Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
london bridge
cancel
Homechevron_rightTravelchevron_rightDestinationschevron_rightതേംസ് തീരത്ത് ഒരു...

തേംസ് തീരത്ത് ഒരു സായാഹ്ന സവാരി

text_fields
bookmark_border

ലണ്ടനില്‍ ഇറങ്ങാന്‍ വിമാനം താഴ്ന്നു പറക്കുമ്പോള്‍ ആദ്യം കണ്ണില്‍പെട്ടത് കലങ്ങിമറിഞ്ഞ് ഒഴുകുന്ന വലിയ നദിയാണ്. അതിന്‍െറ തീരത്ത് വലിയ 'കാര്‍ണിവല്‍ ചക്രം'. അത് തേംസാണെന്നും ചക്രം പ്രശസ്തമായ 'ലണ്ടന്‍ ഐ'യാണെന്നും ആരും പറഞ്ഞുതരേണ്ടതില്ല. ലണ്ടനല്ല യാത്രയുടെ ലക്ഷ്യം. മാഞ്ചസ്റ്ററാണ്. ഹിത്രൂവില്‍ വിമാനമിറങ്ങി, ഭൂഗര്‍ഭ ട്രെയിനുകള്‍ മാറിക്കയറി യൂസ്റ്റണിലേക്കും അവിടെ നിന്ന് മാഞ്ചസ്റ്റിലേക്ക് മൂന്നുമണിക്കൂര്‍ ട്രെയിനിലും നീങ്ങുമ്പോള്‍ മനസില്‍ ലണ്ടനെന്ന മഹാനഗരം കാണാതെ പോകുന്നതിന്‍െറ വിഷമം ഉണ്ടായിരുന്നു. എന്നാല്‍, യാത്രയുടെ അന്ത്യപാദത്തില്‍ അവിചാരിതമായി ലണ്ടനിലേക്ക് തിരിച്ചുവന്നു.

സാമ്രാജ്യത്വത്തിന്‍െറ പഴയ തലസ്ഥാനം ചുറ്റികറങ്ങി കണ്ടു. ഉച്ചയോടെ തേംസിന്‍െറ തീരത്ത് എത്തി. പകലിന് രാത്രി 10 വരെ നീളമുണ്ട്. ഇഷ്ടം പോലെ സമയം ഇനിയും ബാക്കി. രാത്രി 10 നുള്ള ട്രെയിനില്‍ ലൂയിസേലക്ക് മടങ്ങിയാല്‍ മതി. അതിനാല്‍ തേംസിന്‍ തീരത്ത് സാവധാനം നടക്കാമെന്ന് തീരുമാനമായി. വെസ്റ്റ്മിന്‍സ്റ്റര്‍ പാലം മുതല്‍ ലണ്ടന്‍ പാലം (ലണ്ടന്‍ ബ്രിഡ്ജ്), തേംസിന്‍െറ തീരത്ത് കൂടെ നടക്കാം.


ഈ പാതക്ക് ക്യൂന്‍സ് വാക്ക് എന്ന് പേര്. സൗത്ത് ബാങ്ക് വാക്ക് എന്നും വിളിക്കും. കൊച്ചിയിലെ മറൈന്‍ഡ്രൈവിലെ കായല്‍പാതയെ ഒന്നാം ലോകത്തിന്‍െറ ആഡംബരത്തിലേക്കും ചരിത്ര സമ്പുഷ്ടതയിലേക്കും പറിച്ചുവച്ചാല്‍ അത് ഏകദേശം ക്യൂന്‍സ് വാക്കിന് സമാനമാകും. പക്ഷേ, ഈ ദൂരം നമുക്ക് എളുപ്പം താണ്ടാനാവില്ലെന്നത് മറ്റൊരു വസ്തുത.1977 ല്‍ എലിസബത്ത് രാജ്ഞിയുടെ അധികാര സ്ഥാനാരോഹണത്തിന്‍െറ ഭാഗമായാണ് പാത ശരിക്കും വികസിക്കപ്പെടുന്നത്. 1990 ല്‍ ലണ്ടന്‍ ബ്രിഡ്ജ് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ പാത പൂര്‍ണമായും സജ്ജമായി. രണ്ടുമണിക്കുര്‍ വേണം ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാവധാനം നടക്കാന്‍. വേഗത്തിലാണെങ്കില്‍ 45 മിനിറ്റ്. ഏകദേശം 4.3 കിലോമീറ്റര്‍. ക്യൂന്‍സ് വാക്ക് കാഴ്ചയുടെ സമൃദ്ധിയാണ്. കഫേകള്‍, ബാറുകള്‍, തീയേറ്റുകള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിങ്ങനെ കാഴ്ചയുടെ വശങ്ങളിലുണ്ട്. ഓരോ തരിമ്പിലും സംഗീതത്തിന്‍െറ മുഴക്കം, താളം.

