തിരിച്ചുകയറുന്ന വെള്ളച്ചാട്ടങ്ങൾ; ഇത് മലയാളിയുടെ യാത്രാഭൂപടത്തിൽ സ്ഥാനംപിടിക്കാത്ത സ്വപ്നഭൂമി
text_fieldsമലയാളികളുടെ യാത്രാഭൂപടത്തിൽ ഇനിയും സ്ഥാനം പിടിച്ചിട്ടില്ലാത്ത, സഹ്യാദ്രിയുടെ വശ്യമനോഹാരിത പൂർണമായും ഉള്ളിലൊളിപ്പിച്ച സ്വപ്നഭൂമി. വാക്കുകൾകൊണ്ട് വർണിക്കാൻ ശ്രമിച്ചാൽ അവ മതിയാകാതെ വരും. ഒരിക്കൽ സന്ദർശിച്ചാൽ വീട്ടിലേക്കുള്ള തിരിച്ചുപോക്ക് ഹിമാലയൻ ടാസ്ക്കാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നീലക്കടലിനോട് കിടപിടിക്കുമാറ് പച്ചപ്പരവതാനി വിരിച്ച കുന്നിൻചെരുവുകൾ, റിവേഴ്സ് വാട്ടർഫാൾ അടക്കം എണ്ണിയാലൊടുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന മലനിരകൾ, പുഴയും അരുവികളും താണ്ടിയുള്ള കാനനപാതകൾ, അതിവിശിഷ്ടമായ ഗുഹാ ക്ഷേത്രങ്ങൾ, അസ്തമയ കാഴ്ചകൾ... അങ്ങനെ ഒരു യാത്രികൻ ആഗ്രഹിക്കുന്നതെന്തും മതിവരുവോളം നുകാരൻ മാത്രം സമ്പന്നമാണ് അമ്പോളി. 10 കിലോമീറ്ററിനുള്ളിൽ പത്തിലധികം വ്യത്യസ്തമായ സ്പോട്ടുകൾ.
പശ്ചിമഘട്ടത്തിന്‍റെ ഉള്ളറകൾ കാണാൻ മഴക്കാലത്തേക്കാൾ മികച്ചൊരു സമയമില്ല. പേരിലെ വ്യത്യസ്തത പോലെ തന്നെ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് അമ്പോളി. അതിനാൽ വിരലിലെണ്ണാവുന്ന അവധി ദിവസത്തിലുള്ള വിനോദ യാത്രക്ക് തിരഞ്ഞെടുക്കാൻ മറ്റൊന്നും നോക്കേണ്ടി വന്നില്ല. കേരളീയർക്ക്, വിശേഷിച്ച് മലബാറുകാർക്ക് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് മതിവരുവോളം കണ്ടുമടങ്ങാം.
കൊങ്കൺ പാതയിലെ പുലർകാല യാത്രതന്നെ ഏതൊരു യാത്രാപ്രേമിയെയും ത്രില്ലടിപ്പിക്കുന്നതാണ്. കുന്നിൻചെരുവുകളെ കീറിമുറിച്ചുള്ള കൊങ്കൺ പാത, കൃഷിസ്ഥലങ്ങളും കാടും തുരങ്കവും ഒറ്റപ്പെട്ട ചെറുപട്ടണങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും കുളിരുള്ള അനുഭവങ്ങളാണ്. ഒളിഞ്ഞും തെളിഞ്ഞും വരുന്ന സൂര്യപ്രകാശത്തിനോട് സംവദിച്ച് ട്രെയിനിലെ വിൻഡോ സീറ്റിലിരുന്നുള്ള യാത്ര മഹാരാഷ്ട്രയിലെ കുടാൽ സ്റ്റേഷനിലാണ് അവസാനിച്ചത്. താരതമ്യേന ചെറിയ സ്റ്റേഷൻ. ഇവിടെ എത്തുന്നതിന് മുന്നെ തുടർന്നുള്ള യാത്രക്ക് വണ്ടി ഏർപ്പാടാക്കിയത് നന്നായി എന്ന് പിന്നീടുള്ള യാത്ര നമ്മെ ബോധിപ്പിച്ചു.
