Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightതാരതമ്യങ്ങളില്ലാതെ...

താരതമ്യങ്ങളില്ലാതെ കോട്ടുക്കൽ ഗുഹാക്ഷേത്രം

text_fields
bookmark_border
താരതമ്യങ്ങളില്ലാതെ കോട്ടുക്കൽ ഗുഹാക്ഷേത്രം
cancel
camera_alt?????????? ????????????

കേരളത്തിൽ അറിയപ്പെടുന്ന ഗുഹാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും അപൂർവവുമായ ഗുഹാക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം. കൊല്ലം ജില്ലയിലെ ചടയമംഗലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണിത് സ്ഥിതി ചെയ്യുന്നത്. ഇതേ മാതൃകയിൽ കോട്ടുക്കൽ ഗുഹാക്ഷേത്രം മാത്രം. നെൽവയലുകളുടെ നടുവിലാൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പാറ. മാറി നിന്ന് നോക്കിയാൽ ഒരു ആന കിടക്കുന്ന പോലെയാണ് തോന്നുക. എ ഡി 6നും 8നും നൂറ്റാണ്ടിനിടയിലാണ് ഈ ഗുഹാക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോൾ കേരള സംസ്ഥാന ആർക്കിയോളജിക്കൽ വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡുമാണ് ഇതിൻെറ സംരക്ഷണം ഏറ്റെടുത്തിട്ടുളളത്. നാട്ടുകാരായ ഭക്തജനങ്ങൾ ക്ഷേത്രത്തിെൻെറ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. നൂറ് കണക്കിന് ഭക്തർ ദിവസവും ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്.


കോട്ടുക്കൽ ഗുഹാക്ഷേത്രത്തിെൻെറ മറ്റൊരു പേര് കൽത്തിരി കോവിൽ എന്നാണ്. കൊട്ടിയ കല്ല് (carved rock)   എന്നും ഇതിനർത്ഥമുണ്ട്. ഗുഹാശിലാ രൂപകൽപനയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. നന്തിയുൾപ്പടെയുളള ശിവഭഗവാൻെറ ഭൂതഗണങ്ങൾ ഒരു വലിയ പാറ ചുമന്നു ഇവിടെ എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന ചുമ്മാടുപാറയുടെ സമീപത്ത് ചാരി വച്ചതാണെന്നും അങ്ങനെയാണ് ആനയുടെ രൂപത്തിലൂളള ഈ പാറ രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിനടുത്തുള്ള റോഡിൽ എത്തിചേർന്നാൽ  പാറയിൽ കൊത്തിയ വ്യത്യസ്ത രൂപത്തിലുളള കിഴക്ക് ദർശനത്തിലുളള രണ്ട് ഗുഹകളാണ് ആദ്യം കണ്ണിൽ പെടുക. ഈ ഗുഹകൾക്കിടയിലുളള ഭാഗത്ത് ഗണപതിയുടെ രൂപവും കാണാം. രണ്ട് ഗുഹകൾക്കും വ്യത്യാസങ്ങളുണ്ടെങ്കിലും ഇവയ്ക്ക് പല സാമ്യങ്ങളുണ്ട്. രണ്ട് മുറികളും 10 അടി ഉയരവും 10 അടി നീളവും 8 അടി വീതിയുമാണ്. കൂടാതെ രണ്ട് ശിവലിംഗത്തിനും ഒരേ വലിപ്പം, ഒരേ ആകൃതി. സാധാരണ ശിവക്ഷേത്രങ്ങളിൽ ക്ഷേത്രത്തിലെ തൂമ്പ് മറികടന്ന് നടക്കാൻ അനുവദിക്കാറില്ല. ദ്വാദശലിംഗത്തിലെ ആറാമത്തെ ലിംഗത്തിന് തൂമ്പില്ല. അതിനാൽ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കാം.

