ജീവെൻറ തുടിപ്പുമായി നാടിെൻറ റാണി
text_fieldsവൈവിധ്യങ്ങൾ നിറഞ്ഞ പരമ്പരയാണ് ഓരോ പ്രദേശങ്ങൾക്കും. അറിയാനും ആസ്വദിക്കാനുമുള്ള മനസ്സുമായി പുതിയ കാഴ്ചകളും കഥകളും ഒരുക്കി കാത്തിരിക്കുകയാണ് അവ ഓരോന്നും. അത്തരത്തിലെ ഒരു നാട്ടിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ മരുന്നുവാങ്ങി കഴിക്കാൻ പറ്റുന്ന ഒരു ഗ്രാമം.
മിക്ക അസുഖങ്ങൾക്കും ഒറ്റ മരുന്ന്. ആ നാട്ടിൽ തന്നെയാണ് ആ മരുന്നിെൻറ ഉറവിടം. വിൽക്കുന്നതാണെങ്കിലോ എല്ലാ പെട്ടിക്കടകളിലും. കാരണം അവിടെ മെഡിക്കൽ സ്റ്റോറുകൾ ഇല്ല. ഇനി ആ മരുന്ന് എന്താണെന്ന് അറിയണം, ആ നാട്ടിൽ മാത്രം പിടിക്കുന്ന ഒരു 'വാഴപ്പഴം'. ജനം അഭിമാനപൂർവം അതിനെ നാടിെൻറ പേര് ചേർത്ത് വിളിക്കും, അതാണ് ''സിരുമലൈ പഴം''.
തമിഴ്നാട്ടിലെ ദിണ്ടിക്കൽ പട്ടണത്തിൽനിന്ന് 25 കി.മീ പിന്നിട്ട് 18 ഹെയർപിൻ വളവുകൾ കയറി വേണം സിരുമലൈയുടെ നെറുകയിലെത്താൻ. ഇരുവശങ്ങളിലും നിറഞ്ഞുനിൽക്കുന്ന മാവിൻതോപ്പുകളും കാറ്റിലൂടെ ഓടിയെത്തുന്ന പച്ചമാങ്ങയുടെ പുളിമണവും ഇതുവഴി സഞ്ചരിക്കുന്ന ഏവരുടെ നാവിലും കൊതിയുളവാക്കുമെന്നതിൽ സംശയമില്ല.
സിരുമലൈ സംരക്ഷണ വനമേഖലയായതിനാൽ ഫോറസ്റ്റ് ചെക്പോസ്റ്റിൽ വിവരങ്ങൾ നൽകിയശേഷം മാത്രമാണ് മലമുകളിലേക്കുള്ള കവാടം ഞങ്ങൾക്ക് മുന്നിൽ തുറക്കപ്പെട്ടത്. കണ്ണെത്താ ദൂരത്തോളം വിദൂരതയിൽ ശയിക്കുന്ന പാത. ആ പാതയെ വിഴുങ്ങാൻ നിൽക്കുന്ന പച്ച മുഖംമൂടിക്കാരനായ നിബിഡവനം. പെട്ടെന്നാണ് ആ വനത്തിൽനിന്ന് ഇരയെ വിഴുങ്ങുന്ന പെരുമ്പാമ്പിെൻറ വായിൽനിന്നും രക്ഷപ്പെട്ട് തെറിച്ചുവീഴുന്നപോലെ ഒരു ബസ് ചുരം ഇറങ്ങിവന്നത്.
സിരുമലൈയിൽനിന്നും ദിണ്ടിക്കലിലേക്ക് തിരിച്ചുപോകുന്ന ബസിെൻറ ആദ്യകാഴ്ച തന്നെ മനോഹരമാക്കിയ സന്തോഷത്താൽ മലകയറൽ ആരംഭിച്ചു. തിങ്ങിനിൽക്കുന്ന കാട്ടിനുള്ളിലേക്ക് കടക്കുേമ്പാൾ ഇടക്കെപ്പോഴോ ഭയാശങ്കകൾ പൊട്ടിപ്പുറപ്പെട്ടിരുന്നുവെങ്കിലും വരാനിരിക്കുന്ന ദൃശ്യവിസ്മയങ്ങൾ ഞങ്ങളുടെ യാത്രയെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. സമയം ഏകദേശം സന്ധ്യയോട് അടുക്കുന്നു.