കാണാനിരിക്കുന്ന മഹാത്ഭുദങ്ങളുടെ താക്കോലുമായി പരേഷ് ഭായ് പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു. വ്യത്യസ്ത സ്വഭാവം കാത്തുസൂക്ഷിക്കുന്ന തികച്ചും വ്യത്യസ്തമായ 10 പേർ എന്നത് യാത്രയുടെ മൊഞ്ചു ഒന്നുകൂടെ കൂട്ടി. ഉയരം കൂടുംതോറും ചായക്ക് സ്വാദു കൂടുന്നതിനാൽ ചായകുടി മലമുകളിൽ നിന്നാകാമെന്ന് തീരുമാനിച്ച് അമ്പോളി ലക്ഷ്യമാക്കി യാത്ര തുടങ്ങി. കൃഷിത്തോട്ടങ്ങളോടുകൂടിയ ചെറുഗ്രാമങ്ങൾ താണ്ടിയുള്ള 45 കിലോമീറ്റർ യാത്രയാണ് ഇവിടേക്കുള്ളത്.
ചുരവും വശങ്ങളിൽ അഗാധമായ ഗർത്തവും റോഡിലേക്ക് തള്ളിനിക്കുന്ന മരങ്ങളും. കോടമഞ്ഞിൽ കുളിച്ചൊരുങ്ങിയ അമ്പോളിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാതക്കരികിൽ എവിടെ നിർത്തിയാലും അതിമനോഹരമായ ഫ്രെയിം. ഉയരങ്ങൾ കീഴടക്കുന്നതോടെ അകലങ്ങളിൽ പച്ചവിരിച്ച കുന്നിൽ വെളുത്ത നൂലുപോലെ കാണുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ വർണനകൾക്കും അപ്പുറമാണ്. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്ക് ഫുൾസ്റ്റോപ്പ് ഇട്ടുകൊണ്ട് വണ്ടി ഒരു വളവിനപ്പുറം നിർത്തി.
ഘോര ശബ്ദത്തിൽ കുത്തിയൊലിക്കുന്ന കൂട്ടത്തിൽ വലിയ വെള്ളച്ചാട്ടം. പുറത്ത് പെയ്യുന്ന നൂൽമഴയെ വകവെക്കാതെ കുളിക്കാനായി എല്ലാവരും ഇറങ്ങി. മരം കോച്ചുന്ന തണുപ്പും അതിനേക്കൾ തണുപ്പുള്ള വെള്ളവും ശരീരത്തിനെന്നപോലെ മനസ്സിനെയും തണുപ്പിക്കാനുതകും. റോഡിൽനിന്ന് വെള്ളച്ചാട്ടത്തിന്‍റെ പകുതിയോളം ഉയരത്തിലേക്ക് നിർമിച്ച പടവുകൾ കൗതുക കാഴ്ച തന്നെ. ഏത് പ്രായക്കാർക്കും മുകളിൽകയറി വെള്ളച്ചാട്ടത്തെ തൊട്ടറിയാൻ ഏതോ ഒരു യാത്രാപ്രേമിയുടെ മനസ്സിൽ ഉദിച്ചതാകാം ഈ ആശയം. കുളികഴിഞ്ഞ് വശങ്ങളിലെ തട്ടുകടയിൽനിന്നും ചൂട് കട്ടനും മറാത്തി സ്നാക്സും ഓർഡർ ചെയ്തു. പൊളി കോമ്പിനേഷൻ.
തുടർന്ന് അടുത്ത സ്ഥലമായ കാവൽസേതിലേക്ക്. അനന്തമായ താഴ്വരകളുടെയും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുടെയും സംഗമ സ്ഥലം. 90 ഡിഗ്രി ചെങ്കുത്തായ ഗർത്തങ്ങളാണ് കൂടുതലും. ഭയപ്പെടുത്തുന്നതിനേക്കാൾ ആശ്ചര്യപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകൃതി സൗന്ദര്യം. പ്രകൃതിയിലെ ഒന്നിലധികം ശക്തികളൊന്നിച്ചു മത്സരിക്കുന്ന അത്യപൂർവം സ്ഥലം കൂടിയാണ് കാവൽസേത്. വെള്ളച്ചാട്ടവും കാറ്റും കോടയും മഴയുമെല്ലാം കൂടി യാത്രക്കാർക്ക് നൽകുന്നത് നിലക്കാത്ത അനുഭൂതിയാണ്. ഒരൊറ്റനിരയിൽ പത്തിലധികം വെള്ളച്ചാട്ടങ്ങൾ. കാറ്റിന്‍റെ ശക്തി കൂടിയാൽ അവയിൽ ചിലത് മുകളിലേക്കൊഴുകുന്നതായി തോന്നും. കോടമൂടിയാൽ ആകാശം കാൽച്ചുവട്ടിൽ വ്യാപിച്ചതായും തെളിഞ്ഞാൽ അനന്തമായ താഴ്വരയും ദൃശ്യമാകും.
