പാസിർ പഞ്ചാംഗ് റോഡ്
text_fieldsഒന്ന്
വിമാനം സിംഗപ്പൂരിനോട് അടുക്കുകയായിരുന്നു. താഴെ നീലപ്പരപ്പിന് നടുവിൽ സിംഗപ്പൂർ എന്ന ദ്വീപ്. കടലിലേക്ക് തള്ളിനിൽക്കുന്ന തുറമുഖത്തിെൻറ ദൃശ്യമാണ് ആദ്യം കണ്ണിൽ പെട്ടത്. ധാരാളം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നു. ചിലത് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. അധികവും ചരക്കുകപ്പലുകളാണെന്ന് തോന്നി. കടൽപ്പരപ്പിൽ ചിലയിടങ്ങളിലായി ആഡംബരക്കപ്പലുകളും ദൃശ്യമായിരുന്നു. ഇവിടെനിന്നും ഇപ്പോൾ മുൻകാലത്തെപ്പോലെ മറ്റു രാജ്യങ്ങളിലേക്ക് യാത്രാക്കപ്പലുകൾ പോകുന്നുണ്ടാവുമോ? എസ്.എസ്. രജുല എന്ന യാത്രാക്കപ്പൽ പുറപ്പെട്ടത് ഇവിടെനിന്നായിരുന്നുവല്ലോ. തുറമുഖത്തി
െൻറ ഏതു ഭാഗത്തുനിന്നാകാം രജുല പുറപ്പെട്ടിട്ടുണ്ടാവുക? കുട്ടിക്കാലം മുതൽ എെൻറ മനസ്സിൽ ചേക്കേറിയ പേരാണ് രജുല.
തുറമുഖത്തിെൻറ വിസ്തൃതമായ തിരക്കിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കെ തൊട്ടടുത്തിരുന്ന ഭാര്യ എന്നോട് ചോദിച്ചു.
‘‘താഴെ എന്താണ് പരതിക്കൊണ്ടിരിക്കുന്നത്?’’
വളരെ പരിചിതഭാവത്തിൽ ഞാൻ പറഞ്ഞു.
‘‘എസ്.എസ്. രജുലയെ.’’
അവൾ അത്ഭുതത്തോടെ എന്നെ പകച്ചുനോക്കി. പിന്നിലിരുന്ന മകനും മരുമകളും അവളുടെ ചോദ്യത്തിെൻറ കൂടെ ചേർന്നു.
‘‘അച്ഛനെങ്ങനെയാണ് ഇവിടുത്തെ കപ്പലിനെക്കുറിച്ചറിയുന്നത്?’’
ഞാൻ തമാശയായി പറഞ്ഞു. ‘‘അതൊരു ജന്മാന്തര ബന്ധാണ്. പിന്നെ പറയാം.’’
വിമാനം കരയോട് അടുക്കുകയായിരുന്നു. ഇപ്പോൾ താഴെയുള്ള ദൃശ്യങ്ങൾ നന്നായി കാണാൻ കഴിയും. തുറമുഖത്തോട് ചേർന്നുള്ള കെട്ടിടങ്ങളും പാതകളും അവയിലൂടെ ഓടുന്ന വാഹനങ്ങളുമെല്ലാം. സമാന്തരമായി പോകുന്ന വിശാലമായ പാതകൾ. അവ കണ്ടപ്പോൾ ഞാൻ ഓർത്തു:
‘‘ഇതിൽ ഏതായിരിക്കും പാസിർ പഞ്ചാംഗ് റോഡ്?’’
ഒഴിവുകാല യാത്ര ഇങ്ങോട്ടേക്കാക്കിയത് ഒരുപക്ഷേ, ഈ ദൃശ്യങ്ങൾ കാണാൻ വേണ്ടിയായിരിക്കാം. കുട്ടിക്കാലംതൊട്ട് വളരെ പരിചിതമായ പേരുകളാണവ. എന്നെ ഏറെ മോഹിപ്പിച്ചവയും. ഒഴിവുകാലം കിട്ടിയപ്പോൾ എങ്ങോട്ടേക്ക് പോകണമെന്നാലോചിച്ചപ്പോൾ ഭാര്യയും മകനും ചേർന്ന് തീരുമാനിക്കുകയായിരുന്നു സിംഗപ്പൂരും മലേഷ്യയിലും പോകാമെന്ന്. മറ്റൊന്നും തന്നെ ചിന്തിക്കാതെ ഞാനും പെട്ടെന്നത് സമ്മതിച്ചു. ലോകത്തിൽ എവിടെയോ ഒരിടത്ത് സിംഗപ്പൂർ എന്ന ഒരിടം ഉണ്ട് എന്ന അറിവ് മാത്രമേ കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്നുള്ളൂ. മുതിർന്നപ്പോൾ അതെെൻറ ജീവിതത്തിെൻറ ഒരു ഭാഗംതന്നെയായി മാറുകയായിരുന്നു. ആ രാജ്യത്തിെൻറ പല പ്രത്യേകതകളെക്കുറിച്ചും പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. എെൻറ ഏറ്റവും പ്രിയപ്പെട്ട ഒരിടമായി സിംഗപ്പൂർ എങ്ങനെയോ രൂപാന്തരപ്പെട്ടു. അതോടൊപ്പംതന്നെയാണ് പാസിർ പഞ്ചാംഗ് റോഡും എസ്.എസ്. രജുല എന്ന കപ്പലും എെൻറ ഉള്ളിലെവിടെയോ ഏറെ ഇഷ്ടപ്പെട്ട ഒന്നായി മാറിയത്. അതുകൊണ്ടുതന്നെയാണ് ഒഴിവുകാല യാത്രയുടെ ലക്ഷ്യം സിംഗപ്പൂർ ആണെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ഞാൻ മറിച്ചൊന്നും പറയാതിരുന്നത്.
എത്രയോ വർഷം എെൻറ വിരൽതുമ്പിലൂടെ കടന്നുപോയ ഒരു പേരാണ് പാസിർ പഞ്ചാംഗ് റോഡ്. മദ്രാസ് തുറമുഖത്തെ ലക്ഷ്യമാക്കി എല്ലാ മാസവും നീങ്ങുന്ന എസ്.എസ്. രജുല എന്ന കപ്പലും അങ്ങനെത്തന്നെ. കൊച്ചി വിമാനത്താവളത്തിൽ അർധരാത്രി സിംഗപ്പൂരിലേക്കുള്ള വിമാനവും കാത്ത് പാസഞ്ചർ ലോഞ്ചിലിരിക്കുമ്പോഴൊക്കെ എെൻറ മനസ്സിലേക്ക് ഈ രണ്ടു പേരുകളും കൂടെക്കൂടെ ഉയർന്നുവന്നുകൊണ്ടിരുന്നു. പാസിർ പഞ്ചാംഗ് റോഡിൽ എവിടെയോ ഉണ്ടായിരുന്ന ഒരു ‘സി ക്ലാസ്’ സ്റ്റേഷനറിക്കടയുടെ ചിത്രവും മനസ്സിെൻറ ഓരത്ത് ദൃശ്യമായി. പറഞ്ഞുകേട്ട അനുഭവം വെച്ചാണ് ആ കടയുടെ ചിത്രം മനസ്സിൽ മെനഞ്ഞെടുത്തത്. ഏതോ ഒരു മൈതാനത്തിെൻറ ഓരത്ത് എവിടെയോ അത്രയൊന്നും ആകർഷണീയമല്ലാത്ത ഒരു കട. അവിടെ എന്തൊക്കെയാണ് വിൽപനക്കുള്ളതെന്ന് അറിയില്ല. വൈകീട്ട് മുതൽ തൊട്ടപ്പുറത്തുള്ള പ്ലൈവുഡ് ഷോറൂമിലെ ജോലി കഴിഞ്ഞുവന്ന് ജീവിത വരുമാനം വർധിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഒരു കച്ചവടമായിരുന്നു അത്. അവിടെ എന്തെല്ലാമായിരിക്കും വിൽപനക്കുണ്ടാവുക? അതു മാത്രം അയാൾ നാട്ടിലെ ആരോടും പറഞ്ഞതായി അറിവില്ല. ‘‘സിംഗപ്പൂരിൽ ഒരു സി ക്ലാസ് കട.’’ അങ്ങനെയാണ് അയാൾ പറഞ്ഞിരുന്നത്. എന്നാൽ അതു മതിയായിരുന്നു നാട്ടിൽ അയാൾക്കുള്ള മതിപ്പ് വർധിപ്പിക്കാൻ. സിംഗപ്പൂരിൽ ജോലിചെയ്യുന്നവരോട് നാട്ടുകാർക്ക് വലിയ മതിപ്പായിരുന്നു. സിംഗപ്പൂരിൽനിന്നും ഒരാൾ നാട്ടിലെത്തുന്നുണ്ടെന്നറിഞ്ഞാൽ പിന്നെ എല്ലാവരും അയാളെക്കുറിച്ച് പറയുകയായി.
