മാടി വിളിക്കുന്നു പിന്നെയും ഡൽഹി
text_fieldsഡൽഹിയെ തണുപ്പിൻെറ കരങ്ങള്‍ പുൽകിത്തുടങ്ങിയിരിക്കുന്നു. ഡൽഹി കാണാന്‍ ഏറ്റവും യോജിച്ച സമയം ഇതാണ്, ദീപാവലിയ്ക്ക് അൽപം മുമ്പും അൽപം പിമ്പേയുമുള്ള സമയം. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍. ചൂടിൻെറ വേവ് ഒട്ടുമില്ലാതെ അധികരിച്ച തണുപ്പില്ലാതെ കാഴ്ചകള്‍ കണ്ടു നടക്കാം. എത്ര കണ്ടാലും എത്ര അറിഞ്ഞാലും പിന്നെയും കാണാനും അറിയാനും ബാക്കിയാണിവിടെ. എവിടം മുതലാണ് ഡൽഹി കണ്ടുതുടങ്ങുക എന്ന ചോദ്യം ഉള്ളിലുയർന്നു വരുന്നു. ആധുനികതയും ഉത്തരാധുനികതയും അവയുടെ വേരുകള്‍ മുഴുവനും ആഴ്ത്തി ഉറച്ചുനിൽക്കുന്ന പൗരാണികതയെത്തൊട്ടുതന്നെ തുടങ്ങട്ടെ.
ആദ്യമായി ഒരിടത്തെത്തുമ്പോള്‍ എവിടങ്ങളിലായിരിക്കും ആദ്യം പോവുക? ഞാന്‍ പോയത് മാർക്കറ്റുകളിലാണ്. ഡൽഹിയുടെ ഹൃദയം സ്പന്ദിക്കുന്ന മാർക്കെറ്റുകള്‍ കണ്ടുകണ്ട് ഡൽഹി അറിഞ്ഞു കൊണ്ടുള്ള ഓരോ യാത്രയിലും കൗതുകം തോന്നിയ എന്തൊക്കെയോ ഞാന്‍ വാങ്ങിക്കൂട്ടി. ചാന്ദ്നി ചൌക്കില്‍ നിന്നു വാങ്ങിയതിലേറെയും വസ്ത്രങ്ങളായിരുന്നു.
എപ്പോഴും തിരക്കാണ് ചാന്ദ്നി ചൗക്കില്‍. ഡൽഹിയിലെ ഏറ്റവും പഴയ മാർക്കറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോൾസെയില്‍ മാർക്കറ്റുകളിലൊന്ന്. തൊട്ടടുത്ത് ചെങ്കോട്ട. നാല് നൂറ്റാണ്ടുൾക്ക് മുമ്പ് ഷാജഹാന്‍ ചക്രവർത്തിയുടെ പ്രിയ പുത്രി ജഹനാര ബീഗമാണ് ഈ മാർക്കറ്റ് രൂപകൽപന ചെയ്തതത്രേ. രാജവാഴ്ചയുടെ കാലം അസ്തമിച്ചപ്പോള്‍ ചാന്ദ്നി ചൗക്കിൻെറ
പ്രൗഢമായ രൂപഭാവങ്ങൾക്കും മാറ്റമുണ്ടായി. പക്ഷെ പ്രാധാന്യം ഇന്നുമുണ്ട്. അവിടെ കിട്ടാത്തതൊന്നുമില്ല. ഓരോ ഗലിയും ഓരോ ബസാര്‍ ആണ്. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ചെരുപ്പുകള്‍, ഇലക്ട്രിക് സാധനങ്ങള്‍ തുടങ്ങി ഏതിനും പ്രത്യേകം പ്രത്യേകം ബസാറുകള്‍. ഞാന്‍ ആദ്യമായി ചാന്ദ്നി ചൗക്കിലെത്തിയത് വസ്ത്രങ്ങള്‍ തേടിയായിരുന്നു. സൈക്കിള്‍ റിക്ഷകള്‍ മാത്രം തലങ്ങും വിലങ്ങും പായുന്ന റോഡുകള്‍. ഇരുഭാഗത്തുനിന്നുമായി രണ്ട് റിക്ഷകളെത്തിയാല്‍ ഒന്നു മറ്റൊന്നിന് എങ്ങനെ വഴിയൊഴിഞ്ഞു കൊടുക്കുമെന്ന് നിർണയിക്കാനാകാത്ത ഗലികള്‍. ആളൊഴിയാത്ത കടകള്‍. ഇതായിരുന്നു ചാന്ദ്നി ചൗക്ക് ആദ്യ കാഴ്ചയിലെനിയ്ക്ക്.