ശക്തമായ കാറ്റിൽ ചെറുവെള്ളച്ചാട്ടങ്ങൾ ഭൂമിയിലേക്ക് പതിക്കാതെ മുകളിലേക്ക് ഉയരുന്നത് കാണാൻ ആയിരങ്ങൾ വന്നിരുന്ന സ്ഥലമാണ് ഇവിടം. എന്നാൽ, കോവിഡ് എല്ലാം മാറ്റിമറിച്ചു. പൂർവകാല പ്രതാപമെന്നോണം ചോളം പൊള്ളിച്ചും ചായ വിറ്റും നടക്കുന്ന കുറച്ചു നാടോടി സ്ത്രീകളെയും അവരുടെ കൊച്ചുകൂരകളും കാണാം. വർഷങ്ങൾക്ക് മുന്നെ അതിസാഹസികത കാണിച്ച രണ്ടു യുവാക്കൾ കൊക്കയിൽ പതിച്ച കഥകൂടി കേട്ടപ്പോൾ തെല്ലൊന്നു ഭയപ്പെട്ടു. കാല് തെന്നിയാൽ പൊടിപോലും കിട്ടില്ല എന്നത് ഉറപ്പ്. സത്യത്തിൽ ഈ റിവേഴ്സ് വാട്ടർഫാൾ കാണാൻ വേണ്ടി മാത്രമാണ് കണ്ണൂരിൽനിന്നും വണ്ടി കയറി ഇവിടെ എത്തിയത്. ബാക്കിയുള്ളതെല്ലാം ബോണസാണ്.
ഏതൊരു നാടിനെയും അടയാളപ്പെടുത്തുന്നത് അവിടങ്ങളിലെ ഭക്ഷണരീതികൾ കൂടിയാണ്. ആയതിനാൽ തന്നെ ഉച്ചഭക്ഷണം തനി നാടൻ മറാത്തി സ്റ്റൈൽ ആകണമെന്ന് നിർബന്ധമുണ്ടായിരുന്നു. മഴക്കാലമാണ് സീസൺ എങ്കിലും കൊറോണ ഈ മേഖലയെ ആകെ തളർത്തി എന്നത് പകൽപോലെ വ്യക്തമാണ്. സ്ഥിരമായി മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലങ്ങളാണെന്നും വർഷത്തിൽ 40ഓളം തവണ സഞ്ചാരികളുമായി അമ്പോളി സന്ദർശിക്കലുണ്ടെന്നുമൊക്കെ ഡ്രൈവർ ഭായ് പറഞ്ഞപ്പോൾ ആദ്യം തള്ളായിരിക്കുമെന്നാണ് കരുതിയത്.
കൊറോണ കാലത്ത് ഹോട്ടലുകൾ പരിമിതമാണ്. ഉള്ളിടത്ത് തന്നെ ആൾക്കാരെ പ്രതീക്ഷിക്കാത്തതിനാൽ ഓർഡർ നൽകിയാലാണ് തയാറാക്കുന്നത്. സമയം ഇത്തിരി കാത്തുനിന്നാലും കോരിച്ചൊരിയുന്ന മഴയത്തും ചുടുചോറും രണ്ടുതരം കറിയും സൈഡായി മൂന്നു നാല് ഐറ്റംസും നമുക്കായി ഒരുക്കി ആ ഹോട്ടൽ. ഭംഗിക്കായി മേലെ രണ്ട് ചപ്പാത്തിയും. ശേഷം ഒട്ടും വൈകാതെ അടുത്ത സ്ഥലത്തേക്ക്. തുടക്കത്തിൽ പ്ലാനിൽ ഇല്ലാത്ത ഒരു ക്ഷേത്രം ലക്ഷ്യമാക്കിയാണ് യാത്ര, അമ്പോളി ടൗണിൽനിന്നും മൂന്ന് കി.മീ മാത്രം അകലെയുള്ള ഹിരണ്യകേശി ടെമ്പിൾ.