എനിക്കറിയാവുന്ന ആരും അക്കാലത്ത് സിംഗപ്പൂരിൽ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു എയർമെയിലിെൻറ രൂപത്തിൽ ഒരു സിംഗപ്പൂരുകാരൻ എെൻറ മുന്നിലെത്തിപ്പെട്ടത്. ഒരു വൈകുന്നേരമായിരുന്നു അത്. വിമാനത്താവളത്തിലിരിക്കെ അന്നത്തെ വൈകുന്നേരത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ ചിത്രം എെൻറ മനസ്സിലേക്ക് കടന്നുവരുകയായിരുന്നു.
വിമാനം പുറപ്പെടാൻ വൈകുമെന്നറിഞ്ഞപ്പോൾ ലോഞ്ചിലിരിക്കുന്നവർ അക്ഷമരായി. ഡിസ്പ്ലെ ബോർഡിൽ വിമാനം പുറപ്പെടുന്ന സമയംപോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. സമയം അർധരാത്രി പിന്നിട്ടിരിക്കുകയാണ്. വിമാനം വൈകുമെന്നറിഞ്ഞപ്പോൾ ലോഞ്ചിലിരിക്കുന്ന യാത്രക്കാരിൽ അൽപം പ്രായം ചെന്ന ഒരാൾ ഉച്ചത്തിൽ പറയുന്നത് കേട്ടു: ‘‘ഇത് നമ്മ്ടെ വണ്ടിയെപ്പോലെത്തന്നെയാണെന്ന് തോന്നുന്നു. വരുന്ന സമയത്തിനൊന്നും ഒരു നിശ്ചയോല്യ.’’ കണ്ണൂർ ഉച്ചാരണമാണ് അയാൾക്കുണ്ടായിരുന്നത്. അത്തരം അന്തരീക്ഷത്തിൽപോലും പ്രതികരിക്കാൻ തയാറായ ആളുടെ നേരെ ഞാൻ ആദരവോടെ നോക്കി. പ്രായമായിട്ടുപോലും അതിനെ മറികടക്കുന്ന നല്ല കരുത്തുള്ള ഒരാൾ. ദൃഢതയുള്ള മുഖഭാവം. അയാളുടെ തോള് ചാരി ഒരു വൃദ്ധ ഉറങ്ങുന്നുണ്ടായിരുന്നു. ഭാര്യയായിരിക്കാം. അവിടെ ഇരിക്കുന്ന യാത്രക്കാരിൽ അധികവും ഞങ്ങളുടെ യാത്രാസംഘത്തിൽ പെട്ടവരാണെന്ന് തോന്നുന്നു. കേരളത്തിലെ പ്രമുഖ ടൂർ ഓപറേറ്റിങ് സ്ഥാപനങ്ങളിൽ ഒന്നാണ് ഞങ്ങളുടെ യാത്രാപരിപാടി ഒരുക്കിയിരുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന സിംഗപ്പൂർ^ മലേഷ്യൻ യാത്ര. നെറ്റിലൂടെ അതതിടത്തെ സൗകര്യങ്ങളൊരുക്കി മറ്റാരുമായും ബന്ധപ്പെടാതെ പോകാമെന്നായിരുന്നു മകൻ ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ ഞാനാണത് വിലക്കിയത്. സ്വതന്ത്രമായ ഒരു യാത്രക്ക് സൗകര്യങ്ങൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ടൂർ ഓപറേറ്റർമാർ മുഖേനയുള്ള യാത്രയാണ് നല്ലതെന്ന് ഞാൻ നിർബന്ധിച്ചത്. കുടുംബമൊന്നിച്ച് യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഇത്തരമൊന്നാണ് നല്ലത്. അങ്ങനെയാണ് ഈ യാത്രാസംഘത്തിൽ ഞങ്ങളും പെട്ടത്.
വിമാനം പുറപ്പെടുന്ന സമയം അപ്പോഴും ഡിസ്പ്ലേ ബോർഡിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. യാത്രാസംഘത്തിലേക്ക് ഞാൻ വിശദമായി ഒന്നു കണ്ണോടിച്ചു. അധികപേരും അൽപം പ്രായമായവരാണ്. മൂന്നോ നാലോ പുതുദമ്പതികളുണ്ട്. അതിൽ കുടുംബസമേതമായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടൂർ സ്ഥാപനം ഏർപ്പാടാക്കിയ ഗൈഡ് തമിഴ് വംശജനാണ്. ഇംഗ്ലീഷിലും തമിഴിലുമായി അയാൾ യാത്രക്കാരോട് ഓരോ കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു.
തൊട്ടടുത്തിരിക്കുന്ന മകൻ അവെൻറ ലാപ്ടോപ്പ് തുറന്ന് ഏതോ ചില ദൃശ്യങ്ങൾ കാണുകയാണ്. മലേഷ്യൻ യാത്ര തീരുമാനിച്ചപ്പോൾതൊട്ട് അവിടത്തെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും അവൻ ശേഖരിച്ചുവെച്ചിരുന്നു. അവൻ എപ്പോഴും അങ്ങനെയാണ്. ഏത് കാര്യത്തിലും മുൻ വിവരങ്ങൾ കഴിവതും ശേഖരിച്ചുവെച്ചിരിക്കും. ലാപ്ടോപ്പിൽ സിംഗപ്പൂരിലെ നഗരപാതകൾ പ്രത്യക്ഷപ്പെട്ടത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ഓർത്തു; അതിൽ ഏതായിരിക്കും പാസിർ പഞ്ചാംഗ് റോഡ്. അഞ്ചാറ് വർഷം ഞാൻ നിരന്തരം കത്തുകൾ എഴുതിയിരുന്ന ഒരിടം. പി. ചന്ദ്രൻ, പോസ്റ്റ് ബോക്സ് നമ്പർ 43, പാസിർ പഞ്ചാംഗ് റോഡ്, സിംഗപ്പൂർ.
എട്ടാം ക്ലാസ് കഴിഞ്ഞുള്ള ഒഴിവുകാലത്തായിരുന്നു ആ കത്തെഴുത്താരംഭിച്ചത്. കാലത്ത് മുതൽ കൂട്ടുകാരുമൊത്ത് കളിച്ചു രസിച്ച് തളർന്നിരിക്കുന്ന ഒരു വൈകുന്നേരത്താണ് കൈയിൽ ഒരു കടലാസുമായി അച്ഛൻ വീട്ടിലേക്ക് കയറിവന്നത്. ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ അച്ഛൻ രാത്രി വളരെ വൈകിയാണ് പലപ്പോഴും മടങ്ങിയെത്താറുള്ളത്. തച്ചൻകുന്നങ്ങാടിയിൽ പറമ്പ് കച്ചവടവും തേങ്ങാക്കച്ചവടവും നടത്തുന്ന തിരക്കിലായിരിക്കും അച്ഛൻ. അതെല്ലാം കഴിഞ്ഞ് സന്ധ്യയോടെ സുഹൃത്തുക്കളുടെ വീടുകളിൽ കയറി, അവിടെ ഇരുന്ന് നാട്ടുകാര്യങ്ങൾ ചർച്ച ചെയ്തിട്ടായിരിക്കും അച്ഛെൻറ വീട്ടിലേക്കുള്ള വരവ്. ഇരുട്ടിൽ, ഇടവഴിയുടെ അപ്പുറത്ത് ഓലച്ചൂട്ടിെൻറ വെളിച്ചം കണ്ടാലറിയാം അച്ഛൻ വരുന്നുണ്ടെന്ന്. പിന്നെ ഞങ്ങൾ ബഹളമടക്കി അച്ഛനെ കാത്തിരിക്കും. പതിവില്ലാതെ വൈകുന്നേരത്ത് അച്ഛൻ വീട്ടിൽ കയറി വന്നപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. അപ്പുറത്തെവിടെയോ ആയിരുന്ന അമ്മയും മറ്റെന്തോ ജോലി മാറ്റിവെച്ചു കോലായിലേക്ക് വന്നു. കൈയിലുള്ള കടലാസ് എെൻറ നേരെ നീട്ടിയിട്ട് പറഞ്ഞു:
‘‘ഈ കത്തൊന്ന് വായിക്ക്.’’
