അതിർവരമ്പുകൾ തേടി
text_fieldsരാജസ്ഥാൻ തലസ്ഥാനമായ ജയ്പുരില്‍നിന്ന് കൂകിപ്പായാന്‍ തുടങ്ങിയ ലീലന്‍ എക്സ്പ്രസ് ജൈസാല്മീരിെൻറ മണ്ണിലത്തെുമ്പോള്‍ പുലര്‍ച്ചെ നാല് മണിയായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് പുറത്ത് തണുപ്പ് മൂര്‍ധന്യാവസ്ഥയിലായിരുന്നു. ദേഹത്തണിഞ്ഞ ജാക്കറ്റ് ഒന്നുംകൂടി വരിഞ്ഞുമുറുക്കി. പരിസരമാകെ ട്രെയിനിറങ്ങിയ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂട്ടത്തിലുള്ള സഞ്ചാരികളെ റാഞ്ചാന്‍ കഴുകന്‍മാരെപ്പോലെ ടൂര്‍ ഏജൻറുമാരും. ട്രാവല്‍ബാഗുകള്‍ ചുമന്നുനില്‍ക്കുന്ന ഞങ്ങളെ കണ്ട് മാലിക് ഭായ് അടുത്തെത്തി. കുറഞ്ഞ ചെലവില്‍ താമസം ഒപ്പിച്ചുതരാമെന്ന് പറഞ്ഞാണ് മൂപ്പരുടെ വരവ്. വിലപേശലെല്ലാം കഴിഞ്ഞ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജൈസാല്‍മീര്‍ കോട്ടക്ക് സമീപമാണ് ഹോട്ടല്‍. രണ്ട് കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ നഗരം ഉണര്‍ന്നിട്ടുപോലുമില്ല.
അന്ന് കാണാനുള്ള സ്ഥലങ്ങളെക്കുറിച്ച് മാലിക് ഭായിയുമായി ചര്‍ച്ച ചെയ്തു. കോട്ടയും കൊട്ടാരവും ക്ഷേത്രങ്ങളുമായിരുന്നു അദ്ദേഹത്തിെൻറ ലിസ്റ്റിലുള്ളത്. എന്നാല്‍ ചരിത്രങ്ങള്‍ ആലേഖനം ചെയ്ത സുന്ദരശേഷിപ്പുകളല്ല, രാജസ്ഥാെൻറ ഗ്രാമീണ ജീവിതങ്ങളും സംസ്കാരവുമെല്ലാം തൊട്ടറിയുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത്യാവശ്യം കോട്ടകളും കൊട്ടാരങ്ങളുമെല്ലാം കഴിഞ്ഞദിവസങ്ങളില്‍ കണ്ടുകഴിഞ്ഞു. ഒടുവില്‍ ആ ചര്‍ച്ച എത്തിനിന്നത് ജൈസാല്‍മീരില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ പാക്കിസ്താനോട് തൊട്ടുരുമ്മി നില്‍ക്കുന്ന അതിര്‍ത്തിഗ്രാമങ്ങളായ താനോട്ടിലും ലോങ്കേവാലയിലുമാണ്.
സമയം അഞ്ച് മണിയേ ആയിട്ടുള്ളൂ. ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തെ ആ സുവര്‍ണ നഗരിയില്‍ കിഴക്കുനിന്ന് സൂര്യന്‍ ഉദിച്ചുയരാന്‍ ഇനിയും സമയമുണ്ട്. മാലിക് ഭായിയോട് യാത്രക്കുള്ള ഏര്‍പ്പാടുകളെല്ലാം ചെയ്യാൻ പറഞ്ഞ് റൂമിലേക്ക് പോയി. ഡല്‍ഹി, അജ്മീര്‍, പുഷ്ക്കര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ നീണ്ട അലച്ചിലിനു ശേഷമാണ് ജൈസാല്‍മീരിലെത്തുന്നത്. എല്ലാവരുടെയും മുഖത്ത് നല്ല ക്ഷീണമുണ്ടെങ്കിലും ഇനിയും താണ്ടാനുള്ള ദൂരങ്ങള്‍ കൂടുതല്‍ ഊര്‍ജം നല്‍കികൊണ്ടിരുന്നു. അല്‍പ്പനേരത്തെ വിശ്രമത്തിനുശേഷം കുളിച്ച് ഫ്രഷായി. അതിർത്തിയിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള വാഹനം വരുന്നതേയുള്ളൂ. അതിനിടയില്‍ പ്രഭാത ഭക്ഷണം തേടി പുറത്തിറങ്ങി.
