കുഞ്ഞാലിപ്പാറയുടെ സൗന്ദര്യം ഇനി ലോകമറിയും
text_fieldsകൊടകര: മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഒടുവില്‍ യാഥാര്‍ഥ്യത്തിലേക്ക്. കുഞ്ഞാലിപ്പാറയുടെ മനോഹാരിത നുകരാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന ബൃഹത്തായ പദ്ധതിയുടെ കരടുരൂപം മറ്റത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയാറായി.
ത്രിതല പഞ്ചായത്തുകളുടെയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെയാണ് കുഞ്ഞാലിപ്പാറയില്‍ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. തൂക്കുപാലം, കുട്ടികള്‍ക്കായി പാര്‍ക്ക്, കഫേ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാനാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
1.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന നിർദിഷ്ട പദ്ധതിയുടെ കരടുരൂപം വൈകാതെ അംഗീകാരത്തിനായി സര്‍ക്കാറിന് സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍. റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളുടെ അംഗീകാരവും പദ്ധതിക്ക് ലഭിക്കേണ്ടതുണ്ട്.
കുഞ്ഞാലിപ്പാറയെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മറ്റത്തൂരിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തുന്നതാണ്. റവന്യൂ പുറമ്പോക്കിലുള്ള കുഞ്ഞാലിപ്പറ പ്രദേശം പ്രകൃതിസുന്ദരമാണ്. ഏക്കര്‍കണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പ്രദേശം പാറക്കെട്ടുകള്‍ നിറഞ്ഞതാണ്.
ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിട്ടില്ലെങ്കിലും സഞ്ചാരികളുടെ മനസ്സില്‍ ഏറെമുമ്പേ കുടിയേറിയതാണ് കോടശ്ശേരി മലനിരയോട് തൊട്ടുരുമ്മി കിടക്കുന്ന കുഞ്ഞാലിപ്പാറയിലെ ശാന്ത സുന്ദര പ്രകൃതി. ഈ പ്രദേശം പണ്ട് കൊള്ളക്കാരുടെ താവളമായിരുന്നെന്നാണ് ഇതിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന പഴങ്കഥയില്‍ പറയുന്നത്.
ഇച്ചക്കന്‍, കുഞ്ഞാലി എന്നീ രണ്ടു കള്ളന്മാര്‍ ഇവിടെ തമ്പടിച്ചിരുന്നതായും ധനാഢ്യരെ കൊള്ളയടിച്ച് കൊണ്ടുവന്നിരുന്ന സമ്പത്ത് ഈ പാറക്കെട്ടുകള്‍ക്കിടയിലെ ഒളിത്താവളത്തില്‍ സൂക്ഷിക്കുകയും കായംകുളം കൊച്ചുണ്ണിയെപ്പോലെ കൊള്ളമുതലിന്റെ നല്ലൊരു ഭാഗം പാവപ്പെട്ടവര്‍ക്ക് നല്‍കിപ്പോന്നിരുന്നതായും കഥകളുണ്ട്. കുഞ്ഞാലി തമ്പടിച്ചിരുന്ന പാറക്കെട്ട് പിന്നീട് കുഞ്ഞാലിപ്പാറയെന്ന് അറിയപ്പെടാന്‍ തുടങ്ങി.
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നാടന്‍ കലകളുടെ സംരക്ഷണത്തിനായി കുഞ്ഞാലിപ്പാറയില്‍ കൂത്തമ്പലം സ്ഥാപിക്കാന്‍ 10 വര്‍ഷം മുമ്പ് പദ്ധതിക്ക് രൂപം നല്‍കിയിരുന്നെങ്കിലും നടപ്പാകാതെ പോയി.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയുംവിധം വിപുലമായ സൗകര്യങ്ങളോടെയുള്ള ടൂറിസം പദ്ധതിക്കാണ് ഇപ്പോള്‍ രൂപംനല്‍കിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മറ്റത്തൂരില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.