സായാഹ്ന വേളയിൽ എല്ലാവരും കൂട് അണയുന്നുവോ എന്ന അന്വേഷണത്തിനായി വിളറിനിൽക്കുന്ന മേഘശകലങ്ങൾക്കിടയിലൂടെ സൂര്യൻ റാന്തലും തെളിച്ച് നോക്കുന്നുണ്ട്. പശ്ചിമ ചക്രവാളം മുഴുവനായും തെൻറ അന്തിമ ഘട്ടത്തിലേക്ക് ചേക്കേറിക്കഴിഞ്ഞിരിക്കുന്നു. മലയടിവാരങ്ങളിലെ പട്ടണങ്ങളിലെ പുകക്കുഴലിൽനിന്നും വമിക്കുന്ന പുകപടലങ്ങൾ മേഘങ്ങൾക്കിടയിലൂടെ മുകളിലോട്ട് വിഹരിക്കുന്നതും രസകരമായ കാഴ്ചതന്നെ.
വയനാടൻ ചുരങ്ങളെ അനുസ്മരിപ്പിക്കുംവിധം ഹെയർപിൻ വളവുകൾ പിന്നിടുേമ്പാഴാണ് അടുത്ത കാഴ്ചയുടെ ശ്രേണികൾ കണ്ണിൽപെടുന്നത്, ''വഴിയരികിലെ ഭീമൻ വാച്ച് ടവർ''. കാട്ടിനുള്ളിലെ കാഴ്ചകളെ മലനിരകളോട് ചേർത്ത് വെച്ചുകാണാനും പച്ചപ്പരവതാനി വിരിച്ച കുന്നിൻപുറങ്ങളും മലനിരകളുടെ പള്ളയിൽ പറ്റിപ്പിടിച്ചു കിടക്കുന്ന റോഡുകളും അവയിലൂടെ ഉറുമ്പുകൾ വരിവരിയായി പോകുന്നതുപോലെ വാഹനങ്ങളുടെ ദൂരക്കാഴ്ചകളും ഒപ്പം യാത്രതിരിച്ച ദിണ്ടിക്കൽ പട്ടണത്തിെൻറ വിശാല ദൃശ്യവും അവിടത്തെ പട്ടണവിളക്കുകൾ മിന്നിമറയുന്നതും ഒക്കെ സാക്ഷ്യം വഹിക്കണമെങ്കിൽ ഈ വാച്ച്ടവറിനെ സമീപിക്കണം.
എന്തായാലും ആ മനോഹര കാഴ്ചകളൊക്കെ ആസ്വദിച്ച് സൂര്യൻ വിടപറഞ്ഞപ്പോഴേക്കും സിരുമലൈയെ കീഴടക്കി താമസസൗകര്യം ബുക്കുചെയ്തിരുന്ന കോട്ടേജിൽ എത്തിച്ചേർന്നു. നീണ്ട യാത്രയുടെ ക്ഷീണവും ഇരുട്ടിനൊപ്പം തള്ളിക്കയറുന്ന മഞ്ഞിെൻറ തണുപ്പും കൂടി ചേർന്നപ്പോൾ അധികം താമസിയാതെ അത്താഴത്തിനുശേഷം, നാളത്തെ പുലരിയിൽ സിതുമലയിലെ വരാനിരിക്കുന്ന കാഴ്ചകളും മനസ്സിലോർത്തുകൊണ്ട് അന്നത്തെ യാമങ്ങളിലേക്ക് എെൻറ ചിന്തകൾ പതുക്കെ തലചായ്ച്ചു.
അൺലിമിറ്റഡ് ഓക്സിജൻ
അതിരാവിലെയുള്ള പക്ഷികളുടെ നിലക്കാത്ത കൂജനങ്ങളും ചിലപ്പുകളും കേട്ടാണ് ഉറക്കമുണർന്നത്. തണുപ്പിെൻറ മായാത്ത കൈയൊപ്പുകൾ അപ്പോഴും പാറിക്കളിക്കുന്നുണ്ട്. നേരം പതുക്കെ പുലരാൻ തുടങ്ങിയിരിക്കുന്നു. അതിെൻറ മാറാപ്പിൽനിന്നും സൂര്യകിരണങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. ഇരുണ്ടുനിന്ന ഭുവനങ്ങളിലും പാതയോരങ്ങളിലും സൂര്യപ്രഭയുടെ സ്വർണവെളിച്ചം സിരുമലൈയാകെ പടർന്നുകഴിഞ്ഞിരിക്കുന്നു.