അത്തരത്തിലുള്ള ഒരു നീല കത്ത് ഞാൻ ആദ്യമായി കാണുകയായിരുന്നു. നല്ല നിറമുള്ള സ്റ്റാമ്പാണ് അതിൽ പതിച്ചിരുന്നത്. കാർഡും ഇൻലൻഡുമേ ഞാൻ മുമ്പ് കണ്ടിരുന്നുള്ളൂ. ഈ കത്ത് എവിടെനിന്നാണ്?
കത്ത് അച്ഛന് തന്നെയാണ്. മേൽവിലാസം അച്ഛേൻറത് തന്നെ. അച്ഛന് കത്തയക്കാൻ ആരാണുള്ളത്. കത്ത് മറിച്ചുനോക്കി. സിംഗപ്പൂരിൽ നിന്നാണ്. അവിടെനിന്നും അച്ഛന് ഒരു കത്ത് വന്നിരിക്കുന്നു. അയച്ചത് ഒരു ചന്ദ്രനാണ്.
‘‘നീ അതൊന്ന് പൊളിച്ചു വായിക്ക്.’’
കത്ത് തുറന്നു. അത്ര നല്ല കൈയക്ഷരമൊന്നുമായിരുന്നില്ല. വളഞ്ഞുപോകുന്ന വരികൾ.
പ്രിയപ്പെട്ട കുട്ട്യേട്ടന് എന്നാണ് തുടക്കം.
‘‘ഞാൻ ചന്തപ്പനാണ്. എെൻറ ഇവിടുത്തെ പേര് ചന്ദ്രൻ എന്നാണ്. നിങ്ങളന്ന് കല്യാണം കഴിപ്പിച്ചുതന്നതിനുശേഷം ഞാൻ സിംഗപ്പൂരിലേക്ക് പെട്ടെന്ന് മടങ്ങി. പിന്നെ ഒരു കത്തെഴുതാൻപോലും കഴിഞ്ഞില്ല. എെൻറ കാര്യം മഹാകഷ്ടമാണ്. ഞാൻ നയിച്ചുണ്ടാക്കിയ വെള്ളിയൊക്കെ ഇളയമ്മയുടെ പേരിലാണ് അയച്ചുകൊടുത്തിരുന്നത്. ഓരത് സ്വന്തം വീട് മോടിയാക്കാൻ ഉപയോഗിച്ചു. ഇപ്പോ എനിക്ക് വീടൂല്ല, സ്ഥലോം ഇല്ല. ഞാൻ ഇതുവരെ നയിച്ച പണമൊക്കെ അങ്ങനെ പോയി. എെൻറ ഓളും മോനും ഓളുടെ പൊരേലാണ്. ഞാൻ നയിച്ചുണ്ടാക്കിയ പൊരേല് താമസിക്കാൻ ഇളയമ്മയും മക്കളും ഓളെ സമ്മതിക്കുന്നില്ല. ഒരു ചെറ്റ കുത്തിമറിച്ച് ഓറെ നാട്ടിലേക്ക് കൊണ്ടുപോരണമെന്ന് ഒരുപാട് ആഗ്രഹോണ്ട്. നാട്ടിൽ എവിടെയെങ്കിലും ഒരു ചെറ്റ കുത്താനുള്ള സ്ഥലം കുട്ട്യേട്ടൻ എനിക്ക് വാങ്ങിത്തരണം. അല്ലെങ്കിൽ എനിക്ക് ഒരു ഗതി ഉണ്ടാവില്ല. വെള്ളി ഞാൻ നിങ്ങളുടെ പേരിൽ അയച്ചുതരാം.’’
കത്ത് വായിച്ചു കേട്ട് അച്ഛൻ ചിന്താധീനനായി. അമ്മ അപ്പോഴും അടുത്തുതന്നെ ഉണ്ടായിരുന്നു. ഈ കത്തിെൻറ പൊരുളെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ആരാണ് ചന്തപ്പൻ? എന്താണ് വെള്ളി?
തെല്ലിട കഴിഞ്ഞ് അച്ഛൻ പറഞ്ഞു:
‘‘ഇനിയിപ്പം ഒാെൻറ കാര്യം കൂടി ഏറ്റെടുക്കണല്ലോ.’’
അപ്പോൾ അമ്മ പ്രതികരിച്ചു.
‘‘ആ പെണ്ണിെൻറ ഒരു കഷ്ടപ്പാട്.’’
ഞാൻ അപ്പോഴും ആ കത്തും കൈയിൽ പിടിച്ച് ഒന്നും മനസ്സിലാകാതെ അവർക്കിടയിൽ അങ്ങനെ നിൽക്കുകയാണ്. പിന്നീട് അച്ഛൻ ആത്്മഗതമെന്നോണം പറഞ്ഞു:
‘‘അന്ന് ഞാൻ ആ ഉപായം പ്രയോഗിച്ചില്ലെങ്കിൽ ആ പെണ്ണിന് ഒരു ജീവിതം കിട്ടില്ലായിരുന്നു. ഓള് പെറുകയുമില്ല.’’
അച്ഛൻ എന്ത് ഉപായമാണ് കാട്ടിയത്? ചോദിക്കാൻ എനിക്ക് പേടിയായിരുന്നു. പിന്നെ പറമ്പിൽനിന്നെവിടെനിന്നോ പശുക്കളുടെ അമറൽ കേട്ട് അച്ഛെൻറ ശ്രദ്ധ അങ്ങോട്ടേക്കായി. പശുക്കൾ എന്തിനു വേണ്ടിയാണ് ഓരോതരം ശബ്ദമുണ്ടാക്കുന്നതെന്ന് അച്ഛന് നന്നായിട്ടറിയാമായിരുന്നു. പറമ്പിലേക്ക് ഇറങ്ങുന്നതിനു മുമ്പായി അച്ഛൻ എന്നോട് പറഞ്ഞു. ‘‘നാളെ കാലത്ത് അങ്ങാടിയിൽ പോയി ഒരു എയർമെയിൽ വാങ്ങണം.’’
സിംഗപ്പൂരിലേക്ക് അയക്കുന്ന കത്തായിരിക്കും എയർമെയിൽ എന്ന് ഞാൻ ഉൗഹിച്ചു. അതു വാങ്ങാൻ തപാലാപ്പീസിൽ പോകണം. അന്നുവരെ ഞാൻ തപാലാപ്പീസിൽ പോയിട്ടില്ല. പട്ടാളത്തിൽ നിന്നും വിരമിച്ച ഒരു തടിയനാണ് പോസ്റ്റ്മാഷ് എന്നും ഞാൻ കേട്ടിരുന്നു. തപാലാപ്പീസിൽ എത്തുന്ന എല്ലാവരെയും വിരട്ടുന്ന ഒരു രീതി അയാൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവിടേക്ക് പോകാൻ എനിക്ക് തെല്ല് വിഷമം തോന്നി. പിറ്റേന്ന് കാലത്ത് മഞ്ഞു പുരണ്ട വയൽപറമ്പിൽ അമർത്തിച്ചവിട്ടി, അതിെൻറ തണുപ്പാസ്വദിച്ച് തപാലാപ്പീസിലേക്ക് പോകുമ്പോഴും എെൻറ മനസ്സിൽ കിടന്ന് ചില ചോദ്യങ്ങൾ ചിലമ്പിച്ചുകൊണ്ടിരുന്നു. ആരാണ് ചന്ദ്രൻ എന്ന ചന്തപ്പൻ? എന്താണ് വെള്ളി? എന്തായിരിക്കും അച്ഛൻ ഉപയോഗിച്ച ആ ഉപായം? അതിനുള്ള മറുപടി പിന്നീട് രണ്ടു മാസം കഴിഞ്ഞാണ് കിട്ടിയത്.
