുന്നു. താഴ്വരയിലാണെങ്കിലോ പുൽ മേടുകളും ആട്ടിൻ പറ്റങ്ങളും പ്രകൃതിയോട് കുശലം പറഞ്ഞു നിൽക്കുന്നത് കാണാം. മലയിടുക്കുകളിലും പാറക്കെട്ടുകൾക്കു മുകളിലും ഓടിക്കളിക്കുന്ന ആട്ടിൻ പറ്റങ്ങളെ വീർപ്പടക്കി മാത്രമേ നോക്കി നിൽക്കാൻ പറ്റൂ. വഴിയിൽ ഒറ്റയും തെറ്റയുമായ് പലതരം ചെടികൾ. നല്ല പരിമളം പരത്തുന്ന പൂവിട്ടു നിൽക്കുന്നവയും തിന്നാൻ പറ്റുന്ന തരത്തിലുള്ള കായകൾ കായ്ച്ചു നിൽക്കുന്നവയും. ചിലയിടങ്ങളിൽ വലിയ പടർന്നു പന്തലിച്ച മരങ്ങൾ. ചെറുതും വലുതുമായ ഗുഹകൾ. മലമുകളിൽ കാണുന്ന ചെറു പക്ഷികൾ. പാറ മടകൾക്കുള്ളിലൂടെ അടിച്ചു വീശുന്ന കാറ്റ് കല്ലിൽ തട്ടി ചെറു സംഗീതമായും അലർച്ചയായും മുകളിലേക്ക് ഉയർന്നു പോകുംമ്പോൾ ഭയവും സന്തോഷവുമൊക്കെ കലർന്ന ഒരു വികാരം നമ്മിൽ ഉയർന്നു വരും. വലിയ ഗുഹയും അതിനടുത്ത് തണൽ മരവുമുള്ള പുൽമേട്ടിൽ ഞങ്ങൾ അൽപ്പം വിശ്രമിച്ചു. കൈയ്യിൽ കരുതിയ പഴങ്ങളും വെള്ളവും കഴിച്ച് വീണ്ടും നടത്തം തുടർന്നു. മല മുകളിലെ പാറകെട്ടുകൾക്കു മേൽ ഇരുന്ന് താഴ്വാരത്തേക്ക് നോക്കി കൂകി വിളിച്ചാൽ അൽപ്പ നേരം നീണ്ടു നിൽക്കുന്നതും കൂറേ ആളുകൾ തിരിച്ച് കുകി വിളിക്കുന്നതാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള പ്രതിധ്വനി കേൾക്കാൻ നല്ല രസമാണ്. വീണ്ടും മുകളിലേക്ക് കയറിയപ്പോൾ പാറകളുടെ രൂപവും ഭാവവും മാറിവരുന്നത് കാണാമായിരുന്നു. പലക അട്ടിയിട്ട പോലുള്ള പാറകളും പ്രകൃതിയുടെ വികൃതികളാൽ തകർന്ന് പൊടിഞ്ഞതും വിണ്ടുകീറിയതുമായ പാറക്കുട്ടങ്ങളും.
ആയിരക്കണക്കിനു വർഷങ്ങൾ വെയിലും മഴയും മഞ്ഞും കാറ്റും കൊണ്ട് പരന്നു കിടക്കുന്ന ചില പാറകൾക്കുമേൽ പ്രകൃതി വരച്ചിട്ട ചിത്രങ്ങളും നമ്മെ അൽഭുതപ്പെടുത്തും. ഒടുവിൽ മുകളിൽ എത്തി താഴേക്ക് നോക്കിയ പെട്ടന്ന് ഏതോ മായാലോകത്ത് എത്തിയ പോലെ തോന്നു. മദുസൂദനൻ നായരുടെ അഗസ്ത്യ ഹൃദയം എന്ന കവിതയിലെ വരികൾ ഞാനറിയാതെ മൂളി. പക്ഷേ ഈ വരണ്ട പാറക്കെട്ടുകൾക്കുള്ളിൽ ഇത്രയും വിശാലമായ സ്ഥലവും തഴുതാമയോളമോ അതിലധികമോ ഔഷധഗുണമുള്ള മുത്തിൾ ചെടികളടങ്ങിയ പച്ചപ്പു നിറഞ്ഞ ഏക്കറുകളോളം വിസ്തൃതിയുള്ള ഈ പ്രദേശവും കണ്ടപ്പോൾ ശരിക്കും