മണൽവഴികളിലൂടെ
text_fieldsതെളിഞ്ഞ നീലാകാശത്ത് മേഘങ്ങളെല്ലാം എവിടെയോ പോയിറമറഞ്ഞിട്ടുണ്ട്. തലക്ക് മീതെ വിശ്വരൂപം പൂണ്ട് സൂര്യൻ കത്തിയാളുന്നു. വണ്ടിയിൽ എ.സിയില്ലാത്തത് കുറച്ചൊന്നുമല്ല വലച്ചത്. താേനാട്ടിൽനിന്ന് ലോേങ്കവാല ലക്ഷ്യമാക്കി ബൊലേറൊ പതിയെ നീങ്ങാൻ തുടങ്ങി. ഥാർ മരുഭൂമിയിൽ കറുത്ത വരപോലെ റോഡ് നീണ്ടുകിടക്കുകയാണ്. അതീവ സുരക്ഷ മേഖലയായതിനാൽ റോഡിൽ നിറയെ പട്ടാള വണ്ടികൾ കാണാം. കനലെരിയുന്ന മണലിലൂടെ തലച്ചുമടായി വെള്ളം കൊണ്ടുപോകുന്ന സ്ത്രീകളും ദാരിദ്ര്യം മുറ്റിനിൽക്കുന്ന ഗ്രാമങ്ങളും ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്നു. മനസ്സുടക്കുന്ന ആ കാഴ്ചകൾ കണ്ടപ്പോൾ ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് അറിയാതെ ഒാർത്തുപോയി. ലോേങ്കവാല എത്താറായപ്പോഴേക്കും റോഡിന് അരികിലായി വലിയ കമ്പിവേലികൾ ദൃശ്യമാകാൻ തുടങ്ങി. ഒരുകാലത്ത് ആ കമ്പിവേലിക്കപ്പുറം പാക്കിസ്താനായിരുന്നുവെന്നും 1971ലെ യുദ്ധത്തിനുശേഷം ആ ഭാഗമെല്ലാം ഇന്ത്യ പിടിച്ചടക്കിയെന്നുമുള്ള ചരിത്രം ഡ്രൈവർ സമീർ ഭായിയാണ് പറഞ്ഞുതന്നത്.
നട്ടുച്ചക്കാണ് ലോേങ്കവാലയിലെത്തുന്നത്. വണ്ടിയിൽനിന്ന് പുറത്തേക്ക് കാലെടുത്ത് വെക്കുേമ്പാൾ കാലം അറിയാതെ പിന്നോട്ടുപോവുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു യുദ്ധത്തിന് സാക്ഷിയായ മണ്ണിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. 1971 ഡിസംബറിലെ മഞ്ഞുകാലം. ഇന്നത്തെ ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കൻ പാക്കിസ്താനെ സ്വതന്ത്രരാജ്യമാക്കാനുള്ള യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. ഇൗ സമയം ഇന്ത്യയെ പടിഞ്ഞാറ് ഭാഗത്തുകൂടെ ആക്രമിക്കാൻ പാക്കിസ്താൻ തീരുമാനിക്കുന്നു. അങ്ങനെ ഡിസംബർ നാലിന് അർധരാത്രി രണ്ടായിരത്തോളം പട്ടാളക്കാരും 45 യുദ്ധടാങ്കുകളുമായി പാക്കിസ്താൻ സൈന്യം അതിർത്തി ഭേദിച്ചെത്തി. വിവരമറിഞ്ഞ ഇന്ത്യൻ സൈന്യം മേജർ കുൽദീപ് സിങ്ങ് ചന്ദ്രപുരിയുടെ നേതൃത്വത്തിൽ യുദ്ധത്തിനിറങ്ങി. മണിക്കൂറുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 120 ഇന്ത്യൻ പട്ടാളക്കാർ വ്യോമസേനയുടെ സഹായത്തോടെ ശത്രുസൈന്യത്തെ ചെറുത്തുതോൽപ്പിച്ച് െഎതിഹാസിക വിജയം നേടി. യുദ്ധത്തിൽ പാക്കിസ്താെൻറ 200ഒാളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കുകയും ചെയ്തു. രണ്ട് ഇന്ത്യൻ ഭടൻമാരും ഇൗ മണ്ണിൽ വീരമൃത്യു പ്രാപിച്ചു. ഇൗ സംഭവത്തെ ആസ്പദമാക്കി 1997ൽ ജെ.പി ദത്ത സംവിധാനം ചെയ്ത 'ബാർഡർ' എന്ന ഹിന്ദി ചിത്രം കണ്ടിട്ടുള്ളവർക്ക് ലോേങ്കവാലയെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
തകരാതെ കിടന്ന പാക് യുദ്ധടാങ്കുകളും ശത്രുസൈന്യം ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും ലോേങ്കവാലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടാങ്കുകളുടെ മുന്നിൽനിന്ന് േഫാേട്ടായെടുക്കുന്ന തിരക്കിലാണ് അവിടെയെത്തിയ പട്ടാളക്കാർ. ഇതിന് സമീപത്തായി യുദ്ധസ്മാരകവും ചെറിയ ഭക്ഷണശാലയും പ്രദർശന ഹാളുമുണ്ട്. നല്ല ദാഹമുള്ളതിനാൽ ജ്യൂസും വെള്ളക്കുപ്പികളുമെല്ലാം വാങ്ങി ഡോക്യുമെൻററി കാണാൻ പ്രദർശനഹാളിൽ കയറി.
