മന്ത്രവാദികളുടെ നാട്ടില്‍
text_fieldsതുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് ഗോഹട്ടിയിലെ ചെറിയ ലോഡ്ജില്‍ തങ്ങുന്നത്. സിലിഗുരിയില്‍ വെച്ചു തന്നെ ബൈക്കിനു തകരാറുകള്‍ കണ്ടുതുടങ്ങിയിരുന്നെങ്കിലും കാമാഖ്യാ ക്ഷേത്രത്തിലെ അബ്ബുബാച്ചി മേളയില്‍ പങ്കെടുക്കണം എന്നതുകൊണ്ട് മാത്രമാണ് ഒരു വിധത്തില്‍ ബൈക്ക് ഗോഹട്ടിയില്‍ എത്തിച്ചത്. എന്റെ ഭാഷയുടെ പ്രശ്നമാണോ അതോ മെക്കാനിക്കിന് തകരാര്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്തത് കൊണ്ടോ എന്തോ ബൈക്ക് രണ്ടുദിവസത്തിനു ശേഷമാണു തിരിച്ചു കിട്ടിയത്. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലും മറ്റുമായി ചിലവഴിക്കുകയായിരുന്നു. ദുര്‍ഗാദേവിയുടെ അന്‍പത്തി ഒന്ന് ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യാ ക്ഷേത്രം. താന്ത്രികാചാരത്തിന്റെ കേന്ദ്രം കൂടിയാണ് കാമാഖ്യ ക്ഷേത്രം. ചുവന്ന പൂക്കളും, ചുവന്ന ചാന്തുമാണ് ഇവിടെ പൂജക്ക് ഉപയോഗിക്കുന്നത്
താന്ത്രികവിദ്യയില്‍ നൈപുണ്യം ഉണ്ടെന്നു അവകാശപെട്ട നേപ്പാളില്‍ നിന്നുള്ള ഒരു സന്യാസിയാണ് മായോങ്ങ് എന്ന ഗ്രാമത്തെകുറിച്ചു പറയുന്നത്. താന്ത്രികവിദ്യ, അഘോരികള്‍, ആഭിചാരക്രിയകള്‍ തുടങ്ങിയ സംസാരമാണ് മായോങ്ങ് എന്ന ഗ്രാമത്തിലേക്ക് എത്തിച്ചത്. ഈ സന്യാസിയുടെ ഗുരുക്കന്മാര് ആഭിചാരക്രിയകള്‍ സ്വായത്തമാക്കിയത് മായോങ്ങ് ഗ്രാമത്തില്‍ നിന്നാണെത്രെ...അന്ന് രാത്രി മുഴുവന്‍ ഞാന്‍ മായോങ്ങ് എന്ന ഗ്രാമത്തെകുറിച്ചും കൂടോത്രം പോലെയുള്ള ആഭിചാരക്രിയകളെകുറിച്ചുമാണ് ആലോചിച്ചിരുന്നത്. കുട്ടിക്കാലത്ത് കേട്ട നിറംപിടിപ്പിച്ച കഥകളില്‍ ഒടിയനും, ചാത്തനും, മറുതയും, കൂടോത്രവുമെല്ലാം ഉണ്ടായിരുന്നു. ഒരിക്കല്‍ മണ്ണെടുക്കുന്ന അവസരത്തില്‍ വീട്ടില്‍ ഒരു മണ്‍പാത്രം കിട്ടിയിരുന്നു. തെങ്ങിന്‍പൂക്കുല, തകിട്, ചുവന്ന തുണി തുടങ്ങിയവകൊണ്ടുള്ള കൂടോത്രം തന്നെ ആയിരുന്നു. മുത്തശ്ശനടക്കം ആര്‍ക്കും അതില്‍ വിശ്വാസമില്ലാത്തത് കൊണ്ടാകണം ആരും പരിഭ്രാന്തരായിരുന്നില്ല. നാട്ടില്‍ വിഹരിച്ചു നടന്നിരുന്ന ഒടിയന്മരുടെ വംശനാശത്തിനു കാരണമായത് വെളിച്ചത്തിന്റെ വരവോടെയാണ്. വീടുകളില്‍ വൈദ്യുതവത്കരണം നടന്നതിനു ശേഷം ഒടിയന്മാര് അപ്രത്യക്ഷമായി.