സൂര്യന് ഉദിച്ചുകഴിഞ്ഞിട്ടുണ്ട്. അതിെൻറ പ്രകാശമേറ്റ് ജൈസാല്‍മീര്‍ കോട്ട സ്വര്‍ണവർണത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു. സ്വർണനിറമുള്ള കല്ലുകള്‍ കൊണ്ടാണ് കോട്ടയും കെട്ടിടങ്ങളുമെല്ലാം പണിതിട്ടുള്ളത്. മണ്ണിനും നഗരത്തിനും ഒരേനിറം. ഗോമൂത്രവും ചാണകവും മണക്കുന്ന ഇടുങ്ങിയ വഴികളിലൂടെ കോട്ടയുടെ അടുത്തേക്ക് നടന്നു. അതിരാവിലെയായതിനാല്‍ കടകളെല്ലാം തുറക്കുന്നതേയുള്ളൂ. വഴിയോരത്തെ തട്ടുകട മാത്രമായിരുന്നു ഏക ആശ്രയം. അവിടെ എണ്ണയില്‍ പൊരിച്ചെടുത്ത കച്ചോരികള്‍ നിരത്തിവെച്ചിട്ടുണ്ട്. കടലപ്പൊടിയും ചെറുപയർ പരിപ്പുമാണ് കച്ചോരിയിലെ പ്രധാന ചേരുവ. നല്ല നാടന്‍ രാജസ്ഥാനി സ്റ്റൈലിലുള്ള ഭക്ഷണം കഴിച്ചതോടെ വയറും മനസ്സും നിറഞ്ഞു.
തിരിച്ചിറങ്ങുമ്പോൾ കോട്ടയില്‍നിന്ന് വാഹനങ്ങള്‍ വരുന്നതും പോകുന്നതും കാണാനിടയായി. അതിെൻറ ചരിത്രം തേടിയപ്പോഴാണ് മനസ്സിലായത്, ഇന്ത്യയില്‍ ജനവാസമുള്ള ഏക കോട്ടയാണത്രെ ജൈസാല്‍മീറിലേത്. കോട്ടക്കകത്ത് താമസിക്കുന്നവരുടെ വാഹനങ്ങളാണ് ഇൗ കാണുന്നത്. സഞ്ചാരികൾക്ക് താമസിക്കാനയി ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഇതിനകത്തുണ്ട്. കൊട്ടാരവും ജൈന ക്ഷേത്രങ്ങളുമാണ് മറ്റൊരു ആകർഷണം. ആയിരത്തിലേറെ വർഷം പഴക്കമുണ്ട് ഇൗ കോട്ടക്ക്. ഇന്നത്തെ ദിവസം ഏറെ ദൂരം സഞ്ചരിക്കാനുള്ളതിനാല്‍ അവിടെ കയറാന്‍ മെനക്കെട്ടില്ല. അടുത്തദിവസം വൈകുന്നേരമാണ് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍. അതിന് മുമ്പ് കോട്ടക്കകത്ത് കയറാമെന്ന് മനസ്സിലുറപ്പിച്ച് വന്ന വഴിയിലൂടെ തിരിച്ചുനടന്നു.