''സിന്ദഗി കാ ദൂസര നാം പ്രോബ്ലം ഹേ'' (ജീവിതത്തിെൻറ രണ്ടാമത്തെ പേര് പ്രശ്നം എന്നതാണ്). യുദ്ധസ്മാരകത്തിന് അകത്തെ ആ ചെറിയ പ്രദര്‍ശനശാലയില്‍ വലിയൊരു പോരാട്ടത്തിെൻറ അലയൊലികള്‍ മുഴങ്ങികേള്‍ക്കുന്നു. 1971ൽ നടന്ന യുദ്ധത്തെക്കുറിച്ച് സ്ക്രീനിൽ വിവരിക്കാൻ തുടങ്ങി. 'ബോർഡർ' സിനിമയിലെ രംഗങ്ങളാണ് കൂടുതലും തെളിയുന്നത്. അന്ന് യുദ്ധത്തിൽ പെങ്കടുത്തവരുടെ സംഭാഷണങ്ങളും മറ്റു ചരിത്രരേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 മിനിറ്റ് നീണ്ടുനിന്ന ഡോക്യുമെൻററി അവസാനിച്ചതോടെ ഹാളിൽനിന്ന് പുറത്തിറങ്ങി. സമീപത്തെ ബി.എസ്.എഫ് ചെക്ക്പോസ്റ്റിൽ യാത്രക്കാരുടെ പേര് വിവരങ്ങൾ നൽകി യാത്ര തുടർന്നു.
വീണ്ടും മരുഭൂമികൾ തന്നെ. പുറത്തെ കാഴ്ചകൾക്ക് വലിയ മാറ്റമൊന്നുമില്ല. ഒരു മണിക്കൂർ യാത്രക്കുശേഷം ഗൊത്താരു എന്ന ഗ്രാമത്തിൽ ഉച്ചഭക്ഷണത്തിനായി ഡ്രൈവർ വാഹനം നിർത്തി. ഏതാനും കെട്ടിടങ്ങളുള്ള ചെറിയ കവലയാണ്. ഹോട്ടലിന് മുന്നിൽ സഞ്ചാരികളുമായി വന്ന വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്. അകത്തും തിരക്കുള്ളതിനാൽ ഭക്ഷണത്തിനായി അൽപ്പം കാത്തിരിക്കേണ്ടി വന്നു. രാജസ്ഥാനി താലിയാണ് ഒാർഡർ ചെയ്തത്. ചപ്പാത്തിയും പച്ചരി ചോറും പരിപ്പുകറിയും അടങ്ങിയ ഉച്ചഭക്ഷണം കഴിച്ച് വീണ്ടും ഉൗർജം സംഭരിച്ചു.
കവലയുടെ പിറകിൽ കൃഷിയിടങ്ങളാണ്. ആ ഉൗഷര ഭൂമിയിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുകയാണ് കർഷകർ. ചെമ്മണ്ണ് വിരിച്ച പാതയിലൂടെ നടക്കാനിറങ്ങി. ഞങ്ങളെ കണ്ടതോടെ സ്ഥലമുടമ ജസ്വന്ത് ഭായ് അടുത്തേക്ക് വന്നു. ചുവന്ന തലക്കെട്ട് ധരിച്ച അദ്ദേഹത്തിെൻറ വസ്ത്രം മണ്ണിൽ കുളിച്ചിട്ടുണ്ട്. കുശലാന്വേഷണങ്ങൾക്കുശേഷം സമീപത്തെ മണ്ണുതേച്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൃഷിയും കുടുംബവിശേഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവെച്ചു. കൂടുതൽ നേരം അവിടെ ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയം അനുവദിച്ചില്ല. വീണ്ടും എവിടെവെച്ചങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് വഹനത്തിനടുത്തേക്ക് മടങ്ങി.