കാനന ക്ഷേത്രങ്ങളുടെ സർവ സൗന്ദര്യവും ആവാഹിച്ച അതിവിശിഷ്ടമായ ശിവക്ഷേത്രം. കൃത്യമായി പറഞ്ഞാൽ ഹിരണ്യകേശി നദി ഉത്ഭവിക്കുന്ന ഗുഹാമുഖം. പാർവതി ദേവിയുടെ അവതാരമായ ഹിരണ്യകേശിയാണ് പ്രധാന പ്രതിഷ്ഠ. കാടിന് നാടുവിലാണെങ്കിലും അവിടേക്ക് വിശ്വാസികൾക്ക് എത്തിച്ചേരാനുള്ള വഴികൾ നന്നായി ഒരുക്കിയിട്ടുണ്ട്. നദി ഉൽഭവിക്കുന്ന ഗുഹക്കുമുന്നിൽ ക്ഷേത്രം, അതിന് മുന്നിലായി 'കുണ്ഡ്' എന്ന് വിളിക്കുന്ന കോൺക്രീറ്റ് കൊണ്ട് നിർമിച്ച കുളം. കുന്നിൻചെരുവിലെ ഗുഹയിൽനിന്നും വരുന്ന വെള്ളം ക്ഷേത്രത്തിന്‍റെ അടിയിലൂടെ ഒഴുകി കുണ്ടിൽ എത്തും.
അവിടെനിന്നും നിറഞ്ഞുകവിഞ്ഞ് കാട്ടുവഴികളിലൂടെ മറ്റനേകം അരുവികളുമായി സംഗമിച്ച് നദിയായി ഒഴുകും. ഇരുണ്ടു കൂടിയ കാടിന് നടുവിലായുള്ള ക്ഷേത്രം കുളിരുള്ള അനുഭവമാണ്. കവാടത്തിൽ തന്നെയുള്ള മണിയടിച്ചു കയറുന്നതോടെ ആത്മീയതയുടെ ഒരു ലോകം തന്നെ നമുക്ക് മുന്നിൽ അനാവരണം ചെയ്യും. ഭക്തർക്ക് പുറമെ അനേകം യാത്രക്കാരും ക്ഷേത്രപരിസരത്തുണ്ട്.
കുണ്ടിൽനിന്നുള്ള കുളിയും കഴിഞ്ഞുള്ള മടക്കം സ്വപ്നത്തിലെന്നപോലെ ആസ്വദിക്കാം. ഇവിടങ്ങളിൽ ജീവിക്കുന്ന ശുദ്ധജല മീനുകൾ വംശനാശം നേരിടുന്നവയും ലോകത്ത് വളരെ വിരളവുമാണ്. ഇവ പശ്ചിമഘട്ടത്തിന്‍റെ വടക്കു ഭാഗത്തുമാത്രം കാണപ്പെടുന്നവയാണെന്നും പരിസ്ഥിതി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം മൂന്നുതരം മീനുകളെ കാണാനും അവയുടെ വിവരങ്ങൾ വായിച്ചറിയാനുമുള്ള സംവിധാനവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ മീനുകൾ നാടിന്‍റെ ഐശര്യമാണെന്നും അവ ദുർശക്തികളിൽനിന്നും നാടിനെ രക്ഷിച്ചുപോരുന്നു എന്നുമാണ് വിശ്വാസം. മരണശേഷമുള്ള ചിതാഭസ്മം ഒഴുക്കാനുള്ള അസ്തിനിമഞ്ജൻ സ്ഥാനും ഇവിടെയുണ്ട്. അതിനാൽ തന്നെ മോക്ഷം തേടിയുള്ള യാത്രക്കാരും കുറവല്ല.
