നാഞ്ചിനാട് : അടര്‍ന്നുമാറിയ കേരളഗ്രാമം
text_fieldsതമ്പാനൂരില്‍ ട്രെയിന്‍ ഇറങ്ങി ചെന്നത്, മീന ചൂടിൻെറ കഠിനതയിലേക്കായിരുന്നു. റോഡ് പോലും ചൂടിനെ പ്രതിഫലിപ്പിക്കുന്നു. സുഹൃത്ത് നിഖില്‍ എന്നെയും കാത്തു ലൈബ്രറിയില്‍ നില്ക്കാം എന്നാണ് പറഞ്ഞിരുന്നത്. പനവിള വഴിയാണ് നല്ലതെങ്കിലും ഓട്ടോ വിട്ടത് സെക്രട്ടിയേറ്റ് പരിസരത്തിലൂടെ. ഒരു പക്ഷേ തിരുവനന്തപുരം നഗരം എനിക്ക് അപരിചിതമാണെന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിക്കാണും. തിരുവനന്തപുരം എനിക്കിഷ്ടമാണ്, ഒരു നഗരത്തിനുള്ളിലെ ഗ്രാമം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. കൗമാരകാലത്ത് ഈ നഗരത്തില്‍ ഞാന്‍ പകച്ചു നിന്നിട്ടുണ്ട്. പക്ഷേ ഇന്നെനിക്കു അപരിചിത്വം അനുഭവപെടുന്നില്ല. കുറച്ചുനാള്‍ ഇവിടെ നിന്നാല്‍ തിരുവനന്തപുരം നമ്മുടേതാകും.
തിരുവതാംകൂര്‍ രാജഭരണക്കാലത്ത് ആദ്യം തലസ്ഥാനം പത്ഭനാഭാപുരം ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയാണ് തിരുവനന്തപുരത്തേക്ക് രാജ്യതലസ്ഥാനം മാറ്റിസ്ഥാപിച്ചത്. വിഴിഞ്ഞം വഴിയും അഞ്ചുതെങ്ങ് വഴിയും ശത്രുക്കള്‍ വരാന്‍ സാധ്യതയുള്ളത് കൊണ്ടായിരുന്നു ഇത്. മാത്രമല്ല ശത്രുക്കള്‍ കരയിലെത്തിയാല്‍ നെടുമങ്ങാട് മലമ്പാത വഴി രക്ഷപെടാന്‍ സമയം ലഭിക്കും. കടലിനും മലയ്ക്കും ഇടയില്‍ ഒരു നഗരം. തിരു അനന്തപുരം. കാര്‍ത്തിക തിരുനാളിന്റെ കാലം ആയപ്പോഴേക്കും പത്ഭനാഭാപുരം പൂര്‍ണമായും അപ്രസക്തമാവുകയും ചെയ്തു.
പറഞ്ഞപോലെ സുഹൃത്ത് ലൈബ്രറിക്ക് പുറത്തുകാത്തിരിപ്പുണ്ടായിരുന്നു. ബ്രിട്ടീഷ് ആര്‍ക്കിടെക്ചറാണ് തിരുവനന്തപുരത്തിന്റെ മുഖമുദ്ര. രാജഭരണകാലത്ത് തുടങ്ങിയ യൂണിവേഴ്സിറ്റി കോളേജ് മുതല്‍ പുതിയ കെട്ടിടങ്ങള്‍ വരെ ആ മാതൃകയാണ്. തിരുവതാംകൂര്‍ രാജാക്കന്മാര് ജനവിരുദ്ധരായിരുന്നില്ല. പരമാവധി വിവാദങ്ങളില്‍ പെടാതിരിക്കാനുള്ള എല്ലാ ശ്രമവും അവര്‍ നടത്തിയിരുന്നു. സി.പി രാമസ്വാമി അയ്യരുടെ ചെയ്തികളില്‍ തിരുവതാംകൂര്‍ തിളച്ചപ്പോഴും ജനം മഹാരാജാവിന്റെ കൂടെ ആയിരുന്നു. ഇന്നും രാജഭക്തിയുള്ളവരാണ് തിരുവനന്തപുരത്തുകാര്‍. സിപി രാമാസ്വാമി അയ്യര്‍ നട്ടുപിടിപ്പിച്ച മരങ്ങളാണ് മ്യൂസിയം, കവടിയാര്‍, വെള്ളയമ്പലം ഭാഗങ്ങളില്‍ ഉള്ളത്. നഗരത്തിന്റെ വൃത്തിയും സൗന്ദര്യവും നിലനിര്‍ത്താന്‍ തിരുവതാംകൂര്‍ രാജാക്കന്മാര് സദാജാഗ്രത പുലര്‍ത്തിയിരുന്നു. മൈസൂര്‍ നഗരം മാതൃകയാക്കിയാണ് സി.പി നഗരം നിർമിച്ചത്. അവിടെ നിന്നും തന്നെയാണ് പെട്ടെന്ന് പൂക്കുന്ന മഴവൃക്ഷങ്ങള് കൊണ്ട് വന്നു നട്ടതും.
