ഹോളണ്ടിലെ ഹ്രസ്വകാല താമസത്തിനിടെയാണ് ബാഴ്സലോണ കാണാൻ പുറപ്പെട്ടത്. കാളപ്പോരിൻെറയും ഫുട്ബാളിൻെറയും ലഹരിയിലമർന്ന മെഡിറ്ററേനയൻ ദേശം കാണാനുള്ള ഉൽസാഹം ഒരു വശത്ത്, കവർച്ചയുടേയും പോക്കറ്റടിയുടേയും ആശങ്ക മറുവശത്ത്. നെതർലാൻറ്സിലെ ഐന്തോവൻ വിമാനത്താവളത്തിൽ നിന്ന് വ്യൂലിങ്സ് വിമാനം പൊങ്ങുേമ്പാൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ജർമൻ അതിർത്തിക്കടുത്ത ഇൗ വിമാനത്താവളം തെരഞ്ഞെടുക്കാനും കാരണമുണ്ട്. യൂറോപിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബജറ്റ് എയർലൈൻസുകൾ ഏറെയും ഇവിടെ നിന്നാണ്.
ഡച്ചുകാരുടെ നാട്ടിൽ നിന്ന് കാത്തലൂനിയൻ ദേശത്തേക്ക് രണ്ട് മണിക്കൂർ വിമാന യാത്ര. ട്രെയിനിലാവുമ്പോൾ പത്ത് മുതൽ പതിനൊന്ന് മണിക്കൂർ സമയമെടുക്കും. അതിവേഗ ട്രെയിനുകൾക്ക് ടിക്കറ്റ് നിരക്കും കൂടുതലാണ്. എങ്കിലും ലഗേജ് കൂടുതലുണ്ടെങ്കിൽ ബജറ്റ് എയർലൈൻസ് ഒഴിവാക്കേണ്ടി വരും. പരമാവധി അനുവദിക്കുന്നത് പത്ത് കിലോ മാത്രം. പറ്റുമെങ്കിൽ ഒരു ബാക്ക് പാക്ക് മാത്രം കരുതുക. ഇന്ത്യൻ റെയിൽവേയുടെ മുന്നറിയിപ്പ് ഒാർക്കുക, the less luggage, the more comfort.
ബാഴ്സലോണ ബീച്ച്- ദൂരക്കാഴ്ച
വിമാനം ബാഴ്സലോണ നഗരത്തിനു മുകളിലെത്തിയപ്പോൾ മെഡിറ്ററേനിയൻ കടൽതീരവും വിശാലമായ നഗരവും പൊട്ടുപോലെ കാണാനായി. മറ്റൊരു യൂറോപ്യൻ നഗരത്തിൽ നിന്നുള്ള വിമാനമായതിനാൽ എമിഗ്രേഷൻ നടപടികൾ പേരിനു മാത്രം. പുറത്തിറങ്ങിയപ്പോൾ ടാക്സിക്കാരുടെ പതിവു ബഹളമില്ല. വിമാനത്താവളത്തിൽ നിന്ന് നഗരമധ്യത്തിലേക്ക് ബസ് സർവ്വീസുണ്ട്. അഞ്ച് യൂറോ കൊടുത്ത് എയറോ ബസ്സിൽ കയറിയാൽ കത്തലൂണിയ പ്ലാസയിലെത്താം. ഇവിടെ നിന്ന് നഗരത്തിെൻറ ഏതു ഭാഗത്തേക്കും ബസും മെട്രോ ട്രെയിനും റെഡി. പുരാതനമായ ഗോതിക് കത്തീഡ്രൽ ഇൗ ചത്വരത്തിലാണ്. 600വർഷമെടുത്താണത്രെ ഇൗ ദേവാലയം പൂർത്തിയായത്.