കോട്ടയുടെ ചുറ്റുമതിലിനോട് ചേര്‍ന്ന കടയില്‍ കഞ്ചാവ് (ഹിന്ദിയില്‍ ഭാംഗ് എന്ന് പറയും) വില്‍ക്കുന്നത് കണ്ടു. ലോകപ്രശസ്തമാണ് ജൈസാല്‍മീറിലെ ഭാംഗ് ഷോപ്പ്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കടയില്‍ കഞ്ചാവിെൻറ ഇലയും തണ്ടും പൊടിച്ച് വിവിധ രുചികളിലുള്ള ലെസ്സിയില്‍ ചേര്‍ത്താണ് നല്‍കുന്നത്. ഈ ലെസ്സി ജ്യൂസ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. കോട്ടയുടെ അടുത്തുനിന്ന് തിരിച്ചു റൂമിലേക്ക് നടക്കുമ്പോഴേക്കും മാര്‍ക്കറ്റിലെ കടകളെല്ലാം സജീവമായി തുടങ്ങിയിരിക്കുന്നു.
റൂമിന് മുമ്പില്‍ ഞങ്ങളെ കാത്ത് വാഹനം കിടപ്പുണ്ട്. ബാഗുകളെല്ലാം എടുത്തുവെച്ചു. ഇന്നത്തെ രാത്രി താമസം ജൈസാല്‍മീരില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സമ്മിലെ മണലാര്യണ്യത്തിലാണ്. മാലിക് ഭായി തന്നെയാണ് അവിടത്തെ താമസവും റെഡിയാക്കി തന്നത്. താനോട്ടും ലോങ്കേവാലയും ചുറ്റിക്കറങ്ങി വൈകുന്നേരമാകുമ്പോഴേക്കും സമ്മിലത്തെണം. അതുകൊണ്ടുതന്നെ ഡ്രൈവര്‍ പെട്ടന്ന് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു.
മഹീന്ദ്ര ബൊലേറോയുടെ എന്‍ജിന് ജീവൻ വെച്ചിരിക്കുന്നു. ജൈസാല്‍മീര്‍ സ്വദേശി സമീറാണ് വളയം പിടിക്കുന്നത്. നഗരവീഥികള്‍ പിന്നിട്ട് ഗ്രാമീണ പാതയിലേക്ക് പ്രവേശിച്ചു. വരണ്ടുണങ്ങി നില്‍ക്കുന്ന ഥാര്‍ മരുഭൂമിയിലൂടെ വാഹനം കുതിച്ചുപായാന്‍ തുടങ്ങി. ''മേരെ രഷ്കെ ഖമർ, മേരെ രഷ്കെ ഖമർ, തൂനെ പെഹലി നസർ...'' വണ്ടിയിലെ പാട്ടുപെട്ടിയിലൂടെ റാഹത്ത് ഫത്തേഹ് അലി ഖാനും നുസ്റത്ത് ഫത്തേഹ് അലി ഖാനും ചേർന്ന് സംഗീതം പൊഴിക്കുന്നു. യാത്രയും പ്രകൃതിയും സംഗീതവും ഒരുമിച്ച് വല്ലാത്തൊരു മാസ്മരിക ലോകം തീർക്കുകയാണ്.
കിലോമീറ്റർ ഇടവിട്ടാണ് ഗ്രാമങ്ങൾ വരുന്നത്. ഒന്നും രണ്ടും മുറികളിൽ ഒതുങ്ങുന്ന ഒറ്റനില വീടുകളാണ് എവിടെയും. ഒറ്റപ്പെട്ട കെട്ടിടങ്ങൾ വല്ലപ്പോഴും കാണാം. സ്വർണ നിറമുള്ള കല്ലുകൾ വെട്ടിയെടുക്കുന്ന ക്വാറികളും മണൽ ശേഖരിക്കുന്ന നിലങ്ങളും റോഡിെൻറ ഇരുവശത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. കല്ലും മണലുമായി വരുന്ന ലോറികൾ കാരണം അന്തരീക്ഷമാകെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്നു. കാറ്റാടിപ്പാടങ്ങളും തീറ്റതേടി പോകുന്ന ചെമ്മരിയാടുകളും വഴിേയാരത്തെ ഒട്ടകങ്ങളുമെല്ലാം ഇടക്കിടക്ക് കാഴ്ചക്ക് വിരുന്നേകുന്നു. ഇതൊന്നും കണ്ടഭാവം നടിക്കാതെ സമീർ ഭായ് ആക്സിലറേറ്ററിനോട് ഇഷ്ടം കൂടി വണ്ടി പറത്തുകയാണ്. ഇതിനിടെ റോഡ് മുറിച്ചുകടക്കുന്ന ഒട്ടകങ്ങളെ കണ്ടതോടെ അദ്ദേഹം ബ്രേക്കൊന്ന് ആഞ്ഞുചവിട്ടി.