ഇരണിയല്‍ എന്ന സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരത്തായിരുന്നു ഞങ്ങള്‍ക്ക് പോവാന്‍ ഉണ്ടായിരുന്നത്. തമിഴും മലയാളവും കലര്‍ത്തി സംസാരിക്കുന്ന ഒരു വൃദ്ധയാണ് ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചത്. അകത്തു മിണ്ടെരുതെന്ന ആക്രോശം കേള്‍ക്കുന്നു. കാതൊന്നു കൂര്പ്പിച്ചപ്പോഴേക്കും അജാനുബാഹുവായ ഒരു മനുഷ്യന് കതക് തുറന്നു. ചോദ്യഭാവത്തില്‍ വൃദ്ധയെ ഒന്ന് നോക്കി.
പിന്നീടു വൃദ്ധയാണ് കാര്യങ്ങള്‍ പറഞ്ഞു തന്നത്. പണ്ടുള്ള ഒരു അമ്മയുടെ ബാധ കയറിയിരിക്കുന്നതാണ്. അമ്മയെന്ന് പറഞ്ഞാല്‍ എട്ടുവീട്ടില്‍ പിള്ളമാരുടെ കുടുംബങ്ങളിലേ സ്ത്രീ. പിണ്ഡവും ജലവും കിട്ടാതെ അലയുകയാണ്. ചികിത്സ? ഓ..അതൊന്നും കാര്യമില്ല. ഒരു മാസം ഉമ്മിണിതങ്കയുടെ മുന്പില് പടുക്കയിട്ടു പ്രാര്‍ഥിച്ചാല്‍ വിട്ടുപോകും.
ഞാന്‍ എന്തോ ചോദിക്കാന്‍ മുതിര്‍ന്നതും കൂട്ടുകാരന് വിലക്കി. ആ വൃദ്ധ നാഞ്ചിനാട്ടിലേക്കുള്ള ഒരു വാതിലാണെന്നു എനിക്കറിയാമായിരുന്നു. പക്ഷേ എന്ത് ചെയ്യും. ഞങ്ങള്‍ ആ വൃദ്ധയുടെ കൂടെ സ്റ്റേഷനിലേക്ക് നടന്നു. എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവരെന്തോ പാടുന്നുണ്ടായിരുന്നു.
ഇരണിയലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പെട്ടെന്ന് ട്രെയിന്‍ കിട്ടാത്തതു കൊണ്ട് സുഹൃത്ത് ബസ്സില്‍ പോകാനാണ് ഉദേശിച്ചത്. ഞാന്‍ പക്ഷേ കന്യാകുമാരി പോയിട്ട് വരാം എന്ന് പറഞ്ഞു. ഞാനും സുന്ദരിയമ്മാള്‍ എന്ന വൃദ്ധയും മാത്രമായി സ്റ്റേഷനില്‍..
പോകുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍, ഇല്ല, തോവാള വരെ പോകണം എന്ന് ഞാന്‍ പറഞ്ഞു. സുന്ദരിയമ്മാള്‍ ഞാനും അങ്ങോട്ട് തന്നെയാണ് എന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. വീണ്ടും അമ്മാള്‍ പാടി തുടങ്ങി. "ഏലം എടുത്താല്‍ നൂറു നൂറു" എന്നവസാനിക്കുന്ന പാട്ടിന്റെ ഇടയ്ക്കു ഞാന്‍ കയറി അമ്മാളിനോട് ചോദിച്ചു, ഇതെന്തു പാട്ടാണ് പാട്ടി?
അതൊന്നും തെരിയാത്, അമ്മ ശോല്ലിതന്നത്.. ഇങ്കെ എല്ലാര്ക്കും തെരിയും. വാമൊഴിയായി പകര്‍ന്നു കിട്ടിയതാവാം അതെന്നു ഞാന്‍ ഊഹിച്ചു. നമ്മുടെ നാടന്‍പാട്ടുകള്‍ പോലെ. അമ്മാള്‍ പാടിയ നാടന്‍പാട്ടുകളില്‍ നിന്നും കിട്ടുന്ന നാഞ്ചിനാട് സി.വി രാമന്‍പിള്ളക്കും മുന്പുള്ളതാണ്. ഇന്നത്തെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം താലൂക്കുകളില്‍ ആയി കിടന്നിരുന്ന നാഞ്ചിനാട് പല പല രാജവംശങ്ങളുടെ അധിനിവേശത്തിനു ഇരയാക്കപെട്ടിട്ടുണ്ട്. ചോളരാജ്യം മുതല്‍ വേണാട് രാജ്യം വരെ പടര്‍ന്നു കിടക്കുന്നതാണ് നാഞ്ചിനാടിന്റെ ചരിത്രം.