ഏതൊരു നാടിനെക്കുറിച്ച് അറിയണമെങ്കിലും അവിടെ വസിക്കുന്ന അന്തേവാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. എങ്കിൽ മാത്രമേ ആസ്വാദനത്തിനൊപ്പം മറ്റുപല ജീവിതങ്ങളെയും കണ്ടും കേട്ടും മനസ്സിലാക്കാൻ സാധിക്കൂ. അങ്ങനെ സിരുമലൈയെ അറിയാൻ തണുപ്പിനെ ഭേദിച്ച് കാമറയുമെടുത്ത് പുറത്തിറങ്ങി. അവിടത്തെ ജനങ്ങൾക്കൊപ്പം സന്തതസഹചാരിയായി എങ്ങും സഞ്ചരിക്കുന്ന കുതിരകളാണ് കാമറകണ്ണുകളിൽ ആദ്യം ഓടിയെത്തിയത്.
ആ മലയോര ഗ്രാമത്തെ മാത്രം പറ്റിച്ചേർന്നു കിടക്കുന്ന ജനങ്ങൾക്ക് ഗതാഗത സൗകര്യത്തിന് ഒന്നോ രണ്ടോ പബ്ലിക്-പ്രൈവറ്റ് ബസുകളും വളരെ വിരളമായി വരുന്ന വിനോദസഞ്ചാരികളുടെയും വാഹനങ്ങളൊഴിച്ചാൽ വേറെ പുകതുപ്പുന്ന വാഹനങ്ങൾ ഒന്നുംതന്നെ കാണാൻ ഇല്ലായിരുന്നു. ''ഒരു കംപ്ലീറ്റ്' വാഹന ഫ്രീ സോൺ ആയതുകൊണ്ടുതന്നെ എങ്ങും ഓടിനടന്ന് അൺലിമിറ്റഡ് ഓക്സിജൻ ശ്വസിക്കാം.
കൃഷിയെ ഏക വരുമാനമാർഗമായി കാണുന്ന മിക്ക കുടുംബങ്ങളും ഉൾക്കാടുകളിലും നിറഞ്ഞുനിൽക്കുന്ന കാർഷികോൽപന്നങ്ങളെ സിരുമലൈയിൽ എത്തിക്കാനാണ് ഈ കുതിരകളെ ആശ്രയിക്കുന്നത്. എന്തായാലും നാടെങ്ങും ചുമടുമേന്തി നീങ്ങുന്ന കുതിരകൾക്ക് പിന്നാലെ നടക്കുേമ്പാഴാണ് അവിടെ കുഞ്ഞ് കുഞ്ഞ് പെട്ടിക്കടകളിൽ തൂങ്ങിക്കിടക്കുന്ന മഞ്ഞയും പാതി പഴുത്തതുമായ പഴങ്ങൾ പുതിയ അറിവുകളുടെ കെട്ടഴിച്ചത്.
നേന്ത്രപ്പഴം, പൂവൻപഴം, ചെറുപഴം എന്നിങ്ങനെ ഒന്നിലധികം പഴവർഗങ്ങൾ നാട്ടിൻപുറങ്ങളിലെല്ലാം നിരക്കുേമ്പാൾ ഇവിടത്തുകാരുടെ പ്രിയം സിരുമലൈ പഴമാണ്. അവിടത്തെ സിദ്ധൗഷധമാണ് ഈ പഴം എന്നതിനാൽതന്നെ ആശുപത്രികൾക്കോ അസുഖങ്ങൾക്കോ ഒരുവിധ സ്ഥാനവുമില്ല. ആ മലയോര ഗ്രാമത്തിൽ എന്തെങ്കിലും ഒരു അസുഖം ആർക്കെങ്കിലും ഒരുപക്ഷേ വന്നുപെട്ടാൽ ഈ പഴമാണ് പ്രധാന ഔഷധം.