വൈകീട്ട് നാല് മണിയോടെ സമ്മിലെത്തി. മണൽക്കൂനകൾക്ക് നടുവിലെ നിരപ്പുള്ള സ്ഥലത്താണ് റിസോർട്ട്. ഇരുപതിനടുത്ത് ടെൻറുകളും മണ്ണുകൊണ്ടുണ്ടാക്കിയ ഏതാനും വീടുകളും അവിടെയുണ്ട്. രണ്ട് ടെൻറുകളാണ് ഞങ്ങൾക്കായി ബുക്ക് ചെയ്തിട്ടുള്ളത്. പകൽസമയം നല്ല ചൂടായതിനാൽ വൈകീട്ട് നാല് മണിക്ക് ശേഷമേ റിസോർട്ടുകൾ സജീവമാകൂ. ദീർഘയാത്ര കഴിെഞ്ഞത്തിയതിനാൽ ടെൻറിനകത്ത് കയറി അൽപ്പനേരമൊന്ന് മയങ്ങി. കുറച്ചുകഴിഞ്ഞപ്പോഴേക്കും റൂം ബോയി വന്നുവിളിക്കാൻ തുടങ്ങി. ഡെസേർട്ട് സഫാരിക്ക് പോകാനായി ജീപ്പ് റെഡിയാണെന്ന് അവൻ അറിയിച്ചു. ആവേശത്തോടെ ചാടിയെണീറ്റ് പുറത്തേക്കിറങ്ങി.
തിടേമ്പറ്റിയ കൊമ്പനെപ്പോലെ മഹീന്ദ്ര ഥാർ അവിടെ നിൽപ്പുണ്ട്. സഫാരി കൂടുതൽ ആസ്വാദ്യകരമാക്കാൻ ജീപ്പിെൻറ പിൻവശത്തെ റൂഫ് ഒഴിവാക്കിയിരിക്കുന്നു. എല്ലാവരോടും ഡ്രൈവർ പിന്നിൽ കയറാൻ പറഞ്ഞു. അന്നാട്ടുകാരനായ അബു ഭായിയാണ് വണ്ടിയോടിക്കുന്നത്. ആറടിയിലേറെ ഉയരമുള്ള ആജാനബാഹുവായ മനുഷ്യൻ. പാക്കിസ്താനികളുടേതുപോലെ വലിയ കുർത്തയാണ് വേഷം. വണ്ടിയുടെ മുന്നിൽനിന്ന് ഉച്ചത്തിൽ ഹിന്ദി ഗാനം മുഴങ്ങുന്നുണ്ട്.
ടാറിട്ട റോഡ് പിന്നിട്ട് വണ്ടി മണലിലേക്ക് പ്രവേശിച്ചതോടെ ഗിയർ ഫോർവീലിലേക്ക് മാറ്റി. അതോടെ കളി മാറി. ഥാറിെൻറ യഥാർഥ ശൗര്യം പുറത്തുവരാൻ തുടങ്ങി. ഥാർ മരുഭൂമിയിലൂടെ മഹീന്ദ്ര ഥാറിെൻറ പടയോട്ടമായിരുന്നു പിന്നെ. മണൽപ്പരപ്പിലൂടെ തലങ്ങും വിലങ്ങും വണ്ടി ചീറിപ്പായുന്നു. കയറ്റവും ഇറക്കവുമൊന്നും ഒരു പ്രശ്നവുമില്ലാെത അവൻ കീഴടക്കി. ആവേശത്തിെൻറ പരകോടിയിലായിരുന്നു ഞങ്ങൾ. ഏറെനേരത്തെ ഡ്രൈവിന് ശേഷം ആ മണൽക്കാട്ടിലെ ചായക്കടക്ക് മുമ്പിൽ വാഹനം നിർത്തി. ഇനി കുറച്ചുനേരം വിശ്രമം ആണ്. മറ്റു ജീപ്പുകളിലും ഒട്ടക സഫാരിയുമായി വന്നവരും അവിടെ ഇറങ്ങിയിട്ടുണ്ട്.
ചായ കുടിച്ചശേഷം ജീപ്പിൽ കയറി. ഡ്രൈവർ പഴയ കലാപരിപാടികൾ വീണ്ടും ആരംഭിച്ചു. വളരെ സിംപിളായിട്ടാണ് അദ്ദേഹം വണ്ടിയോടിക്കുന്നത്. വർഷങ്ങളോളം ഒട്ടക സഫാരിയായിരുന്നു അയാളുടെ ജോലി. ജീപ്പിലേക്ക് ചുവടുമാറിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. ആകാശത്ത് ചെഞ്ചായം പൂശി സൂര്യൻ അസ്തമിക്കാറിയിട്ടുണ്ട്. ഒടുവിൽ വലിയ ഒരു മണൽക്കൂനക്ക് മുകളിൽ വണ്ടി നിർത്തി. ഇനി സൂര്യാസ്തമയം കഴിഞ്ഞിേട്ട മടക്കമുള്ളൂ. ചെറിയ കുട്ടികളെപ്പോലെ ഞങ്ങൾ ആ മണൽപ്പരപ്പിൽ ഒാടിക്കളിക്കാൻ തുടങ്ങി. ഒട്ടക സഫാരിക്കാരും മറ്റു ജീപ്പുകളും ഇടക്കിടക്ക് വരുന്നുണ്ട്. ചിലർ പാരാൈഗ്ലഡിങ്ങും ആസ്വദിക്കുന്നു. ഇതിനിടയിൽ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മെല്ലെ മറയുന്നുണ്ട്. പ്രദേശമാകെ ഇരുട്ട് മൂടാൻ തുടങ്ങിയതോടെ ഥാറിലേറി റിസോർട്ടിലേക്ക് മടങ്ങി.
