ആയിരം വര്‍ഷങ്ങളുടെ കഥ പറയുന്ന പെരിയകോവിലിന് മുന്നില്‍
text_fieldsഅതിരാവിലെ 5.30ന് ഹോട്ടലില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ റിസപ്ഷനിസ്റ്റ് പയ്യന്‍ പറഞ്ഞു: 'കോവില്‍ 6 മണിക്കേ തുറക്കുകയുളളൂ'. ജനാലയില്‍ കൂടി പുറത്തേക്ക് നോക്കുമ്പോള്‍ ഏറെ ആകര്‍ഷകമായ കോവിലിന്റെ ഗോപുരത്തിലെ മകുടം ദൃശ്യമായിരുന്നു. എന്തു വലിയ മകുടം, ഇതെങ്ങനെയാകാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് മുകളിലെത്തിച്ചത്. ഗോപുരത്തിന് എന്തുയരം കാണും തുടങ്ങിയ ചോദ്യങ്ങള്‍ മനസ്സില്‍ വന്നു.
ആ പയ്യനോട് തന്നെ ചോദിക്കാന്‍ തീരുമാനിച്ചു. വിമാനം എന്ന പേരില്‍ അറിയപ്പെടുന്ന കോവിലിന്റെ ഗോപുരത്തിന്റെ ഉയരം 66 മീറ്ററാണെന്ന് (216 അടി) മനസ്സിലായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം എന്ന ബഹുമതിയും ഈ ഗോപുരത്തിനുണ്ട്. മുകളിലെ മകുടത്തിന് ഏകദേശം 80 ടണ്‍ ഭാരമുളള (72575 കിലോഗ്രാം) ഒറ്റ കല്ലില്‍ നിര്‍മിച്ചതാണ്. കോവിലിന്റെ മുന്നിലുളള ഗോപുരത്തിന് 30 മീറ്റര്‍ ഉയരവുമുണ്ട്. ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ കഥ പറയാമായിരുന്നു എന്ന് കരുതിയിരുന്നതു പോലെ റിസപ്ഷനിസ്റ്റ് കഥ പറഞ്ഞു തുടങ്ങി.
രാജരാജ ചോള ഒന്നാമന്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന അരുള്‍മൊഴിവര്‍മ്മന്‍ എന്ന തമിഴ് ചക്രവര്‍ത്തിയാണ് 1002-ാമാണ്ടില്‍ തഞ്ചാവൂരില്‍ ബൃഹദ്വീശ്വര ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. തമിഴ് ചോളരാജാക്കന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോജ്ക്ടായിരുന്നു ഇത്. രാജരാജ ചോള ഒന്നാമന് സ്വപ്നത്തില്‍ ലഭിച്ച നിര്‍ദ്ദേശമാണ് ഈ ക്ഷേത്രനിര്‍മാണത്തിലേക്ക് നയിച്ചത്. ചോളരാജാക്കന്മാരുടെ അനുഗ്രഹദാതാവ് എന്ന നിലയിലാണ് ഇവിടുത്തെ പ്രതിഷ്ഠ സ്ഥാനം പിടിച്ചത്. അതുകൊണ്ട് തന്നെ അതിന്റെ നിര്‍മാണത്തിന് വളരെ പ്രാധാന്യം നല്‍കിയിരുന്നു. ബഹുമുഖങ്ങളോടുകൂടിയ ഗോപുരങ്ങള്‍, ജ്യാമിതീയ നിയമങ്ങള്‍ക്കനുസരണമായ നിര്‍മാണം, മകുടങ്ങള്‍, ചിത്രരചനകള്‍, വിഗ്രഹങ്ങള്‍, വെങ്കലപ്രതിമകള്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇവിടുത്തെ ശിവപ്രതിഷ്ഠയാണ് മറ്റൊരു പ്രത്യേകത.