അതുപോലെ ഇവിടത്തെ നിവാസികളുടെ സ്ഥിരം ഭക്ഷണം ഈ പഴം ആയതിനാൽ ശാരീരികാസ്വാസ്ഥ്യങ്ങളും മാറാരോഗങ്ങളും വളരെ കുറവും വിരളവും മാത്രമാണ് ഈ പൊല്യൂഷൻ ഫ്രീസോൺ ഗ്രാമത്തിൽ. എല്ലാ അസുഖങ്ങൾക്കുമുള്ള ഒരു മുൻകൂർ തടയാണ് ഈ പഴം എന്നുവേണമെങ്കിൽ പറയാം. ഒരുപക്ഷേ ഇതറിഞ്ഞിട്ടാകാം ചെന്നൈ പോലുള്ള മഹാപട്ടണങ്ങളിൽനിന്നുപോലും ഈ അടുത്തകാലത്തായി അവരുടെ അവധിക്കാലം െചലവിടാൻ ധാരാളം സഞ്ചാരികൾ ഈ ഔഷധഗുണമുള്ള മലയോര ഗ്രാമത്തിൽ എത്തിച്ചേരുന്നത്.
ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ ആഹാരം... ഇത് മൂന്നും ഇവിടെ ധാരാളമായി കിട്ടും. ഇത് മൂന്നും തന്നെയാണ് നമ്മുടെ എല്ലാം അസുഖങ്ങൾക്കുമുള്ള മരുന്നും. കൂട്ടത്തിൽ ഇവിടെ ആർക്കെങ്കിലും എന്തെങ്കിലും അസുഖങ്ങൾ വരാറുണ്ടോ എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. ''ഇവിടെ ഇപ്പോ ഒരു 80 - 90 വയസ്സ് ഉള്ളവർക്കൊക്കെ ഹാർട്ട് അറ്റാക്ക് വരുന്നുണ്ടുപോലും.'' ഇന്നുവരെ മിനറൽ വാട്ടറിനോ പ്ലാസ്റ്റിക് കവറിനോ പോലും ഈ മലകയറി വരാൻ കഴിഞ്ഞില്ല.
അപ്പോ പിന്നെ ഈ ഗ്രാമത്തിെൻറ കാര്യം പറയണ്ടല്ലോ? എന്തായാലും നാടൻ പഴങ്ങളുടെ രുചി അറിഞ്ഞ നാവിൻതുമ്പിൽ സിരുമലൈ പഴത്തിെൻറ സ്വാദറിയാൻ എനിക്കും കൊതിയായി. പിന്നെ ഒട്ടും താമസിയാതെ ഒരു പഴം വാങ്ങി രുചിച്ചതും പെട്ടിക്കടക്കാരെൻറ വാക്കുകളെ അർഥവത്താക്കുന്ന അനുഭവം ആയിരുന്നു എന്നിൽ ഉടലെടുത്തത്. ഔഷധക്കൂട്ടിെൻറ രുചിയാർന്ന സിരുമലൈ പഴത്തിന് എന്നിലെ വ്യാധികളെ ഒരൊറ്റ നിമിഷത്തിൽ ഒതുക്കിനിർത്താൻ മാത്രം ത്രാണിയുള്ളതായി എനിക്ക് തോന്നിപ്പോയി.
ശരിക്കും പറഞ്ഞാൽ കഴിക്കുേമ്പാൾ തന്നെ അറിയാം എന്തൊക്കെയോ ഒരു മരുന്നുകളുടെ കൂട്ടുതന്നെയാണ് ഈ പഴമെന്ന്. പത്ത് രൂപയാണ് ഒരു പഴത്തിെൻറ വില. എന്തായാലും പതിവിലും കൂടുതൽ ആരോഗ്യവാനായ ഞാൻ അവിടെനിന്ന് ഒരുകിലോ പഴവും വാങ്ങി നിലക്കാത്ത വൈവിധ്യങ്ങളും സൃഷ്ടികളും തേടി വീണ്ടും മുന്നോട്ട് നടന്നു.
മണ്ണിനോട് ചേർന്ന ജീവിതങ്ങൾ
തളിർത്തും വിളഞ്ഞും നിൽക്കുന്ന കായ്കനികൾ നിറഞ്ഞ തോട്ടങ്ങളിലേക്കാണ് അടുത്തതായി എത്തിച്ചേർന്നത്. ഇളംപച്ച നിറത്തിെൻറ കരവിരുതിൽ വിഷത്തരികൾ ഒട്ടും ഏൽക്കാതെ തളിർത്താടുന്ന കായ്കനികളെല്ലാം വല്ലാത്തൊരു ആകർഷണ ഭംഗി തന്നെ.
