മുത്തുകളുടെ നാട്ടിൽ
text_fieldsഒരു വിനോദയാത്രാസംഘത്തോടൊപ്പം ചേർന്നായിരുന്നു ഞങ്ങളുടെ ഹൈദരാബാദ് യാത്ര. ഷൊർണൂരിൽ നിന്ന് ഉച്ചക്ക് ശബരി ട്രെയിൻ കയറുമ്പോൾ കുടുംബങ്ങളും കുട്ടികളുമൊക്കെയായി വിവിധ നാടുകളിൽ നിന്ന് ഒത്തുകൂടിയ 77 പേരുണ്ടായിരുന്നു ഞങ്ങളുടെ സംഘത്തിൽ. കോയമ്പത്തൂരും സേലവും തിരുപ്പൂരും പിന്നിട്ട് ട്രെയിൻ കൂകി പായുമ്പോൾ ചുകന്ന മുളകുപാടങ്ങളും പരുത്തികൃഷികളും പകൽകാഴ്ചകളായി. പിറ്റേന്ന് ഉച്ചക്ക് ശേഷം രണ്ടരക്ക് ഹൈദരാബാദ് ഡെക്കാനിൽ ട്രെയിനിറങ്ങി. വലിയൊരു മിനി ബസുമായി ടൂർ ഓപറേറ്റർമാരായ മുസദ്ദിഖും മുജീബുറഹ്മാനും ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. അവിടെ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക്. വിശ്രമത്തിനു ശേഷം നാലു മണിയോടെ ആദ്യ ദിനത്തിലെ കറക്കത്തിനിറങ്ങി. ഹൈദരബാദിന് മുത്തുകളുടെ നഗരം എന്ന് പേര് വരാൻ കാരണം ഹൈദരബാദിൽ നിന്നു 74 കിലോമീറ്റർ അകലത്തിലുള്ള ചന്ദൻപേട്ട് ആണ്. ഇവിടെയാണ് വൈവിധ്യമാർന്ന രീതിയിൽ മുത്തുകൾ രൂപപ്പെടുത്തുന്നത്.
ഹുസൈൻ സാഗർ ഹൈരാബാദിലെ കാഴ്ചകൾ അധികവും ഹുസൈൻ സാഗർ തടാകത്തെ ചുറ്റിപ്പറ്റിയാണ്. ഹൃദയ രൂപത്തിൽ നിർമിതമായ തടാകമാണിത്. 1563ൽ ഖുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമനായ ഇബ്രാഹിം ഖുലി ഖുതുബ് 5.7 കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ചതാണ് തടാകം. 32 അടി ആഴമുള്ള ഇത് ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും ഇരട്ടനഗരങ്ങളായി വേർതിരിക്കുന്നു. തടാകത്തിലെ ഏറ്റവും ആകർഷകം മധ്യത്തിൽ സ്ഥിതി ചെയ്യുന്ന 1992ൽ സ്ഥാപിച്ച ഗൗതമ ബുദ്ധെൻറ ഏകശില പ്രതിമയാണ്. 18 മീറ്റർ ഉയരമുള്ള പ്രതിമയുടെ ഭാരം 450 ടണ്ണാണ്. ലുംബിനി പാർക്കിൽ നിന്ന് ഹുസൈൻ സാഗറിലൂടെയുള്ള ബോട്ട് സർവിസിലൂടെ പ്രതിമക്കടുത്തെത്താം.
എൻ.ടി.ആർ. ഗാർഡൻ ആദ്യയാത്ര ഹുസൈൻ സാഗറിൻെറ ചാരത്തെ എൻ.ടി.ആർ. ഗാർഡനിലേക്കായിരുന്നു. 36 ഏക്കർ സ്ഥലത്ത് നഗര ഹൃദയത്തിലാണ് പൂന്തോട്ടം. അകത്ത് കടന്നാൽ കാണാനേറെ. നടന്ന് കാണുന്നവർക്ക് ക്ഷീണിക്കാതിരിക്കാനും സമയം ലാഭിക്കാനും ഒരു കൊച്ചു ട്രെയിനുണ്ട് ഇവിടെ. 20 രൂപ കൊടുത്ത് അതിൽ കയറിയാൽ പൂന്തോട്ടത്തിൻെറ ഏതാണ്ടെല്ലാ ഭാഗത്തു കൂടെയും കൂകിപ്പാഞ്ഞ് കാഴ്ചകൾ കാണാം. ഞങ്ങൾ കുറച്ചു പേർ ട്രെയിനിൽ കയറി ചുറ്റിക്കണ്ടു. പിന്നീട് നടന്നും ശേഷിച്ച സ്ഥലങ്ങൾ കണ്ടു. പുറത്തിറങ്ങിയപ്പോഴുണ്ട് ബസ് പുറപ്പെടുന്നു. ഓടിക്കയറി.
