കടാവോ: ശൂന്യതയുടെ ശുഭ്രശൈലങ്ങൾ
text_fieldsഹോട്ടലിന് പിന്നിലെ വലിയ മലയിൽ നിന്ന് കുത്തനെവീഴുന്ന വെള്ളച്ചാട്ടത്തിെൻറ കൂർത്ത ശബ്ദങ്ങൾ കേട്ടുകേട്ടാണ് ലാച്ചൂങിലെ ആ രാത്രിയിൽ കണ്ണടച്ചത്. രാത്രി ഇടക്കൊന്നെഴുന്നേറ്റപ്പോൾ അസാധാരണമായ എന്തോ ശബ്ദം. ഹോട്ടലിെൻറ അരികിൽ ഷീറ്റിട്ട ചെറുവീടുണ്ട്. അതിെൻറ മുകളിൽ തുടർച്ചയായി എന്തൊക്കെയോ വീഴുന്ന ശബ്ദം. പിന്നെയുറങ്ങാൻ കഴിയാത്ത വിധം കനത്തുനിന്ന ഒച്ചപ്പാട്.
മഴ പെയ്യുകയല്ല, െഎസാണ് വീഴുന്നത്. അതെ, ലാച്ചൂങിൽ മഞ്ഞുപെയ്യുകയാണ്. ആ ഇരുട്ടിൽ വാതിൽ തുറന്നുനോക്കാൻ ആഗ്രഹിച്ചെങ്കിലും കൂടെയുള്ളവരുടെ മയക്കത്തിെൻറ ഉൗക്ക് കണ്ട് വിളിച്ചുണർത്താൻ തോന്നിയില്ല. തണുപ്പ് അതിെൻറ പാരമ്യത്തിലാണ്. ശരീരത്തിൽ പക്ഷേ, അതിെൻറ എടങ്ങേറുകളൊന്നും ഇല്ല. തെർമലും അതിന് മുകളിൽ ടീ ഷർട്ടും പിന്നെയൊരു കമ്പിളി ഷർട്ടും അതിനും മുകളിൽ ജാക്കറ്റും കൈയുറയും കാലിൽ സോക്സും ധരിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇടക്ക് മൂത്രമൊഴിക്കാൻ ബാത്ത്റൂമിൽ പോയപ്പോൾ തണുപ്പിെൻറ ഭീകരത ശരിക്കും അറിഞ്ഞു. പൈപ്പിൽനിന്ന് അക്ഷരാർഥത്തിൽ െഎസ് ആണ് വീഴുന്നത്. താപനില മൈനസിൽ ആകുമെന്ന് അറിയാൻ ഗൂഗിൾ നോക്കേണ്ടതില്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിക്കണമെന്നത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ. അതിരാവിലെ എഴുന്നേൽക്കണമല്ലോ.
അത്ഭുതമെന്ന് പറയെട്ട, പതിവിന് വിപരീതമായി എല്ലാവരും ആറ് മണിയോടെ പുതപ്പുവിട്ടുണർന്നു. രാവിലെ കുളിക്കുന്ന പതിവ് രണ്ട് ദിവസമായി ഉപേക്ഷിച്ചതാണ്. പൈപ്പിൽ ചൂടുവെള്ളം ലഭ്യമാണെങ്കിലും അതിന് മെനക്കെട്ടതേയില്ല ആരും. പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ഹോട്ടലുകാർ ഒരുക്കിതന്ന പ്രാതലും കഴിച്ച് കൃത്യം ഏഴ് മണിക്ക് തന്നെ ഞങ്ങൾ യാത്ര തുടങ്ങി.
