മഴക്കാടുകളുടെ വിസ്മയങ്ങളിലേക്ക്
text_fieldsമഴക്കാടുകളുടെ ഇരുണ്ട പച്ചപ്പിൽ വാഴുന്ന ജർവകളെയും കാതടപ്പിക്കുന്ന ശബ്ദത്താൽ ചിറകടിച്ച് വാനിൽ വട്ടമിട്ട് കറങ്ങുന്ന തത്ത കൂട്ടങ്ങളെയും കാണണമെങ്കിൽ മധ്യ അന്തമാൻ കാട്ടിലൂടെയുള്ള യാത്രയാവാം. ഒപ്പം ബാരാട്ടാംഗിലെ നിലമ്പൂർ ജെട്ടിയിലേക്ക് ജങ്കാറിലൂടെയുള്ള യാത്ര പുളകമാക്കും. നീലിമ വിടർത്തിയ കടലിടുക്കിെൻറ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര... നയാഡീറാൻ ഗ്രാമത്തിലൂടെ കാട്ടുപൂക്കളുടെ സുഗന്ധത്തിെൻറ തെന്നലിൽ ലൈം സ്റ്റോൻ ഗുഹകളിലേക്കും ഒരുദിവസത്തെ യാത്ര. വിസ്മയ കാഴ്ചകളാകും നമ്മെ മാടി വിളിക്കുക. ചെന്നൈയിൽനിന്ന് രണ്ട് മണിക്കൂർ വിമാനയാത്രയാണ് അന്തമാനിലേക്ക്. നെടുമ്പാശ്ശേരിയിൽനിന്നും യാത്രയാവാം. ചെന്നൈയിൽനിന്നാണ് കൂടുതൽ സർവിസുകളുള്ളത്. കപ്പൽ യാത്രക്ക് കൊൽക്കത്തയിൽനിന്നാണു സൗകര്യം. പക്ഷേ, മൂന്നുദിവസമാണ് യാത്രാദൈർഘ്യം. കുടുംബത്തോെടാപ്പം ഓണാവധിക്കാലം ചെലവഴിക്കാൻ അന്തമാൻ ആണ് ഞങ്ങൾ തിരെഞ്ഞടുത്തത്. സെപ്റ്റംബറിലാണ് അന്തമാനിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങുന്നത്.
570 ദ്വീപുകളുള്ള മാസ്മരിക ലോകമാണ് സഞ്ചാരികളെ ആകർഷകമാക്കുന്നതെന്ന വിവരം നേരത്തെ അറിയാമായിരുന്നു. 80 ശതമാനവും വനമേഖലയാണ്. 35 ദ്വീപുകളിൽ ജനവാസമില്ല. ഇക്കാരണത്താൽ കഴിയുന്നത്ര സ്ഥലങ്ങൾ ഷെഡ്യൂളനുസരിച്ച് അഞ്ച് നാൾ കൊണ്ട് നടത്താനായിരുന്നു ശ്രമം. രാത്രി െഗസ്റ്റ് ഹൗസിൽ വിശ്രമിച്ചു. യാത്ര ക്ഷീണമകറ്റി. രാവിലെ ആറുമണിക്കുതന്നെ മധ്യ അന്തമാൻ കൊടുംകാട്ടിലൂടെ യാത്ര ലക്ഷ്യവുമായി കാറിൽ യാത്ര തുടങ്ങി. അഞ്ച് മണിയോടെ തന്നെ കിഴക്കിെൻറ നിലാവെട്ടം പൂർണമായും ഇരുട്ടിനെ മായിച്ചുകളത്തിരുന്നു. നാട്ടുവഴികൾ കാട്ടുവഴികളായി മാറിക്കൊണ്ട് കാറും നീങ്ങി. സമയം 8.30 ആയി. അന്തമാൻ കാടിെൻറ ചെക്ക് പോസ്റ്റിലെത്തിയെങ്കിലും കാറുകളുടെ വൻനിരയാണ് വരവേറ്റത്. നേരത്തെ, പൂരിപ്പിച്ചുവെച്ച ആറ് പേരുടെ അഡ്രസും ആധാർ കാർഡ് നമ്പറുകളും ചേർത്ത്ഫോമുകൾ ഡ്രൈവർ വാങ്ങി വനംവകുപ്പിെൻറ പെർമിറ്റിനായി സമർപ്പിച്ചു.