പെട്ടെന്നാണ് ലോഞ്ചിൽ ഒരു ചലനം പ്രത്യക്ഷപ്പെട്ടത്. എല്ലാവരും എഴുന്നേൽക്കുന്നു. കാത്തിരിപ്പിെൻറ മടുപ്പിനെ മറികടക്കുന്ന വേഗത അവരിൽ ഉണ്ടായിരുന്നു. ഡിസ്പ്ലേ ബോർഡിൽ വിമാനംപുറപ്പെടുന്ന സമയം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഗേറ്റിലേക്ക് പോകുന്നതിന് മുമ്പെ എല്ലാവരും കേൾക്കാൻ വേണ്ടി ഗൈഡ് പറഞ്ഞു. ‘‘നാലര മണിക്കൂർ എടുക്കും സിംഗപ്പൂരിൽ എത്താൻ. സിംഗപ്പൂർ സമയം നമ്മുടെ രണ്ടു മണിക്കൂർ മുന്നിലാണ്. അതുകൊണ്ട് േബ്രക്ക്ഫാസ്റ്റും ലഞ്ചും നമുക്ക് ഒരുമിച്ചാകേണ്ടിവരും.
രണ്ട്
സിംഗപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അതിെൻറ ആഡംബരതകൾക്കപ്പുറം ശ്രദ്ധിക്കാൻ തോന്നിയത് വിമാനത്താവളത്തിെൻറ പേരാണ്. ഒട്ടും പരിചിതമല്ലാത്ത ഒരു പേര്. ചാംഗി എയർപോർട്ട്. വിമാനത്താവളത്തിന് ഏറ്റവും തൊട്ടടുത്തുള്ള ഒരു നഗരത്തിെൻറ പേരിലായിരിക്കും സാധാരണ വിമാനത്താവളം അറിയപ്പെടുക. അതല്ലെങ്കിൽ ചിലപ്പോൾ ആ നാട്ടിലെ ഒരു മഹദ് വ്യക്തിയുടെയോ പേര്. ഇവിടെ അതിൽനിന്നും വിഭിന്നമായി അറിയപ്പെടാത്ത ഒരു പേര് വിമാനത്താവളത്തിന് കൊടുത്തത് എന്തുകൊണ്ടായിരിക്കും? എന്തായിരിക്കും ഈ പേരിെൻറ അർഥം? അന്വേഷിച്ചപ്പോൾ മനസ്സിലായി വിമാനത്താവളം സ്ഥിതിചെയ്യുന്ന ഗ്രാമത്തിെൻറ പേരാണ് ചാംഗി. ഒരു വലിയ നഗരത്തിൽ പ്രൗഢഗംഭീരമായ ഒരു വിമാനത്താവളം നിർമിച്ചു. അതിന് പഴയ, അത്രയൊന്നും അറിയപ്പെടാത്ത ആ ഗ്രാമത്തിെൻറ പേര് കൊടുക്കാൻ തയാറായ ഭരണാധികാരികളുടെ വ്യതിരിക്തമായ കാഴ്ചപ്പാട് അംഗീകരിച്ചേ മതിയാവുകയുള്ളൂ. ഒരുപക്ഷേ, ദശകങ്ങൾക്ക് മുമ്പ് വെറുമൊരു മുക്കുവഗ്രാമമായിരുന്ന ഒരു ദ്വീപിനെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കേന്ദ്രമാക്കി വളർത്തിയ പ്രതിബദ്ധത ഭൂതകാലത്തെ വിസ്മരിക്കാൻ തയാറാവാത്ത സാംസ്കാരിക ബോധത്തിെൻറ തെളിവായും കാണാവുന്നതാണ്.
വിമാനത്താവളത്തിലെ സംവിധാനം പ്രൗഢി നിറഞ്ഞതായിരുന്നു. രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരതയുടെ പ്രതീകമായി വിമാനത്താവളങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തെ ഏറ്റവും മനോഹരമായ ഒരു പ്രദർശന വസ്തുവാക്കി മാറ്റാൻ രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്രയൊന്നും സമ്പന്നമല്ലാത്ത രാജ്യങ്ങൾപോലും വിമാനത്താവളത്തെ ഏറ്റവും മികച്ചതാക്കാൻ ശ്രദ്ധിക്കാറുണ്ട്. നാട്ടിലെത്തുന്നവരുടെ മനസ്സിലേക്ക് രാജ്യത്തെക്കുറിച്ചുള്ള നല്ലൊരു ചിത്രം സമ്മാനിക്കുക എന്ന താൽപര്യം കൂടിയായിരിക്കാം ധാരാളം പണം ചെലവിട്ട് പ്രൗഢിയുള്ള ഇത്തരം നിർമിതികൾക്ക് പിന്നിലെ ഉദ്ദേശ്യം. ചാംഗി വിമാനത്താവളത്തിലെ കാഴ്ചകൾ കണ്ടുനിൽക്കെ, എെൻറ മനസ്സ് എസ്.എസ്.രജുല എന്ന കപ്പലിന് പിറകെയായിരുന്നു. സിംഗപ്പൂരിലേക്ക് എന്നെങ്കിലും വരുകയാണെങ്കിൽ അത് കപ്പൽ വഴിയായിരിക്കണമെന്ന ഒരു മോഹമുണ്ടായിരുന്നു. സിംഗപ്പൂരിൽ പോകാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പോവുകയാണെങ്കിൽ മദ്രാസ് തുറമുഖത്തുനിന്നും കപ്പൽ കയറി കടൽക്കാഴ്ചകൾ കണ്ട് ഒരു യാത്ര. സിംഗപ്പൂരിലേക്ക് കത്തയക്കുന്ന ഓരോ സന്ദർഭത്തിലും കപ്പൽ യാത്രയെക്കുറിച്ചുള്ള എെൻറ ആഗ്രഹങ്ങളും വർധിക്കുകയായിരുന്നു.
വിമാനത്താവളത്തിൽനിന്നും മുക്കാൽ മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഞങ്ങൾക്കൊരുക്കിയ ഹോട്ടൽ മുറിയിലേക്ക് പോകുമ്പോഴും ഞാൻ അന്വേഷിക്കുകയായിരുന്നു, ഇവിടെ എവിടെയാണ് പാസിർ പഞ്ചാംഗ് റോഡ്? ലഗേജുകൾ മുറിയിൽ ഒതുക്കിവെച്ചു പുറത്തിറങ്ങാൻ ഭാവിക്കുമ്പോൾ ഹോട്ടലിെൻറ ഇടനാഴിയിൽവെച്ച് മലയാളത്തിൽ ആരോ ഉച്ചത്തിൽ സംസാരിക്കുന്നു. എന്താണെന്നറിയാൻ വാതിൽ തുറന്നപ്പോൾ കണ്ടത്, കഴിഞ്ഞ രാത്രി കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഉച്ചത്തിൽ സംസാരിച്ച ആളെയാണ്. കൂടെ പ്രായമായ ആ സ്ത്രീയുമുണ്ട്. ഭാര്യ തന്നെയാണ്. ഞങ്ങളുടെ കൂടെയുള്ള ഗൈഡിനോടാണ് സംസാരിക്കുന്നത്. ‘‘ആ നിലയിൽ ഒറ്റ മനുഷ്യനില്ല. ഞങ്ങള് രണ്ടാളു മാത്രം. പേടിയാവുന്നു. മുറി മാറ്റിത്തരണം.’’
