ടൂറിസം വികസനം: കലക്ടറുടെ സംഘം ഇന്ന് കൊല്ലങ്കോട് സന്ദർശിക്കും
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോടിന്റെ ടൂറിസം വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രദേശം സന്ദർശിക്കും. കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ രാവിലെ ഏഴ് മുതൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഡി.ടി.പി.സി സെക്രട്ടറി, റവന്യൂ, ഫോറസ്റ്റ് പ്രതിനിധി, എക്സൈസ്, പൊലീസ്, കൃഷി വകുപ്പ് പ്രതിനിധികൾ സന്നദ്ധ സംഘടനകൾ, കർഷക പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
ഇന്ത്യയിലെ സുന്ദര ഗ്രാമങ്ങളെ തെരഞ്ഞെടുത്തതിൽ മൂന്നാം സ്ഥാനത്തുള്ള കൊല്ലങ്കോടിന്റെ ഗ്രാമ സൗന്ദര്യം ആസ്വദിക്കാൻ ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിലായി ആയിരത്തിലധികം സഞ്ചാരികളാണെത്തിച്ചേരുന്നത്. യാത്രക്കാരുടെ സുരക്ഷ, വെള്ളച്ചാട്ടങ്ങളിൽ അപകടകരമാകുന്ന തരത്തിൽ സാഹസിക പ്രകടനങ്ങൾ, ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിധ്യം എന്നിവയുടെ നിയന്ത്രണവും സുരക്ഷയും ചർച്ചയിൽ ഉന്നയിക്കുമെന്ന് വിവിധ സംഘടനകൾ പറഞ്ഞു.
കൊല്ലങ്കോടിന്റെ പ്രകൃതിദത്തമായ ടൂറിസം സാധ്യതകൾ അറിയാനും പദ്ധതികൾ തയാറാക്കാനുമായാണ് കലക്ടർ ഉൾപ്പെടെയുള്ളവരുടെ സന്ദർശനമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. കൊല്ലങ്കോടിന്റെ ഗ്രാമീണ ഭംഗിയും പച്ചപ്പും നിലനിര്‍ത്തിക്കൊണ്ട് തന്നെ വ്യൂ പോയന്റുകള്‍, ഹോംസ്റ്റേകള്‍ ഉള്‍പ്പെടെ സജ്ജീകരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാറിന് പ്രപ്പോസല്‍ സമര്‍പ്പിക്കും. ഇത് സംബന്ധിച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.