മഴയും മഞ്ഞും വീണുതുടങ്ങി; അപ്പോൾ എങ്ങെനയാ, പോരുവല്ലേ കാല്‍വരി മൗണ്ടിലേക്ക്
text_fieldsഈ മലഞ്ചെരുവിലെ മഞ്ഞില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരം കുറച്ചായി. കഴിഞ്ഞ വേനലിലെ സന്ദര്‍ശനത്തില്‍ ആ താഴ്വാരത്ത് കാടുകളെ ദ്വീപ സമൂഹങ്ങളായി മാറ്റി, അവക്കിടയിലൂടെ നിശ്ശബ്ദമായി ഒഴുകുന്ന നീല ജലാശയത്തിെൻറ മനോഹര ദ്യശ്യമുണ്ടായിരുന്നു.
മഴയിലും മഞ്ഞിലും കാഴ്ച അതിനേക്കാൾ സുന്ദരമായിരിക്കുമെന്ന് സുഹ്യത്ത് പറഞ്ഞതനുസരിച്ചാണ് വീണ്ടുമെത്തിയത്. കോടമഞ്ഞ് ദൃശ്യത്തെ എവിടെയൊ ഒളിപ്പിച്ചിരിക്കുന്നു. സമയം പതിഞ്ഞ താളത്തില്‍ മുന്നോട്ടുപോകുന്നു. നൂല്‍ മഴയെയും മലമുകളില്‍നിന്ന് കാതടപ്പിച്ചുകൊണ്ട് വീശുന്ന കാറ്റിനെയും എതിരിട്ട് ഞാന്‍ കാത്തുനിന്നു.
അനവധി സഞ്ചാരികള്‍ കുന്നിന്‍ചെരുവിലെ പാറക്കൂട്ടങ്ങളിലും സമീപത്തെ നടപ്പാതയിലും തമ്പടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കല്യാണതണ്ട് സന്ദർശകര്‍ക്കായി സ്വര്‍ഗ്ഗസൗന്ദര്യം തീര്‍ക്കുന്നത്. കാല്‍വരി മൗണ്ട് അഥവാ കല്യാണതണ്ട് കേരള ടൂറിസം ഭൂപടത്തില്‍ സുപ്രധാന ഇടം നേടിയിട്ട് ഏറെ വര്‍ഷങ്ങളായിട്ടില്ല.
ഇടുക്കി ജില്ലയിലെ ചെറുതോണിയില്‍നിന്ന് 13 കിലോമീറ്റര്‍ അകലെ കാൽവരി മൗണ്ടിലാണ് കല്യാണതണ്ട് പിക്‌നിക് പോയൻറ്. കാൽവരി മൗണ്ട് ജങ്ങ്ഷനിലെ തങ്കമണി സർവിസ് സഹകരണ ബാങ്കില്‍നിന്നും പൈനാവിലേക്ക് പോകുന്ന റോഡിെൻറ ഇടത് വശത്തായി ഇറക്കമിറങ്ങി കുറച്ച് മുന്നോട്ട് ചെല്ലുമ്പോള്‍ മുകളിലേക്ക് വീതികുറഞ്ഞ കോണ്‍ക്രീറ്റ് പാത. സമീപം വെള്ള പെയിൻറ് അടിച്ച ചെറിയൊരു കുരിശ് നാട്ടിയിരിക്കുന്നത് കാണാം. ഒരു കാറിന് കയറാന്‍ പാകത്തിലെ റോഡ്.
കയറ്റവും ഇറക്കവുമായി ഇടക്ക് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ഒരു കിലോമീറ്റര്‍ മുകളിലേക്ക് സഞ്ചരിച്ചാല്‍ കാല്‍വരിമൗണ്ട് വ്യൂ പോയിൻറിെൻറ പ്രവേശന കവാടത്തിലെത്താം. ഇതിന് സമീപവും ഒരു വെള്ള കുരിശ് നാട്ടിയിട്ടുണ്ട്. തീർഥാടന കേന്ദ്രമായ കുരിശ് മലയിലേക്ക് കയറുന്നതും ഇവിടെ നിന്നുമാണ്. വാലി ഓഫ് വണ്ടേഴ്സ് എന്ന ബോർഡാണ് നമ്മെ അകത്തേക്ക് ക്ഷണിക്കുക.
അദ്ഭുതങ്ങളുടെ താഴ്വര
പ്രവേശന കവാടത്തിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ടൂ വീലര്‍ ഒതുക്കിവെച്ച് ടിക്കറ്റെടുത്ത് ഞാന്‍ അദ്ഭുതങ്ങളുടെ താഴ്വരയിലേക്ക് പ്രവേശിച്ചു. തുലാമഴ ശക്തമായതു കൊണ്ട് റെയിന്‍ കോട്ട് ധരിച്ചാണ് കയറിയത്. മലമുകളില്‍ സഞ്ചാരികളുടെ കാൽപ്പാതങ്ങള്‍ പതിഞ്ഞ് രൂപംകൊണ്ട നടപ്പാതയിലൂടെ ഓരം ചേര്‍ന്ന് പടിഞ്ഞാറേക്ക് പതുക്കെ നടന്ന് തുടങ്ങി. ആഴ്ചകളായി തുടരുന്ന മഴ നടപ്പാതയാകെ പുല്ല് മൂടി അവ്യക്തമാക്കിയിരിക്കുന്നു. വലത് വശത്ത് നീളത്തില്‍ പച്ചപ്പുല്ലിെൻറ നിറത്തില്‍ കമ്പിവേലി മുകള്‍തലം വരെ പിക്‌നിക് പോയിൻറ് അതിര് തിരിച്ചിരിക്കുന്നു.