12 അടി ഉയരമുളള അതിഭയങ്കരമായ ശിവലിംഗ പ്രതിഷ്ഠ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും മഹത്തായ രൂപകല്പനകള്‍ ഉള്‍ക്കൊളളുന്നതുമായ ക്ഷേത്രമാണിത്. ഈ മാഹാത്മ്യങ്ങള്‍ക്ക് പുറമേ 1015 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ ക്ഷേത്രം, 6 കടുത്ത ഭൂചലനങ്ങളും ഒരു വന്‍ തീപിടിത്തവും അതിജീവിച്ചാണ് ഇപ്പോഴും നിലകൊളളുന്നത്. അതിനാലാണ് യുനെസ്കോ ഈ ക്ഷേത്രത്തിന് ഗ്രേറ്റ് ലിവിംഗ് ചോളാ ടെമ്പിള്സ് എന്ന പദവി നല്‍കിയിരിക്കുന്നത്. ലോകപൈതൃക സ്മാരകം എന്ന സ്ഥാനവും ഈ ക്ഷേത്രത്തിനുണ്ട്.
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചന്‍ എന്ന അസുരന്റെ പേരില്‍ നിന്നാണ് തഞ്ചാവൂരിന് ഈ പേര് ലഭിച്ചത്. പുരാതന കാലത്ത് തഞ്ചാവൂര്‍ തമിഴ്നാടിന്റെ നെല്ലറ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനാലാണത്രേ ചോളരാജാക്കന്മാര്‍ ഇവിടെ കേന്ദ്രീകരിച്ച് ഭരിച്ചത്. തുടര്‍ന്നാണ് ചോളന്മാര്‍ ഇവിടെ പെരിയകോവില്‍ സ്ഥാപിച്ചത്. പെരുവുടയാര്‍ കോവില്‍, ശ്രീ രാജരാജേശ്വര ക്ഷേത്രം എന്നീ പേരുകളില്‍ ഈ ക്ഷേത്രം അറിയപ്പെടുന്നു. ചോള രാജാക്കന്മാര്‍ ഈ ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രം എന്ന പേര് നല്‍കി. പിന്നീട് തഞ്ചാവൂര്‍ നായ്ക്കന്‍മാരും മറാത്ത ഭരണാധികാരികളുമാണ് ഈ ക്ഷേത്രത്തിന് ബൃഹദ്വീശ്വര ക്ഷേത്രം എന്ന പേര് നല്‍കിയത്.
കാവേരി നദിയുടെ തീരത്തുളള ഈ ക്ഷേത്രത്തിന് ചുറ്റും കോട്ടപോലുളള വലിയ മതിലുകളാണുളളത്. ഇതിന്റെ മുന്‍ഭാഗത്താണ് 30 മീറ്റര്‍ ഉയരമുളള ഗോപുരം. ഇത് ഒരു പ്രവേശനകവാടം കൂടിയാണ്. ഈ പ്രദേശത്തിന് ചുറ്റുമുളള പ്രദേശത്തൊന്നും പാറകളോ ഗ്രാനൈറ്റോ ലഭ്യമായിരുന്നില്ല. എന്നാല്‍ ഈ ക്ഷേത്രനിര്‍മാണത്തിന് ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചത്. കോവിലിന് ഏകദേശം 60 കിലോമീറ്റര്‍ ദൂരെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണത്രേ ക്ഷേത്രനിര്‍മാണത്തിനാവശ്യമായ ഗ്രാനൈറ്റ് കൊണ്ടുവന്നത്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവന്‍ ആണ്. ഗോപുരം ഉള്‍പ്പെടുന്ന പ്രധാന ക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠയുളളത്. ഈ ക്ഷേത്രത്തിനുളളില്‍ കടന്ന് അകത്തേക്ക് നടക്കുമ്പോള്‍ ചുവരുകള്‍ നിറയെ വ്യത്യസ്തചിത്രരചനകള്‍ കാണാന്‍ കഴിയും. 8108 നൃത്തകരണങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ ശാസ്ത്രീയ നൃത്തമായ ഭരതനാട്യത്തിന്റെ വിവിധ രൂപങ്ങളും ഇവിടെ ദൃശ്യമാണ്. മുന്നോട്ട് നടന്നു പോകുമ്പോള്‍ പരമശിവന്‍ ശയിക്കുന്ന രൂപം കാണാന്‍ കഴിയും. തൂണുകളും മേല്‍കൂരയുമെല്ലാം കൊത്തുപണികളും ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ്.
