വയലുകൾക്ക് നടുവിൽ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് വയലട
text_fieldsടെൻഷൻ കയറി മടുത്തിരിക്കുന്ന മനസ്സിനെ പെെട്ടന്നൊന്ന് കുളിർപ്പിച്ചെടുക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതു നാട്ടിലുമുണ്ടാകും. രണ്ടു വളവ് അപ്പുറത്താണെങ്കിലും ഇങ്ങനൊരു സ്ഥലമുണ്ടെന്ന് അവിടത്തെ പോസ്റ്റ്മാന് പോലും ഒാർമയുണ്ടായിരിക്കില്ല. പറഞ്ഞുകേട്ട് ചെന്നുകാണുേമ്പാൾ ഞെട്ടും. ഇത്രനാൾ ഇതെവിടെയായിരുന്നു എന്ന തോന്നലിൽനിന്നുള്ള ഞെട്ടൽ. കുളിർപ്പിക്കലിെൻറ തോത് കൂടുന്നതനുസരിച്ച് ഇത്തരം ചിലയിടങ്ങൾ പെെട്ടന്ന് കയറിയങ്ങ് ഫേമസാകും. ഏതാണ്ട് ഇതുപോലെയാണ് കോഴിക്കോട് വയലടയും.
ഒറ്റദിന ട്രിപ്പുകൾക്ക് പറ്റിയയിടമാണ് ബാലുശ്ശേരിക്ക് മുകളിൽ കോട്ടക്കുന്നിലെ പുരയിടങ്ങൾക്ക് നടുവിൽ ഒളിച്ചിരിക്കുന്ന ഇൗ അത്ഭുതം ലോകം. സമുദ്രനിരപ്പില്നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട. കോഴിക്കോട് കടലോരത്തുനിന്ന് വേണം യാത്ര തുടങ്ങാൻ. നഗരത്തിെൻറ തിരക്കിലൂടെ ബൈപാസിൽ എത്തണം. അവിടന്ന് വേങ്ങേരി വരെ അന്താരാഷ്്ട്ര നിലവാരമുള്ള പാതയിലൂടെ പറക്കാം. പിന്നെ നാട്ടിൽപുറത്തുകൂടി ബാലുശ്ശേരിക്ക്. വയലടയിലേക്ക് തിരിയുേമ്പാൾ കയറ്റങ്ങളും ഹെയർപിൻ വളവുകളും എത്തും. വയലടയിൽനിന്ന് മുള്ളൻപാറയിലേക്ക് അത്യാവശ്യം ഓഫ് റോഡിങ്ങുമാകാം.
നാടാണ്, കാടുമാണ്
എൺപതുകളിലെ സിനിമകളിൽ പോലുമില്ല വയലടയുടെ ഗ്രാമീണ ഭംഗി. സെൻറ് ജോസഫ് പള്ളിയും പള്ളിക്കൂടവും പ്രാഥമികാരോഗ്യ കേന്ദ്രവും ഏതാനും പെട്ടിക്കടകളും ചേർന്നാൽ വയലട ടൗണായി. ബാലുശ്ശേരി വഴിയും താമരശ്ശേരി-എസ്റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയൻറിലേക്ക് എത്താം. ബാലുശ്ശേരിയിൽനിന്ന് ഏതാണ്ട് 15 കിലോമീറ്ററുണ്ട് ഇവിടേക്ക്. ഇടക്കിടെ വരുന്ന കുട്ടിബസുകൾ പള്ളിക്ക് മുന്നിൽ വിശ്രമിക്കും. പള്ളിക്ക് താഴെനിന്നാണ് മുള്ളൻപാറയിലേക്ക് പോകേണ്ടത്. പാറക്ക് കുറച്ചുദൂരം മുമ്പ് ടാറിങ് അവസാനിക്കും. പിന്നെ കല്ലും കുഴിയുമാണ്.
