ഇവിടെ ഹുമയൂണ്‍ ഉറങ്ങുന്നു
text_fieldsപച്ചപ്പുല്‍മത്തെയുടെ വിശാലതയിലൊരിടത്ത് കാല്‍മുട്ടുകള്‍ മടക്കിയിരിക്കുമ്പോള്‍ എന്‍റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യത്തിലേക്കു തന്നെ ഞാന്‍ ഉറ്റുനോക്കുകയായിരുന്നു. അതിനുള്ളിലെ പ്രശാന്തതയില്‍ ഉറങ്ങുന്നവരുടെ എണ്ണമെത്രയെന്ന് ഇപ്പോഴുമെനിക്കറിയില്ല. പക്ഷെ, ആരുടെ മുന്നിലാണ്, ആരുടെ സ്മൃതിയിലാണ് ആദ്യം തല കുനിക്കേണ്ടതെന്നതില്‍ സംശയമേയില്ല. ക്ഷമകൊണ്ടും സമാധാനകാംക്ഷകൊണ്ടും അതിരുകള്‍ ലംഘിക്കാത്ത സംസാരം കൊണ്ടും ഇന്‍സാന്‍ ഇ കാമില്‍ എന്ന വിശേഷണം നേടിയ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനു മുന്നില്‍ത്തന്നെ. അവിടെയാണ് നൂറ്റാണ്ടുകളായി അദ്ദേഹമുറങ്ങുന്നത്.
അകക്കാഴ്ചകളിലാദ്യം ബുഹാലിമയുടെ തോട്ടവും ശവകുടീരവുമാണ്. ആരാണ് ബുഹാലിമ എന്ന അന്വേഷണം എന്നെ എത്തിച്ചത് മുഗള്‍ വംശത്തിനടിത്തറ പാകിയ ബാബറിന്‍റെ കാലത്തിലേക്ക്. രാജകുലത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്ന സ്ത്രീയായിരുന്നുവത്രേ ബുഹാലിമ. അറബ് സരായിയും അഫ്സര്‍വാല മോസ്കും അഫ്സര്‍വാല കുടീരവും പിന്നെ കാഴ്ചകളായി. ഹുമയൂണിന്‍െറ ശവകുടീരത്തിന്‍െറ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ താമസിപ്പിക്കാന്‍ ഉണ്ടാക്കിയ ഇടമാണത്രെ അറബ് സരായ്.
അത് വിശ്വസിച്ചു തുടങ്ങുമ്പോഴേക്കും മറ്റൊരഭിപ്രായം കേട്ടു. ഹുമയൂണിന്‍െറ പത്നി ബേഗാ ബീഗം മക്കയില്‍ ഹജ്ജിനു പോയി തിരികെ വരുമ്പോള്‍ കൊണ്ടുവന്ന മുന്നൂറോളം മുസലിയാര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തയിടമാണ് അറബ് സരായ് എന്ന്. അഫ്സര്‍വാല മോസ്കും കുടീരവും അക്ബറിന്‍െറ കാലത്തെ പ്രധാനിയായൊരാള്‍ക്കു വേണ്ടി പണി കഴിപ്പിച്ചതാണത്രെ. കൂടുതല്‍ വിശദീകരണങ്ങള്‍ക്കുവേണ്ടി ഞാനിപ്പോഴും തെരയുകയാണ്. ആദ്യമേ പറഞ്ഞില്ളേ...ഇടക്കു പിടിതന്നും ഇടയ്ക്കു തെന്നിമാറിയും കുസൃതി കാട്ടും അവിടത്തെ കാഴ്ചകളെന്ന്. എങ്കിലും മുന്നോട്ടുതന്നെ നടക്കാം. ഇനി ഹുമയൂണിന്‍െറ കുടീരം.
ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന തെക്കേ കവാടത്തെക്കാള്‍ ചെറുതെങ്കിലും രണ്ടു നിലകളുള്ള പടിഞ്ഞാറന്‍ കവാടം സന്ദര്‍ശകരെ യാതൊരു മടിയും കൂടാതെ കടത്തി വിട്ടുകൊണ്ടിരുന്നു. ഒരു രാത്രിയില്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ മുന്നിലേക്ക് ഉസ്മാന്‍ ഖാന്‍ എത്തിച്ച അതി സുന്ദരിയായ ഒരു ഹൈന്ദവ യുവതിയുടെ മുഖം എന്‍െറ മനക്കണ്ണില്‍ തെളിഞ്ഞു വരുന്നത് ഞാനറിഞ്ഞു. പത്താം ക്ളാസ്സിലെ മലയാള പാഠപുസ്തകത്തിലാണ് അവളെ പരിചയപ്പെട്ടത്. സുമംഗലിയായ തന്നെ ഭര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചയക്കാന്‍ ദയവുണ്ടാകണമെന്ന അവളുടെ അപേക്ഷയെ മാനിച്ച, അവളോട് അപരാധം പ്രവര്‍ത്തിച്ച സ്വന്തം ഭൃത്യനു ശിക്ഷ വിധിച്ച ഹുമയൂണ്‍ ചക്രവര്‍ത്തിയേയും ആദ്യമായി ഉള്ളുകൊണ്ടറിഞ്ഞത് അന്നാണ്.
ജാലിയിലൂടെ അരിച്ചത്തെുന്ന ചാഞ്ഞ വെയില്‍ പ്രകാശമാനമാക്കിയ മുകള്‍ നിലയിലെ വലിയ ഹാളില്‍ നിരന്നു കിടന്ന മൂന്നു കല്ലറകള്‍ക്കു മുന്നില്‍ ഞാന്‍ കാല്‍മുട്ടുകളൂന്നി വെറുതെ ഒന്നിരുന്നു. തലയുയര്‍ത്തി മുകളിലേക്കു നോക്കിയപ്പോള്‍ ഉയരം കൂടുന്തോറും ഒരു ബിന്ദുവിലേക്ക് ചുരുങ്ങിക്കൂടി വരുന്ന അലങ്കാരപ്പണികളുള്ള ചുവരുകളുടെ കാഴ്ച കണ്ണില്‍. മനുഷ്യരെല്ലാം ഓടിയോടി അവസാനമത്തെിച്ചേരുന്നത് ഒരൊറ്റ ബിന്ദുവില്‍. ഒരു കുടുംബത്തില്‍ പല കാലങ്ങളില്‍ ജനിച്ചു ജീവിച്ചവര്‍ മരണത്തില്‍ ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ഒന്നുചേര്‍ന്നിരിക്കുകയാണെന്ന കാര്യം മനസുള്‍ക്കൊണ്ടപ്പോള്‍ കല്ലറകളോരോന്നും ആരുടെതാണെന്ന തേടല്‍ ഇല്ലാതായി. മുഗള്‍ പേര്‍ഷ്യന്‍ ശൈലിയില്‍ പണിതീര്‍ത്ത കുടീരത്തിന്‍െറ ചുറ്റിലും ഉള്ളിലും നിറഞ്ഞു നിന്ന നിശ്ശബ്ദതയിലും തണുപ്പിലും ഞാനുമലിഞ്ഞു.
വെയില്‍ മങ്ങിത്തുടങ്ങിയിട്ടും അവിടത്തെ ഉദ്യാനപ്പരപ്പില്‍ ഞങ്ങളെപ്പോലെ പലരുമുണ്ടായിരുന്നു. ഡല്‍ഹിയുടെ തിരക്കുകള്‍ക്കു നടുവില്‍ കിട്ടിയ ശാന്തമായ, ഭംഗിയുള്ള ആ ഇടം വിട്ടുപോകാന്‍ വയ്യാതെ വര്‍ത്തമാനം പറഞ്ഞും കുടീരത്തിന്‍റെ ഭംഗിയാസ്വദിച്ചും ഏറെ നേരം ഞങ്ങളിരുന്നു; അന്നേ ദിവസത്തെ അവസാനത്തെ സൂര്യ കിരണത്തേയും പിടിച്ചെടുക്കാന്‍ കുടീരത്തിനു മുകളിലെ വെള്ളക്കല്‍ കുംഭഗോപുരം ആകാശത്തേയ്ക്ക് ചെമ്പിന്‍ കൂര്‍പ്പ് നീട്ടിനില്‍ക്കുന്നത് നോക്കിക്കൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.