ക്ഷേത്രത്തിലേക്കുള്ള വഴി
 


ഒന്നാമത്തെ ഗുഹയുടെ മുൻവശത്ത് നിന്ന് നോക്കിയാൽ അകത്ത് ശിവലിംഗം കാണാം. മുറിക്ക് മുന്നിൽ പുറത്തായി നന്തികേശൻ കിടക്കുന്നത് കാണാം. അതിന് തൊട്ടുമുകളിൽ ഹനുമാൻ. ഇതിന് പിന്നിലൊരു കഥയുണ്ട്. ശിവനും പാർവതിയും കൈലാസത്തിൽ ഇരിക്കുമ്പോൾ ഗണപതിയെയാണ് കാവൽ ഏൽപ്പിച്ചത്. കാവൽ നിർത്തിയ ഗണപതി എന്തോ ആവശ്യത്തിനായി പോകുമ്പോൾ കാവൽജോലി ഹനുമാനെ ഏൽപ്പിച്ചു. ഇങ്ങനെ ഹനുമാൻ കാവൽ നിന്നപ്പോഴാണേത്ര പരശുരാമൻ അവിടെ എത്തിയത്. ഇത്തരത്തിൽ ഹനുമാൻ ഒരു പ്രാവശ്യം മാത്രമേ കാവൽ നിന്നിട്ടുളളൂ. അതാവാം ഹനുമാെൻെറ ബിംബം ഈ ഗുഹയ്ക്ക് മുന്നിൽ വരാൻ കാരണം. മഹാബലിപുരത്ത് മൂന്ന് ക്ഷേത്രങ്ങളുണ്ട്. അവ മൂന്ന് ഗുഹകളാണ്. അവയിൽ മൂന്നിലും ഹനുമാൻ ദ്വാരപാലകനായി നിൽക്കുന്നുണ്ട്. സാധാരണ ഒരു ശിവലിംഗവും നന്തികേശനും ഒരു ഗണപതിയും ഉണ്ടെങ്കിൽ ഒരു ശിവക്ഷേത്രമായി. ബാക്കിയുളളതെല്ലാം ഉപദേവതമാരാണ്. അങ്ങനെയാണെങ്കിൽ ആദ്യഗുഹ ഒരു പൂർണ്ണ ശിവക്ഷേത്രമാണ്.


ഇനി രണ്ടാമത്തെ ഗുഹയിലേക്ക് പോകാം. ആ ഗുഹയുടെ ഇടതുവശത്ത് ഗണപതിയുടെ വിഗ്രഹം കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. നടുക്ക് നന്തികേശനും അകത്ത് ശിവലിംഗുമുണ്ട്. അതിനാൽ അതും ഒരു പൂർണ്ണശിവക്ഷേത്രമാണ്. അങ്ങനെ രണ്ടു ഗുഹകളിലായി രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെ പണിതിരിക്കുന്നത്. ഒരു കമാനത്തിന് കീഴിൽ ഒരൊറ്റ പൂർണ്ണക്ഷേത്രമേ പാടുളളൂ. എന്നാൽ ഇവിടെ രണ്ട് ക്ഷേത്രങ്ങളാണ് പണിതിട്ടുളളത്. ഇത്തരത്തിൽ ഇന്ത്യയിൽ ഒരൊറ്റ ക്ഷേത്രമേയുളളൂ. അത് ഇവിടെയാണ്. ഇതിനെ ദ്വൈതക്ഷേത്രം എന്ന് വിളിക്കുന്നു. ദ്വൈതക്ഷേത്രം എന്ന വാക്ക് മഹാഭാരതത്തിലും രാമായണത്തിലും ഓരോ സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ ഒന്ന് വരാം എന്നാണ് ഈ ഗ്രന്ഥങ്ങളിൽ പറയുന്നത്. അങ്ങനെ വരുമോ എന്ന് ചോദിച്ചാൽ അങ്ങനെയൊന്ന് ഇവിടെ വന്നിട്ടുണ്ട്.