ഗോഹട്ടിയില്‍ നിന്നും ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് മായോങ്ങ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയായ ഗോഹട്ടി മഹാഭാരതത്തില്‍ നരകാസുരന്റെ തലസ്ഥാനം എന്ന രീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. കിഴക്കിന്റെ വെളിച്ചം എന്നര്‍ത്ഥമുള്ള പ്രഗ്ജ്യോതിഷ്പൂര്‍ എന്നാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഗോഹട്ടി അറിയപെട്ടിരുന്നത്. ഗോഹട്ടിയുടെ ഗ്രാമങ്ങള്‍ക്ക് ഒരു കേരളച്ഛായ അനുഭവപെടാറുണ്ട്. കൃഷിയിടങ്ങളും കണ്ണെത്താദൂരത്തോളമുള്ള വയലുകളും കേരളത്തിനു ഗോഹട്ടിയുടെ വിദൂരച്ഛായയുണ്ട് എന്നും പറയാം. കേരളത്തിലെ കാര്‍ഷികരംഗം അത്രമേല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുര്‍ഘടമായ പാതയൊന്നുമല്ല മായോങ്ങിലേക്കുള്ളത്. വടക്കു കിഴക്കാന്‍ സംസ്ഥാനങ്ങളിലെ മറ്റു റോഡുകളെ സംബധിച്ച് ഇത് ഏറെക്കുറെ മികച്ചതാണ്. ഒരു ഗ്രാമം എന്നതിലുപരി ചെറിയ ഒരു പട്ടണം എന്ന വിശേഷണമാണ് മായോങ്ങിനു ചേരുക. മനസ്സില്‍ ഉണ്ടായിരുന്ന ഒരു ചിത്രമേ ആയിരുന്നില്ല മയോങ്ങിന്. പരിഷ്കൃതമായ ഈ കൊച്ചുപട്ടണത്തില്‍ ഞാന്‍ ആരോടാണ് കൂടോത്രത്തെ കുറിച്ച് ചോദിക്കുക്ക, എവിടെയാണ് ഞനൊരു താന്ത്രികവിദ്യകൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരാളെ കണ്ടെത്തുക ?
സാധാരണ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റുന്ന ചെപ്പടിവിദ്യകളൊക്കെ നോക്കിയിട്ടും ഒരാളും ശ്രദ്ധിക്കുന്നില്ല. അവസാന ശ്രമമെന്നോണം ഒരു കടയില്‍ കയറി സിഗരട്ട് മേടിക്കുന്ന കൂട്ടത്തില്‍ താന്ത്രിക-മാന്ത്രിക വിദ്യകള്‍ ചെയ്യുന്നവരേ അറിയാമോ എന്ന് ചോദിച്ചു..ഏകദേശം മധ്യവയസ്സിനോടടുത്ത അദേഹം നെറ്റിചുളിച്ചുകൊണ്ടാണ് ഉത്തരം പറഞ്ഞത്. എനിക്കറിഞ്ഞൂടാ ..അങ്ങനെയാരും ഇവിടില്ലലോ,,നിങ്ങളെ ആരാണ് ഇങ്ങോട്ട് പറഞ്ഞയച്ചത് ..
