വെള്ളച്ചാട്ടം ആസ്വദിച്ചോളൂ, സാഹസികത വേണ്ട
text_fieldsകൊല്ലങ്കോട്: തെന്മലയിലെ വെള്ളച്ചാട്ടങ്ങളിൽ സുരക്ഷയൊരുക്കാൻ നെട്ടോട്ടമോടി വനം വകുപ്പ്. കൊല്ലങ്കോട് മേഖലയിൽ വിനോദ സഞ്ചാര സാധ്യതകൾ ഏറ്റവും കൂടുതലാണെങ്കിലും ഇവയിൽ പ്രധാനപ്പെട്ട സീതാർകുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട്, നിന്നുകുത്തി, പാത്തിപ്പാറ, ചുക്രിയാൽ എന്നീ വെള്ളച്ചാട്ടങ്ങളാണ്. വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും സാഹസികമായി മലകളിൽ കയറി വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നവരാണ്. സുരക്ഷ മുൻകരുതൽ സംവിധാനം ഒരുക്കാത്തതിനാൽ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്നവരെ അപകടകരമായ സ്ഥലങ്ങളിൽനിന്നും തിരിച്ചയക്കുന്നത് വനംവകുപ്പിന് തലവേദനയായി.
തെന്മലയിലെ ഏതുവഴിയും ഉപയോഗിച്ച് വെള്ളച്ചാട്ടങ്ങൾ ഉള്ള പ്രദേശത്ത് എത്താമെന്നത് വനം, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെയും കുഴക്കുകയാണ്. കൊല്ലങ്കോട് വനം റേഞ്ചിൽ 50 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തെന്മലയുടെ താഴ്വരയിൽ 20 കിലോമീറ്റർ ദൈർഘ്യത്തിലുള്ള തെന്മലയുടെ പ്രദേശങ്ങൾക്കിടയിലാണ് 12 വെള്ളച്ചാട്ടങ്ങളിലേക്കാണ് കൂടുതൽ എത്തുന്നത്. ഇവയെല്ലാം ആറ് ഉദ്യോഗസ്ഥരും ചുരുക്കം വാച്ചർമാരും ഉള്ള കൊല്ലങ്കോട് വനം സെക്ഷന്റെ പരിധിയിലുമാണ്.
സീതാർകുണ്ട് മുതൽ ചപ്പക്കാട് വരെ കാട്ടാനകൾ ഉള്ളതിനാൽ ജീവനക്കാരുടെ കുറവുമൂലം നെട്ടോട്ടമോടുകയാണ് വനം ഉദ്യോഗസ്ഥർ. എല്ലാ സ്ഥലത്തും സോളാർ വേലിയുണ്ടെങ്കിലും ഇവയെ തകർത്താണ് ചിലർ പലകപ്പാണ്ടി, ചുക്രിയാൽ, നിന്നുകുത്തി, വെള്ളരിമേട് വെള്ളച്ചാട്ടങ്ങൾ കാണാൻ സാഹസിക യാത്ര നടത്തുന്നത്.
പ്രധാന വെള്ളച്ചാട്ടങ്ങൾക്കുമാത്രം കവാടം ഒരുക്കി മറ്റു പ്രദേശങ്ങൾ കമ്പിവേലികളാൽ അടച്ചിട്ടാൽ മാത്രമാണ് സാഹസിക മലകയറ്റങ്ങൾക്ക് തടയിടാൻ സാധിക്കൂ എന്ന് നാട്ടുകാർ പറയുന്നു. പ്രധാന കവാടങ്ങളിൽ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയില്ലെങ്കിൽ വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉണ്ട്. മഴക്കാലത്തുമാത്രം വർധിച്ചതോതിലുള്ള വിനോദ സഞ്ചാരികളുടെ യാത്ര തടയിടാൻ കൂടുതൽ പൊലീസ്, വനം ഉദ്യോഗസ്ഥരെ തെന്മലയിൽ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.