അരമണിക്കൂറിനകം കോൺവേ സംവിധാനത്തിലൂടെ കാട്ടിലേക്ക് കടന്നുപോകാനുള്ള അനുമതിയായി. നൂറുകണക്കിന് കാറുകളുടെയും മറ്റു വാഹനങ്ങളുടെയും മുന്നിലും പിന്നിലും ആയി കാടിെൻറ മടിത്തട്ടിലൂടെയുള്ള യാത്ര വേറിട്ടൊരനുഭവമായി. വൻ മാമരങ്ങളുടെ മൗനമന്ദഹാസവും ചിവീടുകളുടെ നിലക്കാത്ത ശബ്ദവും കാട്ടുപൂക്കളുടെ പരിമളവും കാറ്റിെൻറ തലോടലും എല്ലാം അനുഭവിച്ച് അരമണിക്കൂർ പിന്നിട്ടപ്പോൾ കുടിലിലിരുന്ന് എത്തിനോക്കുന്ന ഒരു ജർവയുടെ കാഴ്ച കണ്ടു. കോൺവേ വാഹനത്തിനിടയിൽ കൊടുംകാട്ടിലെ രണ്ട് വശങ്ങളിലും നൂറുകണക്കിന് സഞ്ചാരികൾ കണ്ണുനട്ട് കാത്തിരിക്കുന്നതിനിടയിലാണ് ദൂരക്കാഴ്ചയിൽ തല മാത്രം കണ്ടത്. തുടർന്ന് ഈറ്റക്കാടുകളുടെ മർമരസംഗീതവും ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന ബയോ ബാവ് മരവും കണ്ടു. കാട്ടിൽ ജലക്ഷാമംമൂലം വരൾച്ച നേരിടുമ്പോൾ മരത്തിൽ ദ്വാരമുണ്ടാക്കി ജലം കുടിക്കുകയും ശേഖരിക്കുകയും ചെയ്യും. ബോട്ടിൽ മാതൃകയിലാണ് ഇൗ മരം.
കാട്ടാനകൾ കൊമ്പുകൾ കൊണ്ട് മരത്തിൽ കുത്തി വെള്ളമെടുത്ത് ദാഹം ശമിപ്പിക്കാറുണ്ട്. കേരളത്തിൽ കാസർകോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലോരങ്ങളിലായാണ് ഇൗ മരങ്ങളുള്ളത്. ഇത് കടൽമാർഗം ഒഴുകിയെത്തിയതായി പറയപ്പെടുന്നു. യാത്ര ഒരുമണിക്കൂർ പിന്നിട്ടതോടെ വഴിയോരത്ത് കാടുകൾ വെട്ടിത്തെളിയിച്ച സ്ഥലത്ത് ജർവ ക ൾ കുടുംബത്തോെടാപ്പം അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്. എട്ടംഗസംഘം കാട്ടുപഴങ്ങൾ കടിച്ചുകീറി ആസ്വദിച്ച് തിന്നുന്നു. വലിയ മുത്തശ്ശി തെൻറ പേരമക്കളെ കാട്ടുചെടികൾക്കിടയിൽ താലോലിക്കുന്ന രംഗങ്ങൾ ആരെയും നൊമ്പരപ്പെടുത്തും. ഈ കാടിെൻറ മക്കൾ പുറംലോകത്തിെൻറ കാഴ്ചകൾ കാണാൻ കൊതിച്ചാണ് കാട്ടുപാതയുടെ വഴിയോരങ്ങളിൽ വിശ്രമത്തിനെത്തിയത്.