തുടര്‍ന്ന് മുന്നോട്ടുളള യാത്രയില്‍ നാമെത്തിച്ചേരുന്നത് മഹത്തായ ശിവലിംഗ പ്രതിഷ്ഠ (മൂലവര്‍) ഉള്‍പ്പെടുന്ന പെരിയകോവിലിലാണ്. നേരത്തേ സൂചിപ്പിച്ച വിമാന (ദക്ഷിണമേരു)ത്തിന് നടുഭാഗത്തായി ഉളളിലാണ് ഈ പ്രതിഷ്ഠ സ്ഥാപിച്ചിട്ടുളളത്. ഈ പ്രതിഷ്ഠയുടെ ഭാഗത്തിന് കറുവരൈ (ഗര്‍ഭഗൃഹം) എന്ന് വിളിക്കുന്നു. പൂജാരിമാര്‍ക്കും തന്ത്രികള്‍ക്കും മാത്രമാണ് ഇതിനുളളിലേക്ക് പ്രവേശനം. 40 തൂണുകളുളള മണ്ഡപവും പെരിയകോവിലിനുളളിലായി കാണാം.
വിമാനം നിര്‍മിക്കുന്നതിന് ഇന്റര്‍ലോക്കിംഗ് കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. യാതൊരു വിധത്തിലുളള സിമന്റോ മറ്റ് യോജിപ്പിക്കാനുപയോഗിക്കുന്ന വസ്തുക്കളോ ഉപയോഗിക്കാതെയാണ് ഈ ഗോപുരം നിര്‍മ്മിച്ചിരിക്കുന്നത്. 16 നിലകളും ഈ രൂപത്തില്‍ നിര്‍മിച്ചു എന്നാണ് ചരിത്രം. ഈ ഗോപുരം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പല കഥകളും പ്രസിദ്ധമാണ്. ആറ് കിലോമീറ്റര്‍ അകലെ നിന്നും ചരിവുളള വഴിയുണ്ടാക്കി അതിലൂടെ എല്ലാ സാധനങ്ങളും ഉരുട്ടിയാണ് മുകളിലെത്തിച്ചത് എന്നാണ് കഥ. ഈ രൂപത്തിലാണത്രേ 80 ടണ്‍ ഭാരമുളള മകുടം (കുംഭം) ഗോപുരത്തിന് മുകളിലെത്തിച്ചത്. മറ്റൊരു കഥയില്‍ പറയുന്നത് ഗോപുരത്തിന് ചുറ്റും ചരിവുളള വൃത്തം ഉണ്ടാക്കി ആ ചരിവിലൂടെ വസ്തുക്കള്‍ ആനകളുടെ സഹായത്തോടെ മുകളിലെത്തിച്ചു എന്നാണ്.
