കുന്നോളം കുളിരുള്ള പാലക്കയം തട്ടിൽ
text_fieldsനഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി മിക്കവരും പോകാൻ ആഗ്രഹിക്കുന്നത് ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്കായിരിക്കും. പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇടങ്ങൾ ദൈവത്തിെൻറ സ്വന്തം നാടായ മലയാളക്കരയിലുണ്ട്. അത്തരമൊരു സ്വർഗഭൂമിയാണ് കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട്.
സമുദ്രനിരപ്പിൽനിന്ന് 3500ലധികം അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന കുന്നോളം കുളിരേകുന്ന നാട്. പണ്ട് മലമുകളിൽ പാലമരം ഉണ്ടായിരുന്നു. അതിനാൽ പാലക്കായ് മരം തട്ട് എന്നാണ് വിളിച്ചിരുന്നത്. ഇതാണ് പിന്നീട് ലോപിച്ച് പാലക്കയം തട്ടായതത്രെ. കണ്ണൂരിെൻറ ഉൗട്ടിയെന്നാണ് ഇൗ നാടിെൻറ അപരനാമം.
നാല്-അഞ്ച് വർഷം മുമ്പുവരെ കണ്ണൂർ ജില്ലയിലുള്ളവർക്കിടയിൽപോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു പാലക്കയം തട്ട്. എന്നാൽ, മലയിലെ വിനോദസഞ്ചാര സാധ്യതകൾ കണ്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ സ്ഥിതിമാറി. മലമുകളിലെ കുളിര് തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ വൻതോതിൽ എത്തിത്തുടങ്ങി.
തുടർച്ചയായി സമൂഹ മാധ്യമങ്ങളിൽ വരുന്ന സെൽഫികൾ, കുറിപ്പുകൾ എന്നിവയെല്ലാം പാലക്കയം തട്ടിനെ ഒരു ന്യൂജെൻ ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. അപ്പോൾ മുതല്‍ എന്തോ ഒരു കൗതുകം കൂടെയുണ്ട്. ഇതുവരെ പാലക്കയം കണ്ടില്ലേ? എന്ന ചോദ്യം പലരിൽനിന്നും കേൾക്കേണ്ടി വന്നിട്ടുമുണ്ടായിരുന്നു. പ്രവാസ ജീവിതത്തിനിടയിലെ അവധിക്ക് നാട്ടിലെത്തുമ്പോഴൊക്കെ പാലക്കയം തട്ടില്‍ പോകണമെന്ന് കരുതും. പക്ഷെ, അതൊരു സ്വപ്നമായി അവശേഷിച്ചു.
പുലർകാല ബൈക്ക് യാത്ര
അങ്ങനെയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ നാട്ടിൽ വന്നപ്പോൾ അടുത്ത സുഹൃത്തുക്കളെയും കൂട്ടി പാലക്കയത്തേക്ക് തിരിക്കുന്നത്. കൂട്ടുകാരെല്ലാം നേരത്തെതന്നെ അവിടം സന്ദർശിച്ചിരുന്നു. പുലർച്ചെ അഞ്ചിന് തന്നെ മൂന്ന് ബൈക്കുകളിലായി ഞങ്ങൾ ആറുപേരും പുറപ്പെട്ടു. പാലക്കയത്ത് നിന്നുള്ള സൂര്യോദയ കാഴ്ച തന്നെയായിരുന്നു അതിെൻറ ഉദ്ദേശ്യം.
തളിപ്പറമ്പും ചപ്പാരപ്പടവും പിന്നിട്ട്, ജില്ലയുടെ കിഴക്കന്‍ മലഞ്ചെരിവിലൂടെയാണ് യാത്ര. അതിരാവിലെ ആയതിനാൽ തണുപ്പ് അടിച്ചുകയറുന്നു. കുവൈത്തിലെ അതിശൈത്യം കഴിഞ്ഞ് നാട്ടിൽ വന്നതിനാൽ എനിക്കത് വലിയൊരു ബുദ്ധിമുട്ടായി തോന്നിയില്ല. റോഡെല്ലാം വിജനം.
ഒരു മണിക്കൂറോളം സഞ്ചരിച്ച് ചെറിയ കവല കണ്ടപ്പോൾ ബൈക്ക് നിർത്തി. അവിടെയുള്ള കടയിൽ കയറി എല്ലാവരും ഒരോ ചായ കുടിച്ചു. ചൂട് ചായ അകത്തേക്ക് കയറിയതോടെ തണുത്ത് വിറച്ച ശരീരങ്ങൾക്ക് വീണ്ടും ഉന്മേഷം കൈവരിച്ചു.