മഴ പോലും തടസ്സമല്ല. എല്ലാവരും നല്ല ആരോഗ്യവാന്മാരാണ്. കറുത്ത ശരീരവും ചുരുണ്ട മുടികളും ആകർഷകമാണ്. പലരും അർധനഗ്നരാണ്. തല തുണിക്കഷണങ്ങളാൽ മറച്ചിട്ടുണ്ട്. മുത്തശ്ശിയുടെ കഴുത്തിലുള്ള കടൽഷെല്ലിെൻറ ആഭരണങ്ങളും മറ്റൊരു സവിശേഷതയാണ്. ആറുമണിയോടെ ഇരുട്ടിെൻറ വഴികളിലൂടെ അപ്രത്യക്ഷമാവും അവർ. യാത്ര അഞ്ച് മിനിറ്റ് കടന്നപ്പോഴും ജർവ ക ളാ യ മൂന്ന് യുവാക്കൾ പൊന്തക്കാടിെൻറ മറവിൽ അൽപം നാണംകുണുങ്ങിക്കൊണ്ട് അണപ്പല്ലുകൾ പൂർണമായും പ്രകടമാക്കി കാറുകളിലെ സഞ്ചാരികളോട് കൈ വീശി. മൂന്നു പേരും പാൻറ്സും കളർ ഷർട്ടുകളും അണിഞ്ഞിട്ടുണ്ട്. അന്വേഷിച്ചപ്പോൾ സർക്കാർ ഇടക്ക് നൽകുന്ന വസ്ത്രങ്ങളാണ് യുവാക്കൾ ധരിച്ചതെന്ന് മനസ്സിലായി. വഴിയോരങ്ങളിൽ മേയുന്നപുള്ളിമാൻ കൂട്ടങ്ങളും കാടിെൻറ ദൃശ്യഭംഗിക്ക് നിറപ്പകിട്ടൊരുക്കുന്നുണ്ട്. കാട്ടുപാതയിൽ വാഹനങ്ങൾക്ക് 20 മുതൽ 40 കി.മീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഈറ്റക്കാടുകളും ചൂരൽ കാടുകളും യാത്രയെ മനോഹരമാക്കുന്നു. വൻ മരച്ചില്ലകളിലിരുന്നു പഴങ്ങൾ കൊത്തിനുറുക്കിയും കലപില വെച്ചും അന്തമാൻ തത്തക്കൂട്ടം കണ്ണുകളെ കുളിരണിയിക്കും.
രണ്ട് മണിക്കൂർ നീണ്ട ജർവ റിസർവ് വനപാതയിലെ യാത്ര പൂർത്തിയാക്കി നേരെ ബാരാതാങ് െജട്ടിയിലേക്ക് നീങ്ങി. ജങ്കാർ നമ്മെയും കാത്തിരിക്കുന്നു. ജങ്കാർ, സ്പീഡ് ബോട്ട് യാത്രക്കുള്ള ടിക്കറ്റിനായി ഒരാൾക്ക് 610 രൂപ നേരത്തെ മുൻകൂർ ബുക്ക് ചെയ്തിട്ടുണ്ട്. നിലമ്പൂർ ജെട്ടിയിലേക്കാണ് യാത്ര. ജങ്കാറിൽ മൂന്ന് ബസുകൾക്കും 300 സഞ്ചാരികൾക്കും ഒരേസമയം യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ഓളപ്പരപ്പിലൂടെ അരമണിക്കൂറോളം നീണ്ട യാത്ര. നിലമ്പൂർ അന്തമാനിലെ ഒരു ഗ്രാമപ്രദേശമാണ്. ഖിലാഫത്ത് സമരകാലത്ത് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽനിന്ന് കൂട്ടത്തോടെ ബ്രിട്ടീഷുകാർ നാടുകടത്തിയവരുടെ ഒാർമകളാണ് ഇവിടെ.
വണ്ടൂർ, മഞ്ചേരി പേരുകളിലും സ്ഥലങ്ങളുണ്ട് ഇവിടെ. നിലമ്പൂർ ജെട്ടിയിൽനിന്ന് ലെംസ്റ്റോൺ ഗുഹകൾ ലക്ഷ്യമിട്ട് ഞങ്ങളുടെ സ്പീഡ് ബോട്ട് കടൽകാറ്റിനെയും കൈപിടിച്ച് എട്ടുപേരെയുംകൊണ്ട് നീല കടലിടുക്കിലൂടെ കുതിച്ചു. അരമണിക്കൂർ കൊണ്ട് യാത്ര കണ്ടൽകാടുകളാൽ പ്രകൃതി തീർത്ത വർണചാരുതയിൽ മനംകുളിർത്തു കഴിഞ്ഞു. ലെംസ്റ്റോൺ ഗുഹകളിലേക്ക് പോകേണ്ട സ്ഥലത്തെത്തിയതോടെ ബോട്ടിൽനിന്നിറങ്ങി. ഒന്നര മണിക്കൂർ നീണ്ട കാട്ടുപാതയിലൂടെ ഇനിയും സഞ്ചരിക്കണം ഗുഹകളിലേക്ക് എത്തിപ്പെടാൻ. മുതലകളെ സൂക്ഷിക്കണമെന്ന ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇടുങ്ങിയ വഴിയിലൂടെ ഗുഹയിലേക്ക് പ്രവേശിച്ചു. എമർജൻസി ലാമ്പുകൾ കത്തിച്ച് വേണം 40 മീറ്റർ നീളമുള്ള ഗുഹയിലെ വർണവിസ്മയം തീർക്കുന്ന പ്രകൃതിയുടെ ശിൽപചാരുത കണ്ടാസ്വദിക്കാൻ. മഴകൂടി ചേർന്ന കാർബൺ ഡയോക്സൈഡ് പാറകളിലെ ആസിഡുമായി ചേർന്ന് രൂപാന്തരം സംഭവിച്ചാണ് ഗുഹയിലെ പാറകണ്ടിലെ ശിൽപ ഭംഗിയെന്ന് കരുതുന്നു.