കുണ്ടിലെ കുളിയും കഴിഞ്ഞ് നേരെ മഹാദേവ്ഘട്ടിലേക്ക്. പശ്ചിമഘട്ടത്തിന്‍റെ സ്വാഭാവിക കാഴ്ചയാണ് മഹാദേവ്ഘട്ട്. 360 ഡിഗ്രി കാഴ്ച അല്ലെങ്കിലും വളരെ വിപുലമായി തന്നെ ചുറ്റും കാണാം. ആത്മഹത്യ മുനമ്പ് പോലെ നേർത്ത അഗ്രഭാഗമാണ് പ്രധാന ആകർഷണം. കേരളത്തിലെ കാഴ്ചകളിൽനിന്നും വ്യത്യസ്തമായി ചുറ്റിലും യാതൊരു തരത്തിലുള്ള മാനുഷിക ഇടപെടലുകളും കാണാൻ കഴിയാത്തൊരിടം. കണ്ണെത്താ ദൂരത്തു പടർന്നുകിടക്കുന്ന കാട്. പച്ചപ്പിന്‍റെ വിവിധ വകഭേദങ്ങൾ.
ഇടയിലെവിടെയും ഒരു കെട്ടിടത്തിന്‍റെയും മേൽക്കൂര മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. കോടമഞ്ഞിന്‍റെ വ്യത്യസ്ത ഭാവങ്ങൾ, അവ മൂടുന്നതും മറയുന്നതും നീങ്ങുന്നതും നിമിഷങ്ങൾക്കുള്ളിൽ കണ്ടാസ്വദിക്കാം. ഏത് പ്രായക്കാർക്കും ഇതിന്‍റെ അറ്റം വരെ എത്താം എന്നതും പ്രത്യേകതയാണ്. ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ റോഡുകളാണെങ്കിലും മുകളിൽ വരെ വാഹനങ്ങൾ എത്തും. മൂക്കോട് മൂക്ക് മുട്ടിയാൽ പോലും തിരിച്ചറിയാത്ത കോടമഞ്ഞു എന്നൊക്കെ വായിച്ചു മാത്രം പരിചയപ്പെട്ടവർക്ക് അതെല്ലാം നേരിട്ട് ആസ്വദിക്കാൻ ധൈര്യമായി ഇവിടെ സന്ദർശിക്കാം.
അമ്പോളി വാട്ടർഫാളിൽനിന്ന് കുളിച്ചുകൊണ്ടുള്ള മടക്ക യാത്രയിൽ കണ്ടതിനേക്കാൾ മനോഹരമാണ് കാണാത്ത കാഴ്ചകൾ എന്ന പരേഷ് ഭായിയുടെ സംസാരം ഞങ്ങളെ തെല്ലൊന്ന് നിരാശയിലാക്കി. ബാബ ഫാൾസ്, ഫോറെസ്റ്റ് പാർക്ക്, സൺ സെറ്റ് പോയിന്‍റ്... അങ്ങനെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം സ്ഥലങ്ങൾ കാണാൻ ഇനിയും ബാക്കി കിടക്കുന്നു.
മടക്കയാത്രയെ തടസ്സപ്പെടുത്തുന്ന അദൃശ്യ ശക്തിയുള്ള ചുരുക്കം സ്ഥലങ്ങളിലൊന്ന് തന്നെയാണ് അമ്പോളി. ശരീരം മടങ്ങിയെങ്കിലും നാട്ടിലെത്തുന്നത് വരെ മനസ്സ് ആ മലമുകളിൽ തന്നെയായിരുന്നു. ഒരിക്കൽ സന്ദർശിച്ചവരെ വീണ്ടും വീണ്ടും തന്നിലേക്കടുപ്പിക്കുന്ന മാന്ത്രികത, തിരിച്ചു വരാമെന്നു ഉറപ്പുപറയാതെ മടങ്ങാനാകില്ല ഒരിക്കലും.
സമുദ്രനിരപ്പിൽനിന്നും 690 മീറ്റർ ഉയരത്തിൽ മഹാരാഷ്ട്രയുടെ തെക്ക് ഗോവ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരയിലെ ഒരു ഗ്രാമമാണ് അമ്പോളി. കുടാൽ, സവന്തവാടി എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽ നിന്നും ടാക്സികൾ ലഭിക്കും (സമയ ലാഭത്തിന് ടാക്സി പിടിക്കുന്നതാണുത്തമം). അല്ലെങ്കിൽ ബസ് സ്റ്റാൻഡിൽനിന്ന് അമ്പോളിയിലേക്ക് ബസുകൾ ഉണ്ട്. കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടാസ്വദിക്കാവുന്ന മികച്ച ഡെസ്റ്റിനേഷൻ തന്നെയാണ് ഈ സ്വപ്നഭൂമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.