യാത്രയുടെ നാലാം ദിനം, കടാവോ ആണ് ലക്ഷ്യം. ലാച്ചൂങ് ഗ്രാമവഴികൾ ഉണർന്നിട്ടുണ്ട്. റോഡിനിരുവശവും കുറേയേറെ മരവീടുകളുണ്ട്. തണുപ്പിനെ പ്രതിരോധിക്കാൻ മരവീടുകൾക്ക് സാധിക്കുമത്രെ. തണുപ്പ് അതിശക്തമാകുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ ലാച്ചൂങും െഎസ് പുതച്ചുകിടക്കാറുണ്ട്. സാമാന്യം വലിയ ബുദ്ധ ക്ഷേത്രം ഇവിടെയുണ്ട്. ലാച്ചൂങ് തെരുവിനിടയിലൂടെ മനോഹരമായ ഒരു പുഴ ഒഴുകുന്നുണ്ട്. യുംതാങ് താഴ്വരകളിൽനിന്ന് ഉദ്ഭവിക്കുന്ന ഇൗ നദി ഒഴുകിയൊഴുകി ടീസ്റ്റയിൽ ചെന്നുചേരുകയാണ്. വെള്ളത്തിെൻറ തണുപ്പ് വിവരാണീതം. ലാച്ചൂങിൽ പുഴക്ക് ഒഴുക്കുണ്ടെങ്കിലും അൽപം കൂടി മുകളിലോട്ട് പോയാൽ വെള്ളം കാണില്ല. പുഴയും പുഴയോരവും മഞ്ഞിൽ വെള്ളപുതച്ച് മയങ്ങി കിടക്കുകയാകും.
ഹിമാലയ പാതകൾ താണ്ടി
കടാവോ പർവത നിരകളിലേക്ക് ചുരം കയറുകയാണ് ഞങ്ങൾ. ലാച്ചൂങിൽനിന്ന് 25 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 14000 അടി ഉയരത്തിലാണ് ഹിമാലയ പർവതത്തിെൻറ ഭാഗമായ കടാവോ പർവതനിരകൾ (Mount Katao). ഇന്നലെ കണ്ട മലനിരകൾക്ക് മറ്റൊരു ഭാവമാണിന്ന്. ദൂരെ മഞ്ഞുമലകൾ കാഴ്ചകളിലേക്ക് വന്നെത്തി. റോഡ് ഇടുങ്ങിയാണേലും അതി മനോഹരമാണ് യാത്ര. ഇടക്കിടെ പട്ടാള വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്.
കടാവോ ചൈനയോട് ചേർന്ന പ്രദേശമാണ്. അതിർത്തിയിലേക്ക് പരമാവധി അഞ്ച് കിലോമീറ്റർ മാത്രമാണ് ദൂരം. ഇന്ത്യയുടെയും ചൈനയുടെയും പട്ടാള സാന്നിധ്യം ശക്തമായ ഒരു പ്രദേശം കുടിയാണിത്. കടാവോ പാക്കേജിൽ പെടുന്നതല്ല. അതിെൻറ കാരണം എന്താണ് എന്ന് ടൂർ ഒാപറേറ്റർ പറയുന്നില്ല. ഞങ്ങൾ അന്വേഷിച്ച എല്ലാ ടൂർ ഒാപറേറ്റർമാരും അത് തന്നെയാണ് പറഞ്ഞതും. 3000 രൂപ ഡ്രൈവർക്ക് കൊടുത്താലേ അങ്ങോട്ട് കൊണ്ടുപോകൂ. പട്ടാള ക്യാമ്പുകൾ പലകുറി കണ്ടു. ഒരു പട്ടാള ക്യാമ്പിനരികെ ഹെലിപ്പാഡുമുണ്ട്. അടിയന്തര ഇവാക്വേഷനും സൈനിക നീക്കങ്ങൾക്കും വേണ്ടിയുള്ളതാകണം.