ബ്രിട്ടീഷ് പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ നിന്നാണ് നടക്കാന്‍ തുടങ്ങുന്നത്. ഇവിടെ സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹം. നൂറു കണക്കിന് പേര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ നിന്നും പാലത്തില്‍ നിന്നും സെല്‍ഫിയും ഗ്രൂപ്പിയും എടുക്കുന്നു. ഇവിടെ ആരും ആരുടെയും സ്വകാര്യതയിലേക്ക് തുറിച്ചുനോക്കുന്നില്ല. ക്യൂന്‍സ് വാക്കിന്‍െറ തുടക്കത്തിന് സമാന്തരമായി മറുകരയില്‍ തിരക്കാണ്. വലിയ യാനങ്ങള്‍ ആളുകളെയകറ്റിയും ഇറക്കിയും നീങ്ങുന്നു. ലണ്ടനില്‍ ജലമാര്‍ഗവും പ്രധാനമാണ്. ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ ജലപാതകളില്‍ ഒന്നാണ് തേംസ്. 346 കി.മീ. ദൈര്‍ഘ്യമുള്ള നദിയിലെ ഏറ്റവും തിരക്കുള്ള ഭാഗവും ഇതാണ്. യാത്രാബോട്ടുകള്‍ക്ക് പുറമെ സവാരിബോട്ടുകളുമുണ്ട്. തിരക്കേറിയ ഈ കാഴ്ചയും സുന്ദരം.


1862 ല്‍ തുറന്ന വെസ്റ്റ്മിന്‍സ്റ്റര്‍ പാലമാണ് ആദ്യത്തെ കാഴ്ച. അതിന്‍െറ തീരത്ത് 13 ടണ്‍ ഭാരവും 150 വര്‍ഷം പഴക്കമുള്ള സിംഹ പ്രതിമകള്‍. അടുത്തായി ലണ്ടന്‍ ഹൈ വീല്‍ കൗണ്ടി ഹാള്‍. 1922 ല്‍ പണിതതാണിത്. ഒരര്‍ഥത്തില്‍ ക്യൂന്‍സ്വാക്കിന്‍െറ തുടക്കത്തില്‍ തന്നെയാണ് ലണ്ടന്‍ ഐ. ഈ ഭീമന്‍ കാര്‍ണിവല്‍ വീലില്‍ പതിയെ ഉയര്‍ന്നുപൊങ്ങി ലണ്ടന്‍ നഗരത്തിന്‍െറ സൗന്ദര്യം വീക്ഷിക്കാം. യൂറോപ്പില്‍ ഏറ്റവും വലിയതാണ് ലണ്ടന്‍ ഐ. 135 മീറ്റര്‍ നീളം. ഒന്നു ചുറ്റിക്കറങ്ങാന്‍ 30 മിനിറ്റ്. 40 കിമീറര്‍ ദൂരം വരെ കാണം. ഇതുവരെ നാല് കോടി പേര്‍ ലണ്ടന്‍ ഐയില്‍ കയറിയിട്ടുണ്ടെന്നാണ് അനുമാനം.