പ്രധാന ക്ഷേത്രത്തിന് ചുറ്റും നിരവധി ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ഇവയില്‍ പലതും പിന്നീടുളള നിര്‍മാണങ്ങളായിരുന്നു. 13-ാം നൂറ്റാണ്ടില്‍ പാണ്ഡവന്മാരുടെ നേതൃത്വത്തില്‍ പാര്‍വതിക്കായി ഒരു ക്ഷേത്രം പെരിയകോവിലിന് മുന്നിലായി നിര്‍മിച്ചു. പിന്നീട് വിജയനഗര രാജാക്കന്മാര്‍ സുബ്രഹ്മണ്യ ക്ഷേത്രവും മറാത്ത ഭരണാധികാരികള്‍ വിനായക ക്ഷേത്രവും നിര്‍മിച്ചു. പെരിയകോവിലിന്റെ ചുവരുകളില്‍ നിര്‍മിച്ചിട്ടുളള ദക്ഷിണാമൂര്‍ത്തി, സൂര്യന്‍, ചന്ദ്രന്‍, തുടങ്ങിയ ദേവങ്ങളുടെ വലിയ പ്രതിമകളും ശ്രദ്ധേയമാണ്. അഷ്ടദിക്പാലകന്മാരായ ഇന്ദ്രന്‍, അഗ്നി, യമന്‍, നൈരിത്യ, വരുണന്‍, വായു, കുബേരന്‍, ഇഷാനന്‍ എന്നിവരുടെ ജീവസ്സുളള പ്രതിമകളും (6 അടി ഉയരമുളളത്) നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി ദ്വാരപാലകരുടെ രൂപങ്ങളും ക്ഷേത്രത്തില്‍ കാണാവുന്നതാണ്.
മറ്റൊരു വിശേഷപ്പെട്ട കാഴ്ചയും ഈ കോവിലിന്റെ ആകര്‍ഷണവും ആദ്യ ഗോപുരം കടന്നാലുടന്‍ നമ്മുടെ കണ്ണിലെത്തുന്ന നന്തിയുടേതാണ്. ഒറ്റക്കല്ലില്‍ നിര്‍മിച്ചിട്ടുളള നന്ദിയുടെ രൂപം ആരെയും ആകര്‍ഷിക്കും. 12 അടി ഉയരമുളള നന്തി ശിവലിംഗ പ്രതിഷ്ഠയെ നോക്കുന്ന രൂപത്തിലാണ് സ്ഥാപിച്ചിട്ടുളളത്. 16 അടി (4.9 മീറ്റര്‍) നീളവും 2.5 മീറ്റര്‍ വീതിയും ഈ രൂപത്തിനുണ്ട്. നന്തിയുടെ മുന്നിലും പ്രത്യേക പൂജയ്ക്കുളള അവസരമുണ്ട്. ശിവന്റെയും പാര്‍വ്വതിയുടെയും കാവല്‍ക്കാരനായിട്ടാണ് നന്തിയെ അറിയപ്പെടുന്നത്.
ബൃഹദ്വീശ്വര ക്ഷേത്രത്തിലെ മറ്റ് ആകര്‍ഷണങ്ങള്‍ അറിയൂ:
• ഗോപുരത്തിന്റെ നിഴല്‍ ഉച്ചസമയത്ത് അപ്രത്യക്ഷമാകുന്നു: ഈ ക്ഷേത്രത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകത ഇത്രയും വലിയ ഗോപുരത്തിന്റെ നിഴല്‍ വര്‍ഷത്തില്‍ ഒരു ഉച്ചസമയത്തും കാണുന്നില്ല എന്നതാണ്. നിര്‍മാണവൈഭവത്തിന് ഏറ്റവും ശ്രദ്ധയേമായ ഗോപുര (ശിഖര)മായി ഇത് മാറുന്നത് ഇതിനാലാണ്.
• ഗ്രാനൈറ്റ് ക്ഷേത്രം: പൂര്‍ണ്ണമായും ഗ്രാനൈറ്റില്‍ നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ക്ഷേത്രമെന്ന ബഹുമതി ഈ ക്ഷേത്രത്തിനാണ്. അന്നത്തെ കാലത്ത് ഗ്രാനൈറ്റില്‍ രൂപങ്ങള്‍ കൊത്തിയെടുക്കുക എന്നത് ദുഷ്കരമായി പ്രവര്‍ത്തനമായിരുന്നു.
ഉയരമുളള ക്ഷേത്രം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം എന്ന ബഹുമതിയും ഈ ക്ഷേത്രത്തിനാണ്. എട്ടു വര്‍ഷം മാത്രമെടുത്ത് പണി തീര്‍ത്തതാണീ ക്ഷേത്രം. ദിവസംതോറും അന്‍പത് ടണ്‍ ഗ്രാനൈറ്റിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നു. രാത്രികാലങ്ങളില്‍ ഈ ക്ഷേത്രം വെളിച്ചപൂരിതമാകുമ്പോള്‍ മകുടത്തിന് മുകളിലുളള വെളിച്ചം കണ്ട് മറ്റൊരു ഗ്രഹമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.