ലേസർ ഷോ
പിന്നെ എത്തിയത് ലുംബിനി പാർക്കിലെ ലേസർ ഷോയിലേക്ക്. അവിടെ ആളെത്തിത്തുടങ്ങുന്നേയുള്ളൂ. ടിക്കറ്റെടുത്തിരുന്നു. പാട്ടുകൾ ഒഴുകുന്നു. അതിൽ മലയാളം പാട്ടുകളുമുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഗാലറി ഏതാണ്ട് നിറഞ്ഞു. ഷോ തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മീഡിയ ഫൗണ്ടേഷൻ ഷോ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിൽ ഹൈദരാബാദിെൻറ ഭൂത-വർത്തമാന- ഭാവി കാണിക്കുന്നു. 30 മിനിറ്റ് നീണ്ടു നിൽക്കുന്ന ഷോ ദിവസവും വൈകീട്ട് 7.15നും 8.30മാണുള്ളത്. നേർത്ത ജലധാരയിൽ പ്രൊജക്ടർ ഉപയോഗിച്ച് കാണിക്കുന്ന ഈ ഷോ ചിലപ്പോഴൊക്കെ അദ്ഭുതപ്പെടുത്തുന്നതും രസകരവുമാണ്.
ഹുസൈൻ സാഗറിനരികെ 7.5 ഏക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന നഗര പൂന്തോട്ടമാണ് 1994 ൽ സ്ഥാപിച്ച ലുംബിനി പാർക്ക്. നേപ്പാളിലെ ബുദ്ധക്ഷേത്രസമുച്ചയങ്ങളുടെ പേരാണ് ലുംബിനി. 2007 ആഗസ്റ്റ് 25ന് 42 പേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്ത രണ്ടിടത്ത് നടന്ന ബോംബ് സ്ഫോടനങ്ങളിൽ ഒന്ന് ഇവിടെയായിരുന്നു. അതിന് ശേഷം ഇവിടത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കർശന പരിശോധനയിലൂടെയാണ് കടത്തിവിടുന്നത്.
ഗോൽക്കണ്ട കോട്ട
രണ്ടാം ദിനം നേരത്തെ ഗോൽക്കണ്ട കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ഹൈദരാബാദിൻെറ ഹൃദയഭാഗം പിന്നിട്ട് 11 കി.മീ. യാത്ര ചെയ്ത് ഗോൽക്കണ്ട ഫോർട്ടിലെത്തി. കോട്ട ചുറ്റി കാണാൻ ഒന്നുരണ്ട് മണിക്കൂർ എടുക്കും. കവാടത്തിൽ തന്നെ കോട്ടയുടെ ചരിത്രങ്ങളും സംഭവങ്ങളുമെഴുതിയിരിക്കുന്നു. ഗോൽക്കണ്ട കുത്തുബ് ഷാഹി രാജവംശത്തിെൻറ കേന്ദ്രമായിരുന്നു. ശരിക്കും അറിയപ്പെട്ടിരുന്നത് മങ്കൽ എന്നായിരുന്നു. ഗോൽക്കണ്ട ആദ്യം സ്ഥാപിച്ചത് കാക്കാത്തിയ രാജവംശമാണ്. 11 കിലോമീറ്റർ ചുറ്റളവിൽ 486 അടി ഉയരത്തിലുള്ള ഗ്രാനൈറ്റ് മലയാണ് കൊട്ടാരം. 