പക്ഷേ, കയറണമെങ്കില്‍ 14 പൗണ്ട് കൊടുക്കണം. ഇവിടുത്തെ 1400 രൂപ. മൂന്നാംലോകത്തിന്‍െറ ദാരിദ്ര്യം ലണ്ടന്‍ ഐ എന്ന പ്രലോഭനത്തെ ഒരു വിധത്തില്‍ അടക്കി. തൊട്ടടുത്ത് ലണ്ടന്‍ ഐയെപ്പറ്റി 4ഡി പ്രദര്‍ശനമുണ്ട്. സൗജന്യം. വരിയില്‍ നിന്ന് ഊഴമനുസരിച്ച് ഈ സവിശേഷ അനുഭവം നുകരാം. ഒരു ബോക്സില്‍ നിന്ന് എടുക്കുന്ന കണ്ണട തിരിച്ചിറങ്ങുമ്പോള്‍ മറ്റൊരിടത്ത് നിക്ഷേപിക്കണം. വെടിക്കെട്ടിന്‍െറ സമയത്ത് തീയറ്ററില്‍ ലെറ്റ് ക്രമീകരണം യഥാര്‍ഥ വെടിക്കെട്ടിന്‍െറ പ്രതീതി നല്‍കും. മഞ്ഞ് പെയ്യുന്ന ദൃശ്യത്തിനൊപ്പിച്ച് കാണികളുടെ ദേഹത്തേക്ക് ചെറിയ തുള്ളികള്‍ വന്നു പതിക്കും. ക്യൂവില്‍ നിന്ന് ഒന്നിലേറെ തവണ ആ കാഴ്ചകണ്ടു.

വെയില്‍ അല്‍പം താഴ്ന്നിട്ട് യാത്ര തുടരാം എന്നു തീരുമാനം. ലണ്ടന്‍ ഐ ഉറപ്പിച്ചിരിക്കുന്ന കൂറ്റന്‍ കാലിന്‍െറ തിണ്ണയില്‍ വേണമെങ്കില്‍ കിടക്കാം. ഒപ്പമുള്ള അനിയന്‍ ഡോ. ബിനുരാജ് വായനയില്‍ മുഴുകി. ക്ഷീണം മൂലം പെട്ടന്ന് മയങ്ങി. ഒരു മഹാനഗരത്തില്‍ ആള്‍ത്തിരക്കിനിടയില്‍ ഇത്രയും സുരക്ഷിതത്വത്തോടെ ഉറങ്ങാനാകുമെന്ന് ഒരിക്കലും കരുതിയതേയില്ല. കണ്ണുതുറക്കുമ്പോള്‍ തൊട്ടുടുത്ത് അനിയനും നല്ല മയക്കത്തില്‍.

തൊട്ടുമാറി ഒരു തെരുവ് മജീഷ്യന്‍ പ്രകടനം തുടങ്ങിയിരിക്കുന്നു. നിര്‍ത്താതെയുള്ള സംസാരത്തില്‍ അയാള്‍ ഇടക്കിടക്ക് തന്‍െറ മാജിക് ചാരിറ്റിക്ക് വേണ്ടിയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഷോ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു:'ചാരിറ്റി എന്‍െറ ഭാര്യയാണ്'. സമീപത്തുകൂടി പോകുന്നവരെയെല്ലാം അയാള്‍ ഓരോന്നു പറഞ്ഞ് തന്‍െറ മാജിക്കിന്‍െറ ഭാഗമാകുന്നുണ്ട്. ചെറിയ ബാഗും ഉന്തി വന്ന ഞങ്ങളെ കണ്ടപ്പോള്‍ മജിഷ്യന്‍ വിളിച്ചു പറഞ്ഞു:
'ബംഗ്ളാദേശ്'. അല്ളെന്ന് തലയാട്ടിയപ്പോള്‍ പറഞ്ഞു 'ശ്രീലങ്ക'. നിറങ്ങളില്‍ ഏഷ്യക്കാരനെ അടയാളപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യയെന്ന് മറുപടി പറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ നമ്മുടെ സഹോദരരനെന്ന അയാള്‍ എല്ലാവരോടുമായി പഞ്ഞു 'ഞങ്ങളെ കൊള്ളയടിച്ച് സമൃദ്ധരായ നിങ്ങള്‍ (ബ്രിട്ടീഷുകാര്‍) എങ്ങനെ ഞങ്ങളുടെ സഹോദരനാകും? 'കമ്യൂണിസ്റ്റ്' ഫലിതം അയാള്‍ക്ക് തെല്ലും പിടികിട്ടിയില്ല.