ഗോതിക് കത്തീഡ്രൽ
കാത്തലൂനിയ പ്ലാസയിൽ നിന്ന് എൽ. വൺ മെട്രോയിൽ മെറീന സ്റ്റേഷനിലെത്തി. മെറീനക്കടുത്ത് കാരർ ഡി പംപ്ലോണയിലാരുന്നു താമസം ബുക്ക് ചെയ്തിരുന്നത്. അമേരിക്ക കേന്ദ്രമായ ഒാൺലൈൻ ശൃംഖലയായ എയർ ബി.എൻ.ബി വഴി ബുക്ക് ചെയ്ത താമസസ്ഥലമായതിനാൽ നാം ഒറ്റക്ക് കണ്ടെത്തണം. കൂട്ടിന് ഗൂഗിൾ മാപ് മാത്രം. ഹോട്ടൽ, ലോഡ്ജ് മുറികളെ അപേക്ഷിച്ച് വാടക നിരക്ക് കുറയുമെന്നതാണ് എയർ ബി.എൻ.ബിയുടെ പ്രത്യേകത. ഒറ്റക്കാണെങ്കിൽ ഹോസ്റ്റലുകളിൽ താമസിക്കുന്നതും ചെലവ് കുറക്കാൻ സഹായകമാവും. പാരമ്പര്യവും ആധുനികതയും ഇഴചേർന്ന നഗരമാണ് ബാഴ്സലോണ. മധ്യകാലഘട്ടത്തിലെ ഗോഥിക് ശിൽപ കലയിൽ പണിത പുരാതന കെട്ടിടങ്ങളും ഗൾഫ് നാടുകളെ അനുസ്മരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളും ഇൗ തീര നഗരത്തിൽ കാണാനാവും. വാരാന്ത്യമായതിനാൽ നൈറ്റ് ക്ലബ്ബുകളും തിയറ്ററുകളും സജീവം. വിശാലമായ നിരത്ത് ഏറെക്കുറെ വിജനം. ഗൂഗിൾ മാപിെൻറ സഹായത്തോടെ താമസ സ്ഥലം കണ്ടെത്തി. ഇരുട്ടുമൂടി കിടക്കുന്ന പഴയ അഞ്ചു നില കെട്ടിടം. ലിഫ്റ്റില്ലാത്ത കെട്ടിടത്തിനു മുകളിലേക്ക് പടി കയറുേമ്പാൾ തൊട്ടു മുകളിലായി രണ്ടു നായകളുമായി ഒരാൾ കയറിപ്പോവുന്നു. നായകൾക്ക് ഇവിടെ മനുഷ്യനേക്കാൾ വിലയാണെന്ന് തോന്നുന്നു. പൊതുജനങ്ങൾക്ക് മലമൂത്ര വിസർജനത്തിന് സൗജന്യ പബ്ലിക് ടോയ്ലറ്റുകളോ യൂറിനലോ എവിടേയും കാണില്ല. നായകൾക്ക് ഒരു നിയന്ത്രണവുമില്ല. റോഡരികിലെ പുൽത്തകിടിയിൽ വിസർജ്ജനം നടത്തിയ നായയുടെ കാഷ്ടം അതിെൻറ ഉടമസ്ഥൻ വന്ന് പ്ലാസ്റ്റിക് കാരി ബാഗിലെടുത്ത് കൊണ്ടുപോവുന്ന കാഴ്ച ഒരിക്കൽ കാണാനായി. എങ്ങിനെയുണ്ട്, അതാണ് നായയുടെ നിലയും വിലയും. കാമ്പ് നോ സ് റ്റേഡിയം
ഗോവണിപ്പടി കയറിപ്പോയ രണ്ടു നായകളും ഉടമയും ഒറ്റക്കാണ് ഫ്ലാറ്റിൽ താമസം. തൊട്ടടുത്ത ഫ്ലാറ്റിലായിരുന്നു എൻെറ താമസം. എക്വഡോർ സ്വദേശിയായ ഫെർണാണ്ടോ കാത്തിരിക്കുന്നുണ്ടായിരുന്നു. ഫെർണാണ്ടോയുടേതായിരുന്നു ആ ഫ്ലാറ്റ്. അയാൾ ഒരു കലാകാരനായിരുന്നുവെന്ന് മുറിയുടെ അകം കണ്ടപ്പോഴേ തോന്നി. ലഗേജ് മുറിയിൽ വെച്ച് ഭക്ഷണത്തിനായി താഴെയിറങ്ങി. സമീപത്തായി ഇന്ത്യൻ റസ്റ്ററണ്ടുണ്ട്. നടത്തിപ്പുകാർ ബംഗ്ലാദേശികളാണെന്ന് മാത്രം. കുറച്ചപ്പുറത്ത് താജ് റസ്റ്ററണ്ട് എന്ന പേരിൽ മറ്റൊരു ഇന്ത്യൻ ഹോട്ടലുണ്ട്. അവിടേയും നടത്തിപ്പുകാർ പാകിസ്താൻകാരും ബംഗ്ലാദേശുകാരുമാണ്. സ്വന്തം നാടിൻെറ പേര് വെക്കാൻ അവർക്ക് പേടിയുള്ളതു പോലെ. ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നിയത് അന്നാണ്. ഉത്തരേന്ത്യൻ വിഭവങ്ങളായ നാൻ, തണ്ടൂരി റൊട്ടി, പുലാവ്, ചിക്കൻ കറി, ചിക്കൻ കെബാബ് എന്നിവക്ക് പുറമെ ബിരിയാണിയുമുണ്ട്. ചോറ് തിന്നാൻ കൊതിയായതിനാൽ അതാകാമെന്ന് കരുതി. ചിക്കൻ കറിയാണത്രെ ആദ്യം ആവശ്യപ്പെടേണ്ടത്, എങ്കിൽ അതിെൻറ കൂടെ ചോറും കിട്ടും. മുറിയിൽ തിരിച്ചെത്തിയപ്പോൾ ഫെർണാണ്ടോയുമായി യുവതി സംസാരിച്ചു നിൽക്കുന്നത് കണ്ടു. പെൺ സുഹൃത്താണന്ന് അയാൾ പരിചയപ്പെടുത്തി. കൂടുതൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. പിറ്റേന്ന് രാവിലെ ക്യാമ്പ് നോവിലേക്ക് പുറപ്പെട്ടു. ലിയണൽ മെസ്സി നയിക്കുന്ന എഫ്.സി ബാഴ്സലോണയുടെ ആസ്ഥാനവും സ്റ്റേഡിയവുമാണ് കാമ്പ് നോ. പംപ്ലോന സ്റ്റേഷനിൽ നിന്ന് എൽ 3 മെട്രോയിൽ കയറി ലെ കോർട്സിലിറങ്ങി.
കാമ്പ് നോ സ് റ്റേഡിയത്തിന് മുന്നിൽ ലേഖകൻ
സ്റ്റേഡിയത്തിലേക്കുള്ള വഴികളിലെല്ലാം സുവനീർ കടകൾ. എഫ്.സി ബാഴ്സലോണയുടെ ഒറിജിനൽ ജേഴ്സിയും തൊപ്പിയും മറ്റു സുവനീറുകളും ഇവിടെ കിട്ടും. കൂട്ടത്തിൽ ഇന്ത്യക്കാരനെന്ന് തോന്നിച്ച യുവാവിെൻറ കടയിൽ കയറി. ഉൗഹം തെറ്റിയില്ല. ഹൈദരാബാദുകാരനാണ്. എന്നാൽ നാട്ടുകാരാണെന്ന ആനുകൂല്യം പ്രതീക്ഷിക്കേണ്ടതില്ലെന്ന് പിന്നീട് മനസ്സിലായി. നാട്ടിൽ നൂറു രൂപക്ക് കിട്ടുന്ന ജേഴ്സിക്ക് ഇന്ത്യൻ രൂപ 1500 ന് മുകളിൽ വില. 15 വയസ്സായ മകൻ റയൽ മഡ്രിഡ് ആരാധകനായതനാൽ റയലിെൻറ വെള്ള തൊപ്പിയാണ് വാങ്ങിയത്. അതുണ്ടാക്കിയ പുകിലിന് കൈയും കണക്കുമില്ല. റയലിെൻറ ക്യാപുമായി കാമ്പ് നോ സ്റ്റഡിയത്തിൽ കയറിയപ്പോൾ എല്ലാവരുടേയും കണ്ണ് തൊപ്പിയിലായി. ബാഴ്സയുടെ കളിമുറ്റത്ത് റയിലിെൻറ തൊപ്പിയിട്ട് വരാൻ മാത്രം ധൈര്യം ആർക്കെന്ന മട്ടിലാണ് നോട്ടം. അന്നാകട്ടെ ബാഴ്സയുടെ മൽസരം ഉണ്ടുതാനും. ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോൾ അകത്തിരക്കുന്നവർ അടക്കിച്ചിരിക്കുന്നു. തൊപ്പി ചൂണ്ടിയാണ് ചിരി. തൽക്കാലം തൊപ്പിയൂരി സ്റ്റേഡിയം കണ്ടു. നേരം ഉച്ചയായതിനാൽ ആളുകൾ എത്തിത്തുടങ്ങുന്നേയുള്ളൂ. സ്റ്റേഡിയവും നൂറ്റാണ്ട് പിന്നിട്ട ബാഴ്സയുടെ ചരിത്രവും കഥയും പറയുന്ന മ്യൂസിയവും കണ്ട് പുറത്തിറങ്ങി. തൊപ്പി ഇനി കുഴപ്പമുണ്ടാക്കില്ലെന്ന ധൈര്യത്തിൽ വീണ്ടും ധരിച്ചു. പ്രസിദ്ധമായ ലാ റാംബ്ല വീഥിയിലൂടെ നടന്നു നീങ്ങുമ്പോൾ പൊലീസുകാരൻ അടുത്തേക്ക് വിളിച്ചു. ഇവിടുത്തെ ഫുട്ബാൾ ആരാധകർ ഒരു തരം ഭ്രാന്തൻമാരാണ്,എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല, റയലിൻെറ തൊപ്പി കണ്ട പൊലീസുകാരൻെറ കമൻറ് ഇതായിരുന്നു. ഫുട്ബാൾ ആ നാടിൻെറ ഭ്രാന്തമായ ആവേശമാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഫുട്ബാൾ ബാഴ്സലോണയുടെ രാഷ്ട്രിയവും മതവുമാണ്. കേരള ബ്ലാസ്റ്റേള്സിൻെറ മഞ്ഞത്തൊപ്പിയണിഞ്ഞ് നിങ്ങൾക്ക് ചെന്നൈയിലോ കൊൽക്കത്തയിലോ നടക്കുന്നതിന് ഒരു തടസ്സവുമില്ല. അർജൻറീനയുടേയും ബ്രസീലിൻെറയും പതാകയുമായി വാഹനത്തിൽ കറങ്ങുന്ന ഫുട്ബാൾ ആരാധകരെ കേരളത്തിൽ ആക്രമിച്ചതായി കേട്ടിട്ടില്ല. എന്നാൽ, റയൽ മഡ്രിഡിൻെറ തൊപ്പിയിട്ട് ബാഴ്സലോണ തെരുവിലൂടെ നടന്നാൽ ജീവൻ വരെ അപായത്തിലായേക്കും. അതാണ് യഥാർത്ഥ ഫുട്ബാൾ ഭ്രാന്ത്.
20 ാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരൻ പാബ്ലോ പികാസോയുടെ മ്യൂസിയം തേടിയുള്ള യാത്രയായി പിന്നീട്. ജോമിൽ ട്രെയിനിറങ്ങി മ്യൂസിയത്തിലേക്ക് നടക്കുേമ്പാൾ ഷെർലക്ഹോംസ് കഥകളിലെ തെരുവുകളുടെ ചിത്രമാണ് മനസ്സിൽ വരിക.
പികാസോ മ്യൂസിയത്തിലേക്കുള്ള വഴി
ചെറിയ കട്ടകൾ വിരിച്ച ഇടുങ്ങിയ വഴി. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാവുന്ന വീഥി. നിരത്തിന് ഇരു വശവും പുരാതന വാസ്തുശിൽപിയിൽ പണികഴിപ്പിച്ച ഒരേ ഉയരത്തിലും മാതൃകയിലുമുള്ള കെട്ടിടങ്ങൾ. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ നിൽക്കുന്നതു പോലെ ഒരേ നിരയിൽ വരിയൊപ്പിച്ച് നിൽക്കുന്ന കെട്ടിടങ്ങൾ. അതാണ് യൂറോപിലെ നിരത്തുകളുടെ ഭംഗി. ആരും തോന്നിയ പോലെ കെട്ടിടം പണിയില്ല. നമുക്കില്ലാത്തതും ഇൗ വ്യവസ്ഥയും അച്ചടക്കവുമാണ്. ലോക പ്രശസ്ത ചിത്രകാരെൻറ മ്യൂസിയത്തിലേക്ക് നടന്നുവേണം ചെല്ലാൻ. നാലായിരത്തിലേറെ കലക്ഷനുള്ള മ്യൂസിയം പികാസോയുടെ ജീവിതവും ബാഴ്സ നഗരവുമായി അദ്ദേഹത്തിനുള്ള ബന്ധവും പ്രതിഫലിപ്പിക്കുന്നു. അമൂല്യമായ ചിത്രങ്ങളുടെ പടമെടുക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, ചിത്രങ്ങളുടെ പ്രതികൾ വാങ്ങാനാവും. സാൻറ് ജോം കത്തിഡ്രൽ