മുന്നോട്ടുപോകുമ്പോൾ വഴിയോരത്തു വരിയായി നിർത്തിയിട്ട ജീപ്പുകൾ കാണാൻ തുടങ്ങി. സഞ്ചാരികൾ വർധിച്ചതോടെ ജീവിത മാർഗം തെളിഞ്ഞ ജീപ്പ് ഡ്രൈവർമാരാണ് പാലക്കയം തട്ടിലേക്കുള്ള വഴികാട്ടികൾ. ബൈക്കിൽ തന്നെയാണ് ഞങ്ങൾ മുകളിലേക്ക് കയറുന്നത്.
കൈമോശം വന്ന ഗ്രാമീണ കാഴ്ചകൾ തിരിച്ചുകിട്ടിയ അനുഭവമായിരിക്കും അവിടേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുക. ഓഫ് റോഡിലൂടെ 15 മിനിറ്റ് കൊണ്ട് പാലക്കയത്തെത്തി. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ കണ്ട് മലമുകളിലെത്തിയപ്പോൾ പ്രകൃതി ഒരുക്കിവെച്ച മനോഹര ദൃശ്യങ്ങളാണ് കാത്തിരുന്നത്.
പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്പോസ്റ്റിൽ ടിക്കറ്റ് കൗണ്ടറുണ്ട്. രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശന സമയം. ടിക്കറ്റ് കൗണ്ടറിനടുത്ത് പോയി. ഒരാൾക്ക് 30 രൂപയാണ് ഫീസ്. രാവിലെ ആയതിനാൽ ആളുകൾ വന്ന് തുടങ്ങുന്നതേയുള്ളൂ.
ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയം തട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മറ്റൊരു സഞ്ചാര കേന്ദ്രമായ പൈതൽമലയിൽനിന്നും 15 കിലോമീറ്ററുണ്ട് ഇവിടേക്ക്. പാലക്കയത്തിെൻറ നെറുകയില്‍ നിന്നാൽ പൈതൽ മല കാണാം. ഇവിടെ ചതുരാകൃതിയിൽ സിമൻറിൽ തീർത്ത രണ്ടു ഫ്രെയിമുകളുണ്ട്. അതിന് മുകളിൽ നിന്നുള്ള കാഴ്ച നമ്മെ മറ്റൊരു ലോകത്തെത്തിക്കും.
ഒരു വശത്ത് പൈതൽ മല, മറുഭാഗത്ത് വളപട്ടണം പുഴ, അതിനരികിൽ കുടകിെൻറ വനസമൃദ്ധി, ആകാശച്ചെരിവുവരെ പരന്നുകിടക്കുന്ന താഴ്‌വാരക്കാഴ്ചകൾ... എല്ലാവരും നഗ്നനേത്രങ്ങൾ കൊണ്ടും കാമറ ലെൻസുകൾ കൊണ്ടും ഈ മായാക്കാഴ്ചകൾ പകർത്താൻ തുടങ്ങി.
ഉദയശോഭയിൽ
ഉദയ‐അസ്തമയക്കാഴ്ചയാണ് ഇവിടുത്തെ മറ്റൊരാകർഷണം. സൂര്യോദയത്തിെൻറയും അസ്തമയത്തിെൻറയും കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. സദാസമയവും വീശിയടിക്കുന്ന നനുത്ത കാറ്റും മൂടൽമഞ്ഞും നൂൽപോലെ പെയ്യുന്ന മഴയുമെല്ലാം ഒരുമിക്കുന്ന മായാലോകം. അതിനിടയിൽ സൂര്യൻ ഉദിച്ചുയരുന്നത് കാണാൻ പ്രത്യേക ചേല് തന്നെ. സൂര്യോദയം അതിെൻറ പരമോന്നത ഭംഗിയിൽ തന്നെ ആസ്വദിക്കണമെങ്കിൽ മല കയറി ഇങ്ങോട്ട് പോന്നോളൂ.
വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുവർണ ശോഭയിൽ കൂടുതൽ സുന്ദരിയായി മാറും. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്‌തമിക്കുന്ന പ്രതീതി. ഇരുട്ടു പരക്കുമ്പോൾ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വെളിച്ചവും താഴ്‌വരയെ ദീപക്കടലാക്കി മാറ്റും.
കണ്ണൂരിലെ കോട്ടയം
മധ്യകേരളത്തിൽനിന്ന് കുടിയേറിയ കർഷകർ നട്ടുവളർത്തുന്ന റബർ, കൊക്കോ മരങ്ങളുടെ നിരയാണ് പാലക്കയം തട്ടിെൻറ അടിവാരം. പരിസരത്തെ താമസക്കാരേറെയും കോട്ടയം ജില്ലക്കാരായതിനാൽ കോട്ടയം തട്ട് എന്നാണ് താഴ്വാരത്തിെൻറ വിളിപ്പേര്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട്. തട്ടിലേക്ക് കയറുന്ന വഴിയരികിലാണ് ഏവരെയും ആകർഷിക്കുന്ന ജാനകിപ്പാറ വെള്ളച്ചാട്ടം.
