വിഭൂതിമലയിലെ മുരുകൻ കോവിലിലേക്ക്
text_fieldsനീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മുതുമല റിസർവ് ഫോറസ്റ്റിനകത്തുള്ള ജനവാസ കേന്ദ്രമാണ് മസനഗുഡി. പട്ടണമെന്നോ ഗ്രാമമെന്നോ എന്ന് വേർതിരിച്ച് വിളിക്കാൻ കഴിയാത്ത വളരെ ചെറിയ ജനവാസ കേന്ദ്രം. കര്‍ണാടകയും കേരളവുമായി ഈ തമിഴ് ഗ്രാമം അതിർത്തി പങ്കിടുന്നു.
കാടും ഭൂപ്രകൃതിയും ഊട്ടിക്ക് സമാനമായ തണുപ്പും ആസ്വദിക്കാനെത്തുന്നവരുടെ പറുദീസയാണിത്. മസനഗുഡിയിലെ തദ്ദേശവാസികളുടെ ദൈവമാണ് വിഭൂതിമലയിലെ മുരുകൻ. എന്നാൽ ബിഭൂതി മലയിലെത്തുന്നവരിൽ മിക്കവരും മുരുകനെ കാണാനെത്തുന്നവരല്ല എന്നതാണ് സവിശേഷത. മസനഗുഡിയിലെത്തുന്ന സന്ദർശകർ ട്രെക്കിങ്ങിന് തെരഞ്ഞെടുക്കുന്ന ഇടമാണിത്.
മസനഗുഡിയിലെ ആദിവാസി സെറ്റിൽമെന്‍റിൽ നിന്നും പ്രത്യേകതരം ജീപ്പുകളിൽ മാത്രമേ ബിഭൂതി മലയുടെ മുകളിലെത്താനാവൂ. ഉരുളൻ കല്ലുകളിലൂടെയും കുത്തനെയുള്ള കയറ്റങ്ങളിൽ കൂടിയുമുള്ള യാത്ര ആരുടേയും നെഞ്ചിടിപ്പിക്കുന്നതാണ്. എന്നാൽ തട്ടിയും തടഞ്ഞും മുകളിലെത്തിയാൽ കാണുന്ന കാഴ്ച അതിമനോഹരവും.
കാലികളും മറ്റും മേയുന്ന കാടാണ് മറുവശത്ത്. കാടെന്ന് പറയുമ്പോൾ പച്ചപ്പും ഇരുട്ടും ഇടതൂർന്ന വൻമരങ്ങളുമൊന്നുമല്ല ഇവിടത്തെ കാട്. ഉയരം കുറഞ്ഞ വളഞ്ഞുപുളഞ്ഞു പോകുന്ന ശിഖരങ്ങളുള്ള ഇലകൾ പേരിന് മാത്രം അവശേഷിക്കുന്ന മരങ്ങൾ. പക്ഷെ അതിനകത്ത് കൂടി സഞ്ചരിക്കുമ്പോൾ എന്തോ പ്രത്യേക തരം ഭംഗി അതിനുണ്ടെന്ന് നമുക്ക് മനസ്സിലാകും. നടുവിലൂടെ ഒഴുകുന്ന ചെറിയ പുഴക്ക് ഇരുവശവുമായി ധാരാളം പച്ചപുല്ല് നിറഞ്ഞ പ്രദേശം. മാനുകളുടേയും കാലികളുടെയും ഇഷ്ടപ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ കാലികളെ പിടിക്കാനായി പുലികളും വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വിഭൂതി മലയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്, സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. താഴെനിന്ന് പടികയറിയും ഇവിടേക്ക് വരാം. ഇന്നാട്ടുകാർ മറ്റൊരു കാര്യം കൂടി പറഞ്ഞു, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണത്രെ നാട്ടുകാർക്ക് പ്രാർഥിക്കാനായി ഈ ക്ഷേത്രം പണിതുനൽകിയത്. മലയുടെ മുകളിൽ നിന്ന് താഴേക്ക് ചൂണ്ടി മസനഗുഡിയിൽ അദ്ദേഹത്തിന്‍റെ റിസോർട്ടും കൃഷിസ്ഥലവും കൂടി അവർ കാണിച്ചുതന്നു. മഞ്ഞയും വെള്ളയും പെയിന്‍റടിച്ച ക്ഷേത്രം. മല കയറിവരുന്ന ഭക്തരുടെ എണ്ണം കുറവാണെന്ന് വ്യക്തം. പക്ഷെ മലയുടെ തുഞ്ചത്ത് മാത്രം അനുഭവപ്പെടുന്ന പ്രത്യേക കാറ്റിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാറ്റ് നമ്മെ പറത്തിക്കൊണ്ടുപോകുമോ എന്ന് ഒരു നിമിഷമെങ്കിലും സംശയം തോന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.