ജർവകളുടെ സംരക്ഷണം
സൗത്ത് അന്തമാൻ ദ്വീപിലെ കൊടുങ്കാട്ടിൽ അവശേഷിക്കുന്ന ജർവകളുടെ സംരക്ഷണത്തിെൻറ ഭാഗമായി സഞ്ചാരികൾ കടലിടുക്കുകളിലൂടെ യാത്ര ചെയ്യുന്നതിന് ജലയാനങ്ങൾ സംവിധാനിച്ചുള്ള പുതിയ പദ്ധതിയാകുന്നത്. 2014ൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. ബാരാതാങ്ങിൽ പോകാൻ ജർവ റിസർവ് വനത്തിലൂടെയുള്ള പാത ഒഴിവാക്കി ജർവകളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിശാസ്ത്രപരവും സംസ്കാരവും കൊണ്ട് വിഭിന്നമായ ഒരു സമൂഹമാണ് ജർവ ഗോത്രവർഗം. 1858ൽ ബ്രിട്ടീഷ് കോളനി വാഴ്ച വരവോടെ അന്തമാൻ ദ്വീപ് സമൂഹങ്ങൾ അവരുടെ തടവുകാർക്ക് ശിക്ഷ നടപ്പാക്കാനുള്ള കേന്ദ്രമായി മാറ്റുകയായിരുന്നു. ഇതാകട്ടെ ജർവകൾ പോലുള്ള തദ്ദേശിയരായ കാടിെൻറ മക്കൾക്ക് വെല്ലുവിളിയായി. ഇതിനെതിരെ ജർവകൾ പ്രതിരോധത്തിെൻറ വഴികൾ തേടാൻ തുടങ്ങിയതായി ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷവും ജർവകൾ കുടിയേറ്റക്കാർക്ക് ഭീഷണിയായിരുന്നു. ക്രമേണ അവർ തങ്ങളുടെ പരിതാവസ്ഥ തിരിച്ചറിഞ്ഞതോടെ ശത്രുതാ മനോഭാവത്തിന് മാറ്റം വരുത്തിത്തുടങ്ങി.
500000 വർഷങ്ങളായി കാടുകളിൽ ജീവിച്ച് പോന്ന ഒരു ജനവിഭാഗമാണ് ജർവകളെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ഏതാണ്ട് 400ഓളം പേരുെണ്ടന്നാണ് അറിയുന്നത്. കുടുംബങ്ങളുമായി മധ്യ അന്തമാനിെൻറ കൊടുംകാട്ടിൽ ജല ഉറവിടങ്ങളുമായി ബന്ധപ്പെട്ട പ്രദേശത്താണ് താമസം. കരിമ്പനയുടെ ഇലയോട് സാദൃശ്യമായ ഷിലായ പത്തി മരത്തിെൻറ ഇലകൾ നാരുകൾകൊണ്ട് തുന്നിയെടുത്ത് മേല പാകിയ കുടിലുകളിലാണ് പലരും താമസിക്കുന്നത്. മറക്ക് കാട്ടിലെ ഈറ്റകളാണ് പ്രയോജനപ്പെടുത്തുന്നതത്രെ. കാട്ട് തേനും കാട്ട് കിഴങ്ങുകളും കാട്ടുപഴങ്ങളും ഭക്ഷിക്കുന്നു. കാട്ട് പന്നികളെയും പക്ഷികളെയും വേട്ടയാടി ഭക്ഷിക്കുന്നു. മാൻ വർഗങ്ങളെ ഒരിക്കലും വേട്ടയാടാൻ മുതിരാറില്ലത്രെ. 1000 സ്ക്വയർ കി.മീറ്റർ വിസ്തീർണത്തിലാണ് മധ്യ അന്തമാൻ കാടുള്ളത്. ജർവ സ്ത്രീകളെ പുറംലോകക്കാർ വന്ന് ലൈംഗിക ചൂഷണം ചെയ്ത സംഭവങ്ങൾ ഏറെ വിവാദമായിരുന്നു. കടന്നുകയറ്റക്കാർ ഗോത്രവാസികളെ ചൂഷണത്തിന് വിധേയമാക്കിയ ഒരുകാലം കഴിഞ്ഞ് പോയത്. തെക്കൻ അന്തമാനിലെ തിരൂർ, മധ്യ അന്തമാനിലെ കടന്തല പ്രദേശങ്ങളിലെ ജർവകളാണ് പല രീതിയിലും ചൂഷണം നേരിടേണ്ടിവന്നതായി പറയപ്പെടുന്നത്.