സാധാരണ കാെറാക്കെ 200 മീറ്റർ കൂടി കൊണ്ടുപോകാം. എല്ലാം തികഞ്ഞ എസ്.യു.വികളാണെങ്കിൽ ഈ വഴി നേരെ ഓടിക്കാം. അഞ്ച് കിലോമീറ്റർ വെച്ചുപിടിച്ചാൽ കൂരാച്ചുണ്ടിലെത്തും. പള്ളി കടന്ന് നേരെ പോയാൽ കാവിൻപുറെത്തത്തും. ഇവിടെ വഴി രണ്ടായി തിരിയും. താേഴക്ക് പോയാൽ തലയാട്. മുകളിലേക്ക് പോയാൽ മണിച്ചേരി. അവിടെയും ഒരു വ്യൂ പോയൻറുണ്ട്. ചെറിയൊരു കടയും. വിശാലമായ ഇൗ പ്രദേശത്ത് ടാർ റോഡ് അവസാനിക്കും. താഴേക്ക് നോക്കിയാൽ പെരുവണ്ണാമൂഴി ഡാമിെൻറ റിസർവോയർ. ചുറ്റും തെങ്ങിൻ തലപ്പുകൾ വെട്ടിനിർത്തിയ പുൽത്തകിടി പോലെ കാണം. മുള്ളൻ പാറയിൽ കയറാൻ പിന്നെയും നടക്കണം. പക്ഷേ, വഴി സ്വകാര്യ ഭൂമിയിലൂടെയാണ്.
പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് കീഴിലാണ് മുള്ളൻപാറയും അടുത്തുള്ള കാടും. വനമെന്നൊക്കെ കേട്ട് ഞെട്ടണ്ട. പാറയും അതിെൻറ ചരിവും പിന്നെ കുറച്ചു സ്ഥലവും മാത്രമാണ് ഫോറസ്റ്റുകാർക്കുള്ളത്. ബാക്കിയൊക്കെ പുരയിടങ്ങൾ. ഈ കാട്ടിൽ കാട്ടുപന്നി രാജാവും മുള്ളൻപന്നി മന്ത്രിയുമാണ്. പ്രജകളായി വല്ല പാേമ്പാ പന്നിയെലിയോ ഒക്കെ കണ്ടേക്കും. വേറെ ജീവികളൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യം.
കോട്ടക്കുന്നിൽ റോഡ് അവസാനിക്കുന്നിടത്തുനിന്ന് ചെറിയൊരു നടപ്പുവഴിയാണ്. ഇടതുവശത്ത് റിസോർട്ടിെൻറയും വലതുവശത്ത് ഹോട്ടലിെൻറയും നിർമാണം പുരോഗമിക്കുന്നു. നട്ടുവളർത്തിയ ഇൗറ്റക്കാടിന് അരികുപറ്റി നിർമിച്ച പടവുകളിലൂടെ വേണം മുകളിലെത്താൻ. വനത്തിലേക്ക് കടന്നാൽ പാറക്കല്ലുകളും കാട്ടുവള്ളികളും വഴികാട്ടും. പാറക്കപ്പുറം വീണ്ടും പുരയിടങ്ങളുണ്ട്. പാറ ശരിക്കും സംഭവമാണ്. നോക്കിയാൽ ലോകത്തിെൻറ അറ്റം കാണാം.
താഴെ ഡാമിലെ വെള്ളം തിളങ്ങുന്നു. നട്ടുച്ചക്ക് കരിഞ്ഞുപോകുന്ന വെയിലുണ്ടാവും. വൈകുന്നേരമാകുന്തോറും കോടമഞ്ഞ് ഇറങ്ങിവരും. എത്രനേരമിരുന്നാലും മടുപ്പിക്കില്ല. കൂട്ടുകൂടി വരുന്ന കുട്ടികൾ കുടകൾക്കുള്ളിൽ കിന്നാരം പറഞ്ഞിരിപ്പുണ്ടാവും. പാറയിൽ പ്ലാസ്റ്റിക് കൂമ്പാരം സൃഷ്ടിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാറക്ക് അത്യാവശ്യം വലുപ്പമുണ്ട്. മുകളിലെത്തി രണ്ട് ചുറ്റ് നടന്ന് തിരിച്ചിറങ്ങുേമ്പാഴേക്കും കിതച്ചുപോകും. കൊളസ്ട്രോൾ ഉള്ളവർക്ക് കുറച്ചു കൂടുതൽ കിതപ്പ് പ്രതീക്ഷിക്കാം.