ഒരു മണിക്കൂറായി യാത്ര തുടങ്ങിയിട്ടുണ്ട്. പാതയോരത്ത് വലിയ മണൽക്കൂനകൾ കണ്ടതോടെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എല്ലാവരും ആവേശത്തോടെ ചാടിയിറങ്ങി. കത്തിജ്വലിക്കുന്ന സൂര്യന് താഴെ ചുട്ടുപൊള്ളുന്ന മണലിലിറങ്ങി ഫോേട്ടായെല്ലാം എടുത്തു. ഞങ്ങൾ ഇറങ്ങിയതുകണ്ട് പിറകെ വന്ന പലവണ്ടികളും അവിടെ നിർത്തി. ഇതിന് അടുത്ത് തന്നെ ചെറിയ ഗ്രാമമുണ്ട്. മണ്ണ് കൊണ്ട് വൃത്താകൃതിയിലുണ്ടാക്കിയ വീടുകളാണ് അവിടെയുള്ളത്. പുല്ലുകൊണ്ടാണ് മേൽക്കൂര നിർമാണം. പകലിലെ ചൂടിനെയും രാത്രിയിലെ കൊടുംതണുപ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി ഇൗ വീടുകൾക്കുണ്ട്. വർഷത്തിൽ വല്ലപ്പോഴും മഴ ലഭിക്കുന്ന പ്രദേശങ്ങളാണിവിടം. ആവശ്യത്തിനുള്ള വെള്ളം ദൂരദിക്കുകളിൽനിന്ന് കൊണ്ടുവന്ന് അടച്ചിട്ട കിണറുകളിൽ ശേഖരിക്കുകയാണ് പതിവ്. പ്രദേശെമാന്ന് ചുറ്റിക്കറങ്ങി വീണ്ടും വണ്ടിയിൽ കയറി.
വരണ്ട മരുഭൂമി തന്നെയാണ് ജീപ്പിെൻറ ജാലകത്തിലൂടെ നിറയുന്നത്. കഴിഞ്ഞദിവസത്തെ ട്രെയിൻ യാത്ര അപ്പോൾ മനസ്സിലേക്ക് കയറിവന്നു. വൈകീട്ട് നാല് മണിയോടെയാണ് ജയ്പുരിൽനിന്ന് ട്രെയിൻ കയറുന്നത്. നഗരം പിന്നിട്ടതോടെ പച്ചപ്പിെൻറ മായിക ലോകത്തേക്ക് കൊണ്ടുപോകുന്ന കാർഷിക ഗ്രാമങ്ങൾ ദൃശ്യമാകാൻ തുടങ്ങി. നോക്കത്താദൂരത്തോളം വിശാലമായ കൃഷികൾക്കിടയിലൂടെയാണ് ട്രെയിനിെൻറ സഞ്ചാരം. ഇതിനിടയിൽ സാംബാർ തടാകം വന്നെത്തി. ഇന്ത്യയിൽ കരയാൽ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പുതടാകമാണിത്. ട്രെയിൻ പിന്നെയും മുന്നോട്ടുനീങ്ങിയതോടെ വലിയ മാർബിൾ ക്വാറികളാണ് വിരുന്നെത്തിയത്. ക്വാറികൾക്ക് ചുറ്റും സ്ഥാപിച്ച ക്രെയിനുകൾ ഉപയോഗിച്ചാണ് കൂറ്റൻ മാർബിളുകൾ പുറത്തെടുക്കുന്നത്. ഇങ്ങനെ വ്യത്യസ്തമായ കാഴ്ചകളുടെയും സംസ്കാരങ്ങളുടെയും തീരാകലവറ തന്നെയാണ് രാജസ്ഥാൻ നമുക്ക് മുന്നിൽ തുറന്നുവെച്ചിരിക്കുന്നത്.