മഞ്ഞിൽ മേയുന്ന യാക്കിൻ പറ്റം
കുറച്ച് മുന്നോട്ട് പോയപ്പോൾ യാക്കുകൾ മേയുന്ന ഒരിടം കണ്ടു. മൂന്ന് വശങ്ങളിലും ആകാശം മുട്ടുന്ന മഞ്ഞുപർവതങ്ങൾ. മേഘങ്ങൾ അവയെ പൊതിഞ്ഞതിനാൽ മുഴുവനായി കാണാൻ കഴിയുന്നില്ല. ഒരു വശത്ത് കുറേ നീളത്തിൽ പല തരത്തിലുള്ള ബുദ്ധ പതാകകൾ. മറുവശത്ത് ചെറുതായി പച്ചപ്പുല്ലണിഞ്ഞ ഒരു പ്രദേശം. അവിടെ യാക്കുകൾ മേയുന്നുണ്ട്. വണ്ടി നിർത്തി. ഹിമാലയ പർവത നിരകളിൽ കാണപ്പെടുന്ന കാലി വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ് യാക്. െചമ്മരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു. ഹിമ മേഖലകളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്.
പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും തുകലിനും ഇറച്ചിക്കും കമ്പിളിക്കുമായി ഇവയെ വളർത്തുകയും വേട്ടയാടുകയും ചെയ്യുന്നുണ്ട്. ഇക്കാരണത്താൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവിഭാഗം ആയി ഇവ മാറിയിട്ടുണ്ട്. പണ്ട് കാലത്ത് ഹിമമേഖലകളിലൂടെയുള്ള സഞ്ചാരത്തിനും ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. ചൈനീസ് അധിനിവേശത്തെ തുടർന്ന് ദലൈലാമയും സംഘവും തിബത്തിൽനിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത് ചെമ്മരിക്കാളകളുടെ പുറത്തായിരുന്നു. പത്തോ പതിനഞ്ചോ യാക്കുകൾ ഒരുമിച്ചുണ്ട് ഇവിടെ. അടുത്തൊന്നും പക്ഷേ, ഗ്രാമങ്ങളോ ജനവാസ കേന്ദ്രങ്ങളോ കണ്ടില്ല. ദൂരെ ഒരു വീടുണ്ട്. കാലി മേയ്ക്കുന്നവർക്ക് താമസിക്കാനുള്ള ഇടമാണെന്ന് തോന്നുന്നു. കാലികളുമായി നിത്യസഞ്ചാരം നടത്തുന്ന നൊമാഡുകൾ ധാരാളം സിക്കിമിലുമുണ്ട്. അവരുടെതാവാം ഈ യാക്കിൻ പറ്റം.
മഞ്ഞുകട്ടകൾ വിഴുങ്ങിയ ഹിമാലയ മരങ്ങൾ
റോഡിെൻറ ഇരുവശത്തുമുള്ള കാഴ്ചകൾ മാറിമാറി വന്നു. റോഡരികിൽ മഞ്ഞ് കൂമ്പാരങ്ങൾ കണ്ടുതുടങ്ങി. താഴേക്കും മുകളിലേക്കുമുള്ള മലവാരങ്ങളിൽ ഇടക്കിടെ െഎസ് പതഞ്ഞ് കിടക്കുന്നത് കാണാം. മലവാരങ്ങളിൽ കാടാണെങ്കിലും ഇടതൂര്‍ന്ന വനമല്ല. ഇരുണ്ട നിറമുള്ള, ഇലകൾ കുറവുള്ള ഹിമാലയന്‍ മരങ്ങൾ. കൂടുതലും ൈപൻ മരങ്ങൾ. താഴെ കരിയിലകളില്‍ ഐസ്ക്രീം പോലെ പറ്റിയിരിക്കുന്ന മഞ്ഞ്. മരങ്ങളുടെ ഇരുണ്ട നിറവും മഞ്ഞുകട്ടകളുടെ ആകാശനിറവും ഒഴികെയൊന്നും കണ്ണിൽ പതിയുന്നില്ല. കറുപ്പും വെളുപ്പും മാത്രമുള്ള വിസ്മയത്തിെൻറ അപാരലോകം. ലക്ഷ്യസ്ഥാനത്തേക്ക് അടുത്ത്കൊണ്ടിരിക്കുന്നു എന്നതിെൻറ ലക്ഷണമായിരുന്നു അവയെല്ലാം. ഞങ്ങൾക്ക് മുന്നേ പോയ വണ്ടികളുടെ ടയറടയാളങ്ങൾ െഎസിൽ പതിഞ്ഞുകിടപ്പുണ്ട്. ഡ്രൈവർ വേഗം കുറയ്ക്കാൻ തുടങ്ങി. വണ്ടി തെന്നാൻ നല്ല സാധ്യതയുള്ളതിനാലാണത്.