2012ൽ വിനോദസഞ്ചാരികൾക്ക് മുന്നിൽ ജർവകളുടെ പ്രമാദമായ നഗ്നനൃത്തവും ഭരണകൂടത്തിന് ഒരു പുനർചിന്തക്ക് വഴിമരുന്നിട്ടിരുന്നു. ഇപ്രകാരം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഗോത്രവർഗക്കാരായ ജർവകളുടെ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളെ തടഞ്ഞുനിർത്താൻ കർശന നിയമങ്ങളുണ്ടാക്കാൻ പ്രേരകമായി. ഇക്കാരണത്താൽ ജർവകളുടെ ആവാസകേന്ദ്രത്തിലൂടെയുള്ള യാത്രയും അവരുടെ ചിത്രങ്ങൾ പകർത്തുന്നതും വിലക്കിയിട്ടുണ്ട്. ചിത്രമെടുത്താൽ മൂന്നുവർഷം മുതൽ ഏഴുവർഷം വരെ കഠിന ശിക്ഷയും ഏർപ്പെടുത്തി. ജർവകളുടെ കാട്ടുപാതയിലൂടെ ദിവസവും നാല് സമയ ഷെഡ്യൂളിലാണ് യാത്ര ചെയ്യാനുള്ള അനുമതി നൽകുന്നത്. സഞ്ചാരികൾ ജർവകളുടെ ഫോട്ടോകൾ പകർത്തുന്നതും അവർക്ക് ഭക്ഷണപദാർഥങ്ങൾ എറിഞ്ഞ് കൊടുക്കുന്നതും കണ്ടുപിടിക്കാൻ വാഹനങ്ങളിൽ കമാൻഡോകൾ സഞ്ചരിക്കുന്നുണ്ട്.
സർക്കാർ ജർവകളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുവാൻ പോർട്ട്ബ്ലയർ ആശുപത്രിയിൽ പ്രത്യേകവാർഡ് ഒരുക്കിയിട്ടുണ്ട്.അവരുടെ വാസസ്ഥലത്ത് പോയി രോഗികളെ പരിശോധിക്കാൻ പ്രത്യേക ഡോക്ടർമാരും നഴ്സുമാരും പ്രവർത്തിച്ച് വരുന്നുണ്ട്. 2013 ൽ പോർട്ട്ബ്ലയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തമാൻ ആൻഡ് നികോബാർ ട്രൈബൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ANTRI ) ജർവകളുടെ ജീവിതരീതി, ഭക്ഷണം, പാർപ്പിടം, ശരീരഘടന, ആരോഗ്യം, ഭാഷ തുടങ്ങിയ കാര്യങ്ങളെ പഠിക്കാൻ നരവംശശാസ്ത്രജ്ഞൻ വിഷ്ണു വജിത് പാണ്ഡ്യയെ നിയമിച്ചു. ഇത് ജർവകളുടെ ജീവിതത്തിലെ മാറ്റങ്ങൾ തിരിച്ചറിയുന്നതിൽ നിർണായക വഴിത്തിരിവായി. ഇദ്ദേഹത്തിെൻറ കണ്ടെത്തൽ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയായ അന്തമാൻ ആദിം ജൻ ജതി വികാസ് സമിതി (AAJVS) ശക്തിപ്പെടുത്തുന്നതിന് പ്രേരകമായിട്ടുണ്ട് . ഭൂമിശാസ്ത്രവും ചരിത്രവും സംസ്കാരവും വിഭിന്നമായ ഒരു ഗോത്ര സമൂഹമാണ് ജർവകൾ. ആധുനിക സംസ്കാരത്തിെൻറ കടന്നുകയറ്റത്തിൽനിന്ന് വംശനാശം നേരിടുന്ന ജർവകൾ സംരക്ഷിക്കപ്പെടണം. ഇതിനുള്ള പദ്ധതികളാവണം ഭാവിയിൽ നടപ്പാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.