തൊട്ടുമാറി റോബോര്‍ട്ടിന്‍െറ ആകൃതിയില്‍ റോബര്‍ട്ടിനെപോലെ ചലിക്കുന്നയാള്‍ കുട്ടികളെ കൈയിലെടുത്തിരിക്കുന്നു. ക്യൂന്‍സ്വാക്കിന് ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ഇത്തരം കാഴ്ചകളാണ്. കുറച്ചുപേര്‍ കൂട്ടംകുടി നൃത്തം വയക്കുന്നു. ഒരാള്‍ ഒറ്റക്ക് തലകുനിച്ചിരുന്ന് വയലിന്‍ വായിക്കുന്നു. മറ്റൊരിടത്ത് ഉഗാണ്ടക്കാരന്‍ എതോ നാടോടി വാദ്യം വായിക്കുന്നു. കാമറ കണ്ടപ്പോള്‍ അയാള്‍ പിന്‍തിരിഞ്ഞു നിന്നു. ഓരോ ഇഞ്ചിലും സംഗീതവും കലാപരിപാടികളും. എല്ലാവര്‍ക്കും മുന്നില്‍ ചെറിയ തുണിയും വിരിച്ചിട്ടുണ്ട്. മറ്റൊരാള്‍ (ആസ്ട്രിയക്കാരന്‍) ക്യൂന്‍സ്വാക്കിന് താഴെ തേംസിന്‍െറ തീരത്ത് ഇരുന്ന് ബാഗ്പെപ്പ് വായിക്കുന്നു.

കുറേ കുട്ടികള്‍ ചക്രചെരുപ്പുകളുമായി തെന്നി നീങ്ങുന്നു. ലണ്ടന്‍ നഗരത്തിലെമ്പാടും കാണുന്ന ചുവരെഴുത്തുകള്‍ പാതയുടെ വശങ്ങളിലുണ്ട്. പക്ഷേ, ഒന്നും മനസിലായില്ല. ഒരിടത്തു സ്നേഹോത്സവത്തിലേക്ക് സ്വാഗതം എന്ന് ബോര്‍ഡ്. മറ്റൊരാള്‍ കടല്‍കാക്ക (സീഗള്‍)ക്ക് തീറ്റയെറിഞ്ഞുകൊടുക്കുന്നു. ഒരു ബാറിന് മുന്നില്‍ ഇംഗ്ളീഷില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു: i donot want to get technical or anything but according to chemistry alcohol is a solution'. ചിലയിടത്ത് ക്യൂന്‍സവാക്ക് കെട്ടിടങ്ങള്‍ക്കിടയിലൂടെയും അടിയിലൂടെയും നീങ്ങുന്നു.

ക്യൂന്‍സ് വാക്കിലെ അടുത്ത ആകര്‍ഷണം ക്യൂന്‍സ് ജൂബിലി ഫുട് ബ്രിഡ്ജാണ്. പിന്നീട് സൗത്ത് ബാങ്ക് സെന്‍ററിലേക്ക്. റോയല്‍ ഫെസ്റില്‍വ ഹാള്‍, ഹേവാര്‍ഡ് ഗാലറി, പുര്‍സെല്‍ പോയട്രി ലൈബ്രറി എന്നിവയുണ്ടിവടെ. ഈ യാത്രയില്‍ നമ്മള്‍ അടുത്തു കാണുക പ്രശസ്തമായ ദ റോയല്‍ നാഷണല്‍ തീയേറ്ററാണ്. തീയേറ്ററിനു മുന്നില്‍ ഒരു കൂട്ടമാള്‍ക്കാര്‍ വിവിധ വാദ്യോപകരണങ്ങളുമായി സംഗീതമവതരിപ്പിക്കുന്നു. വര്‍ഷം ഇരുപത് നാടകങ്ങളിലേറെ ഈ തീയേറ്ററില്‍ അവതരിപ്പിക്കുന്നു. നടത്തം തുടരുന്നതിനിടയില്‍ കാണുന്നത് ഓക്സോ ഗോപുരമാണ്. പിന്നെ ഒരു കാലത്ത് ലണ്ടനിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടി വാണിജ്യ കെടിട ഗബ്രിയേല്‍ വാര്‍ഫ് കാണുന്നു.