രണ്ടാമത്തെ (ഇടത്തെ) ഗുഹയുടെ മുന്നിൽ നോക്കിയാൽ രണ്ട് തൂണുകൾ നിൽക്കുന്നത് കാണാം. ഒരു മണ്ഡപവും ഉണ്ട്. എന്നാൽ ഒന്നാമത്തെ (വലത്തെ) ഗുഹയിൽ ഇവയില്ല. ഇതാണ് പുരാവസ്തു വകുപ്പ് ഈ ക്ഷേത്രം പല്ലവരാജ ഭരണകാലത്താണ് നിർമ്മിച്ചത് എന്ന് പറയാൻ കാരണം. പല്ലവരാജാക്കന്മാർ കേരളത്തിൽ ഭരണം നടത്തിയിരുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ പല്ലവഭരണം നിലനിന്നിരുന്നു. ഇവരുടെ ഭരണകാലത്താണ് ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത്. അജന്ത–എല്ലോറ ഗുഹാക്ഷേത്രങ്ങളുൾപ്പടെ നിരവധി ഗുഹാക്ഷേത്രങ്ങൾ പല്ലവന്മാരുടെ കാലത്ത് നിർമ്മിച്ചിട്ടുണ്ട്. മഹാബലിപുരം ക്ഷേത്രത്തിലെ ഗുഹാക്ഷേത്രങ്ങളും പല്ലവകാലത്താണ് നിർമ്മിക്കപ്പെട്ടത് എന്ന് ശ്രീധരമേനോനൻെറ കേരള ചരിത്രത്തിൽ പറയുന്നു. അങ്ങനെയാണെങ്കിൽ ആ കാലഘട്ടത്തിൽ തന്നെയാവാം ഈ ഗുഹാക്ഷേത്രവും നിർമ്മിക്കപ്പെട്ടത്. അതുകൊണ്ടാവാം അവിടുത്തെ ക്ഷേത്രങ്ങളിലെ ദ്വാരപാലകനായ ഹനുമാനെ ഇവിടെ കൊണ്ടുവന്നത്.

തുളസി കോട്ടുക്കലിനൊപ്പം ലേഖകൻ
 


മറ്റൊരു കാരണം ഇങ്ങനെയാകാം: കാലങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്ന് ചെങ്കോട്ട വഴി വനമേഖലയിലൂടെ 30 കിലോമീറ്ററോളം നടന്നാൽ കുടുക്കേത്ത് പാറ വഴി ചണ്ണപ്പേട്ട എത്താൻ കഴിയുമായിരുന്നു. അവിടെ നിന്നും ചരിപറമ്പ് വഴി ഇവിടെ എത്താനുളള എളുപ്പവഴിയുമുണ്ടായിരുന്നു. ഈ വഴിയിലൂടെ ധാരാളം തമിഴ്നാട്ടുകാർ നടന്ന് ഈ പ്രദേശങ്ങളിൽ എത്തുമായിരുന്നു. അതിന് തെളിവായി ഈ പ്രദേശത്ത് നിരവധി പീടികക്ഷേത്രങ്ങളുണ്ട്. പീടിക എന്നാൽ കടയെന്നാണ് അർത്ഥം. കടപോലിരിക്കുന്ന ക്ഷേത്രങ്ങളായതിനാലാണ് ഇവയെ പീടിക ക്ഷേത്രങ്ങൾ എന്ന് വിളിക്കുന്നത്. കടയ്ക്കൽ എന്ന സമീപത്തുളള സ്ഥലത്തിന് ആ പേര് ലഭിച്ചത് അതുകൊണ്ട് കൂടിയാണ്. അഞ്ചൽ, അറയ്ക്കൽ എന്നിവിടങ്ങളിൽ പീടിക ക്ഷേത്രങ്ങളുണ്ട്. അന്ന് തമിഴ്നാട്ടുകാരായ വെളളാള ചെട്ടിവിഭാഗത്തിൽ പെട്ട ആളുകൾ എണ്ണവിൽപ്പനയുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയിരുന്നു. ഇവരെല്ലാം ദേവീ ഭകതരായിരുന്നു. ഇവർ അവരോടൊപ്പം ചില ശിൽപ്പികളെ കൊണ്ടുവന്നിരുന്നു. അവരായിരിക്കാം ഈ ക്ഷേത്രം പണിതത് എന്നാണ് കരുതപ്പെടുന്നത്. ഉദ്ദേശം 200 വർഷം എടുത്തുകാണും ഈ ക്ഷേത്രം നിർമ്മിക്കാൻ എന്ന് അനുമാനിക്കാം. ക്ഷേത്രപണി തുടങ്ങിയ ശിൽപ്പിയുടെ നാല് തലമുറകഴിഞ്ഞായിരിക്കാം പണി പൂർത്തിയാക്കിയത്. മൂന്നു പുരുഷായുസ്സെങ്കിലും ഇതിനായി ചിലവായി എന്ന് അനുമാനിക്കാമെന്ന് എനിക്ക് ഈ വിവരങ്ങൾ പറഞ്ഞു തന്ന റിട്ടയർഡ് അധ്യാപകനും സമീപവാസിയുമായ തുളസി കോട്ടുകൽ എന്ന ചരിത്രകാരൻ വിശദീകരിക്കുന്നു. ഇവയൊക്കെ പല്ലവരുടെ കാലത്താണ് ക്ഷേത്രനിർമാണം നടന്നത് എന്നതിന് തെളിവായി പറയാവുന്നതാണ്.