പുരാതന ബാഴ്സലോണയുടെ ഭാഗമായ ഇൗ മ്യൂസിയത്തിനു സമീപമാണ് പ്രസിദ്ധമായ സാൻറ് ജോം കത്തീഡ്രൽ. മധ്യകാലഘട്ടത്തിൻെറ പ്രൗഡിയും പാരമ്പര്യത്തിൻെറ ഗരിമയുമായി തലയയുർത്തി നിൽക്കുന്ന ഇത്തരം പള്ളികൾ യൂറോപ്പിലെ മിക്ക നഗരങ്ങളിലും കാണാം . സിംഗപ്പൂർ പോലുള്ള ആധുനിക നഗരങ്ങളിൽ നിന്ന് യൂറോപ്പിനെ വ്യത്യസ്ഥമാക്കുന്നത് ഇത്തരം ചരിത്ര ശേഷിപ്പുകളും പാരമ്പര്യത്തിെൻറ അടയാളങ്ങളുമാണ്. പൗരാണികതയുടെ തലയെടുപ്പുകൾക്ക് പരിക്കേൽപിക്കാതെ ആധുനികതയെ പുൽകിയ നഗരങ്ങളാണ് ഇവയിലേറെയും. അവയുടെ മികച്ച ഉദാഹരണമാണ് ഭൂഗർഭ മെട്രോ. ബാഹ്യലോകമറിയാതെ ഭൂഗർഭ ലോകത്ത് ഇടതടവില്ലാതെ ട്രെയിനുകൾ പായുന്നു. തീർത്തും സമാന്തരമായ ലോകം. ഒാരോ മൂന്നു മിനിറ്റിലും ഒാരോയിടത്തേക്കും ട്രെയിനുകളുണ്ട്. പൊതുഗതാഗത സംവിധാനം കുറ്റമറ്റതാവുേമ്പാൾ സ്വകാര്യ വാഹനങ്ങൾ പരമാവധി നിരത്തിലിറങ്ങാതെ സാഹചര്യം വരും. ന്യൂദൽഹിയിലും ദുബൈയിലും റോഡ് ഗതാഗതം പീഡനമാവുന്നത് ഇൗ സംവിധാനത്തിെൻറ പാളിച്ചയാണ്. സിഗ്നൽ കാത്ത് മണിക്കൂറുകൾ നിരത്തിൽ നിൽക്കേണ്ട ഗതികേട് ഒഴിവാക്കാൻ പൊതു ഗതാഗതം ശക്തിപ്പെടുത്തുകയേ തരമുള്ളൂ.
സാ ബറ്റ്ലോ കൊട്ടാരം
കലാകാരനും ശിൽപിയുമായ ആൻറണി ഗൗഡിയുടെ കരവിരുതും ഭാവനയുമാണ് ഇൗ കാത്തലൂനിയ നഗരത്തിെൻറ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത്. ഇന്ദ്രനീലിമയിൽ തിളങ്ങിനിൽക്കുന്ന കസാ ബറ്റ്ലോ കൊട്ടാരത്തിൻെറ ശിൽപ കാന്തിയും കലാ ഭംഗിയും ബാഴ്സ നഗരഹൃദയത്തിലെ സൗന്ദര്യ ധാമങ്ങളിലൊന്നാണ്. ഗൗഡി മാജിക്കിെൻറ മറ്റൊരു പ്രതിഭാ സ്പർശം സഗ്രദ ഫെമിലിയ ചർച്ചിലും കാണാനാവും. ഗൗഡിയുടെ മാസ്റ്റർപീസ് എന്നു വിളിക്കാവുന്നതും ഇൗ കത്തീഡ്രലാണ്. കുന്നിൽചെരുവിലെ പൈൻ മരങ്ങളെ പോലെ വിവിധ തട്ടുകളിലായി തലയെടുത്തുനിൽക്കുന്ന ഇൗ ഗോപുര സമുച്ചയം ശിൽപകലയുടെ അൽഭുദമായി സഞ്ചാരികളെ എക്കാലവും ആകർഷിക്കുന്നു. കുന്നുകളിലേക്ക് നീണ്ടു കിടക്കുന്നതാണ് ബാഴ്സലോണ നഗരം. നമ്മുടെ നാട്ടിലെ കയ്യാലകൾ പോലെ തട്ടുതട്ടുകളിലായുള്ള ഭൂമിയിൽ നിറയെ പാർപ്പിടങ്ങൾ. കുന്നിൻമുകളിലെ പാർക് ഗ്വലിൽ കയറിയാൽ നഗരത്തിെൻറ ആകാശ വീക്ഷണം കിട്ടും. കുന്നിൻപുറത്തെത്താൻ എലവേറ്ററുകളുണ്ട്. നടന്നുകയറിയാൽ കുന്നിൽമുകളിലെ കാറ്റേൽക്കുമ്പാഴുുള്ള കുളിര് അനുഭവിക്കാനാവും. ചരിത്ര പ്രസിദ്ധമായ മൊൺജൂയിക് കുന്നിൽ മുകളിൽ നിന്നും ഇൗ കാഴ്ച സാധ്യമാണ്. 