വാഹനങ്ങളുടെ നീണ്ട നിര കണ്ടുതുടങ്ങി. അതിരാവിലെ തന്നെ ഇത്രയധികം സഞ്ചാരികൾ ഇവിടെയെത്തിയിരിക്കുന്നു. ചുറ്റിനും മഞ്ഞുമലകൾ മാത്രമുള്ള ഒരിടത്ത് വണ്ടി നിർത്തി. 'ഖണ്ഡ' വെള്ളച്ചാട്ടം (khanda waterfalls) എന്ന ബോർഡ് എഴുതിവെച്ചിരിക്കുന്നു. അതിനോട് ചേർന്ന് ഒരു ഇരുമ്പ് പാലവുമുണ്ട്. പാലത്തിൽ എല്ലായിടത്തെയുമെന്ന പോലെ ബഹുവർണ ബുദ്ധതോരണങ്ങളും. വെള്ളച്ചാട്ടമാണെങ്കിലും വെള്ളം പേരിന് മാത്രം. മൊത്തം െഎസായിട്ടുണ്ട്. ഇടക്ക് വെയിലിൽ മഞ്ഞുരുകിയ ഭാഗത്ത് കൂടെ മാത്രം വെള്ളം കുത്തിയൊഴുകുന്നത് രസകരമായ കാഴ്ചയാണ്. കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ സാമാന്യം വലിയ ഒരു പൈപ്പ് കണ്ടു. പൈപ്പിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം അപ്പടി തണുത്ത് കട്ടയായിരിക്കുന്നു. അത്ഭുതപ്പെടുത്തുന്ന കാഴ്ച. ഞങ്ങൾ ഇറങ്ങി നടന്നു.
മഞ്ഞ് വീഴ്ചകാരണം റോഡ് േബ്ലാക്കാണ്. മുകളിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇനിയങ്ങോട്ട് കുത്തനെയുള്ള ഹെയർപിൻ വളവുകളാണ്. അവസാന പോയിൻറിലേക്ക് ഇനിയുമുണ്ട് കിലോമീറ്ററുകൾ. കുറേയൊക്കെ നടന്ന് കയറാൻ നോക്കി. പെട്ടന്ന് കിതപ്പ് വരുന്നു. തണുത്ത കാറ്റ് വന്നുംപോയും കൊണ്ടിരിക്കുന്നു. മേഘങ്ങൾ തലങ്ങും വിലങ്ങും അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആകാശമേത്, പർവതശിഖിരമേത് എന്ന് തിരിയാത്ത വണ്ണം മേഘങ്ങളിൽ മുട്ടിനിൽക്കുകയാണ് കടാവോ. സൂര്യവെളിച്ചത്തിൽ അവയുടെ മുകുളങ്ങൾ വെട്ടിത്തിളങ്ങുന്നുണ്ട്്. അവിടമാണ് ആകാശത്തിെൻറ അതിർത്തി. ശൂന്യതയുടെ ശുഭ്രശൈലങ്ങൾക്ക് നടുവിൽ ഏകാന്തമായ ഒരിടം കണ്ടെത്തി. മഞ്ഞുമലകൾക്കിടയിൽ ഒറ്റയാനെ പോലെ മുകളിലേക്ക് നോക്കിനിൽക്കുന്ന മരക്കൊമ്പുകൾ. മഞ്ഞിൻ കൂമ്പാരം വിഴുങ്ങിയതിെൻറ നിസ്സഹായത ആ മരച്ചില്ലകളിൽ കാണാം. പലതും ഇലപൊഴിച്ചിട്ടുണ്ട്. െഎസിൽ ഉരുണ്ടും മറിഞ്ഞും കിടന്നും നേരമങ്ങനെ കുറേ സഞ്ചരിച്ചു. വാഹനം നിർത്തിയതിനും കുറേയേറെ മുകളിലാണ് ഞങ്ങൾ. സുഭാഷ് ഞങ്ങളെ തിരക്കി വന്നു. എത്രയും വേഗം മടങ്ങണമെന്നായി അയാൾ.