തലയിൽ കൈ വെച്ചു പോയി. താഴെ ഇറങ്ങിയപ്പോൾ ഒറ്റയും തെറ്റയും ഈന്തപ്പന മരങ്ങൾ ഒഴിച്ചു നിർത്തിയാൽ ആട്ടിൻ പറ്റങ്ങൾ മേയുന്ന നാട്ടിലെ ഏതോ വയൽ പ്രദേശത്ത് എത്തിയ പ്രതീതിയായിരുന്നു. ഞങ്ങൾ പണ്ട് കളിച്ചു വളർന്ന പാടങ്ങളാണ് ഓർമ വന്നത്. പഴയ കാല ഓർമകൾ ഉള്ളിൽ താലോലിച്ച് ഈ പാടങ്ങളിലൂടെ വെറുതെ ഓടിയും നടന്നും ശുദ്ധവായു ശ്വസിച്ചു കൊണ്ട് വെറുതെ കറങ്ങി നടന്നു. പണ്ടെങ്ങോ ആദിമ നിവാസികൾ ഇവിടെ പാർത്തിരിക്കാം. അതിന്റെ തിരു ശേഷിപ്പുകളായിരിക്കും ഒരു പക്ഷേ ഇവിടുത്തെ ഈന്തപ്പനകളും മറ്റും. ഇന്നിന്റെ ചില അടയാളങ്ങളും ഇപ്പോൾ ഇവിടെ കാണുന്നുണ്ട്. പ്രത്യേകം വേലി കെട്ടിത്തിരിച്ച അത്തി മരതോട്ടങ്ങളും പുതുതായ് നട്ടു പിടിപ്പിച്ച ഈന്തപ്പന തോട്ടങ്ങളും വേലി കെട്ടിത്തിരിച്ച നിലയിൽ കാണാനുണ്ട്. ഇടതൂർന്ന് വളർന്നു നിൽക്കുന്ന മരത്തിന്റെ ചില്ലകളിൽ പലതരം പക്ഷികൾ കളകളാരവം പൊഴിക്കുന്നതും സായന്തന വെയിലേറ്റ് വെറുതെ അങ്ങിങ്ങ് നടക്കുന്ന ആട്ടിൻ പറ്റങ്ങളും ചുറ്റിലും മുകളറ്റം കാണാത്ത തരത്തിൽ ഉയർന്നു നിൽക്കുന്ന കല്ലുകൾ വിവിധ തരത്തിൽ അടുക്കി വെച്ച പർവ്വത നിരകളും ഇടക്കിടയ്ക്ക് സൂര്യനെ മറച്ചു കൊണ്ട് മാനത്ത് പ്രത്യക്ഷപ്പെടുന്ന മഴമേഘങ്ങളും എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു ഉടലെടുത്തത്. മണിക്കൂറുകൾ ചിലവിട്ട് അവിടെ മുഴുവൻ ചുറ്റിനടന്നു കണ്ടു.
ഈ പ്രദേശങ്ങളെയും താണ്ടി വീണ്ടും മല മുകളിലേക്ക് ഒറ്റയടിപ്പാതകൾ നീണ്ടു പോകുന്നത് വീണ്ടും കൗതുകമുണർത്തി. ഇനിയും മുകളിലേക്ക് പോവണമെന്നുണ്ടായിരുന്നു. പക്ഷേ നേരം ഇരുട്ടിത്തുടങ്ങിയതുകൊണ്ട് മനമില്ലാ മനസ്സോടെ വീണ്ടും വരും എന്ന് മനസ്സിലുറപ്പിച്ച് തിരിച്ചിറങ്ങാൻ തുടങ്ങി. നിങ്ങള് ഭൂമിയില് സഞ്ചരിക്കൂ, പാഠങ്ങള് പഠിക്കൂ എന്നത് ദൈവത്തിന്റെ അനുശാസനങ്ങളിലൊന്നാണ്. ചിന്തകൾ കൊണ്ട് മനം നിറഞ്ഞ് മലയിറങ്ങുമ്പോൾ മേച്ചിൽ പുറങ്ങളിൽനിന്ന് സുരക്ഷിതയിടങ്ങൾ തേടി മലമുകളിലേക്ക് വരിവരിയായി പോവുന്ന ആട്ടിൻ പറ്റങ്ങൾ കാലിനിടയിലൂടെ ഓടിപ്പോവുന്നത് വെറുതെ നോക്കിക്കൊണ്ട് ഞാൻ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.