1640ൽ പണികഴിപ്പിച്ച മോൺജൂയിക് കോട്ടയും കൊട്ടാരവും ഇൗ മലമുകളിലാണ്. മോൺജൂയിക് കുന്നിലെത്താൻ കേബിൾ കാറിൽ കയറാൻ വന്നപ്പോഴാണ് പൂണെക്കാരി ആരതിയെ കാണുന്നത്. അറുപത് കഴിഞ്ഞ അവർ ഒറ്റക്ക് ബാഴ്സലോണ കാണാനിറങ്ങിയതാണ്. ഭർത്താവിനേയും മകനേയും വിട്ട് ഒറ്റക്ക് കഴിയുന്ന അവർക്ക് യാത്ര ഹരമാണ്. ടൂർ പാക്കേജിെൻറ ഭാഗമായി വന്നതിനാൽ അവർ മോൺജൂയികിൽ വെച്ചു തന്നെ വഴിപിരിഞ്ഞു. ബാഴ്സലോണ ബീച്ച്
നല്ല വെയിലുള്ള ഒരു ഞായറാഴ്ചയാണ് ബീച്ച് കാണാനിറങ്ങിയത്. പംപ്ലോനയിൽ നിന്ന് പത്ത് മിനിറ്റ് നടന്നാൽ ബീച്ചായി. വോളിബോൾ, സൺ ബാത്ത്, മ്യൂസിക് ഫ്യൂഷൻ, മസാജ് എന്നിവയെല്ലാമായി ബീച്ച് രാവിലെ മുതൽ സജീവമാണ്. ബീച്ച് വോളിബോളാണ് മുഖ്യം. കളിയൊന്നുമില്ലാതെ വെറുതെ മണപ്പുറത്ത് വെയിലുകൊണ്ട് കിടക്കുന്നവരുമുണ്ട്. വെറുതെ കിടക്കുകയല്ല. പലരും പുസ്തകം വായനയിലാണ്. വിരിച്ച് കിടക്കാൻ ഷാൾ ആവശ്യമുള്ളവർക്ക് അതും ലഭ്യം. ഷാൾ വിൽക്കുന്ന ഇന്ത്യക്കരേയും പാകിസ്താൻകാരെയും ബീച്ചിലുടനീളം കാണാം. നമ്മുടെ ബീച്ചിലെ കടല വിൽപനക്കാർക്ക് സമാനമായി ഷാൾ വിൽപനയാണെന്നു മാത്രം. കൊളംബസ് സ്മാരകം
തിരയടങ്ങിയ നീലക്കടൽ മുട്ടിയുരുമ്മുന്ന ബീച്ചിലൂടെ നടന്നു നടന്ന് കൊളംബസ് സ്മാരകത്തിനു ചുവട്ടിലെത്തി. പ്രസിദ്ധമായ ലാ റാംബ്ല വീഥിയുടെ കിഴക്കേയറ്റം. 60 മീറ്റർ ഉയരത്തിലുളള കൊളംബസ് സ്മാരകം 1888ലാണ് പണിതത്. ക്രിസ്റ്റഫർ കൊളംബസ് എന്ന സഞ്ചാരിയുടെ നാവിക പര്യടനത്തിെൻറ ഒാർമക്കായി. 200 അടി ഉയരത്തിൽ ഒറ്റത്തൂണിൽ നിൽക്കുന്ന കൊളംബസിെൻറ പ്രതിമ അധിനിവേശത്തിെൻറ ഒാർമപ്പെടുത്തലായി തോന്നിയേക്കാം, നമുക്ക്. കത്തലൂണിയക്കാർക്ക് അത് അഭിമാന സ്തംഭമാണ്. ചരിത്രത്തിെൻറ വായന കിഴക്കും പടിഞ്ഞാറും വ്യത്യസ്തമാണല്ലോ.
ചരിത്രവും കലയും കായികവുമാണ് ബാഴ്സലോണ. അവയുടെ വഴിയടയാളങ്ങൾ തെരഞ്ഞെത്തുന്നവർക്ക് ഇന്നും ഇൗ മഹാ നഗരം എന്നും അതിശയമാണ്, ആവേശമാണ്, ആഹ്ലാദമാണ്.