പൂക്കളുടെ താഴ്വാരം, യുംതാങ്
നാഥുലയും യുംതാങ് വാലിയും മാത്രമാണ് സിക്കിമിനെ കുറിച്ച് മുമ്പ് പറഞ്ഞുകേട്ട സ്ഥലങ്ങൾ. സഞ്ചാരികളുടെ സ്വർഗ ഭൂമിയെന്നാണ് യുംതാങിെൻറ വിശേഷണം. യുംതാങ് വാലിയിലേക്ക് സഞ്ചാരികളൊഴുകുന്ന സീസണിൽ അല്ല ഞങ്ങളുടെ യാത്ര. പൂക്കളുടെ താഴ്വരയാണ് യഥാർഥത്തിൽ യുംതാങ്. മലകൾക്ക് പൂക്കളുടെ നിറം മാത്രമാകുന്നത് വസന്തകാലത്താണ്. ഞങ്ങൾ പോയ സീസൺ പക്ഷേ, താഴ്വരയൊന്നാകെ മഞ്ഞ് പുതച്ചുകിടക്കുന്ന കാലമായിരുന്നു. മേയ്^ജൂൺ, സെപ്റ്റംബർ^നവംബർ കാലയളവാണ് ഇവിടുത്തെ സീസൺ. ലാച്ചൂങിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള യുംതാങ് താഴ്വര സമുദ്ര നിരപ്പിൽനിന്ന് 11,693 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഹിമാലയൻ പർവതങ്ങളാൽ ചുറ്റപ്പെട്ട പുൽമേടുകളിൽ നദി, ചൂട് നീരുറവുകൾ, യാക്കുകൾ ഉൾപെടെയുള്ള ജീവിവർഗങ്ങൾ എന്നിങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ പ്രകൃതിദത്ത വന്യജീവി സങ്കേതമാണ്. യുംതാങിലെ ലോകപ്രശസ്തമായ ചൂട് നീരുറവകളിലെ കുളി പല രോഗങ്ങൾക്കും മരുന്നാണത്രെ.
ഷിങ്ബ റോഡോഡെൻഡ്രോൺ വന്യജീവി സങ്കേതം ഇവിടെയാണ്. സംസ്ഥാന പുഷ്പം ആയ റോഡൊഡെൻഡ്രോെൻറ 24 ഇനങ്ങൾ ഇവിടെയുണ്ട്. മറ്റനേകം ജൈവ വൈവിധ്യങ്ങളും.