1590ൽ തലസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റുന്നത് വരെ ഇവിടമായിരുന്നു ഖുത്തുബ് ഷാഹി രാജവംശത്തിെൻറ ആസ്ഥാനം. കോഹിനൂരടക്കമുള്ള രത്നങ്ങളുടെ കലവറ കൂടിയായിരുന്നു കോട്ട. ഗോൽക്കണ്ട രത്നങ്ങളുടെ നഗരം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഒരു കാലത്ത് രത്നങ്ങളുടെയും മുത്തുകളുടെയും വ്യാപാര കേന്ദ്രമായിരുന്നു ഇവിടം. ഇവിടത്തെ ഗുണ്ടൂർ ജില്ലയിലെ കൊല്ലൂരിൽ അനേകം രത്നഖനികളുണ്ടായിരുന്നു. വ്യത്യസ്തമായ നാല് കോട്ടകളുൾക്കൊള്ളുന്നതാണ് ഗോൽക്കണ്ട ഫോർട്ട്. എട്ട് കവാടങ്ങളാണ് കോട്ടക്കുള്ളത്. അതിൽ പ്രധാനം കോട്ടയുടെ കിഴക്കുഭാഗത്തെ ബാല ഹസാരി കവാടമാണ്. ഓരോ കൊട്ടാരങ്ങളും അന്തപുരങ്ങളാലും ഹാളുകളാലും ക്ഷേത്രങ്ങളും പള്ളികളാലും ഗോപുര- പന്തികളാലും സമൃദ്ധമായിരുന്നു. അദ്ഭുതപ്പെടുത്തുന്നതും വിസ്മയകരവുമാണ് അതിെൻറ നിർമിതികൾ. ഇന്നതിെൻറ അവശിഷ്ടങ്ങളൊക്കെ കാണാം. വഴിയിൽ വലിയ കുളങ്ങൾ പോലുള്ള കുഴികൾ വറ്റാറായി കിടക്കുന്നു. അതിൽ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും. സംരക്ഷണത്തിെൻറ കാര്യത്തിൽ ശ്രദ്ധയില്ലെന്ന് തോന്നി.
സാലർ ജങ് മ്യൂസിയം
പിന്നീട് ഞങ്ങൾ എത്തിയത് ദാറു ശിഫയിലെ സാലർ ജങ് മ്യൂസിയത്തിലാണ്. സാലർ ജങ് രാജകുടുംബത്തിെൻറ വസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. നവാബ് മിർ യൂസഫ് അലിഖാൻ സാലർ ജങ് മൂന്നാമെൻറ ശേഖരമാണ് ഇതിലധികവും. ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവിധ തരത്തിലെ ഘടികാരങ്ങളും ഖുർആൻ കലക്ഷൻസുമൊക്കെ ഇവിടത്തെ പ്രത്യേകതയാണ്. കൂടാതെ ഇരട്ട പ്രതിമയും, സുതാര്യമായ തുണികൊണ്ട് മുഖം മറച്ച് നിൽക്കുന്ന പോലെ മുഴുവനായി മാർബിളിൽ തീർത്ത റബേക്കയുടെ പ്രതിമയും ഒക്കെ ആകർഷകങ്ങളാണ്.
എല്ലാം കൺകുളിർക്കെ കണ്ട് ഇറങ്ങി. അകത്ത് തന്നെയുള്ള ഭക്ഷണശാലയിൽ ഭക്ഷണം കിട്ടുമെന്ന് പറഞ്ഞതനുസരിച്ച് ഞങ്ങൾ ചെന്നപ്പോൾ ഉച്ചക്ക് രണ്ട് മണിയായപ്പോഴേക്കും തീർന്നിരുന്നു. പിന്നീട് മ്യൂസിയത്തിന് പുറത്തിറങ്ങി. കുറച്ചു നടന്നപ്പോൾ തണ്ണിമത്തൻ മുറിച്ച് പീസാക്കി ഐസിലിട്ട് ഉപ്പിലിട്ടത് ചെറു പ്ലെയിറ്റുകളിൽ വിൽക്കുന്നത് കണ്ടു. ഒരു പ്ലയിറ്റിന് 10 രൂപ. രണ്ട് പ്ലെയിറ്റ് വീതം കഴിച്ചപ്പോൾ വിശപ്പകന്നു. ദാഹവും മാറി. പിന്നീട് ചൗവൽ മഹല്ലിനടുത്തേക്ക്. അവിടെ ഭേദപ്പെട്ട ഒരു ഹോട്ടലിൽ ഉച്ചഭക്ഷണത്തിന്. അപ്പോഴേക്കും മൂന്ന് മണിയായി. മട്ടൺ ബിരിയാണി ഓർഡർ ചെയ്തു. ഒന്നിന് 90 രൂപ. കഷണങ്ങൾ കുറവാണെങ്കിലും ചോറ് ധാരാളം. രുചിയുമുണ്ട്.