ഇടക്ക് നമ്മള്‍ വിഞ്ചസ്റ്റര്‍ കൊട്ടാരത്തിന്‍െറ ശേഷിപ്പുകള്‍ക്ക് മുന്നിലത്തെുന്നു. മദ്ധ്യകാല ലണ്ടനിലെ ഏറ്റവും ശക്തനായ ബിഷപ്പിന്‍െറ ആസ്ഥാനമായിരുന്നു കൊട്ടാരം. അവശിഷ്ടങ്ങളിലും കൊട്ടാരത്തിന്‍െറ പ്രൗഡി തെളിഞ്ഞു നില്‍ക്കുന്നു.420 ലേറെ വര്‍ഷം പഴക്കമുള്ള ഷേക്സ്പിയര്‍സ് ഗ്ളോബ് തീയേറ്ററാണ് ക്യൂന്‍സ് വാക്കിലെ പ്രധാന ആകര്‍ഷണം. മിക്കവാറും ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ട്. ജൂലിയസ് സീസര്‍, കിംഗ് ലിയര്‍ നാടകങ്ങളുടെ പ്രദര്‍ശനമുണ്ടെന്നറിയിച്ച് പോസ്റ്റുകള്‍ തീയേറ്ററിന്‍െറ ചുമരില്‍ ഒട്ടിച്ചിട്ടുണ്ട്. കുറച്ചു പേര്‍ നാടകം കാണാന്‍ നില്‍ക്കുന്നുണ്ട്. നാടകം തുടങ്ങുന്നതറിയിച്ചാവണം ഒരാള്‍ വേഷമണിഞ്ഞ് നാല് വശങ്ങളിലും നടന്നു ചെന്ന് കുഴല്‍ ഊതുന്നു.


ഒരു പക്ഷേ, ക്യൂന്‍സ് വാക്കിലെ മികച്ച കാഴ്ച 2000 ല്‍ തുറന്ന മില്ളേനിയം കാല്‍നടപ്പാലമാകും. ഇത് തേംസിന്‍െറ ദക്ഷിണ തീരത്ത നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ സെന്‍റ് പോള്‍ കത്രീഡലിലേക്ക് പോകാം. കത്തീഡ്രലിന് 604 എ.ഡിയോളം പഴക്കമുണ്ട്. 1710 ല്‍ കതീഡ്രല്‍ പുതുക്കിപ്പണിതു. 1666 ല്‍ ലണ്ടനിലെ വിഴുങ്ങിയ തീയിയില്‍ കത്തീഡ്രല്‍ തകര്‍ന്നു. കത്തീഡ്രലിന്‍െറ പ്രശസ്തിയില്‍ 1981 ല്‍ ചാള്‍സും ഡയനായും വിവാഹിതരായതിവിടെയന്ന് എഴുതിചേര്‍ത്തിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ മില്ളേനിയം കാല്‍നടപ്പാലത്തിന് സമീപം ക്യൂന്‍സ് വാക്ക് അവസാനിച്ചു.

എന്നാല്‍, നമ്മള്‍ പാലത്തിലൂടെ തേംസ് കുറുകെ കടക്കാതെ നേരെ യാത്ര തുടരുന്നു. ചിലര്‍ തിടുക്കത്തില്‍ നടന്നുപോകുന്നു. ആരെയും നോക്കാതെ തിരക്കിട്ട നടത്തമാണ് ബ്രിട്ടീഷുകാരുടെ ഒരു പ്രത്യേകത എന്നു തോന്നും. ഒരു തരത്തിലും മടുപ്പുളാവാക്കില്ല മുന്നോട്ടുള്ള ഓരോ ഇഞ്ചും. കാഴ്ചയുടെ ഒരിടത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഹിത്രൂവില്‍ നിന്ന് വിമാനം പറന്നുയരുന്നതിന്‍െറ ദൃശ്യഭംഗി.