പൂർണമായും സൈന്യത്തിെൻറ നിയന്ത്രണത്തിലുള്ള മേഖലയാണ് ഇവിടം. ലാച്ചൂങിൽനിന്ന് ഇങ്ങോട്ടുള്ള വഴിയിൽ കണ്ട പട്ടാള ക്യാമ്പുകൾക്ക് കണക്കില്ല. ഇവിടെയൊന്നും ഫോേട്ടാഗ്രഫി അനുവദനീയവുമല്ല. സദാസമയം പട്ടാളക്കാർ കാവലിരിക്കുന്ന സൈനിക പോസ്റ്റുകൾ പലയിടത്തുമുണ്ട്. ഒരു പട്ടാള ക്യാമ്പിൽ ധാരാളം യുദ്ധ ടാങ്കുകൾ കണ്ടു. ശത്രുവിെൻറ ഏത് നീക്കത്തെയും അത്രയും വേഗത്തിൽ നേരിടാൻ തയറായി നിൽക്കുകയാണ് നമ്മുടെ രാജ്യത്തിെൻറ ചൗക്കീദാർമാർ. കടാവോയിൽ നേരിട്ട അതേ പ്രശ്നം ഇവിടെയും നേരിട്ടു. മഞ്ഞുവീഴ്ചകാരണം റോഡ് േബ്ലാക്കാണ്. ഇവിടെ ഇറങ്ങി നടക്കണം. സഞ്ചാരികൾ ഏറെയുണ്ട്. നമ്മുടെ ഷൂവിട്ട് നടക്കാൻ കഴിയില്ല. െഎസ്മലകളിലൂടെ നടക്കാൻ പാകത്തിലുള്ള ബൂട്ടും കൈയറുയും ഇവിടെനിന്ന് വാടകക്ക് കിട്ടും. 50 രൂപയാണ് ചാർജ്. അത്യാവശ്യം കഴിക്കാനുള്ള ഭക്ഷണവും മറ്റും ലഭ്യമാക്കുന്ന വഴിയോര കച്ചവടക്കാരുണ്ട് ഇവിടെ. ഏഴ് മണിക്ക് ഭക്ഷണം കഴിച്ചതാണ്. എല്ലാവർക്കും നല്ല വിശപ്പുണ്ട്. ന്യൂഡിൽസും ചായയും ഇവിടെനിന്ന് കഴിച്ച് ബൂട്ടും കൈയുറയും വാടകക്കെടുത്ത് മഞ്ഞുമലകളിലൂടെ ഞങ്ങൾ ട്രക്കിങിനിറങ്ങി. ഐസ് വാരിയും എറിഞ്ഞും കളിക്കുന്ന അനേകം പേർ. ചിലർ ഉരുണ്ട്മറിയുകയും നിലത്ത് കിടക്കുകയുമൊക്കെ ചെയ്യുന്നു.
ആനന്ദത്തിെൻറ മഹാതാഴ്വര കൂടിയായി യുംതാങ്. മാനത്തുനിന്ന് പെയ്യുന്ന മഞ്ഞിന് നേർക്ക് മുഖംവെച്ചുകൊടുക്കൽ ഹരമുള്ള പരിപാടിയാണ്. മുകളിലേക്ക് കയറുക അത്രയെളുപ്പമല്ല. കൈയിൽ ഒരു വടിയുണ്ടായിരുന്നെങ്കിൽ കുത്തിപ്പടിച്ച് കയറാമായിരുന്നു. വഴിയിലൊരു ഒരു പെണ്‍കുട്ടി ഐസുകൊണ്ട് വീട് നിർമിക്കുന്നു. വളരെ ശ്രദ്ധയോടെ സമയമെടുത്താണ് നിർമാണം. കുറേനേരം നോക്കിനിന്നു. കൈയുറയുള്ളതിനാൽ എസ്കട്ടകൾ കൈയിലെടുക്കാൻ ബുദ്ധിമുെട്ടാന്നുമില്ല. യുംതാങ് താഴ്വരയുടെ അവസാനം സീറോപോയിൻറാണ്. അവിടെനിന്ന് പിന്നെ റോഡുകളില്ല. നേരം ഉച്ചയായിരിക്കുന്നു. ഇന്ന് തന്നെ ഗാങ്ടോക്കിലേക്ക് മടങ്ങേണ്ടതുണ്ട്. നാളെ നാഥുല ചുരം കയറണം. ഞങ്ങൾ മടങ്ങി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.