Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tiger
cancel
Homechevron_rightTravelchevron_rightNaturechevron_rightരൺതംഭോറിലെ രാജാക്കൻമാർ

രൺതംഭോറിലെ രാജാക്കൻമാർ

text_fields
bookmark_border

ൺതംഭോർ കടുവസങ്കേതം; കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാട്ടിലെ രാജ്യാന്തര പ്രശസ്തിയാർജിച്ച ദേശീയോദ്യാനം. രജപുത്ര, മുഗൾരാജാക്കന്മാരുടെ മൃഗയാവിനോദങ്ങളുടെ ചരിത്രവും ദശാബ്ദങ്ങളായുള്ള കടുവകളുടെ അതിജീവനചരിത്രവും ഇഴചേർന്നുകിടക്കുന്ന സ്ഥലം. രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിൽ ഉദ്ദേശം 400 ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന ദേശീയോദ്യാനം ഇന്ന്​ ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രീതിയാർജിച്ച വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ്.

കടുവകളെ അവയുടെ ആവാസവ്യവസ്ഥയിൽവെച്ച്​ വളരെ അടുത്തുനിന്ന്​ കാണാമെന്നതാണ്​ വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്​ടകേന്ദ്രമാക്കി ഇവിടം മാറ്റിയത്. കൂടാതെ, ചരിത്രകുതുകികളെ ആകർഷിക്കുന്ന തരത്തിൽ സങ്കേതത്തിനകത്ത്​ പ്രൗഢിയോടെ നിലകൊള്ളുന്ന കോട്ടയും പൗരാണിക നിർമിതികളും. കാലത്തിന്റെ നൈതികതയെന്നോണം, വേട്ടയാടപ്പെട്ട കടുവകൾക്കു സംരക്ഷണം തീർത്തുകൊണ്ടിരിക്കുകയാണ്​ ഇന്ന്​ ഇൗ കോട്ടകളും വിശ്രമകേന്ദ്രങ്ങളും.


തടാകങ്ങളും നായാട്ടുഗേഹങ്ങളും

റിസർവ്​ വനത്തിൽ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ചുനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്​ മൂന്ന്​ തടാകങ്ങളാണ്. രാജ്ബാഗ് തടാകം, പദംതലാവോ തടാകം, മാലിക്തലാവോ തടാകം എന്നിവ. ഇന്ത്യയിലെ മറ്റു വന്യജീവി സങ്കേതങ്ങളെ അപേക്ഷിച്ച് ദേശീയോദ്യാനത്തിലുടനീളം ചരിത്രസാക്ഷ്യപ്പെടുത്തലുകൾ കാണാവുന്നതാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്​ ജോഗിമഹൽ. കോട്ടയുടെ ഏതാനും വാരകൾക്കപ്പുറം വനത്തിലെ കോർമേഖലയിൽ ജയ്‌പുർ രാജാക്കന്മാർ പണികഴിപ്പിച്ച സങ്കേതമാണിത്. തടാകക്കരയിൽ കോട്ടയുടെ കീഴ്ഭാഗത്തായി നിർമിക്കപ്പെട്ട ഇവിടം ദൃശ്യഭംഗികൊണ്ടും വന്യജീവി സാന്നിധ്യംകൊണ്ടും ശ്രദ്ധേയമാണ്. മറ്റു രണ്ടു തടാകക്കരയിലെയും പൗരാണിക സൗധങ്ങൾ ഇപ്പോഴും സഫാരിക്കെത്തുന്നവർക്ക് കൗതുകമുണർത്തുന്ന കാഴ്ചയാണ്. തടാകക്കരയിലായതിനാൽ വേട്ടയ്ക്കും വിശ്രമത്തിനുംവേണ്ടി ഏറ്റവും അനുയോജ്യമാംവിധത്തിലാണ് ഇവയുടെ നിർമിതികൾ. ഇന്ത്യൻ ചീങ്കണ്ണികളുടെ ആവാസകേന്ദ്രമായ ഈ തടാകങ്ങൾ വിവിധയിനം തദ്ദേശീയ പക്ഷികളുടെയും ദേശാടനപ്പക്ഷികളുടെയും കേന്ദ്രമാണ്. അതിനാൽ പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരിടമാണ്​ ഇൗ ദേശീയോദ്യാനം.