ക്ഷേത്രത്തിനു മുന്നിലെ കാഴ്ച
 


സമീപത്തുളള സ്ഥലമാണ് ആയൂർ. ആയ് രാജ്യമാണ് ആയൂരായി മാറിയത്. ആയ് രാജ്യത്തിെൻ്റ തലസ്ഥാനമായിരുന്നു ഇത്. ചടയമംഗലം എന്നത് ആ സ്ഥലത്തിൻെറ പുതിയ പേരാണ്. ചടയൻ എന്നാൽ ജടയൻ. ജടയൻ ശിവനാണ്. പണ്ട് ചടയൻ എന്ന ദളിത് രാജാവ് ഭരിച്ചിരുന്ന പ്രദേശമായതിനാലാണ് ചടയമംഗലം എന്ന പേര് ലഭിച്ചത്. ഏഴാം നൂറ്റാണ്ടിൽ നേടില പാരാന്തക നെടുംചടയൻ എന്ന വ്യകതി ചടയമംഗലം ഭരിച്ചിരുന്നു എന്നും അദ്ദേഹമാണ് ഈ ക്ഷേത്രം പണിതത് എന്നും ചില ചരിത്രകാരന്മാർ പറയുന്നു. മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങൾ കണ്ട ശിൽപ്പികൾ അതേ മാതൃകയിലുളള ഗുഹാക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നിരിക്കാം. എന്നാൽ ക്ഷേത്രം പണിതുടങ്ങിയ കാലത്ത് മണ്ഡപം എന്ന സങ്കൽപ്പം ഉണ്ടായിരുന്നില്ലെന്നും അത് ഏഴാം നൂറ്റാണ്ടിന് ശേഷം ഉണ്ടായതാണെന്നും തമിഴ് ചരിത്രകാരൻ ഒ. വൈയാവരിപിളള രേഖപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് വയലിെൻെറ നടുക്കായിരുന്നു ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ക്ഷേത്രത്തിന് ചുറ്റും സിമൻറ് ചെയ്തിട്ടുണ്ട്. ഈ പ്രദേശം മുഴുവൻ പാറയാണ്. പണ്ടെങ്ങോ ഉണ്ടായ ഒരു ഭൂകമ്പത്തിെൻെറ ഫലമായി മണ്ണ് നിറഞ്ഞ പ്രദേശമായിരിക്കാം ഈ ക്ഷേത്രത്തിെൻെറ പരിസരമായി രൂപപ്പെട്ടത് എന്ന് പറയുന്നു.


ക്ഷേത്രത്തിൽ എത്തിച്ചേരാൻ:
എം സി റോഡിൽ വടക്ക് ഭാഗത്ത് നിന്നും വരുന്നവർക്ക് ആയൂർ നിന്നും 5 കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. തിരുവനന്തപുരത്ത് നിന്നും വരുന്നവർക്ക് നിലമേൽ, കടയ്ക്കൽ വഴി കോട്ടുകൽ എത്തിച്ചേരാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelkottukkal cave temple
News Summary - Kottukal cave temple
Next Story