വേലിക്കപ്പുറം പാതയോരം ചേര്‍ന്ന് റിസോര്‍ട്ടുകള്‍ നിരനിരയായി മലമുകളിലേക്ക് നില്‍ക്കുന്നത് കാണാം. റിസോര്‍ട്ടുകളെ പരസ്പരം വേര്‍ത്തിരിച്ചുകൊണ്ട് ഇളംപച്ച നിറത്തില്‍ മഞ്ഞണിഞ്ഞ തേയില ചെടികള്‍. വെള്ള ചായം പൂശിയ റിസോര്‍ട്ടുകള്‍ മഞ്ഞിനിടയില്‍ ഒളിഞ്ഞിരിക്കുന്ന കാഴ്ച കൗതുകം പകരുന്നത് തന്നെ. തേയിലച്ചെടികളെ വെട്ടിത്തെളിച്ച് പണികഴിപ്പിച്ച പുതിയ റിസോര്‍ട്ടുകള്‍ കാല്‍വരി മൗണ്ട് പിക്‌നിക് സ്പോട്ടിെൻറ പ്രധാന്യം കേരള ടൂറിസം ഭൂപടത്തില്‍ വരച്ചിടും.
കോടമഞ്ഞ് സൂര്യനെ പൂര്‍ണമായും ഒളിപ്പിച്ചിരിക്കുന്നു. മഞ്ഞിനിടയിലൂടെ ഒരു ചന്ദ്ര ബിംബം പോലെ സൂര്യന്‍. കുന്നിന്‍ െചരുവിലെ പുല്ലുകളെ മെതിച്ചുകൊണ്ട് പശുക്കള്‍ മേഞ്ഞ് നടക്കുന്നു. ഇടതടവില്ലാതെ പെയ്ത് കൊണ്ടിരിക്കുന്ന മഴയില്‍നിന്നും രക്ഷനേടാൻ മഞ്ഞ പ്ലാസ്റ്റിക് കവര്‍ വെട്ടി വസ്ത്രമാക്കിയ ഒരുവന്‍ ശബ്ദമുണ്ടാക്കി അവയെ നിയന്ത്രിച്ച് കടന്നുവരുന്നു. പിക്‌നിക് പോയൻറിലെ അതിര്‍ത്തി പിന്നിട്ട് ഞാന്‍ മുന്നോട്ട് നടന്നുകൊണ്ടിരുന്നു. മഞ്ഞു പുതച്ച പച്ചപ്പില്‍ കാലികളും മേച്ചില്‍കാരനും മനസ്സിലെ ഓര്‍മ പുസ്തകത്തില്‍ മനോഹര ചിത്രമായി.
കാത്തിരുന്ന കാഴ്ച അരികിലെത്തുേമ്പാൾ
പൊടിമഞ്ഞ് കുറഞ്ഞു. മഴ നിന്നിരിക്കുന്നു. തെളിഞ്ഞ് കണ്ട കരിമ്പാറയുടെ അറ്റത്തായി ഞാന്‍ ഇരിപ്പിടം പിടിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് മലമുകളില്‍നിന്ന് ആഞ്ഞ് വീശിയ കാറ്റ് മഞ്ഞിെൻറ മൂടുപടത്തെ നിശേഷമില്ലാതാക്കി. കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളെ സാക്ഷിയാക്കി കണ്ണെത്താ ദൂരത്തോളം മഞ്ഞിന്‍ തലപ്പാവ് മൂടിയ മലനിരകള്‍ നിരന്നു. അടിവാരത്തായി മലനിരകളെ ദ്വീപ സമൂഹങ്ങളാക്കി ഒഴുകുന്ന ജലാശയം.
700 അടിയോളം താഴ്ചയില്‍ ഇടുക്കി ഡാമിെൻറ ജലശേഖരം ചിത്രകാരെൻറ കാന്‍വാസിലെ നിശ്ചലദൃശ്യം പോലെ കാണാം. മലകള്‍ക്ക് അരികുവശം ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ജലാശയം, പച്ചിലകള്‍ മൂടിയ ഘോരവനത്തെ തഴുകി ഒഴുകുന്നതിനാലാവണം പച്ചനിറം പ്രതിഫലിപ്പിക്കുന്നു.