കടുവകളുടെ വിഹാരകേന്ദ്രം

ടൈഗർ ഡെൻസിറ്റി ഏറ്റവുംകൂടിയ വന്യജീവിസങ്കേതങ്ങളിൽ ഒന്നാണ്​ രൺതംഭോർ. തുറന്ന ജിപ്സിയിൽ പക്ഷികളുടെ ശബ്‌ദാരവങ്ങളുടെ അകമ്പടിയിൽ അവയെ ഒരു വിളിപ്പാടകലെ വെച്ച്​ നിങ്ങൾക്കു കാണാം. മുട്ടോളം ഉയർന്നുനിൽക്കുന്ന പുൽക്കാടുകൾക്കിടയിലൂടെ അല്ലെങ്കിൽ ഉയരംകുറഞ്ഞ മരങ്ങൾക്കിടയിലൂടെ ആലസ്യത്തോടെ നടന്നുനീങ്ങുന്ന കാടിന്റെ രാജാക്കന്മാർ രൺതംഭോറിന്റെ മോഹിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്. ഏഴോളം സോണുകളാക്കി തിരിച്ചിരിക്കുന്ന വനത്തിനുള്ളിൽ നിശ്ചിത പാതകളിൽകൂടിമാത്രമേ സഫാരി വാഹനങ്ങൾക്ക്​ സഞ്ചരിക്കാൻപാടുള്ളൂ. പാറക്കല്ലുകൾ തീർത്ത കുന്നിൻചരിവുകളും സാന്ദ്രതകുറഞ്ഞ വരണ്ട കാടുകളും അൽപം ഉയർന്നു​നിൽക്കുന്ന പുൽക്കാടുകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. ഇവയ്ക്കിടയിലൂടെ ഒഴുകുന്ന ചെറിയ തോടുകളും തടാകങ്ങളും വരണ്ട ഭൂമിയെ ജീവസ്സുറ്റതാക്കുന്നു.

ജോഗിമഹൽ സ്ഥിതിചെയ്യുന്ന തടാകക്കരയിലേക്കാണ്​ യാത്ര. കടുവകൾ നീരാട്ട്​ വളരെയധികം ഇഷ്ടപ്പെടുന്ന ജീവിവർഗമാണ്. അതുകൊണ്ടുതന്നെ തടാകക്കരയിലും വെള്ളക്കെട്ടുകളുടെ സമീപത്തുമായി ഇവയുടെ സാന്നിധ്യം കൂടുതൽ പ്രതീക്ഷിക്കാം. തടാകതീരത്ത് വെയിൽ കാഞ്ഞുകൊണ്ടിരിക്കുന്ന ചീങ്കണ്ണി. കൂടെ എരണ്ടക്കൂട്ടങ്ങൾ. സമീപത്തായി മേഞ്ഞുനടക്കുന്ന മാൻകൂട്ടങ്ങളും.


മാർജാരവർഗത്തിൽപെട്ട മറ്റെല്ലാ മൃഗങ്ങളെയുംപോലെ കടുവകളും ടെറിറ്റോറിയൽ ആനിമൽ ആണ്. പഠനങ്ങൾ വ്യക്തമാക്കുന്നത് 15 മുതൽ 20 കി.മീ. വരെയാണ്​ ഇവയുടെ ടെറിറ്ററി. തടാകത്തിനു സമീപം വാഹനം നിർത്തി ചുറ്റുംവീക്ഷിച്ചു. വൃക്ഷശിഖരങ്ങളിലിരുന്നു ഗഹനവീക്ഷണം നടത്തുന്ന മൂളിക്കുരങ്ങുകൾ മാനുകളുടെ അടുത്ത സുഹൃത്തുക്കളാണ്. കടുവസാന്നിധ്യം തിരിച്ചറിഞ്ഞാൽ ഇവ അപകടസൂചകമായി മുന്നറിയിപ്പ്​ ശബ്ദങ്ങൾ പുറപ്പെടുവിക്കും. ഇത്തരം മുന്നറിയിപ്പ്​ ശബ്ദങ്ങളാണ്​ സഞ്ചാരികൾക്ക് പ്രതീക്ഷ നൽകുന്ന ഘടകം. മാനുകളും ഇത്തരം മുന്നറിയിപ്പ്​ ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ശബ്ദത്തിന്റെ വ്യതിരിക്തത കാരണം അനുഭവസമ്പന്നരായ ഗൈഡുകൾക്ക്​ ഇവ എളുപ്പം തിരിച്ചറിയാം.