ഉത്തരം പറയാതെ തിരിഞ്ഞു നടക്കുമ്പോള്‍ കടക്കാരനും മറ്റൊരാളും എന്തോ പറഞ്ഞു ചിരിക്കൂന്നുണ്ടായിരുന്നു. മനസിലായില്ലെങ്കിലും പുലര്‍ച്ചെ തന്നെ കൂടോത്രക്കാരെ അന്വേഷിച്ചു വന്ന വിഡ്ഢിയായ എന്നെ പരിഹസിച്ചു ചിരിച്ചതാകണം എന്ന് ഞാന്‍ ഊഹിച്ചു. നിരാശയോടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോയാണ് ഒരു പിന്‍വിളി ..അതെ കടക്കാരന് തന്നെ..നിങ്ങള്‍ മ്യൂസിയം ഒന്ന് കണ്ടുനോക്കൂ, കരുണാ നാഥ് നിങ്ങളെ സഹായിക്കും. അങ്ങോട്ടുള്ള വഴിയും ചോദിച്ചു പോകുമ്പോള്‍ വെറുമൊരു സന്യാസിയുടെ വാക്കുവിശ്വസിച്ചു ഇത്ര ദൂരം വന്നതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു. ഒരു ഗ്രാമം മുഴുവന്‍ ആഭിചാരക്രിയകള്‍ ചെയ്യുന്നു, മാന്ത്രിക-താന്ത്രിക വിദ്യകൊണ്ട് അവിശ്വസനീയമായ പലതും ചെയ്യുന്നു എന്നെല്ലാം പറഞ്ഞുകേട്ടപ്പോള്‍ എനിക്ക് വലിയ പ്രതീക്ഷകള്‍ ആയിരുന്നു.
ഒരു ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന്റെ പകിട്ടോന്നുമില്ലാത്ത ഒരു കെട്ടിടം, സംശയിച്ചെന്നോണം തുറന്നിരിക്കുന്ന വാതില്‍. അകത്തേക്ക് കയറണോ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോയാണ് ചിരിച്ചുകൊണ്ട് ഒരാള്‍ വന്നത്. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി മനസിലാവുന്ന അദേഹം നാഥ് എന്നാണ് പരിചയപെടുത്തിയത്. നാഥാണ് ഈ മ്യൂസിയത്തിന്റെ നടത്തിപ്പുകാരന്. ഗവര്മെന്റില് നിന്നും സഹായം ഒന്നും കിട്ടാഞ്ഞിട്ടുപോലും നാട്ടുകാരില്‍ ചിലരുടെ താല്പര്യത്തിന്റെ പുറത്താണ് മ്യൂസിയം എന്ന ആശയം ഉണ്ടാകുന്നത്. ഒരിക്കല്‍ ദേശാന്തരങ്ങളില്‍ പ്രശസ്തിയാര്‍ജ്ജിച്ച, താന്ത്രിക-മാന്ത്രിക വിദ്യകള്‍ കൊണ്ട് പ്രകൃതിയെ പോലും നിശ്ചലമാക്കാന്‍ കഴിവുണ്ടായിരുന്ന ഒരു ജനതയെ നാടോടികഥകള്‍ക്ക് വിട്ടുകൊടുക്കാന്‍ അവര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. നാഥ് തന്നെ പറയുന്നു പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല. താന്ത്രികവിദ്യ എന്നൊന്നും അവര്‍ പറയാറില്ല. ബ്ലാക്ക് മാജിക്ക് എന്നാണ് അവരതിനെ വിളിക്കുന്നത്. ശരിയാണ് ബ്ലാക്ക് മാജിക്ക് നടത്തുന്നവരും ഇവിടെ ഉണ്ടായിരുന്നു.
മായോങ്ങ് എന്ന ഗ്രാമത്തിന്റെ കഥ അറിയാതെ മ്യൂസിയത്തില്‍ ഇരിക്കുന്ന ഒരു വസ്തുവും എനിക്ക് മനസിലാകില്ല എന്നതുകൊണ്ട് നാഥ് മായോങ്ങ് എന്ന മന്ത്രവാദികളുടെ കഥ പറഞ്ഞു തുടങ്ങി.