കോട മഞ്ഞ് വീണ്ടും എന്നെ നിരാശനാക്കി കൊണ്ട് പ്രവേശനം ചെയ്തു. പടിഞ്ഞാറെ മലെഞ്ചരിവിെൻറ അറ്റം ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു. സൗഹൃദം പങ്കിട്ടുകൊണ്ട് സഞ്ചാരികള്‍ ഒരിക്കല്‍ കൂടി ആ കാഴ്ച കാണാന്‍ ഇമവെട്ടതെ കാത്തുനിന്നു. മുന്നോട്ട് പോകുംതോറും മലക്ക് വിസ്താരം കുറഞ്ഞുവരുന്നു. മലഞ്ചരുവിലെ ചെറിയ കുന്നിന്‍ മുകളില്‍ മങ്ങിയ നിറത്തില്‍ ഒരു റിസോര്‍ട്ട് തേയില തോട്ടത്താല്‍ വലയം ചെയ്തിരിക്കുന്നു.
അവിടെ അവസാനിക്കുമോ കാല്‍വരി മൗണ്ട് ജല ശേഖരം... ഇല്ല, അത് കാഴ്ചക്കപ്പുറം നീണ്ടുപോകുന്നു. ഈ റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ കാല്‍വരി മൗണ്ട് സമ്മാനിക്കുന്ന പകരംവെക്കാത്ത കാഴ്ചയില്‍ ഒപ്പുവെച്ച് മടങ്ങുമെന്നുറപ്പ്. കാഴ്ചയുടെ അറ്റം അന്വേഷിക്കുന്ന സഞ്ചാരിക്കായാണ് അവ ഒരുങ്ങിയിരിക്കുന്നത്.
ചരലില്‍ ശബ്ദമുണ്ടാക്കി നിരനിരയായി മല ഇറങ്ങുന്ന ബുള്ളറ്റുകള്‍, കാല്‍വരി മൗണ്ട് പകര്‍ന്ന് നല്‍കിയ ആനന്ദത്തില്‍ കൂകിവിളിക്കുന്ന യുവാക്കള്‍, ആ സുന്ദര നിമിഷം ഒരിക്കല്‍ കൂടി കാണാന്‍ കാത്തുനില്‍ക്കുന്ന കമിതാക്കള്‍, കുടുംബ സമേതം എത്തികൊണ്ടിരിക്കുന്ന സഞ്ചാരികള്‍, മഞ്ഞ് തുള്ളികള്‍ പൊഴിക്കുന്ന കൊങ്ങിണി ചെടികള്‍...
സമയം അഞ്ച് മണി കഴിഞ്ഞു. രാവിലെ മുതലുള്ള കാത്ത് നില്‍പ്പിനൊടുവില്‍ രണ്ടുതവണ പ്രകൃതിയുടെ ദ്യശ്യ വിസ്മയം കണ്ടു. ഇനി മടങ്ങാം. വേനലില്‍ കണ്ണിനെയും മഞ്ഞില്‍ മനസ്സിനെയും കുളിരണിയിച്ചിരിക്കുന്നു കാല്‍വരി മൗണ്ട്.
Travel Info
സമുദ്ര നിരപ്പില്‍നിന്നും ഏകദേശം 2600 അടി ഉയരത്തിലാണ് കാല്‍വരി മൗണ്ട് സ്ഥിതിചെയ്യുന്നത്. കേരള വനം വന്യജീവി വകുപ്പിെൻറ കീഴിലെ അയ്യപ്പന്‍ കോവില്‍ റേഞ്ചില്‍ ഉള്‍പ്പെട്ട കാല്‍വരി മൗണ്ട്, ഇടുക്കി ഡാം പണി കഴിപ്പിച്ചതോടെ അതിെൻറ ജലശേഖര ഭാഗമായി മാറി. ഇവിടെനിന്ന് 700 അടി താഴ്ചയില്‍ ഇടുക്കി ഡാമിെൻറ റിസര്‍വേയറാണ് കാഴ്ച. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ജലാസംഭരണി പെരിയാറിലെ വെള്ളം സംഭരിക്കുന്നു. ഇത് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉൽപ്പാദനത്തിനാണ് ഉപയോഗിക്കുന്നത്.2020 ജനുവരി ഒന്ന് മുതല്‍ 31 വരെ നീണ്ടുനിന്ന കല്യാണതണ്ട് ടൂറിസം ഫെസ്റ്റ് വിനോദ സഞ്ചാരികളെ ആകര്‍ഷികത്തതായിരുന്നു. സന്ദര്‍ശകര്‍ക്ക് 20 രൂപ ടിക്കറ്റില്‍ ഈ പിക്‌നിക് സ്‌പോട്ട് കാണാം. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കാല്‍വരി മൗണ്ട് അതിെൻറ വശ്യസൗന്ദര്യം സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്.
ചെറുതോണിയില്‍നിന്ന് 13 കിലോമീറ്ററും ഇടുക്കി ഡാമില്‍നിന്നും 10 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താം. തൊടുപുഴയില്‍നിന്നും 71 കിലോമീറ്ററും കോട്ടയത്തുനിന്നും 140 കിലോമീറ്ററും അകലെയാണ് ഈ അദ്ഭുതകാഴ്ചകളുടെ താഴ്വാരം.
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് കല്യാണതണ്ട് സന്ദർശകര്‍ക്കായി സ്വര്‍ഗ്ഗസൗന്ദര്യം തീര്‍ക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.