ഐപ്പശി മാസത്തിലാണ് കിഴക്കന്‍ മഴ വരിക. അതിങ്ങനെ ഹൂങ്കാരം മുഴക്കി വരും. പെട്ടെന്ന് പിന്‍വലിയും മാനം തെളിയും. വീണ്ടും ഹൂങ്കാരത്തോടെ പെയ്തിറങ്ങും. ഇങ്ങനെ രണ്ടു മഴക്കാലം കൊണ്ട് സമ്പന്നമായിരുന്നു നാഞ്ചിനാട്. ജീവന് തുടിക്കുന്ന മണ്ണ്. ഇന്നത്തെ പോലെ ചുവന്ന നിറമായിരുന്നില്ല. പച്ചപ്പ് ആയിരുന്നു. കുന്നും മലയും വയലും ആകെ പച്ച. അത് കൊണ്ട് തന്നെ നാഞ്ചിനാടിന്റെ കാര്‍ഷിക സമൃദ്ധി കൊള്ളയടിക്കാന്‍ മുസ്ലിം രാജാക്കന്മാരും തെലുങ്കരായ ഹിന്ദു രാജവംശവും നിരന്തരം ഇവിടം ആക്രമിച്ചിരുന്നു. വിളവു സംരക്ഷിക്കാന്‍ നെല്ലില്‍ വലിയ കല്ലുകള്‍ കലര്‍ത്തിയും ചെമ്മണ്ണ് കൊണ്ട് പുതച്ചും നാഞ്ചിനാട്ടുകാര്‍ ശ്രമിച്ചിരുന്നു. അപ്പോഴവര്‍ സ്ത്രീകളെ തട്ടികൊണ്ട് പോയി പകരം നെല്ലും പണവും ആവശ്യപ്പെട്ടിരുന്നു.
സുന്ദരാമ്മാളുടെ പല നാടന്‍ ശീലുകളും എനിക്ക് മനസ്സിലായില്ല, ഭാഷയുടെ പ്രശ്നവും ട്രെയിനിന്റെ ശബ്ദവും കാരണം നാടന്‍ ശീലുകള്‍ തമിഴും മലയാളവും ചേര്‍ത്ത് അമ്മാള്‍ എനിക്ക് പറഞ്ഞു തന്നു. ചിലപ്പോള്‍ അമ്മാള്‍ക്കും ഭൂതകാലത്തേക്കുള്ള തിരിച്ചുപോവല്‍ ആവാം .
അമ്മാളിന്റെ നാടന്‍ശീലുകളില്‍ നിറഞ്ഞു നില്ക്കുന്ന മാര്‍ത്താണ്ഡവര്‍മ പക്ഷേ പാപിയാണ്. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മക്ക് നേര് വിപരീതം. നാഥനില്ലാതെ നിന്ന നാഞ്ചിനാടില് കയ്യുറപ്പോടെ വന്ന രാജാവാണ് മാര്‍ത്താണ്ഡവര്‍മ. കാര്‍ഷികമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചെങ്കിലും നാഞ്ചിനാട്ടുകാര്ക്ക് അദേഹം അനഭിമതനാണ്. "അതെപ്പടി പാട്ടി, അന്ത രാജാ നല്ലവരു താനേ.."