അതിജീവനത്തിെൻറ കഥ
പനങ്ങാട് പഞ്ചായത്തിെൻറയും കൂരാച്ചുണ്ട് പഞ്ചായത്തിെൻറയും അതിരിലാണ് വയലട. സന്തോഷം നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു വയലടക്ക്. തെങ്ങും കവുങ്ങൂം കുരുമുളകും വിളഞ്ഞുനിന്ന ഭൂതകാലം. ഇവിടെ അന്ന് ജനം തിങ്ങിപ്പാർത്തിരുന്നു. പതിറ്റാണ്ട് മുമ്പ് വന്ന കൃഷിനാശം നാടിെൻറ സന്തോഷം കരിച്ചുകളഞ്ഞു. കുരുമുളകിന് ദ്രുതവാട്ടം, െതങ്ങിന് മണ്ഡരി, കവുങ്ങിന് മഞ്ഞളിപ്പ് എല്ലാംകൂടി ഒന്നിച്ചുവന്നപ്പോൾ വയലടക്കാർ വശംകെട്ടുപോയി.
ജീവിക്കാൻ ഗതിയില്ലാതായതോടെ ജനം കുടിയിറക്കം തുടങ്ങി. ഉണങ്ങിയ വിളകൾവെച്ച് വിലപേശാൻ പോലും കെൽപില്ലാതായ അവർ സെൻറിന് ആയിരവും രണ്ടായിരവും വീതം വാങ്ങി സ്ഥലം വിറ്റഴിച്ചു. പണ്ട്, പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫർ പുനലൂർ രാജെൻറ സന്ദർശനമാണ് മുള്ളൻപാറയുടെ ജാതകം മാറ്റിയത്. അദ്ദേഹത്തിെൻറ കുറിപ്പും ചിത്രങ്ങളും കണ്ട സഞ്ചാര പ്രേമികൾ െകട്ടും കിടക്കയുമായി മുള്ളൻപാറയിലേക്ക് കുതിച്ചു.
അഞ്ചാറുവർഷമായി സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഇതോടെ വയലടയുടെ തലവരയും മാറി. റിസോർട്ടുകൾക്ക് തറക്കല്ലുകൾ വീണു തുടങ്ങിയപ്പോൾ സ്ഥലവില ഉയർന്നു. സെൻറിന് ലക്ഷം രൂപയും കടന്ന് വില കുതിക്കുകയാണ്. കൃഷി വീണ്ടും പച്ചപിടിക്കുന്നു. കൊക്കോയാണ് പ്രധാന വിളകളിലൊന്ന്. വയലടയിൽനിന്ന് മുള്ളൻപാറയിലേക്ക് തിരിയുേമ്പാൾ മുതൽ പെട്ടിക്കടകൾ കാണാം. ഓരോ വീടിന് മുന്നിലും ഓരോന്ന്. സ്ഥിരം നിർമിതികളൊന്നുമല്ല. നാല് കാല് നാട്ടി മുകളിൽ പ്ലാസ്റ്റിക് പടുത വിരിച്ചിരിക്കുന്നു. കുടിക്കാനും കൊറിക്കാനുമുള്ള സാധനങ്ങളൊക്കെയെ ഇവിടുണ്ടാവൂ. സഞ്ചാരികൾ എന്തെങ്കിലുമൊക്കെ വാങ്ങുന്നതാണ് ഇവരുടെ വരുമാനം. കടയുടമകൾ കടയിൽതന്നെ കാണണമെന്നില്ല. അവർ തൊട്ടടുത്ത പറമ്പിൽ ജോലിയിലായിരിക്കും. കർഷകരിൽനിന്ന് കച്ചവടക്കാരിലേക്കുള്ള പരിണാമം പൂർത്തിയാകാത്തതിെൻറ കുഴപ്പമാണ്.
ശങ്കരേട്ടെൻറ മോരുംവെള്ളം
പാറയിലേക്ക് കുതിച്ച് പോകുേമ്പാൾ ശ്രദ്ധിക്കാത്ത ഒരു സംഭവം കിതച്ചിറങ്ങുേമ്പാൾ കണ്ണിൽപെടും അതാണ് ശങ്കരേട്ടെൻറ പെട്ടിക്കട. പാറയിലൂടെ കറങ്ങി മടുത്ത് ഇറങ്ങിവരുേമ്പാൾ ആദ്യം കാണുന്ന ആശ്രയമാണിത്. ഇവിടെ ആദ്യമായി സ്ഥാപിക്കപ്പെട്ട പെട്ടിക്കട കൂടിയാണിത്. മറ്റെല്ലാവരെയുംപോലെ കർഷകനായിരുന്നു ശങ്കരേട്ടനും. വരുമാനമെല്ലാം നിലച്ചപ്പോൾ ജനിച്ച ബുദ്ധിയാണ് നാല് കാലിൽ പടുത വിരിച്ച കട. ആളുകളുടെ എണ്ണം കൂടുന്നതുകണ്ട് മൂന്നുവർഷം മുമ്പാണ് തുടങ്ങിയത്. ഒരു വർഷം മുമ്പ് റോഡ് നന്നാക്കിയതോടെ വാഹനങ്ങൾ എത്തിത്തുടങ്ങി. അതോടെ സഞ്ചാരികളുടെ പ്രവാഹമായി. ശങ്കരേട്ടെൻറ സമയവും തെളിഞ്ഞു.