ചൗചൗ, ബീൻസ്, നാരങ്ങ എന്നിവയെല്ലാം നിറഞ്ഞ് പടർന്ന് പന്തലിച്ച് കാറ്റത്താടുന്ന ആ തോട്ടങ്ങൾ കാമറയിൽ പകർത്തുേമ്പാഴാണ് മണ്ണും പാറക്കല്ലുകളും ചേർത്ത് വെച്ച് കെട്ടിപ്പൊക്കിയ കൂരകൾ ഫ്രെയിമിൽ തെളിഞ്ഞുവന്നത്. മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് കഷ്ടപ്പെടുന്ന കർഷകർ തെൻറ കുടുംബത്തോടൊപ്പം അന്തിയുറങ്ങുന്ന വസതികളായിരുന്നുവത്.
ആധുനികതയുടെ ഒരുവിധ സ്വാധീനവുമേൽക്കാതെ ഒറ്റമുറി കെട്ടിടങ്ങൾ. അവയോട് ചേർന്ന് പഴകിത്തുടങ്ങിയ ചോലക്കാടുകളും ടാർപ്പായകളാൽ മറച്ചുണ്ടാക്കിയെടുത്ത കുഞ്ഞ് വീടുകൾ. സകല ശക്തിയോടെ പെയ്തിറങ്ങുന്ന ഒരു മഴയിൽ കുതിർന്നിറങ്ങി ഭൂമിയോട് ഒട്ടിച്ചേരാൻ മാത്രം കെൽപ്പുള്ള മൺതടങ്ങളാണവ. സൗകര്യങ്ങളുടെ പോരായ്മയിൽ ആവലാതിപ്പെടുന്ന മനുഷ്യർക്ക് മുന്നിൽ മണ്ണിനോട് ചേർന്ന ഇത്തരം ജീവിതങ്ങൾ എക്കാലത്തെയും നേർക്കാഴ്ചകൾ തന്നെയാണ്.
മലമുകളിലെ ശിവക്ഷേത്രം
അടുത്തതായി എത്തിച്ചേർന്നത് ഇവിടത്തെ ഏറ്റവും ഉയരം കൂടിയ മലയുടെ മുകളിലെ ശിവക്ഷേത്രത്തിലേക്കാണ്, വെള്ളിമലൈ കോവിൽ. 500 വർഷം പഴക്കമുള്ള ശിവലിംഗമാണ് പ്രതിഷ്ഠ. സിരുമലൈയിലെ ഏറ്റവും ഉയരം കൂടിയ മലയായതിനാൽ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് വെള്ളിമലൈ കോവിൽ.
കൊടൈക്കനാൽ മലനിരകളെയും പഴനി മലയെയും ഇവിടെനിന്ന് ദർശിക്കാൻ കഴിയുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. താഴെനിന്നും ഏകദേശം 30 മിനിറ്റുകൊണ്ട് പടികൾ കയറിവേണം വെള്ളിമൈലയുടെ നെറുകയിലെത്താൻ. അധികം താമസിയാതെ ശിവഭഗവാനെ വണങ്ങി മലയിറങ്ങി താഴെ എത്തി. ആഹ്ലാദപ്രദമായ യാതൊന്നും സിരുമലൈ നിവാസികളെ സംബന്ധിച്ച് ഇല്ലെന്ന് തോന്നും. പക്ഷെ അവരുടെ ഗ്രാമങ്ങൾക്ക് സമൃദ്ധിയുടെ അന്തരീക്ഷമുണ്ട്. പ്ലാവ്, മാവ്, ചൗചൗ, ബീൻസ്, നാരങ്ങ, കുരുമുളക് എന്നിവയടക്കം അവരുടെ കാർഷികവൃദ്ധി സജീവമാണ്.
രണ്ടുദിവസം ശുദ്ധവായുവും ശുദ്ധ ആഹാരവും ശുദ്ധമായ ജലവും ഒപ്പം എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നായ സിരുമലൈ പഴവും തന്ന് സഹായിച്ച ആ മലയോര ഗ്രാമത്തിനോട് വിടപറയാനൊരുങ്ങവെയാണ്, ദ്രുതഗതിയിൽ ചുവടുകളും വെച്ച് ഒരുകൂട്ടം ജനങ്ങൾ എന്നെയും കടന്ന് അക്ഷമരായി പായുന്നത് കണ്ടത്.
അതിൽ ഒരാളെ തടഞ്ഞുനിർത്തി കാര്യം തിരക്കി. ''സർ, ചെന്നൈലെല്ലാം ഫുഡ് കെടക്കണമാതിരി ഇങ്കയും ഒരു കട വന്തിരുക്ക്''. ചെന്നൈ പോലുള്ള വലിയ നഗരങ്ങളിൽ ഭക്ഷണം കിട്ടുന്നതുപോലത്തെ ഒരു കട ഇവിടെ വരുന്നുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
എന്താണ് ആ വലിയ കട എന്നറിയാൻ ഞാനും അവരോടൊപ്പം നടന്നു. അവിടെ എത്തിയപ്പോൾ ആ കാഴ്ച എന്നെ അതിശയിപ്പിച്ചു. ആ ഗ്രാമത്തിൽ ആദ്യമായി ഒരു ഫാസ്റ്റ്ഫുഡ് തട്ടുകട വരാൻ പോകുന്നു. നാളെ മുതൽ ആ നാട്ടുകാർ ആദ്യമായി പറോട്ടയുടെയും ചിക്കൻ ഫ്രൈയുടെയും സ്വാദ് അറിയാൻ പോകുന്നു.
ഒരു നിമിഷത്തേക്ക് എെൻറ സ്മാർട്ട്ഫോൺ താഴെ വീണു. അതിലെ വാട്ട്സ് ആപ്പും ഫെയ്സ്ബുക്കും ഒക്കെ അപ്രത്യക്ഷമായി. ഏകദേശം 20 വർഷങ്ങൾക്ക് മുന്നെ സ്കൂളിൽ പഠിക്കുേമ്പാൾ അച്ഛൻ വാങ്ങിത്തന്ന പറോട്ടയും ചിക്കൻ ഫ്രൈയുമാണ് ഓർമവന്നത്. സിരുമൈലയിൽ ഞാൻ എത്ര വർഷങ്ങൾക്ക് പിറകിലാണ് നിൽക്കുന്നത്.
ഒരുപക്ഷേ ഇതാകാം നല്ലത്. തീരെ വികസനം ഇല്ല എന്ന് നാം പറഞ്ഞാലും അവിടെ ഒരാൾക്ക് പോലും കാൻസർ എന്താണെന്ന് അറിയുകകൂടി ഇല്ല. ഇന്നും 100 വയസ്സുവരെ ആരോഗ്യവാൻമാരായി ഇരിക്കുന്ന സമൂഹം. അധികം താമസിയാതെ ജീവിക്കാൻ ഓക്സിജൻ വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന നമ്മുടെ നാട്ടിൽനിന്നും ഈ മലയിലേക്ക് സഞ്ചാരികൾ കൂട്ടത്തോടെ എത്താൻ ഇനി അധികം ദൂരമില്ല. സിരുമെലെക്കാരെ സംബന്ധിച്ച് ദാരിദ്ര്യം ഉണ്ടെങ്കിലും രോഗങ്ങളില്ല. നമുക്കാണെങ്കിൽ ദാരിദ്ര്യമില്ല, എന്നാൽ രോഗങ്ങളാൽ സമ്പന്നരുമാണ്.
Travel Info
തമിഴ്നാട്ടിലെ ദിണ്ടിക്കൽ പട്ടണത്തിന് സമീപമാണ് സിരുമലൈ സ്ഥിതിചെയ്യുന്നത്. കാലാവസ്ഥകൊണ്ടും പ്രകൃതിഭംഗികൊണ്ടും അതിലേറെ ഔഷധഗുണമുള്ള സിരുമലൈ പഴംകൊണ്ട് ഇന്ന് അത്യാവശ്യം അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായി സിരുമലൈ മാറിക്കഴിഞ്ഞു. 1600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലയോര ഗ്രാമത്തിന് എപ്പോഴും കുളിരുള്ള കാലാവസ്ഥയാണ്. റിസർവ് വനം ആയതിനാൽ രാത്രിയാത്ര അനുവദനീയമല്ല.
Distance: Dindigul 35 km, Palakkad 200 km, Thrissur 250 km, Kochi 332 km.
Nearest Railway Station: Dindigul.
Accomadation:
JMA Resort - 9585018598.
Mummy Daddy Resort - 09444617755
Cofee Country Resort - 09380385200
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.