എന്നാൽ ഗൈഡ് നിസ്സഹായത പ്രകടിപ്പിച്ചു. മറ്റൊരു നിലയിലും മുറി ഒഴിവില്ല. നേരത്തേ ബുക്ക് ചെയ്തുകഴിഞ്ഞതുമാണ്. അയാളുടെ പ്രതികരണമറിഞ്ഞപ്പോൾ പ്രായമായ ആളുടെ വിഷമം വർധിച്ചു.
‘‘പ്രായമായ രണ്ടുപേർ ആ നിലയിൽ ഒറ്റക്ക് കഴിയാന്ന് വെച്ചാല്? ഭാഷേം അറീല്ല, നാടുമറിയില്ല.’’
അയാളുടെ വിഷമം വളരെ ആത്്മാർഥമായിട്ടുള്ളതാണെന്ന് തോന്നി. ആദ്യമായിട്ടായിരിക്കാം അവർ ഒരു വിദേശയാത്ര നടത്തുന്നത്. സ്വാഭാവികമായും അതിെൻറ അന്ധാളിപ്പ് ഉണ്ടായിരിക്കും. അയാളുടെ വിഷമം കണ്ടപ്പോൾ, ഒന്നും പ്രതികരിക്കാതെ നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി. ഞാൻ ഗൈഡിനോട് പറഞ്ഞു:
‘‘പ്രശ്നമൊന്നുമില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടേക്ക് മാറിയേക്കാം. ഞങ്ങളുടെ മുറി അവർ എടുത്തോട്ടെ. ഈ മുറിയുടെ അപ്പുറത്തും ഇപ്പുറത്തും നമ്മുടെ ആളുകൾ ഉണ്ടല്ലോ.’’
ഗൈഡിന് അത് സ്വീകാര്യമായിരുന്നു. പ്രായമായ അവർക്കും.
പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ചാണ് ഞങ്ങൾ കഴിച്ചത്. അന്നത്തെ ദിവസം സന്ധ്യയോടടുത്താണ് നഗരക്കാഴ്ചകൾക്ക് വേണ്ടിയുള്ള സമയം മാറ്റിവെച്ചിരുന്നത്. അതുവരെ വിശ്രമിക്കാനുള്ള ഇടവേളയാണ്. ജലാൽ സ്ട്രീറ്റിലെ അക്യൂൻ ഹോട്ടലിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ഒരു ജംഗ്ഷനോട് ചേർന്നാണ് അക്യൂൻ ഹോട്ടൽ. ബാൽക്കണിയിലിരുന്ന് താഴേക്ക് നോക്കുമ്പോൾ നഗരത്തിെൻറ ചെറിയൊരു കാഴ്ച കിട്ടും. തൊട്ടുമുന്നിൽ പല റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനാണ് ഉള്ളത്. റോഡുകളിൽ നല്ല തിരക്കുണ്ടായിരുന്നു.
റോഡുകളിലൂടെ വാഹനങ്ങൾ പോകുന്നത് കാണാൻ പതിവില്ലാത്ത ഒരു ഭംഗിയുണ്ട്. ഒരിടത്തുപോലും വാഹനങ്ങൾ മറികടക്കുന്നില്ല. ഹോൺ മുഴക്കുന്നില്ല. വളരെ ക്രമപ്പെടുത്തിയ രീതിയിൽ അവയങ്ങനെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഉച്ചനേരമായിട്ട് പോലും വാഹനങ്ങളോ ആളുകളോ, അത്ര തിരക്ക് കൂട്ടുന്നില്ല. തിരക്കും ബദ്ധപ്പാടും ഉണ്ടെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെയാണ് സഞ്ചാരം. തങ്ങളുടെ ഓരോ നീക്കവും ആരോ ശ്രദ്ധിക്കുന്നുണ്ടെന്നോ രേഖപ്പെടുത്തിവെക്കുന്നുണ്ടെന്നോ ഉള്ള തോന്നലിലൂടെ വളരെ ജാഗ്രതയോടെയുള്ള ചലനങ്ങളും പ്രകടനങ്ങളും. അപ്പോഴും ചന്തപ്പേട്ടൻ എെൻറ മനസ്സിലേക്ക് കടന്നുവന്നു.
ചന്തപ്പേട്ടെൻറ പാസിർ പഞ്ചാംഗ് റോഡ് ഇതിനടുത്തെവിടെയോ ആണ്. ഞാൻ കണ്ടുകൊണ്ടിരിക്കുന്ന റോഡുകളിലൊന്ന് പാസിർ പഞ്ചാംഗ് റോഡ് ആയിരിക്കാം. രണ്ടു വർഷം കൂടുമ്പോഴാണ് ചന്തപ്പേട്ടൻ നാട്ടിൽ വരാറുള്ളത്. അപ്പോഴൊക്കെ ആവർത്തിച്ചു പറയാറുള്ള രണ്ടു വാക്കുകൾ ലിക്വാൻയു, വെള്ളി എന്നിവയായിരുന്നു. ലിക്വാൻയു സിംഗപ്പൂരിെൻറ കരുത്തനായ ഭരണാധികാരിയാണെന്നും വെള്ളി അവിടത്തെ നാണയമാണെന്നും പിന്നീട് മനസ്സിലായി. ലിക്വാൻയു സിംഗപ്പൂരിെൻറ ഭരണാധികാരിയായതോടെ നാടിെൻറ മുഖച്ഛായ തന്നെ മാറി എന്നാണ് ചന്തപ്പേട്ടൻ പറഞ്ഞത്. എല്ലാം അടുക്കും ചിട്ടയോടെയുമായിരിക്കണമെന്ന് കണിശമായി തീരുമാനിച്ച ഒരു ഭരണാധികാരി. എതിർപ്പ് കാണിക്കുന്നവരെ ബലംപ്രയോഗിച്ച് ഒതുക്കി. ചന്തപ്പേട്ടൻ സിംഗപ്പൂരിലെത്തിയിട്ട് കുറെ വർഷമായി. അന്നൊന്നും സിംഗപ്പൂർ അത്ര വലിയ ഒരു നഗരമായിരുന്നില്ല. പിന്നീട് ലിക്വാൻയു പ്രധാനമന്ത്രിയായി, ഇന്ത്യൻ വംശജനായ ദേവൻ നായർ പ്രസിഡൻറും. എന്നാൽ ലിക്വാൻയുവിനെ ദേവൻ നായർക്ക് പേടിയായിരുന്നു. ലിക്വാൻയു പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കുന്ന ഒരാൾ മാത്രമായിരുന്നു ദേവൻ നായരെന്ന് ചന്തപ്പേട്ടൻ പറയും.
ലിക്വാൻയു ഭരിച്ചുതുടങ്ങിയതോടെ സിംഗപ്പൂരിെൻറ മുഖച്ഛായ മാറാൻ തുടങ്ങി. തുറമുഖത്ത് ധാരാളം വിദേശക്കപ്പലുകൾ വന്നു. കയറ്റുമതി കൂടി. ഒരു മൊട്ടുസൂചിപോലും സ്വന്തമായി ഉണ്ടാക്കാത്ത നാടാണ് സിംഗപ്പൂർ. സ്വന്തമായി ഒന്നുംതന്നെ ഇല്ല. എന്നാൽ എല്ലാം ഉണ്ടെന്ന അവസ്ഥയിൽ സിംഗപ്പൂർ എത്തി. ഇതിനെല്ലാം കാരണം ലിക്വാൻയു ആയിരുന്നു. ലിക്വാൻയുവിനെക്കുറിച്ച് പറയുമ്പോൾ ചന്തപ്പേട്ടൻ വാചാലനാവും. വെള്ളിയുടെ കഥയും അതുതന്നെ. വെള്ളി സിംഗപ്പൂരിെൻറ നാണയമാണ്. ഒരു വെള്ളി എത്ര ഇന്ത്യൻ രൂപക്ക് തുല്യമാണെന്ന് ഇപ്പോഴും എനിക്കറിയില്ല. മുമ്പ് ഒരു ദിവസം കഴിഞ്ഞുപോകാൻ പതിനഞ്ച് വെള്ളിയെങ്കിലും വേണ്ടിവരുമായിരുന്നു. അന്ന് അത്രമാത്രം ജീവിതച്ചെലവായിരുന്നു. എന്നാൽ ലിക്വാൻയു അധികാരത്തിലെത്തിയതോടെ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിച്ചു. ഇപ്പോൾ ഏഴ് വെള്ളികൊണ്ട് സുഖമായി ജീവിച്ചുപോകാം.