ചൗ മഹൽ
കഴിച്ചിറങ്ങി നേരെ മഹല്ലിലേക്ക്. ഇവിടെയും കുറെ പടക്കോപ്പുകളും രാജകീയ വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു. 45 ഏക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചൗ മഹൽ പാലസ് (നാല് കൊട്ടാരങ്ങൾ ) നൈസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്നു. നൈസാം ജർമനിയിൽ പോയപ്പോൾ വാങ്ങിയ റോൾസ് റോയ്സ് കാറുകളും ഇവിടെ സൂക്ഷിപ്പായുണ്ട്. പുറത്ത് പുൽത്തകിടിയിൽ ഏതാണ്ടെല്ലാവരും നിന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തു. പിന്നെ ചാർമിനാറിലേക്ക്. ഒന്നിച്ച് ടിക്കറ്റെടുത്ത് മുകളിൽ കയറി. 1591ൽ മുഹമ്മദ് ഖുലി ഖുത്തുബ് ഷാ പേർഷ്യൻ വാസ്തുശിൽപ രീതിയിൽ നിർമിച്ചതാണ് ഹൈദരാബാദിെൻറ ഈ അടയാളം. നഗരത്തിൽ പടർന്നു പിടിച്ച പ്ലേഗ് ശമിക്കാൻ ദൈവത്തിന് സമർപ്പിച്ചതാണ് ചാർമിനാർ എന്നൊരു കഥയുണ്ട്. മുകളിൽ കയറിയാൽ തൊട്ടടുത്തുള്ള മക്ക മസ്ജിദിെൻറ വിശാലത കാണാം.
മക്ക മസ്ജിദ്
അടുത്തതായി പോയത് മക്ക മസ്ജിദിലേക്ക് തന്നെ. പരിസരങ്ങളിലാകെ വഴിയോര കച്ചവടങ്ങൾ. അവയിൽ പഴങ്ങളും ഫാൻസി ഇനങ്ങളുമുണ്ട്. വെറുതെ വില ചോദിച്ചു നടന്നു. പിന്നെ വാങ്ങാമെന്ന് വിചാരിച്ചു. ചെറിയ പ്ലാസ്റ്റിക്ക് കവറുകളിൽ സൗജന്യ കുടിവെള്ള വിതരണം. ചിലർ അത് വാങ്ങി കുടിച്ചു. പിന്നീട് മസ്ജിദിൻെറ മുറ്റത്ത്. മക്കത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് ചുട്ടെടുത്ത ഇഷ്ടികയിൽ തീർത്തതാണ് പ്രധാന കവാടം. മക്ക മസ്ജിദ് ചുറ്റിക്കണ്ട് കൂടെയുള്ളവരെ കാത്തിരുന്നു.
സ്നോ വേൾഡ്
2004ൽ രണ്ട് ഏക്കറിൽ സ്ഥാപിച്ചിട്ടുള്ള ഈ അമ്യൂസ്മെൻറ് പാർക്ക് പൂജ്യം ഡിഗ്രി സെൻറീഗ്രേഡിലാണുള്ളത്. ഒരേ സമയം 300 പേരെ ഉൾക്കൊള്ളാൻ ഇതിനാകും. അവിടെയെത്തിയപ്പോൾ രാത്രിയായിരുന്നു. 400 രൂപ ടിക്കറ്റിൽ ഓരോരുത്തരും ഹിമപ്രതിരോധ വസ്ത്രങ്ങളണിഞ്ഞ് അകത്തു കടന്നു. ശരിക്കും ഒരു മഞ്ഞുലോകം പോലെ. കശ്മീരിൽ പോയപ്പോൾ സോണാമാർഗിലെ മഞ്ഞുമലയിൽ ചെന്നുപെട്ടതു പോലത്തെ അനുഭവം. ഫുട്ബാൾ തട്ടിക്കളിച്ചും മഞ്ഞ് പരസ്പരം വാരിയെറിഞ്ഞും എല്ലാവരും ആസ്വദിക്കുന്നു. അത് കാമറയിൽ പകർത്തുന്നു. ഒരു മണിക്കൂറോളം ചെലവഴിച്ച് പുറത്തിറങ്ങി. ചൂടാക്കാൻ ഓരോ ചായ കുടിച്ചു. നേരെ യൂത്ത് ഹോസ്റ്റലിലേക്ക്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് മുറിയിലേക്ക്. കുളിച്ച് പ്രാർഥിച്ച് ക്ഷീണം കാരണം വേഗമുറങ്ങി.