രാത്രി റിസോർട്ടിന് നടുവിലെ ഒാപ്പൺ സ്റ്റേജിൽ നാടൻ കലാപരിപാടികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. മറ്റു ടെൻറുകളിലുള്ളവരെല്ലാം നേരത്തെതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. മുന്നിലെ ഇരിപ്പിടത്തിൽ ഞങ്ങളും ചമ്രംപടിഞ്ഞിരുന്നു. നാടോടി ഗായകസംഘം സംഗീത ഉപകരണങ്ങളുമായി പാടാൻ തുടങ്ങി. കൂടെയുള്ള ഗ്രാമീണ യുവതികൾ നൃത്തച്ചുവടുകൾ വെക്കുന്നു. രാജസ്ഥാനി നാടോടി ഗാനങ്ങൾ മരുഭൂമിയിൽ കുളിർമഴ ചൊരിയുകയാണ്. ആ സംഗീതലഹരിയിൽ എല്ലാവരും ലയിച്ചുപോയിട്ടുണ്ട്.
ഏറെ അറിവുകളും അനുഭവങ്ങളും സമ്മാനിച്ച മറ്റൊരു യാത്രയുടെ അവസാനത്തേക്ക് അടുക്കുകയാണ്. രാവിലെ സമ്മിൽനിന്ന് ജൈസാൽമീരിലെത്തണം. വൈകുന്നേരമാണ് ഡൽഹിയിലേക്കുള്ള ട്രെയിൻ. അതുവരെ കോട്ടയും ജൈസാൽമീർ നഗരവുമൊന്ന് ചുറ്റണം. 16 മണിക്കൂർ നീളുന്ന ട്രെയിൻ യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയാൽ പിന്നെ നാട്ടിലേക്ക് വിമാനം കയറാനുള്ള സമയമാകും. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനുള്ള അവസാന രാവാണിത്. മരുഭൂമിയിലെ തണുത്ത കാറ്റേറ്റ്, നിലാവിെൻറ പ്രഭയിൽ മുങ്ങി, നക്ഷത്രങ്ങളുടെ വെളിച്ചം മുഖത്തെഴുതി ആ രാത്രി ഞങ്ങൾ അവിടം ആഘോഷമാക്കി മാറ്റി.
ട്രാവൽ ഇൻഫോ
രാജസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ജൈസാൽമീർ. ഗോൾഡൻ സിറ്റി എന്നാണ് ഥാർ മരുഭൂമിയിലെ ഇൗ മരീചികയുടെ വിളിപ്പേര്. ഡൽഹി, ജയ്പുർ, ജോധ്പുർ, ബിക്കാനീർ എന്നിവിടങ്ങളിൽനിന്നെല്ലാം ട്രെയിൻ സർവിസുണ്ട്. 275 കിലോമീറ്റർ അകലെയുള്ള ജോധ്പുരാണ് അടുത്തുള്ള എയർപോർട്ട്. തലസ്ഥാനമായ ജയ്പുർ 560 കിലോമീറ്റർ ദൂരെയാണ്. നവംബർ മുതൽ മാർച്ച് വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം. നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള സമ്മിലെ മണൽക്കൂനകൾക്കിടയിലെ (Sam sand dunes) താമസവും ജീപ്പ് സഫാരിയുമെല്ലാമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്ന പ്രധാന ഘടകം. മരുഭൂമിയിലെ ഗ്രാമീണ ജീവിതവും നഗരത്തിലെ ജനവാസമുള്ള കോട്ടയുമെല്ലാം വേറിട്ട അനുഭവമാണ് പകർന്നേകുക. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ജില്ലയായ ജൈസാൽമീരിെൻറ പടിഞ്ഞാറെ അതിർത്തി പാക്കിസ്താനാണ്. ഇൗ ഭാഗത്താണ് യുദ്ധങ്ങൾക്ക് സാക്ഷിയായ ലോേങ്കവാലയും താനോട്ടും (Longewala, Tanot) സ്ഥിതിചെയ്യുന്നത്.
(അവസാനിച്ചു)
vkshameem@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.