ചരിത്ര പ്രസിദ്ധമായ അയ്യന്മട ഗുഹയിൽനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് ഇൗ വെള്ളച്ചാട്ടം. വളരെ ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്ന കാഴ്ച മനസ്സിനെയും ഫ്രെയിമുകളെയും ഒരുപോലെ നിറക്കുന്നതാണ്. ജില്ലയിലെ മറ്റു വെള്ളച്ചാട്ടങ്ങളിൽനിന്നും വ്യത്യസ്തമായി ഇതിെൻറ മുകളിൽ പോകാൻ സാധിക്കും. അടുത്തുനിന്നുള്ള കാഴ്ച കഴിഞ്ഞാൽ, തിരിച്ചുവരുമ്പോൾ മണ്ഡലം-പുലിക്കുരുമ്പ റോഡിൽ നിന്നുള്ള വെള്ളച്ചാട്ടത്തിെൻറ വിദൂര ദൃശ്യവും കണ്ടിരിക്കേണ്ടതുതന്നെ.
200 മീറ്റർ നീളമേറിയതും സ്വാഭാവികമായി പരിണമിച്ചതുമായ ഗുഹയാണ് അയ്യൻമട. നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധസന്യാസി ഇവിടെ ധ്യാനമിരുന്നതായി വിശ്വാസമുണ്ട്. അപൂർവ ജൈവ വൈവിധ്യത്തിെൻറ സംഭരണശാല കൂടിയാണ് ഈ അത്ഭുത ഗുഹ.
കാട്ടിലെ കരിംപാലർ
പാലക്കയം തട്ടിെൻറ താഴ്‌വാരത്ത് കരിംപാലർ എന്ന വിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. പുറത്തുനിന്നുള്ള മനുഷ്യെൻറ പാദസ്‌പർശമോ നിഴലോ പതിയാത്ത അതിനിഗൂഢവും പരിപാവനവുമായ കാടാണ് ഇവിടം. പണ്ട് പുറംലോകവുമായി ബന്ധമില്ലാത്ത ഇവർ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നത് പാലക്കയം തട്ടിന് മുകളിൽ കൂടിയായിരുന്നു. അങ്ങനെയൊരു നിഗൂഢമായ പാരമ്പര്യത്തിൽ നിന്നുമാണ് ഇന്ന് കാണുന്ന വിനോദസഞ്ചാരത്തിെൻറ പൊലിമയിലേക്ക് പാലക്കയം തട്ട് രൂപാന്തരപ്പെട്ടത്.
വെട്ടി ഒതുക്കിയ കൽപടവുകൾ ഇറങ്ങി പാലക്കയത്തിെൻറ തെക്കു ഭാഗത്തേക്ക് പോയാൽ ടെൻറ് ക്യാമ്പുകളാണ്. മുള്ളുവേലി കെട്ടി സുരക്ഷിതമാക്കിയ നിരപ്പായ സ്ഥലത്ത് സിമൻറ് തറയുണ്ടാക്കി അതിന് മുകളിലാണ് ടെൻറുകൾ സ്ഥാപിച്ചിട്ടുള്ളത്. അസ്തമയ സൂര്യനെയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. പെക്ഷ, നേരത്തേ ബുക്ക് ചെയ്യണമെന്നുമാത്രം. ഭക്ഷണവും അവിടെ ലഭ്യമാണ്.
മലമുകളിൽ ചായയും വെള്ളവും ലഭിക്കുന്ന ഒരു ചെറിയ കട മാത്രമാണുള്ളത്. രാവിലെ ഒരു ചായ മാത്രം കുടിച്ചതിനാൽ തന്നെ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരിന്നു. മലമുകളിൽ നല്ലൊരു ഭക്ഷണശാലയില്ലാത്തത് കുറവായി തോന്നി. തിരിച്ചുപോകും വഴി ഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ച് നല്ലൊരു ദിനം സമ്മാനിച്ച പാലക്കയത്തോട് യാത്രയും പറഞ്ഞ് പതുക്കെ മലയിറങ്ങി.
എത്തിച്ചേരാന്‍
കണ്ണൂരിൽനിന്ന് 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ട മലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയം തട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെനിന്ന് മലയിലേക്ക് ജീപ്പ് ലഭിക്കും. ഒരുവിധം എല്ലാ ഇടത്തരം-ചെറുവാഹനങ്ങളും പാലക്കയം വരെ എത്തും.തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽനിന്നും പാലക്കയം തട്ടിലേക്ക് ടാക്‌സി ജീപ്പ് സർവിസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.