രാമോജി ഫിലിം സിറ്റി
മൂന്നാം ദിവസം. ഇന്ന് യാത്ര രാമോജി ഫിലിം സിറ്റിയിലേക്ക്. 25 കിലോമീറ്ററോളം യാത്ര ചെയ്ത് അവിടെയെത്തി. നിരവധി ഇന്ത്യൻ സിനിമകൾക്ക് സെറ്റൊരുക്കുന്നുവെന്നതാണ് ഫിലിം സിറ്റിയുടെ പ്രത്യേകത. അകത്ത് കടന്ന് അവരുടെ പ്രത്യേക ബസിൽ ചുറ്റിക്കാണൽ ആരംഭിച്ചു. ഒരുപാട് ഹിറ്റ് മലയാള ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മീശ മാധവൻ, കല്യാണരാമൻ മുതൽ ടേക് ഓഫ് വരെ അതിലുണ്ട്. ഞങ്ങൾ ചെന്നിറങ്ങിയപ്പോൾ സ്വാഗത പരിപാടി അവസാനമായിരിക്കുന്നു. കഴിഞ്ഞതോടെ വീണ്ടും ബസിൽ കയറി. ഇറങ്ങിയും കണ്ടും കയറിയും വിശ്രമിച്ചും കണ്ടു തീർത്തു. തീർത്തു എന്ന് പറഞ്ഞു കൂട. ഇനിയും ബാക്കിവെച്ച് വൈകുന്നേരത്തോടെ തിരികെ പോരേണ്ടി വന്നു. 1100 രൂപ കൊടുത്ത് അകത്തു കടന്നാൽ ഭക്ഷണത്തിനൊഴികെ പിന്നെ പണം കൊടുക്കേണ്ട. ഭക്ഷണത്തിന് ഇരട്ടിയും മൂന്നിരട്ടിയുമൊക്കെ വിലയുള്ളൂവെന്നേയുള്ളൂ. ചായക്ക് 20 രൂപയാണ്. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ അകത്ത് കടത്താനും പാടില്ല.
ഫിലിം സിറ്റിയിൽ നിന്ന് തിരിച്ച് പോരവേ ശക്തമായ ഇടിയും മഴയും. റോഡിലൊക്കെ വെള്ളം. മുറിയിൽ രാത്രി ഏഴു മണിയോടെ താമസസ്ഥലത്ത് എത്തി. ഇനിയും ഹൈദരാബാദ് ധം ബിരിയാണി കഴിച്ചിട്ടില്ല, ഹൈദരാബാദിെൻറ പ്രേത്യകതയായ കറാച്ചി ബിസ്ക്കറ്റ് വാങ്ങിയിട്ടുമില്ല. താമസ സ്ഥലത്തിനടുത്തുള്ള ഗ്രേറ്റ് ബർച്ചി ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചു. ബിസ്ക്കറ്റിന് ഒാർഡർ നലകി. പിറ്റേന്ന് രാവിലെ തന്നെ തിരികെ വരാൻ ഒരുക്കങ്ങൾ തുടങ്ങി. ഓർഡർ കൊടുത്ത കറാച്ചി ബിസ്ക്കറ്റ് ബേക്കറിക്കാർ റെയിൽവേ സ്റ്റേഷനിലെത്തിച്ചുതന്നു. 11.15ഓടെ ട്രെയിൻ പുറപ്പെട്ടു. യാത്രയുടെ രസവും കൂടിച്ചേരലുമൊക്കെ തിരികെയുള്ള ട്രെയിൻ യാത്രയിലായിരുന്നു. പാടിയും പറഞ്ഞും പലതും വാങ്ങി പകുത്തു നൽകിയും അവിസ്മരണീയമാക്കി. കാണാൻ ഇനിയും നെഹ്റു സുവോളജിക്കൽ പാർക്ക്, ഖുതുബ് ഷാഹി ശവകുടീരങ്ങൾ, ബിർല മന്ദിർ തുടങ്ങി കുറെ സ്ഥലങ്ങൾ ബാക്കിവെച്ച് വീണ്ടും വരാമെന്ന പ്രതീക്ഷയോടെ ഹൈദരാബാദിനോട് വിടചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.