പാടം ഗ്രാമം - വനത്തിനുള്ളിൽ ഒളിഞ്ഞിരിക്കും സ്വപ്നകാഴ്ചകൾ
text_fieldsപുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികമാരും എത്തിപ്പെടാത്ത, സുന്ദര ഇടമാണ്. വന വശ്യത ആസ്വദിച്ച് യാത്ര ചെയ്യാൻ കിഴക്കേ വെള്ളം തെറ്റിയും, സംരക്ഷിത മുളം തോട്ടങ്ങളാൽ മനോഹരമായ ഇരുട്ടുതറയും, അധികം ദൂരത്തല്ലാതെ റബർ മരങ്ങൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന വെള്ളച്ചാട്ടങ്ങളും, കോട്ട എന്നറിയപ്പെടുന്ന മലകളും. പിന്നെ സ്നേഹ സമ്പന്നരായ ജനങ്ങളും...
ഒരു പതിറ്റാണ്ടിനപ്പുറം കണ്ടുമറന്ന വൻ മരങ്ങൾ ആകാശം മറച്ച പാതയാണ് മനസ്സിൽ. മൺപാതയിലൂടെ തടികയറ്റി ഓടിവരുന്ന ലോറികൾ മനോഹര കാഴ്ചയായിരുന്നു. ലോറികൾക്ക് ഇടംനൽകി വണ്ടണി കോട്ട ഓടി മറയുന്ന കെ.എസ്.ആർ.ടി.സി ബസ്. മലയിറങ്ങി പാടം എത്തുമ്പോഴേക്കും വരുത്തരായ യാത്രക്കാർ ഒരുവിധം ഛർദിച്ചിരിക്കും.
സ്ഥലത്തെ പ്രധാന ജംഗ്ഷനായ കൊച്ചുതോട് നിന്ന് തെക്കോട്ട് പോയാല്‍ പാടം ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കാണാം. റോഡിന് മറുവശം കൊല്ലം ജില്ലയിലായി യുക്കാലിയും മാഞ്ചിയവും വനംവകുപ്പ് വളർത്തുന്നുണ്ട്. തെക്ക് ഭാഗത്തായി എ.വി.ടി കമ്പനിയുടെ റബർ മരങ്ങൾ തലയുയർത്തി നിൽക്കുന്നു.
പാടത്തിനു ചുറ്റും തെളിയുന്ന കാഴ്ചകൾ
ആനയും കാട്ടുപോത്തും മ്ലാവും പന്നിയും മയിലും വിളയാടുന്ന കാട്. മധ്യത്തായുള്ള ചെറിയ ഗ്രാമം. നാടിൻെറ ജീവനാഡിയായി നാട്ടുകാരുടെ നെഞ്ചില്‍ ഇടംപിടിച്ച വെള്ളചാട്ടങ്ങളുടെ ഇടം കൂടിയാണ് ഇവിടം. കോന്നി വനാന്തരങ്ങളിലൂടെ ഒഴുകി അച്ചന്‍ കോവിലാറ്റില്‍ ഒരുമിക്കുന്നവയാണ് ഇവ. പുറത്തുനിന്ന് അധികം സഞ്ചാരികൾ വന്ന് എത്താത്ത വെള്ളച്ചാട്ടങ്ങള്‍.
എരപ്പാംചാല്‍ വെള്ളച്ചാട്ടം
ടൗണില്‍നിന്ന് പടിഞ്ഞാറ് മാന്‍കോഡ് വഴി വലത്ത് രാജഗിരിയിലേക്ക് സഞ്ചരിച്ചാല്‍ എരപ്പാംചാല്‍ വെള്ളച്ചാട്ടത്തിൽ എത്താം. ഈ സുന്ദരിയെ അങ്ങനെയങ്ങ് കാണാനൊന്നും പറ്റില്ല കേട്ടോ. ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന റബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ വെട്ടിയ കൊച്ച് പടികൾ താണ്ടി, ചെരിഞ്ഞ ഇറക്കം ഇറങ്ങി തുടങ്ങുമ്പോഴേ ഇരമ്പല്‍ കേൾക്കാം. വളര്‍ന്ന് കിടക്കുന്ന മരചില്ലകളെ വകഞ്ഞ് മാറ്റി നോക്കിയാല്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെ കളകളാരവം തീര്‍ത്ത് ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടം കാണാം.