എന്റെ ചോദ്യം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് ട്രെയിന്‍ നാഗര്‍കോവില്‍ എത്തി. തിരുവനന്തപുരത്തും ഇരണിയലും ഉണ്ടായിരുന്നതിനേക്കാള്‍ കത്തുന്ന ചൂടാണ് നാഗര്‍കോവിലില്‍. ആദ്യകാലങ്ങളില്‍ നാഗര്‍കോവിലില്‍ നിറയെ കുളങ്ങള്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചോള രാജാക്കന്മാര് മുതല്‍ തിരുവതാംകൂര്‍ രാജാക്കന്മാര് വരെ ഇത്തരത്തില്‍ കുളങ്ങള്‍ കുഴിച്ചിട്ടുണ്ട്. രാജാവിനു പനി വന്നാല്‍, രാജ്ഞി ഉറക്കത്തില്‍ ദു:സ്വപ്നം കണ്ടാല്‍ തുടങ്ങി എന്തിനും പരിഹാരം കുളം കുഴിക്കല്‍ ആയിരുന്നു. ശത്രുക്കളുടെ, രാജ്യദ്രോഹികളുടെ വാസസ്ഥലം കത്തിച്ചു കളഞ്ഞു ദോഷം പോകാനും കുളം കുഴിക്കും. കടല്‍ അടുത്തായതു കൊണ്ട് മഴവെള്ളം നേരെ കടലില്‍ പോകുന്നത് തടയാനുള്ള മാര്‍ഗമാവാം ഈ കുളം കുഴിക്കല്‍. പക്ഷേ കഴിഞ്ഞ തവണ നാഗര്‍കോവില്‍ വന്നപ്പോഴും ശ്രദ്ധിച്ചത് കുളങ്ങള്‍ അപ്രത്യക്ഷമായി എന്നതാണ്.
'മുന്നാടി എന്ന കേട്ടെ ..ആ അന്ത രാജാ..' നഗരത്തിലേക്കുള്ള ബസില്‍ ഇരുന്നു അമ്മാള്‍ വീണ്ടും ചരിത്രത്തിന്റെ കെട്ടഴിച്ചു.
രാമവര്‍മ രാജാവിന്റെ മരുമകനായ മാര്‍ത്താണ്ഡവര്‍മ അധികാരത്തില്‍ വരുന്നത് പെൺവഴി സ്വത്തവകാശത്തിന്റെ പേരിലാണ്. തിരുവതാംകൂറിലെ എല്ലാ സ്ത്രീകളും ശക്തരായിരുന്നു. കൃഷിയും മറ്റും നടത്തിയിരുന്നത് അവരായിരുന്നു. മിക്ക സ്ത്രീകള്‍ക്കും ഒന്നിലധികം ഭര്ത്തക്കന്മാര് ഉണ്ടായിരുന്നു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ കേന്ദ്രീയ ഭരണത്തെ ശക്തിപ്പെടുത്തി. ആചാരങ്ങളും കീഴ്വഴക്കങ്ങളും ഇല്ലാതെയായി. സ്വത്തുക്കള്‍ മുഴുവന്‍ ആണുങ്ങളുടെ കൈയിലായി. സ്ത്രീകള്‍ പതിയെ നാല്ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി.
'തമ്പീ ഉനക്ക് തെരിയുമാ.,,പെന്പാപത്തുക്ക് മേലെതാ അന്ത പാപി ഇരുപ്പത്...' അമ്മാളിന്റെ വേദനയില്‍ ഞാനും പങ്കുകൊണ്ടു. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അത് പറഞ്ഞാല്‍ അമ്മാള്‍ പിണങ്ങുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു.
'അന്ത പൊണ്ണ്.. അതെന്നാ പൈത്യമാ പാട്ടി ..?' ഞാന്‍ അമ്മാളിനോട് ചോദിച്ചു..
'അപ്പടിയൊന്നും പേശകൂടാത്..അന്താ അമ്മാക്ക് മോക്ഷം കെടക്കലേ..ദാഹം താങ്ങാത്..'
'പേയിയാ.....'?
'പേയി,പിസ്സാസ് ഒന്നും കെടയാത്..മുന്നാടി ഇങ്കേ ഇരുന്ത അമ്മതാ. തമ്പിവീട്ട് പൊമ്പിളകള്..അന്ത കൊടുമയെല്ലാം എപ്പടി തമ്പീ ശൊല്ലി പുരിയവെക്കിത്..'
'യാര്..ശോല്ല് പാട്ടി. '
എട്ടുവീട്ടില്‍ പിള്ളമാരുടെ കഥയാണ് എന്നറിയാമെങ്കിലും ഞാന്‍ അമ്മളിനെ പ്രോത്സാഹിപ്പിച്ചു.
മാര്‍ത്താണ്ഡവര്‍മ്മക്ക് തിരുവതാംകൂര്‍ ശക്തമായ ഒരു രാജ്യമാക്കുന്നതില്‍ കടമ്പകള്‍ ഏറെകടക്കാന് ഉണ്ടായിരുന്നു. ബ്രാഹമണരും ഭൂപ്രഭുക്കളും അനാചാരങ്ങളും വാഴുന്ന നാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ ശക്തനായതിനു പിന്നില്‍ രണ്ടു സഹായികളും ഉണ്ടായിരുന്നു. ദളവ രാമയ്യനും ക്യാപ്റ്റന്‍ ബെനഡിക്ട് ഡിലെ യും.
