അന്താരാഷ്ട്ര പർവതദിനം ആചരിച്ച് സൗദി ടൂറിസം അതോറിറ്റി
text_fieldsയാംബു: പർവതങ്ങളുടെ പ്രാധാന്യത്തെയും സംരക്ഷണത്തെയും കുറിച്ച് അവബോധം വളർത്താനുള്ള ഡിസംബർ 11ലെ അന്താരാഷ്ട്ര പർവത ദിനം പ്രമാണിച്ച് സൗദി ടൂറിസം അതോറിറ്റി ബോധവത്കരണം നടത്തി.
സൗദിയിലെ വിവിധ പർവതങ്ങളുടെ പ്രാധാന്യവും സവിശേഷതകളും അവതരിപ്പിച്ചായിരുന്നു ബോധവത്കരണ പരിപാടി. പലതരം കടന്നുകയറ്റങ്ങളും ആഗോളതാപനവും മൂലം പർവതങ്ങൾ വലിയ ഭീഷണിയാണ് നേരിടുന്നതെന്നും സംരക്ഷിക്കേണ്ടത് ജീവജാലങ്ങളുടെ നിലനിൽപിന് അനിവാര്യമാണെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തെ പർവത ഭൂപടത്തിന്റെ സമ്പന്നത വേറിട്ടതാണ്. തുവൈഖ്, അൽതമിയ, ഖത്താൻ പർവതങ്ങൾ മുതൽ രാജ്യത്തെ ഏറ്റവും മഞ്ഞുവീഴ്ചയുണ്ടാവാറുള്ള ഗിരിനിരയായ തബൂക്കിലെ അൽ ലൗസ് വരെ അപൂർവ കാഴ്ചാനുഭവമാണ് പകരുന്നത്. മലനിരകളെ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം വികസിപ്പിക്കാനുള്ള പദ്ധതികളാണ് അതോറിറ്റി നടപ്പാക്കി വരുന്നത്. പർവതങ്ങളിൽ റിസോർട്ടുകൾ നിർമിക്കുന്നുണ്ട്. പ്രകൃതിദത്ത സമ്പത്തുകളിൽ ഉയർന്നുനിൽക്കുന്ന പർവതങ്ങളും സമശീതോഷ്ണമായ കാലാവസ്ഥയും രാജ്യത്തിന് നൽകുന്ന ടൂറിസം സവിശേഷത വളരെ വലുതാണ്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗവും പർവതങ്ങളുമായി ചേർന്നുള്ളതാണ്. ട്രക്കിങ് സൗകര്യങ്ങളും ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നതാണ്. അസീർ മേഖലയിൽ സ്ഥിതി ചെയ്യുന്നതും 3,015 മീറ്റർ വരെ ഉയരമുള്ളതുമായ അൽസൗദ പർവതവും ഫറാവ, അൽ-മജാസ്, മുഷ്രിഫ്, അൽസഹ്ല, മന എന്നീ മലനിരകളും വിനോദസഞ്ചാരികളെ കാര്യമായി ആകർഷിക്കുന്നതാണ്.
സമുദ്രനിരപ്പിൽ നിന്ന് 2,580 മീറ്റർ ഉയരമുള്ള ഭാഗമായതിനാൽ തബൂക്ക് മേഖലയിൽ ശൈത്യകാലത്ത് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ചയുണ്ടാവാറുള്ള പ്രധാന മലനിരകളായ ഷുകാൻ, അൽഖമ, അൽലൗസ്, തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഫൈഫ, സമുദ്രനിരപ്പിൽനിന്ന് 1,200 മീറ്ററിലധികം ഉയരമുള്ള പർവതനിരകളുള്ള ജീസാൻ നഗരവും സന്ദർശകരെ ആകർഷിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.