ദിശതെറ്റി സന്ദര്‍ശകനെ വാരിക്കുഴിയില്‍ വീഴ്ത്താനായി ചിതറി കിടക്കുന്ന വഴുക്കല്‍ മൂടിയ പാറകള്‍ക്കിടയിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അഭിമുഖമായി അല്‍പ്പനേരംനിന്ന് കാഴ്ച ആസ്വദിച്ചു. വേനല്‍ ചൂടിനെ വാക്കുകളില്‍ മാത്രമാക്കി നാടിനെ തണുപ്പിച്ചുകൊണ്ട് ഒഴുകുന്നു എരപ്പാംചാല്‍ വെള്ളച്ചാട്ടം.
വെള്ളം നാട്ടിലെ പ്രഗല്‍ഭരായ കുട്ടികൂട്ടം അടിച്ച് പറത്തുന്നുണ്ട്. കാണുന്നവനെ കുളിക്കാന്‍ പ്രേരിപ്പിക്കുന്ന അതിമനമോഹര കാഴ്ച. കുട്ടികുറുമ്പന്‍മാരുടെ വെള്ളച്ചാട്ടത്തിലെ മലക്കം മറിച്ചിലില്‍ സന്തോഷം അലയടിച്ചുയർന്നു. കാഴ്ചയുടെ ആവേശം ഒഴുക്കിൻെറ ഉറവിടം കണ്ടെത്താനുള്ള പ്രചോദനമായി. വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ മുകളിലേക്ക് വലിഞ്ഞ് കയറി. ഉറവിടം അനന്തതയില്‍ ഒളിപ്പിച്ചു; കാട്-വന്യം വശ്യം.
ഒരക്കുഴി വെള്ളച്ചാട്ടം
എ.വി. തോംസണിൻെറ റബര്‍ എസ്റ്റേറ്റ്, പഴക്കം ചെന്ന ലയങ്ങളും ക്വാർട്ടേഴ്സുകളും. റോഡുകള്‍പോലും എസ്റ്റേറ്റിനു ഉള്ളിലൂടെ കടന്ന് പോകുന്നു. എരപ്പാംചാല്‍ വെള്ളച്ചാട്ടം കണ്ട അന്താളിപ്പ് മാറാതെ നിന്ന ഞങ്ങളെ നാട്ടുകാരായ മഹേഷും ഷാനുവും പുതിയൊരു പാതയിലേക്ക് നയിച്ചു. അധികം ആര്‍ക്കും പ്രവേശനമില്ലാത്ത റബര്‍ എസ്റ്റേറ്റിനകത്തുകൂടെ മുന്നോട്ട്.
ഓഫ് റോഡ് എന്ന പ്രയോഗം ഇവിടെ അപ്രാപ്യമാണ്. തോട്ടത്തിനിടയിലൂടെ ചെറിയ നടവഴി മാത്രം. ജീവനും കയ്യില്‍ പിടിച്ച് ശാനുവിൻെറ ബൈക്കിൻെറ പിറകില്‍ ഞാനിരുന്നു. വീഴുമെന്ന പ്രതീതി ഉണ്ടായെങ്കിലും ലക്ഷ്യം മുന്നോട്ട് നയിച്ചു. രണ്ട് കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയശേഷം ചെറിയ പാറ കഷണങ്ങളില്‍ അള്ളിപ്പിടിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി.
വെള്ളച്ചാട്ടത്തിൻെറ മുകളിലേക്കാണ് നടന്ന് ഇറങ്ങുന്നത്. തട്ടുതട്ടായി പരന്ന് ഒഴുകിയിറങ്ങുന്ന ജലധാര. ഓരോ തട്ടിലും ആസ്വദിച്ച് കുളിക്കാന്‍ തക്കവണ്ണം വിസ്തൃതമാണ്. രണ്ട് തട്ടായുള്ള വെള്ളച്ചാട്ടത്തിൽ താഴ തട്ടില്‍ തണുപ്പ് ആസ്വദിച്ച് നീന്തികുളിക്കാം. എരപ്പാംചാല്‍ വെള്ളച്ചാട്ടത്തില്‍നിന്നും ചാല് കീറി കിലോമീറ്ററുകള്‍ ഒഴുകിയാണ് ഒരക്കുഴി വെള്ളച്ചാട്ടം രൂപമെടുക്കുന്നത്.
