കാഞ്ചൻജംഗയിലെ സൂര്യോദയം
text_fields
സിലിഗുരിയിൽ നിന്നും പുറപ്പെടുന്ന നാനോഗേജ് റെയിൽപ്പാത റോഡിനോട് ചേർന്ന് ഡാർജിലിങ്ങിലെ ഘും സ്റ്റേഷൻ വരെ നീണ്ടുകിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 2225 മീറ്റർ ഉയരത്തിലുള്ള ഈ റെയിൽവെ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ സ്റ്റേഷൻ. ഡാർജിലിങ് ഹിമാലയൻ റെയിൽവെ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ ടോയ് ട്രെയിൻ യുനെസ്കോയുടെ പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. 1881ൽ കോളനി ഭരണകാലത്താണ് ഈ വഴിക്ക് ആദ്യമായി ട്രെയിൻ ഓടിത്തുടങ്ങിയത്. ചെങ്കുത്തായ ഹിമാലയൻ മലഞ്ചെരിവിലൂടെ നിർമ്മിച്ചിട്ടുള്ള റെയിൽവെ പാത ആധുനിക കാലത്ത് പോലും ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. ഈ തീവണ്ടി ചില സ്ഥലങ്ങളിൽ ചെറിയ റോഡുകളുടെ ഓരത്തുകൂടിയും മാർക്കറ്റുകൾക്ക് നടുവിലൂടെയും ചിലയിടത്ത് കെട്ടിടങ്ങൾക്ക് ഉള്ളിലൂടെയും കടന്നുപോകുന്നു.
ഡാർജിലിങ്ങിൽ എത്തിയപ്പോൾ രാത്രി എട്ട് മണി. തണുപ്പിൽ നിന്ന് രക്ഷ നേടാനായി ഓരോ കപ്പ് ചായയും കുടിച്ച് നേരെ മുറിയിലേക്ക് കയറി. മാർദവമുള്ള പഞ്ഞിക്കെട്ടുപോലുളള കമ്പിളിക്കുള്ളിൽ കയറിയാൽ പിന്നെ കിടന്നുറങ്ങാനല്ലാതെ മറ്റൊന്നും തോന്നില്ല. എങ്കിലും മടി മാറ്റിവെച്ച് മാർക്കറ്റിലേക്കിറങ്ങി. കമ്പിളി വസ്ത്രങ്ങളും തൊപ്പികളും ജാക്കറ്റുകളും തണുപ്പിന് പ്രതിരോധിക്കുന്ന എല്ലാ സാമഗ്രികളും ചുരുങ്ങിയ വിലക്ക് കിട്ടുന്ന മാർക്കറ്റ്.
ഇനി ഡാർജിലിങ്ങിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാം. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്‍റെ വടക്ക് ഹിമാലയ പർവത നിരകളിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായ സ്ഥലമാണിത്. പ്രശസ്തമായ തേയില വ്യവസായ കേന്ദ്രമാണെന്ന് മാത്രമല്ല, ലോകത്തെ ഏറ്റവും വില കൂടിയ തേയില പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്നതും ഇവിടെയാണ്. മനംമയക്കുന്ന കാഞ്ചൻജംഗ കൊടുമുടി, വളഞ്ഞുപുളഞ്ഞു മലകയറി പോകുന്ന പാതകൾ, പലയിടത്തും കെട്ടിടങ്ങൾക്കും ബസാറുകൾക്കും നടുവിലൂടെ പോകുന്ന ഹിമാലയൻ റെയിൽവേ, അങ്ങനെ നിരവധി വിസ്മയക്കാഴ്ചകളാണ് വിനോദസഞ്ചാരികൾക്കായി ഡാർജിലിങ് ഒരുക്കിവെച്ചിരിക്കുന്നത്. ഇന്നത്തെ നേപ്പാളും സിക്കിം സംസ്ഥാനവും ഉൾപ്പെട്ടിരുന്ന പുരാതന ഗോർഖ രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു ഡാർജീലിങ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് ബ്രിട്ടീഷുകാർ സാനിറ്റോറിയവും ആയുധപ്പുരയും നിർമിച്ചതോടെയാണ് ഡാർജീലിങ് പട്ടണം വികസിച്ചത്. ടൂറിസത്തിനു പുറമെ ബ്രിട്ടീഷ് മാതൃകയിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഡാർജീലിങ്ങിനെ പ്രശസ്തമാക്കുന്നു.