പൗരാണിക കാലഘട്ടത്തില്‍ ഭീമന്റെയും-ഹിഡുംബിയുടെയും മകനായ ഘടോല്‍ക്കചന്റെ രാജ്യമായിരുന്നു മായോങ്ങ് എന്നാണു ഐതിഹ്യം. കൗരവരെ തന്റെ മായികകഴിവ് കൊണ്ട് നേരിട്ടതു കൊണ്ടാണ് മായോങ്ങ് ജനത മന്ത്ര-തന്ത്രങ്ങളില്‍ കഴിവുള്ളവരായി എന്നാണ് കരുതുന്നത്. മായോങ്ങ് എന്ന പേരിനു പിന്നില്‍ പ്രചരിക്കുന്ന കഥകളില്‍ ഒന്ന് മാന്ത്രിക-താന്ത്രിക വിദ്യകള്‍ സ്വായത്തമാക്കിയവരുടെ നാടെന്ന അര്‍ത്ഥത്തില്‍ മായ എന്ന വാക്കില്‍ നിന്നാണ് എന്നാണ്. മറ്റൊന്ന് മുന്‍പിവിടെ അധിവസിച്ചിരുന്ന മണിപ്പൂരി ഗോത്രമായ മൊയിറാങ്ങില്‍ നിന്നുമാണ് മായോങ്ങ് എന്ന പേരുണ്ടായതെന്നും വിശ്വസിക്കുന്നവരുണ്ട്.
ഇതിനിടയില്‍ നാഥിനെ അന്വേഷിച്ചു ആരോ വന്നു, ഇപ്പൊ വരാം എന്നും പറഞ്ഞു നാഥ് പോയി. ഞാനൊന്നു നടന്നു നോക്കി. മയോങ്ങ് ജനതയുടെ പൂര്‍വികര്‍ താന്ത്രിക-മാന്ത്രിക വിദ്യയില്‍ മാത്രമല്ല യുദ്ധവീരരും ആയിരുന്നു എന്ന് തോന്നുന്നു. പടച്ചട്ടകളും, അമ്പും വില്ലും മറ്റു യുദ്ധോപകരണങ്ങളും ഉണ്ട്. എന്നാല്‍ എന്റെ ശ്രദ്ധകൂടുതല്‍ പതിഞ്ഞത് ചുവന്ന പട്ടില്‍ പൊതിഞ്ഞ വസ്തുവാണ്. അതാണെങ്കില്‍ ചില്ലുകൂട്ടിലും. കുറച്ചു കഴിഞ്ഞപ്പോയെക്കും നാഥ് തിരിച്ചുവന്നു. മ്യൂസിയത്തിനോട് ചേര്‍ന്ന് അദ്ദേഹം ഒരു കട നടത്തുന്നുണ്ട്. മ്യൂസിയത്തില്‍ അങ്ങനെ ആരും വരാറില്ല എന്നാണ് നാഥ് ചിരിച്ചു കൊണ്ട് പറഞ്ഞത്.
സംസാരത്തിനിടക്ക് എന്റെ കൈ, ആ ചില്ലുകൂടിനു നേരെ നീണ്ടു. അതെന്താണ് ?
അതുവരെ ചിരിച്ചുകൊണ്ടിരുന്ന നാഥിന്റെ മുഖത്തു പെട്ടെന്ന് ഒരു മാറ്റം, പ്രാര്‍ഥനാനിര്‍ഭരമായ മുഖത്തോടെ പറഞ്ഞു ഇതാണ് മന്ത്ര, ഞങ്ങളുടെ പൂര്‍വികരുടെ കയ്യെഴുത്തു പ്രതിയാണ്. അതിനു ശേഷം ഞാന്‍ ആവശ്യപെടാതെ തന്നെ പറഞ്ഞു തുടങ്ങി.
കാമാഖ്യക്ഷേത്രം അറിയില്ലേ ?
അറിയാം,അവിടുന്നാണ് വരുന്നത്.