രാമയ്യനെ ഒരു മടപ്പുരയില്‍ വെച്ചാണ് മാര്‍ത്താണ്ഡവര്‍മ്മ കാണുന്നത്. ആദ്യം ഭ്ര്യത്യന് ആയും പിന്നീടു പഠിപ്പിച്ചു അധികാരിയും അവസാനം ദളവയും ആക്കിയത് മാര്‍ത്താണ്ഡവര്‍മ്മയാണ്. രാമയ്യന് ബ്രാഹമണന് ആയിരുന്നു. പക്ഷേ കര്‍മ്മങ്ങള്‍ ഒന്നും ചെയ്യില്ല. ചോഴിയ ബ്രാഹ്മണര്‍ എന്നാണ് ഇവര്‍ അറിയപെട്ടിരുന്നത്. ഇതെ ബ്രാഹമണന് തന്നെയാണ് വാളെടുത്തു ക്ഷേത്രങ്ങളെ മുന്‍നിര്‍ത്തി സ്വതന്ത്രഭരണം നടത്തിയിരുന്ന നമ്പൂരിമാരെ ഓടിച്ചത്.
ബെനഡിക്ട് ഡിലെയിന്‍ യുദ്ധത്തില്‍ പിടിക്കപെട്ട തടവുകാരന് ആയിരുന്നു. തോക്കിനെ കുറിച്ച് മനസിലാക്കാന്‍ ദിവസവും മാര്‍ത്താണ്ഡവര്‍മ്മ ചെന്ന് കണ്ടു അവര്‍ തമ്മില്‍ ഒരു ആത്മബന്ധം ഉണ്ടാവുകയും നീണ്ട മുപ്പത്തിഎഴു വര്‍ഷം തിരുവതാംകൂറിന് വേണ്ടി അദേഹം പടവെട്ടി. യുദ്ധരംഗത്ത് കാലുതെറ്റിവീഴുന്ന നായര്സേനയെ ഡിലെയില് ആണ് പരിശീലനം കൊടുത്തത്.
നാഗര്‍കോവില്‍ നിന്നും ഞാനും അമ്മാളും തോവാളത്തു പോകുമ്പോള്‍ ഇരുവശവും കരിഞ്ഞു ഉണങ്ങിയ വയലുകള്‍ ആയിരുന്നു. നാഞ്ചിനാട്ടില്‍ ഇപ്പോഴും കൃഷിയുണ്ട് പക്ഷേ അത് നാഞ്ചിനാട്ടിന്റെ അസ്ഥികൂടം പോലെയാണ് തോന്നിച്ചത്. കേരളത്തിലേക്കുള്ള പൂക്കള്‍ തോവാളയില്‍ നിന്നാണ് വരുന്നത്, പക്ഷേ കൂടുതലും തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും തോവാളയില്‍ എത്തിക്കുന്നതാണ്.
തോവാളയില്‍ നിന്നും ഞാനും അമ്മാളും പിരിഞ്ഞു. നാടന്‍ശീലുകള്‍ മൂളികൊണ്ട് നടന്നുപോകുന്ന അമ്മാളിനെ ഞാന്‍ മറയുന്നത് വരെ നോക്കിനിന്നു. ഇത്തരം അമ്മാളുമാര് എല്ലാ നാട്ടിലും ഉണ്ടാകും. ഒരു നാടിന്റെ കഥകള്‍ നെഞ്ചേറ്റുന്നവര്‍.ചരിത്രമോ കെട്ടുകഥളോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തത്ര ജീവിതങ്ങള്‍. നാഞ്ചിനാട് ഒരു പ്രതീകമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി നാഞ്ചിനാടുകള് ഉണ്ടാവും. നാഗരികതയുടെ മുന്പില് കീഴടങ്ങി ഇല്ലാതാവുന്ന ഗ്രാമങ്ങള്‍.
കന്യാകുമാരിയില്‍ കൂടി പോയിട്ടാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. വഴിയില്‍ മുഴുവന്‍ കുടങ്ങള്‍ നിരന്നിരിക്കുന്നു. മറ്റൊരു ഭാഗത്ത് കാറ്റാടികളും. വീശുന്നകാറ്റില്‍ നിന്നും വൈദ്യുതി എടുക്കുന്നതാണ്. ഇപ്പോയും രണ്ടുകാറ്റുകള്ക്ക് ഇടയിലാണ് നാഞ്ചിനാട് ഉള്ളത്. പക്ഷേ കാറ്റിന്റെ സ്വാഭാവികത നഷ്ടപെട്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.