ലിക്വാൻയുവിനെക്കുറിച്ചുള്ള ചന്തപ്പേട്ടെൻറ വിവരണം കേട്ടുതുടങ്ങിയതോടെ ആ ഭരണാധികാരിയോടുള്ള ആദരവ് എന്നിൽ വർധിക്കുകയായിരുന്നു. വർഷങ്ങളോളം അത് തുടരുകയും ചെയ്തു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മാറ്റങ്ങൾ ഉണ്ടാക്കാൻ ഒരു ഭരണാധികാരിക്ക് കഴിയും എന്നതിെൻറ തെളിവ് ലിക്വാൻ യു ആണെന്നായിരുന്നു മനസ്സിൽ. എന്നാൽ വർഷങ്ങൾക്ക് ശേഷം ചില പുതിയ വിവരങ്ങൾ ലഭിച്ചതോടെ ആ ധാരണ ഇല്ലാതാവുകയും ചെയ്തു. പത്രപ്രവർത്തനം ആരംഭിച്ചത് വീക്ഷണം വാരികയിലായിരുന്നു. പിന്നീട് കേരളകൗമുദി തൃശൂർ ജില്ലാ ലേഖകനായി. അതിനുശേഷം ഡെസ്ക് ചീഫായി കോഴിക്കോട്ടെത്തി. കേരളകൗമുദി പത്രാധിപ സമിതിയിൽ സ്പോർട്സ് കൈകാര്യം ചെയ്തിരുന്നത് കെ. കോയയായിരുന്നു. കോയ വെറും സ്പോർട്സ് എഡിറ്ററായിരുന്നില്ല. കാലാവസ്ഥ, സാമ്പത്തികം എന്നീ വിഷയങ്ങളിൽ നല്ല അറിവുമുള്ള വ്യക്തികൂടിയായിരുന്നു. അദ്ദേഹവുമായി അടുത്തപ്പോഴാണ് കെ. കോയ എന്ന രാഷ്്ട്രീയ പ്രവർത്തകനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. കുറേക്കാലം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിന് ശേഷമാണ് അദ്ദേഹം പത്രപ്രവർത്തനത്തിലേക്ക് മാറിയത്. ദീർഘകാലം സിംഗപ്പൂരായിരുന്നു കോയയുടെയും രാഷ്്ട്രീയ പ്രവർത്തനമേഖല. സിംഗപ്പൂരിെൻറ സ്വാതന്ത്ര്യത്തിനു വേണ്ടിയും രൂപവത്കരണത്തിന് വേണ്ടിയും പ്രവർത്തിച്ച ഒരാൾ. ലിക്വാൻയു, ദേവൻനായർ എന്നിവരുടെ സഹപ്രവർത്തകൻ. സിംഗപ്പൂർ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് കൂടിയായിരുന്നു കെ.കോയ.
ലിക്വാൻയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്തത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ വേട്ടയാടുക എന്നതായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയെ തുടച്ചുനീക്കാൻ ലിക്വാൻയു എല്ലാ തന്ത്രങ്ങളും സ്വീകരിച്ചു. ദേവൻ നായർ അതിന് കൂട്ടുനിൽക്കുകയും ചെയ്തു. കെ. കോയയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. അവിടെനിന്നും അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. ലിക്വാൻയുവിെൻറ തന്നെ ഒരു വനിതാ സുഹൃത്തിെൻറ സഹായത്തോടെ സാഹസികമായിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് കടന്നത്. ലിക്വാൻയു നല്ല ഭരണാധികാരിയാണെങ്കിലും, തികഞ്ഞ സ്വേച്ഛാധിപതിയാണെന്നാണ് കോയ അഭിപ്രായപ്പെട്ടത്. എതിരഭിപ്രായമൊന്നും വകവെച്ചുകൊടുക്കില്ല. അതൊക്കെ മുളയിലേ നുള്ളും. അതിെൻറ സാധ്യതകളും ഇല്ലാതാക്കും. അങ്ങനെ ഏകാധിപത്യത്തിലൂടെ വളർന്ന ഒരു രാജ്യമാണ് സിംഗപ്പൂർ. ലിക്വാൻയുവിെൻറ എല്ലാ തീരുമാനങ്ങൾക്കും ദേവൻ നായർ പിന്തുണ നൽകുകയും ചെയ്യും. അതല്ലാതെ അയാൾക്ക് മറ്റൊരു മാർഗവുമില്ലായിരുന്നു.
ലിക്വാൻയു പാതി ചൈനീസ് വംശജനാണ്. ദേവൻ നായർ ഇന്ത്യക്കാരനും. സിംഗപ്പൂരിൽ ചൈനീസ് വംശജർക്കാണ് ഭൂരിപക്ഷം. അതു കഴിഞ്ഞാൽ ഇന്ത്യക്കാർക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ വംശജരെ പിണക്കാൻ ലിക്വാൻയു ശ്രമിക്കില്ല. അതിനാൽ ഇന്ത്യക്കാരെ അവഗണിച്ചിരുന്നില്ല. എന്നിട്ടും കമ്യൂണിസത്തിെൻറ പേരിൽ കോയക്ക് ഒരുപാട് ദുരിതങ്ങൾ ലിക്വാൻയുവിൽ നിന്നും നേരിടേണ്ടിവന്നു. വ്യക്തി എന്ന നിലയിൽ ലിക്വാൻയുവിനെക്കുറിച്ചുള്ള ഒരു മതിപ്പും കോയക്കുണ്ടായിരുന്നില്ല. കെ. കോയ എന്ന പത്രപ്രവർത്തകൻ വർഷങ്ങളോളം പ്രവർത്തിച്ച ഒരു നാട്. നടന്നുപോയ വഴികൾ. അദ്ദേഹത്തിെൻറ പ്രവർത്തനമേഖല എവിടെയായിരുന്നെന്നും എനിക്കറിയില്ല. അറിയാവുന്നത് പാസിർ പഞ്ചാംഗ് റോഡ് ഇവിടെ എവിടെയോ ഉണ്ട് എന്നത് മാത്രമാണ്. രാത്രിയിൽ സിറ്റി മാപ്പ് നോക്കി മകൻ റോഡിനെക്കുറിച്ച് വിശദമായി പറഞ്ഞുതന്നു.
മൂന്ന്
താമസിക്കുന്ന ഹോട്ടലിൽനിന്നും പതിനാറ് കിലോമീറ്ററുകൾക്കപ്പുറത്താണ് പാസിർ പഞ്ചാംഗ് റോഡ്. സിംഗപ്പൂരിെൻറ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കോട്ടേക്ക് അത് നീണ്ടുകിടക്കുന്നു. ആ റോഡ് ഒന്നു കാണണം. ഇറങ്ങിനടക്കുകയും വേണം. എെൻറ സിംഗപ്പൂർ യാത്ര അതിന് വേണ്ടിതന്നെയാണ് എന്നും പറയാം. എന്നാൽ സിംഗപ്പൂരിലെ തിരക്കിട്ട യാത്രാപരിപാടിക്കിടെ അതിന് എളുപ്പത്തിൽ കഴിയുമെന്നും തോന്നുന്നില്ല. നാലു ദിവസമാണ് സിംഗപ്പൂരിൽ തങ്ങാൻ ഉദ്ദേശിക്കുന്നത്. അതിനിടയിലുള്ള യാത്രയെക്കുറിച്ച് ഗൈഡ് വിശദമായി പറഞ്ഞുതന്നു. ഒരിടത്തും സമയം അധികം ചെലവഴിക്കാൻ കഴിയില്ല. കൂട്ടത്തിൽ ആരെങ്കിലും ഒറ്റക്ക് പോകുന്നതിനെ ഗൈഡ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. സന്ദർശനയാത്രക്കിടെ ആരെങ്കിലും ഒരാൾ തിരിച്ചെത്താൻ വൈകിയാൽ യാത്രാപരിപാടിയെ മൊത്തമായി അതു ബാധിക്കുമെന്ന് അയാൾ മുന്നറിയിപ്പ് തന്നു. അതുകൊണ്ടുതന്നെ എെൻറ ആഗ്രഹം ഞാൻ തൽക്കാലം മാറ്റിവെച്ചു.