• സ്വരതൂണുകള്‍: പ്രധാന ക്ഷേത്രത്തിന്റെ കവാടത്തില്‍ രണ്ട് ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹങ്ങളില്‍ തട്ടിയാല്‍ അതില്‍ നിന്നും പുറപ്പെടുന്ന ശബ്ദം എല്ലായിടത്തും പ്രതിധ്വനിക്കും. സ്വരങ്ങള്‍ ഉണ്ടാകുന്ന നിരവധി തൂണുകള്‍ ഈ ക്ഷേത്രത്തിനുളളിലുണ്ട്.
• മറാത്താ ഭരണാധികാരികളാണ് രാജരാജേശ്വര ക്ഷേത്രം എന്നത് വലിയ ഈശ്വരന്‍ എന്ന് അര്‍ത്ഥമുളള ബൃഹദ്വീശ്വര ക്ഷേത്രം എന്ന് പേര് നല്‍കിയത്.
• 1,30,000 ടണ്‍ ഗ്രാനൈറ്റ് കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
• നന്തിയുടെ രൂപം ഒറ്റക്കല്ലില്‍ കൊത്തിയതാണ്. ഇതിന് 20000 ടണ്‍ ഭാരമുണ്ടാകും എന്ന് പറയപ്പെടുന്നു.
• കുഞ്ഞാരമല്ലന്‍ രാജരാജ പെരുന്തച്ചന്‍ ആണ് ഈ ക്ഷേത്രത്തിന്റെ ശില്‍പ്പി.
• നാട്യശാസ്ത്രത്തിലെ കരണങ്ങള്‍ 8108 നര്‍ത്തകരില്‍ സന്നിവേശിപ്പിച്ച് അവതരിപ്പിച്ചിട്ടുളള ഏക ക്ഷേത്രം ഇതാണ്.
എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ഒന്‍പത് നാളുകളിലാണ് ഇവിടെ ഉത്സവം നടക്കുക. ജീവിതത്തിലൊരിക്കല്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. 1010ല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം 2010ല്‍ 1000 കൊല്ലം വാര്‍ഷികം ആഘോഷിച്ചു. അതിന്റെ ഓര്‍മ്മയ്ക്കായി റിസര്‍വ്വ് ബാങ്ക് 1000 രൂപയുടെ നോട്ടില്‍ ഈ ക്ഷേത്രഗോപുരത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി. തുടര്‍ന്ന് 5 രൂപ നാണയത്തിലും ഈ ഗോപുരത്തിന്റെ ചിത്രം ആലേഖനം ചെയ്ത് ഇറക്കിയിട്ടുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് 5 പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇവിടെ എത്തിച്ചേരാന്‍:
തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. 65 കിലോമീറ്റര്‍ അകലെയുളള തിരുച്ചിറപ്പളളി ഏറ്റവും അടുത്ത വിമാനത്താവളവും. കേരളത്തില്‍ നിന്നും പോകുന്നതിന് നിരവധി വഴികളുണ്ട്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുളള യാത്രക്കാര്‍ പാലക്കാട്, പൊളളാച്ചി, ധാരാപുരം, ഓടന്‍ചത്രം, ഡിന്‍ഡിഗല്‍, തിരുച്ചിറപ്പളളി (ത്രിച്ചി) വഴി തഞ്ചാവൂര്‍ എത്താം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുളള യാത്രക്കാര്‍ക്ക് മധുര, തിരുച്ചിറപ്പളളി വഴിയും, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലക്കാര്‍ക്ക് കമ്പം, തേനി, ഡിന്‍ഡിഗല്‍, തിരുച്ചിറപ്പളളി വഴിയും തഞ്ചാവൂരിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.