അവിടെ ആയിരുന്നു താന്ത്രികവിദ്യയില്‍ പ്രവീണ്യം നേടിയവരുടെ താവളം. അന്നൊക്കെ തിബറ്റില്‍ നിന്നും താന്ത്രികവിദ്യ പഠിക്കാന്‍ ക്ഷേത്രത്തില്‍ ബുദ്ധിസ്സ്റ്റുകള് വരുമായിരുന്നു. (ബുദ്ധ താന്ത്രികവിശ്വാസപ്രകാരം മനുഷ്യവിസര്‍ജ്ജ്യം കൊണ്ട് അവര്‍ ആഭിചാരക്രിയകള്‍ ചെയ്യാറുണ്ട് എന്ന് ബുദ്ധമത അനുയായി ആയ സുഹ്ര്യത്ത് പറഞ്ഞറിയാം). ഏകദേശം എട്ടാം നൂറ്റാണ്ടിലാണ് മയോങ്ങില്‍ താന്ത്രിക മാന്ത്രിക വിദ്യയില്‍ പ്രാവീണ്യം നേടിയവര്‍ വന്നെത്തിയത്. അന്ന് പക്ഷേ അവര്‍ വളരെ കുറച്ചുപേര്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്ന പാറയിലാണ് വാസമുറപ്പിച്ചത്. ഇന്നും ആ പാറയില്‍ മന്ത്രങ്ങളും താന്ത്രിക രൂപങ്ങളും കൊത്തിവെച്ചത് മായാതെ കിടപ്പുണ്ട്. കഠിന തപസ്സികള്‍ ആയിരുന്നു അവര്‍. നിറഞ്ഞൊഴുകാറുള്ള ബ്രഹ്മപുത്രയെ തടഞ്ഞു നിര്‍ത്തിയാണ് താന്ത്രികവിദ്യ അഭ്യസിച്ചവര്‍ ഞങ്ങളുടെ പൂര്‍വികരെ താന്ത്രിക വിദ്യയിലേക്കു ആകര്‍ഷിച്ചത് എന്നാണ് ഐതിഹ്യം. പക്ഷേ വൈഷണവമതത്തിന് മായോങ്ങില്‍ പ്രാധാന്യം ലഭിച്ചപ്പോള്‍ താന്ത്രിക-മാന്ത്രിക വിദ്യകള്‍ക്ക് ശ്രദ്ധകിട്ടാതെയായി. പക്ഷേ ഞങ്ങളുടെ പൂര്‍വികരില്‍ പഠിച്ചെടുത്ത താന്ത്രിക വിദ്യ ദുരുപയോഗവും ചെയ്തിരുന്നു..
എന്നുവെച്ചാല്‍ ?
അതിനുത്തരമായി നാഥ് വളരെ ഭക്തിപൂര്‍വം ഒരു മന്ത്രത്തിന്റെ കെട്ടഴിച്ചു എന്നെ വായിച്ചു കേള്‍പ്പിച്ചു. കൈതേലി ഭാഷയില്‍ എഴുതിയ ആ മന്ത്രത്തിന്റെ പേര് "കള്ളം മന്ത്ര " എന്നായിരുന്നു. ഈ മന്ത്രം ഉപയോഗിച്ചു താന്ത്രികവിദ്യ പഠിച്ച ആര്‍ക്കും മറ്റൊരാളെ നശിപ്പിക്കാന്‍ കഴിയുമത്രെ.
എനിക്ക് താങ്കളോട് വിദ്വേഷം ഉണ്ടെങ്കില്‍ ആഭിചാരക്രിയകളിലൂടെ എനിക്ക് നിങ്ങളെ നശിപ്പിക്കാനാവും എന്നുവന്നാല്‍ സ്വയരക്ഷക്ക് വേണ്ടി ഓരോരുത്തരും മാന്ത്രിക താന്ത്രിക വിദ്യകള്‍ പഠിച്ചിരുന്നു. പക്ഷേ അപൂര്‍വ്വം ചിലര്‍ നാടിന്റെ നന്മക്ക് വേണ്ടിയും ഈ വിദ്യകള്‍ പ്രയോഗിച്ചിരുന്നു. എന്ന് വെച്ചാല്‍ മാന്ത്രികവിദ്യകള്‍ എന്തിനാണോ സ്വായത്തമാക്കുന്നത് അതിന്റെ ശരിയായ അര്‍ത്ഥത്തിലുള്ള പ്രയോഗവും നടന്നിരുന്നു. അസുഖങ്ങള്‍ ഭേദപെടുത്തല്, വിഷം തീണ്ടുന്നവരെ രക്ഷപെടുത്തല്‍ തുടങ്ങി ഏറെക്കുറെ ഇന്നത്തെ ഡോക്ടര്‍മാര്‍ ചെയ്യുന്നതെല്ലാം ഇവര്‍ ചെയ്തിരുന്നു.