സിംഗപ്പൂരിൽ നിന്നും മടങ്ങുന്നതിനിടയിൽ ഏതെങ്കിലും ഒരു സന്ദർഭത്തിൽ പാസിർ പഞ്ചാംഗ് റോഡ് കാണണം. അതുവഴി അൽപം നടക്കണം.
ചന്തപ്പേട്ടന് കത്തെഴുതുന്ന സന്ദർഭങ്ങളിലൊക്കെ ഞാൻ ആവർത്തിച്ച് ഉരുവിടാറുള്ള മേൽവിലാസമായിരുന്നു
‘പി.ബി. നമ്പർ 43,
പാസിർ പഞ്ചാംഗ് റോഡ്,
സിംഗപ്പൂർ–3’.
എന്നാൽ, ഇന്ന് അങ്ങനെയൊരു മേൽവിലാസത്തെക്കുറിച്ച് ആരോടെങ്കിലും തിരക്കിയാൽ ഒരു മറുപടിയും കിട്ടില്ല. ഗൈഡിനോട് ഞാൻ വെറുതെയൊന്നു ചോദിച്ചു. റോഡ് ഉണ്ടെന്നറിയാം. മറ്റൊന്നും അറിയില്ല. ചന്തപ്പേട്ടന് കത്തെഴുതാനിരിക്കുമ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ട്, എന്തായിരിക്കും അച്ഛൻ ഉപയോഗിച്ച ആ ഉപായം? ചന്തപ്പേട്ടനുള്ള കത്ത് അച്ഛൻ എന്നെക്കൊണ്ടാണ് എഴുതിക്കാറുള്ളത്. അച്ഛൻ പറഞ്ഞുതരും. ഞാൻ എഴുതും. എഴുതിയതിന് ശേഷം അച്ഛന് വായിച്ചു കേൾപ്പിക്കണം. അതു കഴിഞ്ഞേ കത്ത് ഒട്ടിക്കാൻ സമ്മതിക്കൂ. ചോറിെൻറ മണി തേച്ചാണ് കത്ത് ഒട്ടിക്കുക. കത്ത് എഴുതുന്നതിന് മുമ്പേ ചോറിെൻറ മണിയും എടുത്തുവെക്കും. വായിച്ചുകൊടുത്താലുടനെ അച്ഛെൻറ മുന്നിൽ വെച്ച് ഒട്ടിക്കും. കാലത്ത് സ്കൂളിൽ പോവുമ്പോൾ തപാൽ പെട്ടിയിലിടണം. വർഷങ്ങളോളം ഇതായിരുന്നു എെൻറ ജോലി.
ചന്തപ്പേട്ടെൻറ ഭാര്യക്കു വേണ്ടി എന്തോ ഒരു ഉപായം പ്രയോഗിച്ചിരുന്നുവെന്ന് ആദ്യത്തെ കത്ത് കിട്ടിയപ്പോൾ അച്ഛൻ പറഞ്ഞിരുന്നുവല്ലോ? എന്തായിരിക്കും അതെന്ന് ഓരോ കത്തെഴുതുമ്പോഴും ഞാൻ ആലോചിക്കാറുണ്ട്. എന്നാൽ അതിനിടയിൽ ചോദിക്കാൻ സാധ്യമല്ല. കത്തെഴുതുന്നതിനിടയിൽ എന്തെങ്കിലും ചോദിച്ചാൽ അച്ഛന് ദേഷ്യം വരും. അതുകൊണ്ട് ഒന്നും ചോദിക്കാനും കഴിയുമായിരുന്നില്ല. ഒരിക്കൽ കത്തെഴുതുന്നതിനിടയിൽ ചെക്കോട്ടിയച്ചൻ വീട്ടിൽ വന്നു. ഇടക്കിടെ വെറ്റില മുറുക്കാൻ വേണ്ടി അയാൾ വീട്ടിൽ വരാറുണ്ട്. സന്ധ്യാനേരത്താണ് പലപ്പോഴും വരവ്. വന്നു അച്ഛനുമായി നാട്ടുകാര്യങ്ങൾ സംസാരിച്ചു, വിശദമായി വെറ്റില മുറുക്കിയാണ് പോവുക. അയാൾ പോയിക്കഴിഞ്ഞാൽ മുറ്റം നിറയെ ചുവന്ന പാടുകളായിരിക്കും. മുറുക്കിത്തുപ്പിയതിെൻറ അടയാളങ്ങൾ പോകാൻ പിറ്റേന്നു കാലത്ത് അമ്മ നന്നായി പണിയെടുക്കേണ്ടിവരും. മഴക്കാലമായാൽ അധ്വാനം കുറയും. ചെക്കോട്ടിയച്ചൻ നാട്ടിലെ തണ്ടാനായതുകൊണ്ട് അയാൾക്കെതിരെ ആരുമൊന്നും പറയില്ല. ദേശത്തിന് തണ്ടാനോട് അത്രയധികം ബഹുമാനമുണ്ടായിരുന്നു.
ചെക്കോട്ടിയച്ചൻ ചോദിച്ചു: ‘‘പതിവില്ലാതെ നീയാർക്കാണെടോ കത്തെഴുതിക്കുന്നത്?’’