11 മണിയായപ്പോഴേക്കും സമീർ ഭായുടെ ബൊലേറൊ, പാക്കിസ്താൻ അതിർത്തിയിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള താനോട്ടിലെത്തി. ബോർഡർ സെക്യൂരിറ്റി ഫോഴ്സിെൻറ (ബി.എസ്.എഫ്) നിയന്ത്രണത്തിലാണ് ഇൗ പ്രദേശം. ഞങ്ങളെത്തുേമ്പാൾ സഞ്ചാരികളെയും പട്ടാളക്കാരെയും കൊണ്ടുവന്ന ഏതാനും വാഹനങ്ങൾ അവിടെയുണ്ട്. താനോട്ട് മാതയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് മുഖ്യആകർഷണം. രാജസ്ഥാനിലെ അതിർത്തിയിലേക്ക് വരുന്ന ഒാരോ പട്ടാളക്കാരനും ഇൗ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 1965ൽ പാക്കിസ്താനുമായുണ്ടായ യുദ്ധത്തിൽ താനോട്ട് മാതയാണ് ഇൗ അതിർത്തി പ്രദേശത്തെ രക്ഷിച്ചതെന്ന് അവർ വിശ്വസിക്കുന്നു. ക്ഷേത്രം ലക്ഷ്യമാക്കി പാക്കിസ്താൻ നിക്ഷേപിച്ച മൂവായിരത്തോളം ഗ്രനേഡുകളും ഷെല്ലുകളുമൊന്നും പൊട്ടിയില്ലത്രെ. ആ ഷെല്ലുകളിൽ ചിലതെല്ലാം ഇന്നും ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഏകദേശം 1200 വർഷം പഴക്കമുണ്ട് ഇൗ ക്ഷേത്രത്തിന്.
ഇതിെൻറ അടുത്തായി ബി.എസ്.എഫ് ഒാഫിസും യുദ്ധസ്മാരകവും മറ്റു കെട്ടിടങ്ങളുമുണ്ട്. കടകളിൽ താനോട്ട് മാതക്ക് സമർപ്പിക്കാനുള്ള നിവേദ്യങ്ങൾ വിൽക്കാൻവെച്ചിരിക്കുന്നു. സമീപത്തെ മണൽപ്പരപ്പിലൂടെ ചെമ്മരിയാടുകൾ വരിവരിയായി വരുന്നുണ്ട്. ചെറിയ കുളത്തിലെ വെള്ളം തേടിയാണ് അവരുടെ വരവ്. ദാഹമകറ്റിയ ആടുകൾ വെയിലിൽനിന്ന് രക്ഷനേടാനായി പരസ്പരം ചേർന്നുനിന്ന് തലതാഴ്ത്തി മരുഭൂമിയിൽ നിൽക്കുന്ന കാഴ്ച ആശ്ചര്യമുളവാക്കി. ഇതിന് സമീപം തന്നെ പ്രായമായ ആട്ടിടയൻമാർ മണൽപ്പരപ്പിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
മതിവരാത്ത ആ കാഴ്ചകളെല്ലാം കണ്ട് അർധമനസ്സോടെ വീണ്ടും വണ്ടിയിൽ കയറി. ഇനിയും കാതങ്ങൾ താണ്ടാനുണ്ട്. 50 കിലോമീറ്റർ അകലെയുള്ള ലോേങ്കവാലയാണ് അടുത്ത ലക്ഷ്യം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.