മൺസൂൺ കുളിരിൽ മീശപ്പുലിമല...
text_fieldsമൂന്നാർ: മഴയും കോടമഞ്ഞും സൗന്ദര്യമൊരുക്കുന്ന മീശപ്പുലിമലയിലേക്ക് ഈ മൺസൂണിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവില്ല.പ്രകൃതി മനോഹാരിതയും ഒപ്പം സാഹസികതയും ഇഷ്ടപ്പെടുന്ന ഒട്ടേറെ സന്ദർശകരാണ് ഈ മലമേലെ കയറാൻ എത്തുന്നത്.സംസ്ഥാന വനം വികസന കോർപറേഷനാണ് (കെ.എഫ്.ഡി.സി) ഇവിടത്തെ ടൂറിസം നിയന്ത്രിക്കുന്നത്.
70 പേർക്ക് വരെയാണ് ഒരുദിവസം ഇവിടം സന്ദർശിക്കാനും താമസിക്കാനും വനംവകുപ്പ് സൗകര്യമൊരുക്കിയിട്ടുള്ളത്. സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമലയിലേക്ക് മൂന്നാറിൽനിന്ന് 34 കിലോമീറ്ററാണ്. സന്ദർശകർക്ക് താമസിക്കാൻ ടെന്റുകളും റോഡോമാൻഷൻ എന്ന പേരിൽ അതിഥി മന്ദിരവുംഇവിടെയുണ്ട്.
റോഡോമാൻഷനിൽ താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് മീശപ്പുലിമല സന്ദർശനത്തിന് 3245 രൂപയാണ് ഈടാക്കുന്നത്. 18 പേർക്ക് ഇവിടെ താമസിക്കാം. ജൂലൈ 31 വരെ 2750 രൂപയാണ് മൺസൂൺ ഓഫർ നിരക്ക്. ടെന്റുകളിൽ 50 പേർക്കുവരെ താമസ സൗകര്യമുണ്ട്. ബേസ് ക്യാമ്പിലാണ് ടെന്റുകൾ. ഭക്ഷണവും ക്യാമ്പ് ഫയറും വനംവകുപ്പ് ഒരുക്കും.
മൂന്നാറിൽനിന്ന് ഉച്ചയോടെയാണ് മീശപ്പുലിമല യാത്ര ആരംഭിക്കുന്നത്. കണ്ണൻ ദേവൻ കമ്പനിയുടെ സൈലന്റ്വാലി എസ്റ്റേറ്റിൽ എത്തിയ ശേഷമാണ് മലകയറ്റം. മീശപ്പുലിമല വരെ ജീപ്പുകൾ എത്തും.ഒരു രാത്രി താമസിച്ച് പിറ്റേന്ന് സൂര്യോദയവും കണ്ടാണ് മടക്കം.
ഭക്ഷണവും ക്യാമ്പ് ഫയറും പാക്കേജിന്റെ ഭാഗമാണ്. റോഡോമാൻഷൻ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് 300 മീറ്റർ മല കയറിയാൽ സൺസെറ്റ് പോയന്റിലെത്താം.അവിടെനിന്ന് മൂന്നര കിലോമീറ്റർ ഉയരത്തിലാണ് മീശപ്പുലിമലയുടെ ഉയരം കൂടിയ ഭാഗം. വരയാടുകളുടെ ആവാസമേഖല കൂടിയാണിവിടം. ദുൽഖർ സൽമാന്റെ ചാർലി സിനിമ ചിത്രീകരിച്ചതും ഇവിടെയാണ്.www.kfdcecotourism.com എന്ന വെബ്സൈറ്റ് വഴിയാണ് മീശപ്പുലിമലയിലേക്ക് പോകാൻ ബുക്ക് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.