ക്യൂന്‍സ് വാക്കിന്‍െറ ഒടുവിലാണ് ലോക പ്രശസ്തമായ ലണ്ടണ്‍ ബ്രിഡ്ജ്. ലണ്ടന്‍ കാണാന്‍ വരുന്നവരെല്ലാം ഈ പാലത്തിലത്തെും. പാലത്തില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കോട് തിരക്ക്. ലണ്ടന്‍ നഗരത്തെയും സൗത്ത്വാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന പാലം നീണ്ട കാലത്തിന് സാക്ഷിയാണ്. പലതരം രൂപപരിണാമങ്ങളിലൂടെ കടന്നുവന്ന ഇപ്പോഴത്തെ പാലം 1974 ലാണ് തുറന്നു നല്‍കിയത്. 19ാം നൂറ്റാണ്ടിലെ കമാനരൂപത്തില്‍ കല്ലില്‍ തീര്‍ത്ത പാലത്തിന് പകരമായാണ് വന്നത്. എങ്കിലും പഴയ ലണ്ടന്‍ പാലവും നയനമനോഹരം തന്നെ.

ലണ്ടന്‍ ബ്രിഡ്ജ് വരെയത്തെിയാല്‍ വേണമെങ്കില്‍ ഇനിയും മുന്നോട്ടുപോകാന്‍ അവസരമുണ്ട്. പക്ഷേ, മടങ്ങാനായിരുന്നു തീരുമാനം. തിരിച്ചു നടക്കുമ്പോള്‍ കാഴ്ചകള്‍ മാറിയിരിക്കുന്നു. പക്ഷേ, സംഗീതവും താളങ്ങളും ഒട്ടും മങ്ങാതെ തന്നെ നിറഞ്ഞുനില്‍ക്കുന്നു. ക്യൂന്‍സ്വാക്കിന്‍െറ തുടക്കത്തില്‍ കണ്ട മജീഷ്യന്‍ തന്‍െറ നാലാമത്തെ ഷോയും പൂര്‍ത്തിയാക്കി എല്ലാം കെട്ടിപ്പൂട്ടുകയാണ്. ഇന്നത്തെ ദിനം മോശമല്ളെന്ന് ആത്മഭാഷണം ഒച്ചത്തിലായി. ലണ്ടന്‍ ഐയില്‍ കയറാന്‍ ആളുകളുടെ നിര നീളുന്നു.


ലണ്ടന്‍ നഗരം പതിയെ വെളിച്ചത്തിന്‍െറ വര്‍ണവിതാനത്തിലേക്ക് മുങ്ങുകയാണ്. വൈകാതെ, തേംസിന്‍െറ തീരം വെളിച്ചത്തില്‍ മുങ്ങി. എവിടെയും വെളിച്ചത്തിന്‍െറ മനോഹാരിത. വെളിച്ചങ്ങള്‍ വീണ് തേംസും അതിമനോഹരമായി നിറം മാറിയിരിക്കുന്നു. വര്‍ണവെളിച്ചത്തില്‍ മുങ്ങിയ ലണ്ടനെ കാമറയില്‍ പകര്‍ത്താന്‍ സഞ്ചാരികളുടെ തിരക്ക്. മനസില്ളെങ്കിലും മടങ്ങിയേ മതിയാകൂ. ലൂയിസേലക്കുള്ള ട്രെയിന്‍ നഷ്ടമാകും.

മടങ്ങുമ്പോഴൂം പിന്തിരിഞ്ഞുനോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാഴ്ചകളെ മുഴുവനായി ഒപ്പിയെടുക്കാന്‍ കണ്ണും മനസും പോരാ. ഓരോ യാത്രയുടെയും അന്ത്യത്തില്‍ മടങ്ങിപ്പോക്ക് സുനിശ്ചിതം. പക്ഷേ, തേംസ് തീരത്തെ സവാരി മറക്കാത്ത യാത്രകളിലൊന്നായി ആരുടെയും മനസില്‍ ഉണ്ടാകുമെന്നത് ഉറപ്പ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelthames riverlondon bridgelondon eye#travel
Next Story