കടയുടെ മുന്നിലെ ബോർഡിൽ ഫുൾജാർ സോഡയും മിൽക്ക് സർബത്തും സോഡസർബത്തുമൊക്കെ വിഭവങ്ങളായി പതിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, ശങ്കരേട്ടെൻറ മാസ്റ്റർ പീസ് മോരുംവെള്ളമാണ്. സ്വന്തം വീട്ടിലെ പശുവിെൻറ പാലിൽനിന്ന് എടുക്കുന്ന അസ്സൽ മോരാണ് അസംസ്കൃത വസ്തു. ഇതിൽ വെള്ളം ചേർത്ത ശേഷം ശങ്കരേട്ടെൻറ ഒരു സ്പെഷൽ കൂട്ട് അതിൽ ചേർക്കും. ഇഞ്ചി, മുളക്, ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവയൊക്കെ ചേർത്ത് അരച്ചുണ്ടാക്കുന്നതാണ് ഈ കൂട്ട്. ദാഹിച്ച് വലഞ്ഞ് ഇറങ്ങിവന്ന് ഒരു ഗ്ലാസ് കുടിക്കുേമ്പാഴേക്കും സ്വർഗം കാണും.
കണ്ണഞ്ചിക്കും കരിയാത്തുംപാറ
മുള്ളൻപാറ എവറസ്റ്റാണെങ്കിൽ കശ്മീരാണ് കരിയാത്തുംപാറ. വയലടയിൽനിന്ന് വളഞ്ഞുപുളഞ്ഞിറങ്ങുന്ന വഴി ചെന്നുനിൽക്കുന്നത് കരിയാത്തുംപാറയിലാണ്. പാമ്പും കോണിയും കളിക്കുേമ്പാൾ പാമ്പ് വിഴുങ്ങുന്നപോലെ ഞൊടിയിടയിൽ മലയിറങ്ങിയെത്തും. പറഞ്ഞറിയിക്കാനാവാത്ത ദൃശ്യഭംഗിയുണ്ട് കരിയാത്തുംപാറക്ക്. കക്കയം ഡാമിനും പെരുവണ്ണാമൂഴി ഡാമിനും ഇടയിലാണ് ഈ സ്ഥലം. കക്കയത്തുനിന്ന് കൂടുതൽ വെള്ളം ഒഴുക്കിയാലും പെരുവണ്ണാമൂഴി ഡാമിൽ വെള്ളം നിറഞ്ഞാലും കരിയാത്തുംപാറ സുന്ദരിയാവും.
കരിയാത്തുംപാറ പാലത്തിന് മുകളിലും താഴെയുമെന്ന നിലയിൽ പുഴയെ നാട്ടുകാർ വിഭജിച്ചിരിക്കുന്നു. പാലത്തിന് താഴെയുള്ള ഭാഗമാണ് കരിയാത്തുംപാറ പുഴ. വെള്ളം കുറയുേമ്പാൾ തെളിയുന്ന വിശാലമായ പുൽമൈതാനത്തിന് നടുവിലൂടെ ശാന്തമായി ഒഴുകുകയാണ് വെള്ള ഉരുളൻകല്ലുകൾ നിറഞ്ഞ പുഴ. അക്കരെ ദൂരെ പൈൻമരങ്ങൾ. മൈതാനത്ത് പശുക്കൾ മാത്രമല്ല കുതിരകളും മേയുന്നുണ്ട്. ആൽബം ചിത്രീകരിക്കുന്നവരുടെ പൊള്ളാച്ചി കൂടിയാണിവിടം. തനി ഗ്രാമമാണെങ്കിലും ടൂറിസ്റ്റ് ഹോമുകൾക്ക് പഞ്ഞമില്ല. കല്യാണ വീടിെൻറ മുന്നിലെ പോലെ റോഡിനിരുവശവും സദാസമയവും വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ടാവും. പുഴയിൽ നീന്താനിറങ്ങുന്നവർക്ക് വസ്ത്രം മാറാനും മറ്റുമുള്ള സൗകര്യങ്ങളും ശൗചാലയങ്ങളുമെല്ലാമായി നാട്ടുകാർ സഞ്ചാരികളെ കാത്തിരിക്കുകയാണ്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സന്തോഷിക്കാനെത്തിയ ചിലർക്ക് സങ്കടം നൽകിയ കരിയാത്തുംപാറയുടെ ചരിത്രം കണ്ണീരിൽ കുതിർന്നതുകൂടിയാണ്. കരിയാത്തുംപാറ കടവിൽ കടനടത്തുന്ന ജോസഫേട്ടൻ ആ കഥകൾ പറഞ്ഞു തരും. നാലു വർഷമായി അദ്ദേഹം കട തുടങ്ങിയിട്ട്. ഇതിനിടെ കണ്ടത് ഏഴു മൃതദേഹങ്ങളാണ്. മുട്ടൊപ്പം വെള്ളം മാത്രമുള്ളപ്പോഴും പുഴ കരകവിഞ്ഞപ്പോഴുമൊക്കെ മുങ്ങിമരണങ്ങൾ നടന്നിട്ടുണ്ട്്. ഒരിക്കൽ 150ഓളം വിദ്യാർഥികളടങ്ങിയ സംഘം വിനോദയാത്രക്ക് എത്തിയതായിരുന്നു. വെള്ളത്തിൽ കളിച്ച് തിമിർത്ത് കരക്ക് കയറിയപ്പോൾ കൂട്ടത്തിൽ ഒരാളെ കാണുന്നില്ല.
തിരച്ചിലിനൊടുവിൽ കിട്ടിയത് മരവിച്ച ശരീരം. പിന്നൊരിക്കൽ പുഴ നിറഞ്ഞുകിടന്ന കാലത്ത് ഒരു ഗൾഫുകാരൻ നാട്ടിലെത്തിയതിെൻറ പിേറ്റന്ന് കുടുംബവും കൂട്ടുകാരുമായി ഇവിടെത്തി. വെള്ളത്തിന് മുകളിൽ പൊങ്ങിനിന്ന ഉണക്ക മരത്തിലേക്ക് നീന്തിപ്പോയ അയാൾ തിരിച്ചുവന്നില്ല. മരം ഇപ്പോഴും അവിടെ വിറങ്ങലിച്ച് നിൽപ്പുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ െവള്ളം കെട്ടിക്കിടക്കുന്നയിടങ്ങളിലാണ് സഞ്ചാരികൾ കുളിക്കാനിറങ്ങുന്നത്. പാറകൾക്കിടയിലെ കുഴിയും കല്ലുകളിലെ വഴുക്കലും ഭീഷണിയാണ്. പേരിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതല്ലാതെ അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ഒരു സംവിധാനവും ഇവിടില്ല.
കടുവയുമുണ്ട്, കെട്ടുകഥയല്ല
കക്കയം വനമേഖലക്ക് തൊട്ടടുത്താണ് കരിയാത്തുംപാറ. വനത്തിൽനിന്ന് കടുവയിറങ്ങുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മീമുട്ടി പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കാണുന്നത് പതിവാണ്. കഴിഞ്ഞ മാർച്ചിൽ റബർതോട്ടത്തിലൂടെ കടുവ കവാത്തിനിറങ്ങിയിരുന്നത്രേ. കടുവയെ കാണുേമ്പാൾ കാമറയല്ല പടക്കമെടുക്കണമെന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. പേടിച്ച് വിറച്ച് തീപ്പെട്ടി എറിഞ്ഞിട്ട് പടക്കം കൈയിൽ പിടിക്കുന്ന അസുഖത്തിന് കാട്ടുമരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ എന്നാണ് സഞ്ചാരികൾ ചോദിക്കുന്നത്.
How to reach
കോഴിക്കോടുനിന്ന് ചേളന്നൂർ വഴി വയലട വ്യൂ പോയൻറിലേക്ക് 38.2 കി.മീ. ബാലുശ്ശേരി വഴിയും താമരശ്ശേരി-എസ്റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയൻറിലേക്ക് എത്താം. ബാലുശ്ശേരിയിൽനിന്ന് ഏതാണ്ട് 15 കിലോമീറ്ററുണ്ട് ഇവിടേക്ക്.
(മാധ്യമം കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.