ഒത്ത നടുക്കൊരു കുളവും അതിനു ചുറ്റുമായി ചതുരത്തില്‍ മാർക്കറ്റും എന്ന രീതിയില്‍ രൂപകൽപ്പനചെയ്യപ്പെട്ടയിടമാണെന്ന്പിന്നീടാണ്അറിഞ്ഞത്. ചുറ്റിലും കനാലുകളും ഉണ്ടായിരുന്നുവത്രേ. രാത്രിയില്‍ നിലാവെളിച്ചം കുളത്തിലൂടെയും കനാലിലൂടെയും പ്രതിഫലിച്ച് മാർക്കറ്റില്‍ മുഴുവനും വെളിച്ചം വിതറുമായിരുന്നുവെന്നും അറിഞ്ഞു. അതുകൊണ്ടായിരിക്കാം ചാന്ദ്നി ചൗക്ക് എന്ന പേര് വന്നതെന്ന് ചിന്തിക്കുമ്പോഴേയ്ക്കും മറ്റൊന്നറിഞ്ഞു. വെള്ളി ഹിന്ദിയില്‍ ചാന്ദി ആണ്. ചാന്ദ്നി ചൗക്കിനെ പ്രശസ്തമാക്കിയത് അവിടെ ഉണ്ടായിരുന്ന വെള്ളി വിൽപ്പനക്കാരായതുകൊണ്ടാണ് മാർക്കറ്റിന് ആ പേര് വന്നതെന്ന്.
നൂറ്റാണ്ടുകള്‍ ചാന്ദ്നി ചൗക്കിൻെറ രൂപത്തെ ഒരുപാട് മാറ്റിക്കഴിഞ്ഞിരിക്കുന്നു. കുളമോ കനാലുകളോ ഇന്നവിടെയില്ല. അവയില്‍ പ്രതിഫലിച്ച് മാർക്കറ്റിനെ കൂടുതല്‍ പ്രകാശമാനമാക്കിയിരുന്ന ചന്ദ്രികാ ചർച്ചിതമായ രാത്രികളുടെ ഭംഗിയും ഇന്നതുകൊണ്ട് കാണാന്‍ കഴിയില്ല.
സരോജിനി നഗര്‍ മാർക്കറ്റിന് ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെയും ലാജ്പത് നഗര്‍ മാർക്കറ്റിന് പഞ്ചാബിന്റെു സിംഹം ലാലാ ലാജ്പത് റായിയുടെയും ബഹുമാനാർഥമാണ് ആ പേരുകള്‍ നൽക പ്പെട്ടത്. ഡൽഹിയില്‍ ഉയർന്ന വിലയില്‍ സാധനങ്ങള്‍ കിട്ടുന്നയിടമാണ് ഖാന്‍ മാർക്കറ്റ്. സമ്പന്ന വിഭാഗങ്ങൾക്ക് പ്രിയപ്പെട്ടയിടം. കരോള്‍ബാഗില്‍ ജനജീവിതവും മാർക്ക റ്റും ഒരുമിച്ചൊഴുകുന്നു.
ഇത്രയും മാർക്കറ്റുകള്‍ കൂടാതെ ഓരോ ഏരിയയിലും ആഴ്ചയിലൊരു ദിവസം വഴിവാണിഭക്കാർക്ക് കച്ചവടം ചെയ്യാന്‍ നിയമപരമായി അനുവാദം കൊടുത്തിട്ടുണ്ട് ഡൽഹിയില്‍. നമ്മുടെ നാട്ടിലെ ചന്തകള്‍ പോലെ. അത്തരം മാർക്കറ്റുകള്‍ അവ ഏതു ദിവസമാണോ ഓരോയിടത്തും നടക്കുന്നത് അതതു ദിവസത്തിന്റെ പേരിലാണ് ആ ഇടങ്ങളില്‍ അറിയപ്പെടുന്നത്. ഞങ്ങള്‍ താമസിക്കുന്ന കാല്ക്കാജിയില്‍ അത് ബുധനാഴ്ച മാർക്കറ്റാണ്. കരോള്‍ബാഗില്‍ തിങ്കളാഴ്ച മാർക്കറ്റ്. ഭോഗലില്‍ ചൊവ്വാഴ്ച. ആര്‍ കെ പുരത്ത് ഞായറാഴ്ച. അങ്ങനെ ഓരോയിടത്തും പല ദിവസങ്ങളിലായി ഈ മാർക്കറ്റുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.