എന്റെ മുഖത്തെ അവിശ്വനീയത കണ്ടാവണം നാഥ് വീണ്ടും ചില മന്ത്രങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു, ചിലത് ബംഗാളിയിലും മറ്റുചിലത് ആസാം ഭാഷയിലും ആയിരുന്നു. മല്ശ്രാം മന്ത്ര ഉപയോഗിച്ച് നൂറുമടങ്ങ് ശക്തിനേടാം, യുറന് മന്ത്ര ഉപയോഗിച്ച് വേഗത വര്‍ദ്ധിപ്പിക്കാം, പറക്കാന്‍ വരെ സാധിക്കും. ലുക്കി മന്ത്ര ഉപയോഗിച്ച് അപ്രത്യക്ഷരാകാം.
പിന്നെങ്ങനെയാണ് ഈ താന്ത്രിക വിദ്യകള്‍ നഷ്ടപ്പെട്ടത് എന്ന എന്റെ അവിശ്വനീയത നിറഞ്ഞ ചോദ്യത്തിന് നാഥ് കുറച്ചുസമയം ഒന്നും പറഞ്ഞില്ല. പിന്നീട് വീണ്ടും തുടര്‍ന്നു. മായോങ്ങ് ആഭിചാരങ്ങളുടെ കേന്ദ്രമായി. കൊല്‍ക്കത്തയില്‍ നിന്നും നേപ്പാളില്‍ നിന്നും, കര്‍ണാടകയില്‍ നിന്നുമൊക്കെ ആളുകള്‍ ആഭിചാരക്രിയകള്‍ക്ക് വേണ്ടി വന്നിരുന്നു . ഞങ്ങളുടെ ഗ്രാമത്തെ ദുര്‍മന്ത്രവാദികളായി മറ്റുള്ളവര്‍ കണ്ടുതുടങ്ങി. തലമുറ തലമുറയായി കൈമാറിവന്ന വിദ്യകള്‍ പിന്നീടുള്ള തലമുറ വേണ്ടവിധം പഠിക്കാതെ, ആചാരങ്ങള്‍ പാലിക്കാതെ കൈവിട്ടുകളഞ്ഞു.
നാഥ്ജിയുടെ തലമുറയില്‍ താന്ത്രികവിദ്യയില്‍ പ്രവീണ്യം നേടിയവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ ?
ഇല്ല, എന്റെ തലമുറയില്‍ ആരും താന്ത്രികവിദ്യ പരിശീലിക്കാന്‍ മുതിര്‍ന്നില്ല. പക്ഷേ പലരും മാന്ത്രിക വിദ്യ പഠിക്കുകയും അതുപയോഗിച്ചു ചികിത്സ നടത്തുകയും എല്ലാം ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ രണ്ടുപേരും പുറത്തിറങ്ങി. നാഥ് നടത്തുന്ന കടയിലേക്ക് നടന്നു.
ഭയ്യാ..ഇതൊക്കെ വെറും കഥകള്‍ ആയിക്കൂടെ..ഭയ്യപോലും ഒരു മാന്ത്രികനെ കണ്ടിട്ടില്ല...യുക്തിയില്ലാത്ത ഇത്തരം കഥകള്‍ എങ്ങനെ വിശ്വസിക്കാനാണ്. ഞാന്‍ അദേഹത്തോട് ചോദിച്ചു.ത്
എന്റെ കുട്ടീക്കാലത്തു നിരവധി പ്രശസ്തരായ ആളുകള്‍ ഉണ്ടായിരുന്നു. മുഹിറാം ഓജ, പേതുല ബേജ്, ലുക്കി ബേജ് തുടങ്ങിയവര്‍ അവരുടെ തലമുറയില്‍ ഇന്നും ഈ കഴിവുകള്‍ ഉള്ളവര്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇതിനിടയില്‍ നാഥിന്റെ കടയില്‍ പലരും വന്നുപോകുന്നുണ്ടായിരുന്നു.
മേശവലിപ്പില്‍ നിന്നും ഒരു പത്രകടലാസ് കാണിച്ചു തന്നിട്ട് നാഥ് പറഞ്ഞു, ഇതൊന്നു വായിച്ച് നോക്കൂ..