കത്ത് പറഞ്ഞുതരുന്നത് നിർത്തി അച്ഛൻ ചെക്കോട്ടിയച്ചെൻറ നേരെ തിരിഞ്ഞു. എന്നിട്ടു പറഞ്ഞു: ‘‘അതൊരു വലിയ കഥയാണ് ചെക്കോട്ടിയച്ചാ. എെൻറ കുടുംബത്തിൽ പെട്ട ഒരുത്തനുണ്ട്. പേര് ചന്തപ്പൻ. ഓൻ സിംഗപ്പൂരാണ്. ഓന് കല്യാണം കഴിക്കണോന്ന് വിചാരിച്ചിട്ട് നടക്കുന്ന മട്ടില്ല. ഓന് സ്വന്തമായി അങ്ങനെയാരുമില്ല. അച്ഛെൻറ രണ്ടാമത്തെ ഭാര്യയും അതിൽ രണ്ടു മക്കളുമുണ്ട്. കല്യാണം കഴിക്കണോന്ന് വിചാരിച്ചു ഓൻ സിംഗപ്പൂരിന് വരും. ഇളയമ്മയും മക്കളും പെണ്ണിനെ കാണും. എന്നാൽ കല്യാണം നടക്കില്ല. കല്യാണം മുടക്ക്വാണെന്ന് പിന്നെ മനസ്സിലായി. കല്യാണം കഴിച്ചാൽ ഒാെൻറ വരുമാനം പോയിപ്പോകോല്ലേ. പിന്നീട് എന്നോടാരോ പറഞ്ഞു ചന്തപ്പന് ഒരു പെണ്ണ് വേണോന്ന്. ആലോചിച്ചപ്പോ എെൻറ ഓളെ വകേല് ഒരു പെണ്ണുണ്ടെന്ന് മനസ്സിലായി. അയിന് ജീവിക്കാൻ തീരെ വകയില്ല. കല്യാണം കഴിഞ്ഞാല് അയിന് കഞ്ഞിയെങ്കിലും കിട്ട്വോല്ലോ. അങ്ങനെയാ ഞാൻ ഓളെ കാണിച്ചുകൊടുത്തു. ഒന്ന് ഇഷ്ടപ്പെടുകയും ചെയ്തു. കല്യാണം കഴിഞ്ഞ് ചന്തപ്പൻ സിംഗപ്പൂരിലേക്ക് മടങ്ങി. ഓൻ പോയതിെൻറ നാലാം ദിവസം ഒാെൻറ ഇളയമ്മയും മക്കളും കൂടി, കുറെ കുറ്റ്വോം പറഞ്ഞു ഒാെൻറ ഓളെ പൊരേന്ന് പുറത്താക്കി. രണ്ടു കൊല്ലം കഴിഞ്ഞാണ് ഓള് പിന്നെ ഓനെ കാണുന്നത്. അതും ഞാൻ കാരണാണ്. ഞാൻ ഒരിടത്ത് തേങ്ങ വാങ്ങാൻ പോയപ്പഴ് അതിനടുത്തുവെച്ച് സിംഗപ്പൂരിന് വരുന്ന ഒരു മാപ്പിളയെ കണ്ടു. അയാള് പറഞ്ഞു, നിെൻറ സംബന്ധക്കാരനും എന്നോടൊപ്പം നാട്ടിലേക്കുള്ള കപ്പലിലുണ്ടായിനും. കപ്പലിന് ഓൻ ഇറങ്ങാൻ വൈക്യേത് കാരണം ഞാൻ വേഗമിങ്ങു പോന്നു. ഓൻ ചിലപ്പോൾ നാളെയോ മറ്റന്നാളോ ഇവിടെയെത്തും. അതു കേട്ടപ്പോളാണ് ഉള്ളിലൊരു വെളിച്ചം പാഞ്ഞത്. ചന്തപ്പൻ പൊരേല് എത്തുന്നേരം ഒാെൻറ ഓളവിടെ വേണം. ഓളുണ്ടെങ്കില് ഇളേമ്മക്കും മക്കൾക്കും ഓളെപ്പറ്റി ഇല്ലാക്കഥ പറഞ്ഞുകൊടുക്കാൻ പറ്റൂലാല്ലോ. ഞാനൊരുത്തനെ വിട്ടു ആ പെണ്ണിനെ വിളിപ്പിച്ചു ഒാെൻറ പൊരേലാക്കി. ഇളയമ്മയും മക്കളും എന്തു പറഞ്ഞാലും പൊരേന്ന് ഇറങ്ങരുതെന്ന് ഓളെ പഠിപ്പിക്കുകയും ചെയ്തു. ഓൻ വരുന്നേരം ഓളവിടെ ഉണ്ടായിരുന്നു. ആ വരുത്തില് ഓക്ക് കെർപ്പായി. ഇപ്പോ ഓക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഓന് നാട്ടില് ഒരു പൊരയും പറമ്പും വാങ്ങണോന്ന് എനിക്ക് കത്തെഴുതിയിരുന്നു. ഓനാ ആ കത്തെഴുതുന്നത്.’’
അച്ഛൻ അഭിമാനത്തോടെ ചെക്കോട്ടിയച്ചെൻറ മുഖത്തേക്ക് നോക്കി. അയാൾ അത് അംഗീകരിക്കുന്ന മട്ടിൽ വെറ്റിലച്ചാർ നിറഞ്ഞ വായ കുലുക്കിക്കൊണ്ട് ഉച്ചത്തിൽ ചിരിച്ചു. അച്ഛെൻറ ബുദ്ധിയിൽ എനിക്കും മതിപ്പ് തോന്നി. വിദ്യാഭ്യാസം കാര്യമായിട്ടൊന്നുമില്ലെങ്കിലും ബുദ്ധിയുടെ കാര്യത്തിൽ അച്ഛൻ വളരെ മുന്നിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. അച്ഛൻ കണക്കുകളൊന്നും അങ്ങനെ എഴുതിവെക്കാറില്ല. എല്ലാം മനസ്സിലാണ്. പെട്ടെന്ന് കണക്കുകൂട്ടി ഉത്തരം പറയും. അതുപോലെയാണ് തീയതികളും. മലയാള മാസവും വർഷവുമാണ് അച്ഛെൻറ മനസ്സിലുള്ളത്. 1114 ചിങ്ങം 24, 1123 വൃശ്ചികം 13 ഇങ്ങനെയാണ് അച്ഛൻ സംഭവങ്ങളും തീയതികളും ഓർമിച്ചെടുക്കാറുള്ളത്. ഒന്നിനും ഒരു പിശകുണ്ടാവില്ല.
കത്തെഴുതി തീർന്നശേഷം അത് വായിക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ചെക്കോട്ടിയച്ചൻ പോയിരുന്നു. കത്തിെൻറ ഒടുവിൽ എന്ന് കുട്ട്യേട്ടൻ എന്നുകൂടി എഴുതിച്ചേർക്കണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. കാലത്തുതന്നെ തപാലാപ്പീസിൽ പോയി കത്തിടണമെന്നും പറഞ്ഞു. അതു കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച നീണ്ട ഒരു കണക്കുപുസ്തകവുമായിട്ടാണ് അച്ഛൻ അങ്ങാടിയിൽ നിന്നും വന്നത്. രാത്രി സമയമായിരുന്നു അത്. മണ്ണെണ്ണവിളക്കിെൻറ മുന്നിൽ കുത്തിയിരുന്നുകൊണ്ട് ഏതോ പാഠപുസ്തകം വായിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ അച്ഛൻ എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു. പുസ്തകത്തിെൻറ ഒന്നാം പേജിൽ ‘ചന്തപ്പെൻറ കണക്ക്’ എന്നെഴുതാൻ ആ പേജിൽ നീളത്തിൽ മൂന്നു വര വരക്കാൻ പറഞ്ഞു. സ്കെയിൽ വെച്ചു ഞാനതു വരച്ചു. ഒരു കോളത്തിൽ ‘വരവ് ക’ എന്നും മറ്റൊരു കോളത്തിൽ ‘ചെലവ് ക’ എന്നും എഴുതാൻ പറഞ്ഞു. അച്ഛൻ പറഞ്ഞതുപോലെ എല്ലാം എഴുതി. എനിക്കൊന്നും മനസ്സിലാവുന്നില്ല. അച്ഛൻ വളരെ ഗൗരവത്തിലായിരുന്നു. അതുകൊണ്ട് ചോദിക്കാനും തോന്നിയില്ല. പിന്നെ കുറെ ദിവസം കഴിഞ്ഞതിനുശേഷം ഒരു വൈകുന്നേരം അച്ഛൻ വീട്ടിലേക്ക് കയറിവന്നു. എന്നിട്ട് നീണ്ട പുസ്തകമെടുക്കാൻ ആവശ്യപ്പെട്ടു. പുസ്തകത്തിെൻറ സൂക്ഷിപ്പുകാരൻ ഞാനായതുകൊണ്ട് അത് എവിടെയാണ് വെച്ചതെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഓടിച്ചെന്ന് തെക്കേമുറിയിലെ മരപ്പെട്ടിയിൽനിന്നും പുസ്തകമെടുത്തുകൊണ്ടുവന്നു. അച്ഛൻ പറഞ്ഞു: വരവ് ക കോളത്തിെൻറ കീഴെ ചന്തപ്പൻ നാലായിരം എന്ന്. അപ്പോഴും എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് പേടിയായിരുന്നുവല്ലോ. നാലായിരം രൂപയായിരിക്കും ചന്തപ്പേട്ടെൻറ വരവെന്ന് അനുമാനിച്ചു. നാലായിരം രൂപ അച്ഛന് എങ്ങനെ കിട്ടി? ആര് എത്തിച്ചുകൊടുത്തു. മണിയോർഡർ വഴി പണം കിട്ടുമെന്ന് അറിയാമായിരുന്നു. നൂറിൽ കൂടുതൽ രൂപ ആർക്കും മണിയോർഡർ വഴി വരുന്നത് ഞാൻ കണ്ടിട്ടില്ല. നാലായിരം രൂപ മണിയോർഡർ വഴി വരുമോ? എനിക്ക് സംശയമായിരുന്നു. അത് മാറിയത് വർഷങ്ങൾ കഴിഞ്ഞാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.