പാറമടക്കിന് കീഴെ അരയോളം മുങ്ങിയ വെള്ളച്ചാട്ടത്തിൽനിന്ന് മുകളിലേക്ക് നോക്കി. റബര്‍ മരങ്ങള്‍ ഒന്നും തന്നെയില്ല. പിന്നിലുള്ള പാറമടക്കിലൂടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ചെറിയ അരുവിയായി രൂപാന്തരപ്പെട്ട് ഒഴുകി അകലുന്നു ഒരക്കുഴി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിലെ ചെറിയ ഗുഹകളില്‍ കയറിയും മുകളില്‍ നിന്ന് തലകുത്തി മറിഞ്ഞും വഴുക്കലിലൂടെ ഒഴുകി വെള്ളച്ചാട്ടത്തിലേക്ക് പതിച്ചും കിട്ടിയ നിമിഷങ്ങൾ ആസ്വദിക്കുന്നു കേട്ടറിഞ്ഞ് വന്ന സഞ്ചാരികള്‍.
വണ്ടണികോട്ടയും പൂമലകോട്ടയും
വണ്ടണികോട്ടയുടെ മുകളില്‍നിന്ന് പാടത്തേക്ക് നോക്കണം. യൂക്കാലിപ്സ് മരങ്ങള്‍ തണലൊരുക്കിയ പാതകള്‍ നിരനിരയായി വളര്‍നില്‍ക്കുന്ന റബര്‍ മരങ്ങള്‍. പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടക്കും മധ്യേ വെയിലേറ്റ് വാടാതെ സുന്ദരമായ പാടം. പാടത്തിന് കോട്ട തീര്‍ത്ത് അവ തലയുയര്‍ത്തി നില്‍ക്കുന്നു.
രാവിലെ സൂര്യ ഉദയത്തിന് മുന്നെ എണീക്കണം. കിഴക്ക് മാങ്കോട് ഭാഗത്തേക്ക് പോയാല്‍ കണ്ണെത്താ ഉയരത്തില്‍ വണ്ടണികോട്ട. റബര്‍ മരങ്ങള്‍ക്കിടയിലൂടെ കയറ്റം കയറി 30 മിനിറ്റോളം നടന്നാല്‍ വണ്ടണി മലയുടെ മുകളിലെത്താം. ചെറിയ പാറകള്‍ക്കും കുറ്റിച്ചെടികളും പിന്നിട്ട് ഇവിടെ എത്തുന്നത് വെറുതേ ആവില്ല. രാത്രിയുടെ തണുപ്പിനെ പ്രതിരോധിച്ച് മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഉദിച്ച് ഉയരുന്നത് ദ്യശ്യമാകും. പാടത്തിൻെറ മറുവശത്തുള്ള കോന്നി ഫോറസ്റ്റ് റേഞ്ചിന് അകത്തൂടെ വേണം പൂമലകോട്ടയിലെത്താന്‍. സൂര്യാസ്തമനവും ഉദയവും പുതുമ നല്‍കുന്ന കാഴ്ചയാണിവിടെ.
വിവിധ സ്ഥലങ്ങളിൽനിന്ന് പാടത്തേക്കുള്ള ദൂരം:
കലഞ്ഞൂർ - ഒമ്പത് കി.മീ
പത്തനാപുരം - 12 കി.മീ
പത്തനംതിട്ട ടൗൺ - 27 കി.മീ
കൊല്ലം - 52 കി.മീ
എരപ്പാംചാൽ വെള്ളച്ചാട്ടം
വനത്തിനകത്തെ കാഴ്ചകൾ
ഒരക്കുഴി വെള്ളച്ചാട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.