നഷ്ടപെട്ട ഒരു സംസ്കാരത്തെ തിരിച്ചുപിടിക്കുന്ന മായോങ്ങിലെ കുറച്ചാളുകളുടെ വാര്‍ത്ത ആയിരുന്നു അത്. ശരിക്കും മന്ത്രങ്ങള്‍ക്ക് വേണ്ടിമാത്രമാണ് ആ മ്യൂസിയം പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് തോന്നി. ആഭിചാരക്രിയകളോടുള്ള എതിര്‍പ്പ് മൂലം കത്തിച്ചു കളഞ്ഞതിന്റെയും ബ്രഹ്മപുത്രയില്‍ ഒഴുക്കി കളഞ്ഞതിന്റെയും ബാക്കി കയ്യെഴുത്തുപ്രതികള്‍ മാത്രമാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞോള്ളൂ. ഇനിയും പല വീടുകളിലും മന്ത്രങ്ങള്‍ പൊടിപിടിച്ചിരിപ്പുണ്ടാകും.
ഒരു ഇരുപത് വര്‍ഷത്തിനു ശേഷം വന്നാല്‍ എനിക്കൊരു മന്ത്രവാദിയെ കാണാന്‍ കഴിയുമോ ..നിന്നനില്‍പ്പില്‍ അപ്രത്യക്ഷമാവുന്ന, ഓടികൊണ്ടിരിക്കുന്ന ബസിനെ പിടിച്ചു നിര്‍ത്തുന്ന ഒരു മാന്ത്രികനെ..
ചിരിച്ചു കൊണ്ടുള്ള എന്റെ ചോദ്യത്തിന് വിഷാദപൂര്വമായിരുന്നു നാഥിന്റെ മറുപടി- ഒരിക്കലും കാണാന്‍ കഴിയില്ല...പുതിയ തലമുറ ഇതൊന്നും പഠിക്കാന്‍ ശ്രമിക്കില്ല. അവര്‍ക്കതില്‍ വിശ്വാസം പോലുമില്ല.
ബ്രഹ്മപുത്രാനദി- മറ്റൊരു കാഴ്ച
നാഥിനോട് യാത്ര പറഞ്ഞു ബൈക്കില്‍ കയറുമ്പോള്‍ ആഭിചാരക്രിയകള്‍ തന്നെയാവണം ഈ നാടിന്റെ ശ്രേയസ്സിനെ നശിപ്പിച്ചത് എന്നാണ് ഞാന്‍ ഓര്‍ത്തത്. എല്ലാ ജനതയിലും അതുണ്ടായിരുന്നു. ഈജിപ്റ്റിലെ മമ്മികള്‍ ഇന്ന് മ്യൂസിയത്തില്‍ മാത്രമായി കാണുന്നതിന് പിന്നില്‍ ഒരു ആഭിചാരത്തിന്റെ കഥയുണ്ട്. യൂറോപ്പ്യന്‍ നാടുകളില്‍ ആഭിചാരകര്മ്മകള്ക്ക് ഉപയോഗിച്ചിരുന്ന അമൂല്യവസ്തുവായിരുന്നു മമ്മികള്‍. ശവക്കലറകള്‍ കൊള്ളയടിച്ചു മമ്മികളെ മോഷ്ടിക്കുന്ന അവസ്ഥ വരെ സംജാതമായിരുന്നു. ഗോഹട്ടിയിലേക്കുള്ള പാതയില്‍ പലവീടുകളും അറ്റകുറ്റപണികള്‍ തീര്‍ക്കുന്ന തിരക്കിലായിരുന്നു. മഴക്കാലം തുടങ്ങാറായി..മഴതുടങ്ങിയാല്‍ ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകും..ചിലപ്പോള്‍ പലര്‍ക്കും വീടുതന്നെ നഷ്ടപ്പെടും. ഇതിനൊരു പരിഹാരം കാണാന്‍ മായോങ്ങിലെ മന്ത്രവാദത്തിനു കഴിയുമെങ്കില്‍ തീര്‍ച്ചയായും മയോങ്ങില്‍ വീണ്ടും മന്ത്രവാദികള്‍ ഉണ്ടാകണം എന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.