കടുവാ ടൂറിസവും വാണിജ്യവത്കരണവും

ഇന്ത്യയിൽ ഇന്ന്​ അങ്ങേയറ്റം വാണിജ്യവത്കരിക്കപ്പെട്ട ഒരു മേഖലയാണ്​ വന്യജീവി സഫാരികൾ. ദശലക്ഷക്കണക്കിന്​ രൂപ കൈമാറ്റംചെയ്യപ്പെടുന്ന ഒരു വൻവ്യവസായമായി ഇത്ചുരുങ്ങിയ കാലയളവിൽ മാറ്റപ്പെട്ടിരിക്കുന്നു. പാർക്കിനുചുറ്റും ഉയർന്നുവന്നിരിക്കുന്ന റിസോർട്ടുകളും ടെന്റഡ്‌ ക്യാമ്പുകളും ഇതിനുദാഹരണമാണ്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാനന യാത്ര എന്നത്​ കടുവസഫാരി എന്നനിലയിലേക്ക്​ എത്തിക്കുന്നതിൽ ടൂർ ഓപറേറ്റർമാരും ഹോട്ടൽലോബിയും വിജയിച്ചിരിക്കുന്നു.

പ്രദേശവാസികൾക്ക്​ തൊഴിലവസരങ്ങളും വരുമാനവും നേടിക്കൊടുക്കുന്ന ഒരുമേഖലയാണെങ്കിലും എണ്ണത്തിൽ ഒരു നിയന്ത്രണവുമില്ലാതെ വിനോദസഞ്ചാരികളെ കടത്തിവിടുന്നത്​ വനത്തിന്റെ ശാന്തതയും സ്വച്ഛന്ദതയും നഷ്ടപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ട്.


രൺതംഭോർ കോട്ട

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ജയ്‌പുർ രാജവംശത്തിന്റെ കൈവശമുണ്ടായിരുന്ന ഈ കോട്ട ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണ ഘടകങ്ങളിലൊന്നാണ്. യുനെസ്കോ ലോകപൈതൃക പട്ടികയിൽപെടുത്തിയ ഈ പൗരാണിക നിർമിതി ഭാരതീയ വാസ്തുശിൽപകലയുടെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചോതുന്നതാണ്.

പത്താംനൂറ്റാണ്ടിൽ നിർമിതമായതെന്നു കരുതപ്പെടുന്ന കോട്ട ഒരേസമയം രാജാക്കന്മാരുടെ മൃഗയാവിനോദകേന്ദ്രമായും ശത്രുരാജാക്കന്മാരുടെ ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണകേന്ദ്രമായും നിലകൊണ്ടു. പിടിച്ചെടുക്കലിന്റെയും തിരിച്ചുപിടിക്കലിന്റെയും കഥപറയുന്ന കോട്ടയുടെ ആയിരംവർഷത്തോളം പഴക്കമുള്ള ചരിത്രത്തിൽ, രജപുത്രരും മുഗളന്മാരും മേവാറികളും പല കാലഘട്ടങ്ങളായി ഇത്​ കൈവശംവെച്ചു. കോട്ടയുടെ അകത്തുസ്ഥിതിചെയ്യുന്ന ക്ഷേത്രവും ദർഗയും ഇതിനെ അടയാളപ്പെടുത്തുന്നു. കെട്ടുറപ്പുള്ള നിർമിതിയും ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ കേന്ദ്രത്തിൽ നിലകൊള്ളുന്നുവെന്നതും ആ കാലഘട്ടത്തിലെ പ്രധാന രാജവംശങ്ങളുടെയൊക്കെ ശ്രദ്ധ ഈ കോട്ടയിലേക്ക്​ പതിയാൻ നിമിത്തമായി.

(എഴുത്തും ചിത്രങ്ങളും : ഹാഷിർ ഇ.വി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerRanthambore Tiger Reserve
News Summary - ranthambore national park Tiger
Next Story