ഹോട്ടലിൽ നിന്ന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ തന്നെ സമയം വളരെ വൈകി. 'രാവിലെ നാല് മണിക്ക് വണ്ടിയെത്തും, ടൈഗർ ഹിൽസിലേക്ക് പോകാൻ' എന്ന് ഹോട്ടൽ ഉടമസ്ഥൻ പറഞ്ഞത് തെല്ല് അസ്വസ്ഥതയോടെയാണ് കേട്ടത്. ഈ തണുപ്പത്ത് നാല് മണിക്ക് മറ്റൊരു കുന്നിലേക്കോ.. മനസ്സില്ലാമനസ്സോടെയാണ് രാവിലെ എഴുന്നേറ്റതും പോകാനൊരുങ്ങിയതും. കാഞ്ചൻജംഗ കൊടുമുടിയിൽ സൂര്യരശ്മികൾ പതിക്കുന്ന ആ വിസ്മയം കാണാൻ ഇത്തിരി ബുദ്ധിമുട്ടുക തന്നെ വേണമെന്ന് പ്രകൃതി തന്നെ നിശ്ചയിച്ചതാകാം. ടൈഗർ ഹിൽസിലെ സൂര്യോദയം നാലര മുതൽ അഞ്ചര വരെയാണ്. ഹോട്ടലിൽ നിന്നും ഇറങ്ങാൻ അൽപം വൈകിയതേയുള്ളൂ. റോഡ് മുഴുവൻ വണ്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. വണ്ടി റോഡിൽ തന്നെയിട്ട് അര കിലോമീറ്ററിലധികം നടന്നുകയറി ടൈഗർ ഹിൽസിലെത്തിയപ്പോൾ എല്ലായിടത്തും സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു. പക്ഷെ ഈ കഷ്ടപ്പാടുകളൊന്നും വെറുതെയായില്ല. ഒരാളുടെ ജീവിതത്തിൽ അത്യപൂർവമായി മാത്രം ലഭിക്കാവുന്ന കാഴ്ച. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കാഞ്ചൻജംഗ കൊടുമുടിയിൽ ഉദയസൂര്യന്‍റെ രശ്മികൾ പതിക്കുന്ന കാഴ്ച, ലളിതമായി പറഞ്ഞാൽ അതിമനോഹരം എന്നേ പറയാനാവൂ. ഇളംമഞ്ഞ നിറത്തിലുള്ള സൂര്യകിരണമേറ്റ് മഞ്ഞ് പുതച്ച കൊടുമുടി സ്വർണപ്രഭയിൽ കുളിച്ചുനിൽക്കുകയാണെന്ന് തോന്നും.
ഡാർജീലിങ്ങിൽ ഒരാൾക്ക് കാണാനുള്ള ഏറ്റവും മനോഹരമായ കാഴ്ചയാണിത്. സൂര്യൻ കുറേക്കൂടി പൊങ്ങിയതോടെ പതുക്കെ സഞ്ചാരികൾ പിരിയാൻ തുടങ്ങി. ഫ്ളാസ്ക്കിൽ സന്ദർശകർക്ക് ചായയും കാപ്പിയുമായി ഓടിനടക്കുന്ന ഗൂർഖ സ്ത്രീകൾ. പത്തുരൂപക്ക് കിട്ടുന്ന ചൂടുള്ള ആ കാപ്പിയേക്കാൾ സ്വാദിഷ്ഠമായ മറ്റെന്തെങ്കിലും ലോകത്തുണ്ടെന്ന് ഒരു നിമിഷത്തേക്ക് നാം മറന്നുപോകും.
ഹിമാലയൻ മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാഴ്ച പ്രധാനമായും അവിടുത്തെ മ്യൂസിയം തന്നെയാണ്. ഹിലാരിയുടെ വലിയ ഒരു പ്രതിമയാണ് വാതില്‍ക്കല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. മ്യൂസിയത്തിനുളളില്‍ ഹിലാരിയും ടെന്‍സിനും പര്‍വ്വതാരോഹണത്തിന് ഉപയോഗിച്ച ആയുധങ്ങളും ഉടുപ്പുകളും സുക്ഷിച്ചിട്ടുണ്ട്. മ്യൂസിയത്തിനടുത്തായി ഒരു ചെറിയ കാഴ്ചബംഗ്ളാവും കാണുവാന്‍ കഴിയും. ടെൻസിങ്ങായിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഡയറക്ടർ.
വംശ-മത-ദേശ ഭേദമെന്ന്യേ എല്ലാ മനുഷ്യർക്കും സമാധാനം എന്ന ആശയം പ്രചരിപ്പിക്കുന്ന പീസ് പഗോഡകളിൽ ഒന്നാണ് ഡാർജിലിങ്ങിലെ പീസ് പഗോഡ. തൂവെളള ചായം പൂശിയ ഈ പഗോഡയ്ക്ക് ചുറ്റും മനോഹരമായി അലങ്കരിച്ച പൂന്തോട്ടവും ഉണ്ട്.ജാപ്പനീസ് ബുദ്ധ സന്യാസിയായ നിഷിദത് സു ഫ്യുജിയാണ് പീസ് പഗോഡകളുടെ ശില്പിയും പ്രചാരകനും. ഗാന്ധിജിയുടെ സുഹൃത്തായിരുന്ന ഇദ്ദേഹം പലയിടങ്ങളിലും പീസ് പഗോഡകൾ നിർമിച്ചിട്ടുണ്ട്. ഫ്യുജി ഗുരുജി എന്നായിരുന്നു ഗാന്ധിജി ഇദ്ദേഹത്തെ വിശേഷിപ്പിച്ചരുന്നത്.
ബാറ്റാസിയ ലൂപ്പ് ഉദ്യാനത്തിന് അടുത്തുതന്നെയാണ് ഡാർജീലിങ് ഗോർഖ യുദ്ധ സ്മാരകം. യുദ്ധത്തിൽ മരിച്ച ഗോർഖ സൈനികരുടെ സ്മാരകമാണ് ബാറ്റാസിയ ലൂപ്പ് യുദ്ധ സ്മാരകം. ഇവിടെ വേറെയുമുണ്ട് പലതരം കാഴ്ചകൾ. ചൈന, നേപ്പാൾ എന്നീ രാജ്യങ്ങൾ കെ2, കാഞ്ചൻജംഗ കൊടുമുടി എന്നിവയെല്ലാം കാണിച്ചുതരാൻ ദൂരദർശികളുമായി പലരും നേരത്തേ തന്നെ ഇടം പിടിക്കുന്നു. വലിയ ചെലവില്ലാതെ രണ്ടുമൂന്ന് രാജ്യങ്ങൾ കാണാനുള്ള അവസരം പാഴാക്കേണ്ടെന്ന് കരുതി ഞങ്ങളും ദൂരദർശിനിയിലൂടെ നോക്കി.
റോക്ക് ഗാർഡൻ എന്ന മനോഹരമായ സ്ഥലത്തേക്കായിരുന്നു പിന്നീട് യാത്ര. തട്ടുതട്ടായി തിരച്ചിരിക്കുകയാണ് ഈ പാറ കൊണ്ടുള്ള ഉദ്യാനം. ഭൂവിഭാഗത്തിന്‍റെ പ്രത്യേകത കൊണ്ടുതന്നെ മനോഹരമായ ഇവിടെ ചില നിർമാണ പ്രവൃത്തികൾ കൂടി നടത്തിയാണ് കാഴ്ചക്കാർക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടവും പൂന്തോട്ടത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന അരുവിയും ആരുടേയും മനം കവരും.
ഡാർജിലിങ്ങിലെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് ഇവിടത്തെ പൂക്കളാണ്. ബാറ്റാസിയ ലൂപ്പ് ഗാർഡനിൽ പലതരം പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്. ഇതുകൂടാതെ റോക്ക് ഗാർഡനിലെ പൂക്കളും അവയുടെ സ്വാഭാവികത കൊണ്ട് നമ്മെ വശീകരിക്കും. പുൽമേട്ടിലും വഴിയരികിലും വിരിഞ്ഞു നിൽക്കുന്ന കാട്ടുപൂക്കൾക്ക് പോലും എന്തൊരു ഭംഗിയാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല.
ഇവിടെ ഞങ്ങൾ ഭക്ഷണം കഴിക്കാനായി കയറിയ മാഡം പെമയുടെ ഹോട്ടലിൽ നിന്നുള്ള ആലു പറാത്തയുടേയും വഴിവക്കിൽ സ്ത്രീകൾ വിൽക്കുന്ന മോമോസിന്‍റെയും രുചി ഇപ്പോഴും നാവിൽ തങ്ങി നിൽക്കുന്നു. അഞ്ചരയാകുമ്പോഴേക്കും സൂര്യൻ അസ്തമിച്ചു. ടൈഗർ ഹിൽസിലെ നയനമനോഹരമായ കാഴ്ചയുടെ അത്രയും വരില്ലെങ്കിലും ഹിമാലയ മടക്കുകളിലെ സൂര്യാസ്തമയത